പാലക്കാട്ട് ഉടനുണ്ടാകുമെന്നു കരുതിയ റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങാന്‍ തടസമായി നില്‍ക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകളാണെന്നാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിന്റെ കുറ്റപ്പടുത്തല്‍. ഇതിനെതിരേ റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി എം.വിജയകുമാറും പ്രസ്താവനയിറക്കിയിട്ടുണ്ട്. പ്രസ്താവനകളുടെയും കുറ്റപ്പെടുത്തലുകളുടെയും കാര്യത്തില്‍ മാത്രം കാലതാമസമുണ്ടാക്കാതിരിക്കാനുള്ള നമ്മുടെ നേതാക്കളുടെ വ്യഗ്രത പ്രശംസനീയം തന്നെ.
കേരളത്തോട് എക്കാലവും തികഞ്ഞ അവഗണന പുലര്‍ത്തിപ്പോരുന്നതാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ കീഴ്‌വഴക്കം. അതിന് അല്പം വ്യത്യാസമുണ്ടായെന്നു കരുതിയത് കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി നല്‍കിയതോടുകൂടിയാണ്. ഇപ്പോള്‍ അതും ജലരേഖയായി മാറുന്നു. കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാണ് അഹമ്മദ് പറയുന്നത്. ഒന്നുകില്‍ പൊതുമേഖലയിലോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയോ പദ്ധതി നടപ്പാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിബന്ധന വച്ചതാണ് കുഴപ്പമെന്ന് അഹമ്മദ് പറയുന്നത് ആശ്ചര്യകരം തന്നെ.
പദ്ധതിക്കായി അനുവദിച്ച ഭൂമി സര്‍ക്കാരിന്റേതാണ്. അത് ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചു നല്‍കണമെന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. പങ്കാളിത്തം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പങ്കാളികളായിക്കൊള്ളാമെന്നു പറയുമ്പോള്‍ അതില്‍ എന്താണിത്ര വലിയ കുഴപ്പമെന്നുകൂടി അഹമ്മദ് വ്യക്തമാക്കണം. സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കുന്നതും ഒരു സംസ്ഥാന സര്‍ക്കാരുമായി കരാറുണ്ടാക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം കമ്മീഷന്റേതു മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? പങ്കാളികളാകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അത് ഉടനടി നടപ്പാക്കുകയാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ ചെയ്യേണ്ടത്. അതിനു പകരം, സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനുള്ള ഗൂഢനീക്കം ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ധനാഗമമാര്‍ഗമായി നില്‍ക്കുന്നത് ചില വന്‍കിട സ്വകാര്യ കമ്പനികളും അതിന്റെ മുതലാളിമാരുമാണെന്നത് രഹസ്യമല്ല. എന്നാല്‍, പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഈ പൊതുതത്വത്തിന് അപവാദമാണ്. ജനങ്ങളോടു താത്പര്യം ഉണ്ടന്ന തോന്നലുണ്ടാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. ഏതു കാരണത്താലാണെങ്കിലും സംസ്ഥാനം സ്വീകരിച്ച നിലപാടുകളോട് യോജിച്ചു നില്‍ക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ശ്രമിക്കേണ്ടത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെന്ന നിലയില്‍ മന്ത്രി അഹമ്മദിന് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാനാകും. അതിനു പകരം, പതിവു ശൈലിയില്‍ കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പദ്ധതി തന്നെ സംസ്ഥാനത്തിനു നഷ്ടപ്പെടുത്താന്‍ അഹമ്മദ് കൂട്ടുനില്‍ക്കരുത്.
ശബരി പാതയ്ക്കും തിരുനാവായ പാതയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുന്നില്ലെന്ന അഹമ്മദിന്റെ പരാതി പ്രതിക്കൂട്ടിലാക്കുന്നത് സംസ്ഥാനം ഭരിക്കുന്നവരെ തന്നെ. ശബരി പാത ഉള്‍പ്പെടെ പല പദ്ധതികള്‍ക്കുമെതിരേ ശക്തമായ ലോബിയിംഗ് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ വൈകുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്ന തരത്തിലുള്ള റെയില്‍വേ പാതകള്‍ക്കെതിരേ പ്രതിഷേധം ഉയരുക സ്വാഭാവികം തന്നെ. ഓരോ പുതിയ പദ്ധതികള്‍ വരുമ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം രമ്യമായ പരിഹാരമുണ്ടാക്കാന്‍ മുന്‍കാലങ്ങളിലെ ഭരണാധികാരികള്‍ക്കു സാധിച്ചു. അതിന്റെ ഫലമാണ് ഇന്നു കാണുന്ന റോഡുകളും റെയില്‍പ്പാതകളുമെല്ലാം. ഇവിടെയും അങ്ങനെയൊരു പരിഹാര ശ്രമം ഉണ്ടാകണം. അതിനു പകരം, ഗൂഢമാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. സ്വാഭാവികമായും സംശയത്തിന്റെ കരങ്ങള്‍ നീണ്ടു ചെല്ലുന്നത് സാമ്പത്തിക ഘടകത്തിലേക്കു തന്നെ.
ഓരോ ദിവസവും വൈകുമ്പോഴും പദ്ധതി നടപ്പാകാനുള്ള സാധ്യത അകലങ്ങളിലേക്കാണു നീങ്ങുന്നതെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അടുത്ത ബജറ്റില്‍ ഇതേ പദ്ധതികള്‍ക്കായി നീക്കിവച്ച പണം മറ്റു വഴികളിലേക്കു തിരിച്ചുവിടാന്‍ സാധിച്ചേക്കാം. അങ്ങനെ ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍ എത്രയോ ഇതിനു മുമ്പും കണ്ടിരിക്കുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ ആനുകൂല്യങ്ങളെങ്കിലും നേടിയെടുക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്.
അതിന് കേന്ദ്രത്തിനെ നയിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്കും ബാധ്യതയുണ്ട്. അതു മറന്ന്, സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞു നടക്കാനല്ല അഹമ്മദിനെപ്പോലുള്ളവരെ മലയാളികള്‍ തെരഞ്ഞെടുത്തയച്ചത്. എന്തുതന്നെ ആയാലും പാലക്കാട്ടെ കോച്ച് ഫാക്ടറി മലയാളിക്കു വേണം. നിങ്ങളുടെ രാഷ്ട്രീയക്കളികളുടെ ബലിയാടുകളാകാനല്ല ഇവിടെ ജനം ജനിച്ചുവളര്‍ന്നത്. എല്ലാവരേയും വിഡ്ഢികളാക്കി അധികാരത്തിന്റെ സുഖം നുകരുന്ന കുറേ രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാനുള്ള ബാധ്യതയൊന്നും ഇവിടെ ആര്‍ക്കുമില്ല. പാലക്കാട്ടെ കോച്ച് ഫാക്ടറി നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്തം അഹമ്മദിനു മാത്രമായിരിക്കുമെന്ന് ഓര്‍മിപ്പിക്കട്ടെ. അടുത്ത തെരഞ്ഞെടുപ്പിലും വോട്ടു ചോദിച്ചെത്തേണ്ടതല്ലേ. അങ്ങനെയൊരു ചിന്ത മന്ത്രിക്കുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അധികാരമില്ലാതെ എന്തു ജീവിതം.
കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത് - എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് - കേരളഭൂഷണം
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ