2011, ജനു 27

പശുവും ചത്ത് മോരിലെ പുളിയും പോയി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് സുരേഷ് കല്‍മാഡിയെന്ന കോണ്‍ഗ്രസ് നേതാവിനെ നീക്കി. ഗെയിംസ് കഴിഞ്ഞ് ആരവങ്ങളുമൊഴിഞ്ഞിട്ട് മൂന്നു മാസമായി. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ട് നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം സ്വയം പരിഹാസ്യരാവുകയാണ്.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി സിബിഐയുടെ അന്വേഷണത്തിലാണ്. കല്‍മാഡിയും സംഘാടകസമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് സിബിഐ പലവട്ടം പറഞ്ഞിരുന്നു. അന്നൊന്നും കല്‍മാഡിയെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കല്‍മാഡിയെ നീക്കം ചെയ്യാനുള്ള അധികാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു മാത്രമാണെന്നും സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കല്ലെന്നുമായിരുന്നു സര്‍ക്കാരിനെ നയിക്കുന്നവരുടെ വാദം. വിവാദമുയര്‍ന്ന് മൂന്നു മാസത്തിലേറെ കഴിഞ്ഞതോടെ ഈ അധികാരത്തില്‍ മാറ്റം വന്നോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തല കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു എന്നതാണ് കല്‍മാഡിയുടെയും കൂട്ടരുടെയും നേട്ടം. കോടികള്‍ കൊണ്ടുള്ള കളികളില്‍ എത്ര തുക ആരുടെയൊക്കെ കീശകളിലായി എന്നത് അന്വേഷിക്കുമ്പോള്‍ കുറ്റാരോപിതര്‍ തന്നെ സംഘടനയുടെ തലപ്പത്ത് ഇരുന്നു എന്നത് തികച്ചും ഗൗരവമുള്ള സംഗതി തന്നെ. ഗെയിംസ് കഴിഞ്ഞ് മൂന്നു മാസത്തെ സമയം ധാരാളം മതി രേഖകള്‍ തിരുത്താനും അഴിമതിക്കു വെള്ളപൂശാനും. അതിനുള്ള സാവകാശം കല്‍മാഡിക്കും കൂട്ടര്‍ക്കും ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മനസറിവോടെയാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതെന്നു സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍.
തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, പൊതുജനമധ്യത്തിലിറങ്ങി നിന്ന് അഗ്നിശുദ്ധി വരുത്താന്‍ തയാറെന്നു പറയുന്ന പഴയ രാഷ്ട്രീയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസിലെ ചിലരും കോമണ്‍വെല്‍ത്ത് സംഘാടകരും ചേര്‍ന്ന് നടത്തിയത്. ഇന്നലെ വരെ ഇല്ലാതിരുന്ന അധികാരം അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രിക്ക് ഇപ്പോള്‍ എവിടെ നിന്നാണു ലഭിച്ചത്? കോടികള്‍ കട്ടുമുടിച്ച കൂട്ടരെ കയ്യോടെ പിടികൂടി തുറുങ്കിലടയ്‌ക്കേണ്ടതിനു പകരം കട്ട പണം ഒളിപ്പിക്കാനും കള്ളരേഖകള്‍ ചമയ്ക്കാനുമുള്ള സാവകാശം ഒരുക്കിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി തികച്ചും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.

നിരന്തരം അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. അവരുടെ നികുതിപ്പണത്തില്‍ നിന്നു കോടികള്‍ സ്വന്തം കീശയിലേക്ക് മാറ്റുകയും പെട്രോളിനും മറ്റും വില കുത്തനെ കൂട്ടി പാവപ്പെട്ടവനെ ആത്മഹത്യയിലേക്കു നയിക്കുകയുമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.
കടുത്ത വിലക്കയറ്റത്തില്‍ വലഞ്ഞു നില്‍ക്കുകയാണ് ഇന്ത്യ. ദിനംപ്രതി വര്‍ധിക്കുന്ന ജീവിതച്ചെലവു താങ്ങാനാവാതെ ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഇവിടുത്തെ സാധാരണക്കാരന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് കേന്ദ്ര സര്‍ക്കാരും കല്‍മാഡിമാരും ചെയ്യുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ വിരാജിക്കുന്ന മന്ത്രിപ്രമുഖന്‍മാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് ഒരു രാജ്യത്തെയാകെ കൊള്ളയടിക്കുകയെന്നത് എത്രത്തോളം ഭീതിദമാണെന്നു ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  സിബിഐ നടത്തുന്ന അന്വേഷണത്തെ അധികാര സ്ഥാനത്തിരുന്ന് തടസപ്പെടുത്തുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ അതിന് ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. അന്ന് അതു ചെയ്തില്ല എന്നതാണ് സംശയത്തിന്റെ മുനകള്‍ കേന്ദ്ര സര്‍ക്കാരിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും എത്തിക്കുന്നത്.

കോമണ്‍വെല്‍ത്ത് അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും 2ജി സ്‌പെക്ട്രം ക്രമക്കേടുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച അധോലോകമുഖവുമായാണ് കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതിനിടയില്‍ത്തന്നെ ഓരോ കള്ളത്തരവും വ്യക്തമാക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ജനങ്ങളുടെ സത്യസന്ധതയുടെ തെളിവാണ്. അവരെ ചതിക്കുന്നവര്‍ ആരൊക്കെയെന്ന് വൈകാതെ വെളിപ്പെടുന്നുണ്ടെന്നതാണ് പാരമ്പര്യത്തിന്റെ പുണ്യം. അഴിമതിക്കാരനെന്ന് ആരോപണമുയര്‍ന്ന സുരേഷ് കല്‍മാഡിയെ എന്തുകൊണ്ട് ഇതേവരെ പുറത്താക്കിയില്ലെന്നതിനു സമാധാനം ബോധിപ്പിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ദൗര്‍ഭാഗ്യവശാല്‍ എഴുതിത്തയാറാക്കി മുന്‍കൂര്‍ അനുമതി വാങ്ങിയ പ്രസ്താവനകളില്‍ കയ്യൊപ്പു വയ്ക്കാന്‍ മാത്രമേ അദ്ദേഹത്തിനു സാധിക്കൂവെന്നാണ് ഡല്‍ഹിയിലെ സംസാരം.

ഭരണത്തിന്റെ നിയന്ത്രണം മറ്റു പല കൈകളിലാവുകയും അധികാരം നാമമാത്രമാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്നതു മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.  പ്രധാനമന്ത്രിപദം വിദേശ പര്യടനത്തിനോ വിദേശനേതാക്കളെ സ്വീകരിച്ച് ചര്‍ച്ച നടത്താനോ മാത്രമുള്ളതല്ലെന്ന്  ഇനിയൊരിക്കല്‍ക്കൂടി പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും പാര്‍ട്ടിയിലെ അഴിമതി നേതാക്കളെ മനസിലാക്കിക്കൊടുക്കണം. അതിനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.

2011, ജനു 25

ഉഡുമ്പു മനുഷ്യര്‍



സ്പൈഡര്‍മാന്‍ അല്ല, പല്ലിയോ ഉഡുമ്പോ അല്ല, ജീവിക്കാന്‍ വേണ്ടി അര ഇഞ്ച് നൈലോണ്‍ ചരടില്‍ ഞാന്നു കിടന്നു ജോലിചെയ്യുന്ന ക്ലീനിങ്ങ് തൊഴിലാളികള്‍ - ദുബായില്‍ നിന്നുള്ള കാഴ്ച്ച. നാട്ടിലുള്ളവര്‍ അറിയുന്നുണ്ടോ പ്രവാസിയുടെ ഈ ഞാണിന്മേല്‍ കളി..









2011, ജനു 18

മാഫിയകള്‍ സഹയാത്രികരോ?

കേരളത്തിലെ സിപിഎം ഘടകത്തിനുള്ളിലെ ചേരിപ്പോര് വീണ്ടും മറനീക്കിത്തുടങ്ങിയിരിക്കുന്നു.


അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ് വിഎസിന്റെ പേരിലുള്ള ആരോപണം. ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വിഡ്ഢികളാക്കി നടക്കുന്ന പരസ്യമായ തട്ടിപ്പിനെതിരേ മുഖ്യമന്ത്രി ഒരു നിലപാടെടുത്താല്‍ അത് തെറ്റാണെന്നു വിലയിരുത്തേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പേരില്‍ രണ്ടു തട്ടിലായി തര്‍ക്കിക്കേണ്ട പാര്‍ട്ടിയല്ല സിപിഎം. അതല്ല പാര്‍ട്ടിയുടെ പാരമ്പര്യം. ദൗര്‍ഭാഗ്യവശാല്‍, അധ്വാനവര്‍ഗത്തേക്കാളേറെ പാര്‍ട്ടിക്കു പ്രിയം മാഫിയാ തലവന്‍മാരോടാണെന്ന തോന്നലുളവാക്കുന്ന വെളിപ്പെടുത്തലുകളും നടപടികളുമാണ് കുറേക്കാലമായി കേരളത്തില്‍ കാണുന്നത്.

ഇപ്പോഴത്തെ സംഭവവികാസങ്ങളെയും അതേ തുലാസില്‍ മാത്രമേ തൂക്കിനോക്കാനാകൂ. വ്യാജലോട്ടറി അച്ചടിച്ചു ജനത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുന്ന മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ബാധ്യത ഒരു സര്‍ക്കാരിനുണ്ട്. അതു നിറവേറ്റേണ്ടതു മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ മുന്‍കൈയെടുക്കേണ്ടത്. അതു ചെയ്യുന്നതിനു പകരം, നടപടിക്കു തയാറായ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു വരെ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ഏതെങ്കിലും നേതാക്കളുടെ താത്പര്യമാകരുത് പാര്‍ട്ടിയെ നയിക്കേണ്ടത്. ജനങ്ങളുടെ താത്പര്യത്തിനാകണം മുന്‍തൂക്കം കൊടുക്കേണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന്‍ എന്ന നേതാവ് അനഭിമതനാണ് എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹം സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികളെ പുച്ഛിച്ചു തള്ളേണ്ടതുണ്ടോയെന്ന് നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിഎസ് ചെയ്തത് നല്ല കാര്യമാണ്. അതിനെതിരേയുള്ള ഓരോ നീക്കവും ജനഹൃദയങ്ങളില്‍ നിന്ന് തങ്ങളെ അകറ്റുകയേ ഉള്ളൂവെന്നും ആരോപണങ്ങളെ സാധൂകരിക്കുമന്നും തിരിച്ചറിയേണ്ടതായിരുന്നു. അതിനു പകരം, വിഎസിനെ പുകച്ചു ചാടിക്കാന്‍ നടത്തിയ നീക്കം തീര്‍ത്തും ശരിയായില്ല.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കിലിലും ഇതേ സമീപനമാണു പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വീകരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുന്നതിനുള്ള ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. അതിനു പകരം ജനങ്ങള്‍ക്കിടയില്‍ മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ മാത്രമുതകുന്ന നടപടികളിലേക്കു നീങ്ങരുതായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിനല്ല കേരളത്തെ നിയന്ത്രിക്കേണ്ടത്. മാഫിയകളുടെ ഭരണമല്ല ജനത്തിന് ആവശ്യം. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മാര്‍ട്ടിനുമായോ സമാന സ്വഭാവക്കാരുമായോ എന്തെങ്കിലും ചങ്ങാത്തമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. അതിന് വില നല്‍കേണ്ടവരല്ല കേരളത്തിലെ ജനങ്ങള്‍. വിഎസ് കേന്ദ്രത്തിനു കത്തയച്ചത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണ്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ യശസ് കളങ്കപ്പെട്ടേനെ. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരോട് അനുകൂല നിലപാടല്ല കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

മാഫിയകളോട് സന്ധി ചെയ്യുന്ന രീതിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. എക്കാലവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും നീതി ലഭിക്കാതെ വലയുന്നവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ചൂഷണത്തിനും അക്രമത്തിനുമെതിരേ സ്വീകരിച്ച രൂക്ഷമായ നിലപാടുകളാണ് കമ്യൂണിസ്റ്റ് ആശയത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയതെന്ന് വിസ്മരിക്കാതിരിക്കാം. അതിവിപ്ലവത്തിന്റെ പാതയിലൂടെയല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ട്ടിയെ  അധികാരം ദുഷിപ്പിച്ചു എന്നു ചിന്തിക്കാന്‍ പോലും സാധിക്കാത്തവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും സഹയാത്രികരും. അവരെയെല്ലാം പരിഹസിക്കുന്നതിനു തുല്യമായിപ്പോയി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍.

സമ്പത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ചിപ്പോകുന്നവരായിരുന്നില്ല പാര്‍ട്ടിയെ നയിച്ചിരുന്നത്. അതാണ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും പാര്‍ട്ടിയായി സിപിഎം മാറാനുണ്ടായ കാരണം. ഉയര്‍ന്ന ചിന്തയും ഉന്നതമായ വീക്ഷണവുമുള്ള നേതാക്കളുടെ കൂറ് ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളോടും അധ്വാനവര്‍ഗത്തോടുമായിരുന്നു. ആ തലമുറയിലെ അവശേഷിക്കുന്ന ചുരുക്കം കണ്ണികളില്‍ പ്രമുഖനാണ് വിഎസ്. അക്കാരണത്താലാകാം അദ്ദേഹം മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുമ്പെട്ടത്. സ്വാഭാവികമായും പാര്‍ട്ടി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കരുതിയിരിക്കാം.

യഥാര്‍ത്ഥത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അവസാന നാളുകളിലേക്കടുക്കുമ്പോള്‍പ്പോലും ജനങ്ങള്‍ക്കു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന തോന്നലാണു പൊതുവേയുള്ളത്. പല നല്ല കാര്യങ്ങളും ചെയ്‌തെങ്കിലും അതൊന്നും ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നതാണു സത്യം.

2011, ജനു 7

ജോജോ കഥകള്‍ - ഭാഗം ഒന്ന്

നമ്മുടെ നായകന്‍ ജോജോ, 2000 -ആം ആണ്ടിന് മുന്പ് കോട്ടയത്തെ കമ്പ്യൂട്ടര്‍ കള്‍ക്ക് വൈദ്യനായിരുന്നവന്‍, പരോപകാരി, സൂചിതിരുകാന്‍ ഇടം കിട്ട്യാല്‍ തൂമ്പ തിരുകുന്നവന്‍, സര്‍വോപരി താനൊരു ശുദ്ദനും പാവവും ആണെന്ന് ഒരിക്കലും സമ്മതിക്കില്ലാത്തവന്‍.

പണ്ട് പണ്ട്  486  പ്രോസസ്സറും മോണോക്രോം മോണിട്ടറും ലോകം അടക്കി വാണിരുന്ന കാലം, ഡോസും, വേര്‍ഡ് സ്റ്റാര്‍ ഉം പഠിച്ചവര്‍, കറങ്ങുന്ന കസേരയില്‍ AC മുറിയില്‍ ഇരുന്നു പ്രിന്സ് ഓഫ് പേര്‍ഷ്യ യും പീ സീ മാനും കളിച്ചിരുന്ന കാലം, വിന്‍ഡോസ് ഫോര്‍ വര്‍ക്ക്‌ ഗ്രൂപ്സ് ഇന്‍സ്ടാള്‍ ചെയ്തിട്ടുള്ളവര്‍ മോനിട്ടറിനു മുകളില്‍ ടര്‍ക്കി ടവല്‍ പുതപ്പിച്ചിരുന്ന കാലം,  മുറം പോലുള്ള 1 .2 MB ഫ്ലോപ്പി ഡിസ്ക് കയ്യില്‍ കൊണ്ട് നടക്കുന്നവനെ പെണ്‍കുട്ടികള്‍ ഒളികണ്ണിട്ടു നോക്കിയിരുന്ന കാലം,
   
നരസിംഹ റാവു വിനെ പോലിരുന്ന കമ്പ്യൂട്ടര്‍ ഹൃത്വിക് റോഷനെ പോലെ ആക്കിയ വിന്‍ഡോസ്‌ 95 ഇതാ വരുന്നു, വന്നുകൊണ്ടേ ഇരിക്കുന്നു, വന്നു.

അക്കാലത്ത് കോട്ടയത്തെ പ്രമുഖ കമ്പ്യൂട്ടര്‍ ഷോപ്പില്‍ അപ്രന്റീസ് അല്ലാത്ത ഒറിജിനല്‍ സര്‍വീസ് എഞ്ചിനീയര്‍ ആയിരുന്നു ജോജോ. ചന്നം പിന്നം മഴ പെയ്യുന്ന ഒരു ഉച്ച നേരം, ജനല്‍ തുറന്നു  അനുപമ തീയട്ടെറിനു  മുന്‍പിലെ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്ത് നില്‍ക്കുന്നവരെയോ ചിരിതൂകി നില്‍കുന്ന ഉച്ചപ്പടത്തിന്റെ പോസ്റ്റര്‍ ഓ ആസ്വദിക്കാന്‍ അനുവദിക്കാതെ മഴ പെയ്യുകയാണ്. ദുബായിലുള്ള അളിയന്‍ വിസ അയച്ചുതരുന്നത് സ്വപ്നം കണ്ട്   സര്‍വീസ് സെന്റര്‍ റൂമില്‍   ഒരു കമ്പ്യൂട്ടര്‍ ഇല്‍ office 4.3 ഇന്‍സ്റ്റോള്‍  ചെയ്യുന്നതിനിടെ  ഇന്സ്ടലെഷന്‍ ഡിസ്ക്  സെറ്റിലെ 31-ആമത്തെ ഫ്ലോപ്പി റീടിംഗ് എറര്‍  കാണിച്ചതിനെ തുടര്‍ന്ന്  കൊന്നത്തെങ്ങിന്റെ പാതിയില്‍ വച്ച് തളാപ്പ് നഷ്ടപ്പെട്ട തണ്ടാനേ പോലെ ഇരിക്കുകയായിരുന്നു  ജോജോ, receptionist അവധി എടുത്തതിനാല്‍ ഫോണ്‍ അറ്റെന്റ് ചെയ്ത acountant  പെങ്കൊച്  ഓടി സര്‍വീസ് റൂമില്‍ എത്തി "ജോജോ ഒരു സര്‍വീസ് കാള്‍ ഉണ്ട് അയാള്‍ ഇംഗ്ലീഷില്‍  ആണ് സംസാരിക്കുന്നെ, പെട്ടന്ന് വാ അറ്റന്‍ഡ് ചെയ്യ്"

ഇംഗ്ലീഷ് കാരനെ നേരിടാന്‍ ചങ്കും വിരിച് മസിലുപിടിച് എത്ത്യ ജോജോ ബലത്തില്‍ ഒരു ഗുഡ് ആഫ്ടര്‍ നൂണ്‍ ഒക്കെ പറഞ്ഞു കാര്യം അന്വേഷിച്ചു അയാളുടെ ഏതൊ ഫയല്‍ കാണുന്നില്ലത്രേ,
പിന്നീട്  സംഭാഷണം ഇപ്രകാരമായിരുന്നു.
jojo : sir you might deleted file
renju: I not delete file, you gave computer not working good, my file gone.
jojo: sir are you working under windows?
renju: "no window no window, only one glass door near my computer"


ധിം തരികിട ധോം !!!!!!

അടുത്ത സീനില്‍ നമ്മള്‍ കാണുന്നത് വള്ളിയില്‍  തൂങ്ങി ആടുന്ന ഫോണ്‍ ശ്രദ്ധിക്കാതെ ജോജോയുടെ മുഖത്ത് തളിക്കാന്‍ വെള്ളം അന്വേഷിക്കുന്ന അക്കൌണ്ടന്റിനെ  ആണ്,
  
രെന്ജ്ജു : മീരജാസ്മിന്റെ മുഖവും എന്നെഫ് വര്‍ഗീസിന്റെ ശബ്ദവും ഉള്ളവള്‍,  

2011, ജനു 4

കാന്‍സര്‍ ചികിത്സരംഗത്ത് വന്‍പ്രതീക്ഷ നല്‍കി ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌







കാന്‍സര്‍ ചികിത്സാരംഗത്ത്‌ വിപ്ലവാത്മക മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ കഴിയുന്ന ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുന്നു. ഒരു ബില്യണ്‍ ബ്ലഡ്‌ സെല്ലുകളില്‍നിന്നു പോലും കാന്‍സര്‍ സെല്ലുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ്‌ ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റിന്റെ മെച്ചം. നിലവിലുള്ള കാന്‍സര്‍ മുഴയില്‍നിന്നുള്ള കോശങ്ങള്‍ ശരീരത്തിലെ മറ്റ്‌ അവയവയങ്ങിലേയ്‌ക്ക്‌ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനും ഈ പരിശോധന ഫലപ്രദമാകും.

മരുന്നുകള്‍ നല്‌കി അടുത്ത ദിവസം തന്നെ കാന്‍സര്‍ സെല്ലുകള്‍ നശിക്കുന്നുണ്ടോയെന്ന്‌ പുതിയ പരിശോധനവഴി വിലയിരുത്താം. രക്തത്തിലെ കാന്‍സര്‍ സെല്ലുകള്‍ ചികിത്സയോട്‌ പ്രതികരിക്കുന്നുണ്ടോ കാന്‍സര്‍ സെല്ലുകളുടെ എണ്ണം കുറയുന്നുണ്ടോ എന്നെല്ലാം അറിയുന്നതിനും ഈ പരിശോധന ഏറെ ഉപയോഗപ്രദമാണ്‌. കാന്‍സര്‍ സെല്ലുകളുടെ ജൈവികഘടന കണ്ടെത്താനും അടുത്ത തലത്തില്‍ അവ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്നു തിരിച്ചറിയുന്നതിനും കഴിയും.

കാന്‍സര്‍ ചികിത്സയില്‍ പുതിയ പരിശോധന ഏറെ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള വേദനയേറിയ ടിഷ്യൂ സാംപിളിംഗ്‌ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതും മെച്ചമാണ്‌. മാമോഗ്രാഫി, കൊളനോസ്‌കോപി എന്നിങ്ങനെ കാന്‍സര്‍ രോഗം കണ്ടെത്താനുളള പരിശോധനകള്‍ ലിക്വിഡ്‌ ബ്ലഡ്‌ ടെസ്‌റ്റിനായി വഴിമാറിയേക്കും. അമേരിക്കയിലെ നാല്‌ വലിയ കാന്‍സര്‍ ആശുപത്രികളാണ്‌ ഈ വര്‍ഷം ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ നടപ്പിലാക്കുക.

കാന്‍സര്‍ ചികിത്സകള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നു വിലയിരുത്തുന്നതിനാകും ഈ ടെസ്റ്റിനെ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക. ഏതെങ്കിലും മരുന്ന്‌ ഉപയോഗിച്ചിട്ട്‌ അതു ഗുണകരമാണോയെന്ന്‌ പെട്ടെന്നു തന്നെ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നതിനും ഈ ടെസ്‌റ്റ്‌ സഹായകമാകുമെന്ന്‌ പുതിയ ടെസ്റ്റ്‌ രൂപപ്പെടുത്തിയവരില്‍ ഒരാളായ ഡോ. ദാനിയേല്‍ ഹേബര്‍ പറയുന്നു. ഇപ്പോള്‍ കാന്‍സര്‍ മുഴകളില്‍നിന്ന്‌ നീഡില്‍ ബയോപ്‌സി വഴി കിട്ടുന്ന സെല്ലുകള്‍ പരിശോധിച്ചാണ്‌ കാന്‍സര്‍ നിര്‍ണയം നടത്തുന്നത്‌. എന്നാല്‍ ഒരു അവയവയത്തിലുള്ള കാന്‍സര്‍ സെല്ലുകള്‍ അടുത്ത ഘട്ടത്തില്‍ എന്താകുമെന്നു നിര്‍ണയിക്കാന്‍ ഇതുമൂലം കഴിയില്ല.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയാണ്‌ പുതിയ കണ്ടുപിടുത്തത്തിനു നേതൃത്വം നല്‌കുന്നത്‌. 19 മില്യണ്‍ പൗണ്ടാണ്‌ പരീക്ഷണത്തിനായി ചെലവാക്കുന്നത്‌. വളരെ ചെറിയ 80,000 ബ്രിസിലുകള്‍ അടങ്ങിയ മൈക്രോചിപ്പുകളാണ്‌ രക്തപരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്‌. ഇതിലൂടെ രക്തം പമ്പ്‌ ചെയ്യുമ്പോള്‍ ബ്രിസിലുകളിലെ ആന്റി ബോഡികള്‍ കാന്‍സര്‍ സെല്ലുകളെ പിടികൂടും. പ്രത്യേക സ്റ്റെയിന്‍ ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ സെല്ലുകള്‍ തിളങ്ങുകയും അതുവഴി എളുപ്പം കണ്ടെത്താനും കഴിയും.

'Liquid biopsy' blood test could revolutionise cancer treatment

2011, ജനു 2

ഒബാമ വാഗ്ദാനങ്ങള്‍ വിഴുങ്ങുന്നു: ഇന്ത്യന്‍ കമ്പനികള്‍ക്ക് വീണ്ടും പാര



ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ നീക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ രൂപപ്പെട്ട ധാരണകള്‍ തകിടംമറിയുന്നു. സന്ദര്‍ശനത്തിന്റെ ചൂടാറുംമുമ്പേ വിദേശ ഐ.ടി. കമ്പനികളില്‍നിന്ന് രണ്ടുശതമാനം നികുതി ഈടാക്കാനും ഇപ്പോഴത്തെ വിസാഫീസ് 2015 വരെ തുടരാനും യു.എസ് തീരുമാനമെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ മേല്‍ 20 കോടി ഡോളറിന്റെ അധികബാധ്യത ചുമത്തുന്ന നടപടിയാണിത്.

മന്‍മോഹന്‍ സിംഗ് ആണവ കരാര്‍ ഒപ്പിടാന്‍ കാണിച്ച താല്‍പര്യവും  ഉത്സാഹവും   ഏകപക്ഷീയമായ  ഇത്തരം നടപടികള്‍ പിന്‍വലിപ്പിക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ല? നമ്മുടെ ഗവര്‍മെന്റിന് നമ്മുടെ കമ്പനികളെയും ഭാരതീയരെയും കാള്‍ ഉത്തരവാദിത്വവും പക്ഷവാദിത്വവും വിദേയത്വവും അമേരിക്കയോടാണോ ?
 
ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 30  വര്‍ഷത്തിനു ശേഷവും അമേരിക്കന്‍ വ്യവസായ ഭീമനില്‍ നിന്ന് ചില്ലിക്കാശു പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ ഇരിക്കുമ്പോള്‍ മാന്യമായി ബിസിനസ്‌ നടത്തുന്ന ഇന്ത്യന്‍ IT കമ്പനികളുടെ മേല്‍ അടിക നികുതി ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ ഒരു തടസവും ഇല്ല.
 
ഇതാണോ മന്മോഹനും കൂട്ടരും പാടിപ്പുകഴ്ത്തിയ ഉദാരവല്കരണവും തുറന്ന വിപണിയും ആഗോള അവസരങ്ങളും?