വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് വൈദ്യുതി മുടക്കാനാണത്രേ ആലോചന.
തികച്ചും അപഹാസ്യമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് അല്പമെങ്കിലും ആലോചിക്കാന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡിലെ വെള്ളാനകള്‍ക്കു സാധിക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പാചക വാതകത്തിന് വില കുത്തനെ കൂട്ടിയും സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയും കളിക്കുന്ന കേന്ദ്ര സര്‍ക്കാരിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള കളിയാണ് സംസ്ഥാനത്തും കളിച്ചു തുടങ്ങുന്നതെന്നു തോന്നുന്നു. വര്‍ഷത്തില്‍ ഒമ്പതു സിലിണ്ടര്‍ വീതം നല്‍കാനുള്ള തീരുമാനം പോലും നടപ്പാക്കാതെ ജനങ്ങളെ നട്ടംതിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് ഇതിലും അപഹാസ്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
രാവിലത്തെ തിരക്കിനെക്കുറിച്ച് വീട്ടമ്മമാരോടു തന്നെ ചോദിക്കണം. തിരക്കിട്ട ജോലി ചെയ്യുമ്പോള്‍ സഹായമായിത്തീരുന്നു എന്നതിനാലാണ് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണം. പാചക വാതകം കിട്ടാതിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതലാളുകള്‍ ഇന്‍ഡക്ഷന്‍ കുക്കറിനെപ്പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം വരുന്നത്.
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. ജനസംഖ്യ വര്‍ധിക്കുന്ന ഒരു നാട്ടില്‍ ആവശ്യത്തിനുള്ള വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു പകരം, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയും അതിലൂടെ നേട്ടമുണ്ടാകുമെന്നു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ചെയ്യുന്നത്.
മാറിയ കാലത്തിനനുസരിച്ച് തിരക്കിട്ട ജീവിതമാണ് സാധാരണക്കാര്‍ നയിച്ചു പോരുന്നത്. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ മാത്രമല്ല രാവിലത്തെ തിരക്കില്‍ നട്ടം തിരിയുന്നത്. അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനുള്ള ആലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് ഏതു വെള്ളാനയാണെങ്കിലും അത്തരക്കാരെ അടിയന്തരമായി ഉദ്യോഗത്തില്‍ നിന്നു മാറ്റാനാണു സര്‍ക്കാര്‍ തയാറാവേണ്ടത്. വൈദ്യുതി ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാട്ടിലെ സാധാരണ ജനങ്ങള്‍ക്കല്ല. നിലവിലുളള വൈദ്യുത പദ്ധതികളുടെ ജനറേറ്ററുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ക്കു തന്നെ. അങ്ങനെ അവരുടെ കുഴപ്പം കൊണ്ടുണ്ടായിട്ടുള്ള പ്രതിസന്ധിക്കു സാധാരണക്കാരായ വീട്ടമ്മമാര്‍ ഭാരം ചുമക്കണമെന്നു പറയുന്നതിലെ ഔചിത്യം മനസിലാവുന്നില്ല.
ബോര്‍ഡിലെ വെള്ളാനകള്‍ക്ക് മാസം തോറും ലഭിക്കുന്ന വലിയ തുകയുടെ ശമ്പളമുണ്ട്. അവരുടെ കുടുംബങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്യും. സാധാരണക്കാരുടെ അവസ്ഥ അതല്ല. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോയാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന അവസ്ഥയാണ് മിക്കവര്‍ക്കും. അങ്ങനെ തിരക്കിന്റെ ജീവിതത്തില്‍ രാവിലെയുള്ള പാചകത്തിന്റെ സമയം ലാഭിക്കാനുള്ള മാര്‍ഗം എല്ലാവരും തേടും. അത്തരം തേടലുകളാണ് ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് എത്തി നില്‍ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരു പറഞ്ഞ് അത് ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ പകരം സംവിധാനം കൂടി ഏര്‍പ്പെടുത്തണം. വിറകടുപ്പ് ഉപയോഗിച്ചാല്‍ മതിയെന്ന് എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്നു പറയാന്‍ വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവില്‍ ജീവിച്ചു പോരുന്നവര്‍ക്ക് അങ്ങനെ പല ഉള്‍വിളികളുമുണ്ടാകും. അതിനെല്ലാം വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട മലയാളികളാണ്. അത് അംഗീകരിക്കാനാവില്ല.
ഇടുക്കിയലടക്കം പ്രവര്‍ത്തിക്കാത്ത ജനറേറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. അതിനു പകരം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ ഉദ്യോഗസ്ഥരുടെ തെറ്റായ ഉപദേശത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുത്. പ്രായം കൊണ്ടു മുന്‍പന്തിയിലുള്ള ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മന്ത്രിമാരെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടണം. ജനങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുക എന്നതാകണം ഒരു ജനായത്ത സര്‍ക്കാരിന്റെ ലക്ഷ്യം. അത് ഭാഗികമായെങ്കിലും നടപ്പാക്കാന്‍ സാധിച്ചാല്‍ അതാകും വലിയ വിജയം. അതിനു പകരം, നഷ്ടത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ കാളവണ്ടിയുഗത്തിലേക്കു നാടുകടത്താന്‍ ശ്രമിക്കരുത്. ഇവിടെ സംഭവിക്കുന്നത് അതാണ്.
വിറകടുപ്പുപയോഗിച്ച് പാചകം ചെയ്താല്‍ മതിയെന്നു പറയുന്നവര്‍ അതു ചെയ്തു കൊടുക്കാന്‍ കൂടി തയാറാവണം. വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍പ്പോലും ഇന്‍ഡക്ഷന്‍ കുക്കറോ എയര്‍കണ്ടീഷണറോ കാണരുത്. അതു കണ്ടെത്തിയാല്‍ നാട്ടുകാര്‍ ഇടപെട്ട് നീക്കം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്.
നിരന്തരം ഉപദേശം മാത്രം വിളമ്പാന്‍ കുറേ വെള്ളാനകളെ തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു. നിരക്കു വര്‍ധിപ്പിക്കുകയും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുകയുമല്ല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള വഴി. കൂടുതല്‍ വൈദ്യുതി ഏതു വിധത്തില്‍ ഉത്പാദിപ്പിക്കാമെന്ന് ആലോചിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാവണം.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ വീര്‍പ്പു മുട്ടുകയാണ് നമ്മുടെ വൈദ്യുതി വിതരണ രംഗം. ഈ അവസ്ഥ മാറണം. വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ഒപ്പം വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുക കൂടി ചെയ്താല്‍ കുറേ താപ്പാനകള്‍ വീട്ടിലിരിക്കും. അതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനു വൈദ്യുതി ലഭിക്കും. മാത്രവുമല്ല, മാറിയ കാലഘട്ടത്തിനനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. അങ്ങനെ ലോകത്തിന്റെ പുരോഗതിക്കൊപ്പം കേരളവും പുരോഗമിക്കും. അതിനുള്ള നീക്കം ഉടനടി ഉണ്ടായേ തീരൂ.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ