ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടനുബന്ധിച്ച് നവമാധ്യമങ്ങളില്‍ വാലും തുമ്പുമില്ലാത്ത കണക്കു പറയുന്ന ചിലരുടെ പോസ്റ്റ് കണ്ടാല്‍ തോന്നുക ഈ തുക അത്രയും ഒറ്റത്തവണയായി അട്ടപ്പാടിയിലെ ഏതാനും ആദിവാസികുടുംബങ്ങള്‍ക്കു മാത്രമായി അനുവദിച്ച / വിതരണം ചെയ്ത തുകയാണെന്ന്.
ഒന്നാമതായി മനസിലാക്കേണ്ടത് ഈ തുക സഖാവ് ഈയെമ്മെസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍ മുതലിങ്ങോട്ട് കേരളത്തിലെ മുഴുവന്‍ പട്ടികജാതി / വര്‍ഗ കുടുംബങ്ങള്‍ക്കുമായി അനുവദിക്കപ്പെട്ട തുകയാണ് ഇതില്‍ വലിയൊരു ശതമാനം ഉദ്യോഗസ്ഥരും ചില രാഷ്ടീയ നേതാക്കളും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ടാവാം. എങ്കിലും മൂന്നില്‍ രണ്ടു ഭാഗവും ഈ കാലഘട്ടത്തിനുള്ളില്‍ പ്രസ്തുത ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി തന്നെ ചിലവഴിച്ചിട്ടുണ്ടെന്നതു തന്നെയാണ് വാസ്തവം,
ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ പോകുന്ന ചോദ്യം എങ്കില്‍ പിന്നെങ്ങനെ ഇപ്പോഴും നല്ലൊരു ശതമാനം ദളിത് ജനവിഭാഗം പ്രത്യേകിച്ചും ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവര്‍ കടുത്ത ദാരിദ്ര്യത്തിലും പ്രധമിക സൗകര്യങ്ങളുടെ അപര്യാപ്തതയിലും കഴിയുന്നത് എന്നതായിരിക്കും.
എന്റെ പരിമിതമായ അറിവില്‍ രണ്ടു കാര്യങ്ങളാണുള്ളത് രണ്ടാമത്തെതും നിസാരവും അതേസമയം എല്ലായ്പ്പോഴും പെരുപ്പിച്ചു കാട്ടപ്പെടുന്നതുമായ കാരണം ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ അവരുടെ ആവാസ വ്യവസ്ഥ വിട്ടു പൊതു സമൂഹത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതും, അവര്‍ ചാരായത്തിനും കഞ്ചാവിനും അടിമകളാണ്, സ്കൂളില്‍ പഠിക്കാന്‍ മക്കളെ വിടുന്നില്ല അവരുടെ ഭൂമി നിസാരവിലയ്ക്കു തട്ടിയെടുത്തു ഇതൊക്കെയാണ്.
എന്നാല്‍ ഒന്നാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം പട്ടികവിഭാഗങ്ങള്‍ക്കായി നിക്കി വെച്ച തുകയില്‍ ചിലവഴിക്കപ്പെട്ട തുകയുടെ 80% വും കൈവശപ്പെടുത്തിയിട്ടുള്ളത് അതേ വിഭാഗങ്ങളില്‍ തന്നെയുള്ള ഒരു പക്ഷേ ഗിരിവര്‍ഗ ആദിവാസി വിഭാഗങ്ങളില്‍പെടാത്ത സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പട്ടണങ്ങളിലും നഗരങ്ങളില്‍ം താമസിക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അതുവഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും പിന്നീട് ഉന്നത പദവികളും നേടിയ ആളുകളും അവരുടെ ബന്ധുമിത്രാദികളുമാണ്. ഇവരില്‍ പലരും സര്‍ക്കാര്‍ രേഖകളില്‍ സംവരണ ആനുകൂല്യത്തിനര്‍ഹര്‍ ആണെങ്കിലും സാമൂഹികമായും ജീവിത സൂചികകള്‍ പ്രകാരവും ഉന്നത ശ്രേണിയിലാണെന്നതാണ് വസ്തുത.
എന്നാല്‍ എത്ര ആഢ്യരായാലും ജന്മം വഴി ലഭിച്ച ജാതി ആനൂകല്യങ്ങള്‍ നേടുന്നതില്‍ നിന്നും ഇവരെ തടയാനാകുകയുമില്ല. അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങളെ പറ്റിയും അവകാശങ്ങളെപറ്റിയും വ്യക്തമായും കൃത്യമായും അറിവുള്ള ഇവര്‍ ഈ ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ ലഭിക്കേണ്ട ആ വിഭാഗങ്ങളിലെ പാവങ്ങളുടെ അജ്ഞതയെ മുതലെടുത്ത് എല്ലാ ആനുകൂല്യങ്ങളും ആദ്യം തന്നെ സ്വന്തമാക്കുകയാണ് പതിവ്. ഗ്രാമങ്ങളിലും സെറ്റില്‍മെന്റ് കോളനികളിലും ഗിരിവര്‍ഗ മേഘലകളിലും കാട്ടിനുള്ളിലും വസിക്കുന്ന യഥാര്‍ഥ അവകാശികള്‍ ഈ പദ്ധതികളെപറ്റിയൊന്നും അറിയുകപോലുമില്ല, അറിഞ്ഞാല്‍ തന്നെ തങ്ങള്‍ ഇത്നൊക്കെ അവകാശികളാണെന്നു തെളിയിക്കാനുള്ള രേഖകള്‍ ഒന്നും കൈവശമുണ്ടായിരിക്കുകയുമില്ല.
അതേസമയം ഈ രേഖകളെല്ലാം ഏറ്റവും കൃത്യമായും അപ്ഡേറ്റഡായും സൂക്ഷിച്ചിരിക്കുന്ന പട്ടണവാസികളായ ആധുനിക സംവരണ സമുദായക്കാര്‍ സമയാസമയങ്ങളില്‍ ആനുകൂല്യങ്ങളെപറ്റി കൃത്യമായി അറിയുകയും ആനുകൂല്യങ്ങള്‍ സ്വന്തമാക്കുകയും ചെയ്യും.
യഥാര്‍ഥ അവകാശികളെ തേടി കണ്ടുപിടിക്കാനും അവര്‍ക്ക് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ച് അവയെല്ലാം കൃത്യമാണെന്നു ഉറപ്പുവരുത്തി അവരെ ഉദ്ധരിക്കാനും ഫണ്ടനുവദിക്കാനും മിനക്കെടാന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍, മേല്‍പറഞ്ഞ രേഖകള്‍ എല്ലാം റെഡിമേയ്ഡായി കൈവശമുള്ള ഗുണഭോക്താവിനെ കിട്ടിയാല്‍ യാതൊരു റിസ്കും ഇല്ല എന്ന ആശ്വാസത്തില്‍ പേപ്പറുകള്‍ നീക്കി കൊടുക്കും. കിട്ടുന്ന ഉപഹാരം വാങ്ങി പോക്കറ്റിലും ഇടും.
ഈ ധനാഡ്യ ദളിത പരാദ തമ്പുരാക്കള്‍ക്കാണ് ക്രീമിലെയറിനേപ്പറ്റിയോ സാമ്പത്തിക സംവരണത്തേപ്പറ്റിയോ മിണ്ടിയാല്‍ കുരുപൊട്ടുന്നതും ദളിത് പീഡനമെന്നും സംവരണം അട്ടിമറിക്കുന്നെന്നും ഒക്കെ നിലവിളിക്കുന്നതും പാവപ്പെട്ട കഥയറിയാത്തവരെ ഇളക്കി വിടുന്നതും.
അഞ്ചക്ക ശമ്പളവും ആറക്ക കിമ്പളവും വാങ്ങുന്ന സെയില്‍ടാക്സ് ഓഫീസറായ അച്ഛന്റെയും താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ അമ്മയുടെയും മകള്‍, കോളജില്‍ പഠിക്കുമ്പോള്‍ ലംസംഗ്രാന്റ് വാങ്ങുകയും ആ പണം അന്നേദിവസം കൂട്ടുകാരികള്‍ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്തു തീര്‍ക്കുകയും ചെയ്യുമ്പോള്‍ അതേ സമുദായത്തില്‍ പെട്ട പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ സുഹൃത്ത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം അവസാനിപ്പിച്ച് റബര്‍ ഫാക്ടറിയില്‍ ദിവസക്കൂലിക്ക് പണിയെടുക്കാന്‍ പോയതിനു ഞാന്‍ സാക്ഷിയാണ്. ഇത്തരം വൈരുധ്യങ്ങളാണ് ശ്രദ്ധിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പ്രഹേളികകളായി അവശേഷിക്കുന്നത്. ഇത്തരം തമോഗര്‍ത്തങ്ങളിലേക്കാണ് ആദിവാസി പിന്നോക്ക ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വീണ് അപ്രത്യക്ഷമാകുന്നത്.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ