2012 ഏപ്രി 27

ജനം അങ്ങനെ ആഗ്രഹിക്കുന്നു

വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനു കേരളം സാക്ഷിയാവുകയാണ്. നെയ്യാറ്റിന്‍കരയില്‍ ജൂണ്‍ രണ്ടിനു തെരഞ്ഞെടുപ്പു നടക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകളാണ്. ജനാധിപത്യത്തില്‍ ഇത്തരം പോരാട്ടങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, ആരോഗ്യപരമല്ലാത്ത ചില സമീപനങ്ങള്‍ അടുത്ത കാലത്തായി കണ്ടുവരുന്നത് തീര്‍ത്തും ആശാസ്യമല്ല.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പിറവത്തു നടന്നതിനേക്കാള്‍ വാശിയേറിയതാവുമെന്നതില്‍ തര്‍ക്കമില്ല. പിറവത്ത് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ്. തീര്‍ത്തും ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പിറവം ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിനു കാഹളമുയരുന്നതിനിടെ, നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് രാജി വച്ചതോടെ ആ ചിത്രം മാറി. പിറവത്ത ജയാപജയങ്ങള്‍ ഭരണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന നില വന്നു. അതോടെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങള്‍ തുടങ്ങി.


നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഭരണത്തെ ബാധിക്കുന്നതല്ല. അവിടെ തോറ്റാലും ജയിച്ചാലും ഉമ്മന്‍ചാണ്ടി തന്നെ ഭരണക്കസേരയില്‍ ഇരിക്കും. (പീസീ ജോര്‍ജിന്റെ ശല്യം മൂത്ത് പീജേ ജോസഫും കൂട്ടരും തിരിച്ച് ഇടതു മുന്നണിയിലേക്ക് പോയില്ലെങ്കില്‍) എന്നാല്‍, പിറവത്തേക്കാള്‍ വാശിയേറിയ മത്സരമായിരിക്കും നെയ്യാറ്റിന്‍കരയില്‍ നടക്കുക. കാരണമുണ്ട്. ഇടതുപക്ഷത്തോടു യുദ്ധപ്രഖ്യാപനം നടത്തി മുന്നണി വിട്ട ശെല്‍വരാജിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതോടെ ഇടതു മുന്നണിയുടെ അഭിമാനപ്രശ്‌നമായി നെയ്യാറ്റിന്‍കര മാറി. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു രംഗമാകെ നിറയുക തീര്‍ത്തും അനാശാസ്യമായ പ്രവണതകളായിരിക്കുമെന്ന് ഉറപ്പ്. അത്തരം തെറ്റായ പ്രചാരണവേലകളിലൂടെയാകും തെരഞ്ഞെടുപ്പു രംഗം മുന്നേറുകയെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായിത്തന്നെ ഇടപെടുമെന്നു പ്രത്യാശിക്കാം.


ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെങ്കിലും പ്രചാരണ രംഗത്ത് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മുന്നണികള്‍ ശ്രദ്ധിക്കണം. വ്യക്തിപരമോ തികച്ചും രാഷ്ട്രീയമോ ആയ ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവച്ച് ജനങ്ങളെ മനസില്‍ക്കണ്ടുള്ള പ്രചാരണത്തിന് പ്രാധാന്യം നല്‍കിയാല്‍ അതാകും കേരളത്തിന്റെ വിജയം.


ദൗര്‍ഭാഗ്യവശാല്‍, തെരഞ്ഞെടുപ്പു വേളകള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു മാത്രമുള്ള അവസരമായി കണക്കാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ തേജോവധങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതല്ലാതെ, ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം ഉയര്‍ത്തിക്കാട്ടി ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ആരും തയാറാവുന്നില്ല. പിറവത്തടക്കം ജനം അതു കണ്ടതാണ്. ജാതി, മത, സാമുദായിക സംഘടനകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു ശ്രമിക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളില്‍ കേരളം കാണുക.


നിലവില്‍, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലി വിവിധ സാമുദായിക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ പര്‍വതീകരിച്ചു കാണിക്കാനും, ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ജനങ്ങളെ വിഘടിപ്പിക്കാനുമുള്ള ശ്രമം ഇരു ഭാഗത്തു നിന്നും ഉണ്ടാകാന്‍ ഇടയുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുന്നേ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി നിയമിച്ചതിലെ അസാംഗത്യം ചോദ്യം ചെയ്താല്‍ അത് അംഗീകരിക്കാം. എന്നാല്‍, അതിനു ജാതിയുടെ നിറം പകരാന്‍ പാടില്ല. മലപ്പുറത്തും പരിസരങ്ങളിലുമുള്ള കോടീശ്വരന്മാരായ ഏതാനും ആളുകളുടെ താല്‍പര്യ സം‌രക്ഷകര്‍ മാത്രമായ ലീഗിന് മുസ്ലിം സമുദായത്തിന്റെ സമ്പൂര്‍ണ പ്രാതിനിധ്യം കല്‍പിച്ചു നല്‍കുന്നത് തന്നെ വലിയ തെറ്റാണ്.  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് തികച്ചും ജാതീയമായിത്തന്നെയായിരിക്കും എന്നതിന്റെ സൂചനയും ഇതിനോടകം വന്നിട്ടുണ്ട്. അതു ശരിയല്ല. അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കാണു സഹായിക്കുക എന്നത് മറക്കാതിരിക്കാം.


പരിഷ്കൃതരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയര്‍ ഒരിക്കലും ജാതി ചിന്തയ്ക്ക് അടിപ്പെടാന്‍ പാടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെ പോരാടുമ്പോഴാണ് മത തീവ്രവാദ ശക്തികള്‍ അരങ്ങു വാഴാന്‍ അവസരമൊരുങ്ങുന്നത്. അതു തിരിച്ചറിയാന്‍ ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം.


നെയ്യാറ്റിന്‍കരയിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഇരു മുന്നണികളും ശ്രദ്ധ ചെലുത്തുന്ന പ്രധാന കാര്യം. ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ പ്രതിനിധിയെയല്ല തെരഞ്ഞെടുക്കുന്നതെന്ന ചിന്ത സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുകയാണ് യഥാര്‍ത്ഥത്തില്‍  കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള മുഖ്യധാരാ കക്ഷികള്‍ ചെയ്യുന്നത്. ഇത്തരം തെറ്റായ പ്രവണതകളുടെ പരിണതഫലം വിഘടനവാദമാകുമെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.


ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം തെരഞ്ഞെടുപ്പു ഗോദായില്‍ വിജയക്കൊടി നാട്ടുന്നവരാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും ജാതിപ്പാര്‍ട്ടികളാണ് ഭരണചക്രം കയ്യാളുന്നത്. ജന്മിമാരുടെ പാര്‍ട്ടികള്‍ അതിനിടയിലൂടെ സ്വാധീനമുറപ്പിക്കുന്നതും, അധികാരം കൈപ്പിടിയിലൊതുക്കുന്നതുമാണ് ഉത്തരേന്ത്യയില്‍ കാണുന്നത്. അത് രാജ്യത്തിനു ഗുണകരമല്ല. ഇടതുപക്ഷ ആശയങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മേല്‍കോയ്മയുള്ള കേരളം ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായി നിലകൊണ്ട സംസ്ഥാനമാണ്. എന്നാല്‍, അടുത്തിടെയായി ഇവിടെയും ജാതികളുടെ സ്വാധീനം തെരഞ്ഞെടുപ്പു രംഗത്ത് പ്രകടമാകുന്നു. പിറവത്തടക്കം ജാതി സമവാക്യങ്ങള്‍ പൂരിപ്പിക്കപ്പെടുന്നതു കണ്ടവരാണ് കേരളീയര്‍.


ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും, ജനകീയ വിഷയങ്ങളിലൂന്നിയ സംവാദങ്ങളുമായി നെയ്യാറ്റിന്‍കര മാതൃകയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതു സാധ്യമാകില്ലെന്ന് അറിയാമെങ്കിലും ജനം അങ്ങനെ ആഗ്രഹിക്കുന്നു.


വാല്‍ക്കഷണം (കാകദൃഷ്ടി):


നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശെല്‍‌വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.
ചാക്കിട്ട് പിടുത്തവും മറുകണ്‍ടം ചാടലും നടന്ന ആദ്യ ദിവസങ്ങളിലെ ശെല്‍‌വരാജിന്റെ പ്രതികരണവും കഴിഞ്ഞ ദിവസത്തെ അംഗത്വ സ്വീകരണവും ന്യായീകരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.




2012 ഏപ്രി 25

പരിഷ്കരണങ്ങളുടെ ശരശയ്യ

ആറുമാസത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ് രംഗത്ത് ചില സുപ്രധാന പരിഷ്കരണങ്ങള്‍ നടത്തുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബാബു പ്രഖ്യാപിച്ചിരിക്കുന്നത്.

സാമ്പത്തിക രംഗത്ത് കാതലായ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു. സാധാരണക്കാരനെ തീര്‍ത്തും അവഗണിച്ചും കോര്‍പറേറ്റുകള്‍ക്കു സന്തോഷമുളവാക്കിയുമുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നതാണ് വാസ്തവം.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും, ദി ഹിന്ദു ബിസിനസ് ലൈനില്‍ നിന്നും.)

സബ്‌സിഡികള്‍ എടുത്തുകളയുക, ഡീസല്‍ വിലനിയന്ത്രണം  നീക്കുക, ചില്ലറ വില്പനയില്‍ വിദേശനിക്ഷേപം അനുവദിക്കുക എന്നിങ്ങനെ നിലവിലുള്ള സര്‍വ സംവിധാനങ്ങളും മാറ്റിമറിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സബ്‌സിഡികള്‍ എടുത്തു കളയുക എന്നതിനര്‍ത്ഥം പല മേഖലകളിലും വില കുത്തനെ ഉയര്‍ത്തുക എന്നതു തന്നെ. പെട്രോളിന്റെ വില നിയന്ത്രണം എടുത്തു മാറ്റിയതിന്റെ ദൂഷ്യഫലം അനുഭവിച്ച് തളരുകയാണ് നിലവില്‍ ജനങ്ങള്‍. അതിനൊപ്പം ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിലൂടെ പാവപ്പെട്ടവന്റെ മുതുകില്‍ കൂടുതല്‍ ഭാരം കെട്ടിവെക്കുക തന്നെയാകും ആത്യന്തിക ഫലം. ഡീസലിന് വില തോന്നിയതു പോലെ കൂട്ടുന്നതിലൂടെ സംഭവിക്കുക ജീവതത്തിന്റെ സമസ്തമേഖലകളിലുമുള്ള തളര്‍ച്ച തന്നെയാണ്. എല്ലാ മേഖലയിലും നിരക്കു വര്‍ധനയുണ്ടാകും. ചരക്കുനീക്കത്തിന് കൂടുതല്‍ ചെലവു വരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വന്‍തോതില്‍ വില കയറും. യാത്രാ നിരക്കുകളിലും ഇടയ്ക്കിടെ വര്‍ധനയുണ്ടാക്കാന്‍ സഹായിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ ആലോചന.


ജീവിതച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിച്ചു പോരുന്ന കുറേ മുതിര്‍ന്ന നേതാക്കളുടെ തോന്ന്യാസങ്ങള്‍ക്ക് ഇരകളാവുക എന്ന ഗതികേടിലേക്കാണ് ഇന്ത്യക്കാരുടെ പോക്ക്. പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വന്തം കീശയില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കാതെയാണ് ജീവിച്ചു പോരുന്നത്. സ്വന്തം നിലയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെ കാര്യത്തിലും അവര്‍ക്ക് പണച്ചെലവില്ല. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനത്തിന്റെ അധ്വാനഫലം കൊണ്ട് ജീവിക്കുന്ന ഇത്തരം കുറേ നേതാക്കള്‍ക്ക് ജയ് വിളിക്കുക എന്നതു മാത്രമാണ് ജനത്തിന് പറഞ്ഞിരിക്കുന്ന രാഷ്ട്രീയം. സാധനസേവന നികുതിയാണ് താന്‍ ഏറ്റവും വലിയ പരിഷ്കരണമായി കാണുന്നതെന്നു പറയുന്ന കൗശിക് ബാബുവിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായാല്‍ താല്‍ക്കാലികമായി അല്പം രാഷ്ട്രീയ ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. അതായത്, ജനങ്ങള്‍ എതിര്‍ക്കും. ജനാധിപത്യത്തില്‍ ജനങ്ങളുടെ എതിര്‍പ്പിനാകണം മുഖ്യസ്ഥാനം എന്ന വസ്തുത പൂര്‍ണമായി നിരാകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ ധിക്കാരത്തിനു മുന്നില്‍ മുട്ടുവളച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യ വ്യവസ്ഥിതിയുടെ മൂലതത്വം തന്നെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം എന്നാണ്. ഏതോ സ്വേച്ഛാധിപതിയുടെ പ്രേതം കൂടിയിരിക്കുന്നു കേന്ദ്ര സര്‍ക്കാരിനെന്ന തോന്നലാണ് ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത്, അത് അത്യന്തം അപലപനീയം തന്നെ.


ചെറിയൊരു സബ്‌സിഡി നിലനിര്‍ത്താനും അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ വിലയിലും മാറ്റം വരുന്ന രീതി തുടങ്ങുമെന്നും അമേരിക്കയില്‍ പോയിരുന്നു പറയുന്ന ഇത്തരം ബാബുമാരുടെ ഭരണമാണ് ഇന്ത്യയുടെ ശാപം. വികസിത രാഷ്ട്രങ്ങള്‍ തുടരുന്ന രീതികള്‍ അതേപടി ഇവിടേക്കു പറിച്ചു നടാന്‍ ശ്രമിക്കുന്നവര്‍ അത്തരം രാജ്യങ്ങളിലെ വിലനിലവാരവുമായി ഇന്ത്യയിലെ ഇന്ധനവിലയെ തട്ടിച്ചു നോക്കാനെങ്കിലും തയാറാവണം. അമേരിക്കയില്‍ ഇന്ധനത്തിന് ഇന്ത്യയിലുള്ളത്ര വിലയുണ്ടോയെന്ന് ആളോഹരി വരുമാന കണക്കനുസരിച്ച് ഒത്തു നോക്കാന്‍ പോലും സാധിക്കാത്ത കുറേ സാമ്പത്തിക വിദഗ്ധരുടെ വികലമായ മനോവ്യാപാരങ്ങളാണ് ഇപ്പോള്‍ കാണുന്നതിലേറെയും.


എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കയറിപ്പോരുന്ന ബാരല്‍ കണക്കിന് എണ്ണയ്ക്ക് ഇവിടെയെത്തുമ്പോള്‍ ഇത്രയേറെ വില ഉയരാന്‍ കാരണമാകുന്നത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളാണെന്ന വസ്തുത എന്തിനാണ് മറക്കുന്നത്? സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാകണമെങ്കില്‍ നികുതി ഏര്‍പ്പെടുത്തേണ്ടി വരും. അതു വാസ്തവം. എന്നാല്‍, അതിന്റെ പേരില്‍ കൊള്ളയടിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്?


ഇന്ത്യയിലെ ആളോഹരി വരുമാനവും ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്ന നികുതിഘടനയും ചേര്‍ത്തു വായിക്കുമ്പോഴാണ് അനീതി വ്യക്തമാകുന്നത്. പല വിധത്തിലുള്ള നികുതികള്‍ സാധാരണക്കാര്‍ ദിവസവും നല്‍കിപ്പോരുന്നുണ്ട്. ഓരോ സാധനം വാങ്ങുമ്പോഴും നികുതിയിനത്തില്‍ പാവപ്പെട്ട ജനം നല്‍കിപ്പോരുന്ന തുക മാത്രം മതിയാകും ഒരു കുടുംബത്തിന് ഒരു മാസം സുഖമായി ജീവിക്കാന്‍.


തികച്ചും അപരിഷ്കൃതവും അശാസ്ത്രീയവുമായ നികുതി ഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു തന്നെ പറയേണ്ടി വരും. കുറഞ്ഞ വരുമാനക്കാരായ ജനത്തിന് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇന്ത്യ. കോടീശ്വരന്മാരുടെ സംഖ്യ വിരലിലെണ്ണാവുന്നത്രയേ ഓരോ സംസ്ഥാനത്തുമുള്ളൂ. ഈ വസ്തുത അംഗീകരിച്ചുകൊണ്ട് പാവപ്പെട്ടവരുടെ ജീവിതോന്നതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെ ആവശ്യം.


നികുതികള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് നല്‍കുന്നത് ആരെന്നു കൂടി കണക്കിലെടുക്കണം. ദൗര്‍ഭാഗ്യവശാല്‍ അതു നടക്കുന്നില്ല. എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഭിക്ഷക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ ഒരേ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടി വരുന്നു. ഇത് അനീതി തന്നെയല്ലേ? സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് അഭിമാനത്തോടെ വാദിക്കുന്നവര്‍ മറന്നു പോകുന്നതും സാധാരണക്കാരെ തന്നെ. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചേക്കാം എന്നു വിശ്വസിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി സാധാരണക്കാരായ ജനത്തെ ദുരിതക്കയത്തില്‍ ആക്കരുത്. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളയുന്നതും, സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതത്തെയാകും നശിപ്പിക്കുക എന്നു തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കു സാധിക്കണം.


ഉട്ടോപ്യന്‍ ചിന്തകളുള്ള സാമ്പത്തിക വിദഗ്ധരെയല്ല ഇന്ത്യക്കാവശ്യം. സാധാരണ ജനത്തിന്റെ വികാര വിചാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന നേതാക്കള്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ആകാശത്തു നിന്നു കെട്ടിയിറക്കപ്പെടുന്ന ഭരണാധികാരികളില്‍ നിന്ന് ഇതല്ലാതെ ഏറെ പ്രതീക്ഷിക്കാനില്ലെന്നതാണ് വാസ്തവം.

2012 ഏപ്രി 11

ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെ


കാര്‍ട്ടൂണ്‍ - ജോയി കുളനട - ദൃഷ്ടി ദോഷം


ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലിയുള്ള വിവാദം ഇനിയും ഏറെ നീളുകയില്ലെന്നു പ്രത്യാശിക്കാം.  അടിയന്തരമായി ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടേ തീരൂ. കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കങ്ങളാണ് കേരളത്തില്‍. വാസ്തവത്തില്‍ ഭരണം പോലും നിശ്ചലമായ അവസ്ഥ. വളരെ നിര്‍ഭാഗ്യകരവും അപലപനീയവുമാണ് ഈ സ്ഥിതിവിശേഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ അതിവേഗം ബഹുദൂരം ഭരണം മുന്നേറുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.


മൂന്നാറിലേക്ക് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പടനീക്കം അങ്ങനെയൊരു ധാരണ പരത്തുകയും ചെയ്തു. എന്നാല്‍, വളരെപ്പെട്ടെന്ന് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഭരണക്കസേരയില്‍ ഉറച്ചിരിക്കാന്‍ പലരുടെയും പിന്നാലെ നടക്കേണ്ട അവസ്ഥ സംജാതമായതോടെ രാഷ്ട്രീയ കരുനീക്കങ്ങളിലായി സര്‍ക്കാരിനെ നയിക്കുന്നവരുടെ പൂര്‍ണ ശ്രദ്ധ.


ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണുണ്ടായത്. മുല്ലപ്പെരിയാറില്‍ വര്‍ഷങ്ങളായി സമരം ചെയ്തു വന്ന സമരസമിതിയെ പല കഷണങ്ങളാക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നുണ്ടാക്കിയ കോലാഹലത്തിനു സാധിച്ചു എന്നതു മാത്രം മിച്ചം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് വിഷയം പരിഹരിക്കുമെന്നു വരെ പ്രഖ്യാപനങ്ങളുണ്ടായി. മരണം വരെ ഉപവസിക്കുമെന്നു പറയുക വരെ ചെയ്ത ഒരു മന്ത്രിയുണ്ടായി. അദ്ദേഹം ഇപ്പോഴും മന്ത്രിക്കസേരയില്‍ ആരോഗ്യപൂര്‍ണതയോടെ പരിലസിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീതിയുടെ നിഴല്‍ പരത്തി നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ പിറവത്തെ ഉപതെരഞ്ഞെടുപ്പു വന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബഹളമുണ്ടാക്കിയതിനു പിന്നില്‍ പിറവം ഉപതെരഞ്ഞെടുപ്പാണെന്ന തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് എം.കരുണാനിധിയുടെ വാദം തികച്ചും ശരിയാണെന്ന് കേരളീയര്‍ തിരിച്ചറിഞ്ഞത് ഈ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ്. ഇപ്പോള്‍ ആര്‍ക്കും മുല്ലപ്പെരിയാര്‍ വേണ്ട.


ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടത്തിയ രാക്കൂത്തിനും ഉദ്ദേശിച്ച ഫലമുണ്ടായില്ല. കുറേ ജനങ്ങളെ നേരം പുലരുവോളം പിടിച്ചിരുത്തി പത്രവാര്‍ത്ത സൃഷ്ടിച്ചു എന്നതില്‍ക്കവിഞ്ഞ് ഈ സമ്പര്‍ക്കം എന്തു ഗുണമാണു ചെയ്തതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


ഏറ്റവുമൊടുവിലാണ് അഞ്ചാം മന്ത്രിത്തര്‍ക്കം തുടങ്ങിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ നാളുകളില്‍ത്തന്നെ ഒരു മന്ത്രിയെക്കൂടി തങ്ങള്‍ക്കു വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതാണ്. അന്ന് അതിനെതിരേ നിന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. അതേ പാര്‍ട്ടി തന്നെ ഇപ്പോള്‍ പറയുന്നു ലീഗിന് ഏഴു മന്ത്രിമാരെ വരെ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന്.


കേരളത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും രണ്ടു തട്ടാക്കി മാറ്റാന്‍ മാത്രമേ ഈ തര്‍ക്കം ഉപകരിച്ചുള്ളൂ എന്നതാണു വാസ്തവം. ഓരോ സംഘടനകളായി മന്ത്രിമാരുടെ ജാതി തിരിച്ച് കണക്കെടുക്കാന്‍ തുടങ്ങി. സാമാജികരുടെ സംഖ്യയനുസരിച്ച് ആനുപാതികമായ എണ്ണം ഓരോ ജാതിക്കും ലഭിച്ചിട്ടുണ്ടോയെന്നതായി പിന്നത്തെ ചിന്ത. കലാപത്തിന് എന്തെങ്കിലും കാരണം നോക്കിയിരുന്ന എല്ലാ വര്‍ഗീയ കക്ഷികളും രംഗത്തു വന്നു. ലീഗാകട്ടെ ന്യൂനപക്ഷച്ചീട്ടെടുത്ത് കളിയും തുടങ്ങി. തികച്ചും വര്‍ഗീയമായ ചേരിതിരിവിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. മതത്തിനു പുറമേ ജാതിയും ഉപജാതിയുമായി ചേരി തിരിഞ്ഞു തര്‍ക്കം തുടങ്ങി. ഇത്തരം സമീപനങ്ങള്‍ ഒരു വിധത്തിലും പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നു മാത്രം എല്ലാവരും മറന്നു.


തര്‍ക്കം കേരളത്തില്‍ തീരില്ലെന്ന അവസ്ഥ വന്നതോടെയാണ് നേതാക്കള്‍ ഡല്‍ഹിക്കു വണ്ടി കയറിയത്. അതിനിടെ,   സര്‍ക്കാര്‍ പൂര്‍ണമായും ഒത്തുതീര്‍പ്പു ഫോര്‍മുലയ്ക്കു പിന്നാലെയായി. ഭരണം നിശ്ചലമാകുന്നതൊന്നും പ്രശ്‌നമാക്കാതെ മന്ത്രിമാരടക്കം ചര്‍ച്ചകളില്‍ മുങ്ങിത്താണു. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്തു തുടങ്ങി.


ജനങ്ങള്‍ ആരോടു പരാതിപ്പെടണമെന്നറിയാതെ വലയുകയാണ്. ഇനിയെങ്കിലും ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഭരണക്കസേരയില്‍ നിങ്ങളെ ഇരുത്തിയിരിക്കുന്നത് ജാതിപ്പേരില്‍ മന്ത്രിമാരെ വീതം വയ്ക്കാനല്ല. ജനങ്ങളുടെ ജീവിതം സുഖകരമാക്കാനാണ്. അതു സര്‍ക്കാര്‍ നിര്‍വഹിച്ചേ തീരൂ. അതില്‍ അമാന്തം ഉണ്ടാകരുത്. കേരളത്തിലെ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയിരിക്കുന്നത് പരസ്പരം പോരടിക്കാനോ, അധികാര കസേര പങ്കുവയ്ക്കാനോ അല്ല. കൂടുതല്‍ മന്ത്രിമാരെ വേണമെന്നു പറയുന്നതിലൂടെ കൂടുതല്‍ ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ തക്ക വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ് മലയാളികള്‍. അങ്ങനെയുള്ള ഒരു ജനസമൂഹത്തിനു മുന്നില്‍ നിങ്ങള്‍ ഇപ്പോള്‍ സ്വയം അപഹാസ്യരാകുകയാണെന്നെങ്കിലും ഓര്‍മ്മിക്കുക.

ഇനി ഈ തര്‍ക്കം നീണ്ടുകൂടാ. സ്വത്തു സമ്പാദിക്കാന്‍ ലോകത്ത് വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതിലേതെങ്കിലും നിങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലാതെ സാധാരണക്കാരായ ജനങ്ങളുടെ സഹനശക്തിയെ പരീക്ഷിക്കരുത്. ഇവിടെ ഭരണം നടക്കണം. പാവപ്പെട്ടവന്റെ ജീവിതം സുരക്ഷിതമാക്കണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഇത്രയൊക്കെയേ ആവശ്യമുള്ളൂ ജനങ്ങള്‍ക്ക്. അതിന് വേണ്ട നടപടികള്‍ എടുക്കാന്‍ താല്പര്യമില്ലെങ്കില്‍ വെച്ചൊഴിയുക ഈ അധികാരക്കസേരകള്‍.

2012 ഏപ്രി 7

കീരിക്കാടന്‍ ജോസ്

ലോഹിത ദാസിന്റെ സിനിമകളില്‍ സാധാരണ കാണാറുള്ള ലോക്കല്‍ ഗുണ്ടകളുടെ മാതിരിയാണ് ലീഗിന്റെ ഇപ്പോഴുള്ള പെരുമാറ്റം, ആദ്യമൊക്കെ ആളുകള്‍ അവന്‍ കത്തിയെടുക്കുമ്പോള്‍ മാറി നടക്കുകയും പണം നല്‍കുകയും ചെയ്യും, അത് കണ്ട് എല്ലാവര്‍ക്കും തന്നോട് ഭയവും ബഹുമാനവും ആണെന്നു തെറ്റിദ്ധരിക്കുന്ന ഗുണ്ട തന്റെ പരാക്രമങ്ങള്‍ വിപുലീകരിക്കും, അത് ഒരു പരിധി വിടുന്നതോടെ സഹികെട്ട നാട്ടുകാരിലൊരുവന്‍ ഗുണ്ടയെ അടിച്ച് പപ്പടമാക്കും പിന്നെ നമ്മള്‍ കാണുന്നത് തളര്‍ന്നു കിടക്കുന്ന അല്ലെങ്കില്‍ മുട്ടിലിഴയുന്ന, ഒരു പാത്രം ഭക്ഷണത്തിനും ഒരു കുറ്റി ബീഡിക്കും പോലും ഇരക്കുന്ന മുന്‍ ഗുണ്ടയെയാണ്.

ലീഗിന്റെ ഇപ്പൊഴത്തെ പരാക്രമവും അഹങ്കാരവും മറ്റു സമുദായക്കാരെയും പ്രതിലോമപരമായി ചിന്തിക്കാനും സാമുദായികമായി സംഘടിക്കാനും പ്രേരിപ്പിച്ചാല്‍ കേരള സമൂഹത്തില്‍ അതുണ്‍ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതം അതി ഗുരുതരമായിരിക്കും, അതില്‍ ഏറ്റവും പരിക്കു പറ്റാന്‍ പോകുന്നത് ലീഗിനെ ചുമക്കുന്ന കോണ്‍ഗ്രസിനു തന്നെ ആയിരിക്കുകയും ചെയ്യും.



കിരീടം എന്ന സിനിമ ഉപമയ്ക്കായി പരിഗണിച്ചാല്‍ കീരിക്കാടനാകുന്ന ലീഗിന്റെ പരാക്രമങ്ങള്‍ അതിരുവിട്ട്, സ്ഥലത്ത് അധികാരം കയ്യാളുന്ന പോലിസ്സുകാരനായ കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുകയും പിടിച്ചു പറിക്കുകയും ചെയ്യുന്ന നിലയിലെത്തിയിരിക്കുന്നു ഇപ്പോള്‍. ഇനിയും ജോസിനെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റു സമുദായങ്ങളുടെ ഇടയില്‍ നിന്നും ഒരു സേതു മാധവന്‍ ഉദയം ചെയ്യും, അത് ആത്യന്തികമായി ജോസിന്റെ മരണത്തിനും സേതുമാധവന്റെ നാശത്തിനും നിമിത്തമാകുകയും ചെയ്യും. കിരീടം എന്ന സിനിമപോലെ കേരളത്തിലെ രാഷ്ട്രീയ രംഗം ഒരു ദുരന്ത പര്‍വം നേരിടാതിരിക്കുവാന്‍, കേരള രാഷ്ട്രീയത്തിലെ കീരിക്കാടന്മാരെ നിലയ്ക്കുനിറുത്തുവാന്‍ മത നിരപേക്ഷ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.


2012 മാർ 29

ആര്‍ജവം കാട്ടേണ്ടത് ആന്റണി

സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതായത്, അഴിമതിയുടെ കരി സൈന്യത്തിലും പുരണ്ടിട്ടുണ്ടെന്ന്. നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരമായാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ഗാമികള്‍ അത്തരം ഇടപാടുകള്‍ നടത്തിയിരുന്നതായി ഇടനിലക്കാര്‍ പറഞ്ഞതായും അദ്ദേഹം പറയുന്നു. സിംഗിന്റെ വെളിപ്പെടുത്തല്‍ വാസ്തവമാണോയെന്നു കണ്ടുപിടിക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ട്.



സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. വളരെ നല്ലത്. പക്ഷേ, അന്വേഷണം അലസതയില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും ആന്റണിക്കു സാധിക്കണം. ഭരണത്തിന്റെ സമസ്തമേഖലയിലും അഴിമതിയുടെ കറ പുരണ്ടതായ ആരോപണമാണ് യുപിഎ സര്‍ക്കാര്‍ നേരിടുന്നത്. ടു ജി സ്‌പെക്ട്രം അഴിമതിയുള്‍പ്പെടെ ഈ കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട അഴിമതിയാരോപണങ്ങള്‍ നിരവധിയാണ്. ഘടകകക്ഷികളുടെ തെറ്റായ ചെയ്തികളുടെ പേരില്‍ തങ്ങള്‍ പഴി കേള്‍ക്കുകയാണ് എന്ന ന്യായീകരണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ, കോണ്‍ഗ്രസ് തന്നെ നേരിട്ടു ഭരിക്കുന്ന വകുപ്പിലെ അഴിമതി പുറത്തുവരുന്നു.


മറ്റു മേഖലകളിലെ അഴിമതിയുമായി ഏറെ വ്യത്യാസമുള്ളതാണ് പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതി. ആയുധ ഇടപാടുകളിലടക്കം ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വകുപ്പാണത്. ബൊഫോഴ്‌സ് കേസും ശവപ്പെട്ടി വിവാദവും ഉള്‍പ്പെടെ എന്തെല്ലാം അഴിമതിക്കഥകള്‍ സൈന്യവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായി. ഭരിക്കുന്നത് ഏതു പാര്‍ട്ടിയെന്നു നോക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്നതാണ് വാസ്തവം. ഇതിനെല്ലാം അടിസ്ഥാന കാരണമാകുന്നത് രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്ന വലിയ തോതിലുള്ള അഴിമതി തന്നെ. നേതാക്കള്‍ കോടികളുടെ അഴിമതി നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിവരം പ്രതിരോധ മന്ത്രിയെ അറിയിച്ചിരുന്നതായാണ് വി.കെ സിംഗ് വെളിപ്പെടുത്തിയത്. അതായത്, ആദര്‍ശധീരനായ ആന്റണി സംഭവത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. അതു വാസ്തവമാണെങ്കില്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ വലിയ കഴമ്പൊന്നുമുണ്ടാവാന്‍ തരമില്ല.


ആന്റണിയെന്ന നേതാവ് അഴിമതി നടത്തിയെന്ന് പറയാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം നിരന്തരം ആരോപണങ്ങളെ നേരിടുന്നുണ്ടെന്ന സത്യം വിസ്മരിക്കാനുമാവില്ല. എക്കാലവും നേതൃത്വത്തോടു കൂറു പുലര്‍ത്തിയ പാരമ്പര്യമുളള ആന്റണിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.


ടു ജി സ്‌പെക്ട്രം കേസില്‍ രാജയെന്ന മന്ത്രിയെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്താനാണ് മന്‍മോഹന്‍സിംഗ് ശ്രമിച്ചത്. അഴിമതിക്കാരനായ രാജയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേടിലേക്ക് അദ്ദേഹം ചെന്നെത്തി. ബോഫോഴ്സ് കേസിലെ പ്രധാന ഇടനിലക്കാരനായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്രോചി അടക്കമുള്ളവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ട ചരിത്രം വിസ്മരിക്കാന്‍ സാധിക്കില്ല. അത്തരം ഉഡായിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂട.  സമാനമായ സാഹചര്യം ഇവിടെയുമുണ്ടാകുന്നുണ്ടോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബവാഴ്ചയും അപ്രമാദിത്വവും ആദര്‍ശധീരരായ നേതാക്കളെ വരെ ആരോപണങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.


ആന്റണിയുടെ പഴയ സ്വഭാവം അനുസരിച്ചാണെങ്കില്‍ അദ്ദേഹം ഇതിനോടകം മന്ത്രിക്കസേര വലിച്ചെറിഞ്ഞ് കേരളത്തിലെത്തിയേനെ. പക്ഷേ, അദ്ദേഹം ആ സ്വഭാവത്തില്‍ ഏറെ മാറ്റം വരുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്ന നിലയില്‍ വാണരുളുന്ന അദ്ദേഹത്തിന് പഴയതു പോലെ ആദര്‍ശം പറഞ്ഞ് സ്ഥാനം ത്യജിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. അടുത്ത ടേമില്‍ കുറേക്കൂടി ഉയര്‍ന്ന ഏതെങ്കിലും പദവിയിലേക്ക് എത്താനുള്ള അവസരം കളയേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു കാണാനുമാവില്ല.


 മറ്റു മേഖലകളില്‍ നടക്കുന്ന അഴിമതിയേക്കാള്‍ ഗുരുതരമാണ് സൈന്യത്തിലെ അഴിമതി. രാജ്യത്തിന്റെയാകെ സുരക്ഷിതത്വം കയ്യാളുന്ന സൈന്യത്തില്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുക എന്നതിനര്‍ത്ഥം രാജ്യത്തെ ജനങ്ങളെ ഒറ്റുക്കൊടുക്കുക എന്നതു തന്നെയാണ്. ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വാഹനങ്ങളുമായി രാജ്യ സുരക്ഷയ്ക്കിറങ്ങുന്ന സാധാരണ ജവാന്മാരുടെ ജീവനാണ് നഷ്ടമാവുക. മഞ്ഞും മഴയും വെയിലുമൊക്കെ അവഗണിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ ജീവന്‍ വച്ചുള്ള കളിയാണ് എയര്‍കണ്ടീഷന്‍ഡ് മുറികളിലിരിക്കുന്നവര്‍ ചെയ്യുന്നതെങ്കില്‍ അത്തരക്കാരെ വെറുതെ വിടരുത്.


വി.കെ സിംഗ് വാഗദത്ത കൈക്കൂലിയെക്കുറിച്ചാണ് പറഞ്ഞത്. പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതു പോലെയല്ല സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സേനയുടെ സമസ്തമേഖലയിലും ഇടനിലക്കാര്‍ കയറിയിറങ്ങുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയേ തീരൂ. അതിനുള്ള ആര്‍ജവം ആന്റണിക്കുണ്ടാവണം.

2012 മാർ 24

എമ്മെല്ലേയുടെ ആത്മഹത്യ, കാരണം സാമ്പത്തിക പ്രതിസന്ധി.



വാര്‍ത്ത

നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുവരെയുള്ളവരെയാണ്‌ നിയമിക്കുന്നത്‌. അത്‌ അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക്‌ പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക്‌ 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ്‌ ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.


ഒരു സാധാരണ പൗരന്റെ ആത്മഗതം.

പാവപ്പെട്ട പത്ര ഏജന്റുമാര്‍ കമ്മീഷനും അലവന്‍സും വര്‍ധിപ്പിക്കാന്‍ വേണ്ടി മാസങ്ങളായി ആവശ്യപ്പെടുന്നു, ആരും ഗൗനിക്കാത്തതിനേതുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പ്രത്യക്ഷ സമരത്തിലാണ്. അവര്‍ക്കുവേണ്ടി പത്രമുതലാളിമാരോട് സംസാരിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഒരു എമ്മെല്ലേയ്ക്കും സമയമില്ല. അത് കണ്ടില്ലെന്നു നടിച്ച് ഇപ്പോള്‍ തന്നെ അരലക്ഷത്തിനു മുകളില്‍ ലഭിക്കുന്ന അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും,അതിനു മുകളില്‍ വീണ്ടും എന്തെല്ലാം അലവന്‍സുകള്‍ കൂട്ടിച്ചേര്‍ക്കാമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത ബില്ല് പാസക്കാന്‍ എന്തൊരു വേഗം, എന്തൊരു ഒത്തൊരുമ.


മുല്ലപ്പെരിയാര്‍ ദുരന്ത മുന്നറിയിപ്പ്, നേഴ്സുമാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനുള്ള നടപടി,മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയല്‍, കുറ്റവാളികളെ പിടികൂടി കൃത്യമായ തെളിവുകളോടെ ശിക്ഷ ഉറപ്പുവരുത്തല്‍,  കുടിവെള്ള വിതരണം സംബന്ധിച്ച തീരുമാനങ്ങള്‍, നഗര മാലിന്യ നിര്‍മാര്‍ജനം, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം, വ്യാജ മരുന്നുകള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം, വിലക്കയറ്റം, നഗരങ്ങളിലെ ഗതാഗത / പാര്‍ക്കിങ് പ്രശ്നങ്ങള്‍, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മ, ഗ്രാമ പ്രദേശങ്ങളിലെ വോള്‍ടേജ് ക്ഷാമം, തുടങ്ങി അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ മാറ്റിവെച്ച് നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും പാസാക്കുവാന്‍ തക്കവണ്ണം എന്ത് അടിയന്തിര പ്രാധാന്യമാണ് അതിനുള്ളത്?

കൃഷി നശിച്ച് കടം പെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരേക്കാള്‍ പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലാണോ കേരളത്തിലെ എമ്മെല്ലേമാര്‍?


നാമമാത്രമായി വിതരണം ചെയ്യുന്ന വികലാംഗ,കര്‍ഷകത്തൊഴിലാളി, വിധവാ പെന്‍ഷനുകള്‍ വ്ര്‍ധിപ്പിക്കുവാനും അവ കൃത്യമായി വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുവാനും കൂടി നമ്മുടെ ജനപ്രതിനിധികള്‍ ഈ ഉല്‍സാഹവും ഒത്തൊരുമയും പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

2012 മാർ 20

തളര്‍ച്ചയിലേക്കു നയിക്കുന്ന ബജറ്റ്

വിവിധ രംഗങ്ങളില്‍ കുത്തനെയുള്ള വിലക്കയറ്റത്തിനു വഴിതുറക്കുകയും, അതേസമയം, തൊഴില്‍രഹിതരുടെ ജീവിത സ്വപ്‌നങ്ങള്‍ക്കു കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് എന്നു പറയേണ്ടിയിരിക്കുന്നു.


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തിയ നടപടിയിലൂടെ സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ അധിക്ഷേപിക്കുകയാണു സര്‍്ക്കാര്‍ ചെയ്തത്. 55 വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നവരുടെ ഒഴിവിലേക്ക് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന്് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് സര്‍ക്കാര്‍ ചവിട്ടിയരച്ചത്. പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണു ബജറ്റ്. സര്‍ക്കാരേതര മേഖലകളിലും തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളില്ല. അതേസമയം തന്നെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.


സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറുന്നതോടെ പണിയെടുക്കാതെ ശമ്പളം കൈപ്പറ്റുക, ആവശ്യത്തിനു കൈക്കൂലി വാങ്ങുക എന്നി നേട്ടങ്ങള്‍ ഏറെക്കാലമായി അനുഭവിച്ചു വരുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി അതിനുള്ള അവസരം നല്‍കിക്കൊണ്ട് മന്ത്രി മാണി നടത്തിയ ബജറ്റ് പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ മുഖത്തുള്ള അടി തന്നെയാണ്. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലൂടെ അസംഘടിതരായ തൊഴില്‍രഹിതരെ സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ലെന്നു വ്യക്തമാകുന്നു.


വിദ്യാഭ്യാസ മേഖലയിലും ഗുണപരമായ നിര്‍ദേശങ്ങളൊന്നും ഇല്ല. വിവിധ മേഖലകളിലെ നികുതി വര്‍ധിപ്പിച്ചതിലൂടെ കടുത്ത വിലക്കയറ്റത്തിനുള്ള പശ്ചാത്തലമൊരുക്കുകയാണു ചെയ്തിരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിനു മേല്‍ പുതിയ ഭാരം കെട്ടിയേല്‍പ്പിച്ചുള്ള ബജറ്റാണ് മാണിയുടെ പത്താം ബജറ്റെന്നത് തികച്ചും ഖേദകരം തന്നെ. വാഹനങ്ങളുടെ റോഡ് ടാക്‌സ് വര്‍ധനയുടെ പരിണതഫലം വിലക്കയറ്റമാകും. അതു മനസിലാക്കാന്‍ സാമ്പത്തിക വിദഗ്ധരാകേണ്ട ആവശ്യമില്ല. കണക്കുകളുടെ കളികളിലൂടെയല്ല ജനങ്ങളുടെ ജീവിതം മുന്നേറുന്നതെന്ന് മനസിലാക്കാന്‍ പരിണതപ്രജ്ഞനെന്നു നടിക്കുന്ന മാണിക്കു സാധിച്ചില്ല.


കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, സേവന തീരുവകളില്‍ വരുത്തിയ വര്‍ധന തന്നെ വിലക്കയറ്റത്തിലേക്കുള്ള വഴിയാണു തുറന്നത്. അതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അടിയേല്‍ക്കേണ്ട അവസ്ഥയായി കേരളീയര്‍ക്ക്. കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും സംസ്ഥാന ബജറ്റെന്ന പ്രതീക്ഷയാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. വാറ്റിലുണ്ടാക്കിയ വര്‍ധനയിലൂടെ മിക്ക സാധനങ്ങളുടെയും വില കൂടുമെന്നു തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കും സാധിക്കും. വിവിധ ഉത്പാദന മേഖലകളിലുണ്ടാകുന്ന നികുതി വര്‍ധന സാധനവിലയുടെ രൂപത്തില്‍ ജനങ്ങളിലേക്കാകും നേരിട്ടെത്തുക. അതിലൂടെ ജനജീവിതം കൂടുതല്‍ ദുരിതമയമാവുകയേയുള്ളൂ.


ജില്ലാ ആസ്ഥാനങ്ങളില്‍ ഹെലികോപ്ടറുകള്‍ ഇറക്കിയാല്‍ പരിഹരിക്കാവുന്നതല്ല പട്ടിണിക്കാരന്റെ വിശപ്പ്. മാണിയെപ്പോലുള്ള നേതാക്കള്‍ക്ക് വീട്ടുമുറ്റത്ത് ഹെലികോപ്ടറിറക്കുന്നതിലാകും താത്പര്യം. കുണ്ടും കുഴിയുമായിക്കിടക്കുന്ന സംസ്ഥാനത്തെ വാണിജ്യ പാതകളിലൂടെ സഞ്ചരിക്കാതെ ബന്ധുക്കള്‍ നടത്തുന്ന പഞ്ച നക്ഷത്ര റിസോര്‍ട്ടുകളില്‍ താമസക്കാരെ എത്തിക്കാന്‍ എളുപ്പമാകുമല്ലോ? പക്ഷേ, കോടികള്‍ കണ്ടിട്ടു പോലുമില്ലാത്ത ഇവിടുത്തെ സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറയുകയാണ് ആവശ്യം. അതു മനസിലാക്കാന്‍ സാധിക്കാത്ത സമ്പന്നരുടെ ബജറ്റാണ്  അവതരിപ്പിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍. അതെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെടാതെ അവതരിപ്പിച്ച ബജറ്റിലൂടെ സര്‍ക്കാര്‍ ആരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മാത്രം മനസിലാവുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ പോലും ഒരൊറ്റ പദ്ധതിയില്ലാതെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചത് എന്തുതരം വികസനക്കുതിപ്പാണ് നാടിനു നല്‍കുക ?


കാര്‍ഷിക മേഖലയില്‍ കനത്ത തളര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ലെന്നതാണു വാസ്തവം. ഹൈടെക് രീതിയിലുള്ള കൃഷിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് അത് ആശ്വാസം പകരുന്നതേയില്ല. കടക്കെണിയിലായ കര്‍ഷകരെ കൈപിടിച്ചു സഹായിക്കേണ്ട സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ നവീന സാങ്കേതിക വിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തിയിരിക്കുന്നു.  ഫേസ്ബുക്കില്‍ ഫാംവില്ലി കളിച്ചാല്‍ കര്‍ഷകര്‍ക്കു മികച്ച വിളവ് ലഭിക്കുമോ? മികച്ച വിപണി വില ലഭിക്കുമോ? കയറ്റുമതി വര്‍ധിക്കുമോ? പശ്ചാത്തലമേഖലയെ സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും ബജറ്റിലുണ്ട്. പരിധി വിട്ടുള്ള സ്വകാര്യവത്കരണം നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട് കാര്യങ്ങളെല്ലാം പാടെ വിസ്മരിച്ചതായി ബജറ്റിന്റെ ഒറ്റനോട്ടത്തിലുള്ള വിശകലനത്തില്‍ കാണാന്‍ സാധിക്കും. സമസ്തമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖലയ്ക്ക് കടന്നു കയറാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന അപകടകരമായ നയസമീപനം കേരളത്തെ എവിടെയാണു കൊണ്ടുചെന്നെത്തിക്കുക എന്ന് സര്‍ക്കാര്‍ ആലോചിക്കണം.


കോടിക്കണക്കായ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലെ മാലിന്യ സംസ്കരണത്തിന് അഞ്ചു കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. അതിലും എത്രയോ ഇരട്ടി വരുമാനം സര്‍ക്കാരിന് ഓരോ വര്‍ഷവും നേടിത്തരുന്ന തീര്‍ത്ഥാടനകേന്ദ്രമാണു ശബരിമല. അവിടത്തെ അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് സര്‍ക്കാര്‍ പാലിക്കുന്ന മൗനം പ്രതിഷേധാര്‍ഹം തന്നെ.


ഇന്നലെ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ അതു മാധ്യമങ്ങള്‍ക്കു ലഭിച്ചതും തികച്ചും തെറ്റായിപ്പോയി. പ്രതിപക്ഷം ഇതേച്ചൊല്ലി ബഹളമുണ്ടാക്കിയതിനെ തെറ്റാണെന്നു വിശേഷിപ്പിക്കാനാവില്ല. ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ തലേന്നു തന്നെ പത്രങ്ങളില്‍ വന്നു എന്നത് രാഷ്ട്രീയക്കാരുടെ പ്രശസ്തിക്കു വേണ്ടിയുള്ള കുതന്ത്രം മാത്രമാണെന്നു കരുതാം. അതേ സമയം ബജറ്റിന്റെ ഉള്ളടക്കം തല്‍പര കക്ഷികളായ വാണിജ്യ കേന്ദ്രങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നങ്ങള്‍ ചെറുതായി കാണാവുന്നതല്ല, പ്രത്യേകിച്ചും നികുതി നിരക്കുകള്‍ വ്യാപകമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉല്‍ക്കൊള്ളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റിന്റെ ഉള്ളടക്കം  അത് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ചോര്‍ന്നുകിട്ടിയിട്ടുള്ള വന്‍‌കിട കുത്തക വ്യാപാരികള്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് പരമാവധി സ്റ്റോക്ക് സംഭരിച്ച് പൂഴ്ത്തി വച്ചുകൊണ്ട് തങ്ങള്‍ക്ക് ലഭിച്ച "ക്ലൂ" നന്നായി മുതലെടുത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഏതായാലും വളരെ നിസാരമായ കുറേ ആനുകൂല്യങ്ങള്‍ പ്രത്യക്ഷത്തില്‍ കാണാമെങ്കിലും, പൊതുവില്‍ കേരള ബജറ്റിന്റെ ആകെത്തുക വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുക എന്നതു തന്നെ ആയിരിക്കും.  സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കുറേ നല്ല കാര്യങ്ങളുണ്ട്. അത്തരം പ്രതീക്ഷകള്‍ ഇനിയും വച്ചു പുലര്‍ത്തേണ്ടതില്ല എന്നതിന്റെ തെളിവായി ഈ ബജറ്റിനെ വിലയിരുത്താം.

2012 മാർ 10

പ്രതിബദ്ധത

പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനും കച്ചവട താത്പര്യങ്ങള്‍ക്കുമെല്ലാം ഉപരിയായി ജനക്ഷേമത്തെ കണ്ടിരുന്ന നേതാക്കളുടെ തലമുറ കൊഴിഞ്ഞു പോയി എന്നതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ രാജി.


അതിലൂടെ പിറവത്ത് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണ രംഗത്ത് ഇടതുപക്ഷം നേടിയ മേല്‍ക്കൈ വാത്തയാകുന്നതിനു തടയിടാനും ചര്‍ച്ചകള്‍ വഴിമാറ്റിക്കൊണ്ട് ജനവികാരം മൂടിവെക്കുവാനും, പണംവും മദ്യവും വിതരണം ചെയ്ത് വോട്ട് പിടിക്കാനുള്ള ശ്രമം നടക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും  യൂഡിയെഫ് നേതാക്കള്‍ക്കും മനോരമാദി മാധ്യമങ്ങള്‍ക്കും സാധിച്ചു.


പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയെന്ന നിലയില്‍ സഹതാപം ആര്‍ജിക്കാമെന്നു കരുതിയായിരിക്കണം അദ്ദേഹം രാജി വച്ചത്. അതേസമയം  പണത്തിനോ സമാനമായ മറ്റെന്തെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദനായി വലതു പാളയത്തിലേക്ക് നേരിട്ട് പോയാല്‍ കൂറുമാറ്റ നിയമ പരിധിയില്‍ പെടും എന്നു മനസിലാക്കാന്‍ ശെല്‍വരാജിനോ ഈ നാടകം സംവിധാനം ചെയ്ത ധര്‍മപുത്രന്മാര്‍ക്കോ കാഴ്ചക്കാര്‍ മാത്രമായി പോയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ അധികം തലപുകക്കേണ്ട ആവശ്യമില്ല.


ഇത്തരം രാഷ്ട്രീയ നാടകങ്ങളേക്കാള്‍ എത്രയോ മുകളിലാണ് ജനങ്ങളുടെ ജീവിതം. അതു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടയാളായിരുന്നു ശെല്‍‌വരാജ്. അതിനു പകരം, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാജിവച്ചതിലൂടെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിരയായി നിന്നു വോട്ടു ചെയ്തു തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധിയില്‍ നിന്നു പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതിന്റെയെല്ലാം തകര്‍ച്ചയാണ് ഇവിടെ കാണുന്നത്.


ജനപ്രതിനിധിയുടെ അന്തിമമായ കൂറ് ജനങ്ങളോടായിരിക്കണം. പാര്‍ട്ടിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് അവിടെയാണു തീര്‍ക്കേണ്ടത്. രാജി വെക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നതു സത്യം. എന്നാല്‍, അതിനു കാതലായ കാരണമുണ്ടാകണം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പ്രതിനിധി ആക്കിയില്ല എന്നത് നിയമസഭാംഗത്വം രാജി വെക്കാന്‍ തക്ക കാരണമാണ്  എന്നു വിശ്വസിക്കുന്നവരല്ല കേരളീയര്‍. അതു മനസിലാക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സാധിക്കണം. ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ചു പോലും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാണോ നമ്മുടെ ജനപ്രതിനിധികളെന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നു. തെരഞ്ഞെടുപ്പു നടത്തുന്നതിന് ഇടയ്ക്കിടെ അവസരമൊരുക്കുന്നതിലൂടെ നാടിന്റെ ഖജനാവു തന്നെയാണ് ചോരുന്നത്. സര്‍ക്കാരിന്റെ പണം എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ പണമാണ്. നികുതിയായും മറ്റും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പണം തോന്നിയതു പോലെ ചെലവാക്കുന്ന സര്‍ക്കാര്‍ ശൈലി തന്നെ വിമര്‍ശനവിധേയമാണ്. അതിനിടയിലാണ് അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തയച്ച ജനപ്രതിനിധി പണത്തിനോ  പ്രലോഭനങ്ങള്‍ക്കോ വശംവദനായി  രാജിവെക്കലിലൂടെ അധികഭാരം കെട്ടിയേല്‍പ്പിക്കുന്നത്.


ധാര്‍മികമായും നൈതികമായും ഇത്തരം രാജികള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. എന്തു കാരണത്തിന്റെ പേരിലായാലും ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നതിനു കൂട്ടു നില്‍ക്കുന്നത് പൊതുപ്രവര്‍ത്തകര്‍ക്കു ഭൂഷണമല്ല. ശെല്‍വരാജിന് തന്റെ പരാതി പാര്‍ട്ടിയോടു പറയാമായിരുന്നു. പാര്‍ട്ടി സമ്മേളനത്തിനു പ്രതിനിധിയാക്കിയില്ലെന്ന കാരണം പറഞ്ഞ് ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തം നിസാരമായി തള്ളിക്കളയുന്നത് ശരിയല്ല. ഓരോ ജനപ്രതിനിധിയെയും തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഓരോ വിജയവും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരിയായി നിന്ന് വോട്ടു ചെയ്യുക എന്നത് ജനങ്ങളുടെ കര്‍ത്തവ്യമാണെന്നും, ജയിച്ചു കഴിഞ്ഞാല്‍ അവരെ പരിഗണിക്കേണ്ടതില്ലെന്നും നേതാക്കള്‍ക്കു തോന്നലുണ്ട്. ഇവിടെ നടക്കുന്നതും അതു തന്നെ. ജനങ്ങളുമായി എന്തെങ്കിലും ബന്ധം പുലര്‍ത്താത്ത ജനപ്രതിനിധികള്‍ ഇവിടെയുണ്ട്. അവരും മാസം തോറും സര്‍ക്കാരില്‍ നിന്നു പണം കൈപ്പറ്റുന്നു.


രാജി വെച്ചു പോകുന്നവര്‍ രാജിക്കുള്ള പ്രതിഭലമായി കിട്ടിയെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന വന്‍‌തുകയില്‍നിന്നും ഒരു ചെറിയ ഓഹരി മാറ്റിവെച്ച്, ജനപ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നുംഇതേവരെ കൈപ്പറ്റിയ തുക കൂടി തിരിച്ചടയ്ക്കുന്നതാണു മാന്യത. അതിനു തയാറല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമനിര്‍മാണം നടത്തേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള കടമ നിറവേറ്റാത്ത ജനപ്രതിനിധികളുടെയെല്ലാം സ്വത്തുക്കള്‍ ഈ വിധത്തില്‍ കണ്ടുകെട്ടുമെന്നു വന്നാല്‍ മാത്രമേ ഇത്തരം ധിക്കാരങ്ങള്‍ അവസാനിക്കൂ.


ജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുകയെന്ന ഉദാത്തമായ സങ്കല്പത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചില നേതാക്കള്‍. അക്കൂട്ടത്തിലേക്ക് ഇത്തരം രാജിനാടകങ്ങള്‍ കൂടിയാകുമ്പോള്‍ ജനങ്ങള്‍ അന്തിച്ചു നില്‍ക്കേണ്ടി വരുന്നു. നെയ്യാറ്റിന്‍കരയിലെ എംഎല്‍എ രാജി വച്ചാല്‍ നാടു തകരുകയൊന്നുമില്ല. പക്ഷേ, അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യം കാണാതിരുന്നുകൂടാ. അങ്ങനെ വരുമ്പോള്‍ എത്രയെത്ര ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അത് എവിടെ നിന്നു കണ്ടെത്തും? ജനങ്ങളുടെ നികുതിപ്പണം ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ?


പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് അവിടെ നിന്നുള്ള ജനപ്രതിനിധി മരിച്ച കാരണത്താലാണ്. അതില്‍ തെറ്റു പറയാനാവില്ല. മരണം ആരും കരുതിക്കൂട്ടി വരുത്തി വെക്കുന്നതല്ല. പക്ഷേ, ജനങ്ങളുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തോന്നുമ്പോഴൊക്കെ സ്ഥാനത്യാഗം നടത്തുന്ന രീതി ആര്‍ക്കു വേണ്ടിയാണ്? പാര്‍ട്ടിയില്‍ എന്തെങ്കിലും പരിഗണന ഇല്ലാത്ത വ്യക്തിയായിരുന്നെങ്കില്‍ അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമായിരുന്നില്ലല്ലോ. അതെങ്കില്‍ ഓര്‍മിക്കാമായിരുന്നു. എംഎല്‍എയോ എംപിയോ ആകുന്നതോടെ ജനങ്ങള്‍ക്കു മീതേയാണ് തങ്ങളുടെ സ്ഥാനമെന്നു കരുതുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്നതാണു വാസ്തവം. തികച്ചും ജനവിരുദ്ധമെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തുവന്ന വന്‍ അഴിമതികളിലൂടെ ഭരണകര്‍ത്താക്കള്‍ കൈക്കലാക്കിയ പൊതുമുതല്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അധികാരം നില നിര്‍ത്തുന്നതിനാവശ്യമായ പ്രീണന നടപടികള്‍ക്കും കൂടി ഉപയോഗപ്പെടുത്തുന്നു എന്നത് സംശയലേശമന്യെ ഉറപ്പിക്കുന്ന സംഭവമായി ശെല്‍‌വരാജിന്റെ രാജി നാടകം


സ്വന്തം അധികാര കസേര സം‌രക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തരം താണ കുതിരക്കച്ചവടങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ പൊതുജനം നിലവിലുള്ള ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അവിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു.


തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ചില ഉപാധികള്‍ക്കു വിധേയരായിരിക്കണമെന്നതിന്റെ സൂചനയാണ് ഇത്തരം നീക്കങ്ങള്‍. അടിയന്തരമായി നിയമഭേദഗതിയിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം അനാവശ്യ സാമ്പത്തിക ഭാരങ്ങള്‍ ഒഴിവാക്കിയേ തീരൂ.
 

2012 മാർ 7

പൊളിഞ്ഞു പോയത് രാഹുല്‍ മാജിക്

രാഹുല്‍ ഗാന്ധിയും സംഘവും രണ്ടു വര്‍ഷത്തോളമായി യുപിയില്‍ ക്യാമ്പു ചെയ്തു പരിശ്രമിച്ചത് ഈ മോശം ഫലത്തിനു വേണ്ടിയായിരുന്നില്ല. പക്ഷേ, ജനം രാഹുലിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയോ കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ ചെയ്തില്ല. രാഹുല്‍ മാജിക് വെറും റോഡ് ഷോ മാത്രമായി മാറുകയും ചെയ്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് പ്രതിഫലിച്ചത്.


പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിനും കാരണം യുപിഎ സര്‍ക്കാരിന്റെ മങ്ങിയ പ്രതിഛായ തന്നെ. യുപിയില്‍ 2007ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം നേട്ടമെന്നാണ് കോണ്‍ഗ്രസ് ആശ്വസിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ ഇവിടെ 22 മണ്ഡലങ്ങളില്‍ ജയിച്ചിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയത്ര സീറ്റുകള്‍ പോര.


രാഹുലിന്റെ സംഘടനാ പുനഃസംവിധാനവും ഹൈടെക് പ്രചാരണവും ജനങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നു. ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ഉയര്‍ത്തിക്കാണി്ക്കാന്‍ ഇനി പാര്‍ട്ടി വേഗം മുതിര്‍ന്നേക്കില്ല.


ടുജി അടക്കമുള്ള വന്‍ അഴിമതികളുടെ ഘോഷയാത്രയായിരുന്നു 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ കണ്ടത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിരവധി പദ്ധതികള്‍ കൊണ്ടുവന്ന ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാം യുപിഎ രണ്ടാം സര്‍ക്കാരിന്റെ സ്ഥിതി. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കൂടിയായി ഇതു മാറി.  ഉത്തര്‍പ്രദേശില്‍ മായാവതിയുടെ തന്നിഷ്ട  ഭരണത്തിനും അഴിമതിക്കുമെതിരായ ശക്തമായ ജനവികാരമുണ്ടായിരുന്നു. പഞ്ചാബില്‍ അകാലി-ബിജെപി സഖ്യ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന് സംഘടനാപരമായ കാരണങ്ങളുണ്ടെങ്കിലും അവരല്ല പകരം വരേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചു.


രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത യുപിഎ സര്‍ക്കാരിന്റെ നടപടി കാര്‍ഷിക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗോവയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയാണ് ജനവിധി. ബിജെപിയെ ജനം വരിച്ചത് അവരോടുള്ള താല്‍പര്യം കൊണ്ടോ അതോ കോണ്‍ഗ്രസിന്റെ വീഴ്ച മൂലമോ എന്നാണ് വ്യക്തമാകേണ്ടത്. മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസിക്കാനുള്ളത്. പക്ഷേ, യുപിയിലെയും പഞ്ചാബിലെയും നഷ്ടത്തിന് അതു പകരമാകുന്നേയില്ല.

കൂനിന്മേല്‍ കുരു:

അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. ലിറ്ററിന്‌ അഞ്ചുരൂപ വര്‍ധിപ്പിക്കാനാണു നീക്കം.


കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത്, കേരളഭൂഷണം

2012 മാർ 5

പകപോക്കലിലുമുണ്ടാകണം നീതിബോധം

രാഷ്ട്രീയത്തില്‍ പരസ്പരം പകയും വൈരാഗ്യവുമൊക്കെയുണ്ടാവുക സ്വാഭാവികം. എന്നാല്‍, അത്തരം പകപോക്കലുകള്‍ക്ക് നീതിയുടെ പരിവേഷമെങ്കിലുമുണ്ടാവണം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരേയുള്ള സര്‍ക്കാരിന്റെ തിടുക്കപ്പെട്ട നടപടികള്‍ അല്പം അനീതിയാണെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.


ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐസിടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് നിയമസഭാസമിതി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്ത വന്നിരുന്നു. അന്വേഷണത്തിന്റെ വിശ്വാസ്യതയെയോ ന്യായാന്യായങ്ങളെയോ കുറിച്ചല്ല ഇവിടെ ചിന്തിക്കേണ്ടത്. എട്ടാം തീയതി മാത്രം സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനിരിക്കുന്ന ഒരു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അതിനും വളരെ മുമ്പേ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തി എന്നത് തികച്ചും അനുചിതമായ രാഷ്ട്രീയ തന്ത്രമായിപ്പോയി എന്നു പറയാതിരിക്കാനാവില്ല.


അന്വേഷണത്തിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുന്നതും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമാണ് സാമാന്യേനയുള്ള രീതി. അതിനു വിരുദ്ധമായി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിഎസിന്റെ ആവശ്യം തികച്ചും ന്യായം തന്നെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, അതിനുമുണ്ടാവണം സ്വാഭാവിക നീതിയുടെ മുഖം. പകപോക്കലിന് അനീതിയുടെ ഭാവമുണ്ടായിക്കൂടാ. ഇവിടെ സംഭവിക്കുന്നത് അതാണ്.


റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതിനു പിന്നാലെ അരുണ്‍കുമാറിനെതിരേ നടപടിയുമുണ്ടായി. ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായ അദ്ദേഹത്തില്‍ നിന്ന് ഐടി വിഭാഗത്തിന്റെ ചുമതല എടുത്തു മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഐടി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. എട്ടാം തീയതി സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരുന്നു നടപടിയെങ്കില്‍ ആരും കുറ്റപ്പെടുത്തുമായിരുന്നില്ല. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അനര്‍ഹമായാണ് അരുണ്‍കുമാര്‍ സ്ഥാനങ്ങള്‍ നേടിയതെങ്കില്‍ അത് തിരുത്തപ്പെടേണ്ടതു തന്നെ. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. പക്ഷേ, ഈ തിടുക്കം വേണ്ടായിരുന്നു.


നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ തിടുക്കപ്പെട്ടു സ്വീകരിച്ച നടപടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭാതലത്തിലുണ്ടാക്കിയേക്കാവുന്ന അസ്വാരസ്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരുന്നു. ജനോപകാരപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപ്പാക്കാനും വേണ്ടി ചേരുന്ന നിയമസഭയുടെ അന്തരീക്ഷം രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കു വഴിമാറുകയെന്ന പതിവ് ഇത്തവണയെങ്കിലും ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. അതിനിടയിലാണ് പുതിയ വിവാദം ഉയരുന്നത്. ഇതോടെ ഈ സമ്മേളനവും ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംയുക്തമായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതെല്ലാം മാറ്റിവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പോര്‍വിളികളും പ്രസ്താവനകളും ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക? ഏതായാലും ജനങ്ങള്‍ക്കല്ല. നേതാക്കള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ടാകാം. അതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമസഭയെ ദുരുപയോഗം ചെയ്യരുത്.


വിഎസിന്റെ മകനെതിരായ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതിനര്‍ത്ഥം വിഎസിനെ എതിര്‍ക്കാന്‍ മകനെ ബലിയാടാക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചു എന്നു തന്നെയാണ്. അതാണ് ശരിയല്ലാത്ത മാര്‍ഗം. വിഎസോ എംഎ ബേബിയോ ക്രമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടിലുണ്ടാവും. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുമെടുക്കാം. അതാണ് അന്തസുള്ള രീതി.


അഴിമതിക്കാരനായ തങ്ങളുടെ പ്രിയ നേതാവിനെ ജയിലില്‍ അടക്കുവാന്‍ കാരണക്കാരനായ വീയെസിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതും തിടുക്കപ്പെട്ടു നടപടിയെടുത്തതുമെന്നു കരുതേണ്ടിയിരിക്കുന്നു. വിഎസ്  ഒരിക്കലും എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ചല്ല കോടതികളിലേക്കു പോയത്. ഭരണത്തിലിരിക്കെ ചെയ്ത അഴിമതിയെക്കുറിച്ച് അന്വേഷണമുണ്ടാവുമ്പോള്‍ വേവലാതിയുണ്ടാവുക സ്വാഭാവികം. ഭരണകാലം എത്ര വര്‍ഷം മുമ്പ് എന്നത് ചെയ്ത തെറ്റിനുള്ള ന്യായീകരണമേയല്ല. ജയിലില്‍ പോകേണ്ടവര്‍ പോവുക തന്നെ വേണം.



ഇവരാരും മൂലധനം മുടക്കിയല്ല രാഷ്ട്രീയത്തിലിറങ്ങിയതും മന്ത്രിമാരായതും. ജനങ്ങള്‍ക്കു മുന്നില്‍ പ്രസംഗിച്ചും അണികളെ പിടിച്ചു നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞും മാത്രം അധികാരം പിടിച്ചെടുത്തവര്‍ അവിടെയിരുന്ന് നടത്തുന്ന കൊള്ളകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയക്കാരനായതുകൊണ്ടു മാത്രം അദ്ദേഹത്തിന് അഴിമതിക്കെതിരേ പോരാടാനുള്ള അവകാശമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതു ചോദ്യം ചെയ്യാനും ഇവിടുത്തെ ഓരോ പൗരനും അവകാശമുണ്ട്.


ജയിലിലേക്ക് കോടതി ശിക്ഷിച്ചയയ്ക്കുന്നവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുന്ന രാഷ്ട്രീയമാണ് നിലവിലുള്ളത്. ഇത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങള്‍ക്കും എതിരു തന്നെ. കുറ്റക്കാരെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുന്നവര്‍ക്ക് സുഖജീവിതത്തിനുളള അവസരമൊരുക്കുന്നവരെയും അഴിമതിക്കാരുടെ പട്ടികയില്‍ പെടുത്തേണ്ടിയിരിക്കുന്നു. വിഎസ് ഏതെങ്കിലും നേതാക്കള്‍ക്കെതിരേ കോടതിയില്‍ പോയെങ്കില്‍, അതേ കോടതിയില്‍ത്തന്നെ അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരവുമുണ്ടായിരുന്നു. വിഎസ് പറയുന്നതു മാത്രം കേട്ടല്ല കോടതി വിധി പ്രസ്താവിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചവരെ രക്ഷിക്കാന്‍ അപ്പീലിനു പോകുന്ന സര്‍ക്കാര്‍ ശൈലിയാണ് തിരുത്തേണ്ടത്.


വിഎസ് എന്നല്ല, ഒരു നേതാവും ജനങ്ങളില്‍ നിന്നു വ്യത്യസ്തരല്ല. അക്കാരണത്താല്‍ത്തന്നെ വിഎസിനെതിരേ നടത്തുന്ന പകപോക്കല്‍ ഇവിടുത്തെ ജനങ്ങള്‍ക്കെതിരായ നീക്കമാണെന്നു പറയേണ്ടിവരും. അരുണ്‍കുമാറിന് ക്രമം വിട്ടു നിയമനം നല്‍കിയെങ്കില്‍ അതേക്കുറിച്ച് നടപടിയെടുക്കാന്‍ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. നിയമങ്ങള്‍ക്കു മേലേയാണ് തങ്ങളുടെ സ്ഥാനമെന്ന് ഒരു രാഷ്ട്രീയക്കാരനും കരുതരുത്. പകപോക്കലല്ല, നിയമവിധേയമായി പ്രവര്‍ത്തിക്കലാണ് ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ ഉത്തരവാദിത്വം.

2012 മാർ 4

നിയമം നടപ്പാക്കല്‍ നീതിയുക്തമാകണം

മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷയാകും പുതിയ നിയമപ്രകാരം ലഭിക്കുക. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നതിലൂടെയാണ് ദിനംപ്രതി നാട്ടില്‍ ദുരന്തങ്ങളുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പുതിയ അപകടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ഇതില്‍ ഏറെയും ഡ്രൈവിംഗിലെ പിഴവുമൂലം ഉണ്ടാകുന്നതാണെന്നതാണു വാസ്തവം.

അമിതവേഗവും ഗതാഗത നിയമങ്ങളുടെ പരസ്യമായ ലംഘനവും ഇവിടെ നടക്കുന്നു. അതെല്ലാം തടയാന്‍ ചുമതലപ്പെട്ടവരാകട്ടെ തികഞ്ഞ അലംഭാവം പ്രകടിപ്പിക്കുകയും. മുമ്പുണ്ടായിരുന്നതില്‍ നിന്ന് അപകടങ്ങളുടെ സംഖ്യ പതിന്മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിലെ കുഴപ്പങ്ങള്‍ മാത്രമല്ല ഇപ്പോള്‍ അപകടമുണ്ടാക്കുന്നത്. ശ്രദ്ധാപൂര്‍വം വാഹനമോടിക്കുന്നവരും അപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതിനു കാരണക്കാരായി തീരുന്നത് അശ്രദ്ധരായ മറ്റു ഡ്രൈവര്‍മാര്‍ തന്നെ.


മദ്യപിച്ച് വാഹനം ഓടിക്കുന്നതു നിരോധിച്ചുള്ള നിയമം പണ്ടു മുതലേയുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ആരും അതിനോടു വലിയ താത്പര്യമൊന്നും കാണിച്ചിരുന്നില്ല. മാസാവസാനം പെറ്റിക്കേസ് തികയ്ക്കാന്‍ വഴിയിലിറങ്ങി നില്‍ക്കുന്ന പൊലീസുകാര്‍ മാത്രമാണ് വല്ലപ്പോഴുമെങ്കിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടിയിട്ടുള്ളത്. അതു തന്നെ പ്രമുഖരോ പ്രശസ്തരോ അല്ലാത്തവരെ മാത്രം. നിലവിലുള്ള നിയമങ്ങള്‍ തന്നെ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നവര്‍ പുതിയ നിയമങ്ങള്‍ ഏതു വിധത്തില്‍ പ്രായോഗികതലത്തിലെത്തിക്കും എന്നതു കണ്ടറിയുക തന്നെ വേണം.


മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നത് ഫാഷനായി കരുതുന്നവരാണ് യുവാക്കള്‍. പുതിയ നിയമപ്രകാരം അങ്ങനെ കണ്ടെത്തുന്നവരില്‍ നിന്ന് ആദ്യതവണ 500 രൂപയും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപ വരെയും പിഴ ചുമത്താനുള്ള വ്യവസ്ഥയാണുള്ളത്. ഈ ചട്ടമെങ്കിലും കര്‍ശനമായി നടപ്പാക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തമായി മാത്രമല്ല അപകടം വരുത്തി വയ്ക്കുന്നത്. കൃത്യമായ നിയമങ്ങള്‍ അനുസരിച്ചും മിതമായ വേഗത്തിലും വാഹനം ഓടിച്ചു പോകുന്ന മറ്റുളളവര്‍ക്കും അപകടം വരുത്തി വെക്കുന്നു. ഇത് ഗുരുതരമായ കുറ്റമാണ്. അങ്ങനെയുണ്ടാകുന്ന അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ കൊല്ക്കുറ്റം തന്നെ ചുമത്തേണ്ടതാണ്.


റോഡുകളില്‍ നിയമം ലംഘിച്ച് അപകടമുണ്ടാക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും എതിരേ സമാനമായ കടുത്ത കുറ്റം ചുമത്താന്‍ തീരുമാനിച്ചാല്‍ അപകടങ്ങള്‍ കുറേ ഒഴിവാക്കാനാകും. ഇത് എത്രത്തോളം പ്രായോഗികമെന്നത് അതു നടപ്പാക്കാന്‍ ചുമതലപ്പെടുത്തുന്നവരെ ആശ്രയിച്ചിരിക്കും എന്നു മാത്രം. നിത്യേനയെന്നോണം റോഡപകടങ്ങള്‍ പെരുകുന്ന കാലത്ത് ഇത്തരം കടുത്ത നിയമങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും കര്‍ശനമായ നിയമങ്ങളും വഴി മാത്രമേ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാകൂ. ഏതു നിയമവും നടപ്പാക്കുമ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടാകും. അതു സ്വാഭാവികം. പക്ഷേ, അത്തരം എതിര്‍പ്പുകള്‍ അധികകാലം ഉണ്ടാവില്ല.


ഇതേസമയം, നിയമം നടപ്പാക്കലിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുകയുമരുത്. നിലവില്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുള്‍പ്പെടെയുള്ള നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ കാമ്പുള്ളതു തന്നെയായിരുന്നു. വാഹന പരിശോധനയ്ക്ക് റോഡില്‍ ഇറങ്ങി നിന്ന പൊലീസുകാര്‍ നിയമത്തിനു മേലെ കൈക്കൂലിയെന്ന സങ്കല്പം വച്ചു പുലര്‍ത്തിയതു തന്നെയായിരുന്നു കുഴപ്പങ്ങളുടെ പ്രധാന കാരണം. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളോട് ശത്രുതാപരമായി പെരുമാറുന്നത് ശരിയല്ല. കൊടുംകുറ്റവാളികളെയെന്നതു പോലെ ഹെല്‍മെറ്റില്ലാത്തവരെ ആക്രമിച്ചു പിടികൂടാന്‍ പൊലീസിലെ ചില വീരന്മാര്‍ ശ്രമിച്ചു പോരുന്നുണ്ട്. നിരന്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നവരാണ് ഇവരെന്നതാണ് വസ്തുത.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളവരെ കണക്കിനു മര്‍ദിക്കുക എന്ന പഴയ ശൈലിയില്‍ത്തന്നെ തുടരുന്ന കേരള പൊലീസിനെ ഗതാഗത നിയമങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കണോയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടത്. പൊലീസില്ലെങ്കില്‍ പകരം നിയോഗിക്കാവുന്നത് മോട്ടോര്‍ വാഹന വകുപ്പിനെയാണ്. അവിടുത്തെ കാര്യം ഇതിലുമപ്പുറം. കൈക്കൂലി വാങ്ങാന്‍ മാത്രമായുള്ള വകുപ്പെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. അവര്‍ കിട്ടുന്ന അവസരങ്ങളെല്ലാം പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളായി കാണുന്നവരാണ്. അങ്ങനെയല്ല എന്ന് ഏതെങ്കിലും സര്‍വീസ് സംഘടനാ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അതു തുറന്നു പറയണം. തെളിവോടെ കൈക്കൂലിയുടെ കഥകള്‍ പറയാന്‍ ജനങ്ങള്‍ മുന്നോട്ടു വരും.


ഇങ്ങനെ കുത്തഴിഞ്ഞ നിയമപാലക വകുപ്പുകളുള്ള നാട്ടില്‍ ഒരു നിയമവും അതിന്റേതായ അര്‍ത്ഥത്തില്‍ നടപ്പാക്കാനാവില്ല. ഈ സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മറ്റു വഴികള്‍ കൂടി സര്‍ക്കാരുകള്‍ ആരായേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ജനങ്ങളെ സഹായിക്കാനുള്ളതാണ്. അത് പീഡിപ്പിക്കാനുള്ളതായി മാറ്റരുത്. ഗതാഗത നിയമങ്ങളുടെ നടപ്പാക്കലെന്ന പേരില്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉയരുക. ഇനിയെങ്കിലും അതു തിരിച്ചറിയണം.


കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന മികച്ച റോഡുകളില്‍ അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം പറത്താന്‍ പക്വതയെത്താത്ത ഡ്രൈവര്‍മാര്‍ മടികാണിക്കാറില്ല. അതു നിയന്ത്രിക്കേണ്‍ട മോട്ടോര്‍ വാഹന വകുപ്പും പോലീസും  അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകള്‍ റോഡിന്റെ മധ്യത്തില്‍ നിരത്തി അപകട സാധ്യത ഇരട്ടിപ്പിക്കുവാന്‍ വഴിയൊരുക്കുന്നു. തകരപ്പാട്ട നിരത്തി നിര്‍മ്മിച്ച, വലിയ വാഹനങ്ങളുടെ കാറ്റടിച്ചാല്‍ മറിഞ്ഞു വീണ് ഗതാഗത തടസം സൃഷ്ടിക്കുന്ന, സ്വയം അപകട കാരണമാകുന്ന പരസ്യബോര്‍ഡുകള്‍ മാത്രമാണ് പല സ്പീഡ് ബ്രേക്കറുകളും.


അതിനു പകരം ശരിയായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിശ്ചിത ദൂരം ഇടവിട്ട് പാതയോരങ്ങളിലും ഗതാഗത വകുപ്പിന്റെ വാഹനങ്ങളിലും റഡാറുകളും ക്യാമറകളും സ്ഥാപിച്ച് നിയമ ലംഘനം നടത്തുന്നവരെ തെളിവോടെ പിടികൂടി കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയും അതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുകയും വേണം. അങ്ങനെ ആകുമ്പോള്‍ സ്പീഡ് ബ്രേക്കറിനു സമീപം വേഗം കുറച്ച ശേഷം വീണ്ടും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മുഴുവന്‍ ദൂരവും അതാത് പാതയില്‍ അനുവദിച്ചിട്ടുള്ള വേഗ പരിധി ലംഘിക്കാതെ സൂക്ഷിക്കും.


നിയമം ലംഘിച്ചു പായുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകേണ്ടത്. രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാതെ പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ യാത്ര മുടങ്ങുക ഇവിടുത്തെ മന്ത്രിമാര്‍ക്കായിരിക്കും എന്നതാണ് രസകരമായ വസ്തുത. ബാക്കിയുള്ളത് പൊലീസും. ഈ രണ്ടു കൂട്ടരുമാണ് ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതില്‍ മുന്‍നിരയിലുള്ളത്. ഇതെല്ലാം പരിഗണിച്ചു വേണം ജനോപകാരപ്രദമായ നിയമം നടപ്പാക്കാന്‍.

2012 ഫെബ്രു 20

സര്‍വമത ആരാധനാ കേന്ദ്രം

യേശുകൃസ്തുവിനെ കുരിശില്‍ തറച്ച പീലാത്തോസിന്റെ വീട്ടിലെ ബക്കറ്റ്, ശ്രീകൃഷ്ണന്റെ മയില്‍പീലി, ശിവന്റെ പാമ്പ് പടം പൊഴിച്ച പാമ്പിന്‍ തോല്‍, ഗണപതിയുടെ എലി കടിച്ച കപ്പയുടെ ബാക്കി, അയ്യപ്പന്റെ പുലിയുടെ പാല്‍ , സായിബാബയുടെ മുടി, സന്തോഷ് മാധവന്റെ സീഡി(നീല), നിത്യാനന്ദയുടെ കുണ്ഡലിനി, ബാബാ രാംദേവിന്റെ ചുരിദാര്‍, പൂതൃക്കയില്‍ അച്ചന്റെ ളോഹ & കോടാലി, തിരുവനന്തപുരം ഉസ്താദിന്റെ തിരു താടി തുടങ്ങിയ ഏതാനും തിരുശേഷിപ്പുകള്‍ എനിക്കു ഉഗാണ്ടയിലുള്ള ഒരു ഗോത്ര തലവന്റെ സഹോദരന്‍ കൈമാറിയിട്ടുണ്ട്. പറ്റിയ ഒരു സ്ഥലം കിട്ടിയാല്‍ ഡിസ്നി ലാന്റ് മാതൃകയില്‍ ഒരു സര്‍വമത ആരാധനാ കേന്ദ്രം പണിയുവാന്‍ താല്‍പര്യപ്പെടുന്നു. മേല്‍പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കത്തുകയില്ല എന്ന് NIFE സാക്ഷിയപ്പെടുത്തിയിട്ടുണ്ട്.


സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും.

2012 ഫെബ്രു 18

കേളികൊട്ടുയരുന്നു.

കാത്തിരിപ്പിനൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണായകമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണു വരുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാവുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കു രണ്ടു മുന്നണികളും ശക്തമായ പോരാട്ടത്തിനാകും തയാറെടുക്കുക.

ഓരോ തെരഞ്ഞെടുപ്പു കാലത്തും പതിവായി സംഭവിച്ചു പോരുന്ന തെറ്റായ പ്രവണതകള്‍ ഇക്കുറിയെങ്കിലും മാറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാവണം. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. അതിന്റേതായ ഗൗരവം അതിനുണ്ടായേ തീരൂ. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളും കേരളത്തില്‍ നടക്കുന്നതും വളരെ വ്യത്യസ്തമാണെന്ന വസ്തുത അംഗീകരിക്കേണ്ടതു തന്നെ. താരതമ്യേന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന സംസ്ഥാനമാണു കേരളം. എങ്കിലും, ചില കുഴപ്പങ്ങള്‍ ഇവിടെയും സംഭവിക്കാറുണ്ട്. അതില്‍ പ്രധാനം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്ന തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ തന്നെ.


എതിര്‍ കക്ഷിയെ അവഹേളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനും നടത്തുന്ന ശ്രമങ്ങളില്‍ ഒരുകൂട്ടരും പിന്നിലല്ല. പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കേരളത്തിന്റെ ശ്രദ്ധയാകെ അവിടെയായിരിക്കാനാണു സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നറിയാന്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടാകാതെ നോക്കാനുള്ള ബാധ്യത സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുണ്ട്. അത് അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യുമെന്നു പ്രത്യാശിക്കാം.


എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കടമ എത്രത്തോളം നിറവേറ്റുമെന്നതിലാണു സംശയം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന സാമാന്യതത്വം ലംഘിക്കപ്പെടുന്നത് ഏറെക്കാലമായുള്ള പതിവാണ്. ഇത്തവണയെങ്കിലും അതുണ്ടാവരുത്. പകരം ജനങ്ങളെ സാരമായി ബാധിക്കുന്ന ഇന്ധന വിലവര്‍ധനവ്, എന്‍ഡോസള്‍ഫാന്‍ നിരോധനം-മുല്ലപ്പെരിയാര്‍ ഡാം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വഞ്ചന, അഴിമതി, സ്വജന പക്ഷപാതം, ഭരണ പരാജയം, വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണ വേദികളില്‍ ഉയര്‍ന്നു വരട്ടെ. 


 ഇരു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായിരിക്കും പിറവത്തു നടക്കുക. ജനാധിപത്യവിശ്വാസികളായ കേരളീയര്‍ മനഃസാക്ഷിയനുസരിച്ചു വോട്ടു ചെയ്യുന്നവരാണ്. എന്നിട്ടും, എത്രയോ പേരെ കള്ളവോട്ടിന്റെ പേരില്‍ ഇവിടെ പിടികൂടിയിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും സ്ഥലത്തു താമസമില്ലാത്തവരുമായവരുടെ വോട്ട് മറ്റാരെങ്കിലും ചെയ്യുകയെന്നതാണ് സാധാരണ കണ്ടുവരുന്ന കള്ളവോട്ടിന്റെ രീതി. തെരഞ്ഞെടുപ്പു ചെലവാണ് പ്രധാനപ്പെട്ട മറ്റൊരിനം. ഓരോ തെരഞ്ഞെടുപ്പും പണക്കൊഴുപ്പിന്റെ മേളയാകുന്നതാണ് അടുത്തിടെയായി കണ്ടുവരുന്നത്. കൂടുതല്‍ പണം ചെലവാക്കുന്നവര്‍ വിജയിക്കുമെന്ന രീതി തന്നെ തികച്ചും ആശാസ്യമല്ലാത്തതാണ്. കൃത്യമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടെങ്കിലും പലരും അത് അനുസരിക്കുന്നതായി കണ്ടിട്ടില്ല.


പണം കയ്യില്‍ ധാരാളമുണ്ടെങ്കിലും അലക്കിത്തേച്ച ശുഭ്രവസ്ത്രത്തില്‍ ചുളിവു വീഴുവാന്‍ താല്‍പര്യമില്ലാത്ത പ്രവര്‍ത്തകര്‍ വന്‍കിട ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ നടത്തുന്ന പ്രചാരണ പരിപാടികളാണ് ഓരോ തെരഞ്ഞെടുപ്പിനെയും അടുത്ത കാലത്തായി കൊഴുപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയും നോട്ടീസ് വിതരണം ചെയ്തും വീടു കയറിയും നടത്തിയിരുന്ന പഴയകാല തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ സ്ഥാനത്ത് പ്രഫഷണല്‍ പ്രചാരകര്‍ രംഗത്തെത്തി. ഇതിലൂടെ അരങ്ങു കൊഴുക്കുന്നതിനൊപ്പം കോടിക്കണക്കിനു രൂപ ഒഴുകുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. എന്നിട്ടും, തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുന്ന കണക്കില്‍ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള തുകയില്‍ അല്പം കുറവു മാത്രമാകും ഉണ്ടാവുക. ഇതെല്ലാം കുറേക്കാലമായി ഇവിടെ നടക്കുന്നു.


പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അത് സംസ്ഥാന ഭരണം എങ്ങനേയും നിലനിര്‍ത്താനുള്ളത് കൂടിയാണ്. അക്കാരണത്താല്‍ത്തന്നെ കോടികള്‍ ഒഴുക്കാന്‍ തയാറുള്ള വന്‍കിടക്കാര്‍ രംഗത്തു കാണും. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന ഉറപ്പിലാകും ഭരണ മുന്നണി മത്സരരംഗത്തെത്തുക. വന്‍കിട കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നിലവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യം. അതിലൂടെ കരഗതമാകുന്ന കോടിക്കണക്കായ രൂപയില്‍ മാത്രം കണ്ണുവച്ചു നില്‍ക്കുന്ന നേതാക്കളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയായി പൊതുരംഗം മാറിയിരിക്കുന്നു രാഷ്ട്രപതിയുടെ പുത്രന്‍ പോലും കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് രാജസ്ഥാന്‍ തിരഞ്ഞടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനു പോകുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവുമായി പിടിയിലായ അവസ്ഥയോളം രാജ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ ദുഷ്പ്രവണതകള്‍ വളര്‍ന്നിരിക്കുന്നു.


കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചത്. അതു ചൂണ്ടിക്കാട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പുല്ലുവില കല്പിക്കുകയും ചെയ്തു. സമാനമായ ചട്ടലംഘനം ഇവിടെയുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണു പെരുമാറ്റച്ചട്ടം നിലവിലുള്ളത്. ഇക്കാരണത്താല്‍ത്തന്നെ, മതപ്രീണനത്തിനോ ജാതികളെ പ്രീണിപ്പിക്കാനോ ഉള്ള അവസരം സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയേക്കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാഗമണ്ണിലെ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതേക്കറോളം വരുന്ന ഭൂമി  ഒരു സാമുദായിക സഘടനയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതികളോടെ സൗജന്യമായി പതിച്ചു നല്‍കി, അതേ മാതൃകയില്‍ പിറവത്തു ഭൂരിപക്ഷമുള്ള ക്രിസ്തീയ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ എന്തു തരംതാണ കളിക്കും മുന്നണി തയാറാകാനിടയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.


പ്രതിപക്ഷ പാര്‍ട്ടികളും അല്പം സമചിത്തത പാലിക്കുന്നതു നന്നായിരിക്കും. വിജയ സാധ്യത കൂടുതലുണ്ടെന്നത് അമിതവിശ്വാസത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കപ്പെടരുത്, വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കിലും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ടലമാണെന്ന് മനസിലാക്കണം. നാലു വര്‍ഷത്തേക്കു കൂടി മാത്രം ഭരണം അവശേഷിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രതിപക്ഷത്തിനും അല്പം സാവകാശത്തോടെ പെരുമാറാനാകണം. പിറവത്ത് ആരു ജയിക്കുന്നു എന്നതിലല്ല, ഏതു വിധത്തില്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നു എന്നതിലാണ് കാര്യം. അതു സമാധാനപരമായിരിക്കണം. അതു തന്നെയാകും ജനാധിപത്യത്തിന്റെ വിജയവും.

2012 ഫെബ്രു 15

പരിഹാരം ടോള്‍ പിരിവു മാത്രമോ?

കേരളത്തിലെ വിവിധ പാതകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ പിരിവിലൂടെ പ്രതിമാസം അരക്കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകുന്നതായി മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസയിലൂടെ മാത്രം ദിനംപ്രതി 600 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നതായും കത്തില്‍ പറയുന്നു. സമാനമായ രീതിയില്‍ ടോള്‍ ഗേറ്റുകളില്‍ക്കൂടിയെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ ദിനംതോറും കടന്നു പോകുന്നുണ്ട്. ഏറ്റവും വലിയ ടോള്‍ ദായകരാണ് കെഎസ്ആര്‍ടിസി എന്ന് എംഡി പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടതു തന്നെ.


കെഎസ്ആര്‍ടിസി തങ്ങളുടെ നഷ്ടം നികത്താന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്കാരത്തെക്കുറിച്ചാണു പറയുന്നത്. ടോള്‍ ഗേറ്റില്‍ തുക നല്‍കേണ്ടി വരുന്നതിനു പകരമായി ആ റൂട്ടിലെ ബസ് നിരക്ക് വര്‍ധിപ്പിക്കാമത്രേ. അതായത്, സാധാരണക്കാരന്റെ തലയ്ക്കിട്ടു വീണ്ടും അടിക്കുക. ദയവായി സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കരുത്. അല്ലെങ്കില്‍ത്തന്നെ കടുത്ത വിലക്കയറ്റത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും വലയുകയാണ് കേരളീയര്‍. അവരുടെ യാത്ര ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കരുത്. കേരളത്തിലെ റോഡുകളിലും പാലങ്ങളിലും നടത്തുന്ന ടോള്‍പിരിവിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഏറെക്കാലമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ടോള്‍പിരിവെന്നു പറയുന്നവരോട് യോജിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, റോഡ് ടാക്‌സ് മുടക്കമില്ലാതെ അടച്ചാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നത്. എന്നിട്ടും, ടോള്‍ നല്‍കേണ്ടി വരുന്നു.


റോഡുകളും പാലങ്ങളും നിര്‍മിക്കാനും പരിപാലിക്കാനും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നതാണ് ഇതിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് റോഡും പാലവും നിര്‍മിക്കാനും കൈവശം വച്ച് അതിന്റെ പണം പിരിച്ചെടുക്കാനും അതിനു ശേഷം സര്‍ക്കാരിനു കൈമാറാനുമുള്ള അനുവാദം കൊടുക്കുന്നതിലൂടെയാണ് ടോള്‍ പിരിവിന്റെ തുടക്കം. സര്‍ക്കാര്‍ പ്രതിവര്‍ഷം റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ എന്തു കാര്യത്തിനാണ് ചെലവാക്കുന്നതെന്ന് ജനങ്ങളോടു പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. മനോഹരവും കുണ്ടും കുഴിയുമില്ലാത്തതുമായ റോഡുകള്‍ ആവശ്യം തന്നെ. വീതി കൂടിയ പാലങ്ങളും വേണം. അതിനെല്ലാം പണം ചെലവാക്കണം. സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലാത്തതും പണം തന്നെ. റോഡു നിര്‍മിക്കാന്‍ പണമില്ലെങ്കിലും, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ വിലകൂടിയ കാറുകള്‍ വാങ്ങാനും യാത്രപ്പടിയിനത്തില്‍ വന്‍തുക അവര്‍ക്കു നല്‍കാനും സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. അതാണ് വൈരുദ്ധ്യം.റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്താലേ ടോള്‍ പിരിവെന്ന ഗുണ്ടായിസത്തിന് അറുതിയുണ്ടാകൂ.




പലയിടത്തും റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിനു ചെലവാക്കിയതില്‍ എത്രയോ ഇരട്ടി ടോളായി പിരിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴും അവിടെയെല്ലാം പിരിവ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. പിരിവെടുക്കാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാരിന് ഇതിന്റെ കണക്കു നോക്കാനുള്ള ബാധ്യതയുമില്ലേ? ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയുടെ ബലത്തില്‍ എഴുതി നല്‍കുന്ന കണക്കില്‍ മാത്രം വിശ്വസിക്കാനല്ലല്ലോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടോള്‍ പിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇതേവരെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും, അവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവാക്കിയ തുക എത്രയെന്നും സത്യസന്ധമായി കണ്ടെത്തണം. അതിന് കുറേ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിട്ടു കാര്യമില്ല. ജനകീയ സമിതികള്‍ കണക്കു പരിശോധിക്കട്ടെ.



ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ നേരിട്ടു കണക്കു നോക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാകണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുറേ വെള്ളാനകളുടെ കണക്ക് ഇവിടെ ആര്‍ക്കും ആവശ്യമില്ല. നിലവിലുള്ള സ്ഥലങ്ങളിലെ കണക്കെടുപ്പിനു ശേഷം ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തണം.


പൊതു സ്വത്ത് സ്വകാര്യ കരാറുകാര്‍ക്കോ വന്‍‌കിട ബഹുരാഷ്ട്ര കുത്തകകള്‍ക്കോ കൈമാറുന്നത്തിനു ന്യായീകരണമായി നമ്മുടെ ഭരണാധികാരികള്‍ ദുബായിലെയും സിങ്കപ്പൂരെയും ജെര്‍മനിയിലെയും മറ്റും ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ? എന്നാല്‍ അവിടങ്ങളില്‍ നിലവിലിരിക്കുന്ന ചില നല്ലകാര്യങ്ങള്‍ ഇവിടേക്കു പകര്‍ത്തുവാന്‍ താല്‍പര്യം ഇല്ലാത്തതെന്ത്? ഉദാഹരണമായി ദുബായിലെ ഷേയ്ക് സായിദ് റോഡില്‍ സര്‍ക്കാര്‍ നേരിട്ട് ടോള്‍ പിരിക്കുന്ന വിധം, നൂതന സാങ്കേതിക വിദ്യകള്‍ ബന്ധിപ്പിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്, ടോള്‍ നല്‍കുന്നതിനായി ഒരു വാഹനവും ടോള്‍ഗേറ്റിലെ അനന്തമായ ക്യൂവില്‍ നിര്‍ത്തിയിടേണ്ടിവരുന്നില്ല സെന്‍സറുകളും ക്യാമറയും ഘടിപ്പിച്ച ഒരു കമാനത്തിനടിയിലൂടെ നല്ല വേഗത്തില്‍ വാഹനം കടന്നു പോകുമ്പോള്‍ തന്നെ ടോള്‍ കട്ടാവുകയും  കടന്നുപോയ വാഹനത്തിന്റെ ചിത്രം പകര്‍ത്തപ്പെടുകയും ചെയ്യും (ഏതാനും ചില മോഷണ / കൊലപാതക കേസുകളില്‍ അതിവേഗം പ്രതികളെ പിടികൂടാന്‍ ഈ സംവിധാനം പോലീസിനു സഹായകമായിട്ടുണ്ട്), ടോള്‍പിരിവ് സംബന്ധിച്ച വിശദാംശങ്ങള്‍ നേരിട്ട് ആര്‍ടിയേയുടെ വെബ്‌സൈറ്റില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നുമുണ്‍ട്. നമ്മുടെ രാജ്യത്തും ഇത്തരമൊരു സംവിധാനത്തിലൂടെ കുറഞ്ഞ ചിലവില്‍ സുതാര്യമായ രീതിയില്‍ സര്‍ക്കാരിനു നേരിട്ട്  ടോള്‍ പിരിക്കുവാന്‍ സാധിക്കില്ലേ?

റോഡുകളോ പാലങ്ങളോ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബിഒടി അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു തേടാവുന്നതാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കി പണം പിരിച്ചെടുക്കുന്നതില്‍ എന്താണ് സര്‍ക്കാരിനു തടസമായി നില്‍ക്കുന്നത്? ഓരോ ബിസിനസ് സ്ഥാപനവും പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ പരസ്യ ഇനത്തില്‍ ചെലവാക്കുന്നുണ്ട്. റോഡുകളുടെ ഇരുവശവും പൂച്ചെടികളടക്കം സ്ഥാപിച്ച് അവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കിയാല്‍ കമ്പനികള്‍ അതു സ്വീകരിക്കും. അതിലൂടെ പല ഗുണങ്ങളുണ്ട്. റോഡും പാലവും പണിയാനാകും എ്ന്നത് പ്രധാന ഗുണം. അവിടങ്ങളെല്ലാം വൃത്തിയായി കിടക്കുമെന്നത് അതിലും വലിയ ഗുണം. നിലവില്‍ കേരളത്തിലെ റോഡുകളുടെ വശങ്ങള്‍ തികച്ചും വൃത്തിഹീനമാണ്. ടാര്‍ ഇട്ട ഭാഗത്തിനു പുറമേയുള്ള സ്ഥലങ്ങള്‍ പലയിടത്തും കാടു പിടിച്ചു കിടക്കുന്നു. എന്തുകൊണ്ട് അവിടെ വൃത്തിയാക്കിക്കൂടാ? അതിനുള്ള പണം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചെടുക്കണം. പകരമായി അവരുടെ പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ മതി. ഓരോ വര്‍ഷത്തേക്കുള്ള കരാറായി പരസ്യബോര്‍ഡുകളോ എല്‍ഇഡി പരസ്യങ്ങളോ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയാല്‍ അതാകും ജനങ്ങള്‍ക്കു ഗുണകരം.


പണത്തിന് എന്ത് ആവശ്യം വന്നാലും ഉടന്‍ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുക എന്ന പഴയ ശൈലി ഇനിയെങ്കിലും സര്‍ക്കാര്‍ മാറ്റണം. പുതിയ കാലഘട്ടത്തിനു യോജിച്ച ചിന്താധാരയാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകേണ്ടത്. സര്‍ക്കാര്‍ ബസുകളുടെയും റോഡുകളുടെയും പാലങ്ങളുടെയുമൊക്കെ പരിപാലനത്തിന് ബിസിനസ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും പകരമായി അവര്‍ക്കു പരസ്യം സ്ഥാപിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുക എന്ന നിര്‍ദേശം പലരും പലവട്ടം ഉയര്‍ത്തിരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനു താത്പര്യമില്ല.

കൈക്കൂലിയില്‍ മാത്രം വിശ്വസിക്കുന്ന ഉദ്യോഗസ്ഥരേക്കാള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരം എന്തെങ്കിലും പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കുക.

2012 ഫെബ്രു 7

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം



ഒഴിവാക്കാനാവാത്ത ഔദ്യോഗികമായ തിരക്കുകള്‍ മൂലം കുറച്ചു നാളുകളായി പ്രതികരിക്കണം എന്നാഗ്രഹമുള്ള പല വിഷയങ്ങളും എഴുതി പോസ്റ്റ് ചെയ്യാന്‍ സമയം ലഭിക്കുന്നില്ല,


എങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിസ്ത്യാനികളുടെ മുഴുവന്‍ വക്കാലത്തും തങ്ങളുടെ കൈവശമാണെന്നും സ്വാര്‍ഥ ലാഭങ്ങള്‍ നേടിയെടുക്കുന്നതിന് അത് എങ്ങിനെയും ഉപയോഗിക്കം എന്നും ധരിച്ചു വശായിരിക്കുന്ന ക്രിസ്ത്യാനികളില്‍ തന്നെ ഒരു ചെറു ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ചില മത പുരോഹിതരും, മത പ്രീനണത്തിനപ്പുറം മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അറിയില്ലാത്ത മൂക്കാതെ പഴുത്ത ചില നേതാക്കളും ചേര്‍ന്ന് സ്മൂഹത്തിന്റെ ഒന്നാകെ മുന്നില്‍ കൃസ്തുമത വിശ്വാസികളെയാകെ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന, എപ്പോള്‍ വേണമെങ്കിലും വൃണപ്പെടാവുന്ന വികാരവുമായി നടക്കുന്നവര്‍ എന്ന ധാരണ പരത്തി അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങളുടെ അഭിപ്രായം അതല്ലെന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും പോലുള്ള വന്ദ്യ പുരോഹിതരുടെ പക്വതയാര്‍ന്ന അഭിപ്രായങ്ങളാണ് ഞാനടക്കം ബഹു ഭൂരിപക്ഷം വരുന്ന ക്രിസ്തീയ സമൂഹം വിലകല്‍പ്പിക്കുന്നത് എന്നു വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമല്ലോ.


ഞാനും ഒരു ക്രിസ്ത്യാനിയാണ് വെറും പുത്തന്ക്രിസ്ത്യാനി അല്ല. പാരമ്പര്യമുള്ള സുറിയാനി ക്രിസ്ത്യന്കുടുംബാംഗം. മനോരമ പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ പോസ്റ്ററില്കണ്ട മുതലാളിത്തത്തിന്റെ അന്ത്യ അത്താഴം എന്ന തല്ക്കെട്ടോടു കൂടിയ ചിത്രം കണ്ടിട്ട് എന്റേയോ എന്നേപ്പോലുള്ള അനേകായിരം ക്രിസ്ത്യാനികളുടേയോ ഒരു വികാരത്തിനും മുറിവേറ്റിട്ടില്ല, മുറിവേറ്റത് മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വത്തിന്റെ അപ്പോസ്തലന്മാരുടെ ചില വികാരങ്ങള്മാത്രമാണ്.


പ്രസ്തുത ചിത്രത്തെ യേശുദേവന്റെയും ശിഷ്യരുടെയും ചിത്രമായിട്ടല്ല ഓബാമയുടെയും ശിഷ്യരുടെയും ചിത്രമായിട്ടാണ് ഞങ്ങള്‍ക്കൊക്കെ അനുഭവപ്പെട്ടത്, ഇപ്പോള്‍ വാളെടുത്ത് തുള്ളുന്ന ചെന്നിക്കും കൂട്ടര്‍ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുക്കുന്ന വിളച്ചിലുകള്‍ മാത്രം ഇടയലേഘനമായി വായിച്ച് പരിചയമുള്ള മറ്റുചിലര്‍ക്കും ഇറച്ചിക്കടയ്ക്കു മുന്നിലിരിക്കുന്ന തെരുവു നായയുടെ ക്രൌര്യം ഉടലെടുക്കാനുള്ള കാരണവും ഒബാമയോടും പൊറോട്ടകുമാരനോടും മറ്റുമുള്ള ഭക്തിയല്ലാതെ യേശുദേവനോടുള്ള ഭക്തിയോ ബഹുമാനമോ അല്ലെന്ന് നമുക്കെല്ലാം അറിയാം. (പാവപ്പെട്ട നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ഇവര്‍ ചെയ്തത് എന്തെന്നു ഒരു നിമിഷം സ്മരിക്കാം)


ലോകത്തിന്റെ പലഭാഗത്തുമായി, പല കാലങ്ങളില്വ്യത്യസ്ഥരായ പല കലാകാരന്മാരും പലതരത്തിലുള്ള ഉദ്ദേശങ്ങല്ക്കനുസരിച്ച് തിരുവത്താഴം എന്ന ഡാവിഞ്ചിയന്ചിത്രത്തെ അനുകരിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്, അവയില്ചിലതിന്റെ ക്രോഡീകരണം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്സന്ദര്ശിച്ചാല്കാണാവുന്നതാണ്. അവയൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് മഹത്തായ മത രാഷ്ട്രീയ നേതാക്കളും ക്രിസ്തുവിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന മനോരമയും എവിടെയായിരുന്നു? അപ്പോള്ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതില്കവിഞ്ഞ് പോസ്റ്റര്വിവാദത്തില്കഴമ്പൊന്നും ഇല്ലതന്നെ.



ഇനി അതൊക്കെ അന്താരാഷ്ട്ര തലത്തിലുള്ള കാര്യങ്ങള്ആണെന്നും അതൊന്നും ഞങ്ങള്ക്കറിയില്ലെന്നും ബാധകമല്ലെന്നും, ഞങ്ങള്മനോരമ എഴുതുന്നത് മാത്രമേ വായിക്കുകയുള്ളു, അതു വായിച്ചാലേ വികാരമുണ്ടാകൂ എന്നാണെങ്കില്മനോരമ തന്നെ വീപീ സിങ്ങിനെ യേശുവായി ചിത്രീകരിച്ച് യേശുദാസനെക്കൊണ്ട് വരപ്പിച്ച് പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ അനുകരണത്തെപ്പറ്റി ഇവരുടെ ഒക്കെ അഭിപ്രായം അറിഞ്ഞാല്കൊള്ളാം. അന്ന് ഇവരുടെയൊക്കെ വികാരം എവിടെയായിരുന്നു? അതോ അമ്മായിക്ക് അടുപ്പിലും അപ്പിയിടാം എന്നാണൊ?

എന്നെപ്പോലെതന്നെ ക്രിസ്സ്ത്യാനിയായ മറ്റൊരു സഹോദരി സിമി ഫ്രാന്സിസ് നസറേത്ത് "മലയാളം" എന്ന ഓണ്‍‌ലൈന്പ്രസിദ്ധീകരണത്തില്എഴുതിയ "വാഴവെട്ടാനായി പുര കത്തിക്കുന്നവര്‍" എന്ന വിശകലനം കൂടി വായിക്കുക, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറും എന്നു പ്രതീക്ഷിക്കുന്നു.




എന്നെക്കൂടാതെ ആദര്‍ശ് കുരിയാക്കോസ്, കിരണ്‍ തോമസ് തോമ്പില്‍, ജോസലറ്റ്, റ്റോംസ് കോനുമഠം തുടങ്ങി ബ്ലോഗില്‍ സജീവമായ, പേരുകൊണ്ട് ക്രിസ്തുമത വിശ്വാസികളെന്നു തിരിച്ചറിയപ്പെടാവുന്ന ഏതാണ്ടെല്ലാ ബ്ലോഗ്ഗര്‍മാരുടെയും ഈ വിവാദത്തെ അധികരിച്ചുള്ള പോസ്റ്റുകളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ഈ വിവാദത്തില്‍ മനോരമക്കും അവരുടെ പാദസേവകര്‍ക്കുമുള്ള വെടക്കാക്കി തനിക്കാക്കുക എന്ന ഹീന തന്ത്രത്തിനു വിരുദ്ധമായ അഭിപ്രായമാണ് പങ്കുവെക്കാനുള്ളതെന്നു മനസിലാക്കാം.