2011, ജൂൺ 26

സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?

നിര്‍ണായകമായ ഒരു പൊതുവിഷയത്തില്‍ തീരുമാനമെടുക്കാനും ഇടപെടാനും സര്‍ക്കാരിന് അധികാരവും അവകാശവുമില്ലേ? സ്വാശ്രയ കോളജുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ വെറും നോക്കുകുത്തിയായി നില്‍ക്കാനാണ് അവര്‍ക്കു താത്പര്യം.

സ്വാശ്രയ കോളജുകളിലെ ഫീസ് മൂന്നരലക്ഷമായി നിശ്ചയിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ ഫീസ് നിര്‍ണയത്തിനു ചുമതലപ്പെട്ട ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിസഹായാവസ്ഥ വെളിപ്പെടുത്തിയത്. കേരളത്തിലെ സ്വാശ്രയ കോളജുകള്‍ എന്തു ചെയ്യുന്നു എന്ന് അറിയാനും ജനവിരുദ്ധമായ തീരുമാനങ്ങളാണ് അവരെടുക്കുന്നതെങ്കില്‍ അതിനു തടയിടാനും സര്‍ക്കാരിനു ബാധ്യതയുണ്ട്. അത് ഏതെങ്കിലും കമ്മിറ്റിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന തരത്തില്‍ പെരുമാറുന്നത് ജനങ്ങളെ കളിയാക്കുന്നതിനു തുല്യം തന്നെ.

ലക്ഷക്കണക്കിനു കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയുമൊക്കെ സ്വപ്‌നങ്ങള്‍ക്കു പുല്ലുവില കല്പിച്ചുകൊണ്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തുടര്‍ന്നു പോരുന്ന ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടവരല്ല ജനപ്രതിനിധികള്‍. മത, സാമുദായിക പിന്‍ബലമുള്ള മാനേജ്‌മെന്റുകളെ പിണക്കുന്നത് ഭാവിയില്‍ പെട്ടിയില്‍ വീഴേണ്ട വോട്ടുകളെ ബാധിക്കുമോയെന്ന ഭയം സര്‍ക്കാരിനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍.

മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്കൊപ്പം സ്വന്തം മത, സാമുദായിക വിഭാഗങ്ങളിലുള്ള സാധാരണക്കാര്‍ ആരുമില്ലെന്നു തിരിച്ചറിയാനെങ്കിലും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കു സാധിക്കണം. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ നടത്തുന്ന ഏതു മാനേജ്‌മെന്റിന്റെ കാര്യമെടുത്താലും ഇതു തന്നെയാണ് സ്ഥിതി. അവര്‍ക്കു മതത്തിലോ സമുദായത്തിലോ യാതൊരു പിന്തുണയുമില്ല. സ്വന്തം മത, സാമുദായിക വിഭാഗത്തില്‍പ്പെട്ട കുട്ടികളെപ്പോലും വന്‍തുക വാങ്ങി മാത്രം കോളജുകളില്‍ പ്രവേശിപ്പിക്കുന്ന ഇക്കൂട്ടരുടെ മുഖ്യലക്ഷ്യം കച്ചവടം തന്നെ.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി വച്ച് വഴിവാണിഭം നടത്തുകയാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍. ചില നിയമങ്ങളുടെയും ചട്ടങ്ങളുടെയും മറവില്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം അനുവദിച്ചുകൂടാ. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ എന്തിനാണു മടിക്കുന്നത്.
മത നേതാക്കളുടെ മുന്നില്‍ ചെല്ലുമ്പോള്‍ മുട്ടിലിഴയുന്ന നേതാക്കളാണ് കേരളത്തിലുള്ളത്. എല്ലാ നേതാക്കളും മതനേതാക്കളുടെ കാലുപിടിക്കുന്നവരാണെന്നത് അത്ര രഹസ്യമൊന്നുമല്ല. അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്ന ഗുരുതരമായ തെറ്റിദ്ധാരണ നമ്മുടെ നേതാക്കള്‍ക്കുണ്ട്. മതനേതാക്കളുടെ കാലു തിരുമ്മാതെ ആര്‍ക്കും അധികാരത്തിലെത്താനാവില്ലെന്ന ധാരണ ശരിയല്ലെന്ന് മനസിലാക്കാന്‍ തക്ക മാനസികവികാസം നമ്മുടെ നേതാക്കള്‍ക്കില്ലാതെ പോയി.എത്രയോ കാലമായി തുടരുന്ന ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാനേജ്‌മെന്റുകള്‍ തോന്നിയതു പോലെ ചെയ്യുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുമ്പോഴും കേട്ടു നില്‍ക്കാന്‍ മാത്രം കഴിയുന്ന സര്‍ക്കാര്‍ അര്‍ഹിക്കുന്നത് സഹതാപമാണ്.

കടുത്ത നടപടികള്‍ക്ക് തടസമായി സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത് വോട്ടിനോടുള്ള കമ്പം മാത്രമാണെന്ന് തിരിച്ചറിയാത്തവരല്ല ഇവിടെയുള്ളത്. ജനങ്ങളെ ആകെ ബാധിക്കുന്ന സ്വാശ്രയ വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍  സര്‍ക്കാര്‍ ശ്രമിച്ചെന്നതാണ് ഏറെ ഖേദകരം.ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് സര്‍ക്കാരോ രക്ഷിതാക്കളോ വിദ്യാര്‍ത്ഥികളോ ആയിരുന്നു. അതു തന്നെയാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. സ്വാശ്രയ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍  ആവശ്യമാണെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതിയെക്കൊണ്ട് പറയിക്കുന്നിടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിന്റെ സുഖം നുകരുന്നവര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇടയ്ക്കിടെ കോടതിയുടെ ഓര്‍മപ്പെടുത്തലുകളും നടപടികളും വേണ്ടിവരുന്നത് ആശാസ്യമായ കാര്യമല്ല. സ്വാശ്രയ മേഖലയില്‍ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാത്ത കോളജുകള്‍ ഇവിടെ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു മുന്നില്‍ കീഴടങ്ങുന്ന പതിവുശൈലി മാറ്റിയെങ്കിലേ വിഷയം പരിഹരിക്കാനാകൂ.

നിലവില്‍ പ്രതിപക്ഷമുള്‍പ്പെടെ ആരും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി പരസ്യമായി വാദിക്കാന്‍ രംഗത്തു വരില്ല. നിലവിലുള്ള കുത്തഴിഞ്ഞ അവസ്ഥാവിശേഷത്തിനെതിരേ സമരത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുജനപിന്തുണ ധാരാളമായി ലഭിക്കുകയും ചെയ്യും.

നിലവില്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പറയുന്നതനുസരിച്ചു പ്രവര്‍ത്തിക്കാത്ത കോളജുകളില്‍ പുതിയ പ്രവേശനം അനുവദിക്കരുത്. അതിന്റെ പേരില്‍ കോളജുകളടച്ചിട്ട് നിലവില്‍ പഠിക്കുന്ന കുട്ടികളുടെ കൂടി ഭാവി തകര്‍ക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ശ്രമിച്ചേക്കാം. അത്തരമൊരു ധിക്കാരപരമായ നടപടിയുണ്ടായാല്‍ അതിനെ കയ്യൂക്കുകൊണ്ടു തന്നെ നേരിടണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയാലുണ്ടാകുന്ന വേദന എന്തെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളും അറിയണം. അവരെ അത് അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരും വിദ്യാര്‍ത്ഥി, യുവജന സംഘടനകളും ഏറ്റെടുക്കണം.

വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. അതിനെ അതിന്റേതായ രീതിയില്‍ത്തന്നെ നേരിടണം.

2011, ജൂൺ 8

ബ്ലോഗ് അവധി


നാളെവൈകിട്ട് ഞാന്‍ നാട്ടില്‍ പോകുന്നതിനാല്‍ അടുത്ത പതിനഞ്ച് ദിവസത്തേക്ക് ബ്ലോഗ് അവധി ആയിരിക്കും എന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

മഴയത്ത് അര്‍മാദിച്ചിട്ട് തന്നെ കാര്യം അല്ല.. പിന്നെ....

ചിക്കുന്‍ ഗുനിയ പിടിക്കാതെ തിരിച്ചു വരാന്‍ പറ്റിയാല്‍‍ മതിയാരുന്നു.....

2011, ജൂൺ 3

സ്വകാര്യ പ്രാക്ടീസ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതു പുനഃപരിശോധിക്കാനുള്ള ഒരുക്കത്തിലാണു സര്‍ക്കാര്‍. സാധാരണക്കാരായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടര്‍ന്നു പോരുന്നത് ആരോഗ്യമേഖലയെ തീര്‍ത്തും അനാരോഗ്യകരമായ രീതിയില്‍ ബാധിച്ചിട്ട് നാളേറെയായി. സമ്പന്നര്‍ക്ക് ചികിത്സ തേടി വന്‍കിട സ്വകാര്യ ആശുപത്രികളിലേക്കു പോകാം. സമൂഹത്തിലെ പാവപ്പെട്ടവരാകട്ടെ മറ്റെങ്ങും ആശ്രയമില്ലാത്തതിനാല്‍ ഈ നിസഹകരണക്കാരുടെ കരുണ തേടി അലയുന്നു.

ഈ അവസ്ഥ മാറിയേ തീരൂ. വന്‍ ശമ്പളവര്‍ധന നടപ്പാക്കിയതിനൊപ്പം മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളിലൊന്നാണ് സ്വകാര്യ പ്രാക്ടീസ് നിരോധനം.  തികച്ചും ഉചിതമായ തീരുമാനം തന്നെയായിരുന്നു അത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ വീടുകളിലേക്കെത്തിക്കാനും അവരില്‍ നിന്നു വന്‍തുക വാങ്ങിയെടുക്കാനുമുള്ള അവസരം നഷ്ടമായി എന്നതാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ നിസഹകരണ സമരത്തിന്റെ മൂലകാരണം.

ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ പോകുന്നു. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാതിരിക്കുകയും, വീടുകളില്‍ എത്തി ചികിത്സ തേടുന്നവര്‍ക്കു മുന്തിയ പരിഗണന നല്‍കുകയും എന്ന പഴയ ശൈലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാണെങ്കില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാവുന്നതാണ്.ഏതു കാര്യത്തിനും അല്പം നിയന്ത്രണം വേണം. അതില്ലാതെ പോകുന്നിടത്താണു പ്രശ്‌നങ്ങള്‍ ഉടലെടുക്കുക. പണ്ട് സംഭവിച്ചതു പോലുള്ള കുഴപ്പങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താതെ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചുകൂടാ.

പല വിദേശ രാജ്യങ്ങളിലും സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നടത്താനുള്ള അവസരം നല്‍കാറുണ്ട്. അതു പക്ഷേ, വീട്ടിലിരുന്നുള്ള ചികിത്സയല്ലെന്നു മാത്രം. അത്തരം ചില മാതൃകകള്‍ നമുക്കും പ്രാവര്‍ത്തികമാക്കാവുന്നതാണ്. ആശുപത്രിയിലെ ഡ്യൂട്ടി സമയത്തിനു ശേഷം സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവാദം നല്‍കാം. അതിനുള്ള സൗകര്യം ആശുപത്രികളില്‍ത്തന്നെ ഒരുക്കിക്കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിനു വേണ്ടി പ്രത്യേക മുറികള്‍ സജ്ജമാക്കണം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്ത് അവിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാം. അതിനു പ്രത്യേകം ഫീസും ഈടാക്കാന്‍ അനുവദിക്കണം. അങ്ങനെ ഈടാക്കുന്ന ഫീസ് എത്രയെന്ന് മുന്‍കൂട്ടി അറിയിച്ചിരിക്കുകയും വേണം. ഫീസായി ഈടാക്കുന്ന തുകയുടെ എഴുപതു ശതമാനം ഡോക്ടര്‍ക്കും മുപ്പതു ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന തരത്തില്‍ ഘടന നിശ്ചയിച്ചാല്‍, ആശുപത്രികളില്‍ പ്രത്യേക സൗകര്യമൊരുക്കുന്നതിനുള്ള ചെലവു കണ്ടെത്താനാകും. ഈ തരത്തില്‍ എന്തെങ്കിലും നടപടിയാണ് പുതിയ സര്‍ക്കാരില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്.

വീടുകളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ നിന്നു വാങ്ങുന്നതു പോലെ ഉയര്‍ന്ന നിരക്കു വാങ്ങാനാവാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചിലപ്പോള്‍ ഇതിനോടു സഹകരിച്ചെന്നു വരില്ല. അങ്ങനെയുള്ളവരെ സാധിക്കുമെങ്കില്‍ ഈ ജോലിയില്‍ നിന്നു തന്നെ വിടുതല്‍ ചെയ്തു വിടണം. അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സമയമായിരിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കണം.ഡോക്ടര്‍ എന്ന പദവിയുമായി ഇരിക്കുമ്പോള്‍ മാത്രമേ സ്വകാര്യമോ പൊതുവോ ആയ പ്രാക്ടീസുകളെല്ലാം നടക്കൂ. അല്ലെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും കച്ചവടം ചെയ്തു ജീവിച്ചുകൊള്ളും.

തോന്നിയതു പോലെ പണം വാങ്ങുകയും ആളും തരവും നോക്കി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തെറ്റായ സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. സഹകരണത്തിന്റെ വഴിയിലൂടെ ഡോക്ടര്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കണം. അതിനു സാധിക്കുന്നില്ല എന്നു പൂര്‍ണബോധ്യം വന്നാല്‍ പിന്നെ യുദ്ധമല്ലാതെ മറ്റു പോംവഴിയില്ല. ഞങ്ങളുടെ ആവശ്യം അംഗീകരിക്കാനാവില്ലെങ്കില്‍ പിരിച്ചു വിട്ടുകൊളളൂ എന്ന് ഏതെങ്കിലും ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അവരെ നിരാശപ്പെടുത്തരുത്. അവര്‍ക്ക് അല്പം കൂടി വലിയ ആനുകൂല്യം നല്‍കണം. പിരിച്ചു വിടുക മാത്രമല്ല, രജിസ്‌ട്രേഷന്‍ റദ്ദാക്കുക കൂടി ചെയ്ത് അവരെ വൈദ്യവൃത്തിയില്‍ നിന്നു മോചിപ്പിക്കണം.

ജനങ്ങളോടു പ്രതിബദ്ധതയുള്ളവര്‍ മാത്രം ഡോക്ടര്‍മാരായി പ്രവര്‍ത്തിച്ചാല്‍ മതി. പണം സമ്പാദിക്കുക മാത്രമാണു ലക്ഷ്യമെങ്കില്‍ അവര്‍ക്ക് ഏറ്റവും നല്ലത് ബ്ലേഡ് കമ്പനി നടത്തുകയാണ്. അവര്‍ക്ക് അതാണു താത്പര്യമെങ്കില്‍ സര്‍ക്കാരെന്തിന് ഇടംകോലിടണം? അത്തരക്കാര്‍ പോകട്ടെ. ആതുരസേവന രംഗത്ത് ഇത്തരം ക്ഷുദ്രജീവികളെ ആവശ്യമില്ല.

സമൂഹത്തിന്റെ മൊത്തം ഭാവിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍പ്പോലും പണത്തിനു മുന്‍തൂക്കം കാണുന്നവരെ മനുഷ്യരായിപ്പോലും കണക്കാക്കാനാവില്ല. ഈ സത്യം ഡോക്ടര്‍മാരെ പറഞ്ഞു ബോധ്യപ്പെടുത്തണം. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഇത്തരക്കാരുടെ മുന്നിലേക്ക് എന്തു വിശ്വസിച്ചാണു ചികിത്സ തേടിയെത്തുക. ഡോക്ടര്‍മാരുടെ നിസഹകരണം അവസാനിപ്പിക്കാന്‍ ഈ രണ്ടു മാര്‍ഗങ്ങളേ മു്ന്നിലുള്ളൂ. ജനങ്ങളുടെ പക്ഷത്തു നിന്നുള്ള നടപടികളാണ് സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്.

കൈയേറ്റം

ഉദ്യോഗസ്‌ഥര്‍ തെരഞ്ഞെടുപ്പിന്റെ ആലസ്യത്തില്‍ അമര്‍ന്നപ്പോള്‍ മൂന്നാര്‍ വീണ്ടും കൈയേറ്റലോബിയുടെ പിടിയില്‍. ഇടതുസര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം ഒഴിപ്പിച്ചതടക്കമുള്ള സ്‌ഥലത്താണു കൈയേറ്റം തകൃതിയായത്‌.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുമുതല്‍ കൈയേറ്റമാഫിയയും റിസോര്‍ട്ട്‌ ലോബിയും മൂന്നാര്‍ വീതിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്നു. ഇരുമുന്നണിയിലെയും രാഷ്‌ട്രീയപ്രമുഖര്‍ ഇതിന്‌ ഒത്താശ ചെയ്‌തതോടെയാണു 'തെക്കന്‍ കാശ്‌മീര്‍' വീണ്ടും കൈയേറ്റക്കാരുടെ പിടിയിലമര്‍ന്നത്‌. നിരവധി തവണ ഒഴിപ്പിച്ച പാര്‍വതിമല മുതല്‍ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍വരെ കൈയേറ്റം നീണ്ടു. സര്‍വേ നമ്പര്‍ 912-ല്‍ പോലീസ്‌ ക്യാമ്പിനു സമീപം സ്‌ഥലം കൈയേറി ഇരുനൂറോളം വീടുകളാണു നിര്‍മിച്ചത്‌.

പലതവണ നടപടിക്കു മുതിര്‍ന്നെങ്കിലും രാഷ്‌ട്രീയസമ്മര്‍ദം വിലങ്ങുതടിയായി. മൂന്നാഴ്‌ച മുമ്പു കൈയേറ്റം ഒഴിപ്പിച്ച പാര്‍വതിമലയില്‍ വീണ്ടും ഏഴു കുടിലുകള്‍ ഉയര്‍ന്നു.

ആദ്യ മൂന്നാര്‍ദൗത്യം മുതല്‍ നിരവധി തവണ ഒഴിപ്പിച്ചിട്ടും കൈയേറ്റം പൂര്‍ണമായി തടയാന്‍ അധികൃതര്‍ക്കായിട്ടില്ല. തമിഴ്‌നാട്‌ ഭരിക്കുന്ന എ.ഡി.എം.കെയുടെവരെ ഒത്താശയുണ്ടത്രേ കൈയേറ്റത്തിന്‌. 30 ഏക്കറോളം കൈയേറിയിട്ടുണ്ട്‌.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ വ്യാപകകൈയേറ്റം നടക്കുന്നതു മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളുടെ പരിസരത്താണ്‌. അണക്കെട്ടുകളിലേക്ക്‌ ഇറക്കിവരെ കടകള്‍ നിര്‍മിച്ചാണു കൈയേറ്റം. ഇവ മറിച്ചുവിറ്റു ലക്ഷങ്ങള്‍ കൊയ്യുന്ന സംഘം ബോട്ടിംഗിനും വിഘാതമാകുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുദിവസം കുണ്ടളയില്‍ ബോട്ടിംഗ്‌ മുടങ്ങിയിരുന്നു.

മാട്ടുപ്പെട്ടിയില്‍ പാതയോരം കൈയേറി നിര്‍മിക്കുന്ന ഒരു ഷെഡിന്‌ ഒരുലക്ഷം രൂപവരെ വാങ്ങി മറിച്ചുവില്‍ക്കുമ്പോള്‍ കുണ്ടളയില്‍ 50,000 രൂപവരെയാണ്‌.

പാതയോരം കൈയേറിയതിനാല്‍ ഗതാഗതവും തടസപ്പെടുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലമായിരുന്നിട്ടും ഇതിനെതിരേ നടപടിയില്ല. ടൗണ്‍ കേന്ദ്രീകരിച്ചു കൈയേറ്റത്തിനെതിരേ നടപടി എടുത്തിരുന്നപ്പോഴും പരിസരപ്രദേശങ്ങളിലേക്ക്‌ ആരും എത്തിനോക്കിയിരുന്നില്ല. ചിന്നക്കനാലില്‍ ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്തും വിലക്കുഭാഗത്തും വന്‍തോതില്‍ ഭൂമി കൈയേറി.

വിലക്കില്‍ സെന്റിന്‌ എട്ടുലക്ഷം രൂപവരെ വിലമതിക്കുന്ന പ്രദേശങ്ങളാണു കൈയേറ്റലോബി കൈവശപ്പെടുത്തിയത്‌. ഗ്യാപ്‌ റോഡില്‍ റവന്യൂഭൂമിയിലൂടെ റോഡ്‌ വെട്ടി.

വനത്തിനുള്ളില്‍ ഏറുമാടങ്ങള്‍ സ്‌ഥാപിച്ചും ഇവര്‍ ലക്ഷങ്ങള്‍ കൊയ്യുന്നു. സിങ്കുകണ്ടത്ത്‌ അടുത്തകാലത്ത്‌ ഏക്കറുകള്‍ തിരിച്ചു കൈയേറ്റം നടന്നു. പാപ്പാത്തിച്ചോലയില്‍ ഷണ്‍മുഖവിലാസം മുതല്‍ കുളുക്കുമലവരെ 3000 ഏക്കര്‍ കൈവശപ്പെടുത്തിയ കാഞ്ഞിരപ്പള്ളിക്കാരനെതിരേയും നടപടിയില്ല.

ടൗണിലും ഇപ്പോള്‍ കൈയേറ്റം വ്യാപകമാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ വിതരണത്തിനായി മാറ്റിവച്ച ഭൂമിയും കൈയേറി. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 4300 പേര്‍ക്കു ഭൂമി വിതരണം ചെയ്‌തിരുന്നു. 30,000 പേരുടെ പട്ടികയും തയാറാക്കി. വനത്തിനു നടുക്ക്‌ കുറ്റ്യാര്‍വാലിയില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി താമസയോഗ്യമല്ലത്രേ. മണ്ണിടിച്ചിലിനും സാധ്യതയേറെ. എന്നിട്ടും അഞ്ചോളം പ്ലോട്ട്‌ എറണാകുളം സ്വദേശികള്‍ ലക്ഷങ്ങള്‍ മുടക്കി കൈവശപ്പെടുത്തി.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, ജൂൺ 1

പെട്രോളിന്‌ വീണ്ടും 1.35 രൂപ കൂട്ടാന്‍ നീക്കം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഓഹരിയുടമകള്‍ക്കു ലാഭവിഹിതം നല്‍കുന്നത്‌ ഓഹരിയൊന്നിന്‌ ഒമ്പതര രൂപ വീതം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭം 7445.48 കോടി രൂപയാണ്‌. എന്നിട്ടും പെട്രോള്‍ ലിറ്ററിന്‌ വീണ്ടും 1.35 രൂപ കൂട്ടാനാണു നീക്കം.

ഐ.ഒ.സി. ഓഹരിയുടെ മുഖവില ശരാശരി 320 രൂപയാണ്‌. ലക്ഷക്കണക്കിനു വരുന്ന ഓഹരിയുടമകള്‍ക്ക്‌ 9.50 രൂപ പ്രതിഓഹരി ലാഭവിഹിതം നല്‍കാനാണു ഡയറക്‌ടര്‍ ബോര്‍ഡിന്റെ തീരുമാനം. നേട്ടങ്ങളുടെ കണക്കുകള്‍ പുറത്തിറക്കിയതിനൊപ്പമാണ്‌ പെട്രോള്‍ വില ഇനിയും 1.35 രൂപ കൂട്ടുമെന്നു കമ്പനി പ്രഖ്യാപിച്ചത്‌.

വാറ്റ്‌ അടക്കം ലിറ്ററിന്‌ അഞ്ചര രൂപ നഷ്‌ടമാണത്രേ. ഇപ്പറയുന്ന 'നഷ്‌ടം' വെറും തട്ടിപ്പാണ്‌. രാജ്യാന്തര വിലയുമായി താരതമ്യപ്പെടുത്തിയാണ്‌ ജനങ്ങളെ പറ്റിക്കുന്നത്‌. 2010- 11 സാമ്പത്തികവര്‍ഷം ഐ.ഒ.സിയുടെ അറ്റാദായം 3,28,744.27 കോടിയാണ്‌. ഇതു സര്‍വകാല റെക്കോഡാണ്‌. നഷ്‌ടം പറയുന്ന കമ്പനിയുടെ ലാഭം യഥാര്‍ഥത്തില്‍ കഴിഞ്ഞ ഡിസംബര്‍ വരെ ഏകദേശം 4,000 കോടി രൂപയാണ്‌. മാര്‍ച്ച്‌ 31 ആയപ്പോള്‍ ലാഭം 7445.48 കോടിയായി. മൂന്നു ലക്ഷം കോടിയുടെ ബിസിനസ്‌ ചെയ്യുന്ന കമ്പനിക്ക്‌ ഇത്രയും മാത്രമല്ലേ ലാഭമുള്ളൂ എന്നാണ്‌ എണ്ണക്കമ്പനി വക്‌താക്കളുടെ ബാലിശമായ വാദം.

ഇക്കൂട്ടര്‍ സുപ്രധാന കാര്യം മറക്കുകയാണ്‌. പൗരന്മാര്‍ക്കു സബ്‌സിഡി നല്‍കുന്നതു കൊണ്ടാണ്‌ ലാഭം കുറയുന്നത്‌. ജനസേവനമാണു സര്‍ക്കാരിന്റേയും പൊതുമേഖലയുടേയും ലക്ഷ്യം; മറിച്ച്‌ ജനദ്രോഹമല്ല.

സര്‍ക്കാര്‍ രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്നു. ഇനി ഒരു രൂപയ്‌ക്കും അരി നല്‍കും. ഈ വിലയ്‌ക്ക് ഒരു കിലോ അരി ഉല്‍പാദിപ്പിക്കാനാകില്ലെന്ന്‌ ഏവര്‍ക്കുമറിയാം. ജനസേവനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണിത്‌. അതിനാണു സബ്‌സിഡി നയം എന്നുപറയുന്നത്‌. ഇതുപോലെ സബ്‌സിഡി നിരക്കില്‍ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടവരാണ്‌ എണ്ണക്കമ്പനികളും. ഇതിനെ നഷ്‌ടമെന്നു പറയുന്നതിനു പിന്നിലുള്ളത്‌ കച്ചവടക്കണ്ണു മാത്രമാണ്‌.

എണ്ണ വിതരണത്തിനു മറ്റൊരു സവിശേഷതകൂടിയുണ്ട്‌. ഒരു ഭാഗത്തു സബ്‌സിഡി നല്‍കുമ്പോള്‍ മറുഭാഗത്ത്‌ ഇതിലുമധികം തുക ജനങ്ങളില്‍ നിന്ന്‌ നികുതിയായി ഈടാക്കുന്ന മറിമായമാണത്‌.

ക്രൂഡോയില്‍ വീപ്പയ്‌ക്ക് കഴിഞ്ഞമാസം 115 ഡോളറായിരുന്നു വില. ഇതിപ്പോള്‍ 100.33 ഡോളറായി കുറഞ്ഞതോടെ പെട്രോളിനു വില കുറയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ മേയ്‌ 15ന്‌ അഞ്ചു രൂപ ക്രൂരമായി കൂട്ടുകയാണുണ്ടായത്‌.

കഴിഞ്ഞയാഴ്‌ചയെ അപേക്ഷിച്ച്‌ ക്രൂഡിന്‌ വീപ്പയ്‌ക്ക് ഒരു ഡോളര്‍ മാത്രമാണ്‌ തിങ്കളാഴ്‌ച കൂടിയത്‌. അതായത്‌ 160 ലിറ്റര്‍ ക്രൂഡിന്‌ 45 രൂപ. ഇതിന്റെ പേരില്‍ ഇവിടെ കൂടുന്നത്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 1.35 രൂപ. കൈയില്‍ കിട്ടിയ പെട്രോളിനെ കരുവാക്കി കമ്പനികള്‍ ഡീസല്‍, എല്‍.പി.ജി. വില്‍പനയുടെ വരുമാനക്കുറവു നികത്തുകയാണെന്നര്‍ഥം.

അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന എണ്ണക്കമ്പനികള്‍ക്കു കാര്യമായ മെച്ചമുണ്ടാക്കിയിട്ടുണ്ടെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. ജനുവരി - മാര്‍ച്ച്‌ നാലാം പാദത്തിലാണ്‌ മൊത്തം ലാഭത്തിലെ 3095.16 കോടിയും നേടിയത്‌. എണ്ണശുദ്ധീകരണം കഴിഞ്ഞ്‌ കമ്പനിക്കു കിട്ടുന്ന മാര്‍ജിനും കൂടി. 2009- 10 സാമ്പത്തിക വര്‍ഷം ബാരലിന്‌ 4.47 ഡോളറായിരുന്നത്‌ 2010 - 11ല്‍ 5.95 ഡോളറായി.വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)