2010, സെപ്റ്റം 24

സ്വാശ്രയ പേക്കൂത്തുകള്‍ നിര്‍ത്തിക്കണം

മൂന്നു വര്‍ഷം മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച് പഠനം തുടരുന്ന 88 വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. പ്ലസ്ടുവിന് 50 ശതമാനത്തില്‍ കുറവു മാര്‍ക്ക് നേടിയവരെയെല്ലാം മെഡിക്കല്‍ കോളജുകളില്‍ നിന്നു പുറത്താക്കാനാണ് ഉത്തരവ്. നാല് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളിലും എംഇഎസിന്റെ ഒരു കോളജിലുമായി പഠനം തുടരുന്ന വിദ്യാര്‍ത്ഥികളാണ് യഥാര്‍ത്ഥത്തില്‍ വിധിയുടെ ഇരകള്‍. മുന്‍കൂര്‍ തലവരിയും ഫീസും മറ്റും വാങ്ങിക്കഴിഞ്ഞ മാനേജുമെന്റുകള്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ല.

ഏറെ പ്രതീക്ഷയോടെ മെഡിക്കല്‍ പഠനത്തിനായി മക്കളെ അയച്ച മാതാപിതാക്കളുടെ സകല സ്വപ്‌നങ്ങളും തകര്‍ക്കുന്നതാണു കോടതിയുടെ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തിയതെന്നതിനാലാണ് കോടതി ഇങ്ങനെയൊരു ഉത്തരവു പുറപ്പെടുവിച്ചത്.

മൂന്നു വര്‍ഷം പഠിച്ചു കഴിഞ്ഞു. ഇനി വീട്ടില്‍ പൊയ്‌ക്കൊള്ളൂ എന്നു വിദ്യാര്‍ത്ഥികളോടു പറയുന്ന സാഹചര്യം വിദ്യാഭ്യാസത്തില്‍ മുന്‍നിരയിലുള്ള കേരളത്തിന് എത്രത്തോളം ഭൂഷണമാണെന്നു ചിന്തിക്കണം. ഇതിനോടകം അവര്‍ എത്രയേറെ പണം ചെലവഴിച്ചു കാണണം. അതിലേറെ, എത്രയോ കുടുംബങ്ങള്‍ കണ്ട സ്വപ്‌നങ്ങളാണു പൊലിയുന്നത്. മാനേജ്‌മെന്റുകള്‍ അപ്പീല്‍ പോകുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിധി എന്നാണു വരികയെന്നു നിശ്ചയമില്ല. പഠനകാലാവധി പൂര്‍ത്തിയായ ശേഷം പ്രതികൂല വിധിയണുണ്ടാവുകയെങ്കില്‍ ഇവര്‍ക്ക് ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമോ? ഒരു തലമുറയെ ആകെ അനിശ്ചിതത്വത്തിലേക്ക് എടുത്തെറിഞ്ഞു എന്നതിലപ്പുറം സ്വാശ്രയ കോളജുകള്‍ക്കു നല്‍കിയ അംഗീകാരം എന്തു നേട്ടമാണു കേരളത്തിലെ കൗമാരക്കാര്‍ക്കുണ്ടാക്കിയത് എന്ന് എല്ലാവരും ഇനിയെങ്കിലും ചിന്തിക്കണം. ഓരോ വര്‍ഷവും പ്രവേശനവുമായി ബന്ധപ്പെട്ടും ഫീസ് ഘടനയെച്ചൊല്ലിയും തര്‍ക്കവും തുടര്‍ന്നുണ്ടാകുന്ന വ്യവഹാരങ്ങളുമായി കേരളത്തിന്റെ വരുംതലമുറയെ നശിപ്പിക്കുകയാണു യഥാര്‍ത്ഥത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ നയം ചെയ്യുന്നത്. ഇതിന് അടിയന്തരമായി പരിഹാരമുണ്ടാക്കിയേ തീരൂ. എന്താണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ കരുതുന്നത്? സ്വജന പക്ഷപാതവും ധാര്‍ഷ്ഠ്യവും ആര്‍ത്തിയും മൂലം അന്ധരായ ചില ജാതി മത പ്രമാണിമാരുടെയും സ്വന്തം വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കപ്പുറം യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാത്ത ചില പ്രമുഘ മാധ്യമങ്ങളുടെയും പിന്തുണയോടെ എക്കാലവും കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുട്ടിക്കുരങ്ങന്‍മാരാക്കി കളിപ്പിക്കാമെന്നോ? നഷ്ടപ്പെടുന്ന ഓരോ വര്‍ഷവും ഒരു തലമുറയുടെ ക്രിയാത്മകമായ ശേഷിക്കുണ്ടാക്കുന്ന നഷ്ടമാണ്. മനുഷ്യകുലത്തോടു ചെയ്യുന്ന അനീതിയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.

പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണു വേണ്ടത്. അല്ലാതെ, ചട്ടങ്ങളും നീതിശാസ്ത്രവും ഉയര്‍ത്തിക്കാട്ടി അവരെ അന്ധകാരത്തിലേക്കു തള്ളിയിടുന്നതല്ല മുതിര്‍ന്നവരുടെ ബാധ്യത. സര്‍ക്കാരും കോടതിയുമെല്ലാം ചേര്‍ന്നു നടത്തുന്ന നൈയാമിക തര്‍ക്കങ്ങളില്‍ കുരുങ്ങി നശിക്കുന്നത് മനുഷ്യകുലത്തിലെ ഒരു തലമുറയുടെ ഭാവിയാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതു തന്നെ.

ആര്‍ക്കുവേണ്ടിയാണ് ഈ പ്രവേശന പരീക്ഷ? പഠനത്തില്‍ താത്പര്യമുള്ള കുറേ കുട്ടികളെ നിരാശപ്പെടുത്താനല്ലാതെ ഈ സംവിധാനം മറ്റൊന്നിനും ഉപകരിക്കില്ല. പ്ലസ്ടു പരീക്ഷയെഴുതിയ ദിവസം തലവേദനയുണ്ടായെങ്കില്‍ ചിലപ്പോള്‍ മാര്‍ക്കു കുറഞ്ഞെന്നു വരാം. ഈ മാര്‍ക്കല്ല ഒരു മനുഷ്യന്റെ കഴിവളക്കാന്‍ ഉപയോഗിക്കേണ്ടത്. ഓരോരുത്തര്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കണം. അതിനു പ്രായമോ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ ആകരുത് മാനദണ്ഡം. വിദ്യാഭ്യാസം കൂടുതലാളുകള്‍ക്ക് നല്‍കാനുള്ള ശ്രമമാണു വേണ്ടത്. അതിനു പകരം, എങ്ങനെ കൂടുതല്‍പ്പേരെ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്നു ചിന്തിക്കുകയാണ് ചിന്താശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നു സ്വയം വിളിച്ചൂകൂവുന്ന മലയാളികള്‍.

കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പലരും പിന്നീട് ലോകത്തിന്റെ തന്നെ അഭിമാനമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിനും മേലെയാണ് ഒരു മനുഷ്യന്റെ കഴിവെന്നത് തിരിച്ചറിയാനാവാത്ത കുറെ വിഡ്ഢികളായി മലയാളി സമൂഹം മാറിയോ?

 മെഡിക്കല്‍ പഠനത്തില്‍ താത്പര്യമുള്ള എല്ലാവരേയും അതു പഠിപ്പിക്കണം. പ്രായമോ അടിസ്ഥാന യോഗ്യതയോ പ്രശ്‌നമാക്കരുത്. അതുപോലെ തന്നെയാണ് എല്ലാ കോഴ്‌സുകളുടെയും കാര്യം. എന്താണ് ഇങ്ങനെ ചെയ്യുന്നതിലെ തടസമെന്നത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ലോകത്തെവിടെയും മലയാളികളായ ഡോക്ടര്‍മാ​ര്‍ക്കും നേര്‍ഴ്സുമാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും ഉള്ളമതിപ്പു എല്ലാവര്‍ക്കും അറിവുള്ളതാണു അതിനാല്‍ പരമാവധി കുട്ടികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്‍കി മികച്ച തൊഴില്‍, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സ്ര്‍വോപരി രാജ്യത്തിനു ആവശ്യമായ വിദേശനാണ്യം ഒക്കെ നേടാന്‍ ഉള്ള അവസരം നല്‍കുകയാണു സര്‍ക്കാരിന്റെ കടമ.

ദിനംപ്രതിയെന്നോണം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്നു. ചാനലുകളില്‍ ചര്‍ച്ചകള്‍ അന്തമില്ലാതെ തുടരുന്നു. ഇതിനെല്ലാം ഇടയില്‍ പിടയുന്നത് പാവപ്പെട്ട രക്ഷിതാക്കളുടെ മനസാണെന്നതു മാത്രം എല്ലാവരും മറക്കുന്നു. ഫീസ് വര്‍ധിപ്പിച്ചെന്നും ഇല്ലെന്നും, പ്രവേശനം ഇന്നു നടക്കുമെന്നും, മാറ്റിവച്ചെന്നും. വാര്‍ത്തകള്‍ ആശയക്കുഴപ്പവുമായി നിരന്തരം പ്രവഹിക്കുകയാണ്. ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട സര്‍ക്കാരാവട്ടെ, മാനേജ്‌മെന്റുകളുടെ തലപ്പത്തിരിക്കുന്ന മത നേതാക്കളെ ഭയന്ന് നിശബ്ദത പാലിക്കുന്നു.  ഈ വിഷയത്തില്‍ ഉണ്ടാകുന്ന കോടതി വിധികളാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉതകുന്നുള്ളു.

ഉയര്‍ന്ന ചിന്തയും ഉന്നത മൂല്യങ്ങളുമാണു മലയാളിയുടെ എക്കാലത്തെയും മൂലധനം. അതുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്രയോ ഉയരങ്ങളിലേക്കു കയറിയവനാണു മലയാളി. ഇന്ന്, അത്തരം മൂല്യങ്ങളെല്ലാം കൈമോശം വന്ന് വിഡ്ഢിക്കൂട്ടത്തെ സൃഷ്ടിക്കുന്നതെങ്ങനെയെന്നു ഗവേഷണം നടത്തുന്നു. ഇതിന് ഒരു അറുതിയുണ്ടായേ തീരൂ. വ്യവഹാരം നടത്തി മുടിഞ്ഞ സമൂഹത്തെ നവോത്ഥാന പാതയിലേക്കു നയിച്ച പൂര്‍വ്വസൂരികളെ സ്മരിക്കുക. വിദ്യാഭ്യാസത്തിനു വേണ്ടി കോടതി കയറേണ്ട അവസ്ഥ തുടര്‍ന്നുകൂടാ. സ്വാശ്രയ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടായാലും സര്‍ക്കാര്‍ ഇതിനെല്ലാം പരിഹാരമുണ്ടാക്കണം. വരുംതലമുറയെ പിച്ചച്ചട്ടിയുമായി തെരുവിലിറക്കരുത്.

2010, സെപ്റ്റം 13

കാട്ടാളന്മാര്‍ കൈപ്പത്തി വെട്ടി, വൈദികര്‍ കഴുത്തും വെട്ടി‍

സാഹോദര്യത്തിന്റെ മഹത്വം ലോകത്തെ പഠിപ്പിച്ച പ്രവാചകന്റെ പേരു പറഞ്ഞ് മതാന്ധത ബാധിച്ച ഒരു സംഘം ആളുകള് ഒരു കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമുറിച്ചു താഴെയിട്ടു. ക്ഷമയും സ്നേഹവുമാണ് എന്റെ വഴിയെന്നു ലോകത്തെ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന സഭാമേധാവികള് ആ അധ്യാപകന്റെ കഴുത്തും വെട്ടി.
തൊടുപുഴ ന്യൂമാന് കോളജിലെ മലയാളം അധ്യാപകന് ടി.ജെ. ജോസഫിനെ ഒരു സംഘം മുസ്ലിംനാമധാരികള് കാട്ടാളന്മാരെപ്പോലെ ആക്രമിച്ചതിനെയും അതേത്തുടര്ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ഭാവിയില് സത്യസന്ധരായ ചരിത്രകാരന്മാര് കുറിച്ചിടുന്നത് ഇങ്ങനെയായിരിക്കും.കേരളത്തില് സമീപകാലത്തു ദൃശ്യമായിരിക്കുന്ന പ്രതിഭാസം വളരെ ആപല്ക്കരമായ ഒന്നാണ്. അതു രാഷ്ട്രീയ പാര്ട്ടികളുടേയും മതസംഘടനകളുടേയും മാധ്യമങ്ങളുടേയും സമീപനമാണ്. പ്രശ്നങ്ങള് ഉണ്ടാക്കാതിരിക്കുന്നതിനു ശ്രമിക്കുകയാണ് അവയുടെ ബാധ്യത. പക്ഷേ, ഇവരുടെയെല്ലാം ശൈലി പ്രശ്നങ്ങള് ഉണ്ടാക്കുക എന്നതാണ്. ഉണ്ടാക്കിയ ശേഷം അതിനു പരിഹാരമുണ്ടാക്കുന്നതിന് അവര് പെടാപ്പാടുപെടുന്നതും അതുമൂലം സമൂഹം കഷ്ടതയനുഭവിക്കുന്നതുമാണു നാം കാണുന്നത്. തൊടുപുഴയിലെ പ്രഫസര് ജോസഫിന്റെ കാര്യത്തില് കേരളം കണ്ടതും അതാണ്.ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില് മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നു വ്യാഖ്യാനിക്കാന് കഴിയുന്ന ചോദ്യം ബി.കോം. പരീക്ഷയുടെ ചോദ്യക്കടലാസില് ഉള്പ്പെടുത്തിയതിലൂടെ പ്രഫസര് ചെയ്തതു തെറ്റാണെന്ന അഭിപ്രായക്കാരനാണു ഞാന്. സിലബസിന്റെ ഭാഗം പോലുമല്ലാത്ത ലേഖനത്തില് ഒരു ഭ്രാന്തനും ദൈവവുമായി സംസാരിക്കുന്ന ഭാഗം ഉദ്ധരിച്ചപ്പോള് ഭ്രാന്തന്റെ പേര് 'മുഹമ്മദ്' എന്നാക്കി മാറ്റിയെന്നതാണ് അധ്യാപകന് ചെയ്ത വിഡ്ഢിത്തം. അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും അധ്യാപകന് ചെയ്ത ഒരു അബദ്ധമാണ് അദ്ദേഹത്തെ വിദ്യാഭ്യാസമന്ത്രി ബേബിയെക്കൊണ്ടു വിഡ്ഢി എന്നു വിളിപ്പിച്ചതെന്നതല്ലേ യാഥാര്ഥ്യം?പത്തോ പതിനഞ്ചോ വര്ഷം മുമ്പ് ഒരു പ്രഫസര് ഇങ്ങനെ ഒരു ചോദ്യം എഴുതിയിരുന്നുവെങ്കില് ഒരു പ്രതിഷേധവും ഉണ്ടാകുമായിരുന്നില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമുറിക്കാന് ഇന്നത്തെപ്പോലെ ഏതാനും മുസ്ലിംനാമധാരികള് ചാടിവീഴുകയും ഇല്ലായിരുന്നു. കാരണം അന്നു കേരളസമൂഹത്തിന്റെ മനസ് അങ്ങനെയായിരുന്നു. ഇന്നലത്തെ ശരി ഇന്നു തെറ്റായി മാറിയെന്നു വരും. ഇന്നത്തെ ശരി നാളത്തെ തെറ്റുമാകാം.വര്ഗീയതയും മതാന്ധതയും വളര്ത്തിനിര്ത്തി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒരേപോലെ ശ്രമിക്കുന്ന ഈ കാലഘട്ടത്തില് അതിലോലമായ സന്തുലിതത്വം വഴി മതസമാധാനം കാത്തുസൂക്ഷിക്കപ്പെടുന്ന കേരളസമൂഹത്തിന്റെ ഹൃദയത്തുടിപ്പു മനസിലാക്കാന് പ്രഫ. ജോസഫിനു കഴിയാതെ വന്നതുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഈ വിഡ്ഢിത്തം സംഭവിച്ചത്. നമ്മുടെ അധ്യാപകവൃന്ദത്തിനു സമൂഹവുമായി ഉണ്ടാകേണ്ട ഉറ്റ ബന്ധം നഷ്ടപ്പെട്ടു പോകുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വിഡ്ഢിത്തം സംഭവിക്കുന്നത്.ഞാന് സ്കൂള് വിദ്യാര്ഥിയായിരിക്കുമ്പോള് മലയാള വ്യാകരണം പഠിപ്പിക്കാന് പറഞ്ഞുതന്ന ഉദാഹരണങ്ങള് 'രാമന് കൃഷ്ണനെ കൊന്നു', അല്ലെങ്കില് 'കൃഷ്ണന് സ്വര്ണമാല മോഷ്ടിച്ചു' തുടങ്ങിയ വാചകങ്ങളായിരുന്നു. രാമന്, കൃഷ്ണന് എന്നീ പേരുകള് സാര്വത്രികമായി എല്ലാവര്ക്കും അറിയാമെന്നതുകൊണ്ടാണു പാഠപുസ്തകത്തില് രണ്ടു മനുഷ്യജീവികള് എന്ന നിലയില് ആ പേരുകള് കൊടുത്തിരുന്നത്. ഇന്ന് അങ്ങനെയുള്ള വാചകങ്ങളാണു വരുന്നതെങ്കില് ഹിന്ദു മതമൗലികവാദികള് അധ്യാപകന്റെ കൈയും കാലും വെട്ടി സ്കൂളിനു തീവച്ചെന്നുവരും. കാരണം, രാമന് അയോധ്യയിലെ ശ്രീരാമനാണെന്നും കൃഷ്ണന് ഗുരുവായൂരിലെ ശ്രീകൃഷ്ണ ഭഗവാനാണെന്നും അവരെ കൊലപാതകിയും മോഷ്ടാവുമായി ചിത്രീകരിച്ചതു കൊടിയ മതനിന്ദയാണെന്നുമായിരിക്കും അവരുടെ വ്യാഖ്യാനം.കേരളത്തിലെ മിക്കവാറും എല്ലാ സാംസ്കാരിക വേദികളിലും പരാമര്ശ വിഷയമാകുന്ന ഒന്നാണ് എം.ടി. വാസുദേവന് നായര് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിര്മാല്യം എന്ന ചിത്രം. ജീവിതത്തില് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോള് കൊടിയനിരാശയില് വാളുകൊണ്ടു ശിരസില് സ്വയം വെട്ടി മരിക്കുന്നതിനുമുമ്പു വെളിച്ചപ്പാട് ക്ഷേത്രത്തിലെ വിഗ്രഹത്തിനു നേരേ കാര്ക്കിച്ചുതുപ്പുന്ന രംഗം ആ ചിത്രത്തിലുണ്ട്. ജീവിതത്തില് ഗതികിട്ടാപ്രേതമായി മാറിയ ഒരു ഹതഭാഗ്യന്റെ ഹൃദയവികാരമായാണു ജനങ്ങള് ആ രംഗത്തെ കണ്ടത്. അതെല്ലാം വിലയിരുത്തിയാണ് 1973-ല് ഏറ്റവും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയ അവാര്ഡ് നല്കി എം.ടിയെയും നിര്മാല്യത്തെയും രാജ്യം ആദരിച്ചത്. വെളിച്ചപ്പാടായി അഭിനയിച്ച പി.ജെ. ആന്റണിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും നല്കപ്പെട്ടു.ഇന്നാണെങ്കില് അങ്ങനെയുള്ള ഒരു രംഗവുമായി എം.ടി. വാസുദേവന് നായര്ക്ക് ഒരു ചിത്രം എഴുതാനും സംവിധാനം ചെയ്യാനും കഴിയുമോ? രാഷ്ട്രീയ ലാഭങ്ങള്ക്കുവേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്ന ഹിന്ദുനാമധാരികള് എം.ടിയെ ആക്രമിക്കുകയും തിയറ്ററിനു തീവയ്ക്കുകയും ചെയ്യുമായിരുന്നു എന്ന കാര്യം തീര്ച്ച.കാലംകടന്നുപോയപ്പോള് മതത്തിന്റെ തൂവലുകള് വച്ചുപിടിപ്പിച്ച ശവംതീനിപ്പക്ഷികള് രാഷ്ട്രീയ വിഹായസില് പറക്കാന് തുടങ്ങിയതോടെ ചിത്രമാകെ മാറിയിരിക്കുന്നു. തലമുറകളായി നമ്മുടെ സമൂഹത്തില് വിഡ്ഢികളെ പരിഹസിക്കുന്നതിനു പറയാറുള്ള പദങ്ങളാണു മണ്ടന് മത്തായി, മണ്ടന് മമ്മദ് എന്നൊക്കെയുള്ളത്. അങ്ങനെയുള്ള ഒരു വിഡ്ഢി കഥാപാത്രത്തേക്കുറിച്ചു കുറേനാള് മുമ്പ് ഒരു കഥാകൃത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില് മണ്ടന് മമ്മദ് എന്ന പേരില് ഒരു കഥയെഴുതി. നര്മരസം നിറഞ്ഞുനില്ക്കുന്ന ആ കഥയുടെ തര്ജമ ബംഗളുരുവില് നിന്നിറങ്ങുന്ന ഡെക്കാന് ഹെറാള്ഡിന്റെ വാരാന്ത്യപ്പതിപ്പില് പ്രസിദ്ധീകരിച്ചു. മണ്ടന് മമ്മദ് എന്ന തലക്കെട്ടിന്റെ യഥാര്ഥ ഇംഗ്ലീഷ് തര്ജമയായി 'മുഹമ്മദ് ദി ഇഡിയറ്റ്' എന്നാണു കൊടുത്തിരുന്നത്. അന്നുതന്നെ ഒരു വലിയ സംഘം മുസ്ലിമുകള് ആ പത്രം ഓഫീസിനു തീവച്ചു.നഗരത്തില് ചിലയിടത്തു കലാപങ്ങളുമുണ്ടായി. ചേരിപ്രദേശങ്ങളില് നിന്നുവന്ന മുസ്ലിമുകളായിരുന്നു ആ ആള്ക്കൂട്ടം. ഇംഗ്ലീഷ് പോയിട്ടു കന്നഡ പോലും നേരേചൊവ്വേ വായിക്കാനറിയാത്ത ആ പാവങ്ങളെ ദുഷ്ടലാക്കുള്ള ഏതാനും നേതാക്കള് മതത്തിന്റെ പേരുപയോഗിച്ച് ആട്ടിത്തെളിച്ചുകൊണ്ടുവന്ന് ആ അക്രമം നടത്തിക്കുകയായിരുന്നു.ഏതായാലും തൊടുപുഴയില് പ്രഫ. ജോസഫിനും കുടുംബത്തിനും തീരാദുരിതമുണ്ടായി. കൈപ്പത്തി വെട്ടിയ അധമന്മാരെ പോലീസ് പിടികൂടിക്കൊണ്ടിരിക്കുകയുമാണ്. ദുരന്തത്തിനു ശേഷം എല്ലാം ആറിത്തണുക്കുകയായിരുന്നു. അപ്പോള് കോളജിന്റെ ഉടമസ്ഥാവകാശമുള്ള കോതമംഗലം രൂപതയുടെ മെത്രാനും സഭാനേതാക്കളും ആ വ്രണം മാന്തി പുണ്ണാക്കുന്നതുപോലെ പ്രശ്നം വീണ്ടും കുത്തിപ്പൊക്കി. പ്രഫസറെ ജോലിയില്നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനമായിരുന്നു അത്.ഒരു ചോദ്യക്കടലാസില് വന്ന പിശക് മതനിന്ദയായി ചിത്രീകരിച്ചുകൊണ്ടു പ്രഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ തീവ്രവാദികളുടെ അരിശം തീര്ന്നിട്ടില്ലെങ്കില് അതു തീര്ക്കാനോ മുസ്ലിം സമുദായത്തിലെ വിവരമില്ലാത്ത വിഭാഗങ്ങളുടെ കൈയടി വാങ്ങാനോ ഉള്ള സഭാമേധാവികളുടെ തറ ക്ലാസ് നടപടിയായിപ്പോയി ഇത്. തന്റെ ഭാഗത്തുനിന്ന് അറിയാതെ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നു സമൂഹത്തോടു പരസ്യമായി അപേക്ഷിച്ച ഒരധ്യാപകന്റെയും കുടുംബത്തിന്റെയും അന്നംമുട്ടിക്കുക എന്ന സഭാമേധാവികളുടെ ഈ അതിക്രൂര നടപടി ആ വ്യക്തിയുടെ കഴുത്തു കൂടി വെട്ടിയതിനു തുല്യമാണ്.

വിസാത്തട്ടിപ്പിനും, സാമ്പത്തിക ക്രമക്കേടിനും, പെണ് വാണിഭത്തിനും, കൊലപാതകത്തിനും വിചാരണ നേരിടുന്ന വൈദികര് സഭയുടെ സംരക്ഷണയില് യാതൊരു മനശ്ചാഞ്ജല്യവും കൂടാതെ സുഭിക്ഷമായി കഴിയുമ്പൊള് ആണു തന്റെ ഭാഗത്തുനിന്ന് അറിയാതെ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണമെന്നു യേശുക്രിസ്തുവിന്റെ പേരില് സമൂഹത്തോടു പരസ്യമായി താണുകേണപേക്ഷിച്ച പ്രഫസര് ജോസഫിന്റെ മേല് സഭാമേധാവികളുടെ ഈ അതിക്രൂര നടപടി.സഭാമേധാവികളുടെ ഈ കഴുത്തുവെട്ടല് നടപടിയോടു കേരളത്തിലെ നീതിബോധമുള്ള ജനങ്ങള്ക്കു മുഴുവന് പ്രതിഷേധമാണുള്ളത്. പക്ഷേ, ആ കഴുത്തുവെട്ടല് നടപടിയെ ജമാ അത്ത് കൗണ്സില്, ജമാ അത്തെ ഇസ്ലാമി, ജം ഇയ്യത്തുല് ഉലമ തുടങ്ങിയ ഒന്പതു മുസ്ലിം സംഘടനകളുടെ ജില്ലാതല നേതാക്കന്മാരും ഇമാമുമാരും പിന്തുണച്ചുകൊണ്ടു മൂവാറ്റുപുഴയില് ഇറക്കിയ പ്രസ്താവന യഥാര്ഥ ഇസ്ലാം വിശ്വാസികളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ആ അധ്യാപകന്റെ കൈ വെട്ടിയതുകൊണ്ടു മാത്രം തങ്ങള് സംതൃപ്തരല്ലായിരുന്നു എന്നുള്ള ഈ നേതാക്കളുടെ പരസ്യപ്രസ്താവനയായിരുന്നില്ലേ ആ നിലപാട്?ഏതു തെറ്റും ക്ഷമിക്കാന് പഠിപ്പിച്ച പ്രവാചകനായ മുഹമ്മദ് നബിയെ ഒട്ടും മനസിലാക്കാന് കഴിഞ്ഞിട്ടില്ലാത്തവരാണ് ഈ നേതാക്കളെന്ന് അവരുടെ പ്രസ്താവന തെളിയിക്കുന്നു. മക്കയില് പ്രാര്ഥിച്ചുകൊണ്ടു നില്ക്കെ തന്റെ കഴുത്തില് ഒട്ടകത്തിന്റെ കുടല്മാല അണിയിച്ചവരോടു ക്ഷമിച്ച പ്രവാചകന്, തന്നെ നിന്ദിച്ചുകൊണ്ടുള്ള പാട്ടുപാടി സദാ തന്റെ പിറകെ നടന്ന ഫൗസല് എന്ന നിമിഷകവിയോടു ക്ഷമിച്ച പ്രവാചകന്, മറ്റുള്ളവരോടു കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കുകയില്ലെന്ന് ഉപദേശിച്ച പ്രവാചകന്... കുറേ മുസ്ലിംനാമധാരികള് കൈപ്പത്തി വെട്ടിക്കളഞ്ഞ ആ അധ്യാപകനോട് അരിശം തീരാതിരുന്ന ഈ മുസ്ലിം നേതാക്കള് അദ്ദേഹത്തിന്റെ അന്നംകൂടി പള്ളിക്കാര് മുട്ടിച്ചു എന്നതില് പരസ്യമായി സന്തോഷം പ്രകടിപ്പിച്ചത് ഇതേ പ്രവാചകന്റെ പേരിലാണെന്നോര്ക്കണം.പ്രവാചകന്റെ വചനങ്ങളെക്കുറിച്ചുള്ള അറിവും നീതിബോധവും ഈ പ്രസ്താവനയിറക്കിയ മുസ്ലിം നേതാക്കള്ക്ക് ഇല്ലാതെപോയല്ലോ എന്നോര്ത്ത് യഥാര്ഥ മുസ്ലിമുകള് ലജ്ജിക്കുന്നുണ്ടാവും. ഈ നേതാക്കള് പ്രവാചകന്റെ വചനങ്ങളെയും പ്രവൃത്തികളെയും കുറിച്ചു പഠിക്കാന് ഏതെങ്കിലും ഓത്തുപള്ളിക്കൂടത്തില് പോകുന്നതാവും നല്ലത്.താന്മൂലം സഭയ്ക്കും കോളജ് മാനേജ്മെന്റിനുമുണ്ടായ ബുദ്ധിമുട്ടുകള്ക്കു ക്ഷമ ചോദിച്ചുകൊണ്ടു പ്രഫ. ജോസഫ് സഭാമേധാവികള്ക്കു കത്തയച്ചു.അക്രമികള് മാരകമായി പരുക്കേല്പിച്ചതു കാരണം മറ്റേതെങ്കിലും ജോലി ചെയ്തു ജീവിക്കാനും കുടുംബത്തെ പോറ്റാനും കഴിയാത്ത തന്നെ ജോലിയില് തിരികെ പ്രവേശിപ്പിക്കണമെന്നു യേശുക്രിസ്തുവിന്റെ പേരില് ആ കത്തിലൂടെ താണുകേണപേക്ഷിച്ച പ്രഫ. ജോസഫിനോടു സഭാമേധാവികള് കരുണ കാണിക്കാതിരുന്നതു ക്രൂരവും അക്രൈസ്തവവുമായ നടപടിയായിപ്പോയി.ഇവിടെയാണ് ഒറീസയില് കുഷ്ഠരോഗികള്ക്കിടയില് സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന പ്രേഷിതപ്രവര്ത്തകനായ ഗ്രഹാം സ്റ്റെയിന്സിനെയും രണ്ടു പിഞ്ചുമക്കളെയും ഒരു വാനിലിട്ടു തീവച്ചു കൊന്ന, മനസില് കുഷ്ഠരോഗം ബാധിച്ച, ഏതാനും ഹിന്ദുമൗലികവാദികളുടെ അതിക്രൂരതയെപ്പറ്റി അദ്ദേഹത്തിന്റെ വിധവ ഗ്ലാഡിസ് സ്റ്റെയിന്സ് മണിക്കൂറുകള്ക്കുള്ളില് പുറപ്പെടുവിച്ച പ്രസ്താവനയില് കാണിച്ച മഹനീയത നാം കാണുന്നത്. ''ഈ പാതകം ചെയ്തവരോടു യേശുക്രിസ്തുവിന്റെ നാമത്തില് ഞാന് ക്ഷമിക്കുന്നു. എല്ലാം പൊറുക്കുന്ന ദൈവസ്നേഹത്തിന്റെ മഹത്വം ഈ പാതകം ചെയ്തവര്ക്കു ബോധ്യപ്പെടട്ടെ എന്നു ഞാന് പ്രാര്ഥിക്കുന്നു.'' തീവ്ര ദുഃഖിതയായ ഗ്ലാഡിസിന്റെ ആദ്യത്തെ പ്രതികരണം അതായിരുന്നു.ഭര്ത്താവും കുഞ്ഞുങ്ങളും നഷ്ടപ്പെട്ടിട്ടും ആ പാതകം ചെയ്തവരോടു യേശുക്രിസ്തുവിന്റെ പേരില് ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്സിന്റെ ചെരുപ്പിന്റെ വാറഴിക്കാന് കോതമംഗലത്തെ സഭാമേധാവികള്ക്കു യോഗ്യതയുണ്ടോ?ഒരു അധ്യാപകന്റെ ഒഴിവു വന്നാല് ആ തസ്തികയിലേക്കു ലക്ഷങ്ങള് വാങ്ങി പുതിയ നിയമനം നടത്താന് കഴിയുമല്ലോ എന്ന മേധാവികളുടെ മോഹമാണു ജോസഫിന്റെ പിരിച്ചുവിടലിനു പിന്നിലുള്ളതെന്ന് ഏതെങ്കിലും അധ്യാപക സംഘടനകള് ആക്ഷേപിച്ചാല് ആ പഴിയും സഭാമേധാവികള് കേള്ക്കേണ്ടി വരുമെന്നതാണ് ഈ ക്രൂരനാടകത്തിന്റെ മറ്റൊരു വശം.

 
 
മംഗളം ദിനപ്പത്രത്തില്‍ ശ്രീ കെ. എം. റോയ് എഴുതിയ ലേഘനത്തില്‍ നിന്നും പകര്‍ത്തി എടുത്തത് - അദ്ദേഹത്തിനെ നന്ദി അറിയിക്കുന്നു.

2010, സെപ്റ്റം 9

കമ്പോള നിലവാരം

ഇപ്പോള്‍ പല പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ വിവിധ കമ്പനികളുടെ ഓഹരിവിലകളെ കൃത്രിമമായി സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ക്കു മുതല്‍മുടക്കുള്‍ള്ളതോ, തങ്ങളില്‍ നിക്ഷേപമുള്ളതോ ആയ കമ്പനികളുടെ സാമ്പത്തികനിലയെക്കുറിച്ചും, കച്ചവടപുരോഗതിയെക്കുറിച്ചും ചില പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ച് കണക്കുകള്‍ നിറച്ച വാര്‍ത്തകള്‍ നല്‍കിവരുന്നു. അത് ഓഹരി ഉപഭോക്താക്കളെ വേണ്ടവണ്ണം തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ഇത്തരം പ്രവണത തീര്‍ത്തും അനാശാസ്യമാണെന്നും നിയന്ത്രിക്കണമെന്നും ഓഹരിക്കമ്പോളത്തെ നിയന്ത്രിക്കുന്ന സംഘടനയായ സെബി അഭിപ്രായപ്പെടുന്നു.


പല മാധ്യമസ്ഥാപനങ്ങളും ഇത്തരം ഇടപാടുകളില്‍ നിര്‍ലജ്ജം ഏര്‍പ്പെട്ടിരിക്കുന്നുണ്ടെന്നു സെബി ആശങ്കപ്പെടുന്നു. പൊതുവിപണിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെക്കുറിച്ച് പരസ്യവും വാര്‍ത്തകളും നല്‍കുന്നതിനു പകരമായി മാധ്യമങ്ങള്‍ പ്രസ്തുക സ്ഥാപനങ്ങളുടെ ഓഹരികളും, കടപ്പത്രങ്ങളും വാറന്റുകളും കൈപറ്റുന്നതായി സെബി നിരീക്ഷിക്കുന്നു. ഇതു ക്രമേണെ രാജ്യത്തെ ഓഹരിവിപണനത്തെയും കച്ചവടനടത്തിപ്പിനെയും അപകടകരമായി ബാധിക്കുമെന്നു തിട്ടം.
 
2009ലെ പൊതു തിരഞ്ഞെടുപ്പില്‍ കാര്യമായ രീതിയില്‍ ചില പത്രങ്ങള്‍ പണം പറ്റി വാര്‍ത്തകള്‍ പുറത്തിറക്കിയെന്ന ആരോപണമുണ്ടായിരുന്നു.
 
നമ്മുടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു കൂടി അടുത്തു വരുന്നു, മേല്‍പ്പറഞ്ഞ വിധം ഉള്ളതെന്നു സംശയിക്കപ്പെടാവുന്ന വാര്‍ത്തകള്‍ സ്ദാചാര മേല്‍ വിചാരിപ്പുകാര്‍ എന്നു നടിക്കുന്ന ചില "മലയാള" പത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നു.
 
ചോദ്യമിതാണ്; ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും മുഖ്യവിചാരിപ്പുകാരെന്ന വമ്പും കാട്ടിയിരിക്കുന്ന മാധ്യമങ്ങള്‍ തന്നെ ഇത്തരം അശ്ലീലമായ വേഴ്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ഈ കണ്ടന്‍ പൂച്ചകള്‍ക്ക് പറ്റിയ മണി കണ്ടുപിടിക്കാന്‍ ആര്‍ക്കാണു കഴിയുക? അര്‍ബുദം ഒരലങ്കാരമല്ലെന്ന തിരിച്ചറിവ് പോലും ജനധിപത്യത്തിന്റെ നാലാം തൂണുകള്‍ക്കില്ലേ?
 
മാനായി എത്തുന്ന ഇത്തരം മാരീചന്മ്മാരെ നാം തിരിച്ചറിഞ്ഞു തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
http://www.dillipost.in/