2011, സെപ്റ്റം 30

ഒതുക്കല്‍

തങ്ങള്‍ക്കെതിരേ കേസുകൊടുക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നവെരെ കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒതുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്നു പരിശോധിക്കാം.

മലപ്പുറം - സ്നേഹം - സമ്മാനം

കുഞ്ഞാപ്പ.

മക്കളേ ഞമ്മക്കെതിരാ​‍യ്ട്ട് ഇങ്ങക്കുള്ള കേസെല്ലാം സബൂറാക്കിക്കോളീ.. അനക്ക് ഞമ്മള് ഐശ്ക്രീം തരാം, പൈശാ തരാം, ബീട് കെട്ടിത്തരാം, ബേണോങ്കീ ഷാര്‍ജയ്ക്കും കൊണ്ടോവാം.

കോട്ടയം - തെണ്ടിപ്പിള്ളാരേ വിട്ട് തെറി വിളിപ്പിക്കും.

മാണിച്ചായന്‍.

അരാടാ നമ്മെടെ പുതുപ്പള്ളീലൊള്ള സൊന്തക്കാരന്‍ കുഞ്ഞൂഞ്ഞിനെതിരേ കേസു കൊടുത്തെ? എടാ... ജോര്‍ജ്ജേ......... നീ പോയി അവന്മാരെ പത്ത് പുളിച്ച തെറിവിളി, അവമ്മാര്‍ കേസും വിട്ട് കുറ്റീം പറിച്ചോടട്ട്... ഹല്ല പിന്നെ.

കൊട്ടാരക്കര - ആസനത്തില്‍ ആപ്പ്

പുള്ളാച്ചന്‍

ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ​..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.ഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന്‍ പേടിക്കണ്ട.

പനി ബാധിച്ചു മരിക്കുമ്പോള്‍

വീണ്ടും പനിയെക്കുറിച്ചു തന്നെ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു. ദിനംപ്രതി പനിമരണങ്ങളുടെ സംഖ്യ വര്‍ധിക്കുമ്പോഴും നിയമസഭയില്‍ ഇറങ്ങിപ്പോക്കും വാക്പയറ്റും നടത്തി ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണ് നമ്മുടെ ജനപ്രതിനിധികള്‍. പനി ബാധിച്ചു മരിച്ചവരെല്ലാം കരള്‍രോഗികളാണെന്നു വരെ ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രസംഘം അങ്ങനെ തന്നോടു പറഞ്ഞതായാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, കേന്ദ്രസംഘം റിപ്പോര്‍ട്ടു നല്‍കിയിട്ടില്ലെന്ന് മന്ത്രി തന്നെ പിറ്റേന്നു തിരുത്തിപ്പറയുകയും ചെയ്തു.

പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെ നേരിടേണ്ടതിനു പകരം അപഹാസ്യമായ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ദയവായി പുറപ്പെടുവിക്കാതിരിക്കുക. കേരളത്തില്‍ പനി പടരുന്നത് മന്ത്രിയുടെ വ്യക്തിപരമായ എന്തെങ്കിലും കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല.  മ്ന്ത്രി പനിമരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചതിലെ യുക്തി മാത്രമാണു മനസിലാകാത്തത്.

മാധ്യമങ്ങള്‍ പനിയെക്കുറിച്ചു വാര്‍ത്ത നല്‍കുന്നതിനോട് അസഹിഷ്ണുത പുലര്‍ത്തേണ്ട കാര്യമില്ല. നാട്ടില്‍ നടക്കുന്നത് പ്രസിദ്ധീകരിക്കുകയെന്നതാണ് മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്തവും.  സ്വന്തം കടമ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്ക് അത് ഒരുപക്ഷേ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകാം. അതു ഇവിടുത്തെ സാധാരണ ജനങ്ങളുടെ കുറ്റമല്ല. രാഷ്ട്രീയക്കാരുടെ അസ്വസ്ഥതകള്‍ക്കു മൂലകാരണമാകുന്നത് അവര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ അറിയുമ്പോഴാണ്. ഇവിടെയും അതു തന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി തിരുത്തല്‍ പറഞ്ഞെങ്കിലും, അതു മരിച്ചവരുടെ കുടുംബങ്ങളോടുളള നീതിയാണെന്നു പറയാനാവില്ല. കരളിനു രോഗം ബാധിച്ചത് പനി മൂലമാണോയെന്നെങ്കിലും മന്ത്രിക്ക് അന്വേഷിക്കാമായിരുന്നു. മരണങ്ങളെല്ലാം സംഭവിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണെന്നാണ് കേട്ടിട്ടുള്ളത്. അങ്ങനെയെങ്കില്‍ എല്ലാവരും മരിക്കുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നു പറയുന്നതു പോലെ ബാലിശമായ വാദമാണ് മന്ത്രിയും അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ച കേന്ദ്രസംഘവും ഉയര്‍ത്തിയത്.

കേരളത്തില്‍ പനി പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയുന്നവര്‍ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുക തന്നെയാണ്. അത്തരം വെല്ലുവിളികള്‍ കേരളത്തില്‍ വേണ്ട. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളോടു കാണിക്കുന്ന ധാര്‍ഷ്ട്യം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നതു നല്ലതാണ്.

നാടാകെ പനി പടര്‍ന്നു കിടക്കുമ്പോള്‍ നിയമസഭയുടെ അകത്തളങ്ങളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി പോര്‍വിളി തുടരുന്നതും അപലപനീയം തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനാണ് പൊതുപ്രവര്‍ത്തകര്‍ ഈ അവസരത്തില്‍ തയാറാകേണ്ടത്. അതിനു പകരം, ശബ്ദകോലാഹലം സൃഷ്ടിക്കുകയാണവര്‍.  വിലകുറഞ്ഞ പ്രസ്താവനകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് മാധ്യമങ്ങളും രംഗം കൊഴുപ്പിക്കുന്നു. ഇത്തരം നടപടികളെ ഒരുവിധത്തിലും ജനോപകാരപ്രദമെന്നു വിശേഷിപ്പിക്കാനാവില്ല.

ദിവസവും ഇവിടെ പനി ബാധിച്ച് പലരും മരിച്ചു. ആശുപത്രികളില്‍ പനിബാധിതരുടെ വന്‍തിരക്കാണ്. അവിടെ അടിസ്ഥാന സൗകര്യം ആവശ്യത്തിനുണ്ടോയെന്ന് അന്വേഷിക്കാന്‍ ആരെയും കാണുന്നില്ല. എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആവര്‍ത്തിച്ചു പ്രസ്താവനയിറക്കുന്നതല്ലാതെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് ആരും നോക്കുന്നില്ല.

പനി പടരുന്നതിന്റെ കുറ്റം മുഴുവന്‍ തട്ടുകടക്കാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമവും ഇതിനൊപ്പം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, തട്ടുകടകളേക്കാള്‍ ശുചിത്വരഹിതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍ ഇവിടെയുണ്ട്. അവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയിലേതെന്നു ചൂണ്ടിക്കാണിച്ചുള്ള ഒരു വീഡിയോദൃശ്യം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. കണ്ണാടിയലമാരയ്ക്കുളളിലിരിക്കുന്ന ഭക്ഷണവസ്തുവില്‍ എലി കയറിയിരിക്കുന്ന ഈ ദൃശ്യം കേരളത്തിലെ വന്‍കിട ഹോട്ടലുകളുടെയെല്ലാം ഉള്ളറകളില്‍ നടക്കുന്നതു തന്നെ.

ഏതെങ്കിലും വന്‍കിട ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഇതേവരെ ഉദ്യോഗസ്ഥ വൃന്ദം തയാറായിട്ടില്ല. തട്ടുകടകള്‍ രാത്രി പന്ത്രണ്ടിനു ശേഷം പ്രവര്‍ത്തിക്കേണ്ടെന്നതാണ് മറ്റൊരു നിര്‍ദേശം. പന്ത്രണ്ടു മണിക്കു ശേഷമാണ് ഭൂത,പ്രേതാദികള്‍ ഇറങ്ങുന്നതെന്ന് പഴയ കെട്ടുകഥകളില്‍ പറയുന്നതു പോലെ, പനി പരത്തുന്ന വൈറസുകള്‍ അര്‍ധരാത്രിക്കു ശേഷം തെരുവിലേക്കിറങ്ങുന്നു എന്നാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കരുതുന്നത്?

ഈ കെടുകാര്യസ്ഥത അടിയന്തരമായി അവസാനിപ്പിച്ചേ തീരൂ. പനിയുടെ പിടിയില്‍പ്പെട്ട് കേരളത്തില്‍ ഇനിയാരും മരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കൊലപാതകക്കുറ്റം ചുമത്തി മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് ജനം ശ്രമിക്കേണ്ടത്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണയാണു വായിച്ചതെങ്കില്‍, പനി ബാധിച്ചു ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ കേരളത്തിലെ ജനപ്രതിനിധികള്‍ അഴിമതി ചെയ്തതെന്നതിന്റെ കണക്കെടുത്തു രസിക്കുകയാണ്. ഈ നയത്തെ ശുദ്ധ തെമ്മാടിത്തമെന്നേ മാന്യമായ ഭാഷയില്‍ വിശേഷിപ്പിക്കാനാവൂ.

2011, സെപ്റ്റം 28

വെല്ലുവിളി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ?

കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ മദ്യപാനത്തെത്തുടര്‍ന്നു മരിച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതു തന്നെ. അമിതമായി മദ്യപിച്ചതിലൂടെയുണ്ടായ നിര്‍ജലീകരണമാണു മരണകാരണമെന്നാണു കണ്ടെത്തല്‍. സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവരല്ല മരിച്ചത്. ഇക്കാരണത്താലാകാം വലിയ കോലാഹലമൊന്നും ഉയര്‍ന്നു കണ്ടില്ല.

അമിത മദ്യപാനമാണു മരണകാരണമെന്ന് തുടക്കത്തിലേ പറഞ്ഞ എക്‌സൈസും പൊലീസും കേരളത്തില്‍ ഈ പ്രദേശത്തു മാത്രമായി അതു കഴിഞ്ഞ ദിവസം സംഭവിച്ചതെങ്ങനെയെന്നു കൂടി വ്യക്തമാക്കണം. നിത്യവും മദ്യപിക്കുന്നവരാണ് മരിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മരണകാരണം മദ്യത്തിലടങ്ങിയ മറ്റെന്തോ ആയിരിക്കാം. അത് എന്താണെന്നാണു കണ്ടെത്തേണ്ടത്.

കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലുള്‍പ്പെടെ വ്യാജമദ്യം സുലഭമാണെന്നതാണു വസ്തുത. ബാറുകളില്‍ പെഗ് അളന്നു നല്‍കുന്ന മദ്യം എന്താണെന്നു കൂടി ആര്‍ക്കും പറയാനാവില്ല. ഈ പശ്ചാത്തലം വിസ്മരിച്ചാവരുത് ഇതേക്കുറിച്ചുള്ള അന്വേഷണം.

മനുഷ്യന്റെ മരണത്തിനു കാരണമാകുന്ന തരത്തിലുള്ള മദ്യം വില്‍ക്കാതിരിക്കാന്‍ എന്താണ് തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ വര്‍ഷവും മദ്യപാനികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന സംസ്ഥാനമാണു കേരളം. ചാലക്കുടിക്കാരെ തോല്‍പ്പിക്കാന്‍ കരുനാഗപ്പള്ളിക്കാര്‍ ഓണത്തിന് കച്ചകെട്ടിയ വര്‍ഷമാണിത്. യുവാക്കള്‍ മാത്രമല്ല, കൗമാരപ്രായക്കാര്‍ വരെ മദ്യത്തിന്റെ അടിമകളായി മാറുകയാണെന്നത് തീര്‍ത്തും നിസാരമല്ല.

പുരുഷന്‍മാര്‍ മാത്രമാണു മദ്യപാനികളെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍, ധാരാളം പെണ്‍കുട്ടികളും സ്ത്രീകളും മദ്യത്തിനടിമകളായിട്ടുണ്ടെന്നതാണു സത്യം. കോളജ് ഹോസ്റ്റലുകളിലടക്കം പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു എന്നാണ് അറിയുന്നത്. ഇങ്ങനെ സംഭവിക്കാന്‍ കാരണമായത് അന്ധമായ പാശ്ചാത്യ സംസ്കാര അനുകരണം തന്നെ. പാശ്ചാത്യര്‍ മദ്യപിക്കുന്നതോ ലൈംഗിക അരാജകത്വത്തിലേക്കു പോകുന്നതോ മാതൃകയാക്കുന്നവര്‍, അവരുടെ നല്ല ഗുണങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നതാണു ദുഃഖകരമായ സംഗതി. സ്ത്രീ സ്വാതന്ത്ര്യമെന്ന് മുറവിളി കൂട്ടുന്ന വനിതാ വിമോചക സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളിലും മുഖ്യമായി നില്‍ക്കുന്നത് സ്ത്രീകള്‍ക്കു മദ്യപിക്കാനുള്ള അവകാശമാണ്. ഒപ്പം ലൈംഗിക സ്വാതന്ത്ര്യമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വ്യഭിചാരത്തിനുള്ള സ്വാതന്ത്ര്യവും. ഇത്തരം കുറേപ്പേര്‍ ചേര്‍ന്നാണ് നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത്. വീടുകളില്‍ കൗമാരപ്രായക്കാര്‍ മദ്യപിച്ചെത്തുന്നതിനെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണു മാതാപിതാക്കള്‍. സ്വയം നശിച്ചവര്‍ക്ക് മക്കളെ നേര്‍വഴി കാണിക്കാന്‍ സാധിക്കില്ലല്ലോ.

കൊല്ലത്തുണ്ടായത് മദ്യദുരന്തം തന്നെയാണ്. അത് മറ്റെന്തോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്ന പിടിവാശി എന്തിനാണ്?വ്യാജവാറ്റും വ്യാജമദ്യവും സുലഭമായി കേരളത്തിലെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരും മാധ്യമങ്ങളുമൊക്കെ ഇത് അറിഞ്ഞിട്ടും എക്‌സൈസ് വകുപ്പു മാത്രം അറിയുന്നില്ല. മാസം തോറും ലഭിക്കുന്ന പടിയുടെ അളവു നോക്കി മാത്രം റെയ്ഡു നടത്തുകയെന്നതാണ് എക്‌സൈസിന്റെ പണ്ടേയുള്ള രീതി.

ബാറുകളിലടക്കം കൃത്യമായ പരിശോധന നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയാറല്ല. ശമ്പളമായി ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങു തുക ബാറുകാരില്‍ നിന്നു മാസം തോറും അവര്‍ക്കു ലഭിക്കുന്നു. അക്കാരണത്താല്‍ നാട്ടുകാര്‍ കുടിച്ചു മരിച്ചാലും അവര്‍ അനങ്ങില്ല, എക്‌സൈസ് വകുപ്പിന്റെ ചുമതലയേറ്റപ്പോള്‍ മന്ത്രി കെ.ബാബു പറഞ്ഞത് കേരളത്തെ മദ്യമുക്തമാക്കണമെന്നാണു തന്റെ ആഗ്രഹമെന്നാണ്. അത് ആത്മാര്‍ത്ഥമായി പറഞ്ഞതാണെങ്കില്‍ അടിയന്തരമായി മറ്റു ചിലതു ചെയ്യണം. ഒറ്റയടിക്കു മദ്യനിരോധനം പ്രാവര്‍ത്തികമല്ല. നിലവില്‍ കേരളത്തില്‍ വിറ്റഴിക്കുന്ന മദ്യം അതിന്റേതായ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. എക്‌സൈസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ മന്ത്രിക്കു സാധിക്കണം. അതിന് പ്രാഥമികമായി ആവശ്യം ഉറപ്പുള്ള നട്ടെല്ലാണ്. അതുണ്ടെന്ന് മന്ത്രി സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ വകുപ്പിലെ കൈക്കൂലി അവസാനിപ്പിക്കാന്‍ സാധിക്കും.

കൈക്കൂലിക്കു വേണ്ടി മാത്രം ദിവസവും ഉണരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥിരമായി വീട്ടിലിരിക്കാന്‍ അനുവദിക്കുക. അവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ എല്ലാം നല്‍കി പിരിച്ചുവിടണം. അങ്ങനെ നല്‍കാനുള്ള തുക ബാറുടമകള്‍ തന്നെ ചെലവഴിക്കട്ടെ. അല്ലെങ്കില്‍, ജനങ്ങള്‍ക്കു മുന്നിലേക്ക് ഉദ്യോഗസ്ഥരെ വിട്ടു കൊടുക്കുക. കൃത്യമായ പരിശോധന ഓരോ ബാറുകളിലും നടക്കണം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലാണ് അടിയന്തരമായി പരിശോധന നടത്തേണ്ടത്. ദിനംപ്രതി അതിര്‍ത്തി കടന്നെത്തുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റാണു നിറം ചേര്‍ത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിറ്റഴിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ മന്ത്രിക്കു ധൈര്യമുണ്ടോ?

വ്യാജമദ്യക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിലെ മറ്റാരും സഹായിക്കാനില്ലെങ്കില്‍ അക്കാര്യം മന്ത്രി തുറന്നു പറയുക. കേരളത്തിലെ ചെറുപ്പക്കാരടക്കമുള്ള ജനങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ടാകും. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സഹായമില്ലാതെ വ്യാജമദ്യക്കച്ചവടക്കാരെ പിടികൂടാന്‍ സാധിക്കും. ഓരോ കവലയിലും ജനകീയ സമിതികള്‍ രൂപീകരിക്കണം. അവര്‍ക്ക് വ്യാജമദ്യക്കാരെ പിടികൂടാനുള്ള സ്വാതന്ത്ര്യവും അധികാരവും നല്‍കണം. മദ്യക്കച്ചവടക്കാരെ പിടികൂടുമ്പോള്‍ പറന്നെത്തി തടസപ്പെടുത്താന്‍ പൊലീസിനെ അനുവദിക്കരുത്. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ കൈക്കൂലി സ്വപ്‌നം കണ്ടു ജീവിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും ഈ സമിതിക്കു വിട്ടുകൊടുക്കുക. അവര്‍ കാണിച്ചു തരും എങ്ങനെയാണ് ഉദ്യോസ്ഥരെക്കൊണ്ട് ജോലിയെടുപ്പിക്കേണ്ടതെന്ന്.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ? സര്‍ക്കാരിലെ സഹജീവികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അക്കാര്യം വാര്‍ത്താസമ്മേളനം നടത്തി തുറന്നു പറയണം. ആരൊക്കെയാണ് വ്യാജമദ്യക്കാര്‍ക്കു വേണ്ടി വാദിക്കുന്നതെന്നു ജനം അറിയട്ടെ. തേച്ചു മിനുക്കിയ വേഷവുമിട്ട് നിറഞ്ഞ ചിരിയുമായി നടക്കുന്ന നേതാക്കളുടെ തനിനിറം എല്ലാവരും അറിയട്ടെ. അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ മാത്രം മന്ത്രി ഈ വെല്ലുവിളി സ്വീകരിക്കുക.

2011, സെപ്റ്റം 26

തോമാശ്ലീഹായും മലയാളികളും

തോമാശ്ലീഹാ കേരളത്തിലെത്തി യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും പുനരുദ്ധാനത്തെയും പറ്റി കേരളത്തിലങ്ങോളമിങ്ങോളം സുവിശേഷം അറിയിച്ചു, ആരും അദ്ദേഹത്തെ ഗൗനിച്ചില്ല.

മനസുമടുത്ത് ഇവിടം വിട്ടു മൈലാപ്പൂരിനു പോകുന്നതിനു മുന്‍പായി അവസാന ശ്രമം എന്ന നിലയില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുത സംഭവത്തെപ്പറ്റി ഒന്നു രണ്ടിടത്ത് പ്രസംഗിച്ചു.

വീണ്ടും അത്ഭുതം... കുന്നംകുളം മുതല്‍ ഏനാത്ത് വരെയുള്ള മധ്യകേരളത്തിലെ പകുതിയിലധികം ആളുകള്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് മാര്‍ഗ്ഗം കൂടി.


(തെളിവ് : ബിവറേജസ് കോര്‍പറേഷന്റെ ബാലന്‍സ് ഷീറ്റ്)

2011, സെപ്റ്റം 24

നാലു സിലിണ്ടറുകള്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനും സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനുമുള്ള കേന്ദ്രനീക്കം റിലയന്‍സിനെ സഹായിക്കാനാണെന്ന സംശയം ബലപ്പെട്ടു.

നന്ദന്‍ നിലേകാനി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഓരോ വീടിനും വര്‍ഷം നാലു സിലിണ്ടറുകള്‍ മാത്രമായി കുറയ്‌ക്കാനുള്ള തത്രപ്പാടിലാണു കേന്ദ്രസര്‍ക്കാര്‍. ഇതു മുന്നില്‍ക്കണ്ട്‌ എല്‍.പി.ജി. വിതരണം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണു റിലയന്‍സ്‌.

2012 ഏപ്രില്‍ മുതല്‍ സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനാണു സര്‍ക്കാര്‍ തീരുമാനം. ഈ സിലിണ്ടറുകള്‍പോലും വിപണിവിലയ്‌ക്കു വാങ്ങിയശേഷം വര്‍ഷാന്ത്യത്തില്‍ സബ്‌സിഡി തുക ഓരോ പെര്‍മിറ്റിനും വകവച്ചു നല്‍കുന്ന രീതിയാണു പരിഗണിക്കുന്നത്‌. ഇതുസംബന്ധിച്ചു കഴിഞ്ഞദിവസം ചേരാനിരുന്ന മന്ത്രിതലയോഗം രാഷ്‌ട്രീയസമ്മര്‍ദങ്ങളേത്തുടര്‍ന്നു മാറ്റിവച്ചെങ്കിലും അടുത്ത യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

വീടുകളില്‍ വര്‍ഷം ശരാശരി 6-10 എല്‍.പി.ജി. സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്‌. ഭാവിയില്‍, നാലാം സിലിണ്ടറും ആളിത്തീരുന്നതോടെ ഉപയോക്‌താക്കള്‍ക്കു ഗ്യാസ്‌ കുറ്റികള്‍ വേറെ തേടേണ്ടിവരും. ഇതിലാണു റിലയന്‍സിന്റെ കണ്ണ്‌. വിപണിവിലയ്‌ക്കു പാചകവാതകം വാങ്ങണമെങ്കില്‍ നിലവിലെ നിരക്കില്‍ 685 രൂപ നല്‍കേണ്ടിവരും.

സബ്‌സിഡിയും എണ്ണക്കമ്പനികളുടെ ലാഭക്കുറവും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്‌ക്കു ദോഷമാണത്രേ! ഇക്കാരണം പറഞ്ഞു പെട്രോളിയം മന്ത്രാലയവും ആസൂത്രണ കമ്മിഷനും  ഒത്തുപിടിക്കുന്നതു റിലയന്‍സ്‌ പോലുള്ള സ്വകാര്യകുത്തകകളെ സഹായിക്കാനാണെന്നാണ്‌ ആരോപണം. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ സ്വകാര്യ പെട്രോളിയം കമ്പനികള്‍ വന്‍ലാഭം നേടുന്നുണ്ട്‌. ഡീസല്‍ വില സ്വതന്ത്രമാക്കാനുള്ള സമ്മര്‍ദവും തുടരുകയാണ്‌. ഇതിനൊപ്പം എല്‍.പി.ജി. വിതരണത്തിലെ പരിഷ്‌കാരവും സ്വകാര്യമേഖലയ്‌ക്കു നേട്ടമാകും.

ഭാവിനടപടികള്‍ക്കു മുന്നോടിയായി അടുത്തിടെ പൊതുമേഖലാ കമ്പനികള്‍ ഗ്യാസ്‌ ഏജന്‍സികള്‍ക്കു പല നിര്‍ദേശവും നല്‍കുന്നുണ്ട്‌. കമ്മിഷന്‍ ഗണ്യമായി കുറച്ചതിനെയും വിതരണക്കാര്‍ സംശയത്തോടെയാണു കാണുന്നത്‌. വിതരണവ്യവസ്‌ഥകള്‍ അനാകര്‍ഷകമാക്കി ഏജന്‍സികളെ റിലയന്‍സ്‌ ഗ്യാസിലേക്കു ചുവടുമാറ്റാനുള്ള നീക്കമാണത്രേ ഇത്‌. കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സിന്റെ പ്രകൃതിവാതക (എല്‍.എന്‍.ജി) ഖനനം ഊര്‍ജിതമായിട്ടുണ്ട്‌. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതരുമായി ഒത്തുകളിച്ചാണു നദീതടത്തില്‍ റിലയന്‍സ്‌ ആധിപത്യമുറപ്പിച്ചത്‌.

വാതക ഇടപാടുകളില്‍ വന്‍ക്രമക്കേടു നടന്നതായി അടുത്തിടെ സി.എ.ജി. കണ്ടെത്തിയിരുന്നു. ഗോദാവരി തടത്തില്‍നിന്നു പ്രകൃതിവാതകം വ്യവസായാടിസ്‌ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കാന്‍ റിലയന്‍സ്‌ അധിപനും കോണ്‍ഗ്രസിന്റെ അടുപ്പക്കാരനുമായ മുകേഷ്‌ അംബാനി ലക്ഷ്യമിടുന്നു.

പൈപ്പ്‌ ലൈന്‍ വഴി വാതകം വീടുകളിലെത്തിക്കുന്ന പദ്ധതിയാണിത്‌. സിറ്റി ഗ്യാസ്‌ ശൃംഖല വിജയിക്കാനും സബ്‌സിഡി നിരക്കിലുള്ള ഗ്യാസ്‌ സിലിണ്ടറുകള്‍ അപ്രത്യക്ഷമാകേണ്ടതുണ്ട്‌.വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, സെപ്റ്റം 20

വി.മത്തായി 5 : 22, 23 & 24


(വി.മത്തായി 5 : 22, 23, 24)
ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.   ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍  നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

(വി.മത്തായി 5 : 39,40 )
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.

(വി.മത്തായി 6 : 5,14 & 15 )
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര്‍ മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

(വി.മര്‍ക്കോസ് 4 : 23, 24 )
കേള്‍പ്പാന്‍ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.

(വി.മര്‍ക്കോസ് 7 : 6 )
അവന്‍ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”

(വി.മര്‍ക്കോസ് 11 : 25, 26 )
നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങള്‍ക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍. നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

ബൈബിള്‍ വചനങ്ങള്‍ക്ക് അവലംബം.
http://malayalambible.in/


ഈ വിഷയത്തില്‍ കൂതറ തിരുമേനിയുടെ പോസ്റ്റ് കൂടി കണ്ടിട്ട് പോകൂ..

http://kootharaavalokanam.blogspot.com/2011/09/305_20.html

2011, സെപ്റ്റം 18

കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം

സ്വന്തം രാജ്യത്തെ പൗരന്‍മാരെ ഏതു വിധത്തിലാണ് സ്‌നേഹിക്കേണ്ടതെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍. കഴിവിന്റെ പരമാവധി ജനങ്ങളെ കഷ്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറുന്ന കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കേണ്ട സമയമാണിത്. അന്തിമ അഭിവാദ്യം.

പെട്രോളിന്റെ വില തോന്നിയതു പോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം അവര്‍ വിനിയോഗിക്കുന്നു എന്നതില്‍ അതിശയമില്ല. സമാനമായ രീതിയില്‍ മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ എടുത്തു കളയാവുന്നതാണ്. പൊലീസിനടക്കം സര്‍വാധികാരവും നല്‍കിയാല്‍ അധികം വൈകാതെ കുറച്ചു നേതാക്കളൊഴികെയുള്ള ഇന്ത്യന്‍ ജനത ഒന്നാകെ ചത്തൊടുങ്ങിക്കൊള്ളും.

ഇത്രയേറെ ധിക്കാരമുളള ഒരു സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഒന്നാം യൂപ്പിയേ സര്‍ക്കാരില്‍ ഇടത് കക്ഷികള്‍ക്ക് നിര്‍ണ്ണയക സ്വാധീനമുണ്ടായിരുന്നത് ഇത്തരം ജനദ്രോഹ നടപടികള്‍ നിര്‍‌ലോഭം കൈക്കൊള്ളുന്നതില്‍ നിന്നും ഒരു പരിധി വരെ ഭരണക്കാരെ പിന്തിരിപ്പിച്ചിരുന്നു എന്നാല്‍ ക്ഷീണിതരായ ഇടതു കക്ഷികളുടെ പിന്തുണയുടെ ആവശ്യമോ സാധരണക്കാരുടെ ഒരു പ്രതിനിധി പോലുമോ ഇല്ലാത്ത രണ്ടാം യൂപ്പിയേ സര്‍ക്കാര്‍  ഓരോ ദിവസവും ജനങ്ങളുടെ മേല്‍ ഓരോ പുതിയ ഭാരം കെട്ടിവയ്ക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്ന ധാരണയിലാണ് മുന്നേറുന്നത്.

സാമ്പത്തിക ശാസ്ത്രത്തിന്റെ എഴുതി വച്ചിരിക്കുന്ന തിയറികളില്‍ അധിഷ്ഠിതമല്ല ഇന്ത്യക്കാരായ സാധുക്കളുടെ സാമാന്യ ജീവിതം. അതു തിരിച്ചറിയാന്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിംഗിനു സാധിക്കുന്നില്ലെന്നു തോന്നുന്നു. അതോ, അദ്ദേഹത്തിന് പുറമേ കാണുന്ന അധികാരം മാത്രമേയുള്ളോ? ചെയ്തു കൂട്ടുന്നതൊക്കെ തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത പ്രതിസന്ധിയിലാണു പ്രധാനമന്ത്രിയെന്നും കരുതാം. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഓരോ ചലനങ്ങളെയും സസൂക്ഷ്്മം നിരീക്ഷിക്കുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതം തിയറിക്കപ്പുറമുള്ള ഏതോ മിത്താണ്.

ഇവിടെ അന്നന്നത്തെ അന്നത്തിനു വേണ്ടി പകലന്തിയോളം കഷ്ടപ്പെട്ടു പണിയെടുക്കുന്ന ജനങ്ങളുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന് അവരുടെ ജീവിതത്തില്‍ വലിയ കാര്യമൊന്നുമില്ല. അത്തരം തിയറികള്‍ പഠിച്ചിട്ടല്ല അവര്‍ പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും മഞ്ഞിലുമൊക്കെ അലയുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദിനംപ്രതി ഇരുട്ടടി കിട്ടുന്നു എന്നതാണു വാസ്തവം. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുന്നത് വാഹനങ്ങള്‍ ഉള്ളവരെ മാത്രമല്ല ബാധിക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സാമ്പത്തിക വിദഗ്ധനെക്കൊണ്ട് ഈ നാടിന് എന്താണു പ്രയോജനം?

ശാന്ത സ്വഭാവിയെന്നോ സമാധാനപ്രിയനെന്നോ ഉള്ള വിശേഷണങ്ങളേക്കാള്‍ ജനക്ഷേമതത്പരനും കര്‍ക്കശക്കാരനും ധീരനുമായ ഭരണാധികാരിയെയാണ് നാടിനാവശ്യം. കുറേ ഉത്തരേന്ത്യന്‍ ഗോസായിമാരുടെ സ്വാര്‍ത്ഥ താത്പര്യത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടയാളല്ല ഇന്ത്യയുടെ ഭരണ സാരഥി.

നാലു മാസത്തിനിടെ രണ്ടു വട്ടം പെട്രോളിന്റെ വില കുത്തനെ കൂട്ടി. ഓരോ തവണയും അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന ചലനങ്ങള്‍ ചൂണ്ടിക്കാണിച്ചാണു വില കയറ്റുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഇപ്പോഴുള്ള വിലയുടെ വലിയൊരു ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണെന്ന് അറിയാത്തവരല്ല ഇവിടെയുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നാല്‍ അതനുസരിച്ചു വില ഉയര്‍ത്തുന്നവര്‍ തന്നെയാണ് ലോകത്തിലെ മറ്റു രാഷ്ട്രങ്ങളും. അവിടെയെങ്ങും ഇന്ത്യയിലേതിനു തുല്യമായ വന്‍ വില പെട്രോളിനില്ല. ഇവിടെ മാത്രം വില ഉയര്‍ത്താനും പിന്നീട് ഒരിക്കലും കുറയ്ക്കാതിരിക്കാനും കമ്പനികളെ അനുവദിച്ചിരിക്കുന്നു. സര്‍ക്കാരിന് പെട്രോളിയത്തിന്റെ വിലനിര്‍ണയത്തില്‍ അവകാശം വേണ്ടെന്നു നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി.

വില വര്‍ധന അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന സൂചന വന്നതോടെ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകളെല്ലാം സന്ധ്യയോടെ അടച്ചുപൂട്ടിയിരുന്നു. സ്റ്റോക്ക് കിടക്കുന്ന പെട്രോള്‍ കൂടിയ വിലയ്ക്കു വിറ്റഴിക്കാനുള്ള തന്ത്രം തന്നെയാണത്. നിലവിലുള്ള സ്‌റ്റോക്കിന് മുന്‍പ്രാബല്യത്തോടെ വിലവര്‍ധന വരുത്തുന്നതിലെ ഔചിത്യം എന്താണ്? കമ്പനികള്‍ സ്റ്റോക്കിന്റെ കണക്കെടുക്കുന്നുണ്ടെന്നും, അതനുസരിച്ച് പുതിയ വില പമ്പുകാരില്‍ നിന്ന് ഈടാക്കുമെന്നുമൊക്കെയാണു പൊതുവേ പറഞ്ഞു പോരുന്നത്. ഇതേ രീതി, വില കുറയ്ക്കുമ്പോഴും നടപ്പാക്കാത്തതിന്റെ കാരണം മാത്രം ആരും വ്യക്തമാക്കുന്നില്ല. വില കുറച്ചാലും രണ്ടും മൂന്നും ദിവസത്തേക്ക് കൂടിയ വിലയാണു പമ്പുകാര്‍ ഈടാക്കാറുള്ളത്. പഴയ സ്റ്റോക്ക് തീര്‍ന്നിട്ടില്ലെന്ന ന്യായവാദവുമുണ്ടാകും.

ഇത്തരം സകലവിധ അനീതികള്‍ക്കും പച്ചക്കൊടി വീശുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ മത്സരിക്കുകയാണവര്‍. വില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാനുള്ള വിധേയത്വമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. പ്രതിദിനം പതിനഞ്ചു കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്കുണ്ടാകുന്നു എന്നാണ് മറ്റൊരു വാദം. അങ്ങനെയങ്കില്‍, നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ ഇളവു വരുത്തി ആ നഷ്ടം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നത് തികച്ചും അപലപനീയം തന്നെ.

സ്വാഭാവികമായും, ഓട്ടോറിക്ഷാ തൊഴിലാളികളടക്കമുള്ളവര്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടു സമരത്തിനിറങ്ങും. അവരുടെ ആവശ്യവും അംഗീകരിക്കപ്പെടും. സംഘടിത ശക്തിയില്ലാത്ത ദിവസക്കൂലിക്കാരും സ്വയംതൊഴിലുകാരുമൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കുക.

രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നില ഭദ്രമായിരിക്കേണ്ടത് ഓരോ ഭരണാധികാരിയുടെയും കടമയാണ്. അത് അവര്‍ നിറവേറ്റുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിച്ച് നരകയാതനയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പ്രതിഷേധത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതും ഈ യാതനയില്‍ മനംമടുത്തു തന്നെ. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെങ്കിലും, സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റു വിളിക്കേണ്ടതു തന്നെ. ജനകീയ ശക്തിക്കു മുന്നില്‍ ഏതു വലിയ ധാര്‍ഷ്ടത്തിനും അടിയറവു പറയേണ്ടിവരുമെന്ന് യുപിഎ സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്.

ഉണരുക, പൊരുതുക അടിമത്തത്തിന്റെ കാണാച്ചങ്ങലകള്‍ക്കെതിരേ... നമുക്കും ജീവിക്കാനുള്ള അവകാശത്തിനായി. ജനങ്ങളാല്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി നീതിയുക്തമായി ഭരിക്കപ്പെടുന്നൊരിന്ത്യക്കു വേണ്ടി.

2011, സെപ്റ്റം 15

രാജേഷിന്റെ പ്രസ്താവനയും മാനസിക വിഭ്രാന്തി പിടിപെട്ട കുറേ മാധ്യമങ്ങളും

കുഞ്ഞാലിക്കുട്ടിക്കും പിള്ളയ്ക്കുമെതിരേ എരിവും പുളിയും ചേര്‍ത്തു ചില നേതാക്കള്‍ പറയുന്നതു കയ്യടി കിട്ടാനാണെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷിന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. കുറഞ്ഞ അധ്വാനം കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ പ്രസംഗകര്‍ക്കു സാധിക്കുമെന്നല്ലാതെ ഇതുകൊണ്ട് സമൂഹത്തിനു ഗുണമൊന്നുമുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്കരിച്ചുകൊണ്ട് വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ രൂപംകൊള്ളുന്ന അഭിപ്രായം തന്നെയാണു രാജേഷ് പറഞ്ഞത്.

രാജേഷിന്റെ അഭിപ്രായം വി.എസ് അച്യുതാനന്ദനെ ഉന്നംവച്ചുള്ളതാണെന്ന രീതിയിലുള്ള വാര്‍ത്തകളും ഇന്നലെ പുറത്തു വന്നിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ട ഒരു ചാനല്‍ വിചാരിപ്പുകാരന്റെ വക്രബുദ്ധിയിലുദിച്ച വിവാദം ആസ്വദിച്ച് ആനന്ദിക്കുന്നവര്‍ രാജേഷിന്റെ അഭിപ്രായത്തിന്റെ കാമ്പ് കാണാതിരുന്നുകൂടാ. അടുത്തിടെയായി നിരന്തരം ഉയര്‍ന്നു വരുന്ന വിവാദങ്ങളിലൂടെ കേരളജനത എന്തു നേട്ടമാണു കൈവരിച്ചതെന്നു ചിന്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കണം. അത്തരമൊരു ആത്മപരിശോധനയുടെ ആവശ്യകതയിലേക്കാണു രാജേഷിന്റെ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത്.

രണ്ടു മൂന്നു ദിവസമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതിനെക്കുറിച്ചാണു തര്‍ക്കം. ഇത്തരം തര്‍ക്കങ്ങളുടെ ആയുസ് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമായിരിക്കുമെന്ന് രാജേഷിനെപ്പോലുള്ള യുവനേതാക്കള്‍ തിരിച്ചറിയുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. പുതിയ തലമുറയില്‍ ജനസേവന തത്പരരായ നേതാക്കളില്ലെന്ന തോന്നല്‍ തെറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഉപകരിച്ചിട്ടുണ്ട്. എങ്കിലും വിഎസിനെതിരേ രാജേഷ് പറഞ്ഞു എന്ന രീതിയിലാണ് ചാനലുകളടക്കമുളള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മുന്നോട്ടു വച്ച ക്രിയാത്മകമായ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു സമയമില്ലാതെ പോയി എന്നതു ഖേദകരം തന്നെ.

ഒരുപക്ഷേ രാജേഷ് തന്നെ പിന്നീടു പറഞ്ഞതുപോലെ തികച്ചും ദുര്‍വ്യാഖ്യാനം ചെയ്ത വാര്‍ത്തയാകാം വന്നിരിക്കുക. ഏതായാലും പറഞ്ഞ വാക്കുകളെ ഉപരിപ്ലവമായി സമീപിക്കുകയെന്ന ചാനലുകളുടെ തരംതാണ റിപ്പോര്‍ട്ടിംഗ് രീതിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നുളള ഒളിച്ചോട്ടത്തെക്കുറിച്ചാണ് രാജേഷ് ഭംഗ്യന്തരേണ പറഞ്ഞുവച്ചത്. അതു മനസിലാക്കാനുള്ള വിവേകമെങ്കിലും ചാനലുകള്‍ക്കുണ്ടാവേണ്ടിയിരുന്നു. വൈകിട്ട് കാഴ്ചക്കാരെ പിടിച്ചിരുത്താനുള്ള കിടമത്സരമെന്നതിലുപരി ഇത്തരം വിവാദങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥതലങ്ങളൊന്നുമില്ലെന്നതാണു വാസ്തവം.

വിവാദങ്ങള്‍ വാര്‍ത്ത തന്നെയാണ്. എന്നാല്‍, എല്ലാത്തിലും വിവാദം മാത്രം കാണുകയോ, വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദത്തെ സൃഷ്ടിക്കുകയോ ചെയ്യുന്നിടത്താണ് ജനവിരുദ്ധതയുടെ നിഴല്‍ വീഴുന്നത്. അന്നാ ഹസാരെയെന്ന അരാഷ്ട്രീയവാദിയുടെ സമരത്തെ വാണിജ്യവത്കരിക്കുന്നതില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും വിജയിച്ചതു കണ്ടതോടെയാണ് രാംദേവ് എന്ന യോഗാചാര്യന്‍ സമരത്തിനിറങ്ങിയതെന്ന സത്യം വിസ്മരിക്കരുത്.

ചാനലുകളില്‍ വൈകിട്ടു നടക്കുന്ന ചര്‍ച്ചകളിലൂടെ മാത്രം പൊതുപ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിലയേറിയ സമയം ചാനല്‍ സ്റ്റുഡിയോകളില്‍ ചെലവഴിക്കാന്‍ സാധിക്കില്ലെന്നതാണു വാസ്തവം. അങ്ങനെയുള്ള ചില നേതാക്കളുടെയും നിരീക്ഷകവേഷമിട്ട ചില പബ്ലിസിറ്റി വീരന്‍മാരുടെയും ഒരു ദിവസത്തെ അത്താഴമെന്നതിലുപരി രാജേഷിന്റെ പ്രസ്താവനയുടെ വ്യാഖ്യാനത്തിനും നിലനില്‍പ്പില്ല.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചാണ്. അതിലൂടെ അദ്ദേഹം തുറന്നു പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാകേണ്ടത്. നിസാരമോ വ്യക്തിപരമോ ആയ വിഷയങ്ങളെ പര്‍വതീകരിപ്പിച്ചു കാട്ടി വിവാദങ്ങളുടെ കെട്ടഴിച്ചു വിടുന്ന രീതി മാറണം. അതെക്കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകളാകും ജനങ്ങള്‍ക്കു ഗുണം ചെയ്യുക.

പൊട്ടിപ്പൊളിഞ്ഞ റോഡുകളെന്ന പത്രത്താളുകളിലെ പതിവു ലോക്കല്‍ വാര്‍ത്തകള്‍ക്കപ്പുറം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും മാധ്യമങ്ങളില്‍ കാണുന്നില്ല. സമൂഹത്തിന്റെ ചിന്താഗതിക്കടക്കം സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ദിനംപ്രതി പീഡനവാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കപ്പെടുന്നു. പെണ്‍മക്കളെ പിതാക്കളോടൊപ്പം ഒറ്റയ്ക്കു വീട്ടിലിരുത്തുന്നതു പോലും അപകടകരമാണെന്ന തരത്തിലുള്ള പ്രസ്താവങ്ങളിലൂടെ മാധ്യമങ്ങളും കുറേ മാനസിക വിഭ്രാന്തി പിടിപെട്ടവരും മനുഷ്യമനസിലേക്ക് വല്ലാത്തൊരു ഭീതി പടച്ചു വിടുന്നു.

ഇതൊന്നുമാകരുത് മാധ്യമധര്‍മം. പീഡനക്കേസുകളില്‍ എത്രയെണ്ണം അക്ഷരാര്‍ത്ഥത്തിലുള്ള പീഡനമാണെന്നുള്ള അന്വേഷണം ആരും നടത്താറില്ല. സ്വന്തം പെണ്‍മക്കളെ വ്യഭിചാരത്തിനു കൊണ്ടു നടക്കുന്നവരുടെ മനോനിലയെക്കുറിച്ചും ആരും അന്വേഷിച്ചു കാണുന്നില്ല. അതിനു പകരം, കുറേ വിഭ്രമാത്മകമായ ചിന്തകള്‍ക്ക് പത്രത്താളുകളിലും ചാനലിന്റെ സമയത്തിലും പങ്കു കൊടുക്കുന്നു. അതിനിടയില്‍ കിട്ടുന്ന സമയമാകട്ടെ, വിവാദങ്ങള്‍ കൊണ്ട് കുത്തിനിറയ്ക്കുകയും. ഇതാണ് തെറ്റായ സമീപനം.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെല്ലാം മറന്നിട്ട് വ്യക്തികളെക്കുറിച്ചു ചര്‍ച്ച ചെയ്ത് സമയം കളയുന്നതല്ല പൊതുപ്രവര്‍ത്തനം. അത്തരം പൊതുപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളില്‍ ഇടം കിട്ടില്ലെന്നു വന്നാലേ ഈ ദുഷ്പ്രവണത ഇല്ലാതാകൂ. കാതലായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പകരം പൈങ്കിളി നിലവാരത്തിലുള്ള വാഗ്വാദങ്ങളിലേക്കു ചാനലുകളിലെ ചര്‍ച്ചകള്‍ മാറരുത്.

രാജേഷിന്റെ പ്രസ്താവനയുടെ അര്‍ത്ഥം എന്തുമാകട്ടെ. അദ്ദേഹം എടുത്തു പറഞ്ഞ കാതലായ വശത്തെക്കുറിച്ച് ചര്‍ച്ച നടക്കണം. തമസ്കരിക്കപ്പെടുന്ന ഗുരുതരമായ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായേ തീരൂ. അതാണ് യുവതലമുറ ആവശ്യപ്പെടുന്നത്. അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍ത്തന്നെ എടുത്തില്ലെങ്കില്‍ ആര്‍ക്കും ഗുണമില്ലാത്ത ഒരു കര്‍മമാകും മാധ്യമപ്രവര്‍ത്തനം.

2011, സെപ്റ്റം 13

ഇത്തരമൊരു വിവാദം എന്തിന്?

കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദം കൂടി വന്നെത്തിയിരിക്കുന്നു. പാമോയില്‍ കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കെതിരേ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു നല്‍കിയ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോര്‍ജിനെതിരേ ഭരണഘടനാപരമായ നടപടിയെടുക്കണമെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ ഗവര്‍ണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.

ഇതിലൊക്കെ രസാവഹമായ സംഗതി മറ്റൊന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു കൂടി പരാമര്‍ശവിധേയമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതെങ്കിലും, ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെ തള്ളിപ്പറയുന്നു എന്നതാണത്.

താന്‍ പരാതി നല്‍കിയത് ചീഫ് വിപ്പ് എന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ അല്ലെന്നു ജോര്‍ജ് തന്നെ പറയുന്നുണ്ട്. രാജ്യത്തെ ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി നല്‍കിയതെന്ന അദ്ദേഹത്തിന്റെ വാദം മുഖവിലയ്‌ക്കെടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയാറാവുന്നില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് പി.സി ജോര്‍ജ് എന്ന നേതാവിനെതിരേ അണിയറയില്‍ എന്തൊക്കെയോ കോപ്പുകൂട്ടലുകള്‍ നടക്കുന്നുണ്ടെന്നതു തന്നെ. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും തങ്ങളുടെ സഹയാത്രികനെ തള്ളിപ്പറയുന്നു. അതു അവസരവാദം തന്നെയാണ്.

പി.സി ജോര്‍ജ് ചെയ്തത് ചട്ടലംഘനമോ കോടതിയലക്ഷ്യമോ ആയിരിക്കാം. അതിന്റെ പേരില്‍ നടപടിയെടുക്കാന്‍ ഇവിടെ കോടതികളുണ്ട്. പിണറായി വിജയനോ വി ഡി സതീശനോ അല്ല ഇവിടുത്തെ ന്യായാധിപന്‍മാര്‍. ഏതെങ്കിലും നിയമലംഘനത്തിന് ആരെയെങ്കിലും ശിക്ഷിക്കാനോ നടപടിയെടുക്കാനോ ഇവരെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നിട്ടും, ചാനലുകളിലും പത്രങ്ങളിലും പേര് അച്ചടിച്ചു വരുന്നതിനു വേണ്ടി ഇവരെല്ലാം പ്രസ്താവകളിറക്കി സമയം കൊല്ലുന്നു.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിലടക്കം യുഡിഎഫ് അഴിച്ചുപണി നടത്തുകയാണെന്ന ആരോപണം സിപിഎം നേതൃത്വം നേരത്തേ ഉന്നയിച്ചിരുന്നു. ഇക്കാരണത്താലാകാം ജോര്‍ജിന്റെ പരാതിയെ തള്ളിപ്പറയാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. ജുഡീഷ്യറിയെ രാഷ്ട്രീയക്കാര്‍ എടുത്ത് അമ്മാനമാടുന്ന പ്രവണത തികച്ചും അപലപനീയം തന്നെ. ഓരോ രാഷ്ട്രീയ വിവാദത്തിലേക്കും ജുഡീഷ്യറിയെ വലിച്ചിഴയ്ക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കാണുന്നത്. അത്തരം സമീപനങ്ങളെ കടുത്ത ഭാഷയില്‍ത്തന്നെയാണ് ഇവിടുത്തെ നിയമപരിപാലനം കാംക്ഷിക്കുന്നവര്‍ വിമര്‍ശിച്ചിട്ടുള്ളതെന്നത് മറക്കാതിരിക്കാം.

ഏതു കേസിലാണെങ്കിലും അന്തിമ തീരുമാനം വരേണ്ടത് കോടതിയില്‍ നിന്നാണ്. പാമോയില്‍ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നു കോടതി പറഞ്ഞാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. കുറ്റം ചെയ്യാത്തവര്‍ എന്തിന് അന്വേഷണത്തെ ഭയക്കണം? എന്തിനീ വാദകോലാഹലങ്ങള്‍?രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് പരമപ്രധാനമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് നീതിന്യായ പരിപാലനം. കേസുകളുടെ വിധി വരുമ്പോള്‍ അത് എതിരായിത്തീരുന്നവര്‍ക്ക് സ്വാഭാവികമായും അമര്‍ഷമുണ്ടാകാം. പക്ഷേ, അത്തരം മാനസിക സംഘര്‍ഷങ്ങളെല്ലാം അടക്കി വച്ച് വിധി പൂര്‍ണമായി അംഗീകരിക്കുക എന്നതാണ് സ്വാഭാവികനീതി.

കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. താന്‍ ചീഫ് വിപ്പ് എന്ന നിലയിലല്ല പരാതി നല്‍കിയതെന്ന് ജോര്‍ജും പറയുന്നു. പിന്നെ ആര്‍ക്കാണു തര്‍ക്കം?   കോടതികളെ പരസ്യ പ്രസ്താവനകളിലേക്കു വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. ജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയമാണു കോടതികള്‍. ചില ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതും സൗമിത്ര സെന്നിന്റെ പുറത്തുപോക്കുമൊക്കെ ചേര്‍ന്നു സൃഷ്ടിച്ച ആശയക്കുഴപ്പത്തിനിടയിലേക്ക് പുതിയ വിവാദങ്ങള്‍ കൂടി വലിച്ചിഴച്ചു കൊണ്ടുവരരുത്. താത്കാലികമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്യുന്നതെല്ലാം ഭാവിയില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കാകും നയിക്കുകയെന്ന് എല്ലാവരും തിരിച്ചറിയണം.

2011, സെപ്റ്റം 10

വേണു - ഉമ്മന്‍‌ചാണ്ടി - വിവാദ ക്ലോസ് എന്‍‌കൗണ്ടര്‍2011, സെപ്റ്റം 5

മിഷണറിപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജ് നികത്തുവാന്‍

അണുകുടുംബം എന്ന ആശയത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവസഭകള്‍ ദൈവശുശ്രൂഷ ചെയ്യുന്നതിനു വിശ്വാസികളെ കിട്ടാതെ വിഷമിക്കുകയാണ്. പൗരോഹിത്യത്തിലേയും സന്യസ്തജീവിതത്തിലേക്കും തിരിയുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരുന്നതിനു പ്രധാനകാരണം അണുകുടുംബം ആണെന്നാണ് പൊതുവേ ക്രൈസ്തവ നേതൃത്വങ്ങളുടെ വിശ്വാസം. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് വയനാട് ജില്ലയിലെ കല്പറ്റയിലുള്ള ഒരു ക്രിസ്തീയ ദേവാലയം. ഇടവകയിലെ ഓരോ കുടുംബത്തിലും ജനിക്കുന്ന അഞ്ചാമത്തെ കുട്ടിക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ദേവാലയം ആള്‍ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നത്. കല്പറ്റ സെന്റ് വിന്‍സന്റ് ഡിപോള്‍ ഫൊറോനാ പള്ളിയാണ് വലിയ കുടുംബം സമ്പന്ന കുടുംബമെന്ന ആശയ പ്രചാരണത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്.

ഇടവകയിലെ സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ധനസഹായ പദ്ധതി നടപ്പാക്കുന്നത്. അഞ്ചാമത്തെ കുട്ടിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടായിരിക്കും പണം നിക്ഷേപിക്കുകയെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ആദ്യ കത്തോലിക്കാ പത്രമായ പൈലറ്റ് ഉള്‍പ്പെടെയുള്ള വിദേശ മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണിത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടവകയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നു പണം സ്വീകരിച്ച് നിര്‍ദ്ധനര്‍ക്കു നല്‍കുന്നതാണ് പദ്ധതിയെന്നും അഞ്ചാമത്തെ കുട്ടി എന്ന നിബന്ധന വച്ചിട്ടില്ലെന്നും വികാരി ഫാ. ജോസ് കൊച്ചറയ്ക്കല്‍ വിശദീകരിക്കുന്നുണ്ട്. ഇടവകയിലെ അഞ്ച് കുട്ടികളുള്ള രണ്ടു വീട്ടുകാര്‍ക്കാണ് ആദ്യനിക്ഷേപം നല്‍കുന്നത്.

കുട്ടി ഒന്നോ, രണ്ടോ മതിയെന്ന് പാശ്ചാത്യ മാതൃകയില്‍ തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് ഗര്‍ഭനിരോധനവും ഗര്‍ഭഛിദ്രവും വര്‍ദ്ധിച്ചുവരികയാണ്. ഇത് സഭയുടെ പ്രമാണങ്ങള്‍ക്ക് എതിരാണ്. ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന സഭാവിശ്വാസത്തിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് ഫാ. ജോസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സന്താന നിയന്ത്രണ പരിപാടി ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കിയെന്ന സഭാ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കെ.സി.ബി.സിയുടെ കീഴിലുള്ള ഫാമിലി കമ്മിഷന്‍ ഇടവകകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇടുക്കിയിലെ ചില പള്ളികളില്‍ മൂന്നാമത്തെ കുട്ടിക്ക് ഫീസ് സൗജന്യവും നാലാമത്തെ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കുന്നുണ്ടെങ്കിലും സ്ഥിര നിക്ഷേപ പദ്ധതി ഇതാദ്യമാണ്. പദ്ധതി കൂടുതല്‍ പള്ളികളിലേക്കു വ്യാപിപ്പിക്കുമെന്ന് സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ മേഖലാ കോ–ഓര്‍ഡിനേറ്റര്‍ സാലു മേച്ചേരില്‍ പറഞ്ഞു. കേരളത്തില്‍ 1991 ലെ സെന്‍സസ് അനുസരിച്ച് 19.5 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 2001–ല്‍ 19 ആയി കുറഞ്ഞിരുന്നു. സന്യസ്ത ജീവിതത്തിലേക്ക് ആളുകള്‍ എത്തുന്നില്ല. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമല്ല ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും പുരോഹിതന്മാരും കന്യാസ്ത്രീകളും ആകാന്‍ ആളെ കിട്ടാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളിലേയും ആഫ്രിക്കന്‍ രാജ്യങ്ങളിലേയും പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും കൊണ്ടാണ് നേരത്തെ ഈ കുറവു പരിഹരിച്ചിരുന്നത്.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്ക സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശം കേരളവുമാണ്. കേരളത്തില്‍ നിന്നുള്ള പുരോഹിതന്മാരാണ് അമേരിക്കയിലും മറ്റും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളത്തില്‍ നിന്നുള്ളവരാണ് പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍. ഒറീസ്സയിലും ഗുജറാത്തിലും രാജസ്ഥാനിലും മറ്റും ഹിന്ദു തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളീയരായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള ജില്ല കോട്ടയമാണ്. കോട്ടയത്തെ ജനസംഖ്യയില്‍ 46% ആളുകള്‍ ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും അമേരിക്കയൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള മിഷണറിപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജ് നികത്തുവാന്‍ വിധിക്കപ്പെട്ടവരും കോട്ടയം ജില്ലക്കാരാണ്.

അതുകൊണ്ട് തന്നെ കത്തോലിക്കസഭയെ സംബന്ധിച്ചിടത്തോളം വത്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആശാകേന്ദ്രമായി മാറിയ പ്രദേശമാണ് കോട്ടയം ജില്ല. കോട്ടയം ജില്ലയിലെ ക്രൈസ്തവ ജനസംഖ്യ 8,95,000 ആണ്. അതായത് 45.83%. ഇവര്‍ക്കായി മൂന്നു രൂപതകളും രണ്ട് അതിരൂപതകളും കോട്ടയം ജില്ലയില്‍ തന്നെയുണ്ട്. എന്നാല്‍ ഇവിടെ നിന്നുപോലും പുരോഹിതന്മാരെയും കന്യാസ്ത്രീകളേയും കണ്ടെത്താന്‍ ഇന്ന് സഭ നെട്ടോട്ടം ഓടുകയാണ്. ആഗോളീകൃത വ്യവസ്ഥിതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ കത്തോലിക്ക സഭയേയും ബാധിച്ചു കൊണ്ടിരിക്കുന്നു. സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വിശ്വാസപ്രതിസന്ധിയാണ്.

കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. മേല്‍പ്പറഞ്ഞ നിരവധി കാരണങ്ങളാല്‍ ഇന്ന് പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ വിസമ്മതിക്കുന്നു. നേഴ്‌സിങ് ജോലിയില്‍ ഉണ്ടായ ഡിമാന്റും ഉയര്‍ന്ന ശമ്പളവും പെണ്‍കുട്ടികളെ കൂടുതലായി നേഴ്‌സിങ്ങ് പ്രൊഫഷനിലേക്ക് മാറ്റി. കന്യാസ്ത്രീകളാകാന്‍ സമ്പന്നരായ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ആരും തയ്യാറാകുന്നില്ലെങ്കിലും കെട്ടിച്ചുവിടാന്‍ നിവൃത്തിയില്ലാത്തവരായ പാവപ്പെട്ടവരുടെ വീടുകളില്‍ നിന്നും അവസാന ആശ്വാസമെന്ന നിലയില്‍ മാത്രമേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറാവുന്നുള്ളൂ. ഇങ്ങനെ പല വിധത്തിലുള്ള വിശ്വാസ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുരോഹിതകന്യാസ്ത്രീകളുടെ എണ്ണത്തെയാണ്. ഈ എണ്ണത്തിലുണ്ടായ കുറവ് ഏറ്റവും സാരമായി ബാധിക്കുന്നത് അമേരിക്ക-യൂറോപ്യന്‍ രാജ്യങ്ങളിലെ സഭകളെയാണ്. ആ കുറവ് നികത്താന്‍ സഭ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരുന്നു ജനസംഖ്യാവര്‍ദ്ധനവ് എന്നത്.

വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അണുകുടുംബങ്ങളിലേക്ക് മാറ്റപ്പെട്ടതും കന്യാസ്ത്രീകളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി സഭ മനസ്സിലാക്കി. ഒന്നോരണ്ടോ കുട്ടികള്‍ മാത്രമുള്ളവര്‍ തങ്ങളുടെ കുട്ടികളെ മഠത്തില്‍ ചേര്‍ക്കാന്‍ തയ്യാറാവാതെ വരുന്നു. ചില ഇടവകകളില്‍ നാലു കുട്ടികളുള്ള മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സാമ്പത്തികമായ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. അത്തരമൊരു പരീക്ഷണമാണ് കല്‍പ്പറ്റയില്‍ ഇപ്പോള്‍ നടക്കുന്നത്.

വാര്‍ത്ത കടപ്പാട് ഡൈലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)
 

2011, സെപ്റ്റം 3

തോട്ടം വില്‍ക്കുകയാണു ഹാരിസന്റെ ലക്ഷ്യം.

പാട്ടഭൂമി വിറ്റു കാശാക്കാന്‍ ഹാരിസണ്‍, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി ചര്‍ച്ച നടത്തിയതു മൂന്നുതവണ. ചെങ്ങറ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണു മന്ത്രി ചര്‍ച്ചയ്‌ക്കു താല്‍പ്പര്യം കാട്ടിയത്‌. എന്നാല്‍ ഇടുക്കി ജില്ലയിലെ കാളിയാര്‍ തോട്ടവും പത്തനംതിട്ടയിലെ കല്ലേലി തോട്ടവും അടിയന്തരമായി വില്‍ക്കുകയാണു ഹാരിസന്റെ ലക്ഷ്യമെന്നു റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്‌ഥര്‍ വെളിപ്പെടുത്തുന്നു.

കോന്നിക്കു സമീപമുള്ള കല്ലേലി തോട്ടം വില്‍ക്കുകയാണു ഹാരിസന്റെ പ്രഥമലക്ഷ്യം. തോട്ടത്തിന്റെ യഥാര്‍ഥ ഉടമയായ ചെങ്ങന്നൂര്‍ പേരിശേരി ഇടവനമഠത്തിന്റെ ഇപ്പോഴത്തെ അവകാശി മനോമോഹന്‍ പണ്ടാരത്തിലുമായി ഹാരിസണ്‍ പ്രതിനിധികള്‍ ചര്‍ച്ചയ്‌്ക്കു ശ്രമിച്ചു. ഇതിനിടെ ഗോയങ്ക, സര്‍ക്കാര്‍ കണക്കുപ്രകാരം കേരളത്തിലുള്ള 76769.80 ഏക്കര്‍ പാട്ടഭൂമി പുത്രന്‍മാരായ ഹര്‍ഷ്‌ ഗോയങ്കയ്‌ക്കും സഞ്‌ജീവ്‌ ഗോയങ്കയ്‌ക്കുമായി പകുത്തുനല്‍കിയെന്നും സൂചനയുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റശേഷമാണിത്‌. ഇടതുസര്‍ക്കാരിന്റെ കാലത്തെ മൂന്ന്‌ അന്വേഷണ റിപ്പോര്‍ട്ടും മരവിപ്പിച്ച സാഹചര്യത്തില്‍ ഇനി വയനാട്‌ വൈത്തിരി ലാന്‍ഡ്‌ ബോര്‍ഡ്‌ മിച്ചഭൂമിയുടെ കാര്യത്തില്‍ അടിയന്തരതീരുമാനമെടുത്താല്‍ ഭൂമി വില്‍പ്പന സുഗമമാകുമെന്ന കണക്കുകൂട്ടലാണു ഹാരിസണുള്ളത്‌. ഇക്കാര്യത്തില്‍ റവന്യൂവകുപ്പിന്റെ സഹായം കൂടിയേ കഴിയൂ. അതിനാലാണു ഹാരിസണ്‍ ചെങ്ങറ തോട്ടത്തില്‍നിന്ന്‌ 225 ഏക്കര്‍ സമരക്കാര്‍ക്കു വിട്ടുകൊടുത്തു സര്‍ക്കാരിന്റെ പ്രീതി സമ്പാദിക്കാന്‍ തയാറായത്‌.

ഇടതുഭരണകാലത്തു ഹാരിസണ്‍ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിച്ചു തയാറാക്കിയ മൂന്നു റിപ്പോര്‍ട്ടിലും തുടര്‍നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണു റവന്യൂവകുപ്പ്‌. ലാന്‍ഡ്‌ റവന്യൂ കമ്മിഷണറായിരുന്ന നിവേദിതാ പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയുടെ അന്വേഷണത്തില്‍ ഹാരിസണു പാട്ടഭൂമിയില്‍ അവകാശമില്ലെന്നും സര്‍ക്കാരിന്‌ എപ്പോള്‍ വേണമെങ്കിലും ഭൂമി തിരിച്ചെടുക്കാമെന്നുമാണു വ്യക്‌തമാക്കിയിരുന്നത്‌. നിവേദിതയുടെ റിപ്പോര്‍ട്ടിന്റെ നിയമസാധുത അറിയാന്‍ 2008 മേയ്‌ 20-ന്‌ മന്ത്രിസഭാ ഉപസമിതി നിയോഗിച്ച ജസ്‌റ്റിസ്‌ എല്‍. മനോഹരന്‍ സമിതിയും ഹാരിസണ്‍ കൈയാളിയ ഭൂമി സര്‍ക്കാരിന്റേതാണെന്നു വ്യക്‌തമാക്കി. രണ്ടു റിപ്പോര്‍ട്ടും വിലയിരുത്തിയശേഷം റവന്യൂവകുപ്പ്‌ അസി. കമ്മിഷണര്‍ സജിത്ത്‌ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാമത്തെ അന്വേഷണത്തിലും ഭൂമിയില്‍ ഹാരിസണ്‌ അവകാശമില്ലെന്നു സമര്‍ഥിച്ചു. വനഭൂമി കൈയേറുകയും നിയമം മറികടന്നു ഭൂമി വില്‍ക്കുകയും ചെയ്‌ത ഹാരിസണെതിരേ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടുകള്‍ ശിപാര്‍ശ ചെയ്‌തു.

ഹാരിസന്റെ കൈവശം ഇപ്പോഴുള്ള ആധാരങ്ങള്‍ പരിശോധിച്ചശേഷമാണു സര്‍ക്കാര്‍ നിയമിച്ച അന്വേഷണ ഉദ്യോഗസ്‌ഥര്‍ കമ്പനിക്കു പാട്ടഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്നു കണ്ടെത്തിയത്‌. കൊല്ലം, ചെങ്കോട്ട, വയനാട്‌ വൈത്തിരി സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ മുന്നാധാരങ്ങള്‍ ലഭ്യമാണ്‌. 'ദ റബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്‌റ്റ്മെന്റ്‌ ട്രസ്‌റ്റ് ലിമിറ്റഡ്‌', 'ദ മലയാളം റബര്‍ ആന്‍ഡ്‌ ടീ പ്രൊഡ്യൂസിംഗ്‌ കമ്പനി','വല്ലാര്‍ഡി ടീ എസ്‌റ്റേറ്റ്‌ ലിമിറ്റഡ്‌' തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ്‌ കമ്പനി 1920-21 കാലഘട്ടത്തില്‍ 'മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ്‌' എന്ന ഒറ്റപ്പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം വസ്‌തുവകകള്‍ പുതിയ പേരിലേക്കു മാറ്റി 1923-ല്‍ ചമച്ച കൈമാറ്റ ആധാരമാണു മറ്റൊരു പ്രധാന രേഖ.

പാട്ടഭൂമി കൈമാറ്റം ചെയ്യുന്നതിനുമുമ്പു രാജാവും ചീഫ്‌ സെക്രട്ടറിയും അറിഞ്ഞിരിക്കണമെന്ന വ്യവസ്‌ഥ പാലിക്കാതെയാണു കൈമാറ്റ ആധാരം രജിസ്‌റ്റര്‍ ചെയ്‌തതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. രാജഭരണകാലത്തെ ഈ നിയമം 1974-ല്‍ കേരളാ സര്‍ക്കാരും അംഗീകരിച്ചതായി രേഖകള്‍ വ്യക്‌തമാക്കുന്നു. 'സെയില്‍ ഓഫ്‌ ലാന്‍ഡ്‌ ഫോര്‍ കോഫി ആന്‍ഡ്‌ ടീ കള്‍ട്ടിവേഷന്‍ റൂള്‍ (1974)', 'വെയ്‌സ്റ്റ്‌ ലാന്‍ഡ്‌ റൂള്‍സ്‌ റിഗാര്‍ഡിംഗ്‌ സെയില്‍ ഓഫ്‌ ലാന്‍ഡ്‌ ഫോര്‍ കോഫി ആന്‍ഡ്‌ ടീ കള്‍ട്ടിവേഷന്‍' എന്നിവ ഇത്‌ സാധൂകരിക്കുന്നു.

ചെങ്ങറ പ്രശ്‌നപരിഹാരത്തിനായി ഹാരിസണ്‍ ഇപ്പോള്‍ വിട്ടുകൊടുക്കാന്‍ തയാറായ 225 ഏക്കര്‍ മുമ്പു വനഭൂമിയായിരുന്നെന്നു വഞ്ഞിപ്പുഴ മഠത്തിന്റെ മുന്നാധാരത്തില്‍ വ്യക്‌തമാണ്‌. മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡിന്റെ കൈവശമെത്തിയതോടെയാണു കാട്‌ വെട്ടിത്തെളിച്ചു കൈയേറ്റം തുടങ്ങിയത്‌. വന്‍വൃക്ഷങ്ങള്‍ നിര്‍ത്തിക്കൊണ്ട്‌ തേയിലക്കൃഷി ആരംഭിച്ച കമ്പനി പിന്നീടു നിയമം ലംഘിച്ചു കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന തടികളും വെട്ടിക്കടത്തി. തേയിലക്കൃഷി അവസാനിപ്പിച്ച്‌ ഏറെക്കാലം തരിശിട്ടശേഷമാണു ഹാരിസണ്‍ അവിടെ റബര്‍കൃഷി ആരംഭിച്ചത്‌. അഞ്ഞൂറിലേറെ ഏക്കര്‍വരുന്ന ഈ ഭാഗത്തുനിന്ന്‌ 225 ഏക്കര്‍ മാത്രമാണു ഭൂരഹിതര്‍ക്കു വിട്ടുകൊടുക്കുന്നത്‌. ഇടതുസര്‍ക്കാരിന്റെ കാലത്തു പാതിവഴി നിര്‍ത്തിയ സര്‍വേ റിപ്പോര്‍ട്ട്‌ അപ്രത്യക്ഷമായ സാഹചര്യത്തില്‍ ചെങ്ങറയിലെ മിച്ചഭൂമിയുടെ കണക്ക്‌ എത്രയെന്ന്‌ ഇനിയും വ്യക്‌തമല്ല. എന്നിട്ടും ഹാരിസന്റെ മഹാമനസ്‌കതയെ വാഴ്‌ത്താനാണു യു.ഡി.എഫ്‌. സര്‍ക്കാരിന്റെ ശ്രമം.
 
 
 
വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

എന്‍ഡോസള്‍ഫാന്‍ നിരോധനം - കേരളത്തിനു മനംമാറ്റം

എന്‍ഡോസള്‍ഫാന്‍ നിരോധനപ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിനു മനംമാറ്റം. നിരോധനം സംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും കേരളസര്‍ക്കാര്‍ പ്രാഥമിക നടപടിപോലും എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു.

എന്‍ഡോസള്‍ഫാന്‍ കേസില്‍ സംസ്‌ഥാനങ്ങള്‍ സത്യവാങ്‌മൂലം നല്‍കണമെന്ന്‌ ഒരുമാസം മുന്‍പ്‌ സുപ്രീംകോടതിയാണു നിര്‍ദേശിച്ചത്‌. എതിര്‍സ്‌ഥാനത്തുള്ള കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ കേരളം എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാടുള്ള സംസ്‌ഥാനമാണ്‌. എന്‍ഡോസള്‍ഫാന്‍ ബദലിനെക്കുറിച്ചറിയാന്‍ കേന്ദ്ര കാര്‍ഷിക കമ്മിഷണര്‍ ഡോ.ഗുരുബച്ചന്‍ സിംഗ്‌ കഴിഞ്ഞ ജൂണ്‍ മൂന്നിന്‌ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത കേരള പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണു കൈക്കൊണ്ടത്‌.

ഈ രേഖകളാണു കേരളത്തിന്റെ അഭിപ്രായമായി കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നു വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം കേരളം പുതുതായി നല്‍കണമെന്നു സന്നദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും കൃഷി, ആരോഗ്യ, പരിസ്‌ഥിതി വകുപ്പുകളോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

പ്ലാച്ചിമടയില്‍ കൊക്കകോളയ്‌ക്കെതിരെ സമരം നയിച്ച പാര്‍ട്ടിയുടെ കൃഷിമന്ത്രി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തണുപ്പന്‍ സമീപനത്തിലാണ്‌.  കേസിന്റെ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ആരോഗ്യവകുപ്പിലെ ഡോ.അഷീലിനെ കഴിഞ്ഞ ദിവസം വകുപ്പു സെക്രട്ടറി നേരിട്ടുവിളിച്ചു ശാസിച്ചു. കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ചുമതലയിലാണ്‌ ഇപ്പോള്‍ അഷീല്‍. അതുമാത്രം ചെയ്‌താല്‍ മതിയെന്നും മറ്റു ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്നും അഷീലിനെ സെക്രട്ടറി അറിയിച്ചു.

ഇപ്പോഴുള്ള പണി കളയേണ്ടെന്ന ഭീഷണിയും ഉന്നതങ്ങളില്‍നിന്നു അഷീലിനു ലഭിച്ചതായി സൂചനയുണ്ട്‌. ഇടതുഭരണകാലത്ത്‌ കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്‌ അഷീലാണ്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവിഷയത്തില്‍ ശക്‌തമായി ഇടപെടുന്ന മറ്റുചില സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും തങ്ങളുടെ വകുപ്പുകളില്‍നിന്നു ഭീഷണിയുണ്ടായിട്ടുണ്ട്‌


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)