2012, ഏപ്രി 27

ജനം അങ്ങനെ ആഗ്രഹിക്കുന്നു

വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനു കേരളം സാക്ഷിയാവുകയാണ്. നെയ്യാറ്റിന്‍കരയില്‍ ജൂണ്‍ രണ്ടിനു തെരഞ്ഞെടുപ്പു നടക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകളാണ്. ജനാധിപത്യത്തില്‍ ഇത്തരം പോരാട്ടങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, ആരോഗ്യപരമല്ലാത്ത ചില സമീപനങ്ങള്‍ അടുത്ത കാലത്തായി കണ്ടുവരുന്നത് തീര്‍ത്തും ആശാസ്യമല്ല.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പിറവത്തു നടന്നതിനേക്കാള്‍ വാശിയേറിയതാവുമെന്നതില്‍ തര്‍ക്കമില്ല. പിറവത്ത് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ്. തീര്‍ത്തും ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പിറവം ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിനു കാഹളമുയരുന്നതിനിടെ, നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് രാജി വച്ചതോടെ ആ ചിത്രം മാറി. പിറവത്ത ജയാപജയങ്ങള്‍ ഭരണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന നില വന്നു. അതോടെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങള്‍ തുടങ്ങി.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഭരണത്തെ ബാധിക്കുന്നതല്ല. അവിടെ തോറ്റാലും ജയിച്ചാലും ഉമ്മന്‍ചാണ്ടി തന്നെ ഭരണക്കസേരയില്‍ ഇരിക്കും. (പീസീ ജോര്‍ജിന്റെ ശല്യം മൂത്ത് പീജേ ജോസഫും കൂട്ടരും തിരിച്ച് ഇടതു മുന്നണിയിലേക്ക് പോയില്ലെങ്കില്‍) എന്നാല്‍, പിറവത്തേക്കാള്‍ വാശിയേറിയ മത്സരമായിരിക്കും നെയ്യാറ്റിന്‍കരയില്‍ നടക്കുക. കാരണമുണ്ട്. ഇടതുപക്ഷത്തോടു യുദ്ധപ്രഖ്യാപനം നടത്തി മുന്നണി വിട്ട ശെല്‍വരാജിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതോടെ ഇടതു മുന്നണിയുടെ അഭിമാനപ്രശ്‌നമായി നെയ്യാറ്റിന്‍കര മാറി. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു രംഗമാകെ നിറയുക തീര്‍ത്തും അനാശാസ്യമായ പ്രവണതകളായിരിക്കുമെന്ന് ഉറപ്പ്. അത്തരം തെറ്റായ പ്രചാരണവേലകളിലൂടെയാകും തെരഞ്ഞെടുപ്പു രംഗം മുന്നേറുകയെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായിത്തന്നെ ഇടപെടുമെന്നു പ്രത്യാശിക്കാം.


ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെങ്കിലും പ്രചാരണ രംഗത്ത് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മുന്നണികള്‍ ശ്രദ്ധിക്കണം. വ്യക്തിപരമോ തികച്ചും രാഷ്ട്രീയമോ ആയ ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവച്ച് ജനങ്ങളെ മനസില്‍ക്കണ്ടുള്ള പ്രചാരണത്തിന് പ്രാധാന്യം നല്‍കിയാല്‍ അതാകും കേരളത്തിന്റെ വിജയം.


ദൗര്‍ഭാഗ്യവശാല്‍, തെരഞ്ഞെടുപ്പു വേളകള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു മാത്രമുള്ള അവസരമായി കണക്കാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ തേജോവധങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതല്ലാതെ, ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം ഉയര്‍ത്തിക്കാട്ടി ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ആരും തയാറാവുന്നില്ല. പിറവത്തടക്കം ജനം അതു കണ്ടതാണ്. ജാതി, മത, സാമുദായിക സംഘടനകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു ശ്രമിക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളില്‍ കേരളം കാണുക.


നിലവില്‍, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലി വിവിധ സാമുദായിക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ പര്‍വതീകരിച്ചു കാണിക്കാനും, ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ജനങ്ങളെ വിഘടിപ്പിക്കാനുമുള്ള ശ്രമം ഇരു ഭാഗത്തു നിന്നും ഉണ്ടാകാന്‍ ഇടയുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുന്നേ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി നിയമിച്ചതിലെ അസാംഗത്യം ചോദ്യം ചെയ്താല്‍ അത് അംഗീകരിക്കാം. എന്നാല്‍, അതിനു ജാതിയുടെ നിറം പകരാന്‍ പാടില്ല. മലപ്പുറത്തും പരിസരങ്ങളിലുമുള്ള കോടീശ്വരന്മാരായ ഏതാനും ആളുകളുടെ താല്‍പര്യ സം‌രക്ഷകര്‍ മാത്രമായ ലീഗിന് മുസ്ലിം സമുദായത്തിന്റെ സമ്പൂര്‍ണ പ്രാതിനിധ്യം കല്‍പിച്ചു നല്‍കുന്നത് തന്നെ വലിയ തെറ്റാണ്.  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് തികച്ചും ജാതീയമായിത്തന്നെയായിരിക്കും എന്നതിന്റെ സൂചനയും ഇതിനോടകം വന്നിട്ടുണ്ട്. അതു ശരിയല്ല. അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കാണു സഹായിക്കുക എന്നത് മറക്കാതിരിക്കാം.


പരിഷ്കൃതരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയര്‍ ഒരിക്കലും ജാതി ചിന്തയ്ക്ക് അടിപ്പെടാന്‍ പാടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെ പോരാടുമ്പോഴാണ് മത തീവ്രവാദ ശക്തികള്‍ അരങ്ങു വാഴാന്‍ അവസരമൊരുങ്ങുന്നത്. അതു തിരിച്ചറിയാന്‍ ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം.


നെയ്യാറ്റിന്‍കരയിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഇരു മുന്നണികളും ശ്രദ്ധ ചെലുത്തുന്ന പ്രധാന കാര്യം. ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ പ്രതിനിധിയെയല്ല തെരഞ്ഞെടുക്കുന്നതെന്ന ചിന്ത സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുകയാണ് യഥാര്‍ത്ഥത്തില്‍  കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള മുഖ്യധാരാ കക്ഷികള്‍ ചെയ്യുന്നത്. ഇത്തരം തെറ്റായ പ്രവണതകളുടെ പരിണതഫലം വിഘടനവാദമാകുമെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.


ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം തെരഞ്ഞെടുപ്പു ഗോദായില്‍ വിജയക്കൊടി നാട്ടുന്നവരാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും ജാതിപ്പാര്‍ട്ടികളാണ് ഭരണചക്രം കയ്യാളുന്നത്. ജന്മിമാരുടെ പാര്‍ട്ടികള്‍ അതിനിടയിലൂടെ സ്വാധീനമുറപ്പിക്കുന്നതും, അധികാരം കൈപ്പിടിയിലൊതുക്കുന്നതുമാണ് ഉത്തരേന്ത്യയില്‍ കാണുന്നത്. അത് രാജ്യത്തിനു ഗുണകരമല്ല. ഇടതുപക്ഷ ആശയങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മേല്‍കോയ്മയുള്ള കേരളം ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായി നിലകൊണ്ട സംസ്ഥാനമാണ്. എന്നാല്‍, അടുത്തിടെയായി ഇവിടെയും ജാതികളുടെ സ്വാധീനം തെരഞ്ഞെടുപ്പു രംഗത്ത് പ്രകടമാകുന്നു. പിറവത്തടക്കം ജാതി സമവാക്യങ്ങള്‍ പൂരിപ്പിക്കപ്പെടുന്നതു കണ്ടവരാണ് കേരളീയര്‍.


ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും, ജനകീയ വിഷയങ്ങളിലൂന്നിയ സംവാദങ്ങളുമായി നെയ്യാറ്റിന്‍കര മാതൃകയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതു സാധ്യമാകില്ലെന്ന് അറിയാമെങ്കിലും ജനം അങ്ങനെ ആഗ്രഹിക്കുന്നു.


വാല്‍ക്കഷണം (കാകദൃഷ്ടി):


നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശെല്‍‌വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.
ചാക്കിട്ട് പിടുത്തവും മറുകണ്‍ടം ചാടലും നടന്ന ആദ്യ ദിവസങ്ങളിലെ ശെല്‍‌വരാജിന്റെ പ്രതികരണവും കഴിഞ്ഞ ദിവസത്തെ അംഗത്വ സ്വീകരണവും ന്യായീകരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.
2012, ഏപ്രി 25

പരിഷ്കരണങ്ങളുടെ ശരശയ്യ

ആറുമാസത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ് രംഗത്ത് ചില സുപ്രധാന പരിഷ്കരണങ്ങള്‍ നടത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗത്ത് കാതലായ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. സാധാരണക്കാരനെ തീര്‍ത്തും അവഗണിച്ചും കോര്‍പറേറ്റുകള്‍ക്കു സന്തോഷമുളവാക്കിയുമുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നതാണ് വാസ്തവം.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും, ദി ഹിന്ദു ബിസിനസ് ലൈനില്‍ നിന്നും.)

സബ്‌സിഡികള്‍ എടുത്തുകളയുക, ഡീസല്‍ വിലനിയന്ത്രണം  നീക്കുക, ചില്ലറ വില്പനയില്‍ വിദേശനിക്ഷേപം അനുവദിക്കുക എന്നിങ്ങനെ നിലവിലുള്ള സര്‍വ സംവിധാനങ്ങളും മാറ്റിമറിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സബ്‌സിഡികള്‍ എടുത്തു കളയുക എന്നതിനര്‍ത്ഥം പല മേഖലകളിലും വില കുത്തനെ ഉയര്‍ത്തുക എന്നതു തന്നെ. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു മാറ്റിയതിന്റെ ദൂഷ്യഫലം അനുഭവിച്ച് തളരുകയാണ് നിലവില്‍ ജനങ്ങള്‍. അതിനൊപ്പം ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിലൂടെ പാവപ്പെട്ടവന്റെ മുതുകില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുക തന്നെയാകും ആത്യന്തിക ഫലം. ഡീസലിന് വില തോന്നിയതു പോലെ കൂട്ടുന്നതിലൂടെ സംഭവിക്കുക ജീവതത്തിന്റെ സമസ്തമേഖലകളിലുമുള്ള തളര്‍ച്ച തന്നെയാണ്. എല്ലാ മേഖലയിലും നിരക്കു വര്‍ധനയുണ്ടാകും. ചരക്കുനീക്കത്തിന് കൂടുതല്‍ ചെലവു വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വന്‍തോതില്‍ വില കയറും. യാത്രാ നിരക്കുകളിലും ഇടയ്ക്കിടെ വര്‍ധനയുണ്ടാക്കാന്‍ സഹായിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ആലോചന.


ജീവിതച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിച്ചു പോരുന്ന കുറേ മുതിര്‍ന്ന നേതാക്കളുടെ തോന്ന്യാസങ്ങള്‍ക്ക് ഇരകളാവുക എന്ന ഗതികേടിലേക്കാണ് ഇന്ത്യക്കാരുടെ പോക്ക്. പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കീശയില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെയാണ് ജീവിച്ചു പോരുന്നത്. സ്വന്തം നിലയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെ കാര്യത്തിലും അവര്‍ക്ക് പണച്ചെലവില്ല. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനത്തിന്റെ അധ്വാനഫലം കൊണ്ട് ജീവിക്കുന്ന ഇത്തരം കുറേ നേതാക്കള്‍ക്ക് ജയ് വിളിക്കുക എന്നതു മാത്രമാണ് ജനത്തിന് പറഞ്ഞിരിക്കുന്ന രാഷ്ട്രീയം. സാധനസേവന നികുതിയാണ് താന്‍ ഏറ്റവും വലിയ പരിഷ്കരണമായി കാണുന്നതെന്നു പറയുന്ന കൗശിക് ബാബുവിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായാല്‍ താല്‍ക്കാലികമായി അല്പം രാഷ്ട്രീയ ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. അതായത്, ജനങ്ങള്‍ എതിര്‍ക്കും. ജനാധിപത്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനാകണം മുഖ്യസ്ഥാനം എന്ന വസ്തുത പൂര്‍ണമായി നിരാകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനു മുന്നില്‍ മുട്ടുവളച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ മൂലതത്വം തന്നെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം എന്നാണ്. ഏതോ സ്വേച്ഛാധിപതിയുടെ പ്രേതം കൂടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാരിനെന്ന തോന്നലാണ് ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത്, അത് അത്യന്തം അപലപനീയം തന്നെ.


ചെറിയൊരു സബ്‌സിഡി നിലനിര്‍ത്താനും അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ വിലയിലും മാറ്റം വരുന്ന രീതി തുടങ്ങുമെന്നും അമേരിക്കയില്‍ പോയിരുന്നു പറയുന്ന ഇത്തരം ബാബുമാരുടെ ഭരണമാണ് ഇന്ത്യയുടെ ശാപം. വികസിത രാഷ്ട്രങ്ങള്‍ തുടരുന്ന രീതികള്‍ അതേപടി ഇവിടേക്കു പറിച്ചു നടാന്‍ ശ്രമിക്കുന്നവര്‍ അത്തരം രാജ്യങ്ങളിലെ വിലനിലവാരവുമായി ഇന്ത്യയിലെ ഇന്ധനവിലയെ തട്ടിച്ചു നോക്കാനെങ്കിലും തയാറാവണം. അമേരിക്കയില്‍ ഇന്ധനത്തിന് ഇന്ത്യയിലുള്ളത്ര വിലയുണ്ടോയെന്ന് ആളോഹരി വരുമാന കണക്കനുസരിച്ച് ഒത്തു നോക്കാന്‍ പോലും സാധിക്കാത്ത കുറേ സാമ്പത്തിക വിദഗ്ധരുടെ വികലമായ മനോവ്യാപാരങ്ങളാണ് ഇപ്പോള്‍ കാണുന്നതിലേറെയും.


എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കയറിപ്പോരുന്ന ബാരല്‍ കണക്കിന് എണ്ണയ്ക്ക് ഇവിടെയെത്തുമ്പോള്‍ ഇത്രയേറെ വില ഉയരാന്‍ കാരണമാകുന്നത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളാണെന്ന വസ്തുത എന്തിനാണ് മറക്കുന്നത്? സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാകണമെങ്കില്‍ നികുതി ഏര്‍പ്പെടുത്തേണ്ടി വരും. അതു വാസ്തവം. എന്നാല്‍, അതിന്റെ പേരില്‍ കൊള്ളയടിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?


ഇന്ത്യയിലെ ആളോഹരി വരുമാനവും ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിഘടനയും ചേര്‍ത്തു വായിക്കുമ്പോഴാണ് അനീതി വ്യക്തമാകുന്നത്. പല വിധത്തിലുള്ള നികുതികള്‍ സാധാരണക്കാര്‍ ദിവസവും നല്‍കിപ്പോരുന്നുണ്ട്. ഓരോ സാധനം വാങ്ങുമ്പോഴും നികുതിയിനത്തില്‍ പാവപ്പെട്ട ജനം നല്‍കിപ്പോരുന്ന തുക മാത്രം മതിയാകും ഒരു കുടുംബത്തിന് ഒരു മാസം സുഖമായി ജീവിക്കാന്‍.


തികച്ചും അപരിഷ്കൃതവും അശാസ്ത്രീയവുമായ നികുതി ഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു തന്നെ പറയേണ്ടി വരും. കുറഞ്ഞ വരുമാനക്കാരായ ജനത്തിന് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യ. കോടീശ്വരന്മാരുടെ സംഖ്യ വിരലിലെണ്ണാവുന്നത്രയേ ഓരോ സംസ്ഥാനത്തുമുള്ളൂ. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ജീവിതോന്നതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ ആവശ്യം.


നികുതികള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് നല്‍കുന്നത് ആരെന്നു കൂടി കണക്കിലെടുക്കണം. ദൗര്‍ഭാഗ്യവശാല്‍ അതു നടക്കുന്നില്ല. എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഭിക്ഷക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ ഒരേ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരുന്നു. ഇത് അനീതി തന്നെയല്ലേ? സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് അഭിമാനത്തോടെ വാദിക്കുന്നവര്‍ മറന്നു പോകുന്നതും സാധാരണക്കാരെ തന്നെ. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചേക്കാം എന്നു വിശ്വസിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി സാധാരണക്കാരായ ജനത്തെ ദുരിതക്കയത്തില്‍ ആക്കരുത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളയുന്നതും, സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതത്തെയാകും നശിപ്പിക്കുക എന്നു തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കു സാധിക്കണം.


ഉട്ടോപ്യന്‍ ചിന്തകളുള്ള സാമ്പത്തിക വിദഗ്ധരെയല്ല ഇന്ത്യക്കാവശ്യം. സാധാരണ ജനത്തിന്റെ വികാര വിചാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന നേതാക്കള്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ആകാശത്തു നിന്നു കെട്ടിയിറക്കപ്പെടുന്ന ഭരണാധികാരികളില്‍ നിന്ന് ഇതല്ലാതെ ഏറെ പ്രതീക്ഷിക്കാനില്ലെന്നതാണ് വാസ്തവം.

2012, ഏപ്രി 11

ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെ


കാര്‍ട്ടൂണ്‍ - ജോയി കുളനട - ദൃഷ്ടി ദോഷം


ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലിയുള്ള വിവാദം ഇനിയും ഏറെ നീളുകയില്ലെന്നു പ്രത്യാശിക്കാം.  അടിയന്തരമായി ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടേ തീരൂ. കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കങ്ങളാണ് കേരളത്തില്‍. വാസ്തവത്തില്‍ ഭരണം പോലും നിശ്ചലമായ അവസ്ഥ. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമാണ് ഈ സ്ഥിതിവിശേഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ അതിവേഗം ബഹുദൂരം ഭരണം മുന്നേറുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.


മൂന്നാറിലേക്ക് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പടനീക്കം അങ്ങനെയൊരു ധാരണ പരത്തുകയും ചെയ്തു. എന്നാല്‍, വളരെപ്പെട്ടെന്ന് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഭരണക്കസേരയില്‍ ഉറച്ചിരിക്കാന്‍ പലരുടെയും പിന്നാലെ നടക്കേണ്ട അവസ്ഥ സംജാതമായതോടെ രാഷ്ട്രീയ കരുനീക്കങ്ങളിലായി സര്‍ക്കാരിനെ നയിക്കുന്നവരുടെ പൂര്‍ണ ശ്രദ്ധ.


ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണുണ്ടായത്. മുല്ലപ്പെരിയാറില്‍ വര്‍ഷങ്ങളായി സമരം ചെയ്തു വന്ന സമരസമിതിയെ പല കഷണങ്ങളാക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നുണ്ടാക്കിയ കോലാഹലത്തിനു സാധിച്ചു എന്നതു മാത്രം മിച്ചം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് വിഷയം പരിഹരിക്കുമെന്നു വരെ പ്രഖ്യാപനങ്ങളുണ്ടായി. മരണം വരെ ഉപവസിക്കുമെന്നു പറയുക വരെ ചെയ്ത ഒരു മന്ത്രിയുണ്ടായി. അദ്ദേഹം ഇപ്പോഴും മന്ത്രിക്കസേരയില്‍ ആരോഗ്യപൂര്‍ണതയോടെ പരിലസിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീതിയുടെ നിഴല്‍ പരത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ പിറവത്തെ ഉപതെരഞ്ഞെടുപ്പു വന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബഹളമുണ്ടാക്കിയതിനു പിന്നില്‍ പിറവം ഉപതെരഞ്ഞെടുപ്പാണെന്ന തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് എം.കരുണാനിധിയുടെ വാദം തികച്ചും ശരിയാണെന്ന് കേരളീയര്‍ തിരിച്ചറിഞ്ഞത് ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ്. ഇപ്പോള്‍ ആര്‍ക്കും മുല്ലപ്പെരിയാര്‍ വേണ്ട.


ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടത്തിയ രാക്കൂത്തിനും ഉദ്ദേശിച്ച ഫലമുണ്ടായില്ല. കുറേ ജനങ്ങളെ നേരം പുലരുവോളം പിടിച്ചിരുത്തി പത്രവാര്‍ത്ത സൃഷ്ടിച്ചു എന്നതില്‍ക്കവിഞ്ഞ് ഈ സമ്പര്‍ക്കം എന്തു ഗുണമാണു ചെയ്തതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


ഏറ്റവുമൊടുവിലാണ് അഞ്ചാം മന്ത്രിത്തര്‍ക്കം തുടങ്ങിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ത്തന്നെ ഒരു മന്ത്രിയെക്കൂടി തങ്ങള്‍ക്കു വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതാണ്. അന്ന് അതിനെതിരേ നിന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ പറയുന്നു ലീഗിന് ഏഴു മന്ത്രിമാരെ വരെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന്.


കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും രണ്ടു തട്ടാക്കി മാറ്റാന്‍ മാത്രമേ ഈ തര്‍ക്കം ഉപകരിച്ചുള്ളൂ എന്നതാണു വാസ്തവം. ഓരോ സംഘടനകളായി മന്ത്രിമാരുടെ ജാതി തിരിച്ച് കണക്കെടുക്കാന്‍ തുടങ്ങി. സാമാജികരുടെ സംഖ്യയനുസരിച്ച് ആനുപാതികമായ എണ്ണം ഓരോ ജാതിക്കും ലഭിച്ചിട്ടുണ്ടോയെന്നതായി പിന്നത്തെ ചിന്ത. കലാപത്തിന് എന്തെങ്കിലും കാരണം നോക്കിയിരുന്ന എല്ലാ വര്‍ഗീയ കക്ഷികളും രംഗത്തു വന്നു. ലീഗാകട്ടെ ന്യൂനപക്ഷച്ചീട്ടെടുത്ത് കളിയും തുടങ്ങി. തികച്ചും വര്‍ഗീയമായ ചേരിതിരിവിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. മതത്തിനു പുറമേ ജാതിയും ഉപജാതിയുമായി ചേരി തിരിഞ്ഞു തര്‍ക്കം തുടങ്ങി. ഇത്തരം സമീപനങ്ങള്‍ ഒരു വിധത്തിലും പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നു മാത്രം എല്ലാവരും മറന്നു.


തര്‍ക്കം കേരളത്തില്‍ തീരില്ലെന്ന അവസ്ഥ വന്നതോടെയാണ് നേതാക്കള്‍ ഡല്‍ഹിക്കു വണ്ടി കയറിയത്. അതിനിടെ,   സര്‍ക്കാര്‍ പൂര്‍ണമായും ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെയായി. ഭരണം നിശ്ചലമാകുന്നതൊന്നും പ്രശ്‌നമാക്കാതെ മന്ത്രിമാരടക്കം ചര്‍ച്ചകളില്‍ മുങ്ങിത്താണു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു തുടങ്ങി.


ജനങ്ങള്‍ ആരോടു പരാതിപ്പെടണമെന്നറിയാതെ വലയുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഭരണക്കസേരയില്‍ നിങ്ങളെ ഇരുത്തിയിരിക്കുന്നത് ജാതിപ്പേരില്‍ മന്ത്രിമാരെ വീതം വയ്ക്കാനല്ല. ജനങ്ങളുടെ ജീവിതം സുഖകരമാക്കാനാണ്. അതു സര്‍ക്കാര്‍ നിര്‍വഹിച്ചേ തീരൂ. അതില്‍ അമാന്തം ഉണ്ടാകരുത്. കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയിരിക്കുന്നത് പരസ്പരം പോരടിക്കാനോ, അധികാര കസേര പങ്കുവയ്ക്കാനോ അല്ല. കൂടുതല്‍ മന്ത്രിമാരെ വേണമെന്നു പറയുന്നതിലൂടെ കൂടുതല്‍ ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ തക്ക വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് മലയാളികള്‍. അങ്ങനെയുള്ള ഒരു ജനസമൂഹത്തിനു മുന്നില്‍ നിങ്ങള്‍ ഇപ്പോള്‍ സ്വയം അപഹാസ്യരാകുകയാണെന്നെങ്കിലും ഓര്‍മ്മിക്കുക.

ഇനി ഈ തര്‍ക്കം നീണ്ടുകൂടാ. സ്വത്തു സമ്പാദിക്കാന്‍ ലോകത്ത് വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലേതെങ്കിലും നിങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലാതെ സാധാരണക്കാരായ ജനങ്ങളുടെ സഹനശക്തിയെ പരീക്ഷിക്കരുത്. ഇവിടെ ഭരണം നടക്കണം. പാവപ്പെട്ടവന്റെ ജീവിതം സുരക്ഷിതമാക്കണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഇത്രയൊക്കെയേ ആവശ്യമുള്ളൂ ജനങ്ങള്‍ക്ക്. അതിന് വേണ്ട നടപടികള്‍ എടുക്കാന്‍ താല്പര്യമില്ലെങ്കില്‍ വെച്ചൊഴിയുക ഈ അധികാരക്കസേരകള്‍.

2012, ഏപ്രി 7

കീരിക്കാടന്‍ ജോസ്

ലോഹിത ദാസിന്റെ സിനിമകളില്‍ സാധാരണ കാണാറുള്ള ലോക്കല്‍ ഗുണ്ടകളുടെ മാതിരിയാണ് ലീഗിന്റെ ഇപ്പോഴുള്ള പെരുമാറ്റം, ആദ്യമൊക്കെ ആളുകള്‍ അവന്‍ കത്തിയെടുക്കുമ്പോള്‍ മാറി നടക്കുകയും പണം നല്‍കുകയും ചെയ്യും, അത് കണ്ട് എല്ലാവര്‍ക്കും തന്നോട് ഭയവും ബഹുമാനവും ആണെന്നു തെറ്റിദ്ധരിക്കുന്ന ഗുണ്ട തന്റെ പരാക്രമങ്ങള്‍ വിപുലീകരിക്കും, അത് ഒരു പരിധി വിടുന്നതോടെ സഹികെട്ട നാട്ടുകാരിലൊരുവന്‍ ഗുണ്ടയെ അടിച്ച് പപ്പടമാക്കും പിന്നെ നമ്മള്‍ കാണുന്നത് തളര്‍ന്നു കിടക്കുന്ന അല്ലെങ്കില്‍ മുട്ടിലിഴയുന്ന, ഒരു പാത്രം ഭക്ഷണത്തിനും ഒരു കുറ്റി ബീഡിക്കും പോലും ഇരക്കുന്ന മുന്‍ ഗുണ്ടയെയാണ്.

ലീഗിന്റെ ഇപ്പൊഴത്തെ പരാക്രമവും അഹങ്കാരവും മറ്റു സമുദായക്കാരെയും പ്രതിലോമപരമായി ചിന്തിക്കാനും സാമുദായികമായി സംഘടിക്കാനും പ്രേരിപ്പിച്ചാല്‍ കേരള സമൂഹത്തില്‍ അതുണ്‍ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതം അതി ഗുരുതരമായിരിക്കും, അതില്‍ ഏറ്റവും പരിക്കു പറ്റാന്‍ പോകുന്നത് ലീഗിനെ ചുമക്കുന്ന കോണ്‍ഗ്രസിനു തന്നെ ആയിരിക്കുകയും ചെയ്യും.കിരീടം എന്ന സിനിമ ഉപമയ്ക്കായി പരിഗണിച്ചാല്‍ കീരിക്കാടനാകുന്ന ലീഗിന്റെ പരാക്രമങ്ങള്‍ അതിരുവിട്ട്, സ്ഥലത്ത് അധികാരം കയ്യാളുന്ന പോലിസ്സുകാരനായ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയും പിടിച്ചു പറിക്കുകയും ചെയ്യുന്ന നിലയിലെത്തിയിരിക്കുന്നു ഇപ്പോള്‍. ഇനിയും ജോസിനെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റു സമുദായങ്ങളുടെ ഇടയില്‍ നിന്നും ഒരു സേതു മാധവന്‍ ഉദയം ചെയ്യും, അത് ആത്യന്തികമായി ജോസിന്റെ മരണത്തിനും സേതുമാധവന്റെ നാശത്തിനും നിമിത്തമാകുകയും ചെയ്യും. കിരീടം എന്ന സിനിമപോലെ കേരളത്തിലെ രാഷ്ട്രീയ രംഗം ഒരു ദുരന്ത പര്‍വം നേരിടാതിരിക്കുവാന്‍, കേരള രാഷ്ട്രീയത്തിലെ കീരിക്കാടന്മാരെ നിലയ്ക്കുനിറുത്തുവാന്‍ മത നിരപേക്ഷ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.