കേരളത്തിലെ സിപിഎം ഘടകത്തിനുള്ളിലെ ചേരിപ്പോര് വീണ്ടും മറനീക്കിത്തുടങ്ങിയിരിക്കുന്നു.
അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ് വിഎസിന്റെ പേരിലുള്ള ആരോപണം. ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വിഡ്ഢികളാക്കി നടക്കുന്ന പരസ്യമായ തട്ടിപ്പിനെതിരേ മുഖ്യമന്ത്രി ഒരു നിലപാടെടുത്താല്‍ അത് തെറ്റാണെന്നു വിലയിരുത്തേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പേരില്‍ രണ്ടു തട്ടിലായി തര്‍ക്കിക്കേണ്ട പാര്‍ട്ടിയല്ല സിപിഎം. അതല്ല പാര്‍ട്ടിയുടെ പാരമ്പര്യം. ദൗര്‍ഭാഗ്യവശാല്‍, അധ്വാനവര്‍ഗത്തേക്കാളേറെ പാര്‍ട്ടിക്കു പ്രിയം മാഫിയാ തലവന്‍മാരോടാണെന്ന തോന്നലുളവാക്കുന്ന വെളിപ്പെടുത്തലുകളും നടപടികളുമാണ് കുറേക്കാലമായി കേരളത്തില്‍ കാണുന്നത്.
ഇപ്പോഴത്തെ സംഭവവികാസങ്ങളെയും അതേ തുലാസില്‍ മാത്രമേ തൂക്കിനോക്കാനാകൂ. വ്യാജലോട്ടറി അച്ചടിച്ചു ജനത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുന്ന മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ബാധ്യത ഒരു സര്‍ക്കാരിനുണ്ട്. അതു നിറവേറ്റേണ്ടതു മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ മുന്‍കൈയെടുക്കേണ്ടത്. അതു ചെയ്യുന്നതിനു പകരം, നടപടിക്കു തയാറായ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു വരെ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.
ഏതെങ്കിലും നേതാക്കളുടെ താത്പര്യമാകരുത് പാര്‍ട്ടിയെ നയിക്കേണ്ടത്. ജനങ്ങളുടെ താത്പര്യത്തിനാകണം മുന്‍തൂക്കം കൊടുക്കേണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന്‍ എന്ന നേതാവ് അനഭിമതനാണ് എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹം സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികളെ പുച്ഛിച്ചു തള്ളേണ്ടതുണ്ടോയെന്ന് നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിഎസ് ചെയ്തത് നല്ല കാര്യമാണ്. അതിനെതിരേയുള്ള ഓരോ നീക്കവും ജനഹൃദയങ്ങളില്‍ നിന്ന് തങ്ങളെ അകറ്റുകയേ ഉള്ളൂവെന്നും ആരോപണങ്ങളെ സാധൂകരിക്കുമന്നും തിരിച്ചറിയേണ്ടതായിരുന്നു. അതിനു പകരം, വിഎസിനെ പുകച്ചു ചാടിക്കാന്‍ നടത്തിയ നീക്കം തീര്‍ത്തും ശരിയായില്ല.
മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കിലിലും ഇതേ സമീപനമാണു പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വീകരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുന്നതിനുള്ള ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. അതിനു പകരം ജനങ്ങള്‍ക്കിടയില്‍ മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ മാത്രമുതകുന്ന നടപടികളിലേക്കു നീങ്ങരുതായിരുന്നു.
സാന്റിയാഗോ മാര്‍ട്ടിനല്ല കേരളത്തെ നിയന്ത്രിക്കേണ്ടത്. മാഫിയകളുടെ ഭരണമല്ല ജനത്തിന് ആവശ്യം. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മാര്‍ട്ടിനുമായോ സമാന സ്വഭാവക്കാരുമായോ എന്തെങ്കിലും ചങ്ങാത്തമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. അതിന് വില നല്‍കേണ്ടവരല്ല കേരളത്തിലെ ജനങ്ങള്‍. വിഎസ് കേന്ദ്രത്തിനു കത്തയച്ചത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണ്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ യശസ് കളങ്കപ്പെട്ടേനെ. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരോട് അനുകൂല നിലപാടല്ല കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്.
മാഫിയകളോട് സന്ധി ചെയ്യുന്ന രീതിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. എക്കാലവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും നീതി ലഭിക്കാതെ വലയുന്നവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ചൂഷണത്തിനും അക്രമത്തിനുമെതിരേ സ്വീകരിച്ച രൂക്ഷമായ നിലപാടുകളാണ് കമ്യൂണിസ്റ്റ് ആശയത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയതെന്ന് വിസ്മരിക്കാതിരിക്കാം. അതിവിപ്ലവത്തിന്റെ പാതയിലൂടെയല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ട്ടിയെ അധികാരം ദുഷിപ്പിച്ചു എന്നു ചിന്തിക്കാന്‍ പോലും സാധിക്കാത്തവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും സഹയാത്രികരും. അവരെയെല്ലാം പരിഹസിക്കുന്നതിനു തുല്യമായിപ്പോയി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍.
സമ്പത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ചിപ്പോകുന്നവരായിരുന്നില്ല പാര്‍ട്ടിയെ നയിച്ചിരുന്നത്. അതാണ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും പാര്‍ട്ടിയായി സിപിഎം മാറാനുണ്ടായ കാരണം. ഉയര്‍ന്ന ചിന്തയും ഉന്നതമായ വീക്ഷണവുമുള്ള നേതാക്കളുടെ കൂറ് ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളോടും അധ്വാനവര്‍ഗത്തോടുമായിരുന്നു. ആ തലമുറയിലെ അവശേഷിക്കുന്ന ചുരുക്കം കണ്ണികളില്‍ പ്രമുഖനാണ് വിഎസ്. അക്കാരണത്താലാകാം അദ്ദേഹം മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുമ്പെട്ടത്. സ്വാഭാവികമായും പാര്‍ട്ടി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കരുതിയിരിക്കാം.
യഥാര്‍ത്ഥത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അവസാന നാളുകളിലേക്കടുക്കുമ്പോള്‍പ്പോലും ജനങ്ങള്‍ക്കു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന തോന്നലാണു പൊതുവേയുള്ളത്. പല നല്ല കാര്യങ്ങളും ചെയ്‌തെങ്കിലും അതൊന്നും ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നതാണു സത്യം.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ