2011 ഡിസം 10

ആദ്യം സുരക്ഷ, പിന്നെയാകാം രാഷ്ട്രീയ നാടകം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്ന് കേരളം അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. നിയമസഭ ഏകകണ്ഠമായാണ് ഇക്കാര്യം  അംഗീകരിച്ചത്. കാലപ്പഴക്കവും ഭൂകമ്പ ഭീഷണിയും അതിവൃഷ്ടിയുമൊക്കെ ചേര്‍ന്ന് അതീവഗുരുതരമായ അ‌വസ്ഥയിലേക്കാണ് അണക്കെട്ടിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്ന് നിയമസഭ തന്നെ പറയുമ്പോള്‍ അതു ഗൗനിക്കാതിരിക്കാന്‍ തക്ക ധാര്‍ഷ്ട്യം കേന്ദ്ര സര്‍ക്കാരിനുണ്ടായിക്കൂടാ. കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു ജലം എന്ന ഉറച്ച നിലപാടോടെ കേരളം നില്‍ക്കുമ്പോള്‍ എവിടെയാണ് തര്‍ക്കത്തിന് സാഹചര്യമുള്ളത്?


കഴിഞ്ഞ ദിവസം കേരള നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അതിലേറെ ശ്രദ്ധേയമായത് തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥര്‍ ഗാലറി പൂട്ടി സ്ഥലം വിട്ടതു തന്നെ. കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഗാലറിക്കുള്ളില്‍ കടക്കരുതെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നതു തന്നെ അവരുടെ ഭാഗത്ത് തെറ്റുണ്ടെന്നതിനു തെളിവാണ്. ഡാമിന്റെ സുരക്ഷയും ചോര്‍ച്ചയും പരിശോധിക്കുന്നതിന് ഡാം ഭിത്തിക്കുള്ളില്‍ ഉള്ള ഇടനാഴിയാണ് ഗാലറി. ഇതിനകത്ത് കയറി പരിശോധിച്ചാല്‍ മാത്രമെ ഡാമിന്റെ ചോര്‍ച്ചയുടെ ശരിയായ ചിത്രം വ്യക്തമാകൂ. തമിഴ്‌നാട് നിസഹകരണം മൂലം ഇത് മനസിലാക്കാന്‍ സബ്ജക്ട് കമ്മറ്റിക്ക് കഴിഞ്ഞില്ല. ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സബ്ജക്ട് കമ്മറ്റിയെ ഗാലറിക്കുള്ളില്‍ കടക്കുന്നതിന് തമിഴ്‌നാട് അനുമതി നിഷേധിച്ചു. ഡാം സൂപ്രണ്ട് ഉള്‍പ്പെടെയുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഗാലറിയിലേക്കുള്ള കവാടം പൂട്ടി സ്ഥലംവിടുകയായിരുന്നു.


കഴിഞ്ഞയാഴ്ച മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും  അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗാലറിക്കുള്ളില്‍ കടന്ന് ഒലിച്ച്‌വരുന്ന സുര്‍ക്കി മിശ്രിതം കോരിയെടുത്ത് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. വന്‍തോതില്‍ സുര്‍ക്കി ഒലിച്ച് പോകുന്നത് അന്ന് പുറംലോകമറിഞ്ഞു. ഇത് കൊണ്ടായിരിക്കാം മന്ത്രിയെയും കൂടെ വന്ന ഉദ്യോഗസ്ഥ, മാധ്യമ സംഘത്തെയും ഗാലറിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതെന്നാണ് സൂചന. കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള കളിയാണു തമിഴ്‌നാട് കളിക്കുന്നത്. അവര്‍ക്ക് കുറച്ചു വെള്ളം വേണം. അതിനു പകരമായി കേരളത്തിലെ ജനങ്ങളുടെ ജീവന്‍ ആവശ്യപ്പെടുന്നതിലെ ന്യായമെന്തെന്ന് കേന്ദ്രം തന്നെ അന്വേഷിക്കട്ടെ.


ഗാലറിക്കുള്ളില്‍ കടന്ന് ചോര്‍ച്ച കണ്ടെത്തിയാല്‍ അതു തങ്ങളുടെ വാദങ്ങള്‍ക്കെതിരായേക്കുമെന്നു തമിഴ്‌നാട് ഭയപ്പെടുന്നതു തന്നെയാണ് പുതിയ അണക്കെട്ടു വേണമെന്ന ആവശ്യത്തിനു മുഖ്യന്യായീകരണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ നിര്‍ദ്ദിഷ്ടസ്ഥലത്ത് സംരക്ഷണഅണക്കെട്ട് നിര്‍മ്മിക്കണമെന്ന നിര്‍ദേശമാണ് സബ്ജക്ട് കമ്മറ്റി നിയമസഭയില്‍ സമര്‍പ്പിച്ചത്. നിലവിലെ ഡാം പൊളിച്ച് നീക്കി പുതിയ ഡാം എന്ന നിര്‍ദേശത്തെ തമിഴ്‌നാട് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയൊരു സംരക്ഷണ അണക്കെട്ട് എന്ന ആശയം സബജക്ട് കമ്മറ്റി ചര്‍ച്ച ചെയ്തത്. നിലവിലെ അണക്കെട്ട് തൊടാതെ അതിന് 1300 അടി താഴെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സംരക്ഷണഡാം പണിയുക, തമിഴ്‌നാടിന് ഇപ്പോഴത്തെ രീതിയില്‍ തന്നെ വെള്ളം നല്‍കുക, കേരളത്തിന്റെ ഭൂമിയില്‍ സ്വന്തം ചിലവില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ തികച്ചും ന്യായം തന്നെ. ഇതെല്ലാം കേരളത്തിന്റെ മാത്രം ആവശ്യമാണ്. അക്കാരണത്താല്‍ത്തന്നെ തമിഴ്‌നാടിന്റെ അനുമതിയുടെ കാര്യമില്ലെന്നതാണു വാസ്തവം.


1894 ല്‍ സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച ഡാം പലഘട്ടങ്ങളിലായി തമിഴ്‌നാട് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും ചോര്‍ച്ച വര്‍ധിക്കുകയായിരുന്നു. ഡാമിന്റെ മധ്യഭാഗത്ത് അടക്കം എട്ട് ബ്ലോക്കുകളില്‍ ശക്തമായ ചോര്‍ച്ച പുറത്ത് നിന്ന് തന്നെ കാണാന്‍ കഴിയും. ഇതിന് പുറമെ രണ്ട് ഡസനിലേറെ ചെറുചോര്‍ച്ചകളും ഉണ്ട്. ബ്ലോക്ക് 18ല്‍ ജോയിന്റുകളില്‍ പോലും ശക്തമായ ചോര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഡാമിനെ ശക്തിപ്പെടുത്താന്‍ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ചെമ്പ് തകിട് തകര്‍ന്നനിലയിലാണ്. ഡാമിന്റെ പുറംഭിത്തികളില്‍ കൂടിയുള്ള ചോര്‍ച്ച ശക്തമായതിനാല്‍ ഡാം ദുര്‍ബലമാണെന്ന് മറ്റൊരു പരീക്ഷണത്തിന്റെയും ആവശ്യമില്ലാതെ പറയാമെന്ന് സെസ് ശാസ്ത്രഞ്ജന്‍ ജോണ്‍മത്തായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡാമിനെ ശക്തിപ്പെടുത്താന്‍ നടത്തിയ കേബിള്‍ ആങ്കറിംഗ് പലതും ഇളകിയ അവസ്ഥയിലാണെന്നും അതിനാല്‍ ആങ്കറിംഗിന് ഉദ്ദേശിച്ച ഗുണം ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


അണക്കെട്ടു തകര്‍ന്നാല്‍ 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിക്കണമെന്നല്ലാതെ മറ്റു കുഴപ്പമൊന്നുമില്ലെന്ന് കോടതിയില്‍ പറഞ്ഞ എജിയുടെ നിലപാട് അംഗീകരിച്ച സര്‍ക്കാര്‍ കൂടി പിന്തുണച്ചാണ് നിയമസഭയില്‍ പ്രമേയം പാസായത്. ഇതിനെ ഇരട്ടത്താപ്പെന്നോ രാഷ്ട്രീയ നാടകമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. എജിയുടെ വാദം അംഗീകരിച്ച മന്ത്രിസഭയുടെ നടപടി കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ എത്രത്തോളം ദോഷം ചെയ്യുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.


തുടക്കത്തില്‍ ചില്ലറ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനായുദ്ധം മാത്രമായിരുന്ന മുല്ലപ്പെരിയാര്‍ വിഷയം ഇപ്പോള്‍ വലിയ വിവാദത്തിലായത് ജനങ്ങളുടെ സംഘടിതമായ ഇടപെടല്‍ മൂലം മാത്രമാണ്. ഇനി എത്ര നാടകം കളിച്ചാലും ജനം പിന്തിരിയില്ലെന്നു വ്യക്തമായതോടെയാകാം ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കാന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചത്. അത് എന്തുതന്നെ ആയാലും നിയമസഭയില്‍ കണ്ട ഐക്യം കേരളത്തിന്റെ വിജയം തന്നെയാണ്.


മുല്ലപ്പെരിയാര്‍ എന്ന പേരു പോലും ഭയത്തിന്റെ പ്രതീകമായി മാറുന്ന വര്‍ത്തമാനകാലത്തില്‍, അടിയന്തരമായി ഇടപെടാന്‍ ഇനി കേന്ദ്ര സര്‍ക്കാരാണു തയാറാവേണ്ടത്.  പുതിയ അണക്കെട്ടു നിര്‍മിക്കുമെന്ന് ചങ്കൂറ്റത്തോടെ കേരളം പറയാന്‍ സമയമായിരിക്കുന്നു. അതു തന്നെ സംഭവിക്കുമെന്നു കരുതാം.


2011 ഡിസം 9

നഴ്‌സുമാര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം

എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സുമാര്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ എന്ന പേരില്‍ നഴ്‌സുമാരുണ്ടാക്കിയ സംഘടനയുടെ അംഗത്തെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചവരെ അതി ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിയിലെ നഴ്‌സുമാരും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ നഴ്‌സുമാര്‍ക്കു നേരേയുണ്ടായ അതിക്രമവും നടന്നിട്ട് അധികനാളായില്ല.


ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളിലേക്കു തന്നെ. സര്‍ക്കാര്‍ മേഖലയിലെ ആതുരാലയങ്ങളെ പലവിധത്തില്‍ തകര്‍ത്താണ് സ്വകാര്യമേഖല കേരളത്തില്‍ ചുവടുറപ്പിച്ചത്. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാതിരിക്കുക, ആവശ്യത്തിനു മരുന്നുകള്‍ ഇല്ലാതിരിക്കുക തുടങ്ങിയവയാണു മുഖ്യമായും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ജനങ്ങളെ അകറ്റുന്നത്.


ആശുപത്രികളിലെത്തുന്നവരെ പരമാവധി കഷ്ടപ്പടുത്തി അവരെ സ്വകാര്യ ആശുപത്രികളിലേക്കു നയിക്കുകയെന്ന ഗൂഢതന്ത്രം പയറ്റാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വന്‍തുക മുടക്കി ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്ത കുറേ സാധുക്കള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രികളെ സമീപിക്കാറുള്ളൂ. ഇതിലൂടെ സ്വകാര്യ ആശുപത്രികള്‍ വന്‍ സാമ്പത്തിക ലാഭമാണു കൊയ്യുന്നത്. അങ്ങനെ നേടുന്ന പണം സ്വന്തം കീശയിലാക്കുക എന്നല്ലാതെ ജീവനക്കാര്‍ക്കു മികച്ച വേതനം നല്‍കുകയെന്നത് സ്വകാര്യ ആശുപത്രികളുടെ അജന്‍ഡയിലില്ല. കേരളത്തിലെ മാത്രമല്ല, പൊതുവില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം കേട്ടാല്‍ സാധാരണക്കാര്‍ പോലും അമ്പരക്കും. ഇത്രയേറെ കുറഞ്ഞ തുകയ്ക്കു ജോലി ചെയ്യുന്ന അവരെ പരമാവധി ദ്രോഹിക്കുന്ന നടപടികളാണു മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു പോരുന്നത്. ദിവസവും നിയമപ്രകാരം ചെയ്യേണ്ടതിലും വളരെയേറെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ ചോദിക്കാന്‍ പോലും അവകാശമില്ലെന്നത് കേരളീയ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതു തന്നെ.


വന്‍കിട ആശുപത്രികളില്‍ നടക്കുന്ന ഇത്തരം അനീതിക്കെതിരേ പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ തയാറാകാറില്ല. പരസ്യ ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ കണ്ണുവച്ച മാധ്യമങ്ങളും, ഇടയ്ക്കിടെ നടത്തുന്ന പിരിവിനെക്കുറിച്ചോര്‍ക്കുന്ന രാഷ്ട്രീയക്കാരും നിശബ്ദത പാലിക്കുമ്പോള്‍ പ്രതികരിക്കാന്‍ അവകാശമില്ലാതെ കുറേ യുവാക്കള്‍ സ്വകാര്യ ആശുപത്രികളുടെ അകത്തളങ്ങളില്‍ നരകയാതന അനുഭവിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങളാണു ശമ്പളമായി നല്‍കുന്നത്. നഴ്‌സുമാര്‍ക്കാകട്ടെ പലപ്പോഴും ആയിരമോ അതില്‍ത്താഴെയോ രൂപ പ്രതിമാസം നല്‍കും. അതാണ് പൊതുവിലുള്ള രീതി. ഇതിനെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ മര്‍ദിച്ചൊതുക്കുക എന്ന നവീനമാര്‍ഗമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇത് തികച്ചും അപലപനീയമാണ്.


കേരളം വിദ്യാഭ്യാസത്തില്‍ വളരെയേറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ ഇത്തരം അപരിഷ്കൃതമായ നടപടികള്‍ അനുവദിക്കാനാവില്ല. ഏതു തൊഴില്‍സ്ഥാപനത്തിലായാലും സ്വാഭാവിക നീതി ഉറപ്പുവരുത്താന്‍ മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥരാണ്. അവരെ അതിനു പ്രേരിപ്പിക്കാന്‍ സര്‍ക്കാരിനു സാധിക്കണം.


എറണാകുളത്തും കൊല്ലത്തും നഴ്‌സുമാരെ മര്‍ദിച്ചത് ആശുപത്രി ജീവനക്കാരെന്നു പറയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകരാണെന്നതാണു വാസ്തവം. ഇവിടെ രണ്ടിടത്തും മാനേജ്‌മെന്റുകള്‍ക്ക് സംഘടനാപരമായ പിന്തുണയുണ്ട്. ആതുര സേവനമെന്നും ജീവകാരുണ്യ പ്രവര്‍ത്തനമെന്നും പ്രഘോഷിച്ച് ആശുപത്രികള്‍ സ്ഥാപിക്കുന്ന സംഘടനകളുടെ തനിനിറം ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നു. ഇത് രണ്ട് ആശുപത്രികളിലെ മാത്രം കാര്യമല്ല. മത, സമുദായ സംഘടനകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മിക്ക ആശുപത്രികളിലും സമാനമായ അനീതി കൊടികുത്തി വാഴുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കാന്‍ എല്ലാവരും മടിക്കുന്നത് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അപ്രീതി പിടിച്ചുപറ്റേണ്ടതില്ലെന്ന ചിന്തയാല്‍ത്തന്നെ. യഥാര്‍ത്ഥത്തില്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ അതാതു സമുദായത്തിലോ മതത്തിലോ പെട്ടവര്‍ തന്നെയാണ് ആദ്യം പ്രതികരിക്കേണ്ടത്. തങ്ങളുടെ ജീവാത്മാവായ മതത്തെയോ സമുദായത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നേതൃത്വത്തില്‍ നിന്നുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ മറ്റാരുടെയും സഹായം കാത്തിരിക്കരുത്.


നഴ്‌സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്‌സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?

ഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്‌മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്‌സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?

2011 ഡിസം 8

കുറ്റക്കാര്‍ സാധാരണ ജനങ്ങള്‍???

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കു നേരേയുണ്ടായ വ്യാപകമായ അക്രമം തികച്ചും അപലപനീയമാണ്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിന്റെ സൂചന തന്നെയാണ് ഈ അക്രമങ്ങള്‍ എന്നു കരുതാം.

മുല്ലപ്പെരിയാര്‍ അണക്കെട്ടു സൃഷ്ടിച്ചേക്കാവുന്ന വന്‍ദുരന്തത്തിലുള്ള ഭയം ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നു. പ്രദേശവാസികളുടെ ഭയത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉദയം. അവര്‍ സമരമുഖത്ത് കുറേക്കാലമായി ഉണ്ടെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. അഥവാ, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ അവഗണിച്ചു.


എന്നാല്‍, ജനങ്ങള്‍ അത്തരം അവഗണനാമനോഭാവം പ്രകടിപ്പിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ വന്‍ ജനകീയ മുന്നേറ്റമായി സമരസമിതി മാറി. ഒരിക്കല്‍പ്പോലും അക്രമത്തിന്റെ പാതയിലേക്കു പോകാതെ നടത്തിയ സമരത്തിന്റെ ദൂരവ്യാപകഫലം തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായേക്കാമെന്ന ആശങ്കയാണ് രാഷ്ട്രീയ പാര്‍ട്ടികളെ വളരെപ്പെട്ടെന്ന് മുല്ലപ്പെരിയാറിലേക്കു നയിച്ചത്.

വിഷയത്തില്‍ പാര്‍ട്ടികള്‍ ഇടപെട്ടതോടെ സമാധാനപരമായ സമരമാര്‍ഗങ്ങള്‍ തകര്‍ന്നടിഞ്ഞു. മുല്ലപ്പെരിയാറില്‍ അക്രമം തുടങ്ങി. തമിഴര്‍ക്കു നേരേയുണ്ടാകുന്ന ചെറിയൊരു നീക്കം പോലും തമിഴ്‌നാടിനെ ഒറ്റക്കെട്ടായി ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന മനഃശാസ്ത്രം ശരിക്കു പഠിച്ചവര്‍ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങള്‍ക്കു പിന്നിലെന്നതില്‍ തര്‍ക്കമില്ല. പ്രാദേശികവാദത്തിന് ഏറെ വേരോട്ടമുള്ള മണ്ണാണു തമിഴകം. തമിഴരെന്ന വികാരത്തില്‍ അധിഷ്ഠിതമാണ് അവിടുത്തെ ഓരോ നീക്കങ്ങളും. അക്കാരണത്താല്‍ത്തന്നെ, വീണ്ടുവിചാരമില്ലാതെ എന്ത് അക്രമത്തിനും തമിഴര്‍ തയാറാകും.


കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒന്നോ രണ്ടോ വണ്ടികള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ആയിരക്കണക്കിനു മലയാളികളുടെ സ്ഥിതി ആശങ്കാജനകമായി. മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു തുടങ്ങി. ഇനി, മലയാളികളെ കൂട്ടത്തോടെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായേക്കാം.


തമിഴ്‌നാട്ടില്‍ ജീവിക്കുന്ന മലയാളികളുടെ എണ്ണത്തേക്കാള്‍ വളരെ വലുതാണ് കേരളത്തില്‍ താമസിക്കുന്ന തമിഴരുടെ സംഖ്യ. അവര്‍ നടത്തുന്ന സ്ഥാപനങ്ങളാണ് കേരളത്തില്‍ വ്യാപാരമേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും. ആ സ്ഥിതിക്ക്, ഇവിടെ തിരിച്ചടി കൂടിയുണ്ടായാല്‍ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം.


കൈവിട്ട കളിയാണ് യുഡിഎഫ് സര്‍ക്കാര്‍ കളിച്ചത്. മുല്ലപ്പെരിയാര്‍ സമരസമിതിയെ പൊളിക്കാന്‍ നടത്തിയ നാടകം പിടിച്ചാലൊതുങ്ങാത്ത രീതിയിലേക്കു മാറിത്തുടങ്ങിയിരിക്കുന്നു. ഇനി, മുല്ലപ്പെരിയാര്‍ പൂര്‍ണസുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ആയിരം വട്ടം ആവര്‍ത്തിച്ചിട്ടു പ്രയോജനമില്ല. ഭീതിയുടെ വന്‍വേലിയേറ്റങ്ങള്‍ നിറഞ്ഞ മലയാളിയുടെ മനസില്‍ അതു വിലപ്പോവുമോ?


ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ഏക മാര്‍ഗം മുന്നിലുള്ളത് ജനങ്ങള്‍ സ്വമേധയാ സമരത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിക്കുക മാത്രമാണ്. അതിനുള്ള എളുപ്പവഴിയാണ് അക്രമം. മലയാളികള്‍ തമിഴ്‌നാട്ടില്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അതോടെ കേരളീയര്‍ സമരം നിര്‍ത്താന്‍ തയാറാവും. അതു മനസിലാക്കി നടത്തുന്ന രാഷ്ട്രീയ നീക്കമാണോ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്ന് അറിയേണ്ടിയിരിക്കുന്നു.


കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറരുതെന്ന് മുഖ്യമന്ത്രി അപേക്ഷിക്കേണ്ട അവസ്ഥയിലാണു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി സമരത്തിനിറക്കിയ ശേഷം തന്ത്രപൂര്‍വം പിന്മാറിയ സര്‍ക്കാര്‍ തന്നെയാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികള്‍. മുല്ലപ്പെരിയാറിലേക്ക് ഓരോ ദിവസവും കൂടുതല്‍ ജനങ്ങള്‍ എത്തുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇതെല്ലാം എത്രകാലം തുടരുമെന്ന് മാത്രം കണ്ടറിയണം. സര്‍ക്കാര്‍ കാത്തിരിക്കുന്നതും അതിനു തന്നെ.


സ്വാഭാവിക അന്ത്യം സമരത്തിനുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് മലയാളിയുടെ മനസറിയുന്ന ഏവര്‍ക്കുമറിയാം. കുറേ ദിവസം സമരം നടത്തിയ ശേഷം ജനം പിരിയും. എല്ലാവരും എല്ലാം മറക്കും. മുല്ലപ്പെരിയാറിന്റെ സമീപത്തു താമസിക്കുന്ന കുറേ ഹതഭാഗ്യര്‍ മാത്രം ഭയത്തില്‍ മുങ്ങി ജീവിക്കും. അതാണ് ഇവിടെ നടക്കാന്‍ പോകുന്നത്.


മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ്മൂലം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കുറേ തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഈ തര്‍ക്കത്തിനെല്ലാം കാരണമെന്നാണ് ഇന്നലെ കണ്ടെത്തിയത്. അതായത്, സത്യങ്ങള്‍ വിളിച്ചു പറഞ്ഞ മാധ്യമങ്ങള്‍ തന്നെ എല്ലാറ്റിനും ഉത്തരവാദികള്‍.


ചെറുപ്പം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമെന്നു പറഞ്ഞ് സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ നടന്നു വളര്‍ന്ന കുറേപ്പേരാണ് നാടു ഭരിക്കുന്നത്. അവരില്‍ ആരും ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. ജനകീയ സമരമുഖങ്ങളില്‍ അവരെ കണ്ടിട്ടേയില്ല. അവരുടെ ലക്ഷ്യം അധികാരക്കസേര മാത്രം. അത്തരം കുറേപ്പേരുടെ സംഘങ്ങളാണ് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളും തകര്‍ത്തെറിഞ്ഞു നാടുവാഴുന്നത്.


ഇന്നു നാടു ഭരിക്കുന്നവരില്‍ എത്രപേര്‍ക്ക് സാധാരണക്കാരുമായി ബന്ധമുണ്ട്? ഇവരെ കാണാന്‍ പോലും അനുവാദം വാങ്ങി മണിക്കൂറുകള്‍ കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണു സാധാരണ ജനങ്ങള്‍. പാര്‍ട്ടിക്കുള്ളില്‍ തന്ത്രങ്ങള്‍ പയറ്റി നേതാക്കളായ ഇവരുടെ കപട തന്ത്രങ്ങളുടെ ഇരകളാണു മുല്ലപ്പെരിയാറിലെ ജനങ്ങള്‍. ജയലളിതയും ഉമ്മന്‍ചാണ്ടിയും ഒരേ പാതയിലെ യാത്രികര്‍ തന്നെ. രണ്ടു പേര്‍ക്കും ജനങ്ങളുടെ താത്പര്യത്തേക്കാള്‍ വലുത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെ. അങ്ങനെയല്ലെങ്കില്‍, എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയം തീര്‍ത്തുകൂടാ? ഇപ്പോള്‍ രണ്ടു സംസ്ഥാനത്തിനും ഒരേ അഭിപ്രായം തന്നെ.മുല്ലപ്പെരിയാര്‍ സുരക്ഷിതം. ഇവിടെ കുറ്റക്കാരാകുന്നത് സമരത്തിനിറങ്ങിയ കുറേ ജനങ്ങള്‍ മാത്രം.


മുല്ലപ്പെരിയാറില്‍ നടക്കുന്ന സകലതിന്റെയും ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവച്ച് തടിതപ്പുന്ന ഈ സമീപനം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു യോജിച്ചതല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.


 

2011 ഡിസം 6

ഇത് രാഷ്ട്രീയ ഗൂഢാലോചനയോ?

കുറേ ദിവസമായി തുടരുന്ന മുല്ലപ്പെരിയാര്‍ സമരങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാവാത്തത് അത്യന്തം ലജ്ജാകരമാണ്. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതു സര്‍ക്കാരിന്റെ നിലപാടു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയതോടെ, സമരത്തിലേക്കു നയിക്കപ്പെട്ട സാഹചര്യങ്ങള്‍ സംശയത്തിന്റെ നിഴലിലാവുന്നു.


ജനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കി ഇളക്കിവിട്ടു നടത്തിയ രാഷ്ട്രീയ നാടകമാണ് മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ട നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ഇടതു മുന്നണിക്കും മാത്രം താത്പര്യമുള്ള വിഷയമായി മുല്ലപ്പെരിയാര്‍ മാറിയിട്ടുണ്ട്. യുഡിഎഫിലെ മറ്റു കക്ഷികള്‍ നിശബ്ദത തുടരുന്നതും, മുഖ്യമന്ത്രിയടക്കം മെല്ലെപ്പോക്കിലേക്ക് തിരിഞ്ഞതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ കളങ്കമായെന്നു പറയാതിരിക്കാനാവില്ല.


വലിയൊരു ജനസമൂഹത്തെയാകെ സമരമുഖത്തേക്കു നയിച്ച ശേഷം പിന്നിലൂടെ പാലം വലിക്കുകയെന്ന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണു കോണ്‍ഗ്രസ് പയറ്റിയതെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാതിരിക്കുകയാണു നല്ലത്. കേന്ദ്ര സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും ഒത്തുകളിച്ചതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെയാവാം മുഖ്യമന്ത്രിയുടെ വിലക്കു ലംഘിച്ച് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും ഇന്നലെ സമരം നടത്തിയത്.


കെ.ചപ്പാത്തില്‍ പന്തല്‍ കെട്ടി സമരം ചെയ്തു വരുന്നത് ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. മുല്ലപ്പെരിയാര്‍ സമരസമിതി എത്രയോ കാലമായി സമരരംഗത്താണ്. അതിനോടു ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന തിരിച്ചറിവാകാം ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍. രാഷ്ട്രീയക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതെന്ന് അവര്‍ വിശ്വസിക്കുന്ന ജനങ്ങളെ സംഘടിപ്പിക്കല്‍ മറ്റുള്ളവര്‍ നടത്തിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കുറേ ബഹളമുണ്ടാക്കിയെന്നു മാത്രം.


ഏതുവിധേനെയും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ജനമുന്നേറ്റത്തിനു തടയിടാന്‍  ഇവര്‍  സംഘടിച്ചതാണോയെന്നു കൂടി കണ്ടെത്തിയാല്‍ മതി. ഇപ്പോള്‍ തമിഴ്‌നാട് ചര്‍ച്ചയ്ക്കു തയാറാണെന്നു പറയുന്നു. പതിനഞ്ചിനോ പതിനാറിനോ ചര്‍ച്ചയാകാമെന്ന് അവര്‍ പറയുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വില കുറച്ചു കാണുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചര്‍ച്ചയുടെ തീയതി പോലും നിശ്ചയിക്കുന്നതു തമിഴ്‌നാടാണെങ്കില്‍ അതിന്റെ അന്തിമഫലവും അവര്‍ക്ക് അനുകൂലമാകുമെന്നതില്‍ തര്‍ക്കമില്ല.


മനുഷ്യാവകാശ കമ്മീഷനാവട്ടെ, വിഷയം മാര്‍ച്ച് മാസത്തില്‍ പരിശോധിക്കുമെന്നും പറയുന്നു. അതായത്, ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ ആരും ഗൗനിക്കുന്നില്ലെന്നു തന്നെ. കുറേ ചെറുപ്പക്കാര്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി പാഞ്ഞതുകൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല അവിടുത്തെ വിഷയങ്ങള്‍. ഇല്ലാത്ത ഭീതി സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അധികം വൈകാതെ തിരിച്ചറിയാനാവും. ഇതു കോണ്‍ഗ്രസിലെ ചില നേതാക്കളും കേരള കോണ്‍ഗ്രസുമൊക്കെ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന് അറിയാവുന്നതിനാലാവാം കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്.


സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ സജീവമായി നിന്ന സംസ്ഥാന മന്ത്രിമാരില്‍ പി.ജെ ജോസഫ് മാത്രമാണ് ഇപ്പോള്‍ രംഗത്തുളളത്. കോണ്‍ഗ്രസ് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്ത്രപൂര്‍വം പിന്‍വലിഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ നിലപാടു തന്നെയാണ് കോടതിയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതോടെ രാഷ്ട്രീയ പൊറാട്ടു നാടകത്തിന്റെ അണിയറക്കഥകളാണു വെളിച്ചത്താവുന്നത്. കോടതിയില്‍ തങ്ങള്‍ രാഷ്ട്രീയ നാടകമാടിയതാണെന്നു പറയാനാവില്ലല്ലോ.


ഇവിടെ ഉത്തരം പറയാനുള്ള ബാധ്യത കോണ്‍ഗ്രസിനു തന്നെ. പാര്‍ട്ടി അറിയാതെ ഏതെങ്കിലും മന്ത്രിമാരോ നേതാക്കളോ നടത്തിയ ഗൂഢാലോചനയാണോ മുല്ലപ്പെരിയാറില്‍ നടന്നത്? ജനങ്ങളെ ഇളക്കിവിടാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ പരിഭ്രാന്തരാക്കുകയെന്നതാണെന്ന് തിരിച്ചറിഞ്ഞവര്‍ തന്നെയാണ് ഇതിനു പിന്നില്‍ കളിച്ചത്.  സമരത്തെ ഇടതുപക്ഷം ഏറ്റെടുക്കുന്നു എന്നു വന്നതോടെ ഏതുവിധേനെയും സമരം പൊളിക്കുക എന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയതായി കരുതാം. അതു തന്നെയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.


തമിഴ്‌നാട്ടില്‍ വന്‍ ബിസിനസുകളുള്ള ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ആരെങ്കിലും ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ ജനകീയ സമിതികള്‍ തയാറാവണം. സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ അന്വേഷിച്ചാല്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്തതെല്ലാം ജനങ്ങള്‍ നേരിട്ടന്വേഷിച്ചാല്‍ കണ്ടെത്താനാവും.


അഡ്വക്കേറ്റ് ജനറലിന്റെ നിയമനം വന്ന വഴിയും മുഖ്യമന്ത്രിയുടെ ചില പ്രത്യേക താത്പര്യങ്ങളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹം ഇന്നലെ പറഞ്ഞ അഭിപ്രായം നുറുശതമാനം ശരിയാണ്. കഴിഞ്ഞ ദിവസം തന്നെ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലും ബ്ലോഗുകളിലുമൊക്കെ എജി കോടതിയില്‍ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരേ ചിലതു പറയാനിടയായ സാഹചര്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതില്‍ മുഖ്യമന്ത്രിക്കടക്കം പ്രത്യേക താത്പര്യമുള്ള ചിലരുടെ ഇടപെടലുകളെക്കുറിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞിരുന്ന രീതിയില്‍ തന്നെയാണു കാര്യങ്ങളുടെ പോക്ക്.


തമിഴ്‌നാട്ടില്‍ വ്യവസായങ്ങളും കൃഷിയിടങ്ങളുമൊക്കെയുള്ള വന്‍കിടക്കാരുടെ താത്പര്യത്തിന് ജനങ്ങളുടെ ജീവനേക്കാള്‍ വിലയുണ്ടെന്നു സര്‍ക്കാര്‍ തെളിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതല്ല സര്‍ക്കാര്‍ നിലപാടെന്ന് മറ്റു ചില മന്ത്രിമാരും പറയുന്നു. ജനങ്ങള്‍ ഏതാണു വിശ്വസിക്കേണ്ടത്. അതോ, ഘടകകക്ഷികളെയും കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് നേതൃത്വത്തിനും സംസ്ഥാന മന്ത്രിസഭയിലെ ചുരുക്കം ചിലര്‍ക്കും മാത്രമറിയാവുന്ന ആ രഹസ്യങ്ങള്‍ ഏറെ വൈകാതെ വെളിപ്പെടുമെന്നു കരുതാം.

Editorial » 06/12/2012



2011 ഡിസം 4

ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

സ്നേഹമുള്ള മലയാളി സുഹൃത്തുക്കളേ... ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന ഡോക്കുമെന്റ് ഒന്നു വായിച്ചു നോക്കു. ആദ്യ പേജ് എങ്കിലും നിങ്ങള്‍ ദയവായി ശ്രദ്ധിച്ച് വായിക്കണം. തുടര്‍ന്നു നിങ്ങള്‍ ചിന്തിക്കുക കേപ്പീ ദണ്ഡപാണി ആരാണെന്ന്, അയാളെ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി അധികാരമേറ്റയുടന്‍ അഡ്വക്കറ്റ് ജനറല്‍ ആക്കിയെന്ന്. അയാള്‍ എന്തിന്, ആര്‍ക്കു വേണ്ടി നമ്മെയെല്ലാം ഒറ്റുകൊടുത്തെന്ന്.


കാര്‍ട്ടൂണിസ്റ്റ് ടോംസും മനോരമയും തമ്മിലുള്ള കേസിന്റെ വിശദാംശങ്ങളാണ് ലിങ്കില്‍ ഉള്ളത്, ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ എരണം കെട്ട ദണ്ഡപാണിയാണ്.
കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.


കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം മുല്ലപ്പെരിയാര്‍ കേസില്‍ ജയിച്ച് തമിഴന്മാരുടെ വിരോധം സമ്പാദിച്ചാല്‍ തമിഴ്നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള ചില അച്ചായന്മാര്‍ക്കും, ചെന്നയിലും മറ്റു പ്രധാന നഗരങ്ങളിയും വ്യാവസായിക നിക്ഷേപവും   (MRF = മദ്രാസ് റബ്ബര്‍ ഫാക്ടറി) റിയല്‍ എസ്റ്റേറ്റ് താല്‍പര്യവുമുള്ള മലയാളമനോരമ കമ്പനിക്കും തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാനിടയുള്ള വന്‍ സൗജന്യങ്ങള്‍ നഷ്ടമാകുമല്ലോ? പ്രത്യേകിച്ചും കോട്ടയത്തെ MRF പ്ലാന്റ് അടക്കം ചെന്നയിലേക്ക് മാറ്റിക്കൊണ്ട് അവിടത്തെ MRF പ്ലാന്റ് വന്‍‌തോതില്‍ വിപുലീകരിക്കുന്ന ഈ സമയത്ത്.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്നലെ മനോരമയുടെ വാര്‍ത്തകള്‍. കേരളത്തിലെ മറ്റുള്ള മുഴുവന്‍ പത്ര ദൃശ്യ മാധ്യമങ്ങളും ദണ്ഡപാണി കേരളജനതയെ വഞ്ചിച്ചു എന്ന ഒന്നാം തലക്കെട്ടുമായി ഇറങ്ങിയപ്പോള്‍ ചര്‍ച്ചക്കു കളമൊരുങ്ങി എന്ന നുണ പ്രധാന വര്‍ത്തയാക്കിയാണ് മനോരമ പ്രസിദ്ധീകരിച്ചത്, കൂടാതെ ഏജിയുടെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന ദണ്ഡപാണിയെ ന്യായീകരിക്കുന്ന വാര്‍ത്തയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു.


വെറും ആറുമാസം ശമ്പളം നല്‍കിയ കേരള സര്‍ക്കാരിനേക്കാള്‍, കാല്‍ നൂറ്റാണ്ട് കാലം അന്നദാതാവായിരുന്ന മനോരമയോട് വക്കീലിന് വിധേയത്വം കൂടുതലുണ്ടാവാതെ തരമില്ലല്ലോ? മാത്രമല്ല മനോരമ തന്റെ കൂടെയുള്ള കാലത്തോളം ചാണ്ടി വെറുതേ ജബ ജബ പറയുമെന്നല്ലാതെ തനിക്കെതിരേ ചെറു വിരല്‍ പോലും അനക്കില്ലന്ന് ദണ്ഡപാണിക്കറിയാം.  മധ്യകേരളത്തിലെ അരക്കോടി ജനങ്ങളുടെ ജിവനേക്കാള്‍ ഇവന്മാര്‍ക്ക് പ്രധാനം മനോരമയുടെ താല്‍പ്പര്യങ്ങള്‍ സം‌രക്ഷിക്കുന്നതാണല്ലോ. അല്ലെങ്കില്‍ കേയെസ്യൂ ഭാരവാഹിത്വം മുതല്‍ മുഘ്യമന്ത്രി കസേരവരെ നേടിക്കൊടുക്കാന്‍ മനോരമ ഒഴുക്കിയ മഷിക്ക് കണക്ക് പറയേണ്ടി വരുമെന്നത് തന്നെ കാരണം.

2011 ഡിസം 2

പഴയ ഡാം അങ്ങിനെ തന്നെ നില്‍ക്കട്ടെ


കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുവില്‍ മലയാളികളുടെ ഇടയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു അവബോധവും എത്രയും പെട്ടന്ന് പരിഹരിക്കപ്പെടണമെന്ന ആഗ്രഹവും ഉണര്‍ന്നു വരുന്നുണ്ട് അത് നല്ലത് തന്നെ. നമ്മുടെ മാധ്യമങ്ങളും നേതാക്കന്മാരും ജന്ങ്ങളുടെ പക്ഷത്ത് അണിചേര്‍ന്നു കഴിഞ്ഞു. ഇനി വേണ്ടത് ഭിന്നതകള്‍ മാറ്റി വച്ച് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവുക എന്നതാണ്.

സൈബര്‍ കൂട്ടായ്മകളിലും ആളുകള്‍ കൂട്ടം ചേരുന്ന സായാഹ്ന്ന സദസുകള്‍, കല്യാണ വേദികള്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ ബാച്ചിറൂമുകളില്‍ പോലും ഇപ്പോള്‍ പ്രധാന ചര്‍ച്ച മുല്ലപ്പെരിയാര്‍ ഭീഷണിയും പരിഹാരവുമാണ്.

എല്ലാ ചര്‍ച്ചകളിലും പ്രധാനമായി എത്തിച്ചേരുന്ന നിഗമനവും ഏറ്റവും അനുയോജ്യമായതും പഴയ ഡാമിന്റെ സംഭരണശേഷി അപകടം ഉണ്ടാവാന്‍ സാധ്യതയില്ലാത്തവണ്ണം കുറച്ച് നിര്‍ത്തി പുതിയൊരു ഡാം കെട്ടുക എന്നതാണ്. (മറ്റു ചില ആശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട് അവ നമുക്ക് അവസാനം ചര്‍ച്ചചെയ്യാം) അങ്ങനെ തേക്കടി തടാകവും പെരിയാര്‍ വന്യമ്മൃഗ സങ്കേതവും നശിച്ചുപോകാതെ നിലനിര്‍ത്തുകയും തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കാവശ്യമായ ജലം നല്‍കുകയും ചെയ്യാം. എന്നാല്‍ വൈക്കോയുടെയും കൂട്ടരുടെയും അപക്വമായ തീവ്രവാദ നിലപാടുകളും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ട് കലാപം ഉണ്‍ടാക്കാനുള്ള ശ്രമങ്ങളെയും ഭയന്ന് ജയലളിതയും കരുണാനിധിയും അടക്കമുള്ള നേതാകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്.

സാഹചര്യം ഇതായിരിക്കെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ് തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ വിശാല ദേശീയ താല്‍പര്യം മുന്‍‌നിര്‍ത്തി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവനെ കരുതിയൊ യാധാര്‍ഥ്യബോധത്തോടെ ഉള്ള നിലപാട് മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

സുപ്രീം കോടതി വിധി വന്നാലും തമിഴ്നാട് സര്‍ക്കാര്‍ വീണ്ടും റിവ്യൂ അപ്പീല്‍ പോകുകയും നിയമ നടപടികള്‍ അനന്തമായി നീളുകയും ചെയ്യും, നിയമ നടപടികള്‍ അവസാ​നിച്ചിട്ട് പുതിയ ഡാം എന്നത് നടക്കാത്ത സ്വപ്നം മാത്രമെന്നു സാരം. അതു വരെ കാത്തിരിക്കാന്‍ ഭൂകമ്പവും പേമാരിയും ഒക്കെ തയ്യാറാകുമോ? ആകുമെന്നു വിശ്വസിക്കാനാണെനിക്കു താല്‍പ്പര്യം.

എങ്കിലും ഇപ്പോള്‍ അടിയന്തിരമായി നാം ഒരു ദുരന്തമുണ്ടായാല്‍ എന്തൊക്കെ നാശനഷ്ടം ഉണ്ടാകുമെന്നും അതിന്റെ ആഘാതവും, മനുഷ്യനും ജന്തുജാലങ്ങളുമടക്കമുള്ള ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനും, എന്തെല്ലാം മുങ്കരുതല്‍ എടുക്കുവാന്‍ സാധിക്കുമെന്നു ദുരന്ത നിഴലിലുള്ള ജനങ്ങളെ ബോധവ്ല്‍ക്കരിക്കുകയും സദാ ജാഗരൂകരായിരിക്കുവാന്‍ പരിശീലിപ്പിക്കുകയും വേണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും കണ്ട്രോള്‍ റൂം എന്ന പേരില്‍ ഏതാനും ടെലഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനപ്പുറം ഗൗരവതരമായ ഒരു നീക്കവും ഉണ്ടായില്ല, ഇന്നലെ ഹൈക്കോടതിയുടെ വിചാരണ വേളയില്‍ പോലും നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുട്ടില്‍ തപ്പുന്നതാണ് കാണുവാന്‍ സാധിച്ചത്.

എന്നാല്‍ ഇത്തത്തിലുള്ള ഒരു ബോധവല്‍ക്കരണ യജ്ഞവുമായി നിരക്ഷരന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി യുവാക്കളുടെ ഒരു സംഘം മുന്നോട്ട് വന്നിട്ടുണ്ട്, താല്‍പര്യമുള്ള മറ്റു സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ട് വിപുലമായ ഈ ബോധവല്‍ക്കരണ നീക്കം പ്രത്യാശ പകരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവും അധികാരികളുടെ പിന്തുണയും കൂടി ലഭ്യമായാല്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ഭലപ്രദമാക്കാന്‍ സാധിക്കുകയുള്ളു. അതിനാവശ്യമായ ശ്രദ്ധയും സഹകരണവും ജില്ലാ, ബ്ലോക്ക് പഞ്ജായത്ത് അധികൃതര്‍ നല്‍കുമെന്നു പ്രത്യാശിക്കാം.

നിഭാഗ്യവശാല്‍ ഏതെങ്കിലും കാരണംകൊണ്ട് തര്‍ക്കം പരിഹരിച്ച് പുതിയ ഡാം നിര്‍മ്മിക്കുന്നതിനു മുന്‍പ് നിലവിലുള്ള ഡാം തകര്‍ന്നാല്‍ ഇപ്പോള്‍ പെരിയാര്‍ നദി സ്വഛന്ദം ഒഴുകുന്ന ഇടങ്ങളില്‍കൂടിത്തന്നെ പ്രളയ ജലപ്രവാഹവും ഉണ്ടാകും എന്നു കരുതി മാത്രം മുങ്കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പോര, നിലവിലെ നദി പല സ്ഥലങ്ങളിലും വലിയ വളവുകളോടും തിരിവുകളോടും കൂടിയാണ് ഒഴുകുന്നത്. അലസഗമനം വെടിഞ്ഞ് രൗദ്രഭാവം പൂണ്ടെത്തുന്ന പ്രളയജലം വലിയ മലനിരകളുടെ സമ്രക്ഷണകവചമില്ലാത്ത പ്രദേശങ്ങളില്‍ സംഹാരശക്തിയോടെ ഗതിമാറിയൊഴുകുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സായുധസേനകളിലും മറ്റും പ്രവര്‍ത്തിച്ച് ഇത്തരം അടിയത്തിര സാഹചര്യങ്ങള്‍ മികച്ചരീതിയില്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ധാരാളം മലയാളികള്‍ ഉണ്ട് അവര്‍ തങ്ങളുടെ അനുഭവസമ്പത്ത് നമ്മുടെ നാടിന്റെ ഈ സന്നിഗ്ധ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ മുന്നോട്ടു വരിക തന്നെ ചെയ്യും.

ദുരന്തം പ്രതീക്ഷിച്ച് ഭയവിഹ്വലരായി കഴിയുന്ന മലയാളികളെ മാത്രമല്ല, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട തമിഴ് കര്‍ഷകരേയും കംബം തേനി പ്രദേശങ്ങളില്‍ അധിവസിക്കുന്ന മറ്റുള്ളവരേയും സത്യാവസ്ഥ മനസിലാക്കി കൊടുക്കേണ്ടതുണ്ട്, പുതിയ ഡാം നിര്‍മിച്ചാല്‍ അവ്ര്‍ക്ക് ബുദ്ധിമുട്ട് കൂടാതെ ആവശ്യത്തിനുള്ള ജലം ലഭ്യമാകുമെന്നും എന്നാ​‍ല്‍ ഒരു ജലദുരന്തമുണ്ടായാല്‍ പിന്നീടൊരിക്കലും മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉയരുകയില്ലെന്നും തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ വരള്‍ച്ചയാല്‍ ഒരുനൂറ്റാണ്ട് മുന്‍പുള്ള അവസ്ഥയിലേക്ക് പിന്മടങ്ങുമെന്നും അവരെ ബോധവല്‍ക്കരിക്കണം. താരത്മ്യേന ദുര്‍ഘടമായ ഈ ദൗത്യം എങ്ങനെ കൈകാര്യം ചെയ്യും എന്നു ചിന്തിക്കേണം. ദേശീയ തലത്തില്‍ പ്രിന്റ്, വിഷ്വല്‍ മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഈ ദൗത്യം ഏറ്റെടുക്കണം.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ലളിതമായ തമിഴ് ഭാഷയില്‍ നല്ല വര്‍ണ്ണപ്പൊലിമയില്‍ വൃത്തിയായും ഭംഗിയായും നോട്ടീസുകള്‍ തയ്യാറാക്കുകയും അവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തമിഴരുടെ ഇടയിലും ശബരിമല ദര്‍ശനത്തിനെത്തുന്ന തമിഴ് സ്വാമിമാര്‍ക്കും വിതരണം ചെയ്യാം. അതില്‍ പകുതിയോളം ആളുകളെങ്കിലും വസ്തുതകള്‍ മനസിലാക്കുകയും സ്വദേശത്തെ ഏതാനും ആളുകളോടെങ്കിലും അല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോടെങ്കിലും ഈ വിഷയത്തിന്റെ ഗൗരവം പങ്കുവെക്കുകയും ചെയ്യും. കേരളത്തിലേക്കു വരുന്ന തമിഴരെ തടയരുത്, അവരുടെ വാഹനങ്ങള്‍ ആക്രമിക്കരുത്, അവര്‍ വരട്ടെ അവരെ നമുക്ക് സത്യാവസ്ഥ കാണിച്ചും പറഞ്ഞും ബോധ്യപ്പെടുത്താനുള്ള അവസരം ലഭിക്കുമല്ലൊ.


ഇനി നമുക്ക് പുതിയ ഡാം നിര്‍മ്മിക്കുന്നതിനെപ്പറ്റി ചിന്തിക്കാം.

പെന്നിക്കുക്ക് സായിപ്പു നിര്‍മ്മിക്കുകയും തിരുവിതാംകൂറിന്റെ രാജാവ് മണ്ടന്‍ കരാറിലൂടെ കൈവിട്ട് കളയുകയും ചെയ്ത, ജയലളിതയുടെ ഭാഷയില്‍ കേന്ദ്ര മന്ത്രിസഭയേക്കാള്‍ ഉറപ്പുള്ള ഡാം, സുപ്രീം കോടതിയിലെ കേസ് തീരുന്നത് വരെ അവിടെത്തന്നെ നില്‍ക്കട്ടെ, അതില്‍നിന്നുള്ള വെള്ളവും തമിഴന്‍ കോണ്ട് പൊയ്ക്കോട്ടെ.

നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവനും സ്വത്തുക്കളും സം‌രക്ഷിക്കാന്‍ നമ്മുടെ സ്വന്തം ഭൂമിയില്‍ നമ്മുടെ പണം മുടക്കി പുതിയ ഡാം നിര്‍മ്മിക്കാം. പഴയ ഡാം പൊട്ടിയൊലിച്ച് വന്നാലും നിഷ്പ്രയാസം താങ്ങാന്‍ സാധിക്കുന്ന വിധം ബലവത്തായ അത്യാധുനികമായ ഒരു അണക്കെട്ട്. പഴയ ഡാമില്‍ നാം തൊടാത്ത കാലത്തോളം കേസും കരാറുകളും സംബന്ധിച്ച നൂലാമാലകള്‍ പുതിയ ഡാമിനെ ബാധിക്കുകയില്ലല്ലോ.

പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന കാര്യം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ മുന്നണി കണ്‍‌വീനറും ഏറ്റെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദമില്ലാതെ മുഴുവന്‍ മലയാളികളും അദ്ദേഹത്തോട് നിര്‍ലോഭം സഹകരിക്കും എന്നു നിശ്ചയം. അതുപോലെ പുതിയ ഡാമിനുള്ള കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഡാമിന്റെ പണി തീര്‍ക്കുക എന്ന ഉത്തരവാദിത്വം ബഹുമാനപ്പെട്ട മന്ത്രി ജോസഫ് ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇനി നമുക്കാവശ്യം കേന്ദ്രത്തില്‍ നിന്നുള്ള അനുമതികളാണ് അത് എത്രയും പെട്ടന്ന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കേന്ദ്ര മന്ത്രിമാരും ദില്ലിയില്‍ ഉന്നത പദവികളില്‍ വിരാജിക്കുന്ന മലയാളി ഉദ്യോഗസ്ഥരും ഏറ്റെടുക്കണം.

ഇനി അധവാ പുതിയ ഡാമിന് കേന്ദ്രന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യും?

നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങളെ ദുരന്തം നക്കിയെടുക്കും എന്ന യാധാര്‍ഥ്യം മനസിലാക്കിക്കൊണ്ട് ദില്ലിയിലും തിരുവനന്തപുരത്തും മറ്റു സുരക്ഷിത സ്ഥാനങ്ങളിലുമിരുന്ന് പ്രസ്താവനകളും ഒരുനേരത്തെ ഉപവാസവും നടത്തി കൈകഴുകിയാല്‍ മതിയാകുമോ?

ഒരിക്കലുമില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പുതിയ സുരക്ഷിതമായ ബലവത്തായ ഡാം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, ഒരു വലിയ കനാല്‍ നമുക്ക് നിര്‍മ്മിക്കാം അന്ത്യശ്വാസം വലിക്കാന്‍ കാത്തു കിടക്കുന്ന കിഴവന്‍ ഡാമിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ച് ജനവാസം ഏറ്റവും കുറവുള്ള മലഞ്ചെരുവുകളിലൂടെ കടന്നു പോകുന്നതും സഹ്യ പര്‍വ്വത നിരയുടെ കിഴക്കേ ചരുവില്‍ എവിടെയെങ്കിലും അവസാനിക്കുന്നതുമായ ഒരു വലിയ കനാല്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കുത്തിയൊലിച്ചു വരുന്ന വന്‍ ജല പ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം ബലവത്തായ, ജലപ്രവാഹത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധമുള്ള കൂര്‍ത്ത വളവുകളോ മറ്റു തടസങ്ങളോ ഇല്ലാത്ത വിധം കനാല്‍ നിര്‍മ്മിക്കണം, പ്രളയജലം ഒരു തുള്ളിപോലും പെരിയാറ്റിലൂടെ ഒഴുകി നാശം വിതക്കാതെ മുഴുവനായും ഈ കനാലില്‍ കൂടി ഒഴുകി തമിഴ്നാട്ടില്‍ പതിക്കുന്നവിധം വേണം കനാലിന്റെ രൂപകല്‍പ്പന.

ഇത്തരം ഒരു കനാല്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം ഒന്നും ഉണ്ടാവില്ല, കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തു ചേര്‍ന്ന് ആഹ്വാനം ചെയ്താല്‍ ഇന്നു കേരളത്തില്‍ ലഭ്യമായ മുഴുവന്‍ എസ്കാവേറ്റര്‍ ഉടമകളും കണ്‍ഷ്ട്രക്ഷന്‍ കമ്പനി ഉടമകളും ചേര്‍ന്ന് കനാലിനാവശ്യമായ സാങ്കേതിക സഹായവും ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളേയും ലഭ്യമാക്കും. അവിദഗ്ധ തൊഴിലാളികള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രമദാനമായി ചെയ്യാന്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പൈനില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിനു യുവജനങ്ങളെത്തും. അങ്ങനെ ഏറിയാല്‍ രണ്ടാഴ്ച സമയത്തിനുള്ളില്‍ കനാല്‍ പൂര്‍ത്തിയാക്കാം. കനാലിന്റെ ഏകദേശ രൂപരേഘ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.


മുല്ലപ്പെരിയാറിലെ നിലവിലുള്ള പഴഞ്ചന്‍ അണക്കെട്ട് പരിപൂര്‍ണ്ണ സുരക്ഷിതമെന്ന് വാദിക്കുന്ന വൈക്കോലിനും തലൈവര്‍ക്കും അണ്ണിക്കുമൊക്കെ പ്രളയജലം ഈ കനാലിലൂടെ തമിഴ്നാട്ടിലെത്തി ദുരന്തം വിതക്കുമെന്നു വാദിക്കാനാകുമോ? കനാലിലൂടെ ഒഴുകിയെത്തുന്ന ജലം അവര്‍ അവരുടെ നാട്ടില്‍ അണകെട്ടി ശേഘരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയോ ജലസേചനത്തിന് ഉപയോഗിക്കുകയോ ചെയ്യട്ടെ. കേരളത്തില്‍ സുരക്ഷയും തമിഴന് ആവശ്യമായ ജലവും ലഭ്യമാക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം.

2011 നവം 25

ജനത്തെ മറക്കുന്ന നേതാക്കള്‍ക്ക്

ഇന്നലെ കേന്ദ്രമന്ത്രി ശരദ്പവാറിന്റെ മുഖത്ത് അടിച്ച സംഭവം അത്യന്തം അപലപനീയം തന്നെ. ആര്‍ക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രമന്ത്രിയുടെയെന്നല്ല, ആരുടെയും മുഖത്തടിക്കുന്നതോ ആക്രമിക്കുന്നതോ നിയമവിരുദ്ധമാണ്. ഇന്നലെ ശരദ്പവാറിന്റെ മുഖത്തടിച്ച അക്രമി പറഞ്ഞത് രാജ്യത്തെ വിലക്കയറ്റത്തിന് ഉത്തരവാദി പവാറാണെന്നായിരുന്നു. ഇതു തന്നെയാണോ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഇനിയും കണ്ടെത്താനുണ്ട്.

നേതാക്കളെ തെരുവില്‍ നേരിടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തുന്നതിന്റെ സൂചനയായി ഈ സംഭവത്തെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച്, പ്രതികരിക്കാനുള്ള അവസരം ഇല്ലാത്തതിനാലാണ് ജനം അടങ്ങിയിരിക്കുന്നതെന്നതിന്റെ ലക്ഷണമായും ഇത്തരം അക്രമങ്ങളെ കാണാം.

ജനനേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാകണമെന്നു പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇതു പ്രാവര്‍ത്തികമാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. പവാര്‍ മാത്രമല്ല, മുതിര്‍ന്ന നേതാക്കളായി അറിയപ്പെടുന്ന ആരും ജനങ്ങളുമായി വലിയ ബന്ധമൊന്നുമുള്ളവരല്ല. കോര്‍പറേറ്റ് ഭീമന്‍മാരുമായി മാത്രം സൗഹൃദം കാത്തുസൂക്ഷിക്കുകയും, ഉപരിവര്‍ഗ ജാടകളോടു ചങ്ങാത്തം കൂടുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തുകയും, പാവപ്പെട്ടവനെ കാണുമ്പോള്‍ ആട്ടിയോടിക്കുകയും ചെയ്യുന്നവരാണു നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും. ഇതു ശരിയല്ലെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ തന്നെ അതു തെളിയിക്കട്ടെ. അല്ലാത്തിടത്തോളം ഈ പറയുന്നതു തന്നെയാണു ശരി.

ജനങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുകയെന്ന ശൈലിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയതു തന്നെയാണ് നാടിന്റെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ നേതാക്കള്‍ക്കു സാധിക്കുന്നില്ല. ഇംഗ്ലീഷ് ചാനലുകളിലെ ടോക് ഷോകളില്‍ ഇരുന്ന് ഉപരിവര്‍ഗക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയം കണ്ടെത്തുന്ന നേതാക്കള്‍ ഇടയ്‌ക്കെങ്കിലും ചേരിപ്രദേശങ്ങളിലേക്കും പോകണം. അവിടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജീവിതം. അതു മനസിലാക്കിയാല്‍ മാത്രമേ നാടിനു വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാവൂ.

പരസ്യമായി മദ്യപിക്കാനുള്ള അവകാശത്തിനോ, വസ്ത്രമില്ലാതെ കടല്‍ത്തീരത്തു കുളിക്കാനുള്ള സ്ത്രീകളുടെ അവകാശമോ അല്ല ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളുടെ ടോക് ഷോകളിലൂടെയാവരുത് നേതാക്കളുടെ ജീവിതം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരോ പാവപ്പെട്ടവരോ ആണെന്ന സത്യം തിരിച്ചറിയാവുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. മാധ്യമങ്ങളുടെ അകമ്പടിയോടെ ഏതെങ്കിലും ഗ്രാമത്തിലേക്കു പോയി ഒരു ചട്ടി മണ്ണു ചുമക്കുന്നതോ, വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ ചാനലുകളുടെ ജനറേറ്ററുകളുടെ പ്രകാശത്തില്‍ അന്തിയുറങ്ങുന്നതോ ആണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്ന തലമുറയുടെ കടന്നുവരവ് രാജ്യത്തിനു തീര്‍ത്തും ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

മുതിര്‍ന്ന നേതാക്കളെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയെന്നത് ഇന്ത്യയില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ അതും സംഭവിക്കുന്നു. രാജ്യത്തു നിരവധി പ്രശ്‌നങ്ങളുണ്ട്. അതു തിരിച്ചറിയാന്‍ സാധിക്കണം. വില കയറുമ്പോള്‍ സാങ്കേതിക ന്യായങ്ങള്‍ നിരത്തുന്നതിനു പകരം അതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയുണ്ടാകണമെങ്കില്‍ വിലക്കയറ്റത്തിന്റെ ദൂഷ്യഫലം എന്തെന്ന് അറിയുന്നവര്‍ ഭരണാധികാരികളാകണം.

സ്വന്തം ജീവിതവും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ജീവിതവും സുരക്ഷിതമാക്കി സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞുകൂടുന്നവര്‍ ചില്ലുമേടകളില്‍ നിന്നിറങ്ങി ചേരികളിലേക്കു പോവുക. അവിടെ കുറേക്കാലം ചേരിവാസികള്‍ക്കൊപ്പം ജീവിക്കുക. തേച്ചുമിനുക്കിയ കുപ്പായമിട്ട് ചാനലുകളുടെ അകമ്പടിയോടെ ചട്ടി ചുമക്കുന്നതിനു പകരം, തൊഴിലാളികളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം ജോലി ചെയ്ത് കൂലി വാങ്ങുക. അതെല്ലാം കഴിഞ്ഞ് നേതാവാകാന്‍ ഇറങ്ങിയാല്‍ രാജ്യം രക്ഷപ്പെടും.

പവാറിന്റെ മുഖത്തടിച്ചത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും, നേതാക്കളോടു ജനങ്ങള്‍ക്കുള്ള വികാരമെന്തെന്നു തിരിച്ചറിയാന്‍ ഈ സംഭവം കാരണമായി എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. ശരദ്പവാര്‍ എന്ന നേതാവിന് ജനങ്ങളേക്കാള്‍ താത്പര്യം പഞ്ചസാരക്കമ്പനിയുടമകളോടാണെന്നാണ് പറയപ്പെടുന്നത്. അതു ശരിയാവാനാണു സാധ്യതയും. പണ്ടെന്നോ തെരുവിലൂടെ നടന്ന ഓര്‍മ മാത്രമാകും അദ്ദേഹമടക്കമുള്ള നേതാക്കള്‍ക്കുണ്ടാവുക. ചെറുപ്പത്തില്‍ ജനപ്രതിനിധിയായ ശേഷം ഇതേവരെ നടന്ന് യാത്ര ചെയ്തിട്ടില്ലാത്തവരാണ് നേതാക്കള്‍. അവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ അറിയില്ല. അത് അവരുടെ കുറ്റമാണെന്നു തീര്‍ത്തും പറയാനാവില്ലെന്നതാണു വാസ്തവം.

നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. എംഎല്‍എമാരും എംപിമാരും പോലും ജനങ്ങളേക്കാള്‍ വളരെ മുകളിലാണു തങ്ങളുടെ സ്ഥാനമെന്നു വിശ്വസിക്കുമ്പോള്‍ മന്ത്രിമാരുടെ കാര്യം പറയാനില്ലല്ലോ. തെരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാരില്‍ പങ്കാളികളാകുന്നതോടെ അവര്‍ ജനങ്ങളെ മറക്കുന്നു. സ്വന്തം കുടുംബക്കാരോടല്ലാതെ ഇടപഴകാന്‍ പോലും അവര്‍ തയാറല്ല. ഇതെല്ലാം കണ്ടു മടുത്ത വലിയൊരു വിഭാഗം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍ ജന്മിമാരെ പ്രീതിപ്പെടുത്തിയാല്‍ മാത്രം മതി. അക്കാരണത്താല്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ ജനങ്ങളെ തിരിഞ്ഞു നോക്കാറില്ല. അവിടെ വോട്ടു ചെയ്യുന്നതും ജയിപ്പിക്കുന്നതുമൊക്കെ ജന്മിമാര്‍ തന്നെ. യഥാര്‍ത്ഥ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു നടക്കുന്ന കാര്യം പോലും പലപ്പോഴും അറിയുന്നില്ല. എങ്കിലും കൃത്യമായി അവരുടെ വോട്ട് പെട്ടിയില്‍ വീഴും. അതാണ് അവിടുത്തെ രാഷ്ട്രീയം.

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഇതില്‍ നിന്നു സ്ഥിതി അല്പം വ്യത്യസ്തമാണ്. വോട്ടര്‍ തന്നെ വോട്ടു ചെയ്യും. പക്ഷേ, അതോടെ എല്ലാം കഴിയുന്നു. തെരഞ്ഞെടുത്തയച്ച പ്രതിനിധികളെ കാണാന്‍ അനുവാദം ചോദിച്ചു നില്‍ക്കേണ്ട അവസ്ഥയാണു പിന്നീടുണ്ടാവുക. കേരളത്തില്‍ നിലവിലുള്ള ഏതെങ്കിലും മന്ത്രിയെ വലിയ ബുദ്ധിമുട്ടു കൂടാതെ നേരിട്ടു കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നു പറയാനാവുമോ? ഇതെല്ലാം തിരിച്ചറിഞ്ഞ് നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ചേരുക. എങ്കിലേ രക്ഷയുള്ളൂ.




റീട്ടെയില്‍ വിപണിയില്‍ നിലവിളി ഉയരാന്‍ പോകുന്നു

ചില്ലറ വ്യാപാരമേഖല (റീട്ടെയില്‍) വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചത്‌. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്‌, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്‌ട്ര വില്‍പന ശൃംഖലകള്‍ക്ക്‌ ഇത്‌ അവസരമൊരുക്കും.

സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ക്കു നേരത്തേയുണ്ടായിരുന്ന 51 ശതമാനം പരിധി ഒഴിവാക്കി. ഇനി വിദേശ കമ്പനികള്‍ക്കു സ്വന്തമായി സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിനു ചെറുകിട കച്ചവടക്കാര്‍ കൈയാളുന്ന 29.50 ലക്ഷം കോടി രൂപയുടെ വിപണിയിലേക്കാണു വിദേശവ്യാപാര ശൃംഖലകളുടെ കടന്നുവരവിനു വഴിയൊരുങ്ങിയിരിക്കുന്നത്‌.

ചില്ലറവ്യാപാര മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ഇടതുപക്ഷം പ്രഖ്യാപിച്ചു. ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

വിലക്കയറ്റം തടയണമെങ്കില്‍ റീട്ടെയില്‍ മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കണമെന്നു ധനമന്ത്രാലയത്തിലെ ഉപദേഷ്‌ടാവും വിലക്കയറ്റം തടയാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ തലവനുമായ കൗശിക്‌ ബസു ജനുവരിയില്‍ വ്യക്‌തമാക്കിയിരുന്നു.  ഇതിന്റെ ചുവടു പിടിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

45000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ഈ സംവിധാനം കൊണ്ടു മാത്രമേ സാധിക്കൂ എന്നാണു സര്‍ക്കാര്‍ വാദം.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയേയും പൊതു വിതരണ ശൃംഘലയേയും (റേഷന്‍ ഷോപ്പുകള്‍) ശക്തിപ്പെടുത്തിയും കേരളത്തിലെ സപ്ലെകോ മാതൃകയില്‍ ദേശീയ തലത്തില്‍ പൊതുമേഘലയില്‍ സംഭരണ വിതരണ ന്യായ വില ഷോപ്പുകള്‍ ‍സ്ഥാപിച്ചും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയതുമില്ല.

 ടെസ്കോയും വാള്‍മാര്‍ട്ടും മറ്റും സമ്പൂര്‍ണ്ണാധിപത്യം ആസ്വദിക്കുന്ന ബ്രിട്ടണിലും അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുന്ന അവസരത്തിലാണ് നമ്മുടെ സര്‍ക്കാരിന്റെ പുതിയ നടപടി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

റീട്ടെയില്‍ മേഖല തുറന്നുകൊടുക്കലായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ലോകത്തിലെ ഒന്നാമത്തെ റീട്ടെയില്‍ ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ടിന്റെ സി.ഇ.ഒ. മൈക്ക്‌ ഡ്യൂക്കും കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ എഫ്‌.ഡി.ഐ. അനുവദിക്കുന്നതോടെ വാള്‍മാര്‍ട്ടിനു പുറമെ ടെസ്‌കോ, കാരെഫോര്‍ തുടങ്ങിയ ഭീമന്‍മാര്‍ ഇന്ത്യയിലെത്തും. വാള്‍മാര്‍ട്ട്‌ ഇപ്പോള്‍തന്നെ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. എഫ്‌.ഡി.ഐ. അനുവദിക്കാന്‍ തയാറായാല്‍ ഉടന്‍ തന്നെ ഇന്ത്യയിലുടനീളം 100 ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന്‌ വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

രാജ്യത്താകെ മൂന്നര കോടി ജനങ്ങളാണ്‌ ചില്ലറ വ്യാപാര മേഖലയില്‍ പണിയെടുക്കുന്നത്‌. ഇതില്‍ 96 ശതമാനം പേരും അസംഘടിത മേഖലയിലാണ്‌. സംഘടിത, അസംഘടിത മേഖലയിലായി ഒന്നരക്കോടിയോളം ചെറുകിട ഉല്‍പന്ന ഔട്‌ലെറ്റുകള്‍ രാജ്യത്തുണ്ട്‌. ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖല ഇതിലെ ആറു ശതമാനം മാത്രമാണ്‌.

വിദേശ വമ്പന്മാര്‍ കൂടി വരുന്നതോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പന ശാലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഇതിന്റെ ഫലം. കര്‍ഷക ആത്മഹത്യകള്‍ പോലെ വ്യാപാരി ആത്മഹത്യകളും സാര്‍വത്രികമാകാന്‍ പുതിയ നിയമം വഴിവെച്ചേക്കും.

അതേസമയം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട അമേരിക്കയിലടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഔട്‌ലെറ്റുകളുടെ വിസ്തൃതി കുറയ്ക്കുകയും ചില സ്ഥലങ്ങളില്‍ വമ്പന്‍ ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന ടെസ്കോയ്കും വാള്‍മാര്‍ട്ടിനും മറ്റും സാമ്പത്തിക മാന്ദ്യം ഇനിയും കാര്യമായ അലയൊലി ഉണ്ടാക്കിയിട്ടില്ലാത്ത ഇന്ത്യയുടെ വന്‍ വിപണി തുറന്നു കിട്ടുന്നത് അഗോള തലത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.

മാധ്യമ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഏഷ്യാനെറ്റ് അടക്കമുള്ള പ്രാദേശിക ചാനലുകളേ ആഗോളഭീമന്മാര്‍ വിഴുങ്ങുകയും സാമൂഹ്യപതിബദ്ധത മറന്ന് ഉടമയുടെ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്നതും ആഗോള സാംസ്കാരിക മാലിന്യങ്ങള്‍ മഹത്വവല്‍ക്കരിച്ച് പ്രേക്ഷകര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്.

2011 നവം 21

ഈ അപകടഭീഷണി അവഗണിക്കരുത്

മലയാളികളെയാകെ ഭീതിയിലാഴ്ത്തുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയ ഭൗമശാസ്ത്ര സംഘത്തില്‍ നിന്നുണ്ടായത്. ഇടുക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറ് പോയിന്റ് വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാമെന്ന അവരുടെ നിഗമനത്തെ നിസാരമെന്നു പറഞ്ഞ് തള്ളിക്കളയരുത്. അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശമെന്നതിലുപരി, മുല്ലപ്പെരിയാര്‍ എന്ന പഴകിപ്പൊളിഞ്ഞ അണക്കെട്ടു നിലനില്‍ക്കുന്ന പ്രദേശമെന്ന പ്രത്യേകത കൂടി ഇടുക്കിക്കുണ്ട്.

ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ടിനെ, തമിഴ്‌നാടിനു വെള്ളം നല്‍കുന്ന പദ്ധതിയെന്ന ഒറ്റക്കാരണത്താല്‍ നിലനിര്‍ത്തുന്നത് വലിയൊരു ജനവിഭാഗത്തിന്റെ ജീവനു തന്നെ ഭീഷണിയാവുകയാണ്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ സകല നീക്കങ്ങളെയും എതിര്‍ത്ത് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളക്കരയോടുള്ള വെല്ലുവിളിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കോടിക്കണക്കായ ജനങ്ങളെയും അവരുടെ ജീവിത സമ്പാദ്യങ്ങളെയുമെല്ലാം മേലേയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു ലഭിക്കുന്ന ജലം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. മലയാളികളെ കൂട്ടത്തോടെ കൊന്നിട്ടാണെങ്കിലും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുകയെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനം അവര്‍ തിരുത്തേണ്ടിയിരിക്കുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുളള സംഘം മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളുണ്ട്. അത് അണക്കെട്ടിനെ സംബന്ധിച്ചുള്ളതല്ല.  കേരളത്തില്‍ ഭൂചലന സാധ്യതയേറിയ രണ്ട് സോണുകളിലൊന്നാണ് ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖല. തൃശൂര്‍ തലപ്പള്ളി വടക്കാഞ്ചേരി പ്രദേശങ്ങളും ഇത്തരത്തില്‍ ഭൂചലനസാധ്യതയേറിയതാണ്. ഇത്തരം പ്രദേശത്തെ വീടുകള്‍ ഭൂചലനത്തെ പ്രതിരോധിക്കാനുള്ള ശേഷിയോടെ നിര്‍മ്മിച്ചാല്‍ ഭൂചലനത്തിന്റെ ആഘാതം ഒഴിവാക്കാനാകുമെന്നാണു സംഘത്തിന്റെ അഭിപ്രായം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

കണ്ടെത്തലുകളും വിദഗ്ധാഭിപ്രായവുമെല്ലാം മുടക്കം കൂടാതെ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വലിയ നടപടികളൊന്നും കാണുന്നില്ല. ഭൂചലനം അഴിച്ചുവിടുന്ന തരംഗംമൂലം ഉയര്‍ന്ന ജലവിതാനത്തിലുണ്ടാക്കുന്ന ഓളം അണക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ പ്രധാന ഉദാഹരണം.  ഇടുക്കി പദ്ധതിയുടെ ഭാഗമായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കി അണക്കെട്ടും ചെറുതോണി, കുളമാവ് അണക്കെട്ടുകളും കാലപ്പഴക്കത്താല്‍ ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയിലാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.

മൂന്നുമാസത്തിനിടെ തുടര്‍ ചലനങ്ങള്‍ ഉള്‍പ്പെടെ 20 ഓളം  തവണ ഇവിടെ ഭൂമി കുലുക്കമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ആറ് വലിയ ഭൂചലനങ്ങളും ഇടുക്കി ജില്ലയിലായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ 2007-ല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് മാത്രമാണ് ആധികാരിക രേഖയായി സര്‍ക്കാരിനു മുന്നിലുള്ളത്. അണക്കെട്ടിനുസമീപം വന്‍ പ്രഹരശേഷിയുള്ള എട്ടും ലഘുവായ 22 ഉം ഭ്രംശമേഖലകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഇത്തരം ഒരു റിപ്പോര്‍ട്ടു മാത്രമാണുള്ളതെങ്കിലും അതിന്മേല്‍ നടപടിക്ക് ആരും മുന്നിട്ടിറങ്ങിക്കാണുന്നില്ല.

സുര്‍ക്കിയും ചുണ്ണാമ്പും കല്ലുംകൊണ്ട് മുല്ലപ്പെരിയാറില്‍ ഡാം പണിയുമ്പോള്‍ ഇവിടുത്തെ ഭൂചലനസാധ്യത മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിരുന്നില്ല. അതിനുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ലതാനും. അതുകൊണ്ടു തന്നെയാവാം അവിടെ അണക്കെട്ടു നിര്‍മിച്ചത്. പിന്നീട് ഇത്തരമൊരു പഠനം നടന്നതിനെ തമിഴ്‌നാടിനു വെള്ളം നല്‍കാതിരിക്കാനുള്ള അടവാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന കാര്യം മാത്രം എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ കേരളത്തിനു മാത്രമല്ല ദുരിതമുണ്ടാവുകയെന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചറിയണം.

കേരളത്തില്‍ ഭൂകമ്പമുണ്ടാവുമെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആരും കരുതിയിരുന്നില്ല. ഭൂകമ്പസാധ്യത തീരെയില്ലാത്ത പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെട്ടു പോരികയും ചെയ്തു.എ്ന്നാല്‍, 1998-നു ശേഷം ആ ചിത്രം മാറി. ഇപ്പോഴാകട്ടെ, അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണു കേരളത്തിന്റെ സ്ഥാനം.ഇടുക്കിയില്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാര്യങ്ങളുടെ പതിവു മുറയിലായിക്കൂടാ. ഭൂകമ്പമോ പ്രകൃതിദുരന്തങ്ങളോ മുന്നറിയിപ്പു നല്‍കി വരുന്നതല്ല. അക്കാരണത്താല്‍ത്തന്നെ ഒരു ദിവസം പോലും വൈകാതെ ഇതു സ്ഥാപിക്കാനാണു ശ്രമിക്കേണ്ടത്. അതിനു ഫണ്ടില്ലെന്ന പതിവു പല്ലവി ഉയര്‍ന്നുകൂടാ. ഇതില്‍ മന്ത്രി തന്നെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് പ്രമോഷന്‍ ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ ഭൂകമ്പ സാധ്യത 60 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സീസ്മിക് മേഖലയില്‍ രണ്ടില്‍ ഉള്‍പ്പെട്ടിരുന്ന കേരളം ഇപ്പോള്‍ നാലിലേക്ക് കടന്നിട്ടുമുണ്ട്.് ഇതെല്ലാം പരിഗണിച്ചുളള അടിയന്തര തീരുമാനങ്ങളാണുണ്ടാകേണ്ടത്.മുല്ലപ്പെരിയാര്‍ എന്ന അണക്കെട്ടിനെ ചുറ്റിപ്പറ്റി മാത്രം ചിന്തിക്കരുത്. സങ്കുചിതമായ വാദങ്ങളെല്ലാം മാറ്റിവച്ച് അപകടകരമായ അണക്കെട്ട് ഉടനടി പൊളിച്ചു മാറ്റാന്‍ തീരുമാനമുണ്ടാകണം.

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അടുത്ത് പരാതിയുമായി പോവുകയല്ല ഇന്ത്യക്കാരെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജനങ്ങള്‍ക്കിടയില്‍ കൂട്ടമരണം വിതച്ചേക്കാവുന്ന ഒരു അണക്കെട്ട് നിലനില്‍ക്കുന്ന ഓരോ ദിവസവും അപകടാവസ്ഥ അധികരിക്കുന്നു. ഇതു മുന്‍കൂട്ടി കണ്ടറിയാത്തവരല്ല രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമിരുന്നു ഭരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പൊളിക്കാന്‍ എതിര്‍പ്പുള്ളവരെ കുടുംബസമേതം അണക്കെട്ടിനോടു ചേര്‍ന്ന് കേരള അതിര്‍ത്തിയില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കുക. അവരും കുടുംബങ്ങളും ആദ്യം ഒഴുകിപ്പോകട്ടെ. അവിടെ തീരും എല്ലാ പ്രശ്‌നവും.

2011 നവം 19

നിഷ്കളങ്കരും നിര്‍മലരും

കോട്ടയം നഗരത്തില്‍ ദിനംപ്രതി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. സാക്ഷരനഗരമെന്നു പേരുകേട്ട കോട്ടയത്തെ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ ഉറപ്പാണെന്നു വരുന്നത് തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥ തന്നെ.

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം മര്‍ദിച്ചു. തികച്ചും അപലപനീയവും ധിക്കാരപരവുമായ ഈ സംഭവത്തെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സാധാരണ ഗതിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാറുള്ളത് ചെറുകിട ഹോട്ടലുകളില്‍ നിന്നാണ്. ഇപ്പോള്‍  സംസ്ഥാനം ഭരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പുത്രന്റേതടക്കമുള്ള വന്‍കിട ഹോട്ടലുകളുടെ അടുക്കളകളിലാണ് ഇത്തരം പഴകിയ ഭക്ഷണവസ്തുക്കള്‍ ഇപ്പോള്‍ കണ്ടെത്തിയത്.

ഇത് പുതിയ എന്തെങ്കിലും കാര്യമാണെന്നു കരുതാനാവില്ല. പണ്ടു മുതലേ വന്‍കിട ഹോട്ടലുകളിലും പഴകിയ ഭക്ഷണം വിളമ്പിയിരുന്നു. അതു കണ്ടെത്തേണ്ടവര്‍ കൈക്കൂലിയുടെ മോഹത്താലാവാം അല്ലെങ്കില്‍ ഹോട്ടലുടമയുടെ ഉന്നതങ്ങളിലെ സ്വാധീനം കണ്ട് ഭയന്നിട്ടാവാം നടപടിയെടുത്തിരുന്നില്ല. എന്തോ കാരണത്തിന്റെ പേരില്‍ ഇപ്പോള്‍ പരിശോധന നടത്തിയെന്നു മാത്രം.

ആരോഗ്യപരിപാലനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ട വകുപ്പുകളുടെ അലംഭാവമാണ് പഴകിയ ഭക്ഷണവില്‍പ്പന ഇത്രയേറെ വ്യപകമാകാന്‍ കാരണം. ഹോട്ടലുകളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടോയെന്നതടക്കം ഒട്ടേറെ വിഷയങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടവര്‍ അവരുടെ കര്‍ത്തവ്യം മറന്നു. ഇതു കോട്ടയത്തെ മാത്രം കാര്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

കുറേക്കാലം മുമ്പുവരെ ഇടയ്ക്കിടെ ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. കുറേക്കാലമായി അത്തരം വാര്‍ത്തകളില്ല. ഇതിനര്‍ത്ഥം, എല്ലാ ഹോട്ടലുകളിലും മുന്തിയ ഇനം ഭക്ഷണം വിളമ്പുന്നു എന്നാണെന്നു കരുതാന്‍ തക്ക വിഡ്ഢിത്തമുള്ളവരല്ല കേരളീയര്‍.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹെല്‍ത്ത് വിഭാഗമാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറുള്ളത്. ഇതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വന്‍നിര തന്നെ മാസശമ്പളം പറ്റുന്നുണ്ടുതാനും. കൈപ്പറ്റുന്ന ശമ്പളത്തോടെങ്കിലും കൂറുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പടില്ലായിരുന്നു.

ശബരിമല തീര്‍ത്ഥാടനകാലവും തുടങ്ങിയിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കായ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കെത്തും. ഇടത്താവളങ്ങളെന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളെയാകും ഇവര്‍ ആശ്രയിക്കുക. അതില്‍ എത്രയിടത്ത് ശുചിത്വം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതേവരെ നടപടിയൊന്നും ആയിട്ടില്ല. കോട്ടയത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ചുമതലയില്‍ ഇപ്പോള്‍ ഇരിക്കുന്ന വ്യക്തിയുടെ പ്രത്യേക താത്പര്യത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് അറിയുന്നത്. അങ്ങനെ ഒരാളെങ്കിലും മുന്നിട്ടിറങ്ങിയതിനാല്‍ യഥാര്‍ത്ഥത്തില്‍ നാമൊക്കെ ഭക്ഷിക്കുന്നത് എന്താണെന്നു മനസിലായി.

വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരം കൂടുമെന്ന ധാരണയും പൊളിച്ചെഴുതാമെന്നാണ് കോട്ടയത്തെ പരിശോധനകളുടെ പാഠം. ശബരിമലയിലേക്കെത്തുന്നവരില്‍ സമ്പന്നവിഭാഗക്കാര്‍ വന്‍കിട ഹോട്ടലുകളെയാണ് ആശ്രയിക്കുക. അവര്‍ക്കും രക്ഷയില്ല. കോട്ടയത്തെ ഒരു ഹോട്ടല്‍ പോലും വിശ്വസിച്ചു കയറാന്‍ സാധിക്കാത്തതായിരിക്കുന്നു.

 
ഇതേക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. ചെയ്ത തെറ്റിനു പരിഹാരം കണ്ടില്ലെന്നുമാത്രമല്ല, അതു ചൂണ്ടിക്കാണിച്ചവരെ മര്‍ദിച്ചൊതുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുകയെന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാത്രിയുടെ മറവില്‍ എത്തി അക്രമം നടത്തുന്ന ഭീരുക്കളായിരിക്കുകയാണവര്‍. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പരസ്യമായി നിങ്ങള്‍ പ്രഖ്യാപിക്കുക, പഴകിയ ഭക്ഷണം വില്‍ക്കുമെന്ന്. എന്നിട്ടാകണം ഇത്തരം ഗുണ്ടായിസം. നിങ്ങളുടെ പ്രഖ്യാപനം കേള്‍ക്കേണ്ട മാത്രയില്‍ത്തന്നെ മന്ത്രിയായാലും തന്ത്രിയായാലും നാട്ടുകാരുടെ കയ്യുടെ ചൂട് അറിഞ്ഞിരിക്കും.

കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ബാലവേല നിയമപ്രകാരം നിരോധിച്ച രാജ്യത്ത് അഞ്ചും പത്തും വയസു പ്രായമുള്ള കുട്ടികളെ ഹോട്ടല്‍പണിക്കു നിര്‍ത്തുന്നത് ആരും അറിയാതെയാണെന്നു പറയരുത്. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ചിലതിന്റെ അടുക്കളയില്‍ നരകയാതന അനുഭവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ഇതേക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാല്‍ ലേബര്‍ ഉദ്യോഗസ്ഥരെത്തും. പക്ഷേ, അവരുടെ വാഹനം ഓഫീസില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പേ ഹോട്ടലുകാര്‍ക്ക് അറിയിപ്പു ലഭിച്ചിരിക്കും.

ഇങ്ങനെ വിവരം അറിഞ്ഞാലുടന്‍ വണ്ടിയില്‍ കുട്ടികളെ കുത്തിനിറച്ച് രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയാണു പതിവ്. പരാതിക്കാരുമൊത്ത് എത്തുന്ന ഉദ്യോഗസ്ഥര്‍ ഹോട്ടലുടമ നിരപരാധിയെന്നു പ്രഖ്യാപിച്ചു മടങ്ങും. അതുവരെ കുട്ടികള്‍ ടിവിയില്‍ സിനിമ കണ്ടു രസിക്കും. ഉദ്യോഗസ്ഥരും പരാതിക്കാരും മടങ്ങിയെന്ന് ഉറപ്പായാലുടന്‍ കുട്ടികളെ വണ്ടിയില്‍ കൊണ്ടുവന്നിറക്കും.

എത്രയോ കാലമായി കോട്ടയത്ത് ഇതു കാണുന്നു. ഈ മാറ്റക്കളി കാണാത്തതായി കോട്ടയത്ത് ആരുമുണ്ടാവില്ല. ആകെ ഇതൊന്നുമറിയാതെ പോകുന്നത് ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രം.
ഇത്രയേറെ സാധുക്കളായ ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള ജോലിക്കു ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തന്നെയാണു കുറ്റവാളികള്‍. പഞ്ചപാവങ്ങളായ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ വേഗം പറ്റിക്കാന്‍ ഹോട്ടലുടമകള്‍ക്കു സാധിക്കുന്നു. അതാണു സത്യം. ഇത്രയേറെ നീതിബോധമുള്ള ഈ ഉദ്യോഗസ്ഥരെ പ്രത്യേക ജോലിയൊന്നും ചെയ്യേണ്ടാത്ത ഏതെങ്കിലും തസ്തികയുണ്ടാക്കി ഇരുത്തി ശമ്പളം മുടങ്ങാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

കൈക്കൂലി എന്ന വാക്കിന്റെ അര്‍ത്ഥം പോലും എന്തെന്നറിയാത്ത കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷ്കളങ്കത മുതലെടുത്താണ് ഓരോ കുറ്റകൃത്യവും ഇവിടെ നടക്കുന്നത്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഇവരെ സംബന്ധിച്ചിടത്തോളം കൈക്കൂലി. അങ്ങനെയൊരു സംവിധാനം ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടോയെന്നു പോലും അറിയാത്തവരില്‍ പൊലീസുകാരും ഉള്‍പ്പെടും. ഇങ്ങനെയുള്ള നിഷ്കളങ്കരും നിര്‍മലരുമായവരെ വെറുതേ ശമ്പളം നല്‍കി വീട്ടിലിരുത്തിയിട്ട്, അല്പം തന്റേടമുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തിയാലേ നാടു നന്നാകൂ.


വാല്‍ക്കഷണം: തങ്ങളുടെ ചെറുബാല്യക്കാരനായ ദേശീയ നേതാവിന് "പഴകിയ പൊറോട്ട" വളരെ ഇഷ്ടമായതിനാലും അദ്ദേഹം ആരെയും അറിയിക്കാതെ വേലിചാടി അടുക്കള വഴിക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാന്‍ സാധ്യതയുള്ളതിനാലുമാണ് അദ്ദേഹത്തിനു നല്‍കാന്‍  പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പിടിക്കപ്പെട്ട ഹോട്ടലുടമയുടെ പിതാവ് വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കാന്‍ സാധ്യതയുണ്ട്.

2011 നവം 12

അപ്പന്‍ വേലി ചാടിയാല്‍......

മന്ത്രി ഗണേഷ് കുമാറിന്റെ പത്തനാപുരം പ്രസംഗം ചര്‍ച്ചാ വിഷയമാകുകയും നിയമസഭയിലും പുറത്തും എല്ലാവരും ഒന്നടങ്കം പ്രതിഷേധിക്കുകയും അപലപിക്കുകയും ആപല്‍ബാന്ധവനായ ചെന്നിത്തല പോലും കൈവിടുകയും ചെയ്തതിനേതുടര്‍ന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്രസമ്മേളനം നടത്തി വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവിനെ മ്ലേഛമായ ഭാഷയില്‍ അപമാനിച്ചതില്‍ ഘേദം പ്രകടിപ്പിക്കുകയുണ്ടായല്ലോ.

വിവാദ (അധിക?)പ്രസംഗം ചാനലുകളിലൂടെ പരസ്യമാകുകയും പകുതി-സാംസ്കാരിക മന്ത്രിയുടെ സാംകാരിക ഔന്നത്യം ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസ്കാരിക മന്ത്രിയും തോഴന്മാരും സ്ത്രീകളെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കേസിന്റെ വിശദാംശങ്ങളടക്കം അന്ന് പത്രത്തില്‍ വന്നത് മാധ്യമങ്ങള്‍ വീണ്ടും പുന: പസിദ്ധീകരിക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെയാണെങ്കിലും മാപ്പുപറഞ്ഞ മന്ത്രി ഗണേഷ് കുമാര്‍ തന്റെ വികട സരസ്വതീ വിളയാട്ടത്തെ വിശദീകരിച്ചത് പ്രതിപക്ഷ നേതാവ് വീയെസ് അച്യുതാനന്ദന്‍ തന്റെ പിതാവിനെ വേട്ടയാടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത അഴിമതിക്കേസില്‍ പോലും കക്ഷിചേര്‍ന്നു ശിക്ഷിപ്പിച്ചെന്നും വീണ്ടും പ്രസ്താവനകളിലൂടെ പീഠിപ്പിക്കുന്നെന്നും ഒക്കെ പരിതപിച്ചുകൊണ്ടാണ്,  തനിക്കൊരു പിതാവുണ്ടെന്നും ജയിലില്‍ കിടക്കുന്ന തന്റെ പിതാവിനെ ഓര്‍ത്തപ്പോളാണ് വീയെസ്സിനെ "കാമഭ്രാന്തന്‍" എന്നും മറ്റും വിളിച്ചതെന്ന് പ്രസ്തുത പത്ര സമ്മേളനത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഈ വാര്‍ത്ത കണ്ട ഞാനും നിങ്ങളും കടുത്ത കണ്‍ഫ്യൂഷനിലായി, എങ്ങിനെയാണ് സ്വന്തം പിതാവിനെ ഓര്‍മ്മിക്കുമ്പോള്‍ ഒരാള്‍ക്ക് ആദരണീയനായ ഒരു ജന നേതാവിനെ അതും സ്ത്രീ പീഡകര്‍ക്കെതിരേ സന്ധിയില്ലാതെ പോരാടുന്ന ഒരു വന്ദ്യ വയോധികനെ "കാമഭ്രാന്തന്‍" എന്നു വിശേഷിപ്പിക്കാനാവുക?

ഈ സന്ദേഹത്തിനുള്ള ഉത്തരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൊച്ചി അമ്രിതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി "ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസി" യുടെ നാല്‍പത്തി നാലാം പേജ് വായിച്ചാല്‍ ലഭിക്കും. നമ്മുടെ വനം മന്ത്രി ഇങ്ങനെ ഒരു വിശദീകരണം നടത്തി നമ്മെയൊക്കെ കണ്‍ഫ്യൂഷനിലാക്കും എന്നു മുങ്കൂട്ടി കണ്ട മാതിരി അത്ര കൃത്യമായ ഉത്തരമാണ് നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍ ചേര്‍ത്തിരിക്കുന്നത്.

കേരള സമൂഹത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് നടമാടിയ പല വഞ്ചനകളും രാഷ്ട്രീയ മത സംഘടനകളുടെ അവിശുദ്ധ ബാന്ധവങ്ങളും അണിയറക്കഥകളും തുറന്നെഴുതിയിരിക്കുന്നു നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍. സാധിക്കുമെങ്കില്‍ ഡീസീ ബുക്സ് 2011 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി ആദ്യന്തം വായിക്കുക. പുസ്തകം ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കായി മാത്രം അതിന്റെ നാല്‍പത്തിനാലാം പേജ് മാത്രം ചുവടേ ചേര്‍ക്കുന്നു.





ഈ കുറിപ്പ് അല്‍പ്പം താമസിച്ചുപോയി എന്നറിയാം. ആയതിനാല്‍ താമസിച്ചതിന് ക്ഷമാപണം നടത്തുന്നു. ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ മൂലം ബ്ലോഗ് എഴുതുന്നതിനു സമയം ക്ണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് കാരണം.

2011 ഒക്ടോ 26

പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം

ചെങ്ങന്നൂര്‍ മുതവഴി ക്ഷേത്രത്തിലെ അമൂല്യമെന്നു കരുതപ്പെടുന്ന താഴികക്കുടം മോഷണം പോയതും തിരികെ കിട്ടിയതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇറിഡിയം എന്ന വിലയേറിയ ലോഹം അടങ്ങിയതെന്നു പ്രചരിപ്പിക്കപ്പെട്ടു പോന്ന താഴികക്കുടമാണു മോഷ്ടിക്കപ്പെട്ടത്.യഥാര്‍ത്ഥത്തില്‍ അത് ഇറിഡിയമാണോ അല്ലയോ എന്ന തര്‍ക്കത്തേക്കാള്‍ പ്രസക്തി മറ്റു ചില വിഷയങ്ങള്‍ക്കാണ്.

2500 കോടി രൂപ വില നല്‍കാമെന്നു പറഞ്ഞ് 2008-ല്‍ ചിലര്‍ സമീപിച്ചതോടെയാണ് മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം വാര്‍ത്താപ്രാധാന്യം നേടിയത്. ഈ വിലപറച്ചിലിലും ഇറിഡിയമുണ്ടെന്ന വാദത്തിലുമൊന്നും വലിയ കഴമ്പില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എങ്കിലും, ഇത്രയേറെ വിലയുണ്ടെന്നു പറയപ്പെട്ട ഒരു വസ്തുവിനെ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടായിരുന്നു.താഴികക്കുടത്തില്‍ ഇറിഡിയമുണ്ടെന്നു വാര്‍ത്ത വന്നതോടെ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ളവര്‍ രണ്ടു ചേരിയായി നിന്ന് കോടതിയില്‍ കേസും കൊടുത്തു. ഇതിനെല്ലാമിടയിലാണ് ഇക്കഴിഞ്ഞ ദിവസം താഴികക്കുടത്തിന്റെ മേല്‍ഭാഗം മോഷണം പോയതും തൊട്ടടുത്ത ദിവസം വഴിയരികില്‍ കിടന്നു കിട്ടിയതും.

2500 കോടി രൂപ വിലമതിക്കുമെന്നു വെറുതെയെങ്കിലും പറയപ്പെട്ട ഒരു വസ്തു കാത്തുസൂക്ഷക്കാന്‍ സാധിക്കാതെ പോയത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ച തന്നെ. കാവലിനായി ഒരു പൊലീസുകാരനെപ്പോലും അവിടെ നിയോഗിച്ചിരുന്നില്ല. ഇത്ര അലംഭാവം തുടരുന്ന ഒരു സര്‍ക്കാരിനും അതിനു കീഴിലുള്ള പിടിപ്പുകെട്ട പൊലീസിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി എങ്ങനെ കാത്തുസൂക്ഷിക്കാനാവും?എല്ലാ കാര്യങ്ങളെയും ലാഘവത്തോടെ നോക്കിക്കാണുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തിലെ സര്‍ക്കാരുകളും പൊലീസ് വകുപ്പും തുടര്‍ന്നു പോരുന്നത്.

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം അമൂല്യമോ വിലകുറഞ്ഞതോ ആകട്ടെ. അതു കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പുരാതനമായ ഒരു ക്ഷേത്രമെന്ന നിലയിലെങ്കിലും അവിടെ കാവല്‍ ഏര്‍പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.ഇതേ സമീപനം തന്നെയാണ് സാധാരണക്കാരന്റെ സ്വത്തുക്കളെക്കുറിച്ചും പൊലീസിനുള്ളത്. മോഷണം പോയ ശേഷം അന്വേഷിക്കുന്നതിലും എളുപ്പം അതുണ്ടാകാതെ നോക്കുകയാണ്.

കേരളത്തിലെ പൊലീസുകാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തുന്നവരാണെന്നാണ് പൊതുവേയുള്ള അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇത്രയേറെ അലംഭാവം ജോലിക്കാര്യത്തില്‍ കാണിക്കുന്ന മറ്റൊരു വിഭാഗമില്ല.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ ആയുധസംഭരണം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരിടത്തു നിന്നു പോലും ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്ത വന്നിട്ടില്ല. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ പത്തു ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. അത് പൊലീസിന്റെ മിടുക്കായി കണക്കാക്കാനാവില്ല. കുഴല്‍പ്പണം കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പലപ്പോഴും തീര്‍ക്കുക ഇത്തരം ഒറ്റുകളിലൂടെയായിരിക്കും. പണ്ടു മുതലേ അതു തുടരുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു വന്ന പത്തു ലക്ഷം രൂപ വലിയ സംഖ്യയാണെന്നു പറയാനാവില്ല. കോടിക്കണക്കിനു രൂപ കുഴല്‍പ്പണ ഇടപാടിലൂടെ കേരളത്തിലെത്തുന്നുണ്ട്. ഇതെല്ലാം പോകുന്നത് എവിടേക്കാണ്? അതു കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. അവര്‍ക്ക് അതിനു സമയമില്ല. കേരളത്തിലെ പൊലീസിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ പിന്നാലെ പോകാന്‍ മാത്രമാണു താത്പര്യം. വന്‍കിട ക്രിമിനല്‍ സംഘങ്ങളെ തൊടാന്‍ ധൈര്യമില്ലാത്ത കുറേ പിരിവുകാരുടെ സംഘമായി പൊലീസ് അധഃപതിച്ചുകൂടാ. അത് കേരളത്തെപ്പോലൊരു സംസ്ഥാനത്തിനു ഗുണകരമാവില്ല. തിരുവനന്തപുരത്ത് കള്ളനോട്ടുമായി പിടിയിലായ ബംഗാളികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം. അതായത്, കേരളത്തിലേക്ക് വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി പണം എത്തുന്നു. ഇതു പുതിയ അറിവല്ല. പലവട്ടം കേന്ദ്ര ഏജന്‍സികളടക്കം മുന്നറിയിപ്പു നല്‍കിയിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ കേരളത്തിലെ പൊലീസിനു സാധിക്കാത്തത് ഒരുപക്ഷേ, രാഷ്ട്രീയ ഇടപെടല്‍ മൂലമായിരിക്കാം.

അതെന്തായാലും ആത്യന്തികമായി സാധാരണ ജനങ്ങളുടെ ജീവിതമാണ് നരകതുല്യമാകുന്നത്.സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കലാപങ്ങളും കൊള്ളയും നടക്കുമ്പോള്‍ താരതമ്യേന ശാന്തമായി കേരളം നിലനില്‍ക്കുന്നത് ഇവിടുത്തെ പൊലീസിന്റെ കഴിവല്ല. മലയാളികള്‍ പൊതുവേ സമാധാനപരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാത്തത്. തീവ്രവാദവും കുഴല്‍പ്പണവും കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളുമൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമേ നടക്കൂവെന്നു വിശ്വസിച്ചു പോന്നവര്‍ കോഴിക്കോട്ട് ബോംബ് പൊട്ടിയപ്പോഴാണ് ഞെട്ടിയത്. അതിനു ശേഷം കുറേ നാള്‍ ജാഗ്രത പുലര്‍ത്തിയെങ്കിലും വൈകാതെ പഴയപടിയായി.

മുതവഴി ക്ഷേത്രത്തിലെ മോഷണം ഈ പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം മാത്രം. കേരളീയര്‍ക്ക് സമാധാനപരമായി ജീവിക്കണം. അതിനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. പൊലീസിനെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ കെട്ടിയിട്ട് പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതിനു പകരം ഇത്തരം ഗുരുതരമായ വിഷയങ്ങളിലേക്ക് മാറ്റണം. അതിനു സര്‍ക്കാര്‍ മടിക്കുമ്പോള്‍ അണിയറയില്‍ നടക്കുന്ന എന്തോ ഗൂഢാലോചനയുടെ ലക്ഷണം തോന്നിയാല്‍ അതിനെ കുറ്റപ്പെടുത്താനാവില്ല.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി. തീരപ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കണം. മോഷണ സംഘങ്ങളെ കേരളത്തില്‍ നിന്നു തുരത്തണം. ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ കണ്ടെത്തണം. അതിനൊക്കെയുള്ള ചങ്കൂറ്റം പൊലീസുകാര്‍ക്കില്ലെങ്കില്‍ അത്തരക്കാരെ പിരിച്ചു വിടുകയോ മറ്റു വകുപ്പുകളിലേക്കു മാറ്റുകയോ ചെയ്യണം. സാധാരണ ജനത്തിനു മേല്‍ കുതിര കേറാനുള്ളതല്ല കാക്കിക്കുപ്പായമെന്ന് മനസിലാക്കി പൊലീസുകാരെ കര്‍മനിരതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വലിയ തീവ്രവാദ, ക്രിമിനല്‍ കേന്ദ്രമായി കേരളവും മാറും.

2011 ഒക്ടോ 18

ടൈ കെട്ടാം ഈസിയായി


സുഹൃത്തുക്കളെ,

നമുക്കറിയാം രാവിലെ ജോലിക്കു പോകും മുന്‍പ് ടൈ കെട്ടുകയെന്നത് എന്നെപ്പോലെ നിങ്ങള്‍ക്കും ഒരു മിനക്കേട് പിടിച്ച പണിയാനെന്ന്, അല്‍പം ധൃതിയുള്ള ദിവസം ഒന്നുകില്‍ നീളം ശരിയാവില്ല അല്ലെങ്കില്‍ നോട്ട് ശരിയാവില്ല, ഈ ബുദ്ധിമുട്ട് ഒഴിവാക്കനായി ഞാന്‍ പതിവായി അവലംബിക്കുന്ന മാര്‍ഗ്ഗം ഒരിക്കല്‍ ശരിയായി കെട്ടിക്കഴിഞ്ഞാല്‍ അടുത്ത പ്രാവശ്യം ടൈ അലക്കുന്നത് വരെ നോട്ട് അഴിക്കാതെ നെക്ക് ലൂസാക്കി ടൈ തലവഴി ഊരിയെടുക്കുക എന്നതാണ്. എന്നാല്‍ എനിക്കു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കിട്ടിയ ഈ ഹ്രസ്വ ചിത്രം ഒന്നു കണ്ട് നോക്കു, അധിക സമയം കണ്ണാടിക്കു മുന്നില്‍ നിന്നു കസര്‍ത്തു കാട്ടാതെ ഭംഗിയായി കണ്ഠകൗപീനം അണിയാന്‍ ഇതു നിങ്ങളെ സഹായിച്ചേക്കും.


 

2011 ഒക്ടോ 15

പൂനം ഇന്ത്യന്‍ ടീമിന്റെ ഉത്തേജകം.

കപില്‍ദേവ് കപ്പെടുത്തശേഷം പ്രതിഭാശാലികളായ പല ക്യാപ്റ്റന്മാരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചു, ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നു പുകള്‍പെറ്റ പല ടീമുകളും ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ മാറ്റുരച്ചു,  എന്നാല്‍ കപ്പു മാത്രം കിട്ടിയില്ല, സെമിയിലും ഫൈനലിലും അടിതെറ്റി വീഴാനായിരുന്നു അന്നെല്ലാം ഗാംഗുലിയടക്കമുള്ള കടുവകളുടെ വിധി, ഏ ആര്‍ റെഹ്മാന്‍ പാട്ടും പാടി കൂടെപ്പോയിട്ടും കപ്പു മാത്രം കിട്ടിയില്ല.


എന്നാല്‍ അത്രക്കൊന്നും പ്രതീക്ഷയില്ലാതെ ഇടറുന്ന ചുവടുകളുമായി ഇക്കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിനിറങ്ങിയ ധോണിയും കൂട്ടരും ആദ്യത്തെ ചില അനിശ്ചിതാവസ്ഥയ്ക്ക് ശേഷം തകര്‍ത്തു കളിക്കുന്നതാണ് നാം കണ്ടത്. കേന്ദ്ര മന്ത്രിയായ ഡീയെംകേ നേതാവിനെപ്പോലെയായി പിന്നീട് കാര്യങ്ങള്‍. മൂട്ടില്‍ മുളകുപൊടി തേച്ച പന്തയക്കുതിരയെപ്പോലെ ഇന്ത്യന്‍ ടീം ഉഷാറായതിന് കാര്യമെന്താ? 2ജീ ഇടപാടില്‍ നീരാ റാഡിയയെന്നപോലെ ഇന്ത്യന്‍ ടീമിനു ഉല്‍പ്രേരകമായി വര്‍ത്തിച്ച പൂനം പാണ്ഡേ അല്ലാതെ മറ്റൊന്നുമല്ലന്നു എനിക്കന്നേ തൊണ്ണൂറു ശതമാനം ഉറപ്പായിരുന്നു. ഇന്നത്തോടെ ബാക്കി പത്തു ശതമാനവും കൂടി ചേര്‍ത്ത് നൂറു ശതമാനം ഉറപ്പായി.


ലോകകപ്പ് ഇന്ത്യ വിജയിച്ചാല്‍ താന്‍ നഗ്നയായി വരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കപ്പു കിട്ടിയിട്ടും വാഗ്ദാനം പാലിക്കാന്‍ പൂനത്തിനെ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ അനുവദിച്ചില്ല, എന്തായാലും സംഗതി വിവാദമായപ്പോള്‍ പുറത്തേക്കു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി ഈ അപാര മോഡലിന്. എങ്കിലും തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറാന്‍ അവള്‍ തയാറായിരുന്നില്ല. പക്ഷേ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ !!!



സീരിയല്‍ തീരുന്നതുവരെ കുണ്ടാമണ്ടിയൊന്നും ഒപ്പിക്കാതെ അടങ്ങിയിരുന്ന് പഠിച്ചാല്‍ ചോക്ലേറ്റ് തരാമെന്നു പ്രലോഭിപ്പിക്കുകയും സീരിയല്‍ എല്ലാം കണ്ട് കഴിയുംബം ചോക്ലേറ്റ് പല്ലിനു കേടാണ് നീയിപ്പം തിന്നണ്ട എന്നു വാക്കുമാറ്റുന്ന  അമ്മമാരെപ്പോലെ ബീസീസീഐ ചുവടുമാറ്റിയത് കൊണ്ടാണോ എന്തോ ചോക്ലേറ്റ് കിട്ടാഞ്ഞ് പാഠപ്പുസ്തകം വലിച്ചു കീറുന്ന അലമ്പ് പിള്ളാരെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പോയി എല്ലാ​ മല്‍സരവും നല്ല ഭേഷായങ്ങ് തോറ്റു.


ലോക ചാമ്പ്യന്മാരുടെ കാര്യം ലോക നാണക്കേടായത് മനസിലാക്കിയ പൂനം ചേച്ചിക്ക് സങ്കടമായി, മക്കളേ നിങ്ങള്‍ക്ക് നേരിട്ട് കാണിക്കാമെന്നു പറഞ്ഞതൊക്കെ തല്‍ക്കാലം ഇന്റെര്‍നെറ്റില്‍ കണ്ടോളാന്‍ പറഞ്ഞ് സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങിക്കളഞ്ഞു ചേച്ചി. തല്‍ക്കാലം മുട്ടുശാന്തിക്ക് ഇതു പിടിക്ക് കൂടുതല്‍ എരിവുള്ള വിഭവങ്ങള്‍ പിന്നാലെ വിളമ്പാം എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ചെറിയൊരു കുളിസീന്‍ അപ്‌ലോഡും ചെയ്തു.


കൊടുക്കാമെന്നു പറഞ്ഞത് കുറച്ചെങ്കിലും കൊടുത്തതോടെ നമ്മുടെ സിങ്കക്കുട്ടികള്‍ സടകുടഞ്ഞെഴുന്നേറ്റു ഇന്നലെ ഹൈദരബാദില്‍ നടന്ന മല്‍സരത്തില്‍ 14 ഓവര്‍ ബാക്കി നില്‍ക്കെ 126 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ട് ടീമിനെത്തന്നെ തകര്‍ത്തുകളഞ്ഞു. ഇനിപ്പറയൂ ഇന്ത്യന്‍ ടീമിന്റെ ഭാവി മഹേന്ദ്ര സിങ് ധോണിയുടെ കൈകളിലാണോ അതോ പൂനം പാണ്ഡേയുടെ പ്രദര്‍ശനങ്ങളിലാണോ ????


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: പൂനം ചേച്ചിയുടെ വെബ്സൈറ്റ് തകര്‍ക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്  ഹാക്കര്‍മാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു.


2011 ഒക്ടോ 13

വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം?

കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കു നേരേ നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥിസമരങ്ങള്‍ കേരളത്തില്‍ പുത്തരിയൊന്നുമല്ലെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് പെരുമാറിയതെന്നു വ്യക്തം.


നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കിയതിനെ തുടര്‍ന്നാണ്  വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ ഉപരോധ സമരം നടക്കുന്നതിനിടെ, ആരോപണവിധേയനായ വിദ്യാര്‍ത്ഥി കാമ്പസിനുള്ളില്‍ കടന്നെന്ന വാര്‍ത്ത പരന്നതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത്.


ഇതു തടയാനുള്ള പൊലീസിന്റെ നീക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. നാലു റൗണ്ട് സര്‍വീസ് പിസ്റ്റളില്‍ നിന്നു നിറയുതിര്‍ത്തത് അസിസ്റ്റന്റ് കമ്മീഷണറാണ്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് വെടിവച്ചതെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും, തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണുണ്ടായതെന്ന് പറയാതിരിക്കാനാവില്ല.  അതേസമയം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ഇല്ലായിരുന്നു എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.


കല്ലേറില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു തടസമുണ്ടാക്കിയപ്പോഴാണു വെടിവച്ചതെന്നാണു പൊലീസിന്റെ ഭാഷ്യം. കല്ലേറില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ കുറേ കുട്ടികളെ കൊല്ലുന്നതിന് എന്തു ന്യായീകരണമാണു പൊലീസിനു പറയാനുണ്ടാവുക?
മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്നതു തന്നെയാകാം എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനു മുഖ്യകാരണം. അത് എന്തു തന്നെയാകട്ടെ. ഈ വിദ്യാര്‍ത്ഥിക്കു പ്രവേശനം നല്‍കരുതെന്ന ജില്ലാ കളക്ടറുള്‍പ്പെട്ട സമിതിയുടെ നിര്‍ദേശമെങ്കിലും സര്‍ക്കാരിനു പരിഗണിക്കാമായിരുന്നു.


രണ്ടു മാസത്തിലേറെയായി ഈ വിഷയത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍, വിവാദപുരുഷനായ മഹാനെ മറ്റേതെങ്കിലും സ്വാശ്രയ കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്ത് വിഷയം അവസാനിപ്പിക്കാന്‍ സ്വാശ്രയ മുതലാളിമാരുടെ അരുമ സന്താനങ്ങളായ യുഡിഎഫ് നേതാക്കള്‍ക്കു സാധിക്കുമായിരുന്നു. എന്നാല്‍, അതിനു തയാറാവാതെ കലാപത്തിനു കോപ്പുകൂട്ടിക്കൊടുത്തത് യുഡിഎഫ് നേതാക്കള്‍ തന്നെ.


വിദ്യാര്‍ത്ഥിസമരങ്ങള്‍ അക്രമാസക്തമാകുന്നതും പൊലീസ് ലാത്തി വീശുന്നതുമൊക്കെ കേരളത്തില്‍ ആദ്യമായല്ല. എത്രയെത്ര രക്തരൂഷിത സമരമുഖങ്ങളിലൂടെ കടന്നു പോയിരിക്കുന്നു കേരളം. അന്നൊന്നും കഴിഞ്ഞ ദിവസം ഉണ്ടായതിനു സമാനമായ രീതിയില്‍ പൊലീസ് പെരുമാറിയിട്ടില്ല.


പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്നത് പ്രയോഗിക്കാന്‍ തന്നെയാണെന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജനക്കൂട്ടത്തിനു നേരേ നിറയൊഴിക്കുന്നത് അവസാനത്തെ ആശ്രയമെന്ന നിലയിലായിരിക്കണം. അതിനു പകരം, കുറേ കുട്ടികള്‍ ബഹളമുണ്ടാക്കിയാലുടന്‍ അവര്‍ക്കു നേരേ തോക്കെടുക്കുന്നത് കേരളത്തില്‍ വേണ്ട.

 
ഇവിടെ തികച്ചും ന്യായമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം? ജലപീരങ്കിയുള്‍പ്പെടെയുള്ള താരതമ്യേന ജീവഹാനിക്കിടയാക്കാത്ത ആയുധങ്ങളുണ്ടെന്നിരിക്കെ സര്‍വീസ് റിവോള്‍വര്‍ എടുത്തു വിദ്യാര്‍ത്ഥികളുടെ നേര്‍ക്കു ചൂണ്ടാന്‍ അസിസ്റ്റന്റ് കമ്മീഷണറെ പ്രേരിപ്പിച്ചതാരാണ്? ശക്തമായ പ്രതിഷേധം കത്തിപ്പടരുന്നതിനിടയിലൂടെ വിവാദപുരുഷനായ വിദ്യാര്‍ത്ഥിയെ കോളജിലേക്ക് കടത്തിവിട്ടതെന്തിന്? അതിനു പൊലീസ് തുണ നിന്നുവെങ്കില്‍, കഴിഞ്ഞ ദിവസം ഉണ്ടായ മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസിനു തന്നെ.


കോളജിനുള്ളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേ ഗ്രനേഡും പ്രയോഗിച്ചു. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്കു വരെ ഗ്രനേഡ് തോന്നിയതു പോലെ വലിച്ചെറിഞ്ഞ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടക്കൊലപാതക ശ്രമമാണു നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ, അവര്‍ ഏതു റാങ്കില്‍പ്പെട്ടവരാണെങ്കിലും, സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സംയമനം പാലിക്കാന്‍ ശേഷിയില്ലാത്തവരെ ആയുധമേല്‍പ്പിക്കുന്നതിന്റെ ഗുരുതരമായ അപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലൂടെ തെളിയുന്നത്.



ഗ്രനേഡോ തോക്കോ കൈവശമുണ്ടെങ്കില്‍, അതു പ്രയോഗിക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. തോക്കുമായി ആരെയും ആക്രമിക്കാനെത്തിയവരല്ല വിദ്യാര്‍ത്ഥികള്‍. സായുധരായ അക്രമിസംഘത്തോടെന്നപോലെ ആയുധങ്ങള്‍ കൊണ്ട് എതിരിടാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടി സംശയമുയര്‍ത്തുന്നു.  അക്കാരണത്താല്‍ത്തന്നെ, കരുതിക്കൂട്ടി പൊലീസ് നടത്തിയ ഗൂഢാലോചനയാണോ ഇന്നലത്തെ സംഭവമെന്നും അന്വേഷിക്കാവുന്നതാണ്. സര്‍വീസ് കാലയളവില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ഇന്നലെ വെടിവച്ച അസിസ്റ്റന്റ് കമ്മീഷണറെന്നാണ് എസ്എഫ്‌ഐ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയങ്കില്‍, അത്തരമൊരു ഉദ്യോഗസ്ഥന് ആയുധം നല്‍കിയ പൊലീസ് വകുപ്പാണ് കുറ്റക്കാര്‍. ട്രാക്ക് റെക്കോഡ് മോശമായ വ്യക്തിയെ ആയുധം കൂടി നല്‍കി വിട്ടാല്‍ അയാള്‍ അഴിഞ്ഞാടും. അതു തന്നെയാകാം കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുക. എതായാലും, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉടനുണ്ടാവണം. അതില്‍ അമാന്തമുണ്ടായിക്കൂടാ.

2011 ഒക്ടോ 8

ലോഡ് ഷെഡ്ഡിംഗ് പുനരവതരിച്ചിരിക്കുന്നു.


രാവും പകലും വ്യത്യാസമില്ലാതെ വൈദ്യുതിയില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങുകയാണ്. ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുട്ടുമൂടിയ രാത്രികളാണ് കേരളീയര്‍ക്കു വിധിച്ചിരിക്കുന്നതെന്നു വ്യക്തം. മുന്‍ സ്ര്‍ക്കാരിന്റെ കാലത്ത് കടുത്ത വേനലില്‍ പോലും ഏര്‍പ്പെടുത്താതിരുന്ന ലോഡ് ഷെഡ്ഡിംഗ് കേരള‍ത്തിലെ മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞു കിടക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ തന്നെ പുനരവതരിച്ചിരിക്കുന്നു.

ഉപഭോഗത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനവല്ല, കേന്ദ്രപൂളില്‍ നിന്നു ലഭിച്ചു പോന്ന വിഹിതത്തില്‍ കുറവു വന്നതാണ് ലോഡ്‌ഷെഡിംഗിനു കാരണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. താത്കാലികമായി സംഭവിച്ച ഒരു കാര്യം മാത്രമാണിതെന്നും കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിതരണം തുടങ്ങിയെന്നുമൊക്കെ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാലും പറഞ്ഞു.


ഇതില്‍ ആരു പറയുന്നതാണ് ജനം വിശ്വസിക്കേണ്ടത്? ഇപ്പോള്‍ ഇരുട്ടില്‍ ജീവിക്കാന്‍ ജനത്തെ നിര്‍ബന്ധിതരാക്കിയെങ്കില്‍, ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ മാസത്തെ ജനദ്രോഹം സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഓരോ മാസവും ഓരോ ജനദ്രോഹം വീതം നടപ്പാക്കുക എന്നതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയെന്നു കൂടി വ്യക്തമാക്കിയാല്‍ക്കൊള്ളാം.


കേരളത്തിലെ വൈദ്യുതി ഉത്പാദനം ഇവിടുത്തെ ആവശ്യത്തിനു തികയില്ലെന്നതിനാലാണ് കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നത്. ഈ സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു വര്‍ഷം മുമ്പു കമ്മീഷന്‍ ചെയ്യാമായിരുന്ന നാനൂറിലധികം മെഗാവാട്ടിന്റെ പദ്ധതികള്‍ ഫയലില്‍ത്തന്നെ വിശ്രമിക്കുന്നുണ്ടെന്നതും ജനം മനസിലാക്കണം. പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നതെന്ന് മന്ത്രിയോ സര്‍ക്കാരോ ചിന്തിക്കുന്നില്ല.


വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മറച്ചു വയ്‌ക്കേണ്ട ഗതികേട് ഏറ്റെടുക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്ത് ആര്യാടനെപ്പോലുള്ളവരെ അധികാരമേല്‍പ്പിച്ചിരിക്കുന്നത്. ഓരോ കാര്യത്തെക്കുറിച്ചും കണക്കുകളുടെ പിന്‍ബലത്തോടെ വാദിക്കാറുള്ള ആര്യാടന്‍ മുഹമ്മദ് എന്ന  നേതാവിന് എന്താണു സംഭവിക്കുന്നത്? വൈദ്യുതി വകുപ്പിന്റെ ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ പ്രഖ്യാപിത ജനസ്‌നേഹം നഷ്ടമായോ? ബോര്‍ഡിലെ വെള്ളാനകളുടെ പിടിപ്പുകേടു മൂലം പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതിന്റെ കുറ്റം ഇവിടുത്തെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുത്. ജനത്തെ അതു പറഞ്ഞു ശിക്ഷിക്കുകയുമരുത്.

ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്ര പൂളിനെ ആശ്രിയിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ 36 അണക്കെട്ടുകളുണ്ട്. ഇതില്‍  90 ശതമാനവും നിറഞ്ഞു കിടക്കുകയുമാണ്.എന്നിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് തീര്‍ത്തും നിസാരമായി കാണേണ്ട കാര്യമല്ല.


30 കോടി രൂപയ്ക്കു നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്ന ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ടെന്‍ഡര്‍ തുക 41.66 കോടി രൂപയായതിനു പിന്നിലുള്ളത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മാത്രമാകാന്‍ തരമില്ല. വന്‍തുക ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നു ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനുമാവില്ല. ഇതെല്ലാം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. അതിലൂടെ പ്രതിവര്‍ഷം ഒമ്പതു കോടി രൂപയുടെ നഷ്ടവുമുണ്ടാകുന്നു.


ഇത്തരം നഷ്ടങ്ങളും ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുക എന്നതാണ് പുതിയ തന്ത്രം. വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ക്ക്, അത് എന്തുകൊണ്ടു ലാഭത്തിലാകുന്നില്ല എന്നു ചിന്തിച്ചുകൂടേ?


നഷ്ടത്തിന്റെ കണക്കു നിരത്തുന്നവര്‍ ബോര്‍ഡിനുണ്ടാകുന്ന ചെലവുകള്‍ എന്തൊക്കെയെന്നുകൂടി കണക്കുകളുടെ പിന്‍ബലത്തോടെ വെളിപ്പെടുത്തണം. ഏറ്റവും താഴെയുള്ള തസ്തികയില്‍ നിന്നു വിരമിക്കുന്നവര്‍ക്കു പോലും ബോര്‍ഡില്‍ നിന്നു പ്രതിമാസം പതിനയ്യായിരം രൂപയിലേറെ ലഭിക്കുന്നുണ്ടെന്നാണ് അറിവ്. മേല്‍ത്തട്ടിലേക്കു പോകുന്നതോടെ അത് രണ്ടും മൂന്നും ഇരട്ടിയിലേറെയാകുന്നു. ജോലിയിലിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം കേട്ടാല്‍ സാധാരണ കേരളീയന്‍ ഞെട്ടിത്തരിക്കും. ക്ലറിക്കല്‍ തസ്തികയില്‍പ്പോലും മുപ്പതിനായിരം രൂപയിലേറെ പ്രതിമാസം വാങ്ങുന്നവരുണ്ട്.


പ്രതിദിനം നൂറു രൂപ പോലും വരുമാനമില്ലാത്തവരുടെ പോക്കറ്റില്‍ നിന്ന് കറന്റു ചാര്‍ജ് എന്ന പേരില്‍ അമിതമായി വാങ്ങിക്കൂട്ടുന്ന തുകയാണ് കുറേ വെള്ളാനകള്‍ക്ക് സര്‍ക്കാര്‍ വീതം വച്ചു നല്‍കുന്നത്. ഇവരുടെ ശമ്പളത്തില്‍ കുറവു വരുത്തിയാല്‍ ഇപ്പോഴുള്ള സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സാധിക്കില്ലേ? എന്തുകൊണ്ട് അതിനു സര്‍ക്കാരിനു ശ്രമിച്ചുകൂടാ.
വന്‍തുക ശമ്പളം വാങ്ങിയിട്ടും അവരാരും ജോലി ചെയ്യുന്നില്ല. അതുകൊണ്ടാണ് പദ്ധതികളെല്ലാം ഫയലില്‍ത്തന്നെ കിടക്കുന്നത്. വൈദ്യുതി ഓഫീസില്‍ ഒരിക്കലെങ്കിലും പോകേണ്ടി വന്നിട്ടുള്ളവര്‍ ഈ ജീവനക്കാരെ എത്ര കടുത്ത രീതിയില്‍ ശിക്ഷിച്ചാലും മതിയാവില്ലെന്ന അഭിപ്രായമാണു പറയാറുള്ളത്.


സര്‍ക്കാര്‍ ഇടപെട്ട് ശമ്പളം കുറച്ചാല്‍ യൂണിയനുകള്‍ സമരം തുടങ്ങിയേക്കാം. കടമകള്‍ മറന്ന് അവകാശത്തെക്കുറിച്ചു മാത്രം പ്രസംഗിക്കുകയാണല്ലോ അവരുടെ പതിവ്. അങ്ങനെ സമരം ചെയ്യുന്നവരെ നേരിടാന്‍ സര്‍ക്കാരിന് ജനങ്ങളെ തന്നെ ആശ്രയിക്കാവുന്നതാണ്. തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ ഇവിടുത്തെ ജനം പ്രതികരിക്കും. സമരത്തിനിറങ്ങുന്നവരെ ജനങ്ങള്‍ തന്നെ നേരിട്ടുകൊള്ളും. അതോടെ ജോലി കൃത്യമായി ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ തന്നെ തെളിയിച്ചുകൊള്ളും.


ഇത്തരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള ഭരണാധികാരികള്‍ വേണം. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കുറേ തട്ടിക്കൂട്ടു പ്രസംഗങ്ങളും പ്രസ്താവനകളും ഇറക്കി നടക്കുന്നവര്‍ക്ക് അതിനുള്ള തന്റേടമുണ്ടാവില്ല. കുറേ അരാഷ്ട്രീയവാദികള്‍ക്കും ഹസാരമാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ ആര്യാടന് അറിയില്ലെന്നുണ്ടോ?  ഉദ്യോഗസ്ഥരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാനല്ല കുറേ മന്ത്രിമാരെ ജനം അധികാരം നല്‍കി തീറ്റിപ്പോറ്റുന്നതെന്ന് ദയവായി തിരിച്ചറിയുക.

2011 ഒക്ടോ 5

മൊബൈല്‍ ഫോണ്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ശ്രീകുമാറിനെ 24 നു വൈകിട്ട്‌ അഞ്ചരയ്‌ക്കും ആറരയ്‌ക്കും ഇടയില്‍ താനാണു വിളിച്ചതെന്ന്‌ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

26 നു യു.ഡി.എഫ്‌ യോഗം നിശ്‌ചയിച്ചിരുന്നു. അതിനു മുന്‍പു ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നിശ്‌ചയിച്ചിരുന്നു. അതിന്റെ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായിരുന്നു ഫോണ്‍ ചെയ്‌തത്‌. ബാലകൃഷ്‌ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴും ഈ ഫോണില്‍ നിന്നു തങ്ങള്‍ പല യു.ഡി.എഫ്‌. നേതാക്കളെയും വിളിച്ചിട്ടുണ്ട്‌. മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയെയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.ബാലകൃഷ്‌ണനെയും വിളിച്ചിട്ടുണ്ട്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിളി വിവാദം കൊഴുക്കുകയാണല്ലോ? ഇതു സംബന്ധിച്ച് മംഗളം ഇന്ന് പ്രദ്ധീകരിച്ച വാര്‍ത്തയാണ് ഇവിടെ കോപ്പി ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത മുന്‍പ് വന്ന മറ്റു ചില വാര്‍ത്തകളുമായി കൂട്ടി വായിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നുന്നു അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

ഇതു സംബന്ധിച്ച യാധാര്‍ഥ്യവും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭ്യമാകുന്നതും ഉടമസ്ഥാവകാശവും ഉപയോഗവും സംബന്ധിച്ച നിയമ വശവും അറിയുന്നവര്‍ കമന്റിട്ട് സംശയം ദുരീകരിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവിക്കു കൊടുത്ത ടെലഫോണ്‍ അഭിമുഘത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് വ്യക്തമാക്കിയത് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായ (മറ്റൊരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പിതാവായ) ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് ദക്ഷിണകേരളത്തിലെ ഏറ്റവും പ്രബലനായ സ്വകാര്യ ബസുടമയായ മനോജ് ആണെന്നാണ്.


എന്നാല്‍ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നു. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

ഇതില്‍ ആരു പറയുന്നതാണ് സത്യം? സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് പറയുന്നതോ? കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നതോ?

ശ്രീ മനോജിനും ശ്രീമാന്‍ വേണുഗോപാലന്‍ നായര്‍ക്കും മറ്റ് കേരള കോണ്‍ഗ്രസ്‌-ബി നേതാക്കള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരെല്ലാം സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ബാലകൃഷ്ണ പിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണ്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ? ബാലകൃഷ്ണ പിള്ളയുടെ പുത്രനും സംസ്ഥാന കായികം, വനം, പകുതി സാംസ്കാരിക വകുപ്പ് മന്ത്രിയായ ഗണേഷ് കുമാറിന്റെ - അല്ലെങ്കില്‍ കേരളത്തിലെ മറ്റേതെങ്കിലും മന്ത്രിയുടെ, ജനപ്രതിനിധികളുടെ, ഉദ്യോഗസ്ഥരുടെ,  ഔദ്യോഗിക ഫോണ്‍ ഇപ്പോള്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?  അങ്ങനെ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?

ഇന്ത്യയില്‍ ഒരാളുടെ പേരില്‍ സംഘടിപ്പിച്ച പേഴ്സണല്‍ മൊബൈല്‍ കണക്ഷന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?


ഒരാള്‍ക്ക് ഇന്ത്യയില്‍ അനുവദിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രസ്തുത കമ്പനിയുടെ സേവന പരിധിക്കുള്ളില്‍  ഒറിജിനല്‍ സബ്സ്ക്രൈബര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതേ നമ്പര്‍ ക്യാന്‍സലായി പോകാതെ പിന്നീട് പുനരുപയോഗത്തിനു ആവശ്യമുള്ളപ്പോള്‍ തിരികെ ലഭിക്കുന്നവണ്ണം മൊബൈല്‍ കമ്പനിയുടെ സേഫ് കസ്റ്റഡിയില്‍ സറണ്ടര്‍ ചെയ്ത് സൂക്ഷിക്കുന്നത്നുള്ള സൗകര്യം ലഭ്യമാണോ?


മനോജും വേണുഗോപാലന്‍ നായരും ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന സമയത്ത് പിള്ളയുടെ മൊബൈല്‍ ഫോണ്‍ ഏത് ടവറിന്റെ പരിധിയില്‍ ആയിരുന്നു? ആ സമയത്ത് മനോജും വേണുഗോപാലന്‍ നായരും എവിടെ ആയിരുന്നു എന്ന വിവരം അറിയുവാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടോ?