2012, ജനു 23

സര്‍ക്കാരിനെയും സ്വകാര്യവത്കരിക്കുമോ?

സാധാരണക്കാരുടെ ജീവിതത്തിലേക്ക് സ്വകാര്യവത്കരണത്തിന്റെ കല്ലെറിഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ കളി തുടങ്ങിയിട്ടു കുറേക്കാലമായി. സാമ്പത്തിക പരിഷ്കാരമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന തെറ്റായ നയത്തിന്റെ തുടര്‍ച്ചയായി കുടിവെള്ളവിതരണവും വൈദ്യുതി വിതരണവും കൂടി സ്വകാര്യമേഖലയ്ക്കു തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചന തികച്ചും ദൗര്‍ഭാഗ്യകരമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ വിഭാവനം ചെയ്ത് ആസൂത്രണകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിവെള്ളം, വൈദ്യുതി എന്നീ അവശ്യ സര്‍വീസുകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.


പുതിയ നയം നടപ്പായാല്‍  വെള്ളത്തിനും വൈദ്യുതിക്കും വന്‍തുക കൊടുക്കേണ്ടി വരുന്ന സാഹചര്യമായിരിക്കും ഉണ്ടാകുന്നതെന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ട്. സാമ്പത്തിക പരിഷ്കാരത്തിന്റെ അനന്തരഘട്ടമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി നടത്തുന്ന ഏതു പരിഷ്കാരത്തേയും ജനവിരുദ്ധമെന്ന വാക്കാല്‍ മാത്രമേ വിശേഷിപ്പിക്കാനാവൂ.


വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുമ്പോള്‍ റെഗുലേറ്ററി കമ്മീഷനു മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള ഇടപെടല്‍ ഇല്ലാതാക്കണമെന്നു കൂടി പറയുന്നതോടെ സര്‍ക്കാരിന്റെ ജനവിരുദ്ധത പൂര്‍ണമായ തോതില്‍ പുറത്തു വരുന്നു.


കുടിവെള്ളത്തിനും ജലസേചനത്തിനും നല്‍കുന്ന സബ്‌സിഡികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക, ജലവിതരണമെന്ന സേവനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി പശ്ചാത്തല സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാത്രം ഇടപെടുക, ജലവിതരണത്തിന് ചെലവാകുന്ന തുക ഉപയോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുക, വിതരണം സ്വകാര്യ ഏജന്‍സികളെയും പ്രാദേശിക സമൂഹങ്ങളെയും ഏല്‍പിക്കുക തുടങ്ങിയവയാണ് ദേശീയ കരട് ജലനയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. ലോകബാങ്കിന്റെ സാമ്പത്തിക പരിഷ്കരണപാതയിലൂടെയുള്ള യുപിഎ സര്‍ക്കാരിന്റെ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ നിര്‍ദേശങ്ങള്‍.


ഗുണനിലവാരമുള്ള ജലം ജനങ്ങള്‍ക്ക് എത്തിക്കാനാണ് സ്വകാര്യമേഖലയെ നിയോഗിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു. അതായത്, ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ആവശ്യമായ രീതിയിലുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനു കഴിവില്ലെന്ന പരോക്ഷ സമ്മതം. വൈദ്യുതിയുടെ ഉത്പാദനച്ചെലവിന് ആനുപാതികമായി നിരക്ക് ഈടാക്കാമെന്നു പറയുന്നതോടെ നിലവിലുള്ളതിന്റെ പല ഇരട്ടി നിരക്ക് വരുംനാളുകളില്‍ ജനങ്ങള്‍ നല്‍കേണ്ടിവരുമെന്നു വ്യക്തം.


താരിഫ് റഗുലേറ്ററി കമ്മീഷനെ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നു പൂര്‍ണമായി സ്വതന്ത്രമാക്കുക എന്നതിലൂടെ സമിതി ഉദ്ദേശിക്കുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുക എന്നതു തന്നെ. സ്വകാര്യമേഖല ചില സൗകര്യങ്ങള്‍ ഉറപ്പു തരുന്നുണ്ടെന്നതു വാസ്തവം. പൊതുമേഖലയിലുള്ള കുത്തകാവകാശം ഇല്ലാതാകുന്നതോടെ വിപണിയില്‍ മത്സരമുണ്ടാകും. അതിലൂടെ ജനങ്ങള്‍ക്കു നിരക്കിലും ഗുണനിലവാരത്തിലും മെച്ചമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ടെലികോം വകുപ്പിനെ ഇല്ലാതാക്കി ബിഎസ്എന്‍എല്‍ രൂപീകരിച്ചപ്പോഴും തുടര്‍ന്ന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയപ്പോഴും എതിര്‍പ്പുകളുയര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അതില്‍ ആര്‍ക്കും വലിയ എതിര്‍പ്പു കാണുന്നില്ല.
കുറഞ്ഞ തുകയ്ക്ക് മൊബൈല്‍ സേവനങ്ങള്‍  നല്‍കാന്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മത്സരിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ക്കു നേട്ടമുണ്ടായി.


എന്നാല്‍, ഇതിനു തുല്യമായ നിലയില്‍ കുടിവെള്ളത്തെയും വൈദ്യുതിയെയും കാണാനാവില്ല. അവശ്യവസ്തുവല്ലാത്ത മൊബൈല്‍ ഫോണിനെയും ഇതിനെയും താരതമ്യം ചെയ്യുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.


സ്വകാര്യമേഖലയുടെ കടന്നു കയറ്റത്തിലൂടെ കുടിവെള്ളത്തിനു വന്‍തുക നല്‍കേണ്ട അവസ്ഥയുണ്ടാകും. നിലവില്‍ കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനികളുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇത്തരം കമ്പനികള്‍ ഇല്ലതാനും. സ്വകാര്യമേഖലയ്ക്ക കുടിവെള്ളത്തെയും വൈദ്യുതിയെയും തീറെഴുതുന്നതിനു പകരം, പൊതുമേഖലയില്‍ ഒന്നിലേറെ കമ്പനികള്‍ തുടങ്ങിയാല്‍ പോരേ?


ഈ കമ്പനികള്‍ തമ്മിലും മത്സരമുണ്ടാകും. അതിലൂടെ വില കുറയുകയും ചെയ്യും. അതിനു പകരം സ്വകാര്യ സംരംഭകരെ അവശ്യസര്‍വീസുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു വഴിതുറക്കുമെന്നതില്‍ തര്‍ക്കമില്ല. കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കും. ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കോ സര്‍ക്കാരിനോ ഇല്ലാതാകും.

പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു മാറ്റിയതോടെ എണ്ണക്കമ്പനികള്‍ തുടരുന്ന അതേ സമീപനം തന്നെയാകും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തിലുമുണ്ടാവുക. ദിനംപ്രതി വില വര്‍ധിപ്പിക്കുമ്പോഴും മൗനത്തോടെ നോക്കിനില്‍ക്കാനേ സര്‍ക്കാരിനു സാധിക്കൂ.ഡീസലിന്റെ കൂടി  വിലനിയന്ത്രണം എടുത്തുമാറ്റാനുള്ള നീക്കവും ഒരു ഭാഗത്തു നടക്കുന്നുണ്ട്. പാചകവാതകവും ഇതിനു പിന്നാലെ വരും. സബ്‌സിഡി നല്‍കി ഇന്ധനം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഔദാര്യമാണെന്ന മട്ടിലാണ് പല നേതാക്കളും പ്രതികരിക്കാറുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ അത്തരം ഔദാര്യങ്ങളില്ല. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് ഈ നേതാക്കളുടെ ആരുടെയും വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പണംകൊണ്ടുമല്ല.


ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം തന്നെയാണ് സബ്‌സിഡിയായും മറ്റും നല്‍കിപ്പോരുന്നത്. അതേ പണം ഉപയോഗിച്ചു തന്നെയാണ് മന്ത്രിമാരടക്കമുള്ളവര്‍ സുഖജീവിതം നയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാതെ മാസം തോറും കൈപ്പറ്റുന്നതും ഇതേ പണം തന്നെ.


നികുതിയായി ഈടാക്കുന്ന പണം ഏതൊക്കെ വിധത്തില്‍ ചെലവഴിക്കുന്നു എന്ന് ജനങ്ങളെ ഓരോ മാസവും അറിയിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ ജനായത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്. പഞ്ചായത്തു തലം മുതല്‍ അതു വേണം. അതിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ അധ്വാനഫലം ചെലവായിപ്പോകുന്ന വഴികള്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനു ശേഷമാകാം എല്ലാം സ്വകാര്യ മേഖലയ്ക്കു നല്‍കി കമ്മീഷന്‍ പറ്റുന്നതിനുള്ള ആലോചന.

2012, ജനു 13

ഓഫര്‍ മൂന്നരക്കോടി വരെ

നഴ്‌സുമാരുടെ സംഘടന പൊളിക്കാന്‍ ഓഫര്‍ മൂന്നരക്കോടി വരെ;

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ വിജയയം നേടിയ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പൊളിക്കാനായി വന്‍കിട മാനേജ്‌മെന്റുകള്‍ രംഗത്ത്. ഇതിനായി വന്‍കിട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്.

 
ഇടപ്പള്ളി അമൃത ഹോസ്പിറ്റലില്‍, സമരക്കാരുടെ ആവശ്യത്തിന് മാനേജ്‌മെന്റ്‌ വഴങ്ങേണ്ടി വന്നത് യു.എന്‍.എ നേതാവിനെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചത് വാര്‍ത്തയായി മാറിയതിനാലാണെന്ന് ആയിരുന്നു മാനേജ്‌മെന്റുകളുടെ ധാരണ. എന്നാല്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവറില്‍ കത്തോലിക്കാ മാനേജ്‌മെന്റ് സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുമെന്ന യാതൊരു വിശ്വാസവും വന്‍കിടക്കാര്‍ക്ക് ഇല്ലായിരുന്നു താനും. പക്ഷേ പത്ത് ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ കത്തോലിക്കാ മാനേജ്‌മെന്റ്, സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കിയത് വന്‍കിട സ്വകാര്യ ആശുപത്രി മുതലാളിമാരെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് നേതാക്കന്മാരെ സ്വാധീനിച്ച് സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി വന്‍കിട മാനേജ്‌മെന്റുകള്‍ സംഘം ചേര്‍ന്നിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

യു.എന്‍.എ തകര്‍ക്കാനായി സംസ്ഥാന തല നേതാക്കന്മാരായിട്ടുള്ളവര്‍ക്കും സമരപരിപാടികളില്‍ സജീവമായി നേതൃത്വം നല്‍കുന്നവര്‍ക്കും വന്‍തുക ഓഫര്‍ നല്‍കുന്നതിനായിട്ടുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും അറിയുന്നു. 50 ലക്ഷം മുതല്‍ മൂന്നര കോടി രൂപ വരെയുള്ള ഓഫറുകള്‍ വിവിധ നേതാക്കന്മാര്‍ക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഓരോരുത്തരേയും വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ആളുകള്‍ വഴിയാണ് ഓഫറുകളുമായി മാനേജ്‌മെന്റ് ഏജന്റുമാര്‍ കറങ്ങുന്നത്. എന്നാല്‍ ഈ സമരം തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന ബോധ്യം നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ സമരരംഗത്ത് സജീവമായ എല്ലാ നഴ്‌സുമാര്‍ക്കും ഉള്ളതുകൊണ്ട് ഇതുവരെയും സ്വാധീനിക്കാനുള്ള ഏജന്റുമാരുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഈ രംഗത്ത് ക്രൂരമായ ചൂഷണമാണ് നടക്കുന്നതെന്നും ഇതുവരെയും തങ്ങളെ സഹായിക്കാന്‍ മറ്റാരും തയ്യാറായിരുന്നില്ലെന്നും നഴ്‌സുമാര്‍ക്കിടയില്‍ പൊതുവേ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശക്തികള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടി അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് യു.എന്‍.എ യുടെ ഒരു സംസ്ഥാനതല നേതാവ്  വെളിപ്പെടുത്തി. .

സമരം നടക്കാതിരിക്കാനും യു.എന്‍.എ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന ആരോപണം സജീവമാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സിങ് ജീവനക്കാരെ മുഴുവന്‍ പൂട്ടിയിട്ട് സംഘടനയില്‍ ചേരില്ലെന്ന് എഴുതി വാങ്ങി. അടിമകളെപ്പോലെ നഴ്‌സുമാരെ പണിയെടുപ്പിക്കുന്ന പല സ്ഥലങ്ങളിലും സംഘടന വരാതിരിക്കുന്നതിന് മാനേജ്‌മെന്റുകള്‍ എല്ലാ വിധത്തിലുള്ള അടവുകളും പയറ്റുന്നുണ്ട്.

അങ്കമാലിയിലെ സമരത്തിന്റെ വിജയത്തോട് കൂടി സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലുമുള്ള നഴ്‌സുമാര്‍ തങ്ങളുടെ മിനിമം വേജസും മറ്റ് സര്‍ക്കാര്‍ അംഗീകൃത ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി സമരത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ വന്‍കിട ഹോസ്പിറ്റലുകളായ എറണാകുളം ലേക്ക്‌ഷോര്‍, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍, പെരിന്തല്‍മണ്ണ അല്‍ ഷിഫാ, കോഴിക്കോട് പി.വി.എസ്, എറണാകുളം വെല്‍കെയര്‍, പെരിന്തല്‍മണ്ണ മൗലാന എന്നിവിടങ്ങളില്‍ ഇതിനോടകം സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. വന്‍കിടക്കാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാനൂറില്പരം സ്വകാര്യ ആശുപത്രികളിലാണ് മിനിമം വേജസ് ആവശ്യപ്പെട്ട് ഇതിനോടകം നഴ്‌സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞത്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കീഴടങ്ങിയതോടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പിടിവാശി ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്. സമരത്തിന് നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ പ്രശസ്തമായ കൊല്ലം കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലില്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ധാരണയായി. തൃശൂര്‍ അമല, ജൂബിലി എന്നീ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അങ്കമാലിയ്ക്ക് മുന്‍പ് തന്നെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലിറ്റില്‍ ഫ്ലവറിലും മാനേജ്‌മെന്റിലെ ചിലരുടെ ഈഗോയും മറ്റുമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കുകയും നീണ്ടുപോവുകയും ചെയ്യുന്നതിന് കാരണമായതെന്നും പറയപ്പെടുന്നു.  തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ കക്ഷികളൊന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം നടക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക യുവജന സംഘടനകളുടേയും നാട്ടുകാരുടേയും പിന്തുണ സമരക്കാര്‍ക്ക് ലഭിക്കുന്നതാണ് സമരത്തെ കൂടുതല്‍ സജീവമാക്കുന്നത്. അങ്കമാലിയില്‍  ഡി.വൈ.എഫ്.ഐ. യെ കൂടാതെ ടൗണിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുടേയും വ്യാപാരികളുടേയും കര്‍ഷക സംഘടനകളുടേയും പിന്തുണ ലഭിച്ചതും നഴ്‌സുമാരുടെ സമരത്തെ ആളിക്കത്തിച്ചു. പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ സമര രംഗത്ത് സജീവമാകാന്‍ യു.എന്‍.എ തീരുമാനിച്ചിരിക്കുകയാണ്. വരുന്ന തിങ്കളാഴ്‌ച്ച തൃശൂരില്‍ നടക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ നടന്നു വരുന്ന സമരങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും യു.എന്‍.എ യുടെ സംസ്ഥാന നേതാക്കള്‍ അറിയിച്ചു.


വാര്‍ത്ത കടപ്പാട് 'ഡെയ്‌ലി മലയാളം'  (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)