2011, ഒക്ടോ 26

പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം

ചെങ്ങന്നൂര്‍ മുതവഴി ക്ഷേത്രത്തിലെ അമൂല്യമെന്നു കരുതപ്പെടുന്ന താഴികക്കുടം മോഷണം പോയതും തിരികെ കിട്ടിയതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇറിഡിയം എന്ന വിലയേറിയ ലോഹം അടങ്ങിയതെന്നു പ്രചരിപ്പിക്കപ്പെട്ടു പോന്ന താഴികക്കുടമാണു മോഷ്ടിക്കപ്പെട്ടത്.യഥാര്‍ത്ഥത്തില്‍ അത് ഇറിഡിയമാണോ അല്ലയോ എന്ന തര്‍ക്കത്തേക്കാള്‍ പ്രസക്തി മറ്റു ചില വിഷയങ്ങള്‍ക്കാണ്.

2500 കോടി രൂപ വില നല്‍കാമെന്നു പറഞ്ഞ് 2008-ല്‍ ചിലര്‍ സമീപിച്ചതോടെയാണ് മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം വാര്‍ത്താപ്രാധാന്യം നേടിയത്. ഈ വിലപറച്ചിലിലും ഇറിഡിയമുണ്ടെന്ന വാദത്തിലുമൊന്നും വലിയ കഴമ്പില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എങ്കിലും, ഇത്രയേറെ വിലയുണ്ടെന്നു പറയപ്പെട്ട ഒരു വസ്തുവിനെ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടായിരുന്നു.താഴികക്കുടത്തില്‍ ഇറിഡിയമുണ്ടെന്നു വാര്‍ത്ത വന്നതോടെ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ളവര്‍ രണ്ടു ചേരിയായി നിന്ന് കോടതിയില്‍ കേസും കൊടുത്തു. ഇതിനെല്ലാമിടയിലാണ് ഇക്കഴിഞ്ഞ ദിവസം താഴികക്കുടത്തിന്റെ മേല്‍ഭാഗം മോഷണം പോയതും തൊട്ടടുത്ത ദിവസം വഴിയരികില്‍ കിടന്നു കിട്ടിയതും.

2500 കോടി രൂപ വിലമതിക്കുമെന്നു വെറുതെയെങ്കിലും പറയപ്പെട്ട ഒരു വസ്തു കാത്തുസൂക്ഷക്കാന്‍ സാധിക്കാതെ പോയത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ച തന്നെ. കാവലിനായി ഒരു പൊലീസുകാരനെപ്പോലും അവിടെ നിയോഗിച്ചിരുന്നില്ല. ഇത്ര അലംഭാവം തുടരുന്ന ഒരു സര്‍ക്കാരിനും അതിനു കീഴിലുള്ള പിടിപ്പുകെട്ട പൊലീസിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി എങ്ങനെ കാത്തുസൂക്ഷിക്കാനാവും?എല്ലാ കാര്യങ്ങളെയും ലാഘവത്തോടെ നോക്കിക്കാണുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തിലെ സര്‍ക്കാരുകളും പൊലീസ് വകുപ്പും തുടര്‍ന്നു പോരുന്നത്.

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം അമൂല്യമോ വിലകുറഞ്ഞതോ ആകട്ടെ. അതു കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പുരാതനമായ ഒരു ക്ഷേത്രമെന്ന നിലയിലെങ്കിലും അവിടെ കാവല്‍ ഏര്‍പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.ഇതേ സമീപനം തന്നെയാണ് സാധാരണക്കാരന്റെ സ്വത്തുക്കളെക്കുറിച്ചും പൊലീസിനുള്ളത്. മോഷണം പോയ ശേഷം അന്വേഷിക്കുന്നതിലും എളുപ്പം അതുണ്ടാകാതെ നോക്കുകയാണ്.

കേരളത്തിലെ പൊലീസുകാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തുന്നവരാണെന്നാണ് പൊതുവേയുള്ള അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇത്രയേറെ അലംഭാവം ജോലിക്കാര്യത്തില്‍ കാണിക്കുന്ന മറ്റൊരു വിഭാഗമില്ല.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ ആയുധസംഭരണം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരിടത്തു നിന്നു പോലും ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്ത വന്നിട്ടില്ല. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ പത്തു ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. അത് പൊലീസിന്റെ മിടുക്കായി കണക്കാക്കാനാവില്ല. കുഴല്‍പ്പണം കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പലപ്പോഴും തീര്‍ക്കുക ഇത്തരം ഒറ്റുകളിലൂടെയായിരിക്കും. പണ്ടു മുതലേ അതു തുടരുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു വന്ന പത്തു ലക്ഷം രൂപ വലിയ സംഖ്യയാണെന്നു പറയാനാവില്ല. കോടിക്കണക്കിനു രൂപ കുഴല്‍പ്പണ ഇടപാടിലൂടെ കേരളത്തിലെത്തുന്നുണ്ട്. ഇതെല്ലാം പോകുന്നത് എവിടേക്കാണ്? അതു കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. അവര്‍ക്ക് അതിനു സമയമില്ല. കേരളത്തിലെ പൊലീസിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ പിന്നാലെ പോകാന്‍ മാത്രമാണു താത്പര്യം. വന്‍കിട ക്രിമിനല്‍ സംഘങ്ങളെ തൊടാന്‍ ധൈര്യമില്ലാത്ത കുറേ പിരിവുകാരുടെ സംഘമായി പൊലീസ് അധഃപതിച്ചുകൂടാ. അത് കേരളത്തെപ്പോലൊരു സംസ്ഥാനത്തിനു ഗുണകരമാവില്ല. തിരുവനന്തപുരത്ത് കള്ളനോട്ടുമായി പിടിയിലായ ബംഗാളികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം. അതായത്, കേരളത്തിലേക്ക് വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി പണം എത്തുന്നു. ഇതു പുതിയ അറിവല്ല. പലവട്ടം കേന്ദ്ര ഏജന്‍സികളടക്കം മുന്നറിയിപ്പു നല്‍കിയിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ കേരളത്തിലെ പൊലീസിനു സാധിക്കാത്തത് ഒരുപക്ഷേ, രാഷ്ട്രീയ ഇടപെടല്‍ മൂലമായിരിക്കാം.

അതെന്തായാലും ആത്യന്തികമായി സാധാരണ ജനങ്ങളുടെ ജീവിതമാണ് നരകതുല്യമാകുന്നത്.സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കലാപങ്ങളും കൊള്ളയും നടക്കുമ്പോള്‍ താരതമ്യേന ശാന്തമായി കേരളം നിലനില്‍ക്കുന്നത് ഇവിടുത്തെ പൊലീസിന്റെ കഴിവല്ല. മലയാളികള്‍ പൊതുവേ സമാധാനപരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാത്തത്. തീവ്രവാദവും കുഴല്‍പ്പണവും കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളുമൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമേ നടക്കൂവെന്നു വിശ്വസിച്ചു പോന്നവര്‍ കോഴിക്കോട്ട് ബോംബ് പൊട്ടിയപ്പോഴാണ് ഞെട്ടിയത്. അതിനു ശേഷം കുറേ നാള്‍ ജാഗ്രത പുലര്‍ത്തിയെങ്കിലും വൈകാതെ പഴയപടിയായി.

മുതവഴി ക്ഷേത്രത്തിലെ മോഷണം ഈ പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം മാത്രം. കേരളീയര്‍ക്ക് സമാധാനപരമായി ജീവിക്കണം. അതിനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. പൊലീസിനെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ കെട്ടിയിട്ട് പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതിനു പകരം ഇത്തരം ഗുരുതരമായ വിഷയങ്ങളിലേക്ക് മാറ്റണം. അതിനു സര്‍ക്കാര്‍ മടിക്കുമ്പോള്‍ അണിയറയില്‍ നടക്കുന്ന എന്തോ ഗൂഢാലോചനയുടെ ലക്ഷണം തോന്നിയാല്‍ അതിനെ കുറ്റപ്പെടുത്താനാവില്ല.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി. തീരപ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കണം. മോഷണ സംഘങ്ങളെ കേരളത്തില്‍ നിന്നു തുരത്തണം. ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ കണ്ടെത്തണം. അതിനൊക്കെയുള്ള ചങ്കൂറ്റം പൊലീസുകാര്‍ക്കില്ലെങ്കില്‍ അത്തരക്കാരെ പിരിച്ചു വിടുകയോ മറ്റു വകുപ്പുകളിലേക്കു മാറ്റുകയോ ചെയ്യണം. സാധാരണ ജനത്തിനു മേല്‍ കുതിര കേറാനുള്ളതല്ല കാക്കിക്കുപ്പായമെന്ന് മനസിലാക്കി പൊലീസുകാരെ കര്‍മനിരതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വലിയ തീവ്രവാദ, ക്രിമിനല്‍ കേന്ദ്രമായി കേരളവും മാറും.

2011, ഒക്ടോ 18

ടൈ കെട്ടാം ഈസിയായി


സുഹൃത്തുക്കളെ,

നമുക്കറിയാം രാവിലെ ജോലിക്കു പോകും മുന്‍പ് ടൈ കെട്ടുകയെന്നത് എന്നെപ്പോലെ നിങ്ങള്‍ക്കും ഒരു മിനക്കേട് പിടിച്ച പണിയാനെന്ന്, അല്‍പം ധൃതിയുള്ള ദിവസം ഒന്നുകില്‍ നീളം ശരിയാവില്ല അല്ലെങ്കില്‍ നോട്ട് ശരിയാവില്ല, ഈ ബുദ്ധിമുട്ട് ഒഴിവാക്കനായി ഞാന്‍ പതിവായി അവലംബിക്കുന്ന മാര്‍ഗ്ഗം ഒരിക്കല്‍ ശരിയായി കെട്ടിക്കഴിഞ്ഞാല്‍ അടുത്ത പ്രാവശ്യം ടൈ അലക്കുന്നത് വരെ നോട്ട് അഴിക്കാതെ നെക്ക് ലൂസാക്കി ടൈ തലവഴി ഊരിയെടുക്കുക എന്നതാണ്. എന്നാല്‍ എനിക്കു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കിട്ടിയ ഈ ഹ്രസ്വ ചിത്രം ഒന്നു കണ്ട് നോക്കു, അധിക സമയം കണ്ണാടിക്കു മുന്നില്‍ നിന്നു കസര്‍ത്തു കാട്ടാതെ ഭംഗിയായി കണ്ഠകൗപീനം അണിയാന്‍ ഇതു നിങ്ങളെ സഹായിച്ചേക്കും.


 

2011, ഒക്ടോ 15

പൂനം ഇന്ത്യന്‍ ടീമിന്റെ ഉത്തേജകം.

കപില്‍ദേവ് കപ്പെടുത്തശേഷം പ്രതിഭാശാലികളായ പല ക്യാപ്റ്റന്മാരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചു, ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നു പുകള്‍പെറ്റ പല ടീമുകളും ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ മാറ്റുരച്ചു,  എന്നാല്‍ കപ്പു മാത്രം കിട്ടിയില്ല, സെമിയിലും ഫൈനലിലും അടിതെറ്റി വീഴാനായിരുന്നു അന്നെല്ലാം ഗാംഗുലിയടക്കമുള്ള കടുവകളുടെ വിധി, ഏ ആര്‍ റെഹ്മാന്‍ പാട്ടും പാടി കൂടെപ്പോയിട്ടും കപ്പു മാത്രം കിട്ടിയില്ല.


എന്നാല്‍ അത്രക്കൊന്നും പ്രതീക്ഷയില്ലാതെ ഇടറുന്ന ചുവടുകളുമായി ഇക്കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിനിറങ്ങിയ ധോണിയും കൂട്ടരും ആദ്യത്തെ ചില അനിശ്ചിതാവസ്ഥയ്ക്ക് ശേഷം തകര്‍ത്തു കളിക്കുന്നതാണ് നാം കണ്ടത്. കേന്ദ്ര മന്ത്രിയായ ഡീയെംകേ നേതാവിനെപ്പോലെയായി പിന്നീട് കാര്യങ്ങള്‍. മൂട്ടില്‍ മുളകുപൊടി തേച്ച പന്തയക്കുതിരയെപ്പോലെ ഇന്ത്യന്‍ ടീം ഉഷാറായതിന് കാര്യമെന്താ? 2ജീ ഇടപാടില്‍ നീരാ റാഡിയയെന്നപോലെ ഇന്ത്യന്‍ ടീമിനു ഉല്‍പ്രേരകമായി വര്‍ത്തിച്ച പൂനം പാണ്ഡേ അല്ലാതെ മറ്റൊന്നുമല്ലന്നു എനിക്കന്നേ തൊണ്ണൂറു ശതമാനം ഉറപ്പായിരുന്നു. ഇന്നത്തോടെ ബാക്കി പത്തു ശതമാനവും കൂടി ചേര്‍ത്ത് നൂറു ശതമാനം ഉറപ്പായി.


ലോകകപ്പ് ഇന്ത്യ വിജയിച്ചാല്‍ താന്‍ നഗ്നയായി വരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കപ്പു കിട്ടിയിട്ടും വാഗ്ദാനം പാലിക്കാന്‍ പൂനത്തിനെ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ അനുവദിച്ചില്ല, എന്തായാലും സംഗതി വിവാദമായപ്പോള്‍ പുറത്തേക്കു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി ഈ അപാര മോഡലിന്. എങ്കിലും തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറാന്‍ അവള്‍ തയാറായിരുന്നില്ല. പക്ഷേ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ !!!സീരിയല്‍ തീരുന്നതുവരെ കുണ്ടാമണ്ടിയൊന്നും ഒപ്പിക്കാതെ അടങ്ങിയിരുന്ന് പഠിച്ചാല്‍ ചോക്ലേറ്റ് തരാമെന്നു പ്രലോഭിപ്പിക്കുകയും സീരിയല്‍ എല്ലാം കണ്ട് കഴിയുംബം ചോക്ലേറ്റ് പല്ലിനു കേടാണ് നീയിപ്പം തിന്നണ്ട എന്നു വാക്കുമാറ്റുന്ന  അമ്മമാരെപ്പോലെ ബീസീസീഐ ചുവടുമാറ്റിയത് കൊണ്ടാണോ എന്തോ ചോക്ലേറ്റ് കിട്ടാഞ്ഞ് പാഠപ്പുസ്തകം വലിച്ചു കീറുന്ന അലമ്പ് പിള്ളാരെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പോയി എല്ലാ​ മല്‍സരവും നല്ല ഭേഷായങ്ങ് തോറ്റു.


ലോക ചാമ്പ്യന്മാരുടെ കാര്യം ലോക നാണക്കേടായത് മനസിലാക്കിയ പൂനം ചേച്ചിക്ക് സങ്കടമായി, മക്കളേ നിങ്ങള്‍ക്ക് നേരിട്ട് കാണിക്കാമെന്നു പറഞ്ഞതൊക്കെ തല്‍ക്കാലം ഇന്റെര്‍നെറ്റില്‍ കണ്ടോളാന്‍ പറഞ്ഞ് സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങിക്കളഞ്ഞു ചേച്ചി. തല്‍ക്കാലം മുട്ടുശാന്തിക്ക് ഇതു പിടിക്ക് കൂടുതല്‍ എരിവുള്ള വിഭവങ്ങള്‍ പിന്നാലെ വിളമ്പാം എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ചെറിയൊരു കുളിസീന്‍ അപ്‌ലോഡും ചെയ്തു.


കൊടുക്കാമെന്നു പറഞ്ഞത് കുറച്ചെങ്കിലും കൊടുത്തതോടെ നമ്മുടെ സിങ്കക്കുട്ടികള്‍ സടകുടഞ്ഞെഴുന്നേറ്റു ഇന്നലെ ഹൈദരബാദില്‍ നടന്ന മല്‍സരത്തില്‍ 14 ഓവര്‍ ബാക്കി നില്‍ക്കെ 126 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ട് ടീമിനെത്തന്നെ തകര്‍ത്തുകളഞ്ഞു. ഇനിപ്പറയൂ ഇന്ത്യന്‍ ടീമിന്റെ ഭാവി മഹേന്ദ്ര സിങ് ധോണിയുടെ കൈകളിലാണോ അതോ പൂനം പാണ്ഡേയുടെ പ്രദര്‍ശനങ്ങളിലാണോ ????


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: പൂനം ചേച്ചിയുടെ വെബ്സൈറ്റ് തകര്‍ക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്  ഹാക്കര്‍മാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു.


2011, ഒക്ടോ 13

വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം?

കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കു നേരേ നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥിസമരങ്ങള്‍ കേരളത്തില്‍ പുത്തരിയൊന്നുമല്ലെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് പെരുമാറിയതെന്നു വ്യക്തം.


നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കിയതിനെ തുടര്‍ന്നാണ്  വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ ഉപരോധ സമരം നടക്കുന്നതിനിടെ, ആരോപണവിധേയനായ വിദ്യാര്‍ത്ഥി കാമ്പസിനുള്ളില്‍ കടന്നെന്ന വാര്‍ത്ത പരന്നതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത്.


ഇതു തടയാനുള്ള പൊലീസിന്റെ നീക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. നാലു റൗണ്ട് സര്‍വീസ് പിസ്റ്റളില്‍ നിന്നു നിറയുതിര്‍ത്തത് അസിസ്റ്റന്റ് കമ്മീഷണറാണ്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് വെടിവച്ചതെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും, തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണുണ്ടായതെന്ന് പറയാതിരിക്കാനാവില്ല.  അതേസമയം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ഇല്ലായിരുന്നു എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.


കല്ലേറില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു തടസമുണ്ടാക്കിയപ്പോഴാണു വെടിവച്ചതെന്നാണു പൊലീസിന്റെ ഭാഷ്യം. കല്ലേറില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ കുറേ കുട്ടികളെ കൊല്ലുന്നതിന് എന്തു ന്യായീകരണമാണു പൊലീസിനു പറയാനുണ്ടാവുക?
മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്നതു തന്നെയാകാം എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനു മുഖ്യകാരണം. അത് എന്തു തന്നെയാകട്ടെ. ഈ വിദ്യാര്‍ത്ഥിക്കു പ്രവേശനം നല്‍കരുതെന്ന ജില്ലാ കളക്ടറുള്‍പ്പെട്ട സമിതിയുടെ നിര്‍ദേശമെങ്കിലും സര്‍ക്കാരിനു പരിഗണിക്കാമായിരുന്നു.


രണ്ടു മാസത്തിലേറെയായി ഈ വിഷയത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍, വിവാദപുരുഷനായ മഹാനെ മറ്റേതെങ്കിലും സ്വാശ്രയ കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്ത് വിഷയം അവസാനിപ്പിക്കാന്‍ സ്വാശ്രയ മുതലാളിമാരുടെ അരുമ സന്താനങ്ങളായ യുഡിഎഫ് നേതാക്കള്‍ക്കു സാധിക്കുമായിരുന്നു. എന്നാല്‍, അതിനു തയാറാവാതെ കലാപത്തിനു കോപ്പുകൂട്ടിക്കൊടുത്തത് യുഡിഎഫ് നേതാക്കള്‍ തന്നെ.


വിദ്യാര്‍ത്ഥിസമരങ്ങള്‍ അക്രമാസക്തമാകുന്നതും പൊലീസ് ലാത്തി വീശുന്നതുമൊക്കെ കേരളത്തില്‍ ആദ്യമായല്ല. എത്രയെത്ര രക്തരൂഷിത സമരമുഖങ്ങളിലൂടെ കടന്നു പോയിരിക്കുന്നു കേരളം. അന്നൊന്നും കഴിഞ്ഞ ദിവസം ഉണ്ടായതിനു സമാനമായ രീതിയില്‍ പൊലീസ് പെരുമാറിയിട്ടില്ല.


പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്നത് പ്രയോഗിക്കാന്‍ തന്നെയാണെന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജനക്കൂട്ടത്തിനു നേരേ നിറയൊഴിക്കുന്നത് അവസാനത്തെ ആശ്രയമെന്ന നിലയിലായിരിക്കണം. അതിനു പകരം, കുറേ കുട്ടികള്‍ ബഹളമുണ്ടാക്കിയാലുടന്‍ അവര്‍ക്കു നേരേ തോക്കെടുക്കുന്നത് കേരളത്തില്‍ വേണ്ട.

 
ഇവിടെ തികച്ചും ന്യായമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം? ജലപീരങ്കിയുള്‍പ്പെടെയുള്ള താരതമ്യേന ജീവഹാനിക്കിടയാക്കാത്ത ആയുധങ്ങളുണ്ടെന്നിരിക്കെ സര്‍വീസ് റിവോള്‍വര്‍ എടുത്തു വിദ്യാര്‍ത്ഥികളുടെ നേര്‍ക്കു ചൂണ്ടാന്‍ അസിസ്റ്റന്റ് കമ്മീഷണറെ പ്രേരിപ്പിച്ചതാരാണ്? ശക്തമായ പ്രതിഷേധം കത്തിപ്പടരുന്നതിനിടയിലൂടെ വിവാദപുരുഷനായ വിദ്യാര്‍ത്ഥിയെ കോളജിലേക്ക് കടത്തിവിട്ടതെന്തിന്? അതിനു പൊലീസ് തുണ നിന്നുവെങ്കില്‍, കഴിഞ്ഞ ദിവസം ഉണ്ടായ മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസിനു തന്നെ.


കോളജിനുള്ളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേ ഗ്രനേഡും പ്രയോഗിച്ചു. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്കു വരെ ഗ്രനേഡ് തോന്നിയതു പോലെ വലിച്ചെറിഞ്ഞ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടക്കൊലപാതക ശ്രമമാണു നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ, അവര്‍ ഏതു റാങ്കില്‍പ്പെട്ടവരാണെങ്കിലും, സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സംയമനം പാലിക്കാന്‍ ശേഷിയില്ലാത്തവരെ ആയുധമേല്‍പ്പിക്കുന്നതിന്റെ ഗുരുതരമായ അപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലൂടെ തെളിയുന്നത്.ഗ്രനേഡോ തോക്കോ കൈവശമുണ്ടെങ്കില്‍, അതു പ്രയോഗിക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. തോക്കുമായി ആരെയും ആക്രമിക്കാനെത്തിയവരല്ല വിദ്യാര്‍ത്ഥികള്‍. സായുധരായ അക്രമിസംഘത്തോടെന്നപോലെ ആയുധങ്ങള്‍ കൊണ്ട് എതിരിടാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടി സംശയമുയര്‍ത്തുന്നു.  അക്കാരണത്താല്‍ത്തന്നെ, കരുതിക്കൂട്ടി പൊലീസ് നടത്തിയ ഗൂഢാലോചനയാണോ ഇന്നലത്തെ സംഭവമെന്നും അന്വേഷിക്കാവുന്നതാണ്. സര്‍വീസ് കാലയളവില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ഇന്നലെ വെടിവച്ച അസിസ്റ്റന്റ് കമ്മീഷണറെന്നാണ് എസ്എഫ്‌ഐ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയങ്കില്‍, അത്തരമൊരു ഉദ്യോഗസ്ഥന് ആയുധം നല്‍കിയ പൊലീസ് വകുപ്പാണ് കുറ്റക്കാര്‍. ട്രാക്ക് റെക്കോഡ് മോശമായ വ്യക്തിയെ ആയുധം കൂടി നല്‍കി വിട്ടാല്‍ അയാള്‍ അഴിഞ്ഞാടും. അതു തന്നെയാകാം കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുക. എതായാലും, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉടനുണ്ടാവണം. അതില്‍ അമാന്തമുണ്ടായിക്കൂടാ.

2011, ഒക്ടോ 8

ലോഡ് ഷെഡ്ഡിംഗ് പുനരവതരിച്ചിരിക്കുന്നു.


രാവും പകലും വ്യത്യാസമില്ലാതെ വൈദ്യുതിയില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങുകയാണ്. ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുട്ടുമൂടിയ രാത്രികളാണ് കേരളീയര്‍ക്കു വിധിച്ചിരിക്കുന്നതെന്നു വ്യക്തം. മുന്‍ സ്ര്‍ക്കാരിന്റെ കാലത്ത് കടുത്ത വേനലില്‍ പോലും ഏര്‍പ്പെടുത്താതിരുന്ന ലോഡ് ഷെഡ്ഡിംഗ് കേരള‍ത്തിലെ മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞു കിടക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ തന്നെ പുനരവതരിച്ചിരിക്കുന്നു.

ഉപഭോഗത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനവല്ല, കേന്ദ്രപൂളില്‍ നിന്നു ലഭിച്ചു പോന്ന വിഹിതത്തില്‍ കുറവു വന്നതാണ് ലോഡ്‌ഷെഡിംഗിനു കാരണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. താത്കാലികമായി സംഭവിച്ച ഒരു കാര്യം മാത്രമാണിതെന്നും കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിതരണം തുടങ്ങിയെന്നുമൊക്കെ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാലും പറഞ്ഞു.


ഇതില്‍ ആരു പറയുന്നതാണ് ജനം വിശ്വസിക്കേണ്ടത്? ഇപ്പോള്‍ ഇരുട്ടില്‍ ജീവിക്കാന്‍ ജനത്തെ നിര്‍ബന്ധിതരാക്കിയെങ്കില്‍, ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ മാസത്തെ ജനദ്രോഹം സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഓരോ മാസവും ഓരോ ജനദ്രോഹം വീതം നടപ്പാക്കുക എന്നതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയെന്നു കൂടി വ്യക്തമാക്കിയാല്‍ക്കൊള്ളാം.


കേരളത്തിലെ വൈദ്യുതി ഉത്പാദനം ഇവിടുത്തെ ആവശ്യത്തിനു തികയില്ലെന്നതിനാലാണ് കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നത്. ഈ സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു വര്‍ഷം മുമ്പു കമ്മീഷന്‍ ചെയ്യാമായിരുന്ന നാനൂറിലധികം മെഗാവാട്ടിന്റെ പദ്ധതികള്‍ ഫയലില്‍ത്തന്നെ വിശ്രമിക്കുന്നുണ്ടെന്നതും ജനം മനസിലാക്കണം. പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നതെന്ന് മന്ത്രിയോ സര്‍ക്കാരോ ചിന്തിക്കുന്നില്ല.


വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മറച്ചു വയ്‌ക്കേണ്ട ഗതികേട് ഏറ്റെടുക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്ത് ആര്യാടനെപ്പോലുള്ളവരെ അധികാരമേല്‍പ്പിച്ചിരിക്കുന്നത്. ഓരോ കാര്യത്തെക്കുറിച്ചും കണക്കുകളുടെ പിന്‍ബലത്തോടെ വാദിക്കാറുള്ള ആര്യാടന്‍ മുഹമ്മദ് എന്ന  നേതാവിന് എന്താണു സംഭവിക്കുന്നത്? വൈദ്യുതി വകുപ്പിന്റെ ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ പ്രഖ്യാപിത ജനസ്‌നേഹം നഷ്ടമായോ? ബോര്‍ഡിലെ വെള്ളാനകളുടെ പിടിപ്പുകേടു മൂലം പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതിന്റെ കുറ്റം ഇവിടുത്തെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുത്. ജനത്തെ അതു പറഞ്ഞു ശിക്ഷിക്കുകയുമരുത്.

ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്ര പൂളിനെ ആശ്രിയിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ 36 അണക്കെട്ടുകളുണ്ട്. ഇതില്‍  90 ശതമാനവും നിറഞ്ഞു കിടക്കുകയുമാണ്.എന്നിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് തീര്‍ത്തും നിസാരമായി കാണേണ്ട കാര്യമല്ല.


30 കോടി രൂപയ്ക്കു നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്ന ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ടെന്‍ഡര്‍ തുക 41.66 കോടി രൂപയായതിനു പിന്നിലുള്ളത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മാത്രമാകാന്‍ തരമില്ല. വന്‍തുക ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നു ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനുമാവില്ല. ഇതെല്ലാം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. അതിലൂടെ പ്രതിവര്‍ഷം ഒമ്പതു കോടി രൂപയുടെ നഷ്ടവുമുണ്ടാകുന്നു.


ഇത്തരം നഷ്ടങ്ങളും ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുക എന്നതാണ് പുതിയ തന്ത്രം. വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ക്ക്, അത് എന്തുകൊണ്ടു ലാഭത്തിലാകുന്നില്ല എന്നു ചിന്തിച്ചുകൂടേ?


നഷ്ടത്തിന്റെ കണക്കു നിരത്തുന്നവര്‍ ബോര്‍ഡിനുണ്ടാകുന്ന ചെലവുകള്‍ എന്തൊക്കെയെന്നുകൂടി കണക്കുകളുടെ പിന്‍ബലത്തോടെ വെളിപ്പെടുത്തണം. ഏറ്റവും താഴെയുള്ള തസ്തികയില്‍ നിന്നു വിരമിക്കുന്നവര്‍ക്കു പോലും ബോര്‍ഡില്‍ നിന്നു പ്രതിമാസം പതിനയ്യായിരം രൂപയിലേറെ ലഭിക്കുന്നുണ്ടെന്നാണ് അറിവ്. മേല്‍ത്തട്ടിലേക്കു പോകുന്നതോടെ അത് രണ്ടും മൂന്നും ഇരട്ടിയിലേറെയാകുന്നു. ജോലിയിലിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം കേട്ടാല്‍ സാധാരണ കേരളീയന്‍ ഞെട്ടിത്തരിക്കും. ക്ലറിക്കല്‍ തസ്തികയില്‍പ്പോലും മുപ്പതിനായിരം രൂപയിലേറെ പ്രതിമാസം വാങ്ങുന്നവരുണ്ട്.


പ്രതിദിനം നൂറു രൂപ പോലും വരുമാനമില്ലാത്തവരുടെ പോക്കറ്റില്‍ നിന്ന് കറന്റു ചാര്‍ജ് എന്ന പേരില്‍ അമിതമായി വാങ്ങിക്കൂട്ടുന്ന തുകയാണ് കുറേ വെള്ളാനകള്‍ക്ക് സര്‍ക്കാര്‍ വീതം വച്ചു നല്‍കുന്നത്. ഇവരുടെ ശമ്പളത്തില്‍ കുറവു വരുത്തിയാല്‍ ഇപ്പോഴുള്ള സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സാധിക്കില്ലേ? എന്തുകൊണ്ട് അതിനു സര്‍ക്കാരിനു ശ്രമിച്ചുകൂടാ.
വന്‍തുക ശമ്പളം വാങ്ങിയിട്ടും അവരാരും ജോലി ചെയ്യുന്നില്ല. അതുകൊണ്ടാണ് പദ്ധതികളെല്ലാം ഫയലില്‍ത്തന്നെ കിടക്കുന്നത്. വൈദ്യുതി ഓഫീസില്‍ ഒരിക്കലെങ്കിലും പോകേണ്ടി വന്നിട്ടുള്ളവര്‍ ഈ ജീവനക്കാരെ എത്ര കടുത്ത രീതിയില്‍ ശിക്ഷിച്ചാലും മതിയാവില്ലെന്ന അഭിപ്രായമാണു പറയാറുള്ളത്.


സര്‍ക്കാര്‍ ഇടപെട്ട് ശമ്പളം കുറച്ചാല്‍ യൂണിയനുകള്‍ സമരം തുടങ്ങിയേക്കാം. കടമകള്‍ മറന്ന് അവകാശത്തെക്കുറിച്ചു മാത്രം പ്രസംഗിക്കുകയാണല്ലോ അവരുടെ പതിവ്. അങ്ങനെ സമരം ചെയ്യുന്നവരെ നേരിടാന്‍ സര്‍ക്കാരിന് ജനങ്ങളെ തന്നെ ആശ്രയിക്കാവുന്നതാണ്. തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ ഇവിടുത്തെ ജനം പ്രതികരിക്കും. സമരത്തിനിറങ്ങുന്നവരെ ജനങ്ങള്‍ തന്നെ നേരിട്ടുകൊള്ളും. അതോടെ ജോലി കൃത്യമായി ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ തന്നെ തെളിയിച്ചുകൊള്ളും.


ഇത്തരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള ഭരണാധികാരികള്‍ വേണം. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കുറേ തട്ടിക്കൂട്ടു പ്രസംഗങ്ങളും പ്രസ്താവനകളും ഇറക്കി നടക്കുന്നവര്‍ക്ക് അതിനുള്ള തന്റേടമുണ്ടാവില്ല. കുറേ അരാഷ്ട്രീയവാദികള്‍ക്കും ഹസാരമാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ ആര്യാടന് അറിയില്ലെന്നുണ്ടോ?  ഉദ്യോഗസ്ഥരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാനല്ല കുറേ മന്ത്രിമാരെ ജനം അധികാരം നല്‍കി തീറ്റിപ്പോറ്റുന്നതെന്ന് ദയവായി തിരിച്ചറിയുക.

2011, ഒക്ടോ 5

മൊബൈല്‍ ഫോണ്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ശ്രീകുമാറിനെ 24 നു വൈകിട്ട്‌ അഞ്ചരയ്‌ക്കും ആറരയ്‌ക്കും ഇടയില്‍ താനാണു വിളിച്ചതെന്ന്‌ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

26 നു യു.ഡി.എഫ്‌ യോഗം നിശ്‌ചയിച്ചിരുന്നു. അതിനു മുന്‍പു ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നിശ്‌ചയിച്ചിരുന്നു. അതിന്റെ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായിരുന്നു ഫോണ്‍ ചെയ്‌തത്‌. ബാലകൃഷ്‌ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴും ഈ ഫോണില്‍ നിന്നു തങ്ങള്‍ പല യു.ഡി.എഫ്‌. നേതാക്കളെയും വിളിച്ചിട്ടുണ്ട്‌. മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയെയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.ബാലകൃഷ്‌ണനെയും വിളിച്ചിട്ടുണ്ട്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിളി വിവാദം കൊഴുക്കുകയാണല്ലോ? ഇതു സംബന്ധിച്ച് മംഗളം ഇന്ന് പ്രദ്ധീകരിച്ച വാര്‍ത്തയാണ് ഇവിടെ കോപ്പി ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത മുന്‍പ് വന്ന മറ്റു ചില വാര്‍ത്തകളുമായി കൂട്ടി വായിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നുന്നു അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

ഇതു സംബന്ധിച്ച യാധാര്‍ഥ്യവും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭ്യമാകുന്നതും ഉടമസ്ഥാവകാശവും ഉപയോഗവും സംബന്ധിച്ച നിയമ വശവും അറിയുന്നവര്‍ കമന്റിട്ട് സംശയം ദുരീകരിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവിക്കു കൊടുത്ത ടെലഫോണ്‍ അഭിമുഘത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് വ്യക്തമാക്കിയത് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായ (മറ്റൊരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പിതാവായ) ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് ദക്ഷിണകേരളത്തിലെ ഏറ്റവും പ്രബലനായ സ്വകാര്യ ബസുടമയായ മനോജ് ആണെന്നാണ്.


എന്നാല്‍ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നു. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

ഇതില്‍ ആരു പറയുന്നതാണ് സത്യം? സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് പറയുന്നതോ? കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നതോ?

ശ്രീ മനോജിനും ശ്രീമാന്‍ വേണുഗോപാലന്‍ നായര്‍ക്കും മറ്റ് കേരള കോണ്‍ഗ്രസ്‌-ബി നേതാക്കള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരെല്ലാം സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ബാലകൃഷ്ണ പിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണ്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ? ബാലകൃഷ്ണ പിള്ളയുടെ പുത്രനും സംസ്ഥാന കായികം, വനം, പകുതി സാംസ്കാരിക വകുപ്പ് മന്ത്രിയായ ഗണേഷ് കുമാറിന്റെ - അല്ലെങ്കില്‍ കേരളത്തിലെ മറ്റേതെങ്കിലും മന്ത്രിയുടെ, ജനപ്രതിനിധികളുടെ, ഉദ്യോഗസ്ഥരുടെ,  ഔദ്യോഗിക ഫോണ്‍ ഇപ്പോള്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?  അങ്ങനെ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?

ഇന്ത്യയില്‍ ഒരാളുടെ പേരില്‍ സംഘടിപ്പിച്ച പേഴ്സണല്‍ മൊബൈല്‍ കണക്ഷന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?


ഒരാള്‍ക്ക് ഇന്ത്യയില്‍ അനുവദിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രസ്തുത കമ്പനിയുടെ സേവന പരിധിക്കുള്ളില്‍  ഒറിജിനല്‍ സബ്സ്ക്രൈബര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതേ നമ്പര്‍ ക്യാന്‍സലായി പോകാതെ പിന്നീട് പുനരുപയോഗത്തിനു ആവശ്യമുള്ളപ്പോള്‍ തിരികെ ലഭിക്കുന്നവണ്ണം മൊബൈല്‍ കമ്പനിയുടെ സേഫ് കസ്റ്റഡിയില്‍ സറണ്ടര്‍ ചെയ്ത് സൂക്ഷിക്കുന്നത്നുള്ള സൗകര്യം ലഭ്യമാണോ?


മനോജും വേണുഗോപാലന്‍ നായരും ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന സമയത്ത് പിള്ളയുടെ മൊബൈല്‍ ഫോണ്‍ ഏത് ടവറിന്റെ പരിധിയില്‍ ആയിരുന്നു? ആ സമയത്ത് മനോജും വേണുഗോപാലന്‍ നായരും എവിടെ ആയിരുന്നു എന്ന വിവരം അറിയുവാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടോ?