2013, ജനു 30

രണ്ടു മാസത്തേക്കു മാത്രം ഔദാര്യം


രണ്ടു മാസത്തേക്ക് കെഎസ്ആര്‍ടിസിയെ നടത്തിക്കാന്‍ ആവശ്യമായ തരത്തില്‍ സാമ്പത്തിക സഹായം നല്‍കാനാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നല്ല കാര്യം. പക്ഷേ, ഇവിടെ ചോദ്യങ്ങള്‍ മറ്റു തരത്തിലും ഉയരുന്നുണ്ട്.



സാമ്പത്തികമായി രണ്ടു മാസത്തേക്കു മാത്രം സഹായിക്കാമെന്നു പറയുമ്പോള്‍ ആര്‍ക്കോ വേണ്ടി ഔദാര്യം ചെയ്യുന്ന ധ്വനിയാണ് അതിലുള്ളത്. കെഎസ്ആര്‍ടിസിക്കു വലിയ തോതിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതില്‍ ധനവകുപ്പ് എതിര്‍പ്പു പ്രകടിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്.


വന്‍ ഉപഭോക്താക്കളുടെ പട്ടികയിലേക്ക് കെഎസ്ആര്‍ടിസി എത്തിയതോടെ എണ്ണക്കമ്പനികള്‍ ഡീസലിനുള്ള സബ്‌സിഡി എടുത്തു കളഞ്ഞതാണ് നിലവില്‍ കെഎസ്ആര്‍ടിസിയെ വന്‍ പ്രതിസന്ധിയിലാക്കിയത്. അത് അറിയാന്‍ വയ്യാത്തവരല്ല കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്നവര്‍. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരള സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും, സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ എണ്ണക്കമ്പനികള്‍ നീക്കം നടത്തിയപ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആരുമുണ്ടായില്ല.



നിലവില്‍ കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു ധനമന്ത്രി കെഎം മാണി പറയുന്നത്. അതു വാസ്തവമാണെങ്കില്‍ അതേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ അറിയണം. സര്‍ക്കാര്‍ എന്നാല്‍ അത് ഏതെങ്കിലും മന്ത്രിമാരുടെ കുടുംബസ്വത്തൊന്നുമല്ല.


ജനായത്ത വ്യവസ്ഥയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരാണ് ഭരണം നിര്‍വഹിക്കുക. അത്തരത്തിലുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയേണ്ടത് ജനങ്ങളാണ്. അവരെ അത് അറിയിക്കുന്നതിനു പകരം, ജനകീയ വിഷയങ്ങള്‍ ഉയരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പണം എന്നാല്‍ അതു ജനങ്ങളുടെ പണമാണ്. അതു കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ആള്‍ മാത്രമാണ് ധനമന്ത്രി. അദ്ദേഹം ജനങ്ങളുടെ പണത്തിന്റെ കണക്ക് തുറന്നു പറയാന്‍ തയാറാകുന്നില്ലെങ്കില്‍ അവിടെയിരിക്കാന്‍ യോഗ്യനാണോ എന്നു ചിന്തിക്കണം.


കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം കെഎസ്ആര്‍ടിസി അവരുടെ യാത്രാ സൗകര്യങ്ങളില്‍ പ്രധാനമാണ്. അത്തരമൊരു സ്ഥാപനത്തെ ഇല്ലാതാക്കാന്‍ പോകുന്ന വിധത്തില്‍ ഏതെങ്കിലും തലത്തില്‍ നിന്നുള്ള ഇടപെടലുണ്ടാകുമ്പോള്‍ അടിയന്തരമായി പ്രതികരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.


സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്ത മന്ത്രിയുടെ ന്യായവാദങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ഫലപ്രദമായി വിനിയോഗിച്ചാല്‍ മറികടക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയേ കേരളത്തിലുള്ളൂ. അതിനെ പര്‍വതീകരിച്ചു കാണിച്ച് വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ഇവിടെ ആവശ്യമില്ല. ഏതു വികസന പ്രവര്‍ത്തനത്തിന്റെ കാര്യം പറയുമ്പോഴും സാമ്പത്തികസ്ഥിതി ഭദ്രമല്ല എന്നു പറയുന്ന ഒരു ധനമന്ത്രിയെയാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ കാണുന്നത്. വിവിധ ഇനങ്ങളിലുള്ള നികുതികളില്‍ ഉന്നതരില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള തുകയത്രയും കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവുക തന്നെ ചെയ്യും. അതില്‍ അതിശയവുമില്ല.


വന്‍കിട വ്യവസായികളുടെ കയ്യില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കായ തുക പിരിച്ചെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകം ഏതാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയണം. അവര്‍ക്ക് അത് അറിയാനുള്ള അവകാശവും അധികാരവുമുണ്ട്. ജനങ്ങളാല്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ചുമതല നിര്‍വഹിച്ച് പ്രതിഫലം പറ്റുക മാത്രം ചെയ്യേണ്ട മന്ത്രിമാര്‍ സ്വര്‍ഗലോകത്തു നിന്ന് നേരിട്ടിറങ്ങി വന്നവരൊന്നുമല്ല. ജനങ്ങളുടെ ദാസന്മാരാണ്. അത്തരത്തിലുള്ള പെരുമാറ്റമേ അവരില്‍ നിന്നുണ്ടാകാവൂ.


കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ച എണ്ണക്കമ്പനികളെക്കൊണ്ട് അതു തിരുത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യമെങ്കില്‍ പ്രശ്‌നം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമെങ്കിലെന്ന പദം പ്രയോഗിച്ചതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. നിലവില്‍ അത്തരം ഇടപെടലിന്റെ ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നു തോന്നുന്നു. എണ്ണക്കമ്പനികളില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രസ്തുത കമ്പനികളെ കേരളത്തില്‍ നിന്നു പുറത്താക്കാന്‍ സാധിക്കുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആരും അരുടെയും മേലാളന്മാരല്ല. കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരുകളുമായി കൂടി ആലോചിച്ച ശേഷമാവണം. അതിനു പകരം, കുറേ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ വട്ടംകൂടിയിരുന്ന് തീരുമാനമെടുക്കുകയും അതിലൂടെയുണ്ടായേക്കാവുന്ന സാമ്പത്തിക ഘടകത്തെ വീതം വെക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്.


ഇത്തരം കശാപ്പുകളിലൂടെത്തന്നെയാണു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജനായത്ത ഭരണം കടന്നു പോകുന്നത്. ജനങ്ങളെ ശത്രുപക്ഷത്തു കാണുകയും ജനവിരുദ്ധത മുഖമുദ്രയാക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലേക്ക് ചുവടുറപ്പിച്ചവരാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന് കുറച്ചു നാളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രസ്തുത യുപിഎയ്ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫും. ഈ സര്‍ക്കാരില്‍ നിന്ന് ജനം അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 


മന്ത്രിമാരുടെ സുഖജീവിതത്തിനു ചെലവാക്കാന്‍ പണം ധാരാളമുള്ള നാട്ടില്‍ ജനങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നു. 

ഇത്തരം ഇരട്ടത്താപ്പുകളേപറ്റി ജനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോള്‍ ജാതിക്കോമരങ്ങളെ പ്രീണിപ്പിച്ച്, ജാതി മത സ്പര്‍ധ വര്‍ധിപ്പിക്കുന്ന വിവാദങ്ങള്‍ സൃഷ്ടിച്ച്, പൊതുജന ശ്രദ്ധതിരിക്കുക. പീന്നീട് കെട്ടിപ്പിടിച്ച് ലാഭം പങ്കുവെച്ച് ഓര്‍മ്മ ശക്തി കുറവും സഹനശക്തി കൂടുതലുമുള്ള പൊതുജനത്തിന്റെ ഖജനാവു തുരന്നു തിന്നാന്‍ തക്ക അടുത്ത തട്ടിപ്പിനുള്ള കളമൊരുക്കുക. 

ഇതാണ് ആധുനിക ജനാധിപത്യം



(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്. ആര്‍ക്കെങ്കിലും അവ ഇവിടെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉടനെ നീക്കം ചെയ്യുവാന്‍ തയ്യാറാണ്)

1 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

ആധുനികജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്