പതിമൂന്നാം കേരള നിയമസഭയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ആറാം സമ്മേളനത്തിലും വി എസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. സ്‌പോര്‍ട്‌സ്മാന്‍് സ്പിറ്റില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ കൂട്ടം അപ്പുറത്തും ഇപ്പുറത്തും നിന്ന് തമ്മില്‍ തല്ലിയും ഇടയ്ക്കിടെ സെല്‍ഫ് ഗോളടിച്ചുമൊക്കെ കളിക്കുമ്പോള്‍ സ്വകാര്യമായെങ്കിലും മലയാളി ഇടയ്ക്കു കരഞ്ഞു പോകുന്നു. കരയാന്‍ കഴിയാത്ത കരളുറപ്പുള്ളവര്‍ ശപിച്ചുപോകുന്നു. കരച്ചില്‍ നിശ്ശബ്ദ തേങ്ങലാണെങ്കില്‍, ശാപവാക്ക് ഏതാണ്ട് ഇങ്ങനെയാകും: കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.
നിരവധി കേസുകളുടെ പേരില്‍ ഭരണപക്ഷത്തുള്ളവര്‍ ഉത്തരവാദിത്തം മറന്നു കളിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങളാണ് ഭൂമി ദാനക്കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോടതിയിലുള്ള കേസായതിനാല്‍ അതിന്റെ മെറിറ്റിലേക്കു കടക്കാനോ, വ്യാഖ്യാനിക്കാനോ പഴുതില്ല. അതിന്റെ ആവശ്യവുമില്ല. മറിച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ അതിനു കണ്ടെത്തുന്ന ഗെയിമുകള്‍ എങ്ങനെ നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിക്കും വിധം ഗൗവതരവും അതേസമയം പരിഹാസ്യവുമായിമാറുന്നു എന്നതാണു ചിന്താവിഷയം. വി എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ്, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്.
സര്‍ക്കാരിനെ ഞെട്ടിച്ച ആ വിധിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ വന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ കേസുമുതല്‍, സര്‍ക്കാര്‍ ഭൂമി ലീഗു മന്ത്രിമാരുടെ അളിയന്മാര്‍ക്കും ബിനാമികള്‍ക്കും നിര്‍ലോഭം പതിച്ചു നല്‍കിയപ്പോഴും, ഏറ്റവും അവസാനം പൊതുവിതരണ സംവിധാനം താറുമാറാക്കിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അരി ലഭ്യമല്ലാതാക്കിയും പൊതു വിപണിയില്‍ അരിവില കിലോയ്ക്ക് 42 രൂപ എത്തിച്ചതുവരെ ഉള്ള, ജനത്തെ നേരിട്ടു ബാധിക്കുന്ന ഏതെങ്കിലും വിഷത്തില്‍ ഈ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം ഇത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി കണ്ടിട്ടില്ല.
ഇപ്പോള്‍ സ്വാഭാവികമായും സാധാരണക്കാരനായ ഒരു മലയാളിയുടെ മനസില്‍ ഉയരുന്ന ന്യായമായ ഒരു സംശയം ഇതാണ് സത്യത്തില്‍ വീയെസ് അച്യുതാനന്ദന്‍ എന്ന വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവാണോ കേരളത്തിലെ മാന്യമായി ജീവിക്കുന്ന സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം???
ഭൂമിദാനക്കേസില്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ മാത്രമല്ല, നിയമസഭ സാമാജികനായിപ്പോലും തുടരില്ലെന്നതരം സൂചനകള്‍ വ്യക്തമായിരുന്നു. അങ്ങനെ വന്നാല്‍ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാമെന്ന് പാര്‍ട്ടി ആഗ്രഹിച്ചുവെന്നാണ് വലതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാത്രം പേനയുന്തുന്ന അല്ലെങ്കില്‍ കാമറചലിപ്പിക്കുന്ന ചില മാധ്യമ മുതലാളിമാരുടെ ഒരു വ്യാഖ്യാനം. സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചിരിക്കുന്ന വി എസിനേക്കാള്‍, കുറേക്കൂടി ഡിപ്ലോമാറ്റിക് ആയ കോടിയേരിയെയാണ് ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ആഗ്രഹിക്കുന്നത് എന്ന് രണ്ടാമത്തെ വ്യാഖ്യാനം.
തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഭൂമിദാനക്കേസ് എന്ന് വി എസ് പറഞ്ഞതിന്റെ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വ്യാഖ്യാനങ്ങളാണിത്. സര്‍ക്കാരിനാകട്ടെ, വി എസ് അച്യുതാന്ദനെന്ന മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ പ്രധാന്ന അഴിമതി വിരുദ്ധ പോരാളിയും, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഭലപ്രദമായി ഇടപെടുകയും പല വിഷയങ്ങളിലെയും പോരാട്ടങ്ങള്‍ വിജയത്തിലെത്തിക്കുകയും ചെയ്യുകവഴി സര്‍ക്കാരിന്റെയും മത മുതലാളിമാരുടെയും മൂലധന ശക്തികളുടെയും, അവരുടെ പിണിയാളുകളായ രാഷ്ട്രീയ നപുംസകങ്ങളുടെയും കണ്ണിലെ കരടായ, സര്‍വോപരി പ്രതിപക്ഷ നേതാവുമായ ആളെയൊന്നു പൂട്ടാന്‍ കിട്ടിയ ഏറ്റവും നല്ല അവസരമായാണ് ഭൂമി ദാനക്കേസ് വന്നുവീണത്. പക്ഷേ, അവരും ഇപ്പോള്‍ ഒരു സ്‌റ്റേയുടെ ബലത്തില്‍ തല്‍ക്കാലം നടുനിവര്‍ത്തി നില്‍ക്കുന്നുവെന്നേയുള്ളു. സിംഗിള്‍ ബെഞ്ചില്‍ നിന്നു കിട്ടിയത് നടുവിനു നല്ല ചവിട്ടുതന്നെയാണല്ലോ. ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഒരു താല്‍ക്കാലികാശ്വാസ തൈലം മാത്രം. കാര്യങ്ങള്‍ അതിവേഗം തകിടം മറിയുകയും വിഎസ് കുഞ്ഞാലിക്കുട്ടി സര്‍ക്കാരിന്റെ ചതിക്കുഴിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയും കുഴി വെട്ടിയവര്‍ തന്നെ അതില്‍ വീണു നടുവൊടിഞ്ഞ അവസ്ഥയിലാവുകയും ചെയ്തു.
കേസില്‍ വി.എസിനെ പ്രതിചേര്‍ക്കരുതെന്നാണ് വിജിലന്‍സിന് ആദ്യം ലഭിച്ച നിയമോപദേശം. അതുതള്ളി കേസിന് തയാറായ സര്‍ക്കാര്‍ അനുകൂലമായ നിയമോപദേശവും വാങ്ങിയിരുന്നു. പ്രതിപക്ഷനേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലെ അനവധാനതയും ശ്രദ്ധേയമാണ്. കോടതിയില്‍ കേസ് നിലനിര്‍ത്തുക എന്നതിലുപരി കുറ്റപത്രം നല്‍കി വി എസിനെ രാജിവയ്പിക്കുകയെന്ന അജണ്ടയിലേക്ക് സര്‍ക്കാര്‍ ചെറുതായി.
വിജിലന്‍സിനെ വിമര്‍ശിച്ച് വി.എസിനനുകൂലമായി കോടതി പ്രതികരിച്ചത് സര്‍ക്കാറിന് കടുത്ത മാനക്കേടായി. എന്നാല്‍ അതിനുശേഷം ഉണ്ടായ നടപടികളാണ് ഏറെ ശ്രദ്ധേയം. കേസില്‍ തിരിച്ചടി വന്നശേഷം ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വിധി പഠിച്ചിട്ടില്ലെന്നും പഠിച്ചശേഷം മറുപടി പറയാമെന്നുമായിരുന്നു. അതേസമയം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ആദ്യവിധിക്കുശേഷം അരമണിക്കൂറിനകം കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുവെന്ന നോട്ടീസ് പ്രതിപക്ഷനേതാവിന്‍െറ വക്കീലിന് ലഭിച്ചതും വിധിയെപ്പറ്റി അറിവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും തമ്മിലെ പൊരുത്തക്കേട് പ്രകടമാണ്. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെയാണോ അപ്പീല്‍ പോയതെന്ന ചോദ്യം ഇവിടെ ഉയരുന്നു.
കേസ് സിംഗിള്‍ബെഞ്ച് പരിഗണിക്കുമ്പോള്‍ തന്നെ അനുകൂലമായ പ്രതികരണം കോടതിയില്‍ നിന്ന് ലഭിക്കില്ലെന്ന തോന്നല്‍ സര്‍ക്കാറിനില്ലെങ്കില്‍ എങ്ങനെ വിധി വന്ന് മിനിറ്റുകള്‍ക്കകം അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നത് അതിനാലാണ്. സര്‍ക്കാര്‍ തലേദിവസംതന്നെ അപ്പീലും തയാറാക്കിയിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പറഞ്ഞപ്രകാരം വിധിപഠിച്ച് അപ്പീല്‍ നല്‍കണമെങ്കില്‍ മൂന്നുദിവസമെങ്കിലും താമസമുണ്ടാകേണ്ടതാണ്.
ഈ കേസ് ചീഫ് ജസ്റ്റിസിന്‍െറ ഡിവിഷന്‍ബെഞ്ചില്‍ എത്തിയതും യാദൃശ്ചികമല്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നല്‍കിയ ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസിന്‍െറ ബെഞ്ചില്‍ മാത്രമേ ഈ കേസ് പോകുകയുള്ളൂവെന്ന് വ്യക്തമാണ്. എങ്കിലും കേസ് ഡിവിഷന്‍ബെഞ്ചിന്‍െറ തീര്‍പ്പില്‍ തീരില്ലെന്നത് സുവ്യക്തമാണ്. വിധി വി എസിന് അനുകൂലമെങ്കില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ പോകുമെന്നുറപ്പ്. രാഷ്ട്രീയമായി വി.എസിനെതിരെ ഉപയോഗിക്കാന്‍ എങ്ങനെ എങ്കിലും ഒരു കേസെടുക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ കാട്ടിയ തിടുക്കത്തിന്‍െറ അടിസ്ഥാനകാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു.
വീയെസിനെ കുടുക്കാനുള്ള ചിലരുടെ ധൃതിയും പരിശ്രമവും കാണുമ്പോള്‍ ഓര്‍മ്മവരുന്നത് കോട്ടയം KSRTC സ്റ്റാന്റിനു സമീപത്തുള്ള മിക്കവാറും ഇടവഴികളിലെ തെരുവു വിളക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു പൊട്ടിക്കുന്ന സംഭവമാണ്. തങ്ങള്‍ തുടരുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത ക്രിമിനലുകള്‍ പകരം തങ്ങളുടെ കള്ളത്തരം / ചെറ്റത്തരം പൊതുജനങ്ങള്‍ക്കുമുന്‍പില്‍ തെളിമയോടെ തുറന്നു കാട്ടുന്ന തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്ന സൂത്രവിദ്യ. പ്രകാശം പരത്തുന്ന വിളക്കിനെ തന്നെ ഇല്ലാതാക്കിയാല്‍ ഇരുളിന്റെ മറവില്‍ എന്തു വൃത്തികേടും ചെയ്യാമല്ലോ !!!
വി എസിനാകട്ടെ ഏറെക്കാലമായി അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരേ അദ്ദേഹം നടത്തിവരുന്ന നിയമയുദ്ധങ്ങളില്‍നിന്നുണ്ടായ ചിലരുടെ വ്യക്തിവൈരാഗ്യം ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയുമാണ്. എല്ലാം കൂടിച്ചേര്‍ന്നൊരു കേസ് മേളപ്പെരുക്കം അരങ്ങു തകര്‍ക്കുമ്പോള്‍ ജനം അന്തംവിട്ടു നില്‍ക്കുന്നു, പിന്നെ കണ്ണീരണിയുന്നു, അല്ലെങ്കില്‍ ശപിക്കുന്നു. കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ