2011, ഓഗ 31

കള്ളന്‍ ആടായി???

രാമായണത്തില്‍ മാനായെത്തിയ മാരീചനെപ്പറ്റി കേട്ടിട്ടുണ്ട് എന്നാല്‍ ഇക്കാലത്ത് കൊള്ളക്കാരന്‍ ആടായി മാറിയാലോ?
ഇതാ അത്തരമൊരു വിഡ്ഡിക്കഥ നൈജീരിയയില്‍ നിന്നും.




2011, ഓഗ 19

വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍

ഇന്ത്യയില്‍ നിയമനിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിലാണ് നിക്ഷിപ്തമാക്കിയിട്ടുള്ളത്. ഭരണഘടനാപരമായ ഈ അവകാശത്തെ അന്നാ ഹസാരെയോ രാംദേവോ കിരണ്‍ബേദിയോ മാറ്റി മറിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുക.

ആവശ്യം നേടിയെടുക്കാന്‍ മരണം വരെ നിരാഹാരം നടത്തുമെന്നു പ്രഖ്യാപിക്കുന്നവര്‍ ഇതിനു മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍, ചുരുങ്ങിയത് മുപ്പതു ദിവസമെങ്കിലും നിരാഹാരസമരം നടത്താന്‍ അനുമതി ചോദിക്കുക എന്നത് ഇതിനു മുമ്പ് കേട്ടുകേള്‍വിയുളള കാര്യമല്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകന്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. തികച്ചും അപഹാസ്യവും ജനങ്ങളെ പരിഹസിക്കുന്നതുമാണ് പ്രസ്തുത ആവശ്യമെന്നതില്‍ തര്‍ക്കമില്ല.

അന്നാ ഹസാരെയെ മുന്‍നിര്‍ത്തി ചിലര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. മെട്രോ നഗരങ്ങളിലാണ് പ്രതിഷേധത്തിന്റെ വേലിയേറ്റമെന്നതാണ് ശ്രദ്ധേയം. കേരളത്തിലും വന്‍ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജനാധിപത്യ വ്യവസ്ഥയെ അംഗീകരിച്ച്, വോട്ടു ചെയ്യുകയെന്ന പൗരാവകാശം ഒരിക്കലെങ്കിലും നിറവേറ്റിയിട്ടുള്ള എത്ര പേര്‍ ഈ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു എന്നതില്‍ മാത്രമാണു സംശയം.

കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സൃഷ്ടിച്ച മനുഷ്യക്കുരുതിയെ കണ്ടില്ലെന്നു നടിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിലകൊണ്ടപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച് പാവങ്ങളുടെ നേതാവായ വീയെസ്സ് അച്യുതാനന്ദന്‍ എന്ന മറ്റൊരു വന്ദ്യ വയോധികന്‍ നിരാഹാര സമരം നടത്തിയപ്പോള്‍  ഈ പുത്തന്‍ പ്രകടനക്കാരെ ആരെയും കണ്ടിരുന്നില്ല. ആരും മെഴുകുതിരി കത്തിച്ചില്ല. ഇപ്പോള്‍ അന്നാ ഹസാരെയെന്ന സാമൂഹിക പ്രവര്‍ത്തകനെ മുന്‍നിര്‍ത്തി സമൂഹത്തിലെ ഉപരിവര്‍ഗം നടത്തുന്ന സമരാഭാസം വന്നതോടെ നഗരങ്ങളാകെ മെഴുകുതിരിപ്രഭയില്‍ നിറയുന്നു. അവര്‍ കത്തിക്കുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കുന്ന മെഴുകുതിരികളാണ്. സാധാരണക്കാരനു വേണ്ടിയായിരുന്നെങ്കില്‍, എല്ലാ പള്ളികളുടെയും സമീപത്ത് മെഴുകുതിരി വില്‍ക്കുന്ന പാവപ്പെട്ടവരില്‍ നിന്നു തിരി വാങ്ങാമായിരുന്നു. അവര്‍ക്ക് അതൊരു വരുമാനവുമാകുമായിരുന്നു. വര്‍ണപ്പകിട്ടാര്‍ന്ന വന്‍ മെഴുകുതിരികള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നു വാങ്ങി തെരുവോരങ്ങളില്‍ കത്തിക്കുന്ന പ്രകടനത്തിന്റെ സാമ്പത്തികവശം തന്നെയാണു പ്രകടം.

ഐടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്കു മുന്‍നിരയിലുള്ളത്. ജോലിക്കു കയറുമ്പോള്‍ത്തന്നെ വന്‍തുക ശമ്പളമായി ലഭിക്കുന്നവര്‍. അവരില്‍ ഒരാളെങ്കിലും ചേരികളിലെ ദുരിതജീവിതങ്ങളെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ ശമ്പളത്തില്‍ നിന്ന് ആയിരം രൂപ വീതമെങ്കിലും നീക്കി വച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് കേരളത്തിലെ ഒരു ചേരിപ്രദേശമെങ്കിലും വാസയോഗ്യമാക്കാമായിരുന്നു. അവിടെ ജീവിക്കുന്നതും മനുഷ്യര്‍ തന്നെയാണ്. അവരുടെ കുട്ടികളും ഇന്ത്യയിലെ വരുംതലമുറ തന്നെയാണ്. അങ്ങനെയുള്ള എന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ തയാറാവാത്തവരാണ് ഹസാരെയ്ക്കു വേണ്ടി മെഴുകുതിരിയുമായി നഗരവീഥികളില്‍ നിറയുന്നത്.

അന്നാ ഹസാരെയെന്ന വ്യക്തി സാമൂഹിക പ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പാരമ്പര്യമുള്ളയാളാണ്. അങ്ങനെയൊരാളെ മുന്‍നിര്‍ത്തി ചില സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന സമരം മാത്രമാണു ലോക്പാലിന്റെ പേരില്‍ നടക്കുന്നത്. അവര്‍ക്കാവശ്യം അധികാരം മാത്രം. അതിനു വേണ്ടി ഹസാരെയെന്ന മുഖംമൂടി എടുത്തണിഞ്ഞിരിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ കവച്ചുവച്ച് അധികാരത്തിന്റെ കേന്ദ്രബിന്ദുവിലേക്കെത്താനുള്ള അവരുടെ ത്വരയ്ക്കു ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വിലയെക്കുറിച്ചു ചിന്തിക്കാത്തവരാണ് പ്രതിഷേധത്തിനിറങ്ങുന്നത്.

സര്‍ക്കാരിനെതിരേ എടുത്തുപയോഗിക്കാനുള്ള വടിയെന്ന നിലയിലാണ് പ്രതിപക്ഷമായ ബിജെപിയും  ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിക്കുന്നത്. രാഷ്ട്രീയമായി ചിന്തിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവാത്ത സമരമാര്‍ഗമാണ് ഹസാരെയുടെയും കൂട്ടരുടേതും. അത്തരം പ്രവര്‍ത്തനം ഇന്ത്യക്കാവശ്യമില്ല. അറബ് രാഷ്ട്രങ്ങളിലടക്കം ജനങ്ങള്‍ ഭരണകൂടങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന തരത്തില്‍ ആഭ്യന്തര കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നു എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. മറ്റു രാജ്യങ്ങളില്‍ ഏകാധിപതികള്‍ക്കെതിരേയുള്ള പോരാട്ടമാണു ജനങ്ങള്‍ നടത്തുന്നത്. ഇവിടെ താന്‍ ഇച്ഛിക്കുന്നതേ നടക്കാവൂ എന്നു വാശി പിടിക്കുന്ന ഹസാരെയ്ക്കു വേണ്ടിയാണ് പ്രതിഷേധ പ്രകടനങ്ങളെന്നതാണ് വ്യത്യാസം.

വിട്ടുവീഴ്ചകള്‍ക്കു തയാറായ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ഹസാരെയുടെ അനുചരരുടെ ശ്രമം. ഇവിടെ സമരം നടത്തുന്നത് ഹസാരെയല്ലെന്ന സത്യമെങ്കിലും നമ്മുടെ ചെറുപ്പക്കാര്‍ തിരിച്ചറിയണം. കുറേ സ്ഥാപിത താത്പര്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അധികാരം പിടിച്ചടക്കാനും അതിലൂടെ വന്‍ നേട്ടങ്ങളുണ്ടാക്കാനും അദ്ദേഹത്തെ മുന്‍നിര്‍ത്തിയിരിക്കുന്നു എന്നു മാത്രം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ബഹുമാനമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. അവര്‍ക്കിടയിലേക്ക് നിയമലംഘനത്തിന്റെ ഭാഷയുമായി കടന്നെത്തുന്നവര്‍ രാജ്യദ്രോഹമാണു ചെയ്യുന്നത്.

നിയമം ലംഘിക്കും എന്നു വീമ്പിളക്കുന്ന പഞ്ചനക്ഷത്ര സമരക്കാരുടെ മുന്‍പില്‍ സര്‍ക്കാര്‍ കീഴടങ്ങേണ്ട ആവശ്യമില്ല. ക്രമസമാധാനം തകര്‍ക്കാന്‍ശ്രമിക്കുന്നവരെ ശക്തമായ രീതിയില്‍ തന്നെ രാജ്യത്തെ പൊലീസ് / അര്‍ധ സൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് നേരിടുമെന്നു മുന്നറിയിപ്പു നല്‍കുക, അതു വകവെയ്ക്കാത്തവരെ നിര്‍ധാക്ഷിണ്യം നേരിടുക. സ്വന്തം നിലനില്‍പ്പിനു വേണ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രക്ഷോഭങ്ങളോടും, വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളോടും കാണിക്കാത്ത സൗമനസ്യം ഒന്നും ഈ ഉപരിവര്‍ഗ്ഗ സമരാഭാസത്തോട് കാണിക്കേണ്ടതില്ല. പോലീസ് പിടികൂടാനെത്തിയപ്പോള്‍ ചുരിദാര്‍ ധരിച്ച് ഓടിയ പുത്തന്‍ സമരനായകനെ നമ്മള്‍ കണ്ടിട്ട് അധികനാളായില്ലല്ലോ?


ഹസാരെയ്ക്കു വേണ്ടി മെഴുകുതിരി വാങ്ങാന്‍ നടക്കുന്നവര്‍ ആദ്യം മഹാനഗരങ്ങളിലെ ചേരികളിലേക്കു പോവുക. അവിടെ ഉടുതുണിക്കു മറുതുണിയില്ലാതെ ദുരിതമനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമുണ്ട്. അവര്‍ക്ക് വസ്ത്രമോ ഒരു നേരത്തെ ആഹാരമോ നല്‍കുക. അതിനു തയാറല്ലാത്തവര്‍ കത്തിക്കുന്ന മെഴുകുതിരികള്‍ സ്വന്തം ശവക്കല്ലറയിലെ തിരിവെളിച്ചമാണ് ഒരുക്കുന്നതെന്നു തിരിച്ചറിയുക...

2011, ഓഗ 18

റാന്നി നിവാസികള്‍ക്കു ഓണസമ്മാനം

അധികാരത്തിലെത്തി മാസങ്ങള്‍ തികയും മുമ്പേ സംസ്‌ഥാനത്തെ യു.ഡി,.എഫ്‌ സര്‍ക്കാര്‍ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്താതെ റാന്നിയിലെ ജനങ്ങള്‍ക്കു ഓണസമ്മാനം പ്രഖ്യാപിച്ചു. സാമ്പത്തികമായി ഏറെ ക്‌ളേശിക്കു നൂറു കണക്കിന്‌ രോഗികള്‍ ചികിത്സ തേടിയെത്തുന്ന റാന്നി താലൂക്കാശുപത്രി അടച്ചു പൂട്ടാനുള്ള വഴി തുറന്നാണ്‌ സര്‍ക്കാര്‍ റാന്നി നിവാസികള്‍ക്കു ഓണസമ്മാനം നല്‍കിയത്‌.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ 12 വരെ ഡോക്‌ടര്‍മാര്‍ ഉണ്ടായിരുന്ന റാന്നി താലൂക്കാശുപത്രിയിലെ ഡോക്‌ടര്‍മാരുടെ എണ്ണം കേവലം നാലായി ചുരുക്കിയാണ്‌ പ്രതിപക്ഷ എം.എല്‍.എ യുള്ള റാന്നി മണ്ഡലത്തോട്‌ സര്‍ക്കാര്‍ പ്രതികരിച്ചത്‌. അതും ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ തൊട്ടടുത്ത മണ്ഡലമായ റാന്നിയില്‍. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിലെ ഏറ്റവും പ്രാധാന്യമുള്ള സര്‍ക്കാര്‍ ആശുപത്രിയോടാണ്‌ മന്ത്രി അടൂര്‍ പ്രകാശിന്റേയും യു.ഡി.എഫ്‌ സര്‍ക്കാരിന്റേയും അവഗണന.

നൂറു കിടക്കകളുള്ള റാന്നി താലൂക്കാശുപത്രിയില്‍ നിത്യേന ആയിരത്തിലധികം രോഗികളാണ്‌ ചികിത്സ തേടിയെത്തുത്‌. സ്‌ത്രീ രോഗികളിലേറെയും ഗര്‍ഭിണികളോ ഗൈനക്കോളജി വിഭാഗവുമായി ബന്ധപ്പെട്ട രോഗികളോ ആയിരുന്നു.സ്വകാര്യ ആശുപത്രികളില്‍ അരലക്ഷം രൂപാ വരെ മുടക്കേണ്ട പ്രസവശുശ്രൂഷകള്‍ താലൂക്കാശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്നത്‌ സാധാരണക്കാരായ മലയോരനിവാസികള്‍ക്കു ഏറെ ആശ്വാസമാണ്‌ നല്‍കിയിരുത്‌. ഗൈനക്കോളജി, ഓര്‍ത്തോ, അനസ്‌തേഷ്യാ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരടക്കം എണ്ണം അഞ്ചായി ചുരുങ്ങിയെങ്കിലും ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സകളും കിടത്തി ചികിത്സ, അത്യാഹിതം എന്നീ വിഭാഗങ്ങളും വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിയടിലാണ്‌ റാന്നി താലൂക്കാശകുപത്രിയിലെ ഏക അനസ്‌തേഷ്യാ വിഭാഗം ഡോക്‌ടറെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു സ്‌ഥലം മാറ്റിയത്‌. ഇതോടെ റാന്നിയില്‍ ഡോക്‌ടര്‍മാരുടെ എണ്ണം നാലായി ചുരുങ്ങിയെതിനുപരി മയക്കു വിദഗ്‌ധന്റെ സേവനമില്ലാതെ പ്രസവകേസുകളും ഓര്‍ത്തോ വിഭാഗം ചികിത്സയും നടത്താനാകില്ലെന്ന സ്‌ഥിതിയും ഉണ്ടായിരിക്കുകയാണ്‌. ഇതോടെ റാന്നി താലൂക്കാശുപത്രിയിലെ കിടത്തി ചികിത്സാ - അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്‌ക്കും.

റാന്നി താലൂക്കാശുപത്രിയോടുള്ള കടുത്ത അവഗണനക്കു പിന്നില്‍ രാഷ്‌ട്രീയ പകപോക്കലാണെ ആരോപണം ഉയര്‍ു കഴിഞ്ഞു.തുടര്‍ച്ചയായി മൂന്നു തവണയും യു.ഡി.എഫ്‌ ജില്ലാ കവീനര്‍ അഡ്വ. പിലിപ്പോസ്‌ തോമസിനെ തോല്‍പ്പിച്ച മണ്ഡലമാണ്‌ റാന്നി. ഇതോടൊപ്പം മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന്റെ ശകതമായ സമ്മര്‍ദ്ദവും റാന്നി ആശുപത്രിയുടെ ദുരവസ്‌ഥയ്‌ക്കിടയാക്കിയതായി ആക്ഷേപം ഉയരുന്നു.

റാന്നി താലൂക്കാശുപത്രിയില്‍ സര്‍ജന്‍ ഇല്ലാത്തതിനാലാണ്‌ അനസ്‌തീഷ്യാ ഡോക്‌ടറെ കോഴഞ്ചേരിയിലേക്കു സ്‌ഥലം മാറിയതെന്നാണ്‌ രാജു ഏബ്രഹാം എം.എല്‍.എ യോടു ഹെല്‍ത്തു സെക്രട്ടറി പ്രതികരിച്ചത്‌. എന്നാല്‍ കോഴഞ്ചേരി ആശുപത്രിയിലും സര്‍ജന്‍ ഇല്ലാതിരിക്കെ ഈ സ്‌ഥലം മാറ്റം എന്തിനെന്ന്‌ ഇനിയും വ്യക്‌തമാകുന്നില്ല.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, ഓഗ 17

ഇവരില്‍ ആരാണ് ജനപ്രതിനിധികള്‍?

അന്ന ഹസാരെയെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ജനാധിപത്യം അതോടെ തകര്‍ന്നടിഞ്ഞു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഏറെയുണ്ടായി. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഹസാരെയ്ക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു തികച്ചും തെറ്റായ നടപടി തന്നെ. അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ തടവറയിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്ന പൊതുധാരണ പരത്താന്‍ സര്‍ക്കാരിന്റെ നടപടികള്‍ സഹായകമായിട്ടുണ്ടെന്നതില്‍ സംശയമില്ല.

യഥാര്‍ത്ഥത്തില്‍ ഹസാരെ നടത്തിയത് എന്തായിരുന്നു? ഹസാരെയുടെയും കൂട്ടരുടെയും സമരത്തെ ഇന്ത്യന്‍ ജനതയുടെ പൊതുവികാരമെന്നു ചിത്രീകരിക്കുന്നതില്‍ അസ്വാഭാവികതകള്‍ ഏറെയുണ്ടെന്നതാണു വാസ്തവം. അഴിമതിക്കെതിരേ സമരം നടത്താന്‍ ഹസാരെയ്ക്കു മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. ഇന്നലെ ഹസാരെയെ അറസ്റ്റ് ചെയ്തത് നിരോധനാജ്ഞ ലംഘിച്ചേക്കുമെന്ന കാരണത്താലാണ്.

 പിന്നീടു കോടതിയിലെത്തിച്ചപ്പോള്‍ 144-ാം വകുപ്പു ലംഘിക്കില്ലെന്ന ഉറപ്പു നല്‍കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളി തന്നെയായിരുന്നു അത്. ഇക്കാരണത്താലാണ് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം ഹസാരെയ്‌ക്കോ കൂട്ടര്‍ക്കോ ഇല്ല. അത് ഉണ്ടെന്നു പറയുന്നതാണ് തെറ്റ്. ജനങ്ങളുടെ പ്രതിനിധികളാണു തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ പാര്‍ലമെന്റംഗങ്ങളായി ഇരിക്കുന്ന ആരും ജനങ്ങളുടെ പ്രതിനിധികളല്ലേ? ജനങ്ങള്‍ വോട്ടു ചെയ്ത് അയച്ചവരാണവര്‍. ഹസാരെയുടെയും കൂട്ടരുടെയും വാദം അംഗീകരിച്ചാല്‍, ഇന്ത്യയിലെ ജനങ്ങളുടെ വോട്ടവകാശത്തിന് യാതൊരു വിലയുമുണ്ടാവില്ല.

ഹസാരെ വ്യക്തിപരമായി അഴിമതിക്കാരനാണെന്നു പറയാനാവില്ല. എന്നാല്‍, ഒപ്പമുള്ളവരുടെ താളത്തിനൊത്തു തുള്ളുന്ന വന്ദ്യവയോധികന്‍ മാത്രമാണ് അദ്ദേഹമെന്നു പറഞ്ഞാല്‍ അതില്‍ വലിയ തെറ്റുമുണ്ടാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം പാര്‍ലമെന്ററി രംഗത്തേക്കെത്തി അധികാരത്തിന്റെ മേല്‍ത്തട്ടിലെത്താന്‍ ശ്രമിച്ചവര്‍ ഇവിടെ ധാരാളമുണ്ട്.

അത്തരം മോഹവുമായി രാജിക്കത്തു സമര്‍പ്പിക്കുന്നവരുമുണ്ട്. കിരണ്‍ ബേദിയെന്ന ഐപിഎസ് ഓഫീസര്‍ ആദ്യകാലത്ത് ജനങ്ങളുടെ ഭാഗത്തു നിന്നു പ്രവര്‍ത്തിച്ച് ശ്രദ്ധയാകര്‍ഷിച്ചയാളാണ്. പിന്നീട്, സര്‍ക്കാരിനെക്കാള്‍ മീതെയാണ് ഉദ്യോഗസ്ഥരെന്ന തെറ്റിദ്ധാരണയുണ്ടായതാകാം അവരുടെ നിരാശയ്ക്കു കാരണമായത്. രാജി വച്ചെങ്കിലും ആരും അവരെ രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ അയയ്ക്കാന്‍ ഒരുമ്പെട്ടില്ല. ഇപ്പോള്‍ ലോക്പാല്‍ സമിതിയിലൂടെ വീണ്ടും നഷ്ടമായ അധികാരത്തിലേക്കെത്താമെന്ന് അവര്‍ മോഹിക്കുന്നതിന്റെ വില നല്‍കാനുള്ള ബാധ്യത ഇന്ത്യന്‍ ജനാധിപത്യത്തിനില്ല.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കില്ലാത്ത മേല്‍വസ്ത്രം തനിക്കും വേണ്ടെന്നു പറഞ്ഞ് അത് ഉപേക്ഷിച്ച മഹാത്മജിയുടെ പേരു പറഞ്ഞാണ് ഹസാരെയുള്‍പ്പെടെയുള്ളവരുടെ പടയൊരുക്കം. ഗാന്ധിയന്‍ എന്ന മേലങ്കിയണിയുന്ന ഹസാരെ സ്വന്തം ജന്മദിനത്തിന് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ പൊടിച്ചത് ഏതു ഗാന്ധിയന്‍ മാര്‍ഗമാണെന്നു കൂടി വ്യക്തമാക്കണം. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത പണം ജന്മദിനാഘാഷത്തിനു ചെലവഴിച്ച ഹസാരെയും ഭരണത്തിലിരുന്ന് സുഖജീവിതത്തിന് അരങ്ങൊരുക്കുന്ന രാഷ്ട്രീയക്കാരും തമ്മിലുളള വ്യത്യാസം എന്താണ്?

ഹസാരെയും കൂട്ടരും മുന്നോട്ടു വയ്ക്കുന്ന ആശയം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍, അതിന്റെ സാക്ഷാത്കാരത്തിനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തില്‍ തെറ്റുണ്ട്. ഇവിടെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല. ലോക്പാല്‍ സമിതിയിലേക്ക് തന്നെയും തനിക്കൊപ്പമുള്ളവരെയും നാമനിര്‍ദേശം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആവശ്യം. പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ സമിതിയിലുണ്ടാകണമെന്നു പറയുന്നതില്‍ തെറ്റില്ല. എംപിമാര്‍ എല്ലാവരും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെ. രാഷ്ട്രീയക്കാരല്ലാത്തവരെ സമിതിയിലുള്‍പ്പെടുത്തണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. അങ്ങനെ ഉള്‍പ്പെടുത്താന്‍ യോഗ്യരായ ധാരാളമാളുകള്‍ രാജ്യത്തുണ്ട്. പ്രശാന്ത് ഭൂഷണോ കിരണ്‍ബേദിയോ സ്വാമി അഗ്നിവേശോ ഇന്ത്യയിലെ ജനങ്ങളെ മൊത്തം പ്രതിനിധീകരിക്കുന്നു എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.

പൊതു സമൂഹ പ്രതിനിധികളെ കണ്ടെത്താന്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും സത്യസന്ധരും നീതിമാന്‍മാരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാരല്ലാത്തവരുണ്ട്. അത്തരത്തിലുള്ള മാന്യവ്യക്തികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം പൊതുസമൂഹ പ്രതിനിധികള്‍. തനിക്കും ഒപ്പമുള്ളവര്‍ക്കും സ്ഥാനമാനങ്ങള്‍ വേണമെന്നു ഹസാരെ ശഠിക്കുന്നിടത്താണ് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാവുക.

താന്‍ രണ്ടാം സ്വാതന്ത്ര്യസമരം നയിക്കുകയാണെന്നും നിയമലംഘനമടക്കമുള്ള ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നുമാണ് ഹസാരെ പറയുന്നത്. ഗാന്ധിജി ലംഘിച്ചത് സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കാടന്‍ നിയമങ്ങളാണ് അദ്ദേഹം ലംഘിച്ചത്. അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഏതെങ്കിലും അധികാരസ്ഥാനമായിരുന്നില്ല. ഇന്ത്യയെന്ന മഹാരാജ്യത്തെ വൈദേശികാധിപത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഇന്ത്യയെ സ്വതന്ത്ര ഇന്ത്യയാക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് മഹാത്മജി പോരാടിയത്. ഹസാരെയാകട്ടെ, സ്വതന്ത്ര ഇന്ത്യയിലെ ഭരണത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നു. അതാണ് വ്യത്യാസം.

നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ തനിക്കു വിശ്വാസമില്ലെന്നു പറയുന്ന ഹസാരെ അതിനു പകരമായി എന്തു മാര്‍ഗമാണുള്ളതെന്നു കൂടി വ്യക്തമാക്കണം. ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, ജനങ്ങളാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കുക. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അത്തരം തെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള കേന്ദ്ര സര്‍ക്കാരിനെ ജനങ്ങളുടെ വിധിയിലൂടെയാണ് പാഠം പഠിപ്പിക്കേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ മത്സരിക്കാന്‍ ഹസാരെയ്ക്കും കൂട്ടര്‍ക്കും സാധിക്കില്ലേ? ഇന്ത്യന്‍ ജനത തങ്ങള്‍ക്കൊപ്പമെന്നു പറയുന്നവര്‍ക്ക് തെരഞ്ഞെടുപ്പു വിജയം അനായാസമായിരിക്കുകയും ചെയ്യും. അങ്ങനെ ജനങ്ങള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് ഭരിക്കണം. അതിനു പകരം, ജനങ്ങളുടെ സര്‍ക്കാരിനെതിരേ അരാഷ്ട്രീയ സമരം നയിക്കുന്നത് രാജ്യത്തിനു ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

2011, ഓഗ 16

ഹസാരെ രാജയ്‌ക്കും കല്‍മാഡിക്കുമൊപ്പം

അഴിമതി വിരുദ്ധ സമരത്തിനിടെ അറസ്‌റ്റിലായ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ ജയില്‍വാസം അഴിമതി കേസില്‍ ജയിലിലായ മുന്‍ മന്ത്രി എ. രാജ, സുരേഷ്‌ കല്‍മാഡി എന്നിവര്‍ക്കൊപ്പമാകും. നാലാം നമ്പര്‍ ജയിലിലാണ്‌ ഹസാരെ പ്രവേശിപ്പിച്ചിട്ടുളളത്‌ . ഇവിടെയാണ്‌ 2ജി അഴിമതി കേസില്‍ വിചാരണ നേരിടുന്ന എ. രാജ, കലൈഞ്ചര്‍ ടിവി എംഡി ശരത്‌ കുമാര്‍, കോമണ്‍വെല്‍ത്ത്‌ അഴിമതി കേസില്‍ അറസ്‌റ്റിലായ സുരേഷ്‌ കല്‍മാഡി എന്നിവര്‍ തടവ്‌ അനുഭവിക്കുന്നത്‌.


2011, ഓഗ 14

അരിയെത്ര? പയറഞ്ഞാഴി!!!

ഞാന്‍ കൂടുതല്‍ വിശദീകരിച്ച് സമയം കളയുന്നില്ല. രണ്ട് അഭിമുഘങ്ങള്‍, രണ്ട് മന്ത്രിമാര്‍, ഒരാള്‍ മുന്‍ റവന്യൂ മന്ത്രി, ഒരാള്‍ നിലവിലെ റവന്യൂ മന്ത്രി. ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ഗൃഹപാഠം ചെയ്ത് എത്തിയ വേണുവിന്റെ മുന്നില്‍ ഇരുവരും ഉരുണ്ട് കളിക്കുന്നത് കാണുക. കണ്ടിട്ട് അഭിപ്രായം പറയാന്‍ മറക്കരുതേ.....



റിപ്പോര്‍‌ട്ടര്‍ ചാനലിന്റെ ഇന്റെര്‍നെറ്റ് ലൈവ് സ്ട്രീമിംഗ് ലഭിക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? അറിയാവുന്നവര്‍ പറഞ്ഞ് തന്ന് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

2011, ഓഗ 12

വംശനാശം

"ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുകയോ അതിനുള്ളിലെ സാധനങ്ങളുടെ മൂല്യനിര്‍ണയം നടത്തുകയോ അവ പ്രദര്‍ശിപ്പിക്കുകയോ പാടില്ലെന്നു ദേവപ്രശ്‌നവിധി. ബി നിലവറ തുറക്കുന്നവര്‍ക്കു വംശനാശം സംഭവിക്കുമെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. നാലുദിവസം നീണ്ടുനിന്ന അഷ്‌ടമംഗലദേവപ്രശ്‌നം ഇന്നലെ സമാപിച്ചു."

ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറക്കുള്ളില്‍ അതി ഭീമമായ സ്വത്തുക്കള്‍ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു ഇനി അതു പൂര്‍ണ്ണമായി പരിശോധിച്ച് ഓരോന്നിന്റെയും അളവും മൂല്യവും കൃത്യമായി തിട്ടപ്പെടുത്തി ആധികാരികമായി രേഘപ്പെടുത്തിയില്ലെങ്കില്‍ അതില്‍ നിന്നും പല‍തും ന‍ഷ്ടപ്പെടും എന്നതില്‍ ശങ്കയ്ക്കിടമില്ല.

ചരിത്രത്തില്‍ സമ്പന്നമെന്നു പുകഴ്പെട്ട പല അമ്പലങ്ങളിലെയും പള്ളികളിലെയും അമൂല്യങ്ങളായ വസ്തുവകകളും പണവും വ്യക്തമായി കണ‍ക്കെടുത്ത് സൂക്ഷിക്കാത്തതിനാല്‍ തല്‍പ്പര കക്ഷികള്‍‍ മോഷ്ടിച്ച് കടത്തിയത് നമുക്കറിയാവുന്നതാണ്, ഇന്നു നിത്യപൂജക്കു വകയില്ലാത്ത പല ‍ക്ഷേത്രങ്ങളും ഇത്തരുണത്തിലാണ് ദരിദ്രമായി തീര്‍ന്നത്. കൊട്ടാരം വക മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രാജാ രവിവര്‍മ്മയുടെ വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ പോലും അപ്രത്യക്ഷമായത് ഈ സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്നു. കണക്കെടുക്കുന്നവനെയല്ല കട്ടെടുക്കുന്നവനെയാണ് ദൈവം ശിക്ഷിക്കുക.

ദേവപ്രശ്നത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും യാതൊരു അടിസ്ഥാനവുമില്ല, സെക്രട്ടേറിയറ്റില്‍ കയറിയ ചെല്ലാജോസ് ഞാന്‍ പ്രധാനമന്ത്രിയാണെന്നും എന്നെ വിട് ഞാന്‍ ഇപ്പം എല്ലാം ശരിയാക്കിത്തരാം എന്നും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഒന്നും ഈ മുക്കാച്ചക്രത്തിന്റെ ജോല്‍സ്യന്മാരുടെ ജല്‍പ്പനങ്ങള്‍ക്ക് ന്ല്‍കേണ്ടതില്ല.  സുപ്രീം കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കപ്പെടുക തന്നെ വേണം, സുപ്രീം കോടതിക്കും മുകളിലല്ല ഇന്ത്യയിലെ ഒരു രാജാവും, മന്ത്രിയും, തന്ത്രിയും, ദേവനും.



ഈ ഭീഷണി കണ‍ക്കിലെടുത്ത് കോടതി വിധി തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തുറുങ്കിലടക്കാനുള്ള വകുപ്പൊക്കെ നിലവിലുണ്ട് എന്നു ജയരാജന്‍ ശുംഭന്‍ കേസിലൂടെ വ്യക്തമാണല്ലോ? അഥവാ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് പുകമറസൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ തീര്‍ച്ച്യായും അതൊരു തെറ്റായ കീഴ്വഴക്കത്തിന്റെ തുടക്കമാവുമെന്നു നിശ്ചയം.

കാലഹരണപ്പെട്ട ആചാരങ്ങളുടെയും ചാതുര്‍വര്‍ണ്ണ്യകാലത്തെ വിശ്വാസങ്ങളുടെയും മറവില്‍ രാജ്യത്തെ പരമോന്നത ന്യായപീഠത്തെയും ഭരണഘടനയെയും മറികടക്കാനുള്ള കുല്‍സിതശ്രമങ്ങളെ യതൊരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തെ പൊതു ജനമധ്യത്തില്‍ അവഹേളിച്ച മഷിനോട്ടക്കാരെയും പരിവാരങ്ങളെയും കോടതിയലക്ഷിയ നടപടികല്‍ക്ക് വിധേയമാക്കണം.

അല്ലാത്തപക്ഷം മുപ്പത്തി മുക്കോടി ദൈവങ്ങളും പതിനായിരക്കണക്കിനു ജാതിയും ഉപജാതിയും ഉള്ള, കള്ളം തെളിയിക്കാന്‍ എണ്ണയില്‍ കൈമുക്കുന്നതു മുതല്‍ പ്രവാചക നിന്ദക്കു കൈവെട്ടുന്നതു വരെ ഉള്ള ആചാരങ്ങള്‍ ഉള്ള ഒരു രാജ്യത്ത് ഏതു ക്രിമിനലിനും ഏതു കോടതി വിധിയും മറികടക്കാന്‍ ഇനി അശേഷം അധ്വാനിക്കേണ്ടിവരില്ല. ഇതിന്റെ മറവില്‍ സതിയും ദേവദാസി സമ്പ്രദായവും മറ്റും  രാജ്യവ്യാപകമായി തിരികെ കൊണ്ടുവരികയുമാകാം, പോരെങ്കില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ വിസാക്കച്ചവടം നടത്തി മുങ്ങുക, മദ്രസ അധ്യാപഹയര്‍ ബാലചികില്‍സ നടത്തുക (കുണ്ടന്‍), പുത്തന്‍ ഹൈടെക് സ്വാമിമാരുടെ നഗ്നപൂജയും കുണ്ഡലിനി പൂജയും തുടങ്ങി വ്ത്യസ്തമായ പുതിയ ചില ആചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.

ഇന്ത്യയില്‍ രാജഭരണവും കുലഗുരുക്കന്മാരുടെയും മഷിനോട്ടക്കാരുടെയും കുറ്റാന്വേഷണവും  നീതി നിര്‍വഹണവും അവസാനിച്ചിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെന്ന് ഇവരൊക്കെ എന്നാണിനി മനസിലാക്കുക??

ഈ ദേവപ്രശ്നം നടത്തിയ വിദ്വാന്മാര്‍ മറ്റു ചില കാ​‍ര്യങ്ങള്‍ കൂടി മഷിനോക്കി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

1) ശ്രീ സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെ ഉണ്ട്?

2) പറവൂര്‍ പീഡനക്കേസില്‍ എത്ര പ്രതികള്‍ ഉണ്ട്? അതില്‍ ഉള്‍പ്പെട്ട സിനിമാക്കാര്‍ ആരൊക്കെ? രാഷ്ട്രീയ നേതാവ് ആര്?

3) സിസ്റ്റര്‍ അഭയയെ കൊന്നത് ആരൊക്കെ ചേര്‍ന്നാണ്, അഭയ കേസിന്റെ അന്തിമ വിധി എന്നു വരും?

4) സ്വിസ് / മൗറിഷ്യസ് / കരീബിയന്‍ ബങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം എത്ര? അതെങ്ങനെ തിരിച്ച് സര്‍ക്കാരില്‍ മുതല്‍ക്കൂട്ടാം?

5) ഐസ്ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനക്ക് കാറും വീടും സ്ഥലവും വാങ്ങാനുള്ള പണം എവിടന്നു കിട്ടി?

6) ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് കരിപ്പൂരിലേക്കു പോരേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എപ്പോള്‍ പുറപ്പെടും?

7) കൊച്ചി എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡിലെ ടോള്‍ പിരിവ് എന്ന് അവസാനിക്കും?

8) ചേകന്നൂര്‍ മൗലവി എവിടെ? അധവാ മൗലവി കൊലചെയ്യപ്പെട്ടെങ്കില്‍ കൊന്നതാര്?

9) തൊടുപുഴ എസ്സെമ്മെസ് വിവാദത്തിലെ സത്യം എന്ത്?

10) ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ ആയുസ്സെന്നുവരെ?

തല്‍ക്കാലം ഇത്രയും മതി ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായി പ്രവചിക്കൂ എന്നിട്ട് ദേവന്റെ മനസിലിരിപ്പ് പ്രവചിക്കാം.

2011, ഓഗ 5

ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍..!!

കോട്ടയം ടൗണില്‍ നിന്നും മൂന്നു മയില്‍ നടന്നാല്‍ നാട്ടകം കുന്നുമ്പുറം കാണാം എന്ന പാട്ട് നിങ്ങള്‍ ഒക്കെ കേട്ടിട്ടുണ്ടാവും, എന്നാല്‍ മയിലൊക്കെ മാറി കിലോമീറ്ററായതോടെ നാട്ടകം കാരൊക്കെ സ്വന്തം കാറിലും, സ്കൂട്ടറിലും, ഇല്ലാത്തവര്‍ ഓട്ടോയിലും ബസിലുമായി യാത്ര. റൂഡിഞ്ജര്‍ സായിപ്പുണ്ടാക്കിയ സിമന്റ് കമ്പനി മുതല്‍ പ്ലാക്കീലാശാന്റെ ഇഞ്ജന്‍പുര വരെ, ക്ലിമ്മീസ്സ് മെത്രാപ്പൊലീത്താ മുതല്‍ സിദ്ധന്‍ ജോയി വരെ, നാട്ടില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഭൗതികവും ആത്മീയവുമായ എല്ലാ ക്ണാപ്പുകളും ഉള്ള ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്നു നാട്ടകം.

വന്‍കിട മുതലാളിമാര്‍ ഹോംസ്റ്റേ, ഹോട്ടല്‍ ഓണ്‍ വീല്‍സ് തുടങ്ങിയ ബിസിനസ്സ് സമ്രംഭങ്ങളെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പേ നാട്ടകത്ത് അവ നടപ്പില്‍ വരുത്തിയ ദീര്‍ഘദര്‍ശിയായ യംഗ് എന്റെര്‍പ്രേണര്‍ ആയിരുന്നു വടക്കേലെ തങ്കച്ചന്‍, അന്നു പേറ്റന്റ് എന്നു പറയുന്ന സംഭവം ഇന്ത്യാമഹാരാജ്യത്ത് ഇല്ലാതിരുന്നത് കൊടുംചതിയായിപോയി. പണ്ട് ഉണങ്ങിയ കച്ചിയും നെല്ലും ഒക്കെ സൂക്ഷിച്ചിരുന്ന ചായ്പ് മൂന്നായി തിരിച്ച് അതില്‍ പലക കട്ടില്‍, കസേര, മണ്ണെണ്ണ സ്റ്റൌ തുടങ്ങിയവ സ്ഥാ​പിച്ചാണ് തങ്കച്ചന്‍ തന്റെ ഫുള്‍ ഫര്‍ണിഷ്ഡ് ഹോംസ്റ്റേ രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ദൂര ദേശങ്ങളില്‍‍ നിന്നു വന്നു നാട്ടകം ഗവര്‍മെന്റ് കോളേജിലും പോളീടെക്നിക്കിലും പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു തങ്കച്ചന്റെ റ്റെനന്‍സ്. വെള്ളി വൈകുന്നേരം കോളേജില്‍ നിന്നു സ്വന്തം വീട്ടില്‍ പോയാല്‍ തിങ്കള്‍ രാവിലെ നേരിട്ട് കോളേജിലേക്കെത്തുന്ന പതിവായിരുന്നു റ്റെനന്‍സിനുണ്ടായിരുന്നത്, അതുകൊണ്ട് തന്നെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേല്‍പ്പടി ചായ്പില്‍ ചീട്ട് കളി ക്ലബ്ബ് എന്ന മൂല്യ വര്‍ധിത വ്യവസായം കൂടി നടത്തി അധിക വരുമാനം കണ്ടെത്തിയിരുന്നു തങ്കച്ചന്‍. ദോഷം പറയരുതല്ലോ അതിനു പ്രത്യുപകാരമായി ഇടക്കൊക്കെ തന്റെ റ്റെനന്‍സിനു മുളങ്കുഴ ഷാപ്പീന്ന് ഓരോ കുപ്പി തെങ്ങിന്‍ കള്ളു വാങ്ങി കൊടുത്ത് സന്തോഷിപ്പിച്ചിരുന്നു.

സ്വന്തമായി ഒരു കാന്റീന്‍ ഇല്ലാത്ത പോളീടെക്നിക്കിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിശപ്പും ദാഹവും അകറ്റാന്‍ പിറവിയെടുത്ത തങ്കച്ചന്റെ ഹോട്ടല്‍ ഓണ്‍ വീല്‍സ്, കോസ്റ്റ കഫെ യും റൊളാണ്ടൊ യും പോലെ മെര്‍സിഡിസ് - സ്കാനിയാ കാരവനുകള്‍ ആയിരുന്നില്ല പകരം കാര്യറില്‍ വലിയൊരു സ്റ്റീല്‍ ഫ്ളാസ്ക് ഫിറ്റ് ചെയ്ത റാലി സൈക്കിള്‍ ആയിരുന്നു, വിദ്യാര്‍ഥി വര്‍ഗ്ഗത്തിനു ക്രെഡിറ്റ് നല്‍കിയാല്‍ അതു തിരികെ മേടിക്കുന്നത് ധനവാന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് പോലെ വിഷമകരമായതിനാല്‍ ലോകത്ത് ആദ്യമായി പ്രീ പേയ്ഡ് കാപ്പി സംവിധാനം നടപ്പില്‍ വരുത്തിയതും രാജ്യത്തിനകതും പുറത്തുമുള്ള സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ ഇടയില്‍ കാപ്പിച്ചേട്ടന്‍ എന്നറിയപ്പെട്ടിരുന്ന തങ്കച്ചന്‍ തന്നെ.

തങ്കച്ചന് സമകാലീനനും ക്ലാസ്മിസ്റ്റേക്കും സ്ര്‍വ്വോപരി നാട്ടിലെ വിരലിലെണ്ണാവുന്ന പേര്‍ഷ്യക്കാരില്‍ ഒരുവനുമായിരുന്നു ഒരുക്കുഴീലെ ചെല്ലപ്പന്‍. ചെറുപ്പത്തില്‍ കാര്‍ത്യാനിയമ്മ ധാരാളം കോമ്പ്ലാന്‍ കലക്കി കൊടുത്തിട്ടുള്ളതുകൊണ്ടാണോ റേഷന്‍ ഇരുമ്പരിയുടെ ഗുണംകൊണ്ടാണോ ആറടി ഉയരവും അതിനൊത്ത മസിലുമുള്ള ഒത്ത ഒരു ഉരുപ്പടിയായിരുന്നു ചെല്ലന്‍സ്, കള്ളുകുപ്പി കാണുമ്പോല്‍ ഉണ്ടാകുന്ന പരവേശവും ഒരല്‍പ്പം ആത്മപ്രശംസയും മാറ്റിനിര്‍ത്തിയാല്‍ പ്രശസ്തനാകാനുള്ള കുരുത്തക്കേടുകള്‍ ഒന്നും തന്നെ ചെല്ലന്‍സിനു കൈവശമുണ്ടായിരുന്നില്ല, എങ്കിലും ശബരിമലയ്ക്കു പോയപ്പോള്‍ നൂറു പുലിയെ കണ്ട കഥ ചെല്ലന്‍സിന്റെ പേരിലും പ്രചരിക്കുന്നുണ്ട്.

ബ്രൂട്ടിന്റെ മണവും റോത്മാന്‍സിന്റെ പുകയുമായി വന്നിറങ്ങിയ ദിവസം മുതല്‍ ഉള്ള പൂതിയാണ് ഒരു കാര്‍ വാങ്ങണമെന്നത്, അല്ലെങ്കിലും റിയാദില്‍ അറബാബിന്റെ ചവര്‍ലൈറ്റും പോണ്ഡ്യാക്കും ഓടിക്കുന്ന താന്‍ നാട്ടില്‍ ഒരു അമ്പാസിഡറെങ്കിലും ഓടിക്കണ്ടെ? വണ്ടിബ്രോക്കര്‍ കുറുവച്ചനെ വിളിച്ചുവരുത്തി, കുറുവന്‍ പലവുരു ഡയറി തുറന്നു താടിയുഴിഞ്ഞു, ചില മുതലാളിമാരുടെ ഷെഡ്ഡിലും പല റ്റാക്സ്സി സ്റ്റാന്‍ടിലും പോയി; ബമ്പറില്‍ തട്ടി നോക്കി, ബോണറ്റ് പൊക്കി നോക്കി; വില പറയുംബം മാത്രം അവര്‍ക്കെല്ലാം ഒരേ മറുപടിയാരുന്നു.."എന്റെ കുറുവച്ചാ കാപ്പി തണുക്കുന്നേനു മുന്‍പ് കുടിക്ക്, ഈ സാറുപറയുന്ന തുകയ്ക്ക് തല്‍ക്കാലം വില്‍ക്കുന്നില്ല, ഇതിവിടെത്തന്നെ കിടക്കട്ടെ" പതിയേ കാറുമോഹങ്ങള്‍ മാര്‍ക് ത്രീയില്‍ നിന്നും റ്റുവിലേക്കും വെറും ഹിന്ദുസ്ഥാനിലേക്കും കുടിയിറക്കപ്പെട്ടു.

 അങ്ങനെ ഒരു വൈകുന്നേരം മണിപ്പുഴ ഷാപ്പില്‍ രണ്ടു കുപ്പി മൂത്ത തെങ്ങിനും തലക്കറിക്കും മുന്നില്‍ വെച്ചാണ് ചാക്കോ മേസ്തിരിയുടെ വാല്യൂഡ് അഡ്വൈസ് ചെല്ലന്‍സിനു കിട്ടുന്നത് " എന്റെ കുഞ്ഞേ നീയെന്തിനാ അമ്പാസഡറിനു കാശു മുടക്കുന്നേ.. ഇപ്പം കോട്ടേത്തും കഞ്ഞിരപ്പള്ളീലും ഒക്കെ ഉള്ള വല്യ മോലാളിമാരെല്ലാം ജീപ്പല്ലേ മേടിക്കുന്നെ ജീപ്പിനല്ലേ ഇപ്പം സ്റ്റാറ്റസ് കൂടുതല്‍.."   പിന്നെ വല്യ കാശുമൊടക്കില്ലാതെ ചുളുവില്‍ ജീപ്പ് സംഘടിപ്പിക്കാനുള്ള വഴിയും പറഞ്ഞുകൊടുത്തു. താലൂക്കാശുപത്രീല്‍ കണ്ടം ചെയ്ത വണ്ടി ലേലം ചെയ്യുമ്പം ഒരെണ്ണം ലേലംപിടിക്കുക, കെട്ടിവലിച്ച് എന്റെ വര്‍ഷോപ്പില്‍ എത്തിക്കുക, ബാക്കിയൊക്കെ ഞാന്‍ ഏറ്റു അതു നല്ല കുട്ടപ്പനാക്കി കയ്യിത്തരാം.

 മേസ്തിരീടെ പിടിപാടിന്റെ കൂടുതല്‍ കൊണ്ട് 52 മോഡല്‍ വില്ലീസ് ഒന്നു കിട്ടി, അകത്ത് വ‍ളര്‍ന്നു കേറിയ കാടൊക്കെ വെട്ടിമാറ്റി, ഉള്ളില്‍ പെറ്റുകിടന്ന പട്ടിയേം കുഞ്ഞുങ്ങളേം ഒഴിപ്പിച്ച് കെട്ടിവലിച് മേസ്തിരീടെ വര്‍ക്ഷൊപ്പില്‍ എത്തിച്ചു, വരുന്ന വഴിയില്‍ ഇളകി വീണ ഭാഗങ്ങള്‍ പെറുക്കി മറ്റൊരു ഓട്ടോയില്‍ പിന്നാലെ എത്തിച്ചു. തഹസില്‍ദാറുടെ കാറുമുതല്‍ പോലീസ് ക്യാമ്പിലെ ഇടിവണ്ടി വരെ ഏതുതരത്തിലുമുള്ള സര്‍കാര്‍ വാഹങ്ങള്‍ പണിതുകൊടുക്കുന്ന സൂപ്പര്‍സ്പെഷ്യാലിറ്റി ഗാരേജാണ് ചാക്കോമേസ്തിരീടെത്. സര്‍കാര്‍ വണ്ടികളുമായുള്ള സഹവാസം കൊണ്ടാണോ എന്തോ മാസം ഒന്നു കഴിഞ്ഞിട്ടും ജീപ്പ് കുട്ടപ്പനായില്ല,

ആദ്യമൊക്കെ ആഴ്ചയില്‍ ഒന്നു ജീപ്പു കാണാന്‍ വന്നിരുന്ന ചെല്ലപ്പന്‍ പണിയുടെ പുരോഗതി കുറവാണെന്നു മന‍സിലാക്കി എന്നും വര്‍ക്ഷോപ്പില്‍ വന്നിരുപ്പായി, ജീപ്പിന്റെ പണി പെട്ടന്നു തീരുമെന്നുള്ളതിനപ്പുറം തന്റെ സൗദി കഥകള്‍ കേള്‍ക്കാന്‍ പണിക്കാരായ പ്രേക്ഷകരെ കിട്ടിയതായിരുന്നു ചെല്ലപ്പനെ അതിനു പ്രേരിപ്പിച്ചത്. "ഇതൊക്കെ എന്നാ വണ്ടി സൗദീലെ വണ്ടിയല്ലെ വണ്ടി" "ഇതൊക്കെ എന്നാ റോഡ് സൗദീലെ റോഡല്ലെ റോഡ്" എന്ന മട്ടില്‍ പുരൊഗമിച്ച കഥകളില്‍ ആദ്യമൊന്നും മേസ്തിരിക്ക് താല്‍പര്യം തോന്നിയിരുന്നില്ല എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പണിക്കാര്‍ പലരും പാസ്പോര്‍ട്ട് എടുക്കുന്നതെങ്ങിനെയാണെന്നു സംശയം ചോദിച്ചതോടെ മേസ്തിരി അപകടം മണത്തു. പിറ്റേദിവസം തന്നെ ഒരുവിധം പണിയൊക്കെ തീര്‍ത്ത് ബോള്‍ട്ടില്ലാത്തിടത്തൊക്കെ വെല്‍ഡും ചെയ്ത് മിച്ചം വന്ന നീല പെയ്ന്റും അടിച്ച് കൊടുത്ത് വിട്ടു. 



ശനിയാഴ്ചയല്ലേ പണിക്കാരുടെ കണക്ക് നോക്കി ശമ്പളവും കൊടുത്ത് മേസ്തിരിയും ചെല്ലന്റെ കൂടെ ഇറങ്ങി, മണിപ്പുഴയെത്തിയപ്പോളേക്കും "പുതിയ" ജീപ്പൊക്കെ കിട്ടിയതല്ലെ രണ്ട് കുപ്പി അടിച്ചിട്ട് പോകാമെന്നായി മേസ്തിരി, ഒരു കാര്യം ചെയ്യാം നമ്മക്ക് തങ്കച്ചനെക്കൂടെ വിളിച്ച് കൊണ്ട് വരാമെന്നായി ചെല്ലന്‍, ശരി അങ്ങിനെയാകട്ടെ, വണ്ടി നേരേ തങ്കച്ചന്റെ വീട്ടിലേക്ക്.

ഇതേ സമയം തങ്കച്ചന്റെ ചായ്പ് മുറിയില്‍ വാശിയേറിയ ചീട്ട് കളി പുരോഗമിക്കുകയായിരുന്നു, ജീപ്പു വന്നു നില്‍ക്കുന്ന ശബ്ദം കേട്ടതും "പോലീസ്........" എന്നലറിക്കൊണ്ട് ഏതോ ഒരു യുവ കോമളന്‍ ജനലും പൊളിച്ച് ചാടിയതും ഒപ്പം കഴിഞ്ഞു. അതോടെ ബാക്കിയുള്ളവരും പ്രാണരക്ഷാര്‍ഥം കിട്ടാവുന്ന വതിലുകളും ജനലുകളും വഴി നാലുപാടും പാഞ്ഞു. വാതിലും ജനലും ഒന്നും കിട്ടാഞ്ഞ് ഓട് പൊളിച്ച് ചാടാന്‍ ശ്രമിച്ച കാടറോയി മാത്രം അടിവില്ലില്‍ കുരുങ്ങിയ പെരുച്ചാഴിയെപ്പോലെ തട്ടിനും കഴുക്കോലിനുമിടയില്‍ കുടുങ്ങി ത്രിശങ്കു സ്വര്‍ഗ്ഗം കണ്ടു.

ജനം ചിതറി ഓടുന്നത് കണ്ട ചെല്ലന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും കാര്യം മനസിലാക്കി   " നില്‍ക്കടാ അവിടെ, എടാ നില്‍ക്കാന്‍" എന്നു വിളിച്ച് തങ്കച്ചന്റെ പിന്നാലെ ഓടി ഇതു കണ്ടതോടെ തങ്കച്ചനെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണെന്നു കരുതി മറ്റുള്ളവര്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ ശക്തിയില്‍ മുന്നോട്ട് കുതിച്ചു. അടുത്ത വീട്ടില്‍  കുഞ്ഞാടുകളോടൊപ്പം എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എന്ന പാട്ട് പാടിക്കൊണ്ടിരുന്ന മത്തായി ഉപദേശി ഓട്ടക്കാരെക്കണ്ട് അടുത്ത ഭാഗം ഇങ്ങനെ പാടിപ്പോയി "അവനോടിയ വഴിയില്‍ കപ്പളം പിടത്തി ചാണകപ്പൊടി നിരത്തീ...."


പിറ്റേദിവസം മുളങ്കുഴ കവലയില്‍ എത്തിയവരൊക്കെ കണ്ട കാഴ്ച നാട്ടിലെ യുവ കേസരികളില്‍ പലരും ഇറാക്ക് യുദ്ധം കഴിഞ്ഞെത്തിയ അമേരിക്കന്‍ പട്ടാളക്കാരെപ്പോലെ ദേഹമാസകലം പരിക്കുമായി ഞൊണ്ടി നടക്കുന്നതാണ്. എന്തായാലും ജീപ്പു വാങ്ങിയത് ചെല്ലപ്പനെങ്കിലും അയല്വക്കത്തുള്ളവെരുടെ പൊളിഞ്ഞ വേലികള്‍ കെട്ടിക്കൊടുക്കേണ്ട ബാധ്യത തങ്കച്ചന് തന്നെ.