പാര്‍ലമെന്‍ട്രി രംഗത്തും എസ്സെഫൈയിലും ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടും എവിടെയൊക്കെയൊ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവഗണിച്ചെന്നു (?) പരാതിപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുന്‍ സ: സിന്ധു ജോയി അറിയുവാന്‍... കാലങ്ങളായി സ്ഥാനമാനങ്ങള്‍ കയ്യടക്കി ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, വയലാര്‍ രവിയും മാത്രമല്ല ഇനി പറയുന്നവരും കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എതിരാളികളുമായി ഏറ്റുമുട്ടി മേലുനോവാന്‍ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നാണു പൊതുവേയുള്ള വിശ്വാസം. അതിന് അപവാദമായി, പ്രസ്‌ഥാനത്തിനുവേണ്ടി ഒരു കണ്ണ് നഷ്‌ടപ്പെടുത്തിയയാളാണ് വയനാട്ടില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡന്റ് ഒ. ആര്‍. രഘു. കോഴിക്കോട് ലോ കോളജില്‍ പഠിക്കുമ്പോഴാണ് ഏറ്റുമുട്ടലില്‍ രഘുവിനു കണ്ണ് നഷ്‌ടപ്പെട്ടത്. പിന്നീട് തിരുവനന്തപുരത്ത് സമരം നയിക്കുന്നതിനിടെ പോലീസ് ലാത്തിച്ചാര്‍ജില്‍ നട്ടെല്ലിനും പരുക്കേറ്റു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടാന്‍ ഈ ത്യാഗമൊന്നും പോരാ. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേക്കുള്ള സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ രഘുവിന്റെ പേരും ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഔട്ട്.
തലസ്‌ഥാനത്ത് കോണ്‍ഗ്രസിനൊരു ചാവേറുണ്ട്. ചെമ്പഴന്തി അനില്‍. അടി എന്നെഴുതിക്കാണിച്ചാല്‍ വീട്ടിലെത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് അപവാദം. ഏതു സമരവും വിശ്വസിപ്പിച്ച് ഏല്‍പ്പിക്കാം. ഇതൊക്കെയാണെങ്കിലും അനിലിനു സ്വന്തം പ്രസ്‌ഥാനത്തെ നന്നായറിയാം. സീറ്റെന്നു കേട്ടാല്‍ തൊഴുതു പിന്‍വാങ്ങും. 'എന്തിനപ്പീ ഈ പൊല്ലാപ്പ്' എന്നതാണ് അനിലിന്റെ ലൈന്‍. അതുകൊണ്ടുതന്നെ നിരാശയും കുറയും.
കൈപ്പത്തി ചിഹ്നത്തില്‍ ഇത്തവണയെങ്കിലും അരക്കൈ നോക്കാമെന്ന് ഉറച്ചു വിശ്വസിച്ച്, ഒടുവില്‍ ഹതാശരായ അനേകം അടിയുറച്ച കോണ്‍ഗ്രസുകാരില്‍ ഒരാള്‍ മാത്രമാണു രഘു. ഉണ്ണാന്‍ സമയമായപ്പോള്‍ വെള്ളം കോരിയവനും വിറകു വെട്ടിയവനുമൊക്കെ പുറത്ത് എന്ന പതിവ് കോണ്‍ഗ്രസ് തെറ്റിച്ചില്ല. സ്‌ഥിരം സിറ്റിംഗ് സാമാജികരും കേന്ദ്രം ചൂണ്ടിക്കാട്ടിയ, ആരുമറിയാത്ത യൂത്തുകാരുമൊക്കെ സീറ്റ് ഉറപ്പിച്ചപ്പോള്‍ പലിശയ്‌ക്കു പണമെടുത്താണെങ്കിലും ഡല്‍ഹിവരെ പോയി മടങ്ങാനായിരുന്നു ഇക്കൂട്ടരുടെ വിധി.
ചിലരുടെ കാര്യത്തില്‍ വൈദ്യശാസ്‌ത്രത്തിനു പിഴച്ചാലേ മറ്റുള്ളവര്‍ക്കു സീറ്റ് കിട്ടൂ എന്നു കെ.എസ്.യു. പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പേ അതു ബോധ്യപ്പെട്ടയാളാണ് നെയ്യാറ്റിന്‍കര സനല്‍. കടുത്ത എ ഗ്രൂപ്പുകാരന്‍. എം.എല്‍.എ. ഹോസ്‌റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയായിരുന്നു ലോകം. എന്നെങ്കിലും ജന്മനാട്ടില്‍ സ്‌ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ യുവാവ്. ഒടുവില്‍ പട്ടിക വന്നപ്പോള്‍ സനല്‍ വെള്ളം കോരിയതത്രയും വെറുതേ.
കെ. കരുണാകരന്റെ വത്സലശിഷ്യയായ ജയാ ഡാലി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്നതും രാഷ്‌ട്രീയകേരളം കണ്ടു. പാരയും കുതികാല്‍വെട്ടും അറിയില്ല എന്നതാണു തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറിയായ വി.എസ്. ഹരീന്ദ്രനാഥിന് 'അയോഗ്യത'യായത്. 1977-ല്‍ കെ.എസ്.യു. സംസ്‌ഥാന പ്രസിഡന്റായിരുന്ന ഹരീന്ദ്രനാഥിന് ഇക്കുറി പ്രതീക്ഷയുണ്ടായിരുന്നു. ആദര്‍ശത്തിന്റെ കാര്യത്തില്‍ ആന്റണിയുടെ അപരനെന്ന് അറിയപ്പെടുന്ന എം. വിന്‍സന്റ് തഴയപ്പെടുന്നത് ഇതു രണ്ടാം വട്ടം. സാമുദായിക സമവാക്യങ്ങളും മതനേതൃത്വത്തിന്റെ ഇടപെടലുമാണു വിന്‍സന്റിനു വിലങ്ങുതടിയായത്. സീറ്റ് കാട്ടി കൊതിപ്പിച്ച് ഒടുവില്‍ നേതൃത്വം കൈ വീശിക്കാണിച്ച മറ്റൊരു യുവനേതാവാണ് കെ.ജി. ജേക്കബ്. 1977-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നിര്‍വാഹകസമിതി അംഗമായിരുന്ന എം. ഗില്‍ബര്‍ട്ടിന്റെ മകന്‍. അതേ ജേക്കബ് കരുണാകരന്റെ നിഴലായിരുന്നെങ്കിലും ലീഡര്‍ പാര്‍ട്ടി വിട്ടിട്ടും കൂടെപ്പോയില്ല. ആ വിശ്വസ്‌തതയ്‌ക്കും ഇക്കുറി സീറ്റില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ട്രിഡ ഭരിച്ച ഉറച്ച എ ഗ്രൂപ്പുകാരനായ പി.കെ. വേണുഗോപാല്‍, മുന്‍മന്ത്രി എസ്. വരദരാജന്‍നായരുടെ മകന്‍ വി. പ്രതാപചന്ദ്രന്‍ എന്നിവര്‍ക്കും നിയമസഭ സ്വപ്‌നം മാത്രമായി.
പതിറ്റാണ്ടുകള്‍ മൂവര്‍ണക്കൊടി പിടിച്ചിട്ടും മൂലയ്‌ക്കിരുത്തപ്പെട്ടവര്‍ എറണാകുളം ജില്ലയിലും നിരവധി. എന്‍. വേണുഗോപാല്‍, അഡ്വ. കെ.പി. ഹരിദാസ്, എ.ബി. സാബു, അബ്‌ദുള്‍ മുത്തലിബ്, ദീപ്‌തി മേരി വര്‍ഗീസ്, ടി.ജെ. വിനോദ് തുടങ്ങിയവരാണ് ഈ ഭാഗ്യംകെട്ടവര്‍. ഐ.എന്‍.ടി.യു.സി. നേതാവും എറണാകുളം ഡി.സി.സി. വൈസ് പ്രസിഡന്റുമായ ഹരിദാസ് തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം പട്ടികയുടെ തുടക്കത്തില്‍ ഉണ്ടാകുമെങ്കിലും ഒടുക്കം ചിത്രത്തിലുണ്ടാകില്ല.ഇത്തവണ വൈപ്പിനിലായിരുന്നു പ്രതീക്ഷ. കൊച്ചി മേയറാകാന്‍ ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും പാരപ്രളയത്തില്‍ മുങ്ങിപ്പോകാനായിരുന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാലിന്റെ വിധി. മേയറാകുമെന്നു പ്രതീക്ഷിച്ചിരുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി എ.ബി. സാബു, തന്നെ തോല്‍പ്പിച്ചതില്‍ മുഖ്യപങ്ക് വേണുഗോപാലിനാണു ചാര്‍ത്തിക്കൊടുത്തത്. നിയമസഭയിലേക്കു രണ്ടുപേരും തൃപ്പൂണിത്തുറ സീറ്റ് പ്രതീക്ഷിച്ചതാണെങ്കിലും കെ. ബാബുവിനുതന്നെയാണ് ഇത്തവണയും നിയോഗം.
അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസിന് തൃക്കാക്കര മണ്ഡലത്തിലായിരുന്നു പ്രതീക്ഷ. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അബ്‌ദുള്‍ മുത്തലിബ് ആലുവയും ടി.ജെ. വിനോദ് കൊച്ചി അല്ലെങ്കില്‍ എറണാകുളവും പ്രതീക്ഷിച്ചിരുന്നു. മുന്‍ ഡെപ്യൂട്ടി മേയറാണ് വിനോദ്. തൃശൂര്‍ ജില്ലയില്‍നിന്ന് സംസ്‌ഥാന-ജില്ലാ ഭാരവാഹികളായ ജോണ്‍ ഡാനിയേല്‍, വി.ടി. ബല്‍റാം, അനില്‍ അക്കര, സനീഷ്‌കുമാര്‍, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ബിജോയ് ബാബു തുടങ്ങിവരില്‍ പലരും ദിവസങ്ങളോളം ഡല്‍ഹിയിലും തിരുവനന്തപുരത്തും തമ്പടിച്ചു.
എല്ലാം വെറുതേ. യുവപ്രാതിനിധ്യമെന്ന പേരില്‍ അവകാശവാദമുന്നയിച്ച സി.എസ്. ശ്രീനിവാസന്‍, ജോസ് വള്ളൂര്‍, ജോസഫ് ടാജറ്റ്, എം.പി. വിന്‍സെന്റ്, സി.ഐ. സെബാസ്‌റ്റ്യന്‍ തുടങ്ങിയവരൊക്കെ നിരാശരായി.
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായി 10 വര്‍ഷം പ്രവര്‍ത്തിച്ച എബി കുര്യാക്കോസിന് ഇപ്പോഴും പാര്‍ലമെന്ററി മോഹം ഏറെ അകലെ. പേരിനു ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണെന്നു പറയാം. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്‌ഥാന വൈസ് പ്രസിഡന്റായിരുന്നു എം.ജെ ജോബ്. കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലേക്കും പിന്നീട് എന്‍.സി.പിയിലേക്കും ഒടുവില്‍ തിരികെ കോണ്‍ഗ്രസിലേക്കും മടങ്ങിയെങ്കിലും ജോബ് തിരസ്‌കൃതരുടെ പട്ടികയിലാണ്.
വി.എസിനോട് ഏറ്റുമുട്ടി ചാവേറാകുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിന്റെ ഇരയാകുകയും ചെയ്‌ത സതീശന്‍ പാച്ചേനിക്കും ഇതുവരെ ജനപ്രതിനിധിയാകാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം കെ.എസ്.യു. സംസ്‌ഥാന പ്രസിഡന്റായിരുന്നു പാച്ചേനി. കണ്ണൂരില്‍ 12 കൊല്ലം കെ.എസ്.യു. ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിനു യുവജനക്ഷേമ ബോര്‍ഡില്‍ അംഗത്വം കിട്ടിയതുമാത്രമാണു സമാശ്വാസസമ്മാനം. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. സജീവ് ജോസഫ്, കെ.പി.സി.സി. സെക്രട്ടറി വി.എ. നാരായണന്‍ എന്നിവരാണു മറ്റു ഹതഭാഗ്യര്‍.
കോഴിക്കോട് ജില്ലയില്‍ കപ്പിനും ചുണ്ടിനുമിടയില്‍ സീറ്റ് നഷ്‌ടപ്പെട്ടവരാണു ചെന്നിത്തലയുടെ വലംകൈയായ കെ.പി.സി.സി. സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന പ്രസിഡന്റ് ടി. സിദ്ധിഖും. ഇത്തവണ എലത്തൂര്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സുബ്രഹ്‌മണ്യന്‍. എന്നാല്‍, ഈ സീറ്റ് സോഷ്യലിസ്‌റ്റ് ജനതയ്‌ക്കു നല്‍കി. കോഴിക്കോട് നോര്‍ത്തില്‍ കണ്ണുവച്ചെങ്കിലും പി.വി. ഗംഗാധരന്‍ കൊണ്ടുപോയി. എം.എം. ഹസനുശേഷം മുസ്ലിംസമുദായത്തില്‍നിന്നുള്ള യൂത്തിന്റെ പ്രസിഡന്റായിരുന്നു ടി. സിദ്ദിഖ്. തവനൂര്‍,നാദാപുരം, ആലുവ, ബേപ്പൂര്‍ സീറ്റുകളിലെല്ലാം പരിഗണിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ അപ്രീതി സിദ്ദിഖിനു വിനയായി.
കെ. കരുണാകരന്റെ വലംകൈയായിരുന്ന ഇബ്രാഹിംകുട്ടി കല്ലാറും തിരിച്ചെത്തിയപ്പോള്‍ തഴയപ്പെട്ടു. ഇടുക്കിയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഡി.ഐ.സി (കെ) ടിക്കറ്റില്‍ മത്സരിച്ചു തോറ്റ ഇബ്രാഹിംകുട്ടിയെ അവിടെത്തന്നെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എ.ഐ.സി.സി. നിര്‍ദേശിച്ച ജോസി സെബാസ്‌റ്റ്യനാണ് ഉടുമ്പന്‍ചോലയില്‍ സ്‌ഥാനാര്‍ഥി.
ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് ഇന്നലെ മുന്‍ സ: സിന്ധു ജോയി ഉയര്‍ത്തിയ മൂന്ന് ന്യായ വാദങ്ങളെക്കുറിച്ചു കൂടി നമുക്ക് പരിശോധിക്കാം.
1) കോണ്‍ഗ്രസ്സിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍.
ശരിയായിരിക്കാം, റോസക്കുട്ടി ടീച്ചര്‍ക്കും പദ്മജയ്ക്കും ഒക്കെ മറ്റുള്ള പുരുഷ നേതാക്കന്മാരെപ്പോലെ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങാനുള്ള അവസര സമത്വം ലഭിച്ചതാണൊ മുന്‍ സ: സിന്ധു ജോയി ഉദ്ദേശിച്ചത്?
2) മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ച ഗൗരിയമ്മയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്.
കഴിഞ്ഞ കുറേ നാളുകളായി മുന്‍ സ: സിന്ധു ജോയി മലയാളം പത്രങ്ങളോ ദ്രുശ്യ മാധ്യമങ്ങളോ ശ്രദ്ധിക്കുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ ഇതുപോലൊരു തമാശ വിളിച്ച് കൂവുമായിരുന്നില്ലല്ലൊ? CPM നേതാവായിരുന്ന ഗൗരിയമ്മയുടെ നിഴല്‍ പോലുമല്ല ഇന്നു കൊണ്‍ഗ്രസ് നേതാക്കളുടെ ഔദാര്യത്തിനു കാത്തു നില്‍ക്കുന്ന JSS നേതാവായ ഗൗരിയമ്മ. സീറ്റ് വിഭജന ചര്‍ച്ചയുടെ സമയത്ത് ചെന്നിത്തല അവരെ അപമാനിച്ചു വിട്ടതൊന്നും മുന്‍ സ: സിന്ധു ജോയി അറിഞ്ഞിട്ടില്ലെന്നു കരുതുന്നു, രാജ്യ സ്ഭാ സീറ്റെന്ന പ്രലോഭനത്തില്‍ വീണ് ചാടിപ്പുറപ്പെടും മുന്‍പ് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ കിട്ടുന്ന പരിഗണനയെ പറ്റി ഗൗരിയമ്മയോടും, M.V രാഘവനോടും, P.J.ജോസഫിനോടും, വീരെന്ദ്രകുമാറിനോടും ഒക്കെ ഒന്നു ചോദിച്ച് മനസിലാക്കേണ്ടിയിരുന്നു, ഒരാവേശത്തിനു കോണ്‍ഗ്രസ്സ് ക്യാമ്പില്‍ എത്തുകയും ഇപ്പോള്‍ പോകാന്‍ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ആട്ടും തുപ്പും സഹിച്ച് കഴിയുകയാണ് ഇവരൊക്കെ.
3) ഞാന്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധിയാണ് അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വിളിച്ചാലുടനെ മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി അവഗണിച്ചേ എന്നും പറഞ്ഞ് അവരുടെ കൂടെ പോയത്.
ഈ പ്രസ്താവന കൊണ്ട് മുന്‍ സ: സിന്ധു ജോയി എന്താണ് ഉദ്ദെശിച്ചത് എന്നു മനസിലാകുന്നില്ല !!!
സ്വന്തം വീട്ടില്‍ മുന്‍പ് അനുഭവിച്ചിരുന്ന സുഭിക്ഷതയില്‍ അല്‍പം കുറവുവരുമ്പോള്‍, അല്‍പം ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ നേരിടുമ്പോള്‍ അയലത്തെ ക്രിമിനലായ ധനാഡ്യന്‍ വന്നു വിളിച്ചാലുടനെ ഇറങ്ങിപ്പോയി അവനോടൊപ്പം താമസം തുടങ്ങുന്നവരാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകളും എന്നാണോ???
എങ്കില്‍ കേരളീയരായ മുഴുവന്‍ സ്ത്രീകള്‍ക്കും, അവരുടെ പിതാക്കന്മാര്‍ക്കും, സഹോദരന്മാര്‍ക്കും, ഭര്‍ത്താക്കന്മാര്‍ക്കും വേണ്ടി ഞാന്‍ പ്രസ്താവനയെ ശക്തിയുക്തം അപലപിക്കുന്നു.
2 അഭിപ്രായ(ങ്ങള്‍):
മാർക്സിസ്റ്റ് പാർട്ടിയിലുണ്ടായിരുന്ന ഒരാൾക്ക് എങ്ങനെ ഇത്രയും വിലകുറഞ്ഞ പ്രസ്ഥാവനകൾ നടത്താൻ കഴിയുന്നു എന്നതാണ് എനിക്കിപ്പോഴും മനസ്സിലാകാത്തത്.
സിന്ധു ജോയിയ്ക്ക് തന്നെ അറിയില്ല താന്‍ എന്താണ് ചെയ്തു കൂട്ടുന്നതെന്ന്, ഒരു ലേശം കുറവുണ്ടോ ആ കുട്ടിയ്ക്ക് എന്ന് നാട്ടുകാര്‍ക്ക് സംശയം ഇല്ലാതില്ലാതില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ