കേരളം നെല്‍കൃഷി ഉപേക്ഷിക്കണമെന്നും വയലുകളുടെ പാട്ടവ്യവസ്‌ഥകളില്‍ ഉദാരമായ മാറ്റം വരുത്തണമെന്നുള്ള ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗം.
ഭൂപരിഷ്‌ക്കരണ നിയമം ഇനി ആവശ്യമില്ലെന്നു സര്‍ക്കാരിനുള്ളിലെ ചിലര്‍തന്നെ അഭിപ്രായപ്പെടുമ്പോഴാണു സമാന നിലപാടുമായി അലുവാലിയ എത്തുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവും കേരളത്തിന് ആവശ്യമില്ലെന്ന നിലപാടുകാരനാണ് അലുവാലിയ. നെല്‍വയല്‍ നികത്തി ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്‍കിയ വ്യക്‌തിയാണ് ഇദ്ദേഹം.
ചെറിയ തുണ്ടുകളായി കിടക്കുന്ന കൃഷിഭൂമികള്‍ ഒന്നിപ്പിച്ച് ഉദാരമായ പാട്ടവ്യവസ്‌ഥയില്‍ നല്‍കണമെന്ന അലുവാലിയയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരായ പ്രഖ്യാപനമാണ്. സര്‍ക്കാരിന്റെ നയവും ഇതിന് അനുകൂലമാണ്. ഭക്ഷ്യസുരക്ഷയേക്കുറിച്ച് കേരളം വിഷമിക്കേണ്ടതില്ലെന്ന അലുവാലിയയുടെ പ്രസ്‌താവനയും സംസ്‌ഥാനത്തെ വെട്ടിലാക്കുന്നതാണ്. കേരളം എന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കമാണ്.
കൂടുതല്‍ ലാഭം കരുതി നേരത്തേ നാണ്യവിളകളിലേക്കു മാറിയതാണു കേരളത്തിനു വിനയായത്. അതിന്റെ അനന്തരഫലമാണ് ഇന്നു കാണുന്ന കര്‍ഷക ആത്മഹത്യകള്‍. ഇതു വിദേശകുത്തകകളുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുമ്പ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എണ്ണപ്പനകൃഷി വ്യാപകമാക്കിയതും പിന്നീട് അതിലൂടെ ആ രാജ്യങ്ങള്‍ തകര്‍ന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
നെല്‍കൃഷി കുറഞ്ഞപ്പോഴും കേരളത്തിലെ ഭക്ഷ്യസുരക്ഷ ഒരു പരിധിവരെ കാത്തുസൂക്ഷിച്ചിരുന്നത് സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനമായിരുന്നു. എന്നാല്‍ റേഷന്‍ സമ്പ്രദായം പരിമിതപ്പെടുത്തിയതോടെ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അരിവില ദിനംപ്രതി നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടും അതിനെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതുമൂലമാണ്. ആ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയ്‌ക്കു കേരളം മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിച്ചാല്‍ മതിയെന്ന അലുവാലിയയുടെ പ്രസ്‌താവന ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.
അലുവാലിയയുടെ പ്രസ്‌താവനയുടെ ചുവടുപിടിച്ച് നെല്‍വയലുകളുടെ കൈമാറ്റവും നികത്തലും വര്‍ധിക്കുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്. ഇത് നെല്‍വയലുകള്‍ ഇല്ലാതാക്കുക മാത്രമല്ല, കര്‍ഷകരെ ചൂഷണവിധേയമാക്കുകയും ചെയ്യും. ഭൂമി ചുളുവില്‍ തട്ടിയെടുക്കുന്ന ഭൂമാഫിയകള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ തുച്‌ഛമായ വിലക്ക് തങ്ങളുടെ ഭൂമി വില്‍ക്കേണ്ടി വരും. നെല്‍വയലുകളുടെ ഇല്ലാതാകല്‍ ഭക്ഷ്യസുരക്ഷയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത് പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥയേയും കുടിവെള്ള സ്രോതസുകളെയും ബാധിക്കും.
ഈ ചിന്ത വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം യു.ഡി.എഫിലും ഇടതുമുന്നണിയിലും ഉയര്‍ന്നുവരുന്നുണ്ട്. അതിന് വിപരീതമായി സമ്പദ്‌വ്യവസ്‌ഥ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നു വാദിക്കുന്ന ഒരു വിഭാഗം സര്‍ക്കാരില്‍ പിടിമുറുക്കിയിട്ടുണ്ട്. പുതിയ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു വേണ്ടി ശ്രമിക്കണമെന്നും അതിനായി കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നും ഈ വിഭാഗം വാദിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനായിരിക്കും ഇനി സംസ്‌ഥാനം സാക്ഷ്യം വഹിക്കുക.
വാര്‍ത്ത കടപ്പാട് - മംഗളം ദിനപത്രം
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ