2011, ഫെബ്രു 25

ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... എന്നാര്‍പ്പുവിളിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചില കുത്തക മധ്യമാവിഷ്കൃത നാടകങ്ങള്‍ കാണുന്നവര്‍ക്ക് ബൈബിള്‍ പുതിയ നിയമത്തിലെ യേശുദേവന്റെ പരസ്യ സുവിശേഷ കാലത്തെ അവസാന ദിനങ്ങള്‍ ഓര്‍മ്മയില്‍ വരുക സ്വാഭാവികം.
 
നിന്ദിതര്‍ക്കും പീടിതര്‍ക്കും ആശ്രം ഏകി, രോഗികള്‍ക്ക് ആശ്വാസമേകി, അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരുടെ വിശപ്പടക്കി,  യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ച യേശുദേവന്‍ വിടെ കണ്ട കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും നിങ്ങള്‍ സ്വര്‍ഗ്ഗ പിതാവിന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്ന് പറഞ്ഞുകൊണ്ട് പള്ളിക്കുള്ളില്‍ പ്രാവുകളെ വില്‍ക്കുന്നവരെയും മറ്റു തരികിട കച്ചവടക്കാരെയും ആട്ടി പുറത്താക്കി. ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരെ ചോദ്യം ചെയ്തു. സാധാരണക്കാരായ വലിയ പുരുഷാരം അവനോടോപ്പമെന്നു തിരിച്ചറിഞ്ഞ അവര്‍ അവനോടു സംവാദത്തിനു ദൈര്യപ്പെടാതെ തങ്ങളുടെ പ്രാമാണ്യത്തെ ചോദ്യം ചെയ്ത യേശുദേവനെതിരെ യഹൂദ പുരോഹിതരും ഭരണാധികാരികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവനില്‍ കള്ള കുറ്റം ചുമത്തി അവനെ ക്രൂശിച്ചു. അവനെ മുപ്പതു വെള്ളിക്കാശിനു സ്വന്തം ശിഷ്യനായ യൂദാ ഒറ്റിക്കൊടുത്തു.
 
വിയെസ് സര്‍കാരിന്റെ അവസാന ദിനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചരിത്രവുമായി വിദൂര സാദൃശ്യം തോന്നുന്നുണ്ടോ ?
 
അഴിമതിക്കാര്‍ക്കും സ്വജന പക്ഷപാതികള്‍ക്കും എതിരെ നടപടി എടുത്തു, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി, അറുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കാന്‍ നടപടി എടുത്തു, പെണ്‍ വാണിഭക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിച്ചു, സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാതെ വികസന സംരംഭങ്ങള്‍ തുടക്കം കുറിച്ചു.   പൊതുമുതല്‍ കട്ട് മുടിപ്പിച്ചവരെ ജയിലില്‍ അടച്ചു, ലോട്ടറി മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടി. ജനം വീയെസിനോപ്പം എന്ന് കണ്ടു വിറളിപിടിച്ച, ന്യായവിധിയുടെ വാള്‍ കണ്ടു ഭയന്ന  രാഷ്ട്രീയ, സമുദായ, മാധ്യമ പ്രമാണിമാര്‍ ദുരാരോപണം ഉയര്‍ത്തി വ്യക്തിഹത്യ നടത്താന്‍ രംഗത്തെത്തിക്കഴിഞ്ഞു, ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക....  എന്നാര്‍പ്പുവിളിക്കുന്നു. ഒറ്റിക്കൊടുക്കാന്‍ അഭിനവ യൂദാ ശശി സഖാവും റെഡി.
 
പ്രിയ സഖാവേ ന്യായം താങ്കളുടെ പക്ഷത്തെങ്കില്‍ അങ്ങയുടെ പുനരുദ്ധാനത്തിന്നായി ഞങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ കാത്തിരിക്കുന്നു.