2011, നവം 25

ജനത്തെ മറക്കുന്ന നേതാക്കള്‍ക്ക്

ഇന്നലെ കേന്ദ്രമന്ത്രി ശരദ്പവാറിന്റെ മുഖത്ത് അടിച്ച സംഭവം അത്യന്തം അപലപനീയം തന്നെ. ആര്‍ക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രമന്ത്രിയുടെയെന്നല്ല, ആരുടെയും മുഖത്തടിക്കുന്നതോ ആക്രമിക്കുന്നതോ നിയമവിരുദ്ധമാണ്. ഇന്നലെ ശരദ്പവാറിന്റെ മുഖത്തടിച്ച അക്രമി പറഞ്ഞത് രാജ്യത്തെ വിലക്കയറ്റത്തിന് ഉത്തരവാദി പവാറാണെന്നായിരുന്നു. ഇതു തന്നെയാണോ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഇനിയും കണ്ടെത്താനുണ്ട്.

നേതാക്കളെ തെരുവില്‍ നേരിടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തുന്നതിന്റെ സൂചനയായി ഈ സംഭവത്തെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച്, പ്രതികരിക്കാനുള്ള അവസരം ഇല്ലാത്തതിനാലാണ് ജനം അടങ്ങിയിരിക്കുന്നതെന്നതിന്റെ ലക്ഷണമായും ഇത്തരം അക്രമങ്ങളെ കാണാം.

ജനനേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാകണമെന്നു പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇതു പ്രാവര്‍ത്തികമാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. പവാര്‍ മാത്രമല്ല, മുതിര്‍ന്ന നേതാക്കളായി അറിയപ്പെടുന്ന ആരും ജനങ്ങളുമായി വലിയ ബന്ധമൊന്നുമുള്ളവരല്ല. കോര്‍പറേറ്റ് ഭീമന്‍മാരുമായി മാത്രം സൗഹൃദം കാത്തുസൂക്ഷിക്കുകയും, ഉപരിവര്‍ഗ ജാടകളോടു ചങ്ങാത്തം കൂടുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തുകയും, പാവപ്പെട്ടവനെ കാണുമ്പോള്‍ ആട്ടിയോടിക്കുകയും ചെയ്യുന്നവരാണു നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും. ഇതു ശരിയല്ലെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ തന്നെ അതു തെളിയിക്കട്ടെ. അല്ലാത്തിടത്തോളം ഈ പറയുന്നതു തന്നെയാണു ശരി.

ജനങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുകയെന്ന ശൈലിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയതു തന്നെയാണ് നാടിന്റെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ നേതാക്കള്‍ക്കു സാധിക്കുന്നില്ല. ഇംഗ്ലീഷ് ചാനലുകളിലെ ടോക് ഷോകളില്‍ ഇരുന്ന് ഉപരിവര്‍ഗക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയം കണ്ടെത്തുന്ന നേതാക്കള്‍ ഇടയ്‌ക്കെങ്കിലും ചേരിപ്രദേശങ്ങളിലേക്കും പോകണം. അവിടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജീവിതം. അതു മനസിലാക്കിയാല്‍ മാത്രമേ നാടിനു വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാവൂ.

പരസ്യമായി മദ്യപിക്കാനുള്ള അവകാശത്തിനോ, വസ്ത്രമില്ലാതെ കടല്‍ത്തീരത്തു കുളിക്കാനുള്ള സ്ത്രീകളുടെ അവകാശമോ അല്ല ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളുടെ ടോക് ഷോകളിലൂടെയാവരുത് നേതാക്കളുടെ ജീവിതം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരോ പാവപ്പെട്ടവരോ ആണെന്ന സത്യം തിരിച്ചറിയാവുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. മാധ്യമങ്ങളുടെ അകമ്പടിയോടെ ഏതെങ്കിലും ഗ്രാമത്തിലേക്കു പോയി ഒരു ചട്ടി മണ്ണു ചുമക്കുന്നതോ, വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ ചാനലുകളുടെ ജനറേറ്ററുകളുടെ പ്രകാശത്തില്‍ അന്തിയുറങ്ങുന്നതോ ആണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്ന തലമുറയുടെ കടന്നുവരവ് രാജ്യത്തിനു തീര്‍ത്തും ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

മുതിര്‍ന്ന നേതാക്കളെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയെന്നത് ഇന്ത്യയില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ അതും സംഭവിക്കുന്നു. രാജ്യത്തു നിരവധി പ്രശ്‌നങ്ങളുണ്ട്. അതു തിരിച്ചറിയാന്‍ സാധിക്കണം. വില കയറുമ്പോള്‍ സാങ്കേതിക ന്യായങ്ങള്‍ നിരത്തുന്നതിനു പകരം അതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയുണ്ടാകണമെങ്കില്‍ വിലക്കയറ്റത്തിന്റെ ദൂഷ്യഫലം എന്തെന്ന് അറിയുന്നവര്‍ ഭരണാധികാരികളാകണം.

സ്വന്തം ജീവിതവും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ജീവിതവും സുരക്ഷിതമാക്കി സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞുകൂടുന്നവര്‍ ചില്ലുമേടകളില്‍ നിന്നിറങ്ങി ചേരികളിലേക്കു പോവുക. അവിടെ കുറേക്കാലം ചേരിവാസികള്‍ക്കൊപ്പം ജീവിക്കുക. തേച്ചുമിനുക്കിയ കുപ്പായമിട്ട് ചാനലുകളുടെ അകമ്പടിയോടെ ചട്ടി ചുമക്കുന്നതിനു പകരം, തൊഴിലാളികളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം ജോലി ചെയ്ത് കൂലി വാങ്ങുക. അതെല്ലാം കഴിഞ്ഞ് നേതാവാകാന്‍ ഇറങ്ങിയാല്‍ രാജ്യം രക്ഷപ്പെടും.

പവാറിന്റെ മുഖത്തടിച്ചത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും, നേതാക്കളോടു ജനങ്ങള്‍ക്കുള്ള വികാരമെന്തെന്നു തിരിച്ചറിയാന്‍ ഈ സംഭവം കാരണമായി എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. ശരദ്പവാര്‍ എന്ന നേതാവിന് ജനങ്ങളേക്കാള്‍ താത്പര്യം പഞ്ചസാരക്കമ്പനിയുടമകളോടാണെന്നാണ് പറയപ്പെടുന്നത്. അതു ശരിയാവാനാണു സാധ്യതയും. പണ്ടെന്നോ തെരുവിലൂടെ നടന്ന ഓര്‍മ മാത്രമാകും അദ്ദേഹമടക്കമുള്ള നേതാക്കള്‍ക്കുണ്ടാവുക. ചെറുപ്പത്തില്‍ ജനപ്രതിനിധിയായ ശേഷം ഇതേവരെ നടന്ന് യാത്ര ചെയ്തിട്ടില്ലാത്തവരാണ് നേതാക്കള്‍. അവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ അറിയില്ല. അത് അവരുടെ കുറ്റമാണെന്നു തീര്‍ത്തും പറയാനാവില്ലെന്നതാണു വാസ്തവം.

നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. എംഎല്‍എമാരും എംപിമാരും പോലും ജനങ്ങളേക്കാള്‍ വളരെ മുകളിലാണു തങ്ങളുടെ സ്ഥാനമെന്നു വിശ്വസിക്കുമ്പോള്‍ മന്ത്രിമാരുടെ കാര്യം പറയാനില്ലല്ലോ. തെരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാരില്‍ പങ്കാളികളാകുന്നതോടെ അവര്‍ ജനങ്ങളെ മറക്കുന്നു. സ്വന്തം കുടുംബക്കാരോടല്ലാതെ ഇടപഴകാന്‍ പോലും അവര്‍ തയാറല്ല. ഇതെല്ലാം കണ്ടു മടുത്ത വലിയൊരു വിഭാഗം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍ ജന്മിമാരെ പ്രീതിപ്പെടുത്തിയാല്‍ മാത്രം മതി. അക്കാരണത്താല്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ ജനങ്ങളെ തിരിഞ്ഞു നോക്കാറില്ല. അവിടെ വോട്ടു ചെയ്യുന്നതും ജയിപ്പിക്കുന്നതുമൊക്കെ ജന്മിമാര്‍ തന്നെ. യഥാര്‍ത്ഥ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു നടക്കുന്ന കാര്യം പോലും പലപ്പോഴും അറിയുന്നില്ല. എങ്കിലും കൃത്യമായി അവരുടെ വോട്ട് പെട്ടിയില്‍ വീഴും. അതാണ് അവിടുത്തെ രാഷ്ട്രീയം.

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഇതില്‍ നിന്നു സ്ഥിതി അല്പം വ്യത്യസ്തമാണ്. വോട്ടര്‍ തന്നെ വോട്ടു ചെയ്യും. പക്ഷേ, അതോടെ എല്ലാം കഴിയുന്നു. തെരഞ്ഞെടുത്തയച്ച പ്രതിനിധികളെ കാണാന്‍ അനുവാദം ചോദിച്ചു നില്‍ക്കേണ്ട അവസ്ഥയാണു പിന്നീടുണ്ടാവുക. കേരളത്തില്‍ നിലവിലുള്ള ഏതെങ്കിലും മന്ത്രിയെ വലിയ ബുദ്ധിമുട്ടു കൂടാതെ നേരിട്ടു കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നു പറയാനാവുമോ? ഇതെല്ലാം തിരിച്ചറിഞ്ഞ് നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ചേരുക. എങ്കിലേ രക്ഷയുള്ളൂ.
റീട്ടെയില്‍ വിപണിയില്‍ നിലവിളി ഉയരാന്‍ പോകുന്നു

ചില്ലറ വ്യാപാരമേഖല (റീട്ടെയില്‍) വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചത്‌. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്‌, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്‌ട്ര വില്‍പന ശൃംഖലകള്‍ക്ക്‌ ഇത്‌ അവസരമൊരുക്കും.

സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ക്കു നേരത്തേയുണ്ടായിരുന്ന 51 ശതമാനം പരിധി ഒഴിവാക്കി. ഇനി വിദേശ കമ്പനികള്‍ക്കു സ്വന്തമായി സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിനു ചെറുകിട കച്ചവടക്കാര്‍ കൈയാളുന്ന 29.50 ലക്ഷം കോടി രൂപയുടെ വിപണിയിലേക്കാണു വിദേശവ്യാപാര ശൃംഖലകളുടെ കടന്നുവരവിനു വഴിയൊരുങ്ങിയിരിക്കുന്നത്‌.

ചില്ലറവ്യാപാര മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ഇടതുപക്ഷം പ്രഖ്യാപിച്ചു. ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

വിലക്കയറ്റം തടയണമെങ്കില്‍ റീട്ടെയില്‍ മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കണമെന്നു ധനമന്ത്രാലയത്തിലെ ഉപദേഷ്‌ടാവും വിലക്കയറ്റം തടയാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ തലവനുമായ കൗശിക്‌ ബസു ജനുവരിയില്‍ വ്യക്‌തമാക്കിയിരുന്നു.  ഇതിന്റെ ചുവടു പിടിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

45000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ഈ സംവിധാനം കൊണ്ടു മാത്രമേ സാധിക്കൂ എന്നാണു സര്‍ക്കാര്‍ വാദം.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയേയും പൊതു വിതരണ ശൃംഘലയേയും (റേഷന്‍ ഷോപ്പുകള്‍) ശക്തിപ്പെടുത്തിയും കേരളത്തിലെ സപ്ലെകോ മാതൃകയില്‍ ദേശീയ തലത്തില്‍ പൊതുമേഘലയില്‍ സംഭരണ വിതരണ ന്യായ വില ഷോപ്പുകള്‍ ‍സ്ഥാപിച്ചും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയതുമില്ല.

 ടെസ്കോയും വാള്‍മാര്‍ട്ടും മറ്റും സമ്പൂര്‍ണ്ണാധിപത്യം ആസ്വദിക്കുന്ന ബ്രിട്ടണിലും അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുന്ന അവസരത്തിലാണ് നമ്മുടെ സര്‍ക്കാരിന്റെ പുതിയ നടപടി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

റീട്ടെയില്‍ മേഖല തുറന്നുകൊടുക്കലായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ലോകത്തിലെ ഒന്നാമത്തെ റീട്ടെയില്‍ ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ടിന്റെ സി.ഇ.ഒ. മൈക്ക്‌ ഡ്യൂക്കും കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ എഫ്‌.ഡി.ഐ. അനുവദിക്കുന്നതോടെ വാള്‍മാര്‍ട്ടിനു പുറമെ ടെസ്‌കോ, കാരെഫോര്‍ തുടങ്ങിയ ഭീമന്‍മാര്‍ ഇന്ത്യയിലെത്തും. വാള്‍മാര്‍ട്ട്‌ ഇപ്പോള്‍തന്നെ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. എഫ്‌.ഡി.ഐ. അനുവദിക്കാന്‍ തയാറായാല്‍ ഉടന്‍ തന്നെ ഇന്ത്യയിലുടനീളം 100 ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന്‌ വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

രാജ്യത്താകെ മൂന്നര കോടി ജനങ്ങളാണ്‌ ചില്ലറ വ്യാപാര മേഖലയില്‍ പണിയെടുക്കുന്നത്‌. ഇതില്‍ 96 ശതമാനം പേരും അസംഘടിത മേഖലയിലാണ്‌. സംഘടിത, അസംഘടിത മേഖലയിലായി ഒന്നരക്കോടിയോളം ചെറുകിട ഉല്‍പന്ന ഔട്‌ലെറ്റുകള്‍ രാജ്യത്തുണ്ട്‌. ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖല ഇതിലെ ആറു ശതമാനം മാത്രമാണ്‌.

വിദേശ വമ്പന്മാര്‍ കൂടി വരുന്നതോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പന ശാലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഇതിന്റെ ഫലം. കര്‍ഷക ആത്മഹത്യകള്‍ പോലെ വ്യാപാരി ആത്മഹത്യകളും സാര്‍വത്രികമാകാന്‍ പുതിയ നിയമം വഴിവെച്ചേക്കും.

അതേസമയം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട അമേരിക്കയിലടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഔട്‌ലെറ്റുകളുടെ വിസ്തൃതി കുറയ്ക്കുകയും ചില സ്ഥലങ്ങളില്‍ വമ്പന്‍ ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന ടെസ്കോയ്കും വാള്‍മാര്‍ട്ടിനും മറ്റും സാമ്പത്തിക മാന്ദ്യം ഇനിയും കാര്യമായ അലയൊലി ഉണ്ടാക്കിയിട്ടില്ലാത്ത ഇന്ത്യയുടെ വന്‍ വിപണി തുറന്നു കിട്ടുന്നത് അഗോള തലത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.

മാധ്യമ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഏഷ്യാനെറ്റ് അടക്കമുള്ള പ്രാദേശിക ചാനലുകളേ ആഗോളഭീമന്മാര്‍ വിഴുങ്ങുകയും സാമൂഹ്യപതിബദ്ധത മറന്ന് ഉടമയുടെ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്നതും ആഗോള സാംസ്കാരിക മാലിന്യങ്ങള്‍ മഹത്വവല്‍ക്കരിച്ച് പ്രേക്ഷകര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്.

2011, നവം 21

ഈ അപകടഭീഷണി അവഗണിക്കരുത്

മലയാളികളെയാകെ ഭീതിയിലാഴ്ത്തുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയ ഭൗമശാസ്ത്ര സംഘത്തില്‍ നിന്നുണ്ടായത്. ഇടുക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറ് പോയിന്റ് വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാമെന്ന അവരുടെ നിഗമനത്തെ നിസാരമെന്നു പറഞ്ഞ് തള്ളിക്കളയരുത്. അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശമെന്നതിലുപരി, മുല്ലപ്പെരിയാര്‍ എന്ന പഴകിപ്പൊളിഞ്ഞ അണക്കെട്ടു നിലനില്‍ക്കുന്ന പ്രദേശമെന്ന പ്രത്യേകത കൂടി ഇടുക്കിക്കുണ്ട്.

ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ടിനെ, തമിഴ്‌നാടിനു വെള്ളം നല്‍കുന്ന പദ്ധതിയെന്ന ഒറ്റക്കാരണത്താല്‍ നിലനിര്‍ത്തുന്നത് വലിയൊരു ജനവിഭാഗത്തിന്റെ ജീവനു തന്നെ ഭീഷണിയാവുകയാണ്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ സകല നീക്കങ്ങളെയും എതിര്‍ത്ത് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളക്കരയോടുള്ള വെല്ലുവിളിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കോടിക്കണക്കായ ജനങ്ങളെയും അവരുടെ ജീവിത സമ്പാദ്യങ്ങളെയുമെല്ലാം മേലേയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു ലഭിക്കുന്ന ജലം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. മലയാളികളെ കൂട്ടത്തോടെ കൊന്നിട്ടാണെങ്കിലും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുകയെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനം അവര്‍ തിരുത്തേണ്ടിയിരിക്കുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുളള സംഘം മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളുണ്ട്. അത് അണക്കെട്ടിനെ സംബന്ധിച്ചുള്ളതല്ല.  കേരളത്തില്‍ ഭൂചലന സാധ്യതയേറിയ രണ്ട് സോണുകളിലൊന്നാണ് ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖല. തൃശൂര്‍ തലപ്പള്ളി വടക്കാഞ്ചേരി പ്രദേശങ്ങളും ഇത്തരത്തില്‍ ഭൂചലനസാധ്യതയേറിയതാണ്. ഇത്തരം പ്രദേശത്തെ വീടുകള്‍ ഭൂചലനത്തെ പ്രതിരോധിക്കാനുള്ള ശേഷിയോടെ നിര്‍മ്മിച്ചാല്‍ ഭൂചലനത്തിന്റെ ആഘാതം ഒഴിവാക്കാനാകുമെന്നാണു സംഘത്തിന്റെ അഭിപ്രായം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

കണ്ടെത്തലുകളും വിദഗ്ധാഭിപ്രായവുമെല്ലാം മുടക്കം കൂടാതെ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വലിയ നടപടികളൊന്നും കാണുന്നില്ല. ഭൂചലനം അഴിച്ചുവിടുന്ന തരംഗംമൂലം ഉയര്‍ന്ന ജലവിതാനത്തിലുണ്ടാക്കുന്ന ഓളം അണക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ പ്രധാന ഉദാഹരണം.  ഇടുക്കി പദ്ധതിയുടെ ഭാഗമായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കി അണക്കെട്ടും ചെറുതോണി, കുളമാവ് അണക്കെട്ടുകളും കാലപ്പഴക്കത്താല്‍ ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയിലാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.

മൂന്നുമാസത്തിനിടെ തുടര്‍ ചലനങ്ങള്‍ ഉള്‍പ്പെടെ 20 ഓളം  തവണ ഇവിടെ ഭൂമി കുലുക്കമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ആറ് വലിയ ഭൂചലനങ്ങളും ഇടുക്കി ജില്ലയിലായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ 2007-ല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് മാത്രമാണ് ആധികാരിക രേഖയായി സര്‍ക്കാരിനു മുന്നിലുള്ളത്. അണക്കെട്ടിനുസമീപം വന്‍ പ്രഹരശേഷിയുള്ള എട്ടും ലഘുവായ 22 ഉം ഭ്രംശമേഖലകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഇത്തരം ഒരു റിപ്പോര്‍ട്ടു മാത്രമാണുള്ളതെങ്കിലും അതിന്മേല്‍ നടപടിക്ക് ആരും മുന്നിട്ടിറങ്ങിക്കാണുന്നില്ല.

സുര്‍ക്കിയും ചുണ്ണാമ്പും കല്ലുംകൊണ്ട് മുല്ലപ്പെരിയാറില്‍ ഡാം പണിയുമ്പോള്‍ ഇവിടുത്തെ ഭൂചലനസാധ്യത മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിരുന്നില്ല. അതിനുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ലതാനും. അതുകൊണ്ടു തന്നെയാവാം അവിടെ അണക്കെട്ടു നിര്‍മിച്ചത്. പിന്നീട് ഇത്തരമൊരു പഠനം നടന്നതിനെ തമിഴ്‌നാടിനു വെള്ളം നല്‍കാതിരിക്കാനുള്ള അടവാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന കാര്യം മാത്രം എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ കേരളത്തിനു മാത്രമല്ല ദുരിതമുണ്ടാവുകയെന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചറിയണം.

കേരളത്തില്‍ ഭൂകമ്പമുണ്ടാവുമെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആരും കരുതിയിരുന്നില്ല. ഭൂകമ്പസാധ്യത തീരെയില്ലാത്ത പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെട്ടു പോരികയും ചെയ്തു.എ്ന്നാല്‍, 1998-നു ശേഷം ആ ചിത്രം മാറി. ഇപ്പോഴാകട്ടെ, അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണു കേരളത്തിന്റെ സ്ഥാനം.ഇടുക്കിയില്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാര്യങ്ങളുടെ പതിവു മുറയിലായിക്കൂടാ. ഭൂകമ്പമോ പ്രകൃതിദുരന്തങ്ങളോ മുന്നറിയിപ്പു നല്‍കി വരുന്നതല്ല. അക്കാരണത്താല്‍ത്തന്നെ ഒരു ദിവസം പോലും വൈകാതെ ഇതു സ്ഥാപിക്കാനാണു ശ്രമിക്കേണ്ടത്. അതിനു ഫണ്ടില്ലെന്ന പതിവു പല്ലവി ഉയര്‍ന്നുകൂടാ. ഇതില്‍ മന്ത്രി തന്നെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് പ്രമോഷന്‍ ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ ഭൂകമ്പ സാധ്യത 60 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സീസ്മിക് മേഖലയില്‍ രണ്ടില്‍ ഉള്‍പ്പെട്ടിരുന്ന കേരളം ഇപ്പോള്‍ നാലിലേക്ക് കടന്നിട്ടുമുണ്ട്.് ഇതെല്ലാം പരിഗണിച്ചുളള അടിയന്തര തീരുമാനങ്ങളാണുണ്ടാകേണ്ടത്.മുല്ലപ്പെരിയാര്‍ എന്ന അണക്കെട്ടിനെ ചുറ്റിപ്പറ്റി മാത്രം ചിന്തിക്കരുത്. സങ്കുചിതമായ വാദങ്ങളെല്ലാം മാറ്റിവച്ച് അപകടകരമായ അണക്കെട്ട് ഉടനടി പൊളിച്ചു മാറ്റാന്‍ തീരുമാനമുണ്ടാകണം.

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അടുത്ത് പരാതിയുമായി പോവുകയല്ല ഇന്ത്യക്കാരെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജനങ്ങള്‍ക്കിടയില്‍ കൂട്ടമരണം വിതച്ചേക്കാവുന്ന ഒരു അണക്കെട്ട് നിലനില്‍ക്കുന്ന ഓരോ ദിവസവും അപകടാവസ്ഥ അധികരിക്കുന്നു. ഇതു മുന്‍കൂട്ടി കണ്ടറിയാത്തവരല്ല രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമിരുന്നു ഭരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പൊളിക്കാന്‍ എതിര്‍പ്പുള്ളവരെ കുടുംബസമേതം അണക്കെട്ടിനോടു ചേര്‍ന്ന് കേരള അതിര്‍ത്തിയില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കുക. അവരും കുടുംബങ്ങളും ആദ്യം ഒഴുകിപ്പോകട്ടെ. അവിടെ തീരും എല്ലാ പ്രശ്‌നവും.

2011, നവം 19

നിഷ്കളങ്കരും നിര്‍മലരും

കോട്ടയം നഗരത്തില്‍ ദിനംപ്രതി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. സാക്ഷരനഗരമെന്നു പേരുകേട്ട കോട്ടയത്തെ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ ഉറപ്പാണെന്നു വരുന്നത് തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥ തന്നെ.

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം മര്‍ദിച്ചു. തികച്ചും അപലപനീയവും ധിക്കാരപരവുമായ ഈ സംഭവത്തെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സാധാരണ ഗതിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാറുള്ളത് ചെറുകിട ഹോട്ടലുകളില്‍ നിന്നാണ്. ഇപ്പോള്‍  സംസ്ഥാനം ഭരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പുത്രന്റേതടക്കമുള്ള വന്‍കിട ഹോട്ടലുകളുടെ അടുക്കളകളിലാണ് ഇത്തരം പഴകിയ ഭക്ഷണവസ്തുക്കള്‍ ഇപ്പോള്‍ കണ്ടെത്തിയത്.

ഇത് പുതിയ എന്തെങ്കിലും കാര്യമാണെന്നു കരുതാനാവില്ല. പണ്ടു മുതലേ വന്‍കിട ഹോട്ടലുകളിലും പഴകിയ ഭക്ഷണം വിളമ്പിയിരുന്നു. അതു കണ്ടെത്തേണ്ടവര്‍ കൈക്കൂലിയുടെ മോഹത്താലാവാം അല്ലെങ്കില്‍ ഹോട്ടലുടമയുടെ ഉന്നതങ്ങളിലെ സ്വാധീനം കണ്ട് ഭയന്നിട്ടാവാം നടപടിയെടുത്തിരുന്നില്ല. എന്തോ കാരണത്തിന്റെ പേരില്‍ ഇപ്പോള്‍ പരിശോധന നടത്തിയെന്നു മാത്രം.

ആരോഗ്യപരിപാലനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ട വകുപ്പുകളുടെ അലംഭാവമാണ് പഴകിയ ഭക്ഷണവില്‍പ്പന ഇത്രയേറെ വ്യപകമാകാന്‍ കാരണം. ഹോട്ടലുകളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടോയെന്നതടക്കം ഒട്ടേറെ വിഷയങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടവര്‍ അവരുടെ കര്‍ത്തവ്യം മറന്നു. ഇതു കോട്ടയത്തെ മാത്രം കാര്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

കുറേക്കാലം മുമ്പുവരെ ഇടയ്ക്കിടെ ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. കുറേക്കാലമായി അത്തരം വാര്‍ത്തകളില്ല. ഇതിനര്‍ത്ഥം, എല്ലാ ഹോട്ടലുകളിലും മുന്തിയ ഇനം ഭക്ഷണം വിളമ്പുന്നു എന്നാണെന്നു കരുതാന്‍ തക്ക വിഡ്ഢിത്തമുള്ളവരല്ല കേരളീയര്‍.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹെല്‍ത്ത് വിഭാഗമാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറുള്ളത്. ഇതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വന്‍നിര തന്നെ മാസശമ്പളം പറ്റുന്നുണ്ടുതാനും. കൈപ്പറ്റുന്ന ശമ്പളത്തോടെങ്കിലും കൂറുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പടില്ലായിരുന്നു.

ശബരിമല തീര്‍ത്ഥാടനകാലവും തുടങ്ങിയിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കായ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കെത്തും. ഇടത്താവളങ്ങളെന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളെയാകും ഇവര്‍ ആശ്രയിക്കുക. അതില്‍ എത്രയിടത്ത് ശുചിത്വം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതേവരെ നടപടിയൊന്നും ആയിട്ടില്ല. കോട്ടയത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ചുമതലയില്‍ ഇപ്പോള്‍ ഇരിക്കുന്ന വ്യക്തിയുടെ പ്രത്യേക താത്പര്യത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് അറിയുന്നത്. അങ്ങനെ ഒരാളെങ്കിലും മുന്നിട്ടിറങ്ങിയതിനാല്‍ യഥാര്‍ത്ഥത്തില്‍ നാമൊക്കെ ഭക്ഷിക്കുന്നത് എന്താണെന്നു മനസിലായി.

വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരം കൂടുമെന്ന ധാരണയും പൊളിച്ചെഴുതാമെന്നാണ് കോട്ടയത്തെ പരിശോധനകളുടെ പാഠം. ശബരിമലയിലേക്കെത്തുന്നവരില്‍ സമ്പന്നവിഭാഗക്കാര്‍ വന്‍കിട ഹോട്ടലുകളെയാണ് ആശ്രയിക്കുക. അവര്‍ക്കും രക്ഷയില്ല. കോട്ടയത്തെ ഒരു ഹോട്ടല്‍ പോലും വിശ്വസിച്ചു കയറാന്‍ സാധിക്കാത്തതായിരിക്കുന്നു.

 
ഇതേക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. ചെയ്ത തെറ്റിനു പരിഹാരം കണ്ടില്ലെന്നുമാത്രമല്ല, അതു ചൂണ്ടിക്കാണിച്ചവരെ മര്‍ദിച്ചൊതുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുകയെന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാത്രിയുടെ മറവില്‍ എത്തി അക്രമം നടത്തുന്ന ഭീരുക്കളായിരിക്കുകയാണവര്‍. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പരസ്യമായി നിങ്ങള്‍ പ്രഖ്യാപിക്കുക, പഴകിയ ഭക്ഷണം വില്‍ക്കുമെന്ന്. എന്നിട്ടാകണം ഇത്തരം ഗുണ്ടായിസം. നിങ്ങളുടെ പ്രഖ്യാപനം കേള്‍ക്കേണ്ട മാത്രയില്‍ത്തന്നെ മന്ത്രിയായാലും തന്ത്രിയായാലും നാട്ടുകാരുടെ കയ്യുടെ ചൂട് അറിഞ്ഞിരിക്കും.

കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ബാലവേല നിയമപ്രകാരം നിരോധിച്ച രാജ്യത്ത് അഞ്ചും പത്തും വയസു പ്രായമുള്ള കുട്ടികളെ ഹോട്ടല്‍പണിക്കു നിര്‍ത്തുന്നത് ആരും അറിയാതെയാണെന്നു പറയരുത്. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ചിലതിന്റെ അടുക്കളയില്‍ നരകയാതന അനുഭവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ഇതേക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാല്‍ ലേബര്‍ ഉദ്യോഗസ്ഥരെത്തും. പക്ഷേ, അവരുടെ വാഹനം ഓഫീസില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പേ ഹോട്ടലുകാര്‍ക്ക് അറിയിപ്പു ലഭിച്ചിരിക്കും.

ഇങ്ങനെ വിവരം അറിഞ്ഞാലുടന്‍ വണ്ടിയില്‍ കുട്ടികളെ കുത്തിനിറച്ച് രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയാണു പതിവ്. പരാതിക്കാരുമൊത്ത് എത്തുന്ന ഉദ്യോഗസ്ഥര്‍ ഹോട്ടലുടമ നിരപരാധിയെന്നു പ്രഖ്യാപിച്ചു മടങ്ങും. അതുവരെ കുട്ടികള്‍ ടിവിയില്‍ സിനിമ കണ്ടു രസിക്കും. ഉദ്യോഗസ്ഥരും പരാതിക്കാരും മടങ്ങിയെന്ന് ഉറപ്പായാലുടന്‍ കുട്ടികളെ വണ്ടിയില്‍ കൊണ്ടുവന്നിറക്കും.

എത്രയോ കാലമായി കോട്ടയത്ത് ഇതു കാണുന്നു. ഈ മാറ്റക്കളി കാണാത്തതായി കോട്ടയത്ത് ആരുമുണ്ടാവില്ല. ആകെ ഇതൊന്നുമറിയാതെ പോകുന്നത് ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രം.
ഇത്രയേറെ സാധുക്കളായ ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള ജോലിക്കു ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തന്നെയാണു കുറ്റവാളികള്‍. പഞ്ചപാവങ്ങളായ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ വേഗം പറ്റിക്കാന്‍ ഹോട്ടലുടമകള്‍ക്കു സാധിക്കുന്നു. അതാണു സത്യം. ഇത്രയേറെ നീതിബോധമുള്ള ഈ ഉദ്യോഗസ്ഥരെ പ്രത്യേക ജോലിയൊന്നും ചെയ്യേണ്ടാത്ത ഏതെങ്കിലും തസ്തികയുണ്ടാക്കി ഇരുത്തി ശമ്പളം മുടങ്ങാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

കൈക്കൂലി എന്ന വാക്കിന്റെ അര്‍ത്ഥം പോലും എന്തെന്നറിയാത്ത കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷ്കളങ്കത മുതലെടുത്താണ് ഓരോ കുറ്റകൃത്യവും ഇവിടെ നടക്കുന്നത്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഇവരെ സംബന്ധിച്ചിടത്തോളം കൈക്കൂലി. അങ്ങനെയൊരു സംവിധാനം ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടോയെന്നു പോലും അറിയാത്തവരില്‍ പൊലീസുകാരും ഉള്‍പ്പെടും. ഇങ്ങനെയുള്ള നിഷ്കളങ്കരും നിര്‍മലരുമായവരെ വെറുതേ ശമ്പളം നല്‍കി വീട്ടിലിരുത്തിയിട്ട്, അല്പം തന്റേടമുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തിയാലേ നാടു നന്നാകൂ.


വാല്‍ക്കഷണം: തങ്ങളുടെ ചെറുബാല്യക്കാരനായ ദേശീയ നേതാവിന് "പഴകിയ പൊറോട്ട" വളരെ ഇഷ്ടമായതിനാലും അദ്ദേഹം ആരെയും അറിയിക്കാതെ വേലിചാടി അടുക്കള വഴിക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാന്‍ സാധ്യതയുള്ളതിനാലുമാണ് അദ്ദേഹത്തിനു നല്‍കാന്‍  പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പിടിക്കപ്പെട്ട ഹോട്ടലുടമയുടെ പിതാവ് വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കാന്‍ സാധ്യതയുണ്ട്.

2011, നവം 12

അപ്പന്‍ വേലി ചാടിയാല്‍......

മന്ത്രി ഗണേഷ് കുമാറിന്റെ പത്തനാപുരം പ്രസംഗം ചര്‍ച്ചാ വിഷയമാകുകയും നിയമസഭയിലും പുറത്തും എല്ലാവരും ഒന്നടങ്കം പ്രതിഷേധിക്കുകയും അപലപിക്കുകയും ആപല്‍ബാന്ധവനായ ചെന്നിത്തല പോലും കൈവിടുകയും ചെയ്തതിനേതുടര്‍ന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്രസമ്മേളനം നടത്തി വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവിനെ മ്ലേഛമായ ഭാഷയില്‍ അപമാനിച്ചതില്‍ ഘേദം പ്രകടിപ്പിക്കുകയുണ്ടായല്ലോ.

വിവാദ (അധിക?)പ്രസംഗം ചാനലുകളിലൂടെ പരസ്യമാകുകയും പകുതി-സാംസ്കാരിക മന്ത്രിയുടെ സാംകാരിക ഔന്നത്യം ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസ്കാരിക മന്ത്രിയും തോഴന്മാരും സ്ത്രീകളെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കേസിന്റെ വിശദാംശങ്ങളടക്കം അന്ന് പത്രത്തില്‍ വന്നത് മാധ്യമങ്ങള്‍ വീണ്ടും പുന: പസിദ്ധീകരിക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെയാണെങ്കിലും മാപ്പുപറഞ്ഞ മന്ത്രി ഗണേഷ് കുമാര്‍ തന്റെ വികട സരസ്വതീ വിളയാട്ടത്തെ വിശദീകരിച്ചത് പ്രതിപക്ഷ നേതാവ് വീയെസ് അച്യുതാനന്ദന്‍ തന്റെ പിതാവിനെ വേട്ടയാടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത അഴിമതിക്കേസില്‍ പോലും കക്ഷിചേര്‍ന്നു ശിക്ഷിപ്പിച്ചെന്നും വീണ്ടും പ്രസ്താവനകളിലൂടെ പീഠിപ്പിക്കുന്നെന്നും ഒക്കെ പരിതപിച്ചുകൊണ്ടാണ്,  തനിക്കൊരു പിതാവുണ്ടെന്നും ജയിലില്‍ കിടക്കുന്ന തന്റെ പിതാവിനെ ഓര്‍ത്തപ്പോളാണ് വീയെസ്സിനെ "കാമഭ്രാന്തന്‍" എന്നും മറ്റും വിളിച്ചതെന്ന് പ്രസ്തുത പത്ര സമ്മേളനത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഈ വാര്‍ത്ത കണ്ട ഞാനും നിങ്ങളും കടുത്ത കണ്‍ഫ്യൂഷനിലായി, എങ്ങിനെയാണ് സ്വന്തം പിതാവിനെ ഓര്‍മ്മിക്കുമ്പോള്‍ ഒരാള്‍ക്ക് ആദരണീയനായ ഒരു ജന നേതാവിനെ അതും സ്ത്രീ പീഡകര്‍ക്കെതിരേ സന്ധിയില്ലാതെ പോരാടുന്ന ഒരു വന്ദ്യ വയോധികനെ "കാമഭ്രാന്തന്‍" എന്നു വിശേഷിപ്പിക്കാനാവുക?

ഈ സന്ദേഹത്തിനുള്ള ഉത്തരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൊച്ചി അമ്രിതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി "ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസി" യുടെ നാല്‍പത്തി നാലാം പേജ് വായിച്ചാല്‍ ലഭിക്കും. നമ്മുടെ വനം മന്ത്രി ഇങ്ങനെ ഒരു വിശദീകരണം നടത്തി നമ്മെയൊക്കെ കണ്‍ഫ്യൂഷനിലാക്കും എന്നു മുങ്കൂട്ടി കണ്ട മാതിരി അത്ര കൃത്യമായ ഉത്തരമാണ് നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍ ചേര്‍ത്തിരിക്കുന്നത്.

കേരള സമൂഹത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് നടമാടിയ പല വഞ്ചനകളും രാഷ്ട്രീയ മത സംഘടനകളുടെ അവിശുദ്ധ ബാന്ധവങ്ങളും അണിയറക്കഥകളും തുറന്നെഴുതിയിരിക്കുന്നു നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍. സാധിക്കുമെങ്കില്‍ ഡീസീ ബുക്സ് 2011 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി ആദ്യന്തം വായിക്കുക. പുസ്തകം ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കായി മാത്രം അതിന്റെ നാല്‍പത്തിനാലാം പേജ് മാത്രം ചുവടേ ചേര്‍ക്കുന്നു.

ഈ കുറിപ്പ് അല്‍പ്പം താമസിച്ചുപോയി എന്നറിയാം. ആയതിനാല്‍ താമസിച്ചതിന് ക്ഷമാപണം നടത്തുന്നു. ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ മൂലം ബ്ലോഗ് എഴുതുന്നതിനു സമയം ക്ണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് കാരണം.