മൂന്നു വര്‍ഷം മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച് പഠനം തുടരുന്ന 88 വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. പ്ലസ്ടുവിന് 50 ശതമാനത്തില്‍ കുറവു മാര്‍ക്ക് നേടിയവരെയെല്ലാം മെഡിക്കല്‍ കോളജുകളില്‍ നിന്നു പുറത്താക്കാനാണ് ഉത്തരവ്. നാല് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളിലും എംഇഎസിന്റെ ഒരു കോളജിലുമായി പഠനം തുടരുന്ന വിദ്യാര്‍ത്ഥികളാണ് യഥാര്‍ത്ഥത്തില്‍ വിധിയുടെ ഇരകള്‍. മുന്‍കൂര്‍ തലവരിയും ഫീസും മറ്റും വാങ്ങിക്കഴിഞ്ഞ മാനേജുമെന്റുകള്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ല.
ഏറെ പ്രതീക്ഷയോടെ മെഡിക്കല്‍ പഠനത്തിനായി മക്കളെ അയച്ച മാതാപിതാക്കളുടെ സകല സ്വപ്‌നങ്ങളും തകര്‍ക്കുന്നതാണു കോടതിയുടെ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തിയതെന്നതിനാലാണ് കോടതി ഇങ്ങനെയൊരു ഉത്തരവു പുറപ്പെടുവിച്ചത്.
ഏറെ പ്രതീക്ഷയോടെ മെഡിക്കല്‍ പഠനത്തിനായി മക്കളെ അയച്ച മാതാപിതാക്കളുടെ സകല സ്വപ്‌നങ്ങളും തകര്‍ക്കുന്നതാണു കോടതിയുടെ ഉത്തരവ്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രവേശന പരീക്ഷ നടത്തിയതെന്നതിനാലാണ് കോടതി ഇങ്ങനെയൊരു ഉത്തരവു പുറപ്പെടുവിച്ചത്.
മൂന്നു വര്‍ഷം പഠിച്ചു കഴിഞ്ഞു. ഇനി വീട്ടില്‍ പൊയ്‌ക്കൊള്ളൂ എന്നു വിദ്യാര്‍ത്ഥികളോടു പറയുന്ന സാഹചര്യം വിദ്യാഭ്യാസത്തില്‍ മുന്‍നിരയിലുള്ള കേരളത്തിന് എത്രത്തോളം ഭൂഷണമാണെന്നു ചിന്തിക്കണം. ഇതിനോടകം അവര്‍ എത്രയേറെ പണം ചെലവഴിച്ചു കാണണം. അതിലേറെ, എത്രയോ കുടുംബങ്ങള്‍ കണ്ട സ്വപ്‌നങ്ങളാണു പൊലിയുന്നത്. മാനേജ്‌മെന്റുകള്‍ അപ്പീല്‍ പോകുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിധി എന്നാണു വരികയെന്നു നിശ്ചയമില്ല. പഠനകാലാവധി പൂര്‍ത്തിയായ ശേഷം പ്രതികൂല വിധിയണുണ്ടാവുകയെങ്കില്‍ ഇവര്‍ക്ക് ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമോ? ഒരു തലമുറയെ ആകെ അനിശ്ചിതത്വത്തിലേക്ക് എടുത്തെറിഞ്ഞു എന്നതിലപ്പുറം സ്വാശ്രയ കോളജുകള്‍ക്കു നല്‍കിയ അംഗീകാരം എന്തു നേട്ടമാണു കേരളത്തിലെ കൗമാരക്കാര്‍ക്കുണ്ടാക്കിയത് എന്ന് എല്ലാവരും ഇനിയെങ്കിലും ചിന്തിക്കണം. ഓരോ വര്‍ഷവും പ്രവേശനവുമായി ബന്ധപ്പെട്ടും ഫീസ് ഘടനയെച്ചൊല്ലിയും തര്‍ക്കവും തുടര്‍ന്നുണ്ടാകുന്ന വ്യവഹാരങ്ങളുമായി കേരളത്തിന്റെ വരുംതലമുറയെ നശിപ്പിക്കുകയാണു യഥാര്‍ത്ഥത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ നയം ചെയ്യുന്നത്. ഇതിന് അടിയന്തരമായി പരിഹാരമുണ്ടാക്കിയേ തീരൂ. എന്താണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ കരുതുന്നത്? സ്വജന പക്ഷപാതവും ധാര്‍ഷ്ഠ്യവും ആര്‍ത്തിയും മൂലം അന്ധരായ ചില ജാതി മത പ്രമാണിമാരുടെയും സ്വന്തം വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കപ്പുറം യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാത്ത ചില പ്രമുഘ മാധ്യമങ്ങളുടെയും പിന്തുണയോടെ എക്കാലവും കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുട്ടിക്കുരങ്ങന്‍മാരാക്കി കളിപ്പിക്കാമെന്നോ? നഷ്ടപ്പെടുന്ന ഓരോ വര്‍ഷവും ഒരു തലമുറയുടെ ക്രിയാത്മകമായ ശേഷിക്കുണ്ടാക്കുന്ന നഷ്ടമാണ്. മനുഷ്യകുലത്തോടു ചെയ്യുന്ന അനീതിയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.
പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണു വേണ്ടത്. അല്ലാതെ, ചട്ടങ്ങളും നീതിശാസ്ത്രവും ഉയര്‍ത്തിക്കാട്ടി അവരെ അന്ധകാരത്തിലേക്കു തള്ളിയിടുന്നതല്ല മുതിര്‍ന്നവരുടെ ബാധ്യത. സര്‍ക്കാരും കോടതിയുമെല്ലാം ചേര്‍ന്നു നടത്തുന്ന നൈയാമിക തര്‍ക്കങ്ങളില്‍ കുരുങ്ങി നശിക്കുന്നത് മനുഷ്യകുലത്തിലെ ഒരു തലമുറയുടെ ഭാവിയാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതു തന്നെ.
ആര്‍ക്കുവേണ്ടിയാണ് ഈ പ്രവേശന പരീക്ഷ? പഠനത്തില്‍ താത്പര്യമുള്ള കുറേ കുട്ടികളെ നിരാശപ്പെടുത്താനല്ലാതെ ഈ സംവിധാനം മറ്റൊന്നിനും ഉപകരിക്കില്ല. പ്ലസ്ടു പരീക്ഷയെഴുതിയ ദിവസം തലവേദനയുണ്ടായെങ്കില്‍ ചിലപ്പോള്‍ മാര്‍ക്കു കുറഞ്ഞെന്നു വരാം. ഈ മാര്‍ക്കല്ല ഒരു മനുഷ്യന്റെ കഴിവളക്കാന്‍ ഉപയോഗിക്കേണ്ടത്. ഓരോരുത്തര്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കണം. അതിനു പ്രായമോ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോ ആകരുത് മാനദണ്ഡം. വിദ്യാഭ്യാസം കൂടുതലാളുകള്‍ക്ക് നല്‍കാനുള്ള ശ്രമമാണു വേണ്ടത്. അതിനു പകരം, എങ്ങനെ കൂടുതല്‍പ്പേരെ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്നു ചിന്തിക്കുകയാണ് ചിന്താശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്നു സ്വയം വിളിച്ചൂകൂവുന്ന മലയാളികള്‍.
കോളജ് വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പലരും പിന്നീട് ലോകത്തിന്റെ തന്നെ അഭിമാനമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിനും മേലെയാണ് ഒരു മനുഷ്യന്റെ കഴിവെന്നത് തിരിച്ചറിയാനാവാത്ത കുറെ വിഡ്ഢികളായി മലയാളി സമൂഹം മാറിയോ?
മെഡിക്കല്‍ പഠനത്തില്‍ താത്പര്യമുള്ള എല്ലാവരേയും അതു പഠിപ്പിക്കണം. പ്രായമോ അടിസ്ഥാന യോഗ്യതയോ പ്രശ്‌നമാക്കരുത്. അതുപോലെ തന്നെയാണ് എല്ലാ കോഴ്‌സുകളുടെയും കാര്യം. എന്താണ് ഇങ്ങനെ ചെയ്യുന്നതിലെ തടസമെന്നത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ലോകത്തെവിടെയും മലയാളികളായ ഡോക്ടര്‍മാര്‍ക്കും നേര്‍ഴ്സുമാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും ഉള്ളമതിപ്പു എല്ലാവര്‍ക്കും അറിവുള്ളതാണു അതിനാല്‍ പരമാവധി കുട്ടികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്‍കി മികച്ച തൊഴില്‍, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ സ്ര്‍വോപരി രാജ്യത്തിനു ആവശ്യമായ വിദേശനാണ്യം ഒക്കെ നേടാന്‍ ഉള്ള അവസരം നല്‍കുകയാണു സര്‍ക്കാരിന്റെ കടമ.
ദിനംപ്രതിയെന്നോണം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുന്നു. ചാനലുകളില്‍ ചര്‍ച്ചകള്‍ അന്തമില്ലാതെ തുടരുന്നു. ഇതിനെല്ലാം ഇടയില്‍ പിടയുന്നത് പാവപ്പെട്ട രക്ഷിതാക്കളുടെ മനസാണെന്നതു മാത്രം എല്ലാവരും മറക്കുന്നു. ഫീസ് വര്‍ധിപ്പിച്ചെന്നും ഇല്ലെന്നും, പ്രവേശനം ഇന്നു നടക്കുമെന്നും, മാറ്റിവച്ചെന്നും. വാര്‍ത്തകള്‍ ആശയക്കുഴപ്പവുമായി നിരന്തരം പ്രവഹിക്കുകയാണ്. ഇതിനെയെല്ലാം നിയന്ത്രിക്കേണ്ട സര്‍ക്കാരാവട്ടെ, മാനേജ്‌മെന്റുകളുടെ തലപ്പത്തിരിക്കുന്ന മത നേതാക്കളെ ഭയന്ന് നിശബ്ദത പാലിക്കുന്നു. ഈ വിഷയത്തില്‍ ഉണ്ടാകുന്ന കോടതി വിധികളാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉതകുന്നുള്ളു.
ഉയര്‍ന്ന ചിന്തയും ഉന്നത മൂല്യങ്ങളുമാണു മലയാളിയുടെ എക്കാലത്തെയും മൂലധനം. അതുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്രയോ ഉയരങ്ങളിലേക്കു കയറിയവനാണു മലയാളി. ഇന്ന്, അത്തരം മൂല്യങ്ങളെല്ലാം കൈമോശം വന്ന് വിഡ്ഢിക്കൂട്ടത്തെ സൃഷ്ടിക്കുന്നതെങ്ങനെയെന്നു ഗവേഷണം നടത്തുന്നു. ഇതിന് ഒരു അറുതിയുണ്ടായേ തീരൂ. വ്യവഹാരം നടത്തി മുടിഞ്ഞ സമൂഹത്തെ നവോത്ഥാന പാതയിലേക്കു നയിച്ച പൂര്‍വ്വസൂരികളെ സ്മരിക്കുക. വിദ്യാഭ്യാസത്തിനു വേണ്ടി കോടതി കയറേണ്ട അവസ്ഥ തുടര്‍ന്നുകൂടാ. സ്വാശ്രയ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടായാലും സര്‍ക്കാര്‍ ഇതിനെല്ലാം പരിഹാരമുണ്ടാക്കണം. വരുംതലമുറയെ പിച്ചച്ചട്ടിയുമായി തെരുവിലിറക്കരുത്.