2011, മേയ് 31

ലേലംവിളി

'തുട്ട്‌ തടയുന്ന' സ്‌റ്റേഷനുകളിലെ കസേരകളില്‍ പിടിമുറുക്കാന്‍ പോലീസില്‍ ലക്ഷങ്ങളുടെ ലേലംവിളി. ഭരണമാറ്റത്തെത്തുടര്‍ന്ന്‌ പോലീസ്‌ സേനയില്‍ നടപ്പിലാക്കുന്ന അഴിച്ചുപണിയില്‍ ഇഷ്‌ടപ്പെട്ട സ്‌ഥലങ്ങളിലെ നിയമനങ്ങള്‍തേടി പോലീസ്‌ ഓഫീസര്‍മാര്‍ നെട്ടോട്ടം തുടങ്ങി. കിമ്പളം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളും അബ്‌കാരി മാഫിയകളും സ്‌ഥിതിചെയ്യുന്ന സ്‌ഥലങ്ങളില്‍ കസേര ഉറപ്പിക്കാന്‍ വന്‍ തുകകളാണ്‌ ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും ആവശ്യപ്പെടുന്നത്‌. നെയ്യാറ്റിന്‍കര, പുനലൂര്‍, കട്ടപ്പന, പാലക്കാട്‌, താമരശേരി തുടങ്ങിയ അതിര്‍ത്തി ചെക്‌പോസ്‌റ്റുകളെ നിയന്ത്രിക്കുന്ന സബ്‌ ഡിവിഷനിലേക്ക്‌ നിയമനത്തിനായി ചില ഡിവൈ.എസ്‌.പിമാരോട്‌ പത്തു ലക്ഷം രൂപവരെയാണ്‌ ചോദിക്കുന്നത്‌. തിരുവനന്തപുരം ഫോര്‍ട്ട്‌, പുനലൂര്‍, അടൂര്‍, ആറ്റിങ്ങല്‍, കായംകുളം, ഗുരുവായൂര്‍ സബ്‌ ഡിവിഷനുകളിലെ നിയമനത്തിന്‌ ഏഴുലക്ഷം വരെയാണ്‌ നിരക്ക്‌.

കാഞ്ഞിരപ്പള്ളി സബ്‌ ഡിവിഷനിലെ ഡിവൈ.എസ്‌.പി. നിയമനത്തിന്‌ ഒന്നര ലക്ഷം രൂപയാണ്‌ ജില്ലയിലെ ഒരു ജനപ്രതിനിധി ആവശ്യപ്പെട്ടത്‌. ഒരു ലക്ഷം രൂപ നല്‍കാമെന്ന്‌ പറഞ്ഞ ഡിവൈ.എസ്‌.പിയുടെ ബന്ധുക്കളോട്‌ തനിക്ക്‌ ജനപ്രതിനിധിയാകാന്‍ പണം ഇക്കുറി കൂടുതല്‍ ഇറക്കേണ്ടിവന്നുവെന്നായിരുന്നു ജനപ്രതിനിധിയുടെ വാദം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സി.പി. നായര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പോലീസുകാരുടെ പൊതുസ്‌ഥലമാറ്റങ്ങള്‍ മേയ്‌ 31ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കണമെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയും ഭരണമാറ്റത്തെ തുടര്‍ന്ന്‌ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പൊതുസ്‌ഥലംമാറ്റം നാളിതുവരെ നടപ്പിലായിട്ടില്ല. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ലയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ അന്യജില്ലകളിലേക്ക്‌ സ്‌ഥലം മാറ്റിയിരുന്നു.

പെരുമാറ്റച്ചട്ടം പിന്‍വലിച്ചിട്ടും അവരെ പഴയ സ്‌ഥലങ്ങളിലേക്ക്‌ മാറ്റിയിട്ടില്ല. സ്വന്തം ജില്ലയില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും സേവനമനുഷ്‌ഠിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക്‌ അതിനുള്ള അവസരം നല്‍കണമെന്നാണ്‌ വ്യവസ്‌ഥ. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ ഇഷ്‌ടപ്പെട്ട കസേരകള്‍ക്കായി ലക്ഷങ്ങളുടെ ലേലംവിളി മുറുകുന്നത്‌. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ സ്‌പീക്കര്‍ തെരഞ്ഞെടുപ്പും ഘടകകക്ഷികളുടെ സമ്മര്‍ദവും മറ്റുമായി തിരക്കായതിനാല്‍ പോലീസ്‌ അഴിച്ചുപണിയെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും സമയമില്ല. ഇത്തരം സാഹചര്യം മുതലെടുത്താണ്‌ ഇഷ്‌ടകസേര തേടുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ലക്ഷങ്ങളുടെ കവറുമായി  രാഷ്‌ട്രീയ നേതൃത്വത്തേ രഹസ്യമായി കാണുന്നത്‌.

ലേലംവിളികളുമായി ചിലര്‍ രംഗത്തിറങ്ങിയത്‌ പോലീസ്‌ ഓഫീസര്‍മാരുടെ സംഘടനയ്‌ക്കുള്ളിലും മുറുമുറപ്പുണ്ടാക്കിയിട്ടുണ്ട്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2ജി: സി.എ.ജി. റിപ്പോര്‍ട്ടിനെ യു.പി.എ. എതിര്‍ക്കുന്നു

2ജി സ്‌പെക്‌ട്രം ഇടപാടില്‍ രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സ്‌പെക്‌ട്രം അഴിമതി അന്വേഷിക്കുന്ന ജെ.പി.സിയിലെ യു.പി.എ. അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു. സി.എ.ജി. തലവന്‍ വിനോദ്‌ റായിയില്‍ നിന്ന്‌ തെളിവെടുത്തപ്പോഴാണ്‌ ജെ.പി.സിയിലെ കോണ്‍ഗ്രസ്‌, ഡി.എം.കെ. അംഗങ്ങള്‍ സി.എ.ജിയുടെ കണ്ടെത്തലിനെ ചോദ്യം ചെയ്‌തത്‌. ഇതോടെ, 2ജി സ്‌പെക്‌ട്രം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം കൂടുതല്‍ ശക്‌തിപ്പെട്ടു.

ആദ്യം വരുന്നവര്‍ക്ക്‌ ആദ്യമെന്ന നയം ടെലികോം മേഖലയില്‍ സ്വീകരിച്ചത്‌ കേന്ദ്ര സര്‍ക്കാരാണെന്ന വാദം തെളിവെടുപ്പിനിടെ യു.പി.എ. അംഗങ്ങള്‍ ഉന്നയിച്ചു. മറ്റൊരു രീതിയില്‍ സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പന നടത്തിയിരുന്നെങ്കില്‍ ഇത്ര ലാഭം ലഭിക്കുമായിരുന്നു എന്ന തരത്തില്‍ സി.എ.ജി കണക്കു കുട്ടല്‍ നടത്തിയതു ശരിയാണോ എന്നാണ്‌ യു.പി.എ. അംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചത്‌. ഈ രീതിയില്‍ സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യാന്‍ സി.എ.ജിക്ക്‌ അധികാരമുണ്ടോയെന്ന കാര്യവും ഉയര്‍ന്നു. ബി.ജെ.പി നേതാവ്‌ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പി.എ.സി. സ്‌പെക്‌ട്രം അഴിമതി സംബന്ധിച്ച്‌ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്‌ യു.പി.എ. അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. പി.എ.സി യോഗം തടസപ്പെടുത്തുന്നതു വരെ തര്‍ക്കം എത്തി. ഇതേ തുടര്‍ന്നാണ്‌ ജെ.പി.സി. അന്വേഷണത്തിലൂടെ സ്‌പെക്‌ട്രം പ്രശ്‌നത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചതെന്നാണു സൂചന. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലം മുതലുള്ള ടെലികോം നയം പരിശോധിക്കാനും ജെ.പി.സി. തീരുമാനിച്ചിട്ടുണ്ട്‌.

എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1998 മുതല്‍ ടെലികോം മേഖലയുമായി ബന്ധപ്പെട്ട സി.എ.ജി. റിപ്പോര്‍ട്ടുകളും അനുബന്ധ റിപ്പോര്‍ട്ടുകളും സംബന്ധിച്ച്‌ വിനോദ്‌ റായി സമിതി മുമ്പാകെ വിശദീകരിച്ചു. 2000-ല്‍ സി.എ.ജി. സമര്‍പ്പിച്ച ആറാമത്തെ റിപ്പോര്‍ട്ട്‌, 2004ലെ രണ്ടാം റിപ്പോര്‍ട്ട്‌, 2006ലെ ഒന്‍പതാം റിപ്പോര്‍ട്ട്‌, 2010ലെ റിപ്പോര്‍ട്ട്‌ എന്നിവ ഇന്നലെ സമിതി അംഗങ്ങള്‍ പരിശോധിച്ചു. സി.എ.ജിയുടെ കരടു റിപ്പോര്‍ട്ടിന്‌ മന്ത്രാലയങ്ങള്‍ നല്‍കിയ മറുപടി, സി.എ.ജി. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശേഷം സര്‍ക്കാര്‍ എടുത്ത നടപടിയുടെ റിപ്പോര്‍ട്ട്‌ തുടങ്ങിയവയും ഇന്നലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സി.എ.ജിക്ക്‌ ഒരു ദിവസം കുടി അനുവദിച്ചു.

ജെ.പി.സി അടുത്ത യോഗം ചേരുന്ന ജൂണ്‍ ഏഴ്‌, എട്ട്‌ തീയതികളില്‍ സി.ബി.ഐ, റവന്യൂ ഇന്റലീജന്‍സ്‌, എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ എന്നിവരില്‍ നിന്ന്‌ തെളിവെടുക്കും. തുടര്‍ന്ന്‌ ആരെയൊക്കെ സാക്ഷികളാക്കി വിസ്‌തരിക്കണമെന്ന കാര്യം ഏഴിനു തീരുമാനിക്കുമെന്ന്‌ ജെ.പി.സി. അധ്യക്ഷന്‍ പി.സി. ചാക്കോ അറിയിച്ചു. ജെ.പി.സി അംഗം കൂടിയായ മുന്‍ ധനമന്ത്രി യശ്വന്ത്‌ സിന്‍ഹ സമിതിക്കു മുമ്പാകെ സാക്ഷിയായി ഹാജരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നും ചാക്കോ വ്യക്‌തമാക്കി. പ്രധാനമന്ത്രിയില്‍ നിന്ന്‌ തെളിവെടുപ്പു നടത്തണമെന്ന്‌ സമിതിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുന്‍ ടെലികോം മന്ത്രിമാര്‍, മുന്‍ സെക്രട്ടറിമാര്‍, സ്‌പെക്‌ട്രം ലൈസന്‍സ്‌ ലഭിച്ച കമ്പനി മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന്‌ തെളിവെടുപ്പ്‌ നടത്താനാണ്‌ സമിതി ആലോചിക്കുന്നത്‌. എന്നാല്‍ ഓഗസ്‌റ്റില്‍ തന്നെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പട്ടിക ചെറുതാക്കാനാണ്‌ ആലോചിക്കുന്നതെന്നും ചാക്കോ പറഞ്ഞു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

മത-സാമുദായിക ബ്ലാക്‌മെയില്‍

സാമുദായിക സംഘടനകളുടെ പിന്നാലെ പോയാല്‍ മാത്രമേ സ്‌ഥാനമാനങ്ങള്‍ കിട്ടുകയുള്ളൂവെന്നതു നിര്‍ഭാഗ്യകരമാണെന്നു വി.ഡി.സതീശന്‍ എം.എല്‍.എ. വോട്ട്‌ബാങ്കിന്റെ പേരില്‍ സാമുദായിക സംഘടനകള്‍ ബ്ലാക്‌മെയില്‍ രാഷ്‌ട്രീയമാണ്‌ കളിക്കുന്നതെന്നും ഏതെങ്കിലുമൊരു സമുദായത്തിന്റെ സഹകരണത്തോടെ സ്‌ഥാനമാനങ്ങളില്‍ കയറിപറ്റിയവര്‍ക്ക്‌ ഇതിനെ എതിര്‍ക്കാനാവില്ലെന്നും കെ.എസ്‌.യു. ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ എറണാകുളത്തു സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

മത-സാമുദായിക സംഘടനകളുടെ ഭീഷണിക്കായി കാത്തുനില്‍ക്കുന്നവരും നേതാക്കളുടെ കൂട്ടത്തിലുണ്ട്‌. അവര്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാണ്‌ ഈ നേതാക്കള്‍. സാമുദായിക സംഘടനകളുടെ ഭീഷണിയ്‌ക്കു വഴങ്ങാനായി ദുര്‍ബലമായി നില്‍ക്കുമ്പോഴാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. ഒരു ജാതി മത ശക്‌തികളുടേയും പിണിയാളായി രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കു സാധിക്കില്ല.

സമുദായത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിച്ചു മുന്നോട്ടു കൊണ്ടുവരലാണ്‌ സാമുദായിക നേതാക്കളുടെ കടമ. അല്ലാതെ കുറ്റവാളിയാകുന്നവരെ സംരക്ഷിക്കുകയും രാഷ്‌ട്രീയ വിലപേശല്‍ നടത്തലുമല്ല. മതസ്വാതന്ത്ര്യത്തെ സംഘടിതരൂപത്തിലാക്കി അതുവഴി വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. കേരളം ആരു ഭരിക്കണമെന്നതു തീരുമാനിക്കുകയും നേതൃത്വത്തിനു മീതെ ഈ തീരുമാനം അടിച്ചേല്‍പ്പിക്കുകയും വോട്ട്‌ബാങ്ക്‌ കാട്ടി വിരട്ടുകയുമാണ്‌ സാമുദായിക ശക്‌തികള്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

നേതാക്കള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്കാണ്‌ ഇപ്പോള്‍ സ്‌ഥാനമാനങ്ങള്‍ ലഭിക്കുന്നത്‌. ഈ ഉപഗ്രഹങ്ങള്‍ ഖദര്‍ ചുളിയാതെയും വിയര്‍ക്കാതെയും കാര്യം കാണാന്‍ മിടുക്കരാണ്‌. മുതിര്‍ന്ന നേതാവിന്റെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി അവര്‍ക്കു വേണ്ടതു ചെയതുകൊടുത്തു നേതാക്കന്‍മാര്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റാത്തവരാകുമ്പോള്‍ ഏതെങ്കിലും സാമുദായിക സംഘടനയുടെ ലേബലില്‍ കെട്ടി എഴുന്നെള്ളിക്കുകയാണ്‌ ചെയ്യുന്നത്‌. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന്‌ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും-സതീശന്‍ പറഞ്ഞു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, മേയ് 30

അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്‍മാര്‍ തിക്കിത്തിരക്കുന്നു

ഭരണം മാറിയതോടെ അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളന്‍മാര്‍ തിക്കിത്തിരക്കുന്നു. ഉദ്യോഗസ്‌ഥനിയമനങ്ങള്‍ മുതല്‍ അന്തര്‍ദേശീയ കരാറുകള്‍വരെ ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണു ദല്ലാള്‍മാരുടെ വിളയാട്ടം. തലസ്‌ഥാനത്തെ ഹോട്ടലുകളില്‍ ക്യാമ്പ്‌ ചെയ്‌താണ്‌ ഇവരുടെ പ്രവര്‍ത്തനം. ഐ.എ.എസ്‌, ഐ.പി.എസ്‌, പഴ്‌സണല്‍ സ്‌റ്റാഫ്‌ നിയമനങ്ങളില്‍ കൈകടത്തിയാണു രാഷ്‌ട്രീയ ഇടനിലക്കാര്‍ സജീവമായത്‌.

ഇടതുഭരണകാലത്ത്‌ ഉപേക്ഷിച്ച പദ്ധതികള്‍ ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ്‌ ഇവര്‍ മാഫിയകളെ സമീപിക്കുന്നത്‌.

ചില മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ രാഷ്‌ട്രീയദല്ലാള്‍മാരുടെ സില്‍ബന്തികള്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു. തലസ്‌ഥാനത്തെ ഒരു സ്വര്‍ണക്കച്ചവടക്കാരനും രംഗത്തുണ്ട്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മന്ത്രിയുടെ സ്‌റ്റാഫിലുണ്ടായിരുന്ന ഇയാള്‍ അദ്ദേഹത്തെ പറ്റിച്ചു കോടികള്‍ തട്ടി.

യു.ഡി.എഫ്‌.സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇയാള്‍ വീണ്ടും അടുക്കള കാബിനറ്റില്‍ വിചാരിപ്പുകാരനായി മാറിയിട്ടുണ്ട്‌. ഡി.ജി.പിയെ നിലനിര്‍ത്തുന്നതു മുതല്‍ അണ്ടര്‍ സെക്രട്ടറിയുടെ അടുത്തൂണ്‍വരെ തന്റെ വിരല്‍ത്തുമ്പിലാണെന്നാണു സ്വര്‍ണക്കച്ചവടക്കാരന്റെ അവകാശവാദം. അബ്‌കാരി മാഫിയയും അവസരം മുതലെടുക്കാനിറങ്ങി. ബാര്‍ ലോബിക്കുവേണ്ടി ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഏഴുമണിക്കു പൂട്ടിക്കാമെന്നു പറഞ്ഞാണ്‌ മറ്റൊരു പ്രമുഖന്‍ രംഗത്തുള്ളത്‌. ഇതിന്റെ പേരില്‍ ബാറുകാരില്‍നിന്നു പിരിവു തുടങ്ങിയതായാണു വിവരം.

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനെ കുത്തുപാളയെടുപ്പിച്ച ഒരു കള്ളക്കടത്തുകാരനും ദല്ലാളായി രംഗത്തുണ്ട്‌. ഒരു മന്ത്രിക്കു വകുപ്പുണ്ടാക്കിക്കൊടുത്തതു താനാണെന്നാണ്‌ അവകാശവാദം. രണ്ടു ഗ്രൂപ്പായി പോരിനൊരുങ്ങുന്ന കരാറുകാറില്‍ ഒരു വിഭാഗത്തെ അമര്‍ച്ച ചെയ്യാനാണു കഴിഞ്ഞ എല്‍.ഡി.എഫ്‌ മന്ത്രിമാര്‍ അകറ്റിനിര്‍ത്തിയ ഇയാളുടെ ശ്രമം. കോണ്‍ഗ്രസില്‍ ഇയാള്‍ക്ക്‌ ആഴത്തില്‍ വേരുകളുണ്ട്‌.

കലക്‌ടര്‍, എസ്‌.പി. തുടങ്ങിയവരെയൊക്കെ വിരട്ടിനിര്‍ത്താന്‍ ദല്ലാള്‍മാര്‍ നീക്കം തുടങ്ങി. ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ക്കു പഴ്‌സണല്‍ അസിസ്‌റ്റന്റിനെ നിയമിക്കുന്നതില്‍വരെ ഇവര്‍ കൈകടത്തുന്നു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, മേയ് 28

ചെറുകിട വിപണിയും കുത്തകകള്‍ക്ക്‌

റീട്ടെയില്‍ മേഖലയിലേക്കുള്ള വന്‍കിടക്കാരുടെ വരവ്‌ രാജ്യത്ത്‌ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

സംഘടിത, അസംഘടിത മേലയിലായി ഏതാണ്ട്‌ ഒന്നരക്കോടി ചെറുകിട ഉല്‍പന്ന വിപണനകേന്ദ്രങ്ങള്‍ രാജ്യത്തുള്ളത്‌. ഇവയുടെ അടച്ചുപൂട്ടലായിരിക്കും സര്‍ക്കാരിന്റെ പുതിയ നീക്കം വഴി ഉണ്ടാകുക. വന്‍കിടക്കാരുടെ വരവോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പനക്കാര്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഫലം.

രാജ്യത്തെ വ്യാപാര മേഖലയില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖലയ്‌ക്ക് ആറു ശതമാനം വിപണി മാത്രമാണു കൈവശമുള്ളത്‌.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട്‌ ഏറെക്കാലമായി നീങ്ങുന്ന അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്‌ നിലവില്‍ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. റീട്ടെയില്‍ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചാല്‍ ഉടന്‍തന്നെ ഇന്ത്യയിലുടനീളം 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നു വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

45,000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണി വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കരുതെന്നായിരുന്നു 2006ലെ എ.ഐ.സി.സി. സമ്മേളനം മുന്നോട്ടുവച്ച പ്രമേയം. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

കാര്‍ഷിക മേഖലയില്‍നിന്നു സാധാരണക്കാരെ മാറ്റിനിര്‍ത്തുന്നതിനുള്ള നീക്കങ്ങളും ഉന്നതതല സമിതിയുടെ കീഴില്‍ രൂപം കൊള്ളുന്നുണ്ട്‌. ഇപ്പോള്‍ നിലവിലുള്ള അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റിംഗ്‌ കമ്മിറ്റി (എ.പി.എം.സി) നിയമം പരിഷ്‌കരിക്കണമെന്നതാണ്‌ ഇതിലൊന്ന്‌.

ഉപഭോക്‌താക്കളും ഉല്‍പാദകരും തമ്മിലുള്ള അന്തരം കുറച്ച്‌ വില നിയന്ത്രിക്കുകയാണു വേണ്ടതെന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ ഇതു നടപ്പാക്കണമെന്നുമാണു സമിതി ശിപാര്‍ശ ചെയ്യുന്നത്‌. ഇപ്പോള്‍ത്തന്നെ റിലയന്‍സ്‌ അടക്കമുള്ള കമ്പനികള്‍ കര്‍ഷകരില്‍നിന്നു നേരിട്ട്‌ ഉല്‍പന്നങ്ങള്‍ വാങ്ങി തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നുണ്ട്‌. ഇതു സാധാരണ കച്ചവടക്കാരെ വിപണിയില്‍നിന്നു പുറത്താക്കും.

കുത്തക കമ്പനികള്‍ കര്‍ഷകരില്‍നിന്നു വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ ശേഖരിച്ചു പൂഴ്‌ത്തിവയ്‌ക്കുന്നതു ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുകയും ചെയ്യും. ഇന്ത്യന്‍ കുത്തക കമ്പനികളുടെ പൂഴ്‌ത്തിവയ്‌പാണു വിലക്കയറ്റത്തിനു കാരണമെന്ന്‌ ആരോപണമുണ്ട്‌. അമേരിക്കയിലേതുപോലെ കുത്തകള്‍ക്കായി കാര്‍ഷിക മേഖല തുറന്നുകൊടുക്കാനും കരാര്‍ കൃഷി വ്യാപിപ്പിക്കാനുമാണു പുതിയ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, മേയ് 27

കേന്ദ്ര മന്ത്രിയുടെ കുഴല്‍ ഇടപാട്

കേരളത്തില്‍നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ട ആളുകളില്‍നിന്നു കുഴല്‍പണം പിടിക്കാന്‍ കേരളാ പോലീസിനു രഹസ്യ വിവരം കൈമാറിയതു കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിലെ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍.

ഇതുപ്രകാരം വയനാട്‌ എസ്‌.പിയാണു ബത്തേരി എസ്‌.ഐയെ കുഴല്‍പണവേട്ടയ്‌ക്കു നിയോഗിച്ചത്‌. കൃത്യമായ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ 11നു പുലര്‍ച്ചെ മുത്തങ്ങയില്‍നിന്ന്‌ 24.1 ലക്ഷത്തിന്റെ കുഴല്‍പണവും പ്രതികളെയും പിടികൂടി എസ്‌.ഐയും സംഘവും സ്‌റ്റേഷനിലെത്തി. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 'മുകളില്‍' നിന്നു വിളിയെത്തിയപ്പോഴാണു കേന്ദ്രമന്ത്രിയുമായി ബന്ധമുള്ള ആളുകള്‍ക്കു കുഴല്‍പണ കള്ളക്കടത്തില്‍ പങ്കുണ്ടെന്നു പോലീസിനു മനസിലായത്‌.

സംഭവം സംബന്ധിച്ച വിവരങ്ങള്‍ ഉന്നത ഇടപെടല്‍ ഉണ്ടാവുന്നതിനു മുമ്പു മാധ്യമങ്ങള്‍ക്കു നല്‍കിപ്പോയതിനാല്‍, പണം മാത്രം പിടികൂടിയതായി രേഖപ്പെടുത്തി പോലീസ്‌ പ്രതികളെ വിട്ടയയ്‌ക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ പേരില്‍ ചെലുത്തിയ സമ്മര്‍ദത്തേത്തുടര്‍ന്നു വിട്ടയയ്‌ക്കപ്പെട്ട പ്രതികള്‍ 'നിങ്ങളെ കാണിച്ചു തരാ'മെന്നു പോലീസുകാരെ ഭീഷണിപ്പെടുത്തിയാണു സ്‌റ്റേഷനില്‍നിന്നു പോയത്‌.

കുഴല്‍പണ കള്ളക്കടത്തു രംഗത്തെ പ്രമുഖരാണ്‌ എതിരാളികളുടെ നീക്കം ഉദ്യോഗസ്‌ഥരിലൂടെ ചോര്‍ത്തി നല്‍കിയതെന്നാണു സൂചന. വിവാദത്തില്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സംഭവം അന്വേഷിക്കാന്‍ ഉന്നത പോലീസ്‌ മേധാവികള്‍ അടുത്തദിവസം വയനാട്ടിലെത്തിയേക്കും. അതേസമയം സംഭവം മൂടിവയ്‌ക്കാന്‍ രാഷ്‌ട്രീയ നീക്കം ശക്‌തമാണ്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

‍ചാണ്ടിയുടെ മൊബൈല്‍ ഫോണ്‍ ക്യാമറ

മൂന്നക്കം ശരിയായി വന്നാല്‍ 5000 രൂപ നല്‍കാമെന്നായിരുന്നു സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ അവതരിപ്പിച്ച ഭൂട്ടാന്‍ലോട്ടറിയുടെ പ്രധാനആകര്‍ഷണം. 5000 രൂപ പ്രതീക്ഷിച്ച് വീടുംകുടിയും വരെ വിറ്റു രാവിലെ മുതല്‍ രാത്രിവരെ മലയാളികള്‍ ഭൂട്ടാന്‍ലോട്ടറി എടുത്തു. അതോടെ സര്‍ക്കാര്‍ ആ ലോട്ടറി നിര്‍ത്തി. 5000 പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളുടെ പ്രതീക്ഷ അങ്ങനെ അസ്ഥാനത്തായി. ലോട്ടറി തിരിച്ചുവരില്ലെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും എല്ലാദിവസവും 5000 രൂപ കിട്ടുന്ന പുതിയൊരു ലോട്ടറി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മോഷ്ടാവിനെയോ മറ്റു കുറ്റവാളികളെയോ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്ത് പൊലീസിനെ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കള്ളന്മാരുടെ പടംപിടിച്ച് പോലീസില്‍ എത്തിച്ചാല്‍ 5000 രൂപ നല്‍കാമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നത്. ഇനി മുതല്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കില്‍ ആളുകളെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുക. നേരെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലെത്തിക്കുക. പണം വാങ്ങുക... ഇത്രമാത്രം. തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍മാത്രമാണീ ആനുകൂല്യം.

നൂറു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള ഒരു പദ്ധതി കൂടി ആലോചിക്കാവുന്നതാണ്, അതിനായി സംസ്ഥാന തലത്തില്‍ മൊത്തമായി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല കുഞ്ഞാലിക്കുട്ടിയെയോ, അടൂര്‍ പ്രകാശിനേയോ അതുമല്ലങ്കില്‍ പൂജപ്പുരപ്പിള്ളയെയോ പിള്ളയുടെ "പിള്ള" യെയൊ ഏല്‍പ്പിക്കാവുന്നതാണ്. ക്വട്ടേഷന്‍, പ്ര്‍ച്ചേസ്, കമ്മീഷന്‍....... ഹാ... ഓര്‍ക്കുമ്പം തന്നെ കുളിരുകോരുന്നു...... ഓരോരോ അവസരങ്ങള്‍ വരുന്ന വഴിയേ!!!!!

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനു നാട്ടുകാരും പോലീസും പിടിച്ച് കൈകാര്യം ചെയ്തവരും കേസില്‍ പ്രതിയാക്കപെട്ടവരുമായ എല്ലാവരെയും (കോഴിക്കോട് സാഗറിലെ ടോയിലറ്റ് ക്യാമറാമാനടക്കം) തിരിച്ച് വിളിച്ച് കേസ് ഒഴിവാക്കി ഫോട്ടോ ഒന്നിന് 5000 ഉറുപ്പിക വീതം മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള ഉത്തരവ് ഉടനേ ഇറങ്ങുമെന്നു പ്രതീക്ഷിക്കാം. ഇനി മുതല്‍ ആര്‍ക്കും ആരുടെയും ഫോട്ടോ എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും എടുക്കാം ആരെങ്കിലും ചോദിച്ചാല്‍ മുഘ്യ മന്ത്രിക്കു കൊടുക്കാനാണെന്നു പറഞ്ഞാല്‍ മതി. പിന്നെ ഫോട്ടോയില്‍ പെട്ട നിരപരാധി കള്ളന്‍ അല്ലെങ്കില്‍ കള്ളി ആണെന്നു സംശയം ഉണ്ടെന്നു കൂടെ പറഞ്ഞാല്‍ സംഗതി മംഗളമായി. എന്തായാലും ഞരമ്പ് രോഗികളായ പൂവാലന്മാര്‍ക്ക് സൗകര്യമായി.

വാല്‍ക്കഷണം:- മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ കുടുങ്ങിയ കള്ളന്മാരെപ്പറ്റിയുള്ള ഒരു പരമ്പര മനോരമയില്‍ ഉടനേ പ്രതീക്ഷിക്കാം..

ശ്രീ മുക്താര്‍ അബുദാബി എഴുതിയ ലേഘനം ഈ ലിങ്കില്‍ ഞെക്കി വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു
http://www.thattukadablog.com/2010/03/blog-post_16.html

ക്വട്ടേഷന്‍ പൊലീസ്

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഡിവൈഎസ്പി ഇപ്പോള്‍ അഴിക്കുള്ളിലാണ്. അതേ കേസില്‍ത്തന്നെ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു നില്‍ക്കുന്ന വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നാണു സൂചന. മുമ്പ് ഡിവൈഎസ്പി ഷാജി ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ആറ്റിലൊഴുക്കിയത് വ്യക്തിപരമായ വിരോധത്തെത്തുടര്‍ന്നാണ്. എന്നാല്‍, ഡിവൈഎസ്പി സന്തോഷ് നായരുടെ നടപടിക്ക് പ്രേരകമായത് ഒരു പത്രപ്രവര്‍ത്തകന്‍ മാന്യമായി അയാളുടെ തൊഴില്‍ ചെയ്തു എന്നതിനാലും. തങ്ങളെ ആരും വിമര്‍ശിക്കരുതെന്നും തങ്ങള്‍ക്ക് എന്തു തെമ്മാടിത്തവും കാണിക്കാന്‍ അവകാശമുണ്ടെന്നും ഗുരുതരമായി തെറ്റിദ്ധരിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാനുള്ള ബാധ്യത ജനകീയ സര്‍ക്കാരിനുണ്ട്.

കൊല്ലത്ത് ആക്രമണത്തിനിരയായത് മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനായതിനാലും രാഷ്ട്രീയക്കാര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ ആവശ്യമുള്ളതിനാലും മാത്രമാണ് ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള അന്വേഷണങ്ങള്‍ നടന്നതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. ദിനംതോറും എത്രയെത്ര സാധാരണക്കാരാണ് പൊലീസിന്റെ ധാര്‍ഷ്ട്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അതൊന്നും ആരും അറിയുന്നില്ലെന്നു മാത്രം.

എതിര്‍പക്ഷത്ത് പൊലീസ് ഉദ്യോഗസ്ഥനാകുമ്പോള്‍ പരാതി കൊടുക്കാന്‍ പോലും അവസരം നഷ്ടപ്പെട്ട്, ദുരിതങ്ങള്‍ അനുഭവിച്ചു തീര്‍ക്കുകയാണു പലരും. പൊലീസുകാര്‍ക്കെതിരേ പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്കു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധാരണക്കാര്‍ക്കാവില്ല. അഥവാ ആരെങ്കിലും പരാതി നല്‍കിയാല്‍ അയാളെ ലക്ഷ്യമിട്ടായിരിക്കും പിന്നീടു പൊലീസ് സേനയുടെ മുഴുവന്‍ പ്രവര്‍ത്തനവും. കള്ളക്കേസുകള്‍ കെട്ടിച്ചമച്ചും, വീട്ടില്‍ കയറി ബഹളമുണ്ടാക്കിയും നാണംകെടുത്തി പരാതി പിന്‍വലിപ്പിക്കാനാകും ശ്രമം. അതിനു സാധിച്ചില്ലെങ്കില്‍ മര്‍ദനമുറകളിലേക്ക് കടക്കും. സ്ത്രീപീഡനക്കേസുകള്‍ ഉള്‍പ്പെടെയുള്ളവ തലയില്‍ കെട്ടിവച്ച് സമൂഹത്തില്‍ നിന്നു തന്നെ പരാതിക്കാരനെ ഒറ്റപ്പെടുത്താനാകും പിന്നീടു ശ്രമം. അതിലൂടെയും പരാതിക്കാരന്‍ പിന്‍വലിഞ്ഞില്ലെങ്കില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടും. ഇതൊന്നും കെട്ടുകഥകളല്ല. ഈ കേരളത്തില്‍ പലയിടത്തും ഇതേപോലുള്ള സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ട്.

കാക്കിക്കുപ്പായം അണിയുന്നതോടെ ഭൂമിക്കു മുകളിലെങ്ങോ ആണു തങ്ങളെന്നു ധരിച്ചുവശായ ചിലരുടെ ദുഃഷ്‌ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നത് പൊലീസ് സേന അപ്പാടെയാണ്. ഇതു മനസിലാക്കിയെങ്കിലും സഹപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിലെ മര്യാദക്കാര്‍ക്കു സാധിക്കണം.
ജനങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും നിയമലംഘനം തടയാനും ചുമതലപ്പെട്ടവരാണ് പൊലീസ്. അതോടൊപ്പം, നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ഭാരിച്ചൊരു ബാധ്യത കൂടിയുണ്ട് ഈ കാക്കി വേഷത്തിന്. അതു മാത്രം മറക്കുകയും, ജനത്തെയാകെ തെറ്റുകാരായി ചിത്രീകരിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കുകയുമെന്ന ശൈലി എത്രയോ വര്‍ഷങ്ങളായി പൊലീസ് തുടരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങളൊന്നും ഈ അതിക്രമത്തെ കണ്ടില്ലെന്നു നടിച്ചു. ആരും ചോദിക്കാനില്ലെന്നു വന്നതോടെ എന്തു ധിക്കാരവും കാണിക്കാമെന്ന മാനസികാവസ്ഥയിലേക്ക് പൊലീസ് സേന എത്തി.

അധികാര വര്‍ഗത്തിനു വേണ്ടി കൂലിത്തല്ലു നടത്തുന്ന പൊലീസുകാര്‍ മറ്റു ചില രാജ്യങ്ങളിലുണ്ട്. ഇവിടെയും അത്തരം നയം നടപ്പിലാക്കാനാണ് ചില ഭരണാധികാരികള്‍ ശ്രമിച്ചത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൊലീസിനെ ആയുധമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സ്വന്തം ആള്‍ക്കാര്‍ക്കു വേണ്ടി നിയമസംഹിത തന്നെ പൊലീസിനെക്കൊണ്ട് വളച്ചൊടിപ്പിച്ച ഭരണാധികാരികളെയും കേരളം കണ്ടിട്ടുണ്ട്. ഭരണക്കാര്‍ക്കു വേണ്ടി ഗുണ്ടായിസം കാണിക്കുന്ന വിദേശ സംസ്കാരം ഇവിടെ പൊലീസ് ഇറക്കേണ്ടതില്ല. ഇതു കേരളമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭാഗം. ഇന്ത്യക്ക് ലോകമെങ്ങും ബഹുമാനിക്കുന്ന ഒരു ഭരണഘടനയുണ്ട്. അതില്‍ ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറാന്‍ പൊലീസ് ശ്രമിക്കരുത്. വളച്ചും തിരിച്ചും നിയമത്തെക്കൊണ്ട് കളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനുള്ള അവകാശവും ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നതു മറക്കാതിരിക്കുക. നിയമത്തിന്റെ വഴികളിലൂടെത്തന്നെ ഇത്തരം ഗുണ്ടകളെ വരുതിക്കു നിര്‍ത്താന്‍ സാധിക്കും.

ഇതിനെല്ലാം മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെ.  കൊല്ലത്തെ മാധ്യമപ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മാത്രമായി ഒതുങ്ങരുത്  ഗുണ്ടാവേട്ട. പൊലീസിലെ ഗുണ്ടകളെ ജയിലറയ്ക്കുള്ളിലാക്കിയാല്‍ പാതി ക്രമസമാധാനം നിലവില്‍ വരും. അധികാരത്തിന്റെ മറവില്‍ അവര്‍ നടത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ മുഖം മാത്രമാണു മറ്റു ഗുണ്ടകളെന്ന തിരിച്ചറിവിനുള്ള വഴി കൂടിയാണ് കൊല്ലം സംഭവം തുറന്നിട്ടിരിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളും പൊലീസും തമ്മില്‍ എത്രയടുത്ത ബന്ധമാണുള്ളതെന്നതിന് ഇതിലേറെ തെളിവിന്റെ ആവശ്യമില്ല.

ഇപ്പോള്‍ പിടിയിലായിരിക്കുന്നത് ഒരു ഡിവൈഎസ്പി മാത്രം. ഇനിയും എത്രയോ ഉന്നത ഉദ്യോഗസ്ഥര്‍ ഇതേ കേസില്‍ ഉള്‍പ്പെട്ടിരിക്കാം. തെളിവുകള്‍ അവശേഷിപ്പിക്കാതെയും, ഉള്ള തെളിവുകള്‍ തന്നെ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് തേച്ചു മാച്ചും അവര്‍ രക്ഷപ്പെടുന്നു. കോടതിയില്‍ ഹാജരാക്കുന്ന തെളിവുകളില്‍ പലതും ഇപ്പോള്‍ പിടിയിലായ ഡിവൈഎസ്പിയെ അടക്കം രക്ഷപ്പെടാന്‍ മാത്രം സഹായിക്കുന്നതാകാന്‍ സാധ്യതയുണ്ട്.

2011, മേയ് 26

തലതിരിയുന്ന ഭരണയന്ത്രം

തല തിരിഞ്ഞും, വിഘടിപ്പിച്ചുമൊക്കെയുള്ള വകുപ്പുകളിലൂടെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്താനുള്ള യുഡിഎഫിന്റെ നീക്കം പുതിയ സര്‍ക്കാരിനെ ഏറെ വലയ്ക്കുമെന്ന സൂചനയാണ് തുടക്കത്തിലേ പ്രകടമാകുന്നത്.

തദ്ദേശ സ്വയംഭരണം എന്ന വകുപ്പിനെ മുനിസിപ്പാലിറ്റിയും കോര്‍പറേഷനുമെന്നും പഞ്ചായത്തെന്നും രണ്ടു വകുപ്പുകളാക്കി മാറ്റിയിട്ടുണ്ട്. മൃഗസംരക്ഷണവും ഡയറി ഫാമുകളും രണ്ടു വകുപ്പുകളുടെ കീഴിലായി. പരസ്പരം സംയോജിച്ചു പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങളെ വിഭിന്ന വകുപ്പുകളിലാക്കി മാറ്റുന്നതിലൂടെ ഒട്ടേറെ നൂലാമാലകളാണ് ഉണ്ടാകാന്‍ പോകുന്നതെന്നതില്‍ തര്‍ക്കമില്ല. വകുപ്പുകള്‍ നിര്‍ണയിച്ചതിലുള്‍പ്പെടെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പരസ്പരം രഹസ്യമായി പോരടിക്കുന്നവരുടെ കൈകളിലേക്ക് പരസ്പരപൂരകങ്ങളായ വകുപ്പുകള്‍ ചെന്നെത്തുന്നത് ഏതു വിധത്തിലാണു ഗുണകരമാവുക എന്ന് ഇനിയും വ്യക്തമല്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതികള്‍ രൂപീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞത്.

ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ അതിലൂടെ പരിഹരിക്കാനാകുമെന്നാകാം കണക്കുകൂട്ടല്‍. എന്നാല്‍, ഇത്രയേറെ പാടുപെടാതെ തന്നെ വകുപ്പു വിഭജനഘട്ടത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു ഇത്. ഘടകകക്ഷികള്‍ക്കിടയില്‍ത്തന്നെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പെടാപ്പാടിനിടയില്‍ യുഡിഎഫിനു തലവേദനയായി കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ പരസ്യപ്രസ്താവനയുമായി രംഗത്തുണ്ട്. അത് മിക്കവാറും എത്തിനില്‍ക്കുക ഈ സര്‍ക്കാരിന്റെ പതനത്തിലേക്കായിരിക്കാമെന്ന ധാരണ പൊതുവേ പരക്കുന്നു എന്നത് തികച്ചും ദുഃഖകരമായ അവസ്ഥയാണ്.കേരളം ഒരു ഭരണമാറ്റത്തിനു കൊതിച്ചിരുന്നോയെന്ന് വ്യക്തമല്ലാത്ത ജനവിധിയാണ് ഇത്തവണയുണ്ടായത്. പ്രാദേശികമായ പല ഘടകങ്ങളുമാണ് ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയതെന്നു വ്യക്തം.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പറഞ്ഞത് യുഡിഎഫിനു ദോഷകരമായത് ഇടമലയാര്‍, ഐസ്ക്രീം കേസുകളും കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റ്ററുടെ വെളിപ്പെടുത്തലുകളുമാണെന്നാണ്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ തുടങ്ങിയ ഇത്തരം കുഴപ്പങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാനേ ഇപ്പോഴത്തെ വകുപ്പു വിഭജനം സഹായിക്കൂവെന്ന് യുഡിഎഫ് കേന്ദ്രങ്ങളെങ്കിലും തിരിച്ചറിയണം.തദ്ദേശഭരണ വകുപ്പിനെ രണ്ടാക്കി വിഭജിച്ചത് മുസ്ലിം ലീഗ് സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരമൊരു നീക്കം ഒരു ഘടകകക്ഷി നടത്തിയിട്ടും അതിനെ ചോദ്യം ചെയ്യാനോ, തിരുത്താനോ മുഖ്യമന്ത്രിക്കു സാധിക്കാത്തതിനു കാരണം ഭൂരിപക്ഷത്തിലുള്ള കുറവു തന്നെ. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുന്ന ഒരു സഖ്യകക്ഷി സര്‍ക്കാരിന് നേരിടേണ്ടിവരുന്ന സ്വാഭാവികമായ പ്രതിസന്ധികളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടു തുടങ്ങിയിരിക്കുന്നത്.സര്‍ക്കാരിന്റെ വകുപ്പുകള്‍ പോലും തന്നിഷ്ടമനുസരിച്ച് വിഭജിച്ച ഘടകകക്ഷികള്‍ തുടര്‍ന്നങ്ങോട്ട് സ്വീകരിക്കുന്ന നിലപാടുകളാകും ശ്രദ്ധേയമാവുക.

പ്രധാനപ്പെട്ട പല വകുപ്പുകളും ഇപ്പോള്‍ത്തന്നെ ഘടകകക്ഷികളുടെ പിടിയിലായി. അതുപയോഗിച്ച് അവര്‍ നടത്തുന്ന സകല കുഴപ്പങ്ങള്‍ക്കും സമാധാനം ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടാകും. മുന്നണിയിലെ പ്രധാന പാര്‍ട്ടിക്ക് ഭരണത്തിലുള്ള നിയന്ത്രണം നാമമാത്രമാകുമ്പോള്‍ അതു വലിയ കുഴപ്പങ്ങളിലേക്കാവും നയിക്കുക.ഗ്രാമവികസനവും മൃഗസംരക്ഷണവും ക്ഷീരവികസനവുമൊക്കെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു പ്രവര്‍ത്തിക്കേണ്ട വകുപ്പുകളാണ്. ഗ്രാമീണമേഖലയുടെ വികസനത്തിന്റെ മുഖ്യഘടകമാണ് മൃഗസംരക്ഷണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ബന്ധവും ഇതേപോലെയാണ്. ഇതെല്ലാം വിസ്മരിക്കുകയും ഓരോന്നും ഓരോ മന്ത്രിമാര്‍ക്കായി വീതം വച്ചു നല്‍കുകയും ചെയ്തതിലൂടെ യഥാര്‍ത്ഥ ലക്ഷ്യം രാഷ്ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിക്കുക എന്നതാണെന്നു വ്യക്തം. ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് സ്വാര്‍ത്ഥ താത്പര്യങ്ങളേക്കാള്‍ വളരെ പിന്നിലേ സ്ഥാനമുള്ളൂ എന്നു തെളിയിക്കപ്പെടുന്നു.


ഓരോ വകുപ്പുകളുടെയും ഏകോപനത്തിനായി മന്ത്രിസഭാ ഉപസമിതികള്‍ രൂപീകരിക്കുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു പറയാനാവില്ല. പരസ്പരം വിരോധം വച്ചു പുലര്‍ത്തുന്നവര്‍ ചേര്‍ന്നുണ്ടാക്കുന്ന സമിതികളില്‍ ഐകകണ്‌ഠ്യേനയുള്ള തീരുമാനങ്ങളുണ്ടാകുമെന്നു വിശ്വസിക്കാന്‍ തക്ക മൗഢ്യം കേരളത്തില്‍ ആര്‍ക്കുമില്ല. ജനങ്ങളെല്ലാം വിഡ്ഢികളാണെന്ന ധാരണ സര്‍ക്കാരിനുണ്ടാവരുത്.സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി തുടങ്ങി പദവികള്‍ പലതും ഇനിയും തീര്‍പ്പാവാതെ കിടപ്പുണ്ട്. വരും ദിനങ്ങളില്‍ ഇതിലെല്ലാം തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും, ഡപ്യൂട്ടി സ്പീക്കറെ ഉടന്‍ തീരുമാനിക്കാനിടയില്ലെന്ന സൂചനയാണ് നിലവിലുള്ളത്. തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ലെന്നതിന് ഇതിലേറെ തെളിവുകളുടെ ആവശ്യവുമില്ല. ഈ പശ്ചാത്തലത്തില്‍ ഭരിക്കാനുള്ളതിലേറെ സമയം തര്‍ക്കം തീര്‍ക്കാന്‍ ചെലവഴിക്കേണ്ട ഗതികേടാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നതെന്നു വ്യക്തം.

സര്‍ക്കാരിനു പിന്തുണ വര്‍ധിപ്പിക്കാന്‍ പലരെയും കൂടെ കൂട്ടാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണു സൂചന.മന്ത്രിക്കസേരയില്‍ കുറഞ്ഞ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലാത്ത ചിലരെക്കൂടി മറുഭാഗത്തു നിന്ന് അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം ആത്യന്തികമായി കൊണ്ടുചെന്നെത്തിക്കുക സര്‍ക്കാരിന്റെ പതനത്തിലേക്കായിരിക്കുമെന്ന് ഓര്‍മിച്ചാല്‍ നന്ന്. 

ജനസേവനത്തിന് മന്ത്രിക്കസേര തന്നെ വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന നേതാക്കളുടെ മുഖംമൂടികളെല്ലാം അഴിഞ്ഞുവീഴുന്ന ദിവസങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. കൊടിവച്ച കാറില്‍ കയറാന്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ മാത്രം സ്വന്തം മുന്നണിയെ കുറ്റപ്പെടുത്തുന്നവരും മറുകണ്ടം ചാടുന്നവരുമൊക്കെ നയിക്കുന്ന കേരളം എത്തിനില്‍ക്കുക എവിടെയായിരിക്കും എന്നു മാത്രം എല്ലാവരും ചിന്തിക്കുക.

2011, മേയ് 22

സതീശന്റെ 'കുറി' കീറി

നിയമസഭയിലെ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്‌ വി.ഡി. സതീശന്റെ മന്ത്രിസ്‌ഥാനം വെട്ടിയത്‌ ലോട്ടറി മാഫിയയും ഇവരുമായി ബന്ധമുള്ള കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വവും ചേര്‍ന്ന്‌.

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കേസു നടത്താനെത്തിയ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്‌താവ്‌ മനു അഭിഷേക്‌ സിംഗ്‌വി, ലോട്ടറി കേസുകള്‍ നേരത്തെ കൈകാര്യം ചെയ്‌തിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവര്‍ക്കു ലോട്ടറി മാഫിയയുടെ കണ്ണിലെ കരടായ വി.ഡി. സതീശനോടുള്ള കടുത്ത എതിര്‍പ്പ്‌ 'എ' വിഭാഗം സമര്‍ഥമായി ഉപയോഗപ്പെടുത്തിയെന്നാണ്‌ ആരോപണം. ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കേസു നടത്താനെത്തിയ കോണ്‍ഗ്രസ്‌ വക്‌താവ്‌ അഭിഷേക്‌ സിംഗ്‌വിയുടെ കസേര തെറിപ്പിക്കുന്നതില്‍ വി.ഡി. സതീശന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സിംഗ്‌വിയുടെ നടപടിക്കെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയ സതീശന്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ഹൈക്കമാന്‍ഡിലെ കരുത്തനായ സിംഗ്‌വിക്കു സതീശന്റെ പരാതിയെ തുടര്‍ന്നു മാസങ്ങളോളം പദവി നഷ്‌ടപ്പെട്ടു പുറത്തിരിക്കേണ്ടി വന്നു. ഒരുപാട്‌ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയാണ്‌ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്തു മടങ്ങിയെത്തിയത്‌. ലോട്ടറി കേസില്‍ തൊട്ടുകളിച്ച സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഒതുക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ നേതാവിനെ തന്നെ രംഗത്തിറക്കിയ സാന്റിയാഗോ മാര്‍ട്ടിനും സിംഗ്‌വിയും തെറിച്ചതു കടുത്ത ക്ഷീണമായി.

ലോട്ടറി കേസുകളില്‍ നേരത്തെ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിച്ചിരുന്നവരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഉണ്ടായിരുന്നു. ലോട്ടറി മാഫിയയുമായി ഇവര്‍ക്കുള്ള അടുത്തബന്ധമാണ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിവന്ന വ്യാജ ലോട്ടറികളെ നിരോധിക്കുന്നതില്‍ പ്രധാന തടസമെന്നും ആരോപണമുയര്‍ന്നിരുന്നു.

ലോട്ടറി മാഫിയക്കെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നടപടിയെ പിന്തുണച്ചു ചിദംബരത്തെ വെട്ടിലാക്കിയതിലും സതീശന്‍ നിര്‍ണായക പങ്കുവഹിച്ചു. കോടികള്‍ ഒഴുകുന്ന ലോട്ടറി സാമ്രാജ്യത്തില്‍ നിന്നും വന്‍ തുകകള്‍ പ്രതിഫലം പറ്റിയിരുന്ന ഈ അഭിഭാഷക കോണ്‍ഗ്രസ്‌ നേതൃത്വത്തിനു സതീശന്റെ ഇടപെടലുകള്‍ കടുത്ത അലോസരമുണ്ടാക്കി.

കേരളത്തിലെ ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുന്നിടത്തേക്കാണ്‌ പാര്‍ട്ടിക്കുള്ളിലെ സതീശന്റെ ഒറ്റയാള്‍ പോരാട്ടം ചെന്നെത്തിയത്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ കൃത്യതയാര്‍ന്ന ആരോപണങ്ങളിലൂടെ ഇടതു സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ചൂണ്ടിക്കാട്ടാനാകില്ല.  യു.ഡി.എഫ്‌. ജയിച്ചാല്‍ സതീശന്‍ മന്ത്രിയാകുമെന്നു തെരഞ്ഞെടുപ്പിനു മുമ്പേ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സതീശനെ പറവൂരില്‍ തോല്‍പിക്കാനായി ലോട്ടറി മാഫിയ മണ്ഡലത്തില്‍ തമ്പടിച്ചു പണം വാരിവിതറിയെങ്കിലും അദ്ദേഹത്തെ തറപറ്റിക്കാനായില്ല. എന്നാല്‍ ജനകീയനായ സതീശനെ വീഴ്‌ത്താന്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വത്തിനും ലോട്ടറി മാഫിയയ്‌ക്കുമൊപ്പം കേരളത്തിലെ ചില 'എ' ഗ്രൂപ്പ്‌ നേതാക്കളും 'കൈ'കോര്‍ത്തതോടെ സതീശനു മന്ത്രിസ്‌ഥാനം നഷ്‌ടമായി.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, മേയ് 14

ജയിപ്പിച്ചവര്‍ക്ക് അഞ്ചു രൂപാ സമ്മാനം.

അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തു വന്നു. ഉടനേ ഒരിക്കല്‍ കൂടി പെട്രോളിയം വില വര്‍ധനവ് നടപ്പിലാക്കി.

എണ്ണക്കമ്പനികള്‍ക്ക് 1.80 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നതാണ് വിലയുയര്‍ത്തലിനു പറയുന്ന ന്യായം. നേരത്തേ തന്നെ ഇക്കാര്യത്തില്‍ ധാരണയായിരുന്നു എന്നു വേണം കരുതാന്‍. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ വിലവര്‍ധന തത്കാലം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് അപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി എന്തുമാകാം.

ജനങ്ങളോടുള്ള പ്രതിബദ്ധത ഏതറ്റം വരെ പോകാമെന്നു തെളിയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതും ഇതേ സര്‍ക്കാര്‍ തന്നെ. കമ്പനികള്‍ അവരുടെ ലാഭത്തിന്റെ തോതു നോക്കി വില കൂട്ടും. അതറിയാത്തവരല്ല ഇന്ത്യയെ ഭരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ചെയ്യാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതത്രയും.

തെരഞ്ഞെടുപ്പിനു മുമ്പ് വില കൂട്ടാതിരുന്നത് എന്തുകൊണ്ടാണെന്നു കൂടി സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും വിശദീകരിക്കേണ്ടതുണ്ട്. ഉത്തരം നിസാരം. വില കൂട്ടിയാല്‍ ജനം വോട്ടു ചെയ്യില്ല. ജനം വിലകൂട്ടല്‍ ഇഷ്ടപ്പെടുന്നില്ലെന്നു തിരിച്ചറിഞ്ഞിട്ടുള്ളവര്‍ തന്നെയാണ് പാര്‍ട്ടിയിലുള്ളതെന്നു സാരം. തെരഞ്ഞെടുപ്പിനു ശേഷം വില കൂട്ടിയാല്‍ അഞ്ചു വര്‍ഷക്കാലം കഴിഞ്ഞേ ജനം പകരം ചോദിക്കൂ. അതിനോടകം സാമാന്യം ഭേദപ്പെട്ട രീതിയില്‍ പാര്‍ട്ടിക്കു പണമുണ്ടാക്കാം. അതു കഴിഞ്ഞ് അഞ്ചു വര്‍ഷം വെറുതേയിരുന്നാലും കുഴപ്പമുണ്ടാകാത്തത്ര പണം. അതിനു വേണ്ടി ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തിന് ഒരിക്കലും യോജിക്കാത്തതാണ് ഈ കാപട്യം. പെട്രോളിന്റെ വില നാലു രൂപവരെ വര്‍ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പിനു മുമ്പ് എണ്ണക്കമ്പനികള്‍ ആലോചിച്ചത്. അന്ന് അത് വേണ്ടെന്നു പറയാന്‍ സര്‍ക്കാര്‍ തയാറായത് ജനങ്ങളോടുള്ള താത്പര്യത്തിന്റെ പേരിലല്ലെന്ന് അന്നേ മനസിലാക്കിയവരാണ് ഇവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍, നിരക്ഷരകുക്ഷികളും അത്താഴപ്പട്ടിണിക്കാരുമായ ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ആ വിഭാഗത്തില്‍ പെടുന്നവരെ കബളിപ്പിക്കാന്‍ എളുപ്പം സാധിക്കും. അവരെ വഞ്ചിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.

എണ്ണക്കമ്പനികളിലെ ജീവനക്കാര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യമൊരുക്കാന്‍ പട്ടിണി കിടക്കേണ്ട ഗതികേടാണ് ഇന്ത്യയിലെ പൗരന്‍മാര്‍ക്കുള്ളത്. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളമായി പറ്റുന്ന ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന അധികച്ചെലവ് നിയന്ത്രിക്കുന്നതിലൂടെ കമ്പനിയുടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചോ ആറോ കിലോമീറ്റര്‍ മാത്രം ഓടിക്കാനാവുന്ന ആഡംബര കാറുകളില്‍ മാത്രമേ സഞ്ചരിക്കൂവെന്ന് വാശി പിടിക്കുന്നവരാണ് നേതാക്കളില്‍ പലരും. ഉദ്യോഗസ്ഥ മേധാവികളും അങ്ങനെ തന്നെ. അതിനുള്ള പണം ഇവിടുത്തെ സാധാരണ ജനം നല്‍കണം. അതാണ് ഇന്നിന്റെ നീതിശാസ്ത്രം.

ഡീസല്‍ വില ഉയരുന്നതോടെ സാധാരണക്കാരന്റെ ജീവതച്ചെലവ് കുത്തനെ ഉയരും. ഭക്ഷ്യവിലപ്പെരുപ്പത്തില്‍ വലയുന്ന ജനത്തിനുമേല്‍ പുതിയ ഭാരം കെട്ടിയേല്‍പ്പിക്കാന്‍ മാത്രമേ ഈ വിലവര്‍ധന സഹായിക്കൂ. 1.76 ലക്ഷം കോടിയുടെ വരെ അഴിമതി നടത്തിയ നേതാക്കളാണ് എണ്ണക്കമ്പനികളുടെ അതിനു തുല്യമായ നഷ്ടം നികത്താന്‍ ജനങ്ങളെ വലയ്ക്കുന്നതെന്നതാണ് ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഇത് നീതിയല്ല.

സാധാരണ ജനത്തോട് ചെയ്യാവുന്ന കാര്യങ്ങള്‍ക്കു പരിധി നിശ്ചയിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യയെ നയിക്കുന്നതെന്നത് ഓരോ പൗരന്റെയും ബോധത്തെ തൊട്ടുണര്‍ത്തേണ്ട സംഗതിയാണ്. എന്തിനു വേണ്ടിയാണ് ഈ കള്ളക്കൂട്ടത്തിനു വേണ്ടി വാദിക്കാനും മുദ്രാവാക്യം വിളിക്കാനും നടക്കുന്നതെന്ന് എല്ലാ പാര്‍ട്ടികളുടെയും സാദാ പ്രവര്‍ത്തകരും ചിന്തിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയാല്‍ അതു ബാധിക്കുക സമൂഹത്തിലെ സാധാരണക്കാരെ മാത്രമാണ്. ഉപരിവര്‍ഗക്കാര്‍ ആരും അതിന്റെ യാതന അനുഭവിക്കില്ല.  നേതാക്കള്‍ ഒരിക്കലും വിലക്കയറ്റത്തെക്കുറിച്ചോ ജീവിതച്ചെലവു വര്‍ധിക്കുന്നതിനെക്കുറിച്ചോ വേവലാതിപ്പെടാത്തവരാണ്. അവര്‍ ഉണ്ണുന്നത് സ്വന്തം വിയര്‍പ്പില്‍ നിന്നല്ലല്ലോ.

ഭക്ഷ്യസാധനങ്ങളുടെ വില ഉയരുന്നതില്‍ ആര്‍ക്കാണ് വിഷമം? വിലക്കയറ്റത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും ആവശ്യം വോട്ട് മാത്രം. അതല്ലെങ്കില്‍ തങ്ങളുടെ സംഘടനാബലം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചേനെ. അതുണ്ടായില്ല.

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കാപട്യത്തിനു തയാറാകരുതായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ വില കൂട്ടുകയും അതിനു ജനപിന്തുണ നേടുകയുമായിരുന്നു വേണ്ടത്. അതിനു പകരം, വോട്ടെല്ലാം തട്ടിയെടുത്ത ശേഷം കരിമ്പിന്‍ചണ്ടി പോലെ ജനത്തെ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിഞ്ഞിരിക്കുന്നു. ഇത്തരം വലിച്ചെറിയലുകള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിതയാക്കുന്നത്.

പെട്രോളിയം കമ്പനികളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കുട്ടകളി സംബന്ധിച്ച് എന്റെ മറ്റൊരു പോസ്റ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കൂടി സന്ദര്‍ശിക്കുക.

ജനവിധി

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളമുണ്ടാകാത്ത വിധമുള്ള ഒരു ഫലമാണ് ഇന്നലെ വന്നത്. ഇരു മുന്നണികളും തമ്മില്‍ കേവലം നാലു സീറ്റിന്റെ വ്യത്യാസം. ഘടകകക്ഷികളെ ആശ്രയിച്ചു മാത്രമേ ഇനിയുള്ള സര്‍ക്കാരിനു നിലനില്‍ക്കാനാവൂ. ഏതെങ്കിലും ഘടകകക്ഷി പിണങ്ങിയാല്‍ ഭരണം പോകുന്ന അവസ്ഥ.

മുന്നണികള്‍ തമ്മില്‍ സീറ്റിലുള്ള അന്തരം കുറയുന്നതു തന്നെയാണ് ജനാധിപത്യത്തിനു നല്ലത്. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍, ജനത്തെ മറന്ന് സ്വന്തം ഇഷ്ടപ്രകാരം എന്തും ചെയ്യുന്ന തരത്തിലേക്ക് സര്‍ക്കാര്‍ നീങ്ങും. ഇപ്പോള്‍ അതിനുള്ള സാധ്യത തുലോം കുറവാണെന്നതില്‍ ആശ്വസിക്കാം.
പക്ഷേ, വലിയൊരു കുഴപ്പവും ഇപ്പോഴുണ്ട്. ഭരണത്തെ നിലനിര്‍ത്തുന്നത് തങ്ങളാണെന്ന അഹങ്കാരം ഘടകകക്ഷികള്‍ക്കുണ്ടാകും. അധികാരം നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന മുന്നണിയിലെ വലിയ കക്ഷിയാകട്ടെ, ഘടകകക്ഷികളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് പലപ്പോഴും വഴങ്ങിക്കൊടുക്കേണ്ടിയും വരും. അതു ജനാധിപത്യത്തിനു ഭൂഷണമാവില്ല. മാത്രവുമല്ല, വന്‍ തോതിലുള്ള അഴിമതികളിലേക്ക് നയിക്കപ്പെടുകയും ചെയ്യാം.

ഭൂരിപക്ഷം കുറയുന്നതിന് ഇത്തരം പല ദോഷങ്ങളുമുണ്ടെങ്കിലും, സ്വേച്ഛാധിപത്യത്തിലേക്ക് പാര്‍ട്ടികള്‍ നീങ്ങാതിരിക്കാന്‍ ഇത്തരം ജനവിധി സഹായകമാകും.  ഭരണവിരുദ്ധ തരംഗമൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതാണു തെരഞ്ഞെടുപ്പു ഫലം വെളിപ്പെടുത്തുന്നത്. ഇരു മുന്നണികളിലും കുറേയേറെ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. പല മണ്ഡലങ്ങളിലെയും ഫലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മൂന്നു മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. രണ്ടിടത്ത് എല്‍ഡിഎഫും ഒരു മണ്ഡലത്തില്‍ യുഡിഎഫുമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നെങ്കിലും ഒടുവില്‍ പതിവു തെറ്റാതെ പരാജയം ഏറ്റുവാങ്ങി.

ഇനി വിലപേശലിന്റെ നാളുകളായിരിക്കും വരുന്നത്. മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി തര്‍ക്കം ഇന്നലെത്തന്നെ ഉയര്‍ന്നിട്ടുണ്ട്. ചിലയിടത്തെ കാലുവാരലിനെച്ചൊല്ലിയും കലഹം തുടങ്ങിയിട്ടുണ്ട്. കെ.എം മാണിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുന്നിടം വരെയെത്തി മധ്യകേരളത്തിലെ യുഡിഎഫ് ഐക്യം. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് കാലുവാരിയിട്ടുണ്ടെന്നാണ് മാണിയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയ തര്‍ക്കം അന്തമില്ലാതെ തുടരുന്നു എന്നതാണ് വാസ്തവം. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് മാണി ഉയര്‍ത്താനിരിക്കുന്ന കലാപക്കൊടിയെക്കുറിച്ചാണു കോണ്‍ഗ്രസിന്റെ ചിന്ത. അത് ഏതു വിധത്തിലായിരിക്കും പര്യവസാനിക്കുകയെന്നു മാത്രം കണ്ടറിഞ്ഞാല്‍ മതി.

വിലപേശലുകളിലൂടെ വാര്‍ത്ത സൃഷ്ടിച്ച ജെഎസ്എസ്, സിഎംപി എന്നീ കക്ഷികളെ വാര്‍ത്തകള്‍ക്കുമപ്പുറത്തേക്ക് വലിച്ചെറിഞ്ഞാണു ജനവിധി. കേവലമായ അധികാര താത്പര്യത്തിനപ്പുറം ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ചെറു പാര്‍ട്ടികള്‍ക്കു സാധിച്ചിട്ടില്ലെന്ന സത്യം തിരിച്ചറിയാന്‍ നേതാക്കള്‍ക്ക് ഇനിയെങ്കിലും സാധിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും വിധത്തില്‍ ജനകീയമെന്ന് അവകാശപ്പെടാനില്ലാത്ത ചെറുപാര്‍ട്ടികള്‍ വിസ്മൃതിയിലേക്കു മറയാന്‍ സമയമായി എന്നാണ് ജനവിധിയുടെ കാതല്‍.
ശാരീരികമായ അവശതകള്‍ വകവയ്ക്കാതെ മത്സരരംഗത്തു നിറഞ്ഞുവെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാക്കളുടെ പരാജയം, ജനം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന തന്നെ. ജനങ്ങള്‍ക്കാവശ്യം ഊര്‍ജസ്വലമായി തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന പ്രതിനിധികളെയാണ്. പഴയ പടക്കുതിരകള്‍ ശാരീരിക വിഷമതകള്‍ക്കിടയിലും തങ്ങളെ നയിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ വിശ്രമിക്കട്ടെ. പണ്ടു ചെയ്ത നല്ല കാര്യങ്ങള്‍ക്കു പ്രത്യുപകാരമായി ജനം നല്‍കുന്നതാണ് ഈ വിശ്രമം. വിലപേശലിലൂടെ നേടുന്ന സീറ്റില്‍ ആരെയെങ്കിലുമൊക്കെ നിര്‍ത്തി മത്സരിപ്പിച്ച് അധികാരത്തിന്റെ സുഖം നുകരണമെന്നു ചിന്തിക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നതിനും ഈ തെരഞ്ഞെടുപ്പില്‍ തെളിവുണ്ട്.

ജയാ ഡാളിയും സ്റ്റീഫന്‍ ജോര്‍ജുമടക്കം, സീറ്റില്ലാതെ വന്നപ്പോള്‍ മുന്നണി മാറിയ നേതാക്കള്‍ പരാജയം എന്തെന്നറിഞ്ഞു. കേരളീയര്‍ തീര്‍ത്തും അവസരവാദികളല്ലെന്നും തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നും ഈ ഫലങ്ങള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പു വേളയില്‍ കൂറുമാറുന്നവരെ കൂടെ കൂ്ട്ടുന്ന ശൈലി ഇരു മുന്നണികളും മാറ്റേണ്ട സമയമായി എന്നു ചുരുക്കം.

സിപിഎമ്മാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. മുന്നണിയെന്ന നിലയില്‍ ഭൂരിപക്ഷം യുഡിഎഫിനാണെങ്കിലും, അതിന്റെ നായകരായ കോണ്‍ഗ്രസ് സിപിഎമ്മിനേക്കാള്‍ പിന്നിലാണെന്നതു മറക്കാതിരിക്കാം. ആകെ വോട്ടുകളുടെ ശതമാനക്കണക്ക് നോക്കിയാലും ഈ വൈരുദ്ധ്യം പ്രകടമാണ്.  അധികാരം മാത്രമാകരുത് ലക്ഷ്യം. ജനങ്ങളോട് അല്പം പ്രതിബദ്ധതയൊക്കെ എല്ലാവര്‍ക്കുമാകാം. അതാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഗുണപാഠം.

2011, മേയ് 10

കയ്യാലപ്പുറത്തെ തേങ്ങ

മാണിയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ആലോചന

 മാണിയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ആലോചന
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്നതിനു മുമ്പേ യുഡിഎഫില്‍ പദവികളെ ചൊല്ലി ചൂടന്‍ ചര്‍ച്ചകള്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നടത്തുന്ന കരുനീക്കങ്ങള്‍ക്കു തടയിടാന്‍ കോണ്‍ഗ്രസും പുതിയ അടവുകള്‍ തേടുകയാണ്. കൂട്ടലുകളും കിഴിക്കലുകളുമായി ഇരു മുന്നണികളും മുന്നേറുന്നതിനിടെയാണ് മാണി ഗ്രൂപ്പിന്റെ അണിയറ നീക്കങ്ങള്‍.


മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണും നട്ടു ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങളില്‍ മത, സാമുദായിക നേതൃത്വങ്ങളും പരോക്ഷമായി പങ്കു ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായി സീറ്റു വിഭജന കാലത്ത് തുടങ്ങിയ സ്വരച്ചേര്‍യില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നതായാണു സൂചന.
ആര് അധികാരത്തില്‍ വന്നാലും വലിയ ഭൂരിപക്ഷമൊന്നുമില്ലെന്ന് ഏകദേശം ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ മാണിഗ്രൂപ്പിന് കൂടുതല്‍ സീറ്റ് ലഭിക്കുകയും ഭരണലബ്ധിക്കുള്ള നിര്‍ണായക ശക്തിയായി മാറുകയും ചെയ്താല്‍ കെ.എം മാണിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. യുഡിഎഫ് ഇതു നിരസിച്ചാല്‍ മുന്നണി വിടാനും മടിക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എല്‍ഡിഎഫാകട്ടെ, മാണിയെ കൂട്ടു പിടിക്കുന്നതിനോട് യോജിച്ച മട്ടാണ്. മാണിഗ്രൂപ്പ് വിട്ടു പോകുന്നതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായാലും വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിനു പോലും താത്പര്യമില്ല. ഈ സാഹചര്യത്തില്‍, മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രബല ക്രിസ്തീയ സഭകളുടെ പിന്തുണയും ഇക്കാര്യത്തില്‍ മാണിക്കു തുണയാകും. മാണിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനും അധികം വൈകാതെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നീങ്ങാനുമാകും എല്‍ഡിഎഫ് ശ്രമിക്കുക. ഇക്കാരണത്താല്‍ മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായാല്‍ അതില്‍ പങ്കാളികളാകാതെ മാറ്ി നില്‍ക്കാനും സിപിഎം, സിപിഐ നേതൃത്വങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണു സൂചന.

ഏതായാലും വിഎസിനെ മുഖ്യമന്ത്രിയാക്കിയുള്ള ഒരു സര്‍ക്കാര്‍ വരുന്നതിനോട് സിപിഎമ്മിലെ ഒരു വിഭാഗവും എല്‍ഡിഎഫ് ഘടകകക്ഷികളും യോജിക്കുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനുള്ള ഉപകരണമായി മാണിഗ്രൂപ്പിനെ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍.
സീറ്റു വിഭജന വേളയില്‍ യുഡിഎഫ് അവഗണിച്ചുവെന്ന തോന്നലുള്ള ഓര്‍ത്തഡോക്‌സ് സഭയും, മാണിയുമായി വളരെയേറെ അടുപ്പം പുലര്‍ത്തുന്ന കത്തോലിക്കാ സഭയും പുതിയ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഇത് ഒരു പരിധിവരെ യാഥാര്‍ത്ഥ്യമാകാനും ഇടയുണ്ട്.


സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന കത്തോലിക്കാ സഭയുടെ പിന്തുണയോടെ എത്തുന്ന മാണിയെ സ്വീകരിക്കുക വഴി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനും സാധിക്കും. മുന്നണിക്കുള്ളില്‍ കുറുമുന്നണിയുണ്ടാക്കി സമ്മര്‍ദ തന്ത്രം പയറ്റാനാകും മാണിഗ്രൂപ്പ് ആദ്യം ശ്രമിക്കുക. അതു സാധിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണിയും മുഴക്കും. ഇതോടെ യുഡിഎഫ് തങ്ങളുടെ വരുതിക്കെത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നു. മുസ്ലിം ലീഗാണോ തങ്ങളാണോ മുന്നണിയിലെ പ്രധാനികളെന്ന് നേതൃത്വം വ്യക്തമാക്കണമെന്നായിരിക്കും പാര്‍ട്ടിയുടെ ആവശ്യം.


ദീര്‍ഘകാലത്തെ നിയമസഭാ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രിയെങ്കിലും ആക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തോട് യുഡിഎഫ് പക്ഷേ, പ്രതികരിച്ചിട്ടില്ല. ഫലപ്രഖ്യാപനം വന്ന ശേഷം കൂടുതല്‍ ശക്തമായി തങ്ങളുടെ ആവശ്യം ഉന്നയിക്കാനാണു മാണിഗ്രൂപ്പിന്റെ തീരുമാനം. അതിനോടും തണുപ്പന്‍ സമീപനമാണ് യുഡിഎഫ് നേതൃത്വം തുടരുന്നതെങ്കില്‍ ഇടതുമുന്നണിയോട് അടുക്കാന്‍ തന്നെയാണ് തീരുമാനം.

കടപ്പാട് - കേരളഭൂഷണം ദിനപ്പത്രം.



2011, മേയ് 6

ഫിദല്‍ കാസ്ട്രോ അമേരിക്കന്‍ പ്രസിഡന്റാകാന്‍ പോകുന്നു ???

നിലവില്‍ ബ്രിട്ടാസ് മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ തന്നെ സംശയമൊന്നും ഇല്ല. എങ്കിലും ഈ കൂടുമാറ്റവും യാത്രയയപ്പും സമ്മാനവും ഒന്നും സാധാരണ ഇടത് സഹയാത്രികര്‍ക്ക് അത്ര ദഹിക്കുന്ന വിധമായില്ല. അതില്‍ പ്രധാനം മികച്ച പ്രൊഫഷണലുകള്‍ക്ക് സമ്മാനം കൊടുക്കുന്ന പതിവ് കോര്‍പറേറ്റ് രംഗത്ത് പതിവാണ് എന്ന പിണറായിയുടെ വിശദീകരണം തന്നെ.

കോര്‍പറേറ്റ് രംഗത്ത് മികച്ച പ്രൊഫഷണലുകള്‍ക്ക് സമ്മാനം കൊടുക്കുന്നത് അവര്‍ പ്രസ്തുത സ്ഥാപനത്തില്‍ തുടരുകയും സ്ഥാപനത്തിന് മികച്ച വിജയങ്ങള്‍ / വരുമാന ലക്ഷ്യം നേടുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പ്രോല്‍സാഹനം എന്ന നിലയില്‍ ആണ്, അല്ലാതെ രാജിവെച്ച് തങ്ങളുടെ ഏറ്റവും വലിയ കോമ്പറ്റീറ്ററുടെ അടുത്ത് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അല്ല. മാത്രമല്ല പല കോര്‍പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കമ്പനി വിട്ട് പൊയാലും ഒരു നിശ്ചിത കാലയളവില്‍ കോമ്പറ്റീറ്ററുടെ അടുത്ത് ജോലിയില്‍ പ്രവേശിക്കുകയില്ല എന്നു മുങ്കൂട്ടി കരാര്‍ പ്രകാരം ഉറപ്പ് വരുത്തുകയും ചെയാറുണ്ട്.

ഒരു സംസ്ഥാനത്തിന്റെ മുന്‍ മന്ത്രിയും രാജ്യത്തെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ അദ്ദേഹത്തിനു ഇതൊക്കെ അറിയാത്തതാണൊ?

വാല്‍ക്കഷണം : എസ്സെഫൈയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് പോയ സിന്ധു ജോയിക്ക് ഒരു ഓട്ടോറിക്ഷ എങ്കിലും കൊടുക്കാമായിരുന്നു.