2016, ജനു 13

ശബരിമലയിലെ സ്ത്രീ പ്രവേശനം - ഞാനെന്തിന് അഭിപ്രായം പറയണം?

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ "പരാമര്‍ശം" (വിധിയല്ല) സംബന്ധിച്ച് ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ. ഈ വിഷയത്തില്‍ ഐതിഹ്യം ഏതാണ്, ചരിത്രം ഏതാണ്, കീഴ്‌വഴക്കം ഏതാണ്, പ്രായോഗികത എന്താണ് എന്നൊന്നും നോക്കാതെ / അറിയാതെ തലങ്ങും വിലങ്ങും അഭിപ്രായങ്ങള്‍ പാറിപ്പറക്കുകയാണ്, ചില വാദഗതികള്‍ ഒക്കെ കേട്ടാല്‍ ചിരിച്ചു മണ്ണുകപ്പും.

ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഞാന്‍ ഈ വിഷയത്തില്‍ പോസ്റ്റൊന്നും ഇടാത്തതെന്താണ് എന്നതാണ് ടാഗ് ചെയ്തും ചാറ്റ്ബോക്സിലും പല സുഹൃത്തുക്കളുടേയും ആകാംഷ.

ഒന്നാമത് ഈ വിഷയത്തിലെ താല്‍പര്യമില്ലായ്മ വ്യക്തമാക്കട്ടെ, അതുപോലെ ഈ വിഷയത്തില്‍ കേസു കൊടുത്തത് പിണറായി ആണെന്നും "ഹിന്ദു മത വിശ്വാസികള്‍ക്കും അയ്യപ്പനും എതിരായി പിണറായി വിജയന്‍ കേസു കൊടുത്തു എന്ന മട്ടിലും" ചില ചാണകഭോജികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഗീബല്‍സിയന്‍ നുണപ്രചാരണവുമായി ഇറങ്ങിയതിനെ ഘണ്ഡിക്കാനും അതിലെ ഗൂഢാലോചന തുറന്നു കാണിക്കാനും മാത്രമേ താല്‍പര്യം ഉള്ളു. 

ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ മാത്രം പള്ളികളിലോ അമ്പലങ്ങളിലോ പോകാന്‍ താല്‍പര്യമുള്ളു, പോയാലും കുഴപ്പമില്ല, പോയില്ലെങ്കിലും കുഴപ്പമില്ല, അതെസമയം ആരുടെ എങ്കിലും വിശ്വാസങ്ങളെ വൃണപ്പെടുത്തും വിധം അതതിടങ്ങളിലെ നാട്ടുനടപ്പുകള്‍ ലംഘിക്കാന്‍ തയ്യാറാവുകയും ഇല്ല.

ഇത്രകാലത്തിനിടയില്‍ 41 ദിവസത്തെ കഠിന വ്രതം എടുത്ത് ശബരിമലയില്‍ പോയതായി എനിക്കു നേരിട്ട് അറിയാവുന്നവര്‍ പത്തില്‍ താഴെ മാത്രമേ ഉള്ളു, അതില്‍ തന്നെ മലയാളികള്‍ രണ്ടുപേര്‍ മാത്രം (രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല, വാസു എന്നും കുഞ്ഞപ്പന്‍ എന്നും പേരായ വാത്സല്യ നിധികളായ രണ്ട് അപ്പൂപ്പന്മാരായിരുന്നു അവര്‍, എന്റെ നാട്ടില്‍ നിന്നും മുടക്കം കൂടാതെ വ്രതമെടുത്ത് എല്ലാ വര്‍ഷവും മലയ്ക്കു പോയിരുന്ന ഗുരുസ്വാമിമാര്‍ ആയിരുന്നു ഇരുവരും) ബാക്കിയുള്ളവര്‍ ഒക്കെ ഹൈദരബാദിലെ എന്റെ ചില അധ്യാപകരും സഹപാഠികളും.

എന്റെ അറിവില്‍ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ തികഞ്ഞ ബ്രഹ്മചര്യം അനുഷ്ടിച്ചു 41 ദിവസത്തെ കഠിന വൃതമെടുത്തു കരിമല നടന്നുകയറി സന്നിധിയിൽ എത്തണമെന്നാണ് ആചാരം! എന്നാൽ ഈ പറഞ്ഞ കാര്യങ്ങളിൽ സൗകര്യ പൂർവ്വം മാറ്റങ്ങൾ വരുത്തി, ഏഴും മൂന്നും ദിവസങ്ങൾ മാത്രം "വൃത"മെടുത്തു എത്തുന്ന എത്രയോ "ഭക്തരെ" നമുക്കൊക്കെ നേരിട്ടറിയാം.തീർഥാടനം കേവലമൊരു ടൂർ പ്രോഗ്രാമായി അടിച്ചുപൊളിച്ചു പോയി വരുന്ന പുതിയ കൾച്ചർ ഇന്നൊരു ട്രെണ്ടാണ്. 

അതുകൊണ്ട് കൃത്യമായി 41 ദിവസത്തെ കഠിന വൃതമെടുത്ത് ഒരുപ്രാവശ്യമെങ്കിലും ശബരിമല ദര്‍ശനം നടത്തിയിട്ടുള്ളവരും ഒരു പ്രാവശ്യം പോലും ഉടായിപ്പ് രീതിയില്‍ ശബരിമല ദര്‍ശനത്തിനു പോയിട്ടില്ലാത്തവരുമായവര്‍ മാത്രം ഈ വിഷയത്തിലെ എന്റെ അഭിപ്രായം ചോദിച്ചാല്‍ മതിയെന്നും അവര്‍ക്കുമാത്രമേ മറുപടി നല്‍കുവാന്‍ തല്‍ക്കാലം നിര്‍വാഹം ഉള്ളു എന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.