2015, മാർ 2

ഇടത്തരക്കാരനെ ഇടിച്ചു പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്കു മുന്തിരിച്ചാര്‍

കള്ളക്കടത്തുകാരനും കൊലപാതകിയും മുന്നില്‍ക്കൂടി ഒന്നിച്ചു തോളില്‍ കൈയിട്ടു നടന്നു പോയപ്പോള്‍ പിടികൂടാന്‍ ധൈര്യമില്ലാതെ പോക്കറ്റടിക്കാരനെ ഓടിച്ചിട്ടു പിടിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ച പോലീസുകാരന്റെ നടപടി അനുസ്മരിപ്പിക്കുന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നികുതിഘടനയിലെ പരിഷ്‌കാരം.

നികുതിയിളവുകള്‍ കൂടുതല്‍ നല്‍കി ഈ സമൂഹത്തെ വഴിപിഴപ്പിക്കുന്നതിനു ജയ്റ്റ്‌ലി ആഗ്രഹിക്കുന്നില്ല. അതിനാല്‍, വ്യക്തികളുടെ ആദായനികുതി പരിധിയില്‍ ഇളവുകളില്ല. വ്യക്തികളുടെ ആദായനികുതി ഇളവിനുള്ള പരിധി രണ്ടരലക്ഷമായിത്തന്നെ തുടരും. 

അതേസമയം, കോര്‍പറേറ്റ് നികുതിയില്‍ ഒറ്റയടിക്ക് അഞ്ചു ശതമാനത്തിന്റെ ഇളവാണു ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരിക്കുന്നത്. കാരണം വളരെ ലളിതമാണ്: കോര്‍പറേറ്റ് നികുതി പ്രതീക്ഷിച്ചതു പോലെ കിട്ടുന്നില്ല; അഥവാ പിരിക്കുന്നില്ല. അതിനാല്‍ യാഥാര്‍ഥ്യബോധത്തോടെ ഒരു നടപടി സ്വീകരിക്കുകയാണ്!

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വരാനിരിക്കുന്ന നാളുകളുടെ സൂചനയാകും ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ ബജറ്റെന്നായിരുന്നു സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം. അതു പാഴായില്ല. 

ഇതിന്റെ ആദ്യസൂചന ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ദൃശ്യമായിരുന്നു. ബി ജെ പിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്‌പോണ്‍സര്‍ ചെയ്തതു തന്നെ ‘അദാനി’ ഗ്രൂപ്പാണെന്നതു പരസ്യമായ രഹസ്യമായിരുന്നു. യു എസ് പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രണ്ടാമത്തെ സൂചനയും ദൃശ്യമായി.

നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നു പേരെഴുതി തുന്നിച്ചേര്‍ത്തു മോഡി ധരിച്ച ബന്ദഗലാ സ്യൂട്ടിന്റെ വില പത്തു ലക്ഷം രൂപ; അതു മോഡിക്കു സമ്മാനിച്ചത് ഒരു വ്യവസായിയും. പ്രതിച്ഛായ മോശമായതോടെ സ്യൂട്ട് ലേലം ചെയ്തു കിട്ടിയ തുക ഗംഗാ ശുചീകരണത്തിനു നീക്കി വെച്ചെങ്കിലും കോട്ടില്‍ പുരണ്ട സംശയത്തിന്റെ കറ നീങ്ങിയിട്ടില്ല.

ആദ്യത്തെ രണ്ടു സൂചനകള്‍ക്കും ഒരു തട്ടത്തിന്റെ മറയെങ്കിലുമുണ്ടായിരുന്നൂ. എന്നാല്‍, അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ നല്‍കിയ മൂന്നാമത്തെ സൂചന നഗ്നമായ സത്യമാണ്. ഇനിയങ്ങോട്ടു കാര്യങ്ങളെല്ലാം ഇതു പോലെ സുതാര്യമായിരിക്കും. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ കേന്ദ്രത്തിന്റെ വരുമാനം ഗണ്യമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍, ബി ജെ പിക്കാര്‍ അവകാശപ്പെടുന്നതു പോലെ എന്തെങ്കിലും ‘മോഡി മാജിക്ക’ല്ല അത്. രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടായ കാര്യമായ ഇടിവാണു ഖജനാവിനെ സഹായിച്ചത്.

യു പി എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്തു ‘പണം കായ്ക്കുന്ന ഈ മരം’ ഇന്ദ്രപ്രസ്ഥത്തിന്റെ മുറ്റത്തുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഈ നേട്ടം സാധാരണക്കാരനു കൂടി കൈമാറുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. നേട്ടം ആര്‍ക്കാണുണ്ടാകാന്‍ പോകുന്നതെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

30 ശതമാനമായിരുന്നു ഇതു വരെ കോര്‍പറേറ്റ് നികുതി. ഇനിയിത് 25 ശതമാനമായി കുറയും. നാലു വര്‍ഷത്തിനുള്ളിലാണ് അഞ്ചു ശതമാനം കുറയുകയെന്നു പറയുന്നുണ്ടെങ്കിലും നടപടികള്‍ വേഗത്തിലുണ്ടാകും. 

ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്‌ലി പറയുന്നു – ‘രണ്ടു രീതിയിലുള്ള നഷ്ടമാണ് എനിക്കുണ്ടാകുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കെല്ലാം കോര്‍പറേറ്റ് നികുതി 21 ശതമാനത്തിനടുത്താണ്; അതിനാല്‍ ഈ രാജ്യങ്ങളുമായി മല്‍സരിക്കാന്‍ ഇന്ത്യക്കാവുന്നില്ല. വലിയ നികുതി ഈടാക്കുന്ന രാജ്യത്തിന്റെ ആളാണെന്ന നിലയിലുള്ള പ്രതിച്ഛായയാണ് എനിക്കുള്ളത്. അതേസമയം, കിട്ടേണ്ട നികുതിയില്‍ 23 ശതമാനം മാത്രമേ പിരിയുന്നുള്ളു താനും.’ ജെയ്റ്റ്‌ലി പറയുന്നതു സമ്മതിച്ചു കൊടുക്കുകയാണെങ്കില്‍ കോര്‍പറേറ്റുകള്‍ക്കു നാലു വര്‍ഷത്തിനുള്ളില്‍ ഇളവു നല്‍കുന്ന അഞ്ചു ശതമാനം തന്നെ കുറവാണ്. ഒമ്പതു ശതമാനമെങ്കിലും നികുതി കുറച്ചു കൊടുക്കാമായിരുന്നു!

നികുതിപരിധിയില്‍ ഇളവു കൊടുക്കുമ്പോള്‍ത്തന്നെ മറ്റ് ഇളവുകളെല്ലാം അവസാനിപ്പിക്കുമെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. നികുതിദായകന്റെ വിവേചനാധികാരം അവസാനിപ്പിക്കും. നികുതിയുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുന്ന കേസുകളും അവസാനിക്കും.


ഇതൊക്കെ യഥാര്‍ഥത്തില്‍ നടപ്പാകുക സാധാരണ നികുതിദായകന്റെ മാത്രം കാര്യത്തിലാകും. രാജ്യത്തു മൂന്നോ നാലോ ശതമാനം പൗരന്മാര്‍ മാത്രമാണ് ആദായനികുതി പരിധിയില്‍ വരുന്നത്.
അതിനാല്‍ നികുതി പരിധിയില്‍ ഇനിയും ഇളവു കൊടുക്കുന്നതു ശരിയല്ലെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. ആദായനികുതി പരിധികള്‍ ഉയര്‍ത്താതെ ഭാവിക്കു വേണ്ടി സമ്പാദിക്കാനുള്ള ചില മാര്‍ഗങ്ങളാണത്രേ അദ്ദേഹം വ്യക്തികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. 


ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതി കൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും – കോര്‍പറേറ്റുകള്‍ക്ക് അതിനുള്ള ബാധ്യതയില്ലല്ലോ!