2013, ജനു 21

സബ്സിഡി ഇല്ലാത്ത ഇന്ത്യ


ഇരുന്നൂറ്റി അമ്പതു ദശലക്ഷം പേര്‍ ദാരിദ്രരേഖയ്ക്കു താഴെ കഴിയുന്ന ഇന്ത്യയില്‍ സബ്‌സിഡിയുടെ കഴുത്തില്‍ കത്തിവീണു കൊണ്ടിരിക്കുകയാണ്. രാസവളം, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്‌ക്കെല്ലാം ജനങ്ങള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നു. ഇനി കൂടുതല്‍ ഇനങ്ങള്‍ ഈ പട്ടികയിലേയ്ക്ക് കടന്ന് വരും. ഇവയ്‌ക്കെല്ലാം ഘട്ടംഘട്ടമായി സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതോടെ വിലയും ഉയര്‍ന്ന് കൊണ്ടിരിക്കും.


രാജ്യത്തിന്റെ ധനകമ്മി അപകടകരമായി ഉയരുന്നുതു ചൂണ്ടിക്കാട്ടിയാണ് പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന ഭംഗിവാക്കു പറയുന്ന യു പി എ സര്‍ക്കാര്‍ സബ്‌സിഡി ഓരോന്നായി വെട്ടിക്കുറയ്ക്കുന്നത് ഒരു രാജ്യത്തിന്റെ ധനകമ്മി നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരവിനേക്കാള്‍ ചെലവ് ക്രമാതീതമായി ഉയരുമ്പോള്‍ സമ്പദ് വ്യവസ്ഥ ആകെ തകരാറിലാകും. വിലക്കയറ്റവും രൂക്ഷമാകും. ഈ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ധനക്കമ്മി കഴിവതും നിയന്ത്രിക്കേണ്ടതുണ്ട്.


2012-13 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 5.3% ധനക്കമ്മിയാണ് ലക്ഷ്യമിടുന്നത്. ഒരിക്കലും ഈ ബഡ്ജറ്റ് ലക്ഷ്യം 100% കൈവരിക്കാന്‍ കഴിയുകയില്ല. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.3% ആക്കി നിയന്ത്രിച്ചു നിര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ദോഷകരമായി ബാധിച്ചതോടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റി. വ്യാവസായിക വളര്‍ച്ചയിലെ ഇടിവും കയറ്റുമതി മേഖലയ്‌ക്കേറ്റ തിരിച്ചടിയും കൂട്ടിച്ചേര്‍ന്നപ്പോള്‍ ധനകമ്മി 5.2% ആയി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിഗതികള്‍ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. 2014 -ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിനടിപ്പെട്ടാനുള്ള സാദ്ധ്യത ശക്തമാണെന്നിരിക്കെ 2013-ല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കുഴപ്പത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതൊക്കെ സംഭവിച്ചേക്കാം. കാരണം ആഗോളവത്കരണത്തെ തുടര്‍ന്ന് ലോകത്തെ പൊതുവായ ചലനങ്ങളില്‍ നിന്നും ആഗോളവല്‍കരണത്തെ അന്ധമായി പിന്തുടരുന്ന ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിയുകയില്ല എന്ന സ്ഥിതിയാണ്. അമേരിക്കയും യൂറോപ്പും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതോടെയാണ് 2009-2010 കാലഘട്ടത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കുമായി മുന്നേറിയ ഇന്ത്യയ്ക്കും കാലിടറിയത്.


എന്നാല്‍ ധനകമ്മി നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനും സബ്‌സിഡി ഓരോന്നായി വെട്ടി കുറയ്ക്കുകയാണ് ഏകപോംവഴി എന്ന ചിന്ത കേന്ദ്രസര്‍ക്കാരിനെ പിടികൂടിയിരിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. സബ്‌സിഡി അത്രവലിയൊരു ശാപമാണോ? നിര്‍ദ്ധനര്‍ക്കും ഇടത്തരക്കാര്‍ക്കും അശ്വാസം പകരുന്നതിനാണ് വിവിധ തരത്തിലുള്ള ധനസഹായ പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്നത്. പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരേ പ്രാധാന്യമുള്ള ഇന്ത്യയെപ്പോലെയുള്ള സമ്മിശ്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് അര്‍ഹരാവര്‍ക്ക് സബ്‌സിഡിയിലൂടെ ആശ്വാസം പകരുക എന്നത് സര്‍ക്കാരിന്റെ സാമൂഹിക ബാധ്യതയും പ്രതിബദ്ധതയുമാണ്. ഈ പ്രതിബദ്ധതയില്‍ നിന്നാണ് യു പി എ സര്‍ക്കാര്‍ ഒളിച്ചോടുന്നത്. സബ്‌സിഡിക്കെതിരായ ശബ്ദമാണ് എവിടെയും ഉയര്‍ന്നു കേള്‍ക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ ഭാഗം സമ്പദ്‌വ്യസ്ഥയെ മൊത്തത്തില്‍ തകര്‍ക്കുകയാണെന്നാണ് ധനകാര്യമന്ത്രി പി ചിദംബരവും പെട്രോളിയം മന്ത്രി എ വീരപ്പമൊയ്‌ലിയും പറയുന്നത്.


സബ്‌സിഡി പൂര്‍ണ്ണമായി എടുത്ത് കളയുക എന്ന നയം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുകയില്ല. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പോലും സബ്‌സിഡി സമ്പദ്രായത്തിന് എതിരേ ഇത്രരൂക്ഷമായ വികാരം ഇല്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും  സബ്‌സിഡി സമ്പ്രദായം ആണ് വെച്ച് പുലര്‍ത്തുന്നത്. അമേരിക്കയില്‍ കര്‍ഷകര്‍ക്ക് മാത്രം സബ്‌സിഡിയായി പ്രതിവര്‍ഷം നേരിട്ട് ലഭിക്കുന്നത് 110000 കോടി രൂപയാണ്. ഓസ്‌ട്രേലിയായില്‍ അര്‍ഹതയുള്ള ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 22550 രൂപായും സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 45100 രൂപായും സര്‍ക്കാരില്‍ നിന്ന് ധനസഹായമായി ലഭിക്കും.


ധനകമ്മി പെരുകുന്നത് തടയാന്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം എന്നതാണ് യു പി എ സര്‍ക്കാരിന്റെ സമീപനം. രാസവളത്തിന്റെ സബ്‌സിഡി വെട്ടിക്കുറച്ചതിന്റെ തിക്തഫലം കാര്‍ഷിക മേഖല അനുഭവിച്ച് തുടങ്ങി. രാസവളത്തിന്റെ വില ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയായി.  ഡീസല്‍വില ഉയരുന്നത് രാജ്യത്ത് പൊതുവായ വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.


ധനകമ്മി കുറയ്ക്കുന്നതിനായി സബ്‌സിഡി വെട്ടിക്കുറച്ച് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും നടുവൊടിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റ്മാര്‍ഗ്ഗങ്ങളേപ്പറ്റി ആലോചിക്കണം. അമേരിക്കയില്‍ പൊതുകടം നിയന്ത്രിക്കാന്‍ ഒബാമ ഭരണകൂടം ആതീവ സമ്പന്നര്‍ക്ക് പ്രത്യേക നികുതി ചുമത്തുക, വന്‍ തോതില്‍ ചെലവ് ചുരുക്കുക എന്നീ നടപടികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവിടെ അതീവ സമ്പന്നര്‍ക്ക് നികുതി ചുമത്തുക എന്ന നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞ ഒരു ധനമന്ത്രിയാണ് നമുക്കുള്ളത്.


സബ്‌സിഡി വെട്ടിക്കുറയ്ക്കാതെ തന്നെ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒട്ടേറെ വഴികളുണ്ട് അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാകണമെന്ന് മാത്രം. തര്‍ക്കങ്ങളില്‍ കുടുങ്ങി 4,36,741 കോടി രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുക്കാനാവാതെ കിടക്കുന്നത്. (രാജ്യത്തെ നികുതി വെട്ടിച്ചും, അഴിമതിയിലൂടെയും സ്വരുക്കൂട്ടി സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ബഹുസഹസ്ര കോടി ഡോളറുകള്‍ വേറെയും!!) രാജ്യത്തെ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുള്ള വായ്പയുടെ 2.94 % കിട്ടാക്കടമായി കിടക്കുകയാണ്. വ്യോമയാന കമ്പനികളില്‍ നിന്ന് മാത്രം 40,000 കോടി രൂപ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി കിടക്കുന്നു. 


വന്‍കിടക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും എന്നത്‌കൊണ്ട് ഇത്തരത്തിലുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വദേശ വിദേശ മൂലധന കുത്തകകളുടെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കാറില്ല. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിടുന്നതാണ് കൂടുതല്‍ ലളിതമായ മാര്‍ഗ്ഗമെന്ന തിരിച്ചറിവാണ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള അവരുടെ ജനദ്രോഹ നടപടികള്‍ക്ക് പിന്നിലുള്ളത്.

1 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

വന്‍കിടക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും എന്നത്‌കൊണ്ട് ഇത്തരത്തിലുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വദേശ വിദേശ മൂലധന കുത്തകകളുടെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കാറില്ല. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിടുന്നതാണ് കൂടുതല്‍ ലളിതമായ മാര്‍ഗ്ഗമെന്ന തിരിച്ചറിവാണ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള അവരുടെ ജനദ്രോഹ നടപടികള്‍ക്ക് പിന്നിലുള്ളത്.

വല്യോരെ തൊട്ടാല്‍ വിവരമറിയും. പാവങ്ങളുടെ മേല്‍ എന്തുമാവാലോ