2014, സെപ്റ്റം 3

ടോക്ക് ടൈം തട്ടിപ്പ്

സമീപകാലത്ത് കേരളത്തില്‍ ചിരപരിചിതമായ ശബ്ദശകലമാണ്  കഴിക്കൂ കുടിക്കൂ…  പിന്നെ വിളിക്കൂ എന്നത്.
എന്നാല്‍ സുന്ദരമായ ഈ വാണിജ്യലാക്കുളള ശബ്ദത്തില്‍ പതിയിരിക്കുന്ന ചതി മലയാളി തിരിച്ചറിഞ്ഞില്ല.

എന്തിനും ഏതിനും തലവയ്ക്കുന്ന മലയാളിയെ തന്നെ കെണിയിലാക്കാന്‍  കമ്പനികള്‍ കച്ചകെട്ടിയത് വെറുതെയല്ല. ഇഷ്ടതോഴരെ വിളിച്ചാസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ അന്തര്‍ദേശീയ കമ്പനികള്‍ പെടുന്നപാട് ചില്ലറയല്ല.  ഇടയ്ക്കിടെ ക്ഷീണിതനാകുന്ന ഉപഭോക്താവിന് കഴിക്കാനും കുടിക്കാനും ഇവര്‍ നിര്‍മിക്കുന്ന രൂചിയൂറുന്ന ബിസ്ക്കറ്റും ശീതളപാനീയങ്ങളും നല്‍കുമെന്നു മാത്രം.

പക്ഷെ വിളി സൗജന്യമാണ്. പ്രിയപ്പെട്ടവരെ വിളിക്കാനുളള പണം കമ്പനി തരുമെന്നാണ് വയ്പ്പ്.

ഉപഭോക്താവ് നുണയുന്ന ഓരോ കേക്കിലും പാനീയത്തിനു മുകളിലും കമ്പനി സുന്ദരമായ സ്റ്റിക്കറില്‍ പതിപ്പിച്ചിരിക്കുന്ന ഫ്രീചാര്‍ജ് ഓഫറാണ്  തുകയായി ലഭിക്കുന്നത്. ഇത് നിശ്ചിത സമയത്തിനുളളില്‍ നേടിയിരിക്കണമെന്ന കമ്പനിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധവും. ഈ സൗജന്യം കൈപ്പറ്റാന്‍ ആരെങ്കിലും മെനക്കെട്ടാല്‍ അവന്റെ ദിവസം പോയതുതന്നെ. പത്തുരൂപ സൗജന്യമായി റീചാര്‍ജ് ചെയ്യാന്‍ കമ്പനികള്‍ അനുശാസിക്കുന്ന നിയമം പാലിക്കണമെങ്കില്‍ 30 രൂപ അധികമായി ഉപയോക്താവ് ചെലവിടണം.


ആധുനിക സംവിധാനമില്ലാത്ത സാധാരണ മൊബൈല്‍ ഫോണ്‍ ഉടമയാണ് ഉപയോക്താവെങ്കില്‍ ഓഫര്‍ പോയതുതന്നെ. ഓഫറുകള്‍ ലഭിക്കാന്‍  ആദ്യപടിയെന്നോണം മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ആപ്പുകള്‍ വിലയ്ക്കുവാങ്ങണം. പിന്നീട് മണിക്കൂറുകള്‍ ചെലവിട്ട് ഇന്റര്‍നെറ്റില്‍ ഇടതടവില്ലാതെ സൗജന്യ ടോക്ക് ടൈം ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. കേക്കും പാനീയവും നുണയുന്ന ഉപഭോക്താവ് സാങ്കേതിക വിദഗ്ധനല്ലെങ്കില്‍ പണിപാളിയതുതന്നെ. മുന്നൂതരം വഴികളാണ് ടോക്ക് ടൈം സൗജന്യമായി ലഭിക്കാന്‍ കമ്പനി നിര്‍ദേശിക്കുന്നത്. ആദ്യപടിയായി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന ആള്‍ നിശ്ചിത സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യണം. പിന്നീട് നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ പതിച്ചു നല്‍കണം. പിന്നീട് സിസ്റ്റം ആവശ്യപ്പെടുന്നതനുസരിച്ച് ബിസ്ക്കറ്റ് പൊതിഞ്ഞ പേപ്പറിനുളളില്‍ ഒളിപ്പിച്ചിരിക്കുന്ന 12 അക്ക രഹസ്യനമ്പര്‍ പതിച്ചുനല്‍കണം. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഏറെനേരത്തിനുശേഷം കമ്പ്യൂട്ടര്‍ എഴുതിക്കാണിക്കും നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന്. ഒപ്പം വീണ്ടും  ശ്രമിക്കുകയെന്ന ഉപദേശവും. ചിലനേരങ്ങളില്‍ സൗജന്യമായി ടോക്ക് ടൈം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താവിനോട് നേരമ്പോക്കിനായി കമ്പ്യൂട്ടര്‍ ചോദിക്കും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എത്ര. ആവേശത്തിന് നമ്പരെങ്ങാനും നല്‍കിയാല്‍ പോയി പണം പോക്കറ്റില്‍നിന്നും. ഇത്തരത്തില്‍ വെട്ടിലായ അനേകര്‍ കേരളത്തിലുണ്ടെന്നാണറിയുന്നത്.


കഴിഞ്ഞ ആറുമാസക്കാലമായി കേരളത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ വരെ അവരവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയോഗിക്കുന്ന കുറുക്കുവഴിയാണ് സൗജന്യ ടോക്ക് ടൈം പരിപാടി. പ്രത്യേകിച്ചു ഭക്ഷ്യ ഇനങ്ങളിലാണ് 10 മുതല്‍ 200 വരെയുളള ടോക്ക് ടൈം ഓഫറുകള്‍ കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ തികച്ചും തട്ടിപ്പെന്ന് പറയാവുന്ന പരിപാടി കമ്പനികള്‍ക്ക് വന്‍ ലാഭക്കൊയ്ത്ത് നടത്താനുളള അവസരമൊരുക്കുകയാണ്. നിശ്ചിത സമയത്തിനുളളില്‍ ഓഫറുകള്‍ നേടിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കമ്പനിക്ക് ക്രമാതീതമായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഓഫറുകള്‍ തിരികെ പിടിക്കാനും കഴിയുന്നു.
ഇത്തരത്തില്‍ തിരികെ പിടിക്കുന്ന ഓഫറുകളുടെ ഇനത്തില്‍ വന്‍ തുകയാണ് ലഭിക്കുന്നത്. 

കൈ നനയാതെ  മീന്‍പിടിക്കുന്ന കറക്കുപണി മലയാളിയില്‍ തന്നെ പരീക്ഷിച്ച് ലാഭക്കൊയ്ത്ത് നടത്തുകയാണ് കുത്തകകള്‍.

അതേസസമയം ഇത്തരം ഓഫറുകള്‍ സ്വീകരിക്കാന്‍ സാധാരണക്കാരന് സാങ്കേതിക മികവില്ലെന്ന തിരിച്ചറിവുളള കമ്പനികളാണ് തട്ടിപ്പുമായി രംഗത്തുളളത്.


 കടപ്പാട് - കേരളഭൂഷണം

2014, ഏപ്രി 1

സരിതായുധം



നാടകം രംഗം ഒന്ന്

സുകുമാരന് മാടംബിയുടെ പടിപ്പുര

സുകുമാരന്‍: ഡാ ബാജീ...............

പീജേ കുര്യന്‍ : അടിയന്‍

സുകുമാരന്‍: നീയെന്താടാ ബാജീ ഇവിടത്തെ അടുക്കളപ്പുറത്ത് കിടന്നു പരുങ്ങുന്നത്, അവിടെ  സൂര്യ നെല്ലിയില്‍ നിന്നും വിതുരയില് നിന്നും ഒന്നും കൊണ്ടുവന്ന കിളുന്നു പെങ്കുഞ്ഞുങ്ങള്‍ ഒന്നും ഇല്ല, ആകെപ്പാടെ എണ്പത് കഴിഞ്ഞ അടിച്ചു തളിക്കാരി നാണി വല്യമ്മ മാത്രമേ ഉള്ളു ( ആത്മഗതം - നാണി വല്യമ്മ ആയാലും നഗ്മ ആയാലും ഇവനൊക്കെ ഒരു പോലെയാ  അലക്കിയിട്ട ചുരിദാറിനെ പോലും പീഡിപ്പിക്കാന് മടിക്കാത്തവന്മാരാ)

പീജേ കുര്യന്‍ : എന്റെ വല്യ നേതാവിന് അങ്ങുന്നിനെ ഒന്നു കാണണം എന്ന് പറഞ്ഞു

സുകുമാരന്‍: ആരാടാ.. നമ്മളൊക്കെ വെറും കന്നുകാലി ക്ളാസ് ആണെന്നു കരുതുന്ന ആ ദില്ലീ നായരാണോ, മൂന്നാം കെട്ടിലെ പെണ്ണുമ്പിള്ള അറിയാതെ ഏതോ പാക്കിസ്ഥാനി പത്രക്കാരിയോട് ഏതാണ്ട് "തരാമോ" എന്ന് ചോദിച്ചവന്??

പീജേ കുര്യന്‍ : അങ്ങുന്നേ അത് "തരാമോ" എന്ന് ചോദിച്ചതല്ല പാക്കിസ്ഥാനി പത്രക്കാരിയുടെ പേരാ തരാര് "മെഹര് തരാര്". ഇത് ആ നേതാവല്ല ഇവിടുത്തെ പുതുപ്പള്ളീലെ ഉമ്മന്‍ നേതാവ്. അവിടുന്ന് പിണക്കം ഒക്കെ കളഞ്ഞ് അദ്യത്തിന്റെ സമസ്താപരാദങ്ങളും പൊറുത്ത് മാപ്പാക്കണമെന്ന് നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാന്‍ വന്നതാ.

സുകുമാരന്‍: ഹും... തിരഞ്ഞെടുപ്പടുത്തപ്പം ഉമ്മന് നമ്മളെ ഒക്കെ വേണം അല്ലേ... മുന്‍പ് നമ്മടെ ചെന്നിമോന്  കളിക്കാന്‍ ഒരു താക്കോല് വേണമെന്ന് പറഞ്ഞപ്പം കേട്ട ഭാവം പോലും ഇല്ലാതിരുന്നവനാ, എന്തായാലും നീ പോയി വിളിച്ചോണ്ട് വാ. പിന്നെ നിന്റെ ആദര്ശത്തിന്റെ അസുഖമുള്ള പുത്തന്‍ പ്രസിഡണ്ട് കാണിച്ച പോലെ മതിലുചാടി പിന്നാമ്പുറത്തൂടെ വന്ന് മന്നം സമാധിയില്‍ പൂ വാരി എറിഞ്ഞിട്ട് ഓടിക്കളയരുതെന്നു പറയണം.

പീജേ കുര്യന്‍ : ഉമ്മച്ചാ.. ഓടിവാ സൂമാരദ്യം വരാന്‍ അനുവാദം തന്നൂ....

ഭവ്യതയൊടെ ഉമ്മച്ചന്‍ പ്രവേശിക്കുന്നു ഭാസ്കര പട്ടേലരുടെ മുന്നില് തൊമ്മി നില്ക്കുന്നതു പോലെ ഓശ്ചാനിച്ച് നില്ക്കുന്നു.

സുകുമാരന്‍:  എടോ ഉമ്മാ.. തനിക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയാം അല്ലേ??

ഉ.ചാ: അറിയാമോന്നോ, എന്റെ അങ്ങുന്നേ അവിടുത്തെ ക്രിപകൊണ്ടല്ലേ ഞാനൊക്കെ നിലനില്ക്കുനത് തന്നെ 

സുകുമാരന്‍: പിന്നെന്താടോ ഓണത്തിനും വിഷുവിനുമൊന്നും കാഴ്ചക്കുലകളുമായി ഇങ്ങോട്ട് വരാത്തത്

ഉ.ചാ: അത് പിന്നെ എന്റെ കൂടെയുള്ള ആ കരി നായര് സമ്മതിക്കാഞ്ഞിട്ടാ..

സുകുമാരന്‍: ആര്.. കസേര പോയ ആഭ്യന്തര ഏഭ്യനോ?? അവന് അല്ലെങ്കിലും ഇത്തിരി അഹങ്കാരം കൂടുതലാ.. നമ്മളെ ഒന്നും ഒരു ബഹുമാനവും ഇല്ല, 

ഉ.ചാ:  ശരിയാ ഒരു പെന്ഡ്രൈവ് കയ്യില് കിട്ടിയപ്പം ഇന്റലിജെന്സ് റിപ്പോര്ട്ടൊക്കെ കാട്ടി അവന് എന്നെയും വിരട്ടാന് നോക്കി, ആ വടകരയിലെ തവളക്കുഞ്ഞുങ്ങള്ക്ക് വിണു കിട്ടിയ കൊലപാതക കേസില്‍ തൂങ്ങി എന്റെ കസേരയ്ക്കും അവനൊരു കണ്ണ് വെച്ചിരുന്നു, 

സുകുമാരന്‍: എന്തായാലും വാളെടുത്തവന്‍ വാളാല്‍  എന്നു കേട്ടിട്ടില്ലേ ആ കേസ് തന്നെ അവന്റെ കസേരയും തെറിപ്പിച്ചു.

സുകുമാരന്‍: അതിരിക്കട്ട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടും താന് എന്റെ ചെന്നിക്കുട്ടന് താക്കോസ്താനം നല്കാന്‍ എന്തായിരുന്നു തനിക്കൊരു മടി?

ഉ.ചാ:  അതിപ്പം ആ ആ ബ ബാ....  രൂപതേന്നും പാണക്കാട്ടുന്നും ഒക്കെ അനുവാദം കിട്ടാതെ ഞാന്‍ എന്തു ചെയ്യും, അങ്ങുന്ന് എന്നോട് ക്ഷമിക്കണം, സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം

സുകുമാരന്‍: ശരി ശരി... ഒക്കെ തല്ക്കാലത്തേക്ക് ഷമിക്കാം പക്ഷേ താന്‍ ഒരു കാര്യം ചെയ്യണം എന്നെ പാലം വലിച്ച് കിട്ടുന്ന മൈക്കിനു മുന്നിലെല്ലാം എന്നെ ചീത്ത വിളിക്കുന്ന ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്കണം പറ്റുമെങ്കില് അവനെ അകത്താക്കി നാലു പൂശ് കൊടുക്കണം



ഉ.ചാ: ആ ആ ബ ആരെയും അകത്താക്കനുള്ള വകുപ്പൊന്നും എന്റെ കയ്യിലില്ല ഞാനകത്താകുന്നത് എപ്പോഴാന്നാ പേടി എന്നു മാത്രമല്ല നമ്മുടെ സരിതയെ കേസൊതുക്കി ജയിലില് നിന്നും ഇറക്കാന് കളിച്ച കളിയൊക്കെ നടെശഗുരു ആ ഫെനി വക്കീലിനെ ചുരണ്ടി എടുത്തിട്ടുണ്ട്, പോരാഞ്ഞിട്ട് ഗുരുവിന്റെ നാക്കിനു നല്ല മൂര്ച്ചയും.


സുകുമാരന്‍: എടോ മുള്ളിനെ മുള്ളുകൊണ്ട് എടുക്കാന് പഠിക്കണം, ഒരുകാര്യം ചെയ്യു സരിതയെ ഇറക്കി തന്നെ ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്ക്, തനിക്ക് എന്തെങ്കിലും സഹായം വേണമെങ്കില് നമ്മുടെ ബാലക്റ് പിള്ളയോട് പറഞ്ഞാല് മതി വേണ്ടത് ചെയ്തു തരും, അയാള്ക്ക് ജയിലില് കിടക്കുമ്പം രക്തത്തില് തുരുമ്പിന്റെ അംശം കൂടുതല് ഉള്ളത് പോലെ തന്നെ പുറത്ത് നടക്കുമ്പം തലയില് കുരുട്ട് ബുദ്ദിയുടെ അംശവും കൂടുതലാണ്.

ഉ.ചാ:  ശരി അങ്ങിനെയാവട്ടെ, അത് ... പിന്നെ ആ.. ബ ബ ഇപ്രാവശ്യം ഇലക്ഷനില് ഞ്ഞങ്ങളെ സഹായിക്കണം ആ സമദൂരം എന്നൊന്നും പറയരുത് 20 ഇല് ഒന്നോരണ്ടോ സീറ്റെങ്കിലും ബ ബ  കിട്ടിയില്ലെങ്കില് എന്റെ കസേര തെറിക്കും, കേന്ദ്രത്തിലെ കസേര പോയ അന്തോനിച്ചന്‍ ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്.

സുകുമാരന്‍: ഉമ്മച്ചന് ഒന്നുകൊണ്ടും ധൈര്യപ്പെടേണ്ട ഇപ്രാവശ്യവും ഞാന് "ശശിദൂരം" തന്നെ

ഉ.ചാ: അപ്പം ഞാനും ബാജീം കൂടെ അങ്ങോട്ട്.....

കര്ട്ടന്





ബാക്കി ഒക്കെ നിങ്ങള് ഇന്നു ചാനലുകളില് കണ്ടുകഴിഞ്ഞു
സരിത രംഗത്തെത്തുന്നു നടേശഗുരുവിനെയും തുഷാരഗുരുവിനെയും ഭീഷണിപ്പെടുത്തുന്നു
ബാക്കി എന്തൊക്കെ കാണാനിരിക്കുന്നു.. ആര് ആരെ ഒതുക്കുമെന്നും ആര്ക്കിട്ടൊക്കെ പണി കിട്ടുമെന്നും കാത്തിരുന്നു കാണാം

2014, മാർ 28

"നിയമം നിയമത്തിന്റെ വഴിക്കു പോകും" - ഞാന്‍ എന്റെയും

കോടതിയില്‍ നിന്നും എനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടായി,

കോടതി CBI അന്വേഷണത്തിന് ഉത്തരവിട്ടു

അതുകൊണ്ട് ഈ കേസില്‍ "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന എന്റെ പതിവ് പല്ലവി ഞാന്‍ മാറ്റിപ്പിടിക്കുകയാണ്

പകരം "ജനങ്ങളുടെ കോടതിയിലാണ് വിശ്വാസം" എന്ന പുതിയ ടാഗ് ലൈന്‍ സ്വീകരിക്കുന്നു. പക്ഷേ അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ട് മാത്രമേ ഞാന്‍ എന്റെ കസേര വിട്ടുള്ള കളിക്കുള്ളൂ.  ഞാന്‍ മുഖ്യ മന്ത്രി ആയി ഇരിക്കുമ്പോള്‍ എന്റെ കീഴിലുള്ള പോലീസ് എനിക്കും എന്റെ ശിങ്കിടികള്‍ക്കും എതിരായ കേസ് അട്ടിമറിക്കും എന്നും അതിനാല്‍ ഈ കേസുകള്‍ CBI  അന്വേഷിക്കണം എന്നുമല്ലേ കോടതി ഉത്തരവിട്ടുള്ളൂ, എന്നെ ജയിലില്‍ അടക്കാന്‍ ഒന്നും ഉത്തരവിട്ടില്ലല്ലോ, ജയിലില്‍ അടക്കാനുള്ള ഉത്തരവ് വരുന്നത് വരെ ഞാന്‍ ഈ കസേരയില്‍ അള്ളിപിടിച്ചിരിക്കും. ( ജയിലില്‍ അടച്ച പിള്ളാച്ചനെ അവിഹിതമായി പുറത്തിറക്കി മുന്നോക്ക കമ്മീഷന്‍ ഉണ്ടാക്കി ചെയര്‍മാനാക്കി ഒരു പുത്തന്‍ കിഴ്‌വഴക്കം സ്രിഷ്ഠിച്ചത് എന്തിനാനെന്ന് ഇപ്പോള്‍ മനസിലായില്ലേ)

പിണറായി വിജയനെ പോലെ, ആരോപണ വിധേയനായാല്‍ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതു വരെ അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള രാഷ്ട്രീയ മാന്യത ഒന്നും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത് (വിജയന് അങ്ങനെ ഒക്കെ ചെയ്യാം കാരണം മടിയില്‍ കനമുള്ളവനല്ലേ വഴില്‍ പേടിക്കേണ്ടതുള്ളൂ)

കാരണം ഈ ഒരു കേസിന്റെ പേരില്‍ ഞാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ മറ്റുള്ള തട്ടിപ്പുകള്‍ ഒക്കെ എങ്ങനെ ഒതുക്കുകയും മറയ്ക്കുകയും ചെയ്യും?? പാമോയില്‍ കേസും മറ്റും വിജിലന്‍സിനെ ഉപയോഗിച്ച് ഒതുക്കിയിട്ടും ആ അച്യുതാനന്ദന്‍ സഖാവ് അതില്‍ നിന്നും പിടി വിടുന്ന ലക്ഷണം ഇല്ല,

പോരാഞ്ഞിട്ട് എന്റെ പാര്‍ട്ടിയില്‍ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല ഒരിക്കല്‍ ഈ കസേര ഒന്നു കിട്ടിയാല്‍ അതു നിലനിര്‍ത്താനും തിരികെ തരാതെ ഇരിക്കാനും എന്തു നെറികെട്ട കളിയും അവന്മാര്‍ കളിക്കും അതിനായി എന്നെ കുടുക്കാന്‍ മടിക്കുകയും ഇല്ല, ചാരക്കേസുയര്‍ത്തി കരുണാകരനെയും, ന്യൂനപക്ഷ വിരുദ്ധനെന്നു മുദ്രകുത്തി ആന്റണിയേയും ഒഴിവാക്കാന്‍ ഞാന്‍ തന്നെ കളിച്ച കളികള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ??

ഒരുത്തന് കുറച്ചു നാളത്തേക്ക് ആഭ്യന്തരം ഒന്നു കൊടുത്തപ്പം ഒരു പെന്‍ ഡ്രൈവ് കയ്യില്‍ പിടിച്ച് എന്തൊക്കെ കളികള്‍ കളിച്ചു എന്നു ഈ അടുത്ത കാലത്ത് നിങ്ങള്‍ കണ്ടതല്ലേ

ഇനി നിങ്ങള്‍ തന്നെ പറയൂ

ഹൈക്കോടതി വിമര്‍ശനത്തിന്റെ പേരില്‍ ഞാന്‍ എന്റെ സകല സൗഭാഗ്യങ്ങളും ത്യജിക്കണോ ??

നിയമം നിയമത്തിന്റെ വഴിക്ക് പോകണോ അതോ നിയമം നമ്മുടെ ഗണ്മോന്‍ സലീം‌രാജിന്റെ വഴിക്കു പോകണമോ???

2014, ജനു 21

കറുത്തു പിടച്ച മലബാറികള്‍



കുമാര്‍ ബിസ്വാസ് തമാശ പറഞ്ഞതാണെന്നാണ് ചില നാണംകെട്ട "നായിന്റെ മക്കള്‍" സമാശ്വസിപ്പിക്കുന്നത് . 
ഇവനൊക്കെ പൊട്ടിയും അളിഞ്ഞും കിടക്കുമ്പോള്‍ നേഴ്സുമാര്‍ മാലാഖമാരും യധാര്‍ഥ സിസ്റ്റര്‍മാരും ആണ്, 
                                      


അസുഖം മാറിക്കഴിയുമ്പോള്‍ അതേ നേഴ്സുമാര്‍ തന്നെ ഇവനൊക്കെ കറുത്തു പിടച്ച മലബാറികളായി തോന്നും. അവര്‍ സുന്ദരികളാണെങ്കില്‍ വികാരം തോന്നുമത്രേ ഇവനെയൊക്കെ ആം ആദ്മി എന്നല്ല മാമാ ആദ്മി എന്നാണ് വിളിക്കെണ്ടത്.

1000 രൂപ തരാം കുമാരാ.. ആം ആദ്മി നേതൃനിരയിലോ മന്ത്രി സഭയിലോ അംഗമായ ഒരു സ്ത്രീയെപ്പറ്റി ഇത്തരം വൃത്തികെട്ട ഒരു വളിപ്പ് ഒരു പൊതുവേദിയില്‍ പറയുവാന്‍ താന്‍ തയ്യാറുണ്ടോ??

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ തഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് നേതൃനിരയില്‍ എത്താന്‍ വൈമുഖ്യമുള്ള, പ്രറ്റ്യേകിച്ച് ഒരു പ്രത്യയശാത്രത്തോടും, ജനസമൂഹത്തോടും ആഭിമുഖ്യമില്ലാത്ത, നേതൃസ്ഥാനം മാത്രം ലക്ഷ്യമാക്കി വൈല്‍ഡ്കാര്‍ഡ് എന്‍‌ട്രിയിലൂടെ പുത്തന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയ ഇവരുടെ ഒക്കെ ഉള്ളിലെ കണ്ടന്‍ പൂച്ച പുറത്ത് ചാടിയത് നിസാരമായി അവഗണിക്കാന്‍ പാടുണ്ടോ?

പരസ്യമായി ഇവനെയൊക്കെ തിരണ്ടി വാലിനടിക്കാന്‍ കേജ്രിവാളിനും കൂട്ടര്‍ക്കും ആര്‍ജ്ജവമുണ്ടോ??? 

ഇല്ലെങ്കില്‍ ഞങ്ങള്‍ എല്ലാം തികഞ്ഞ ഉത്തമ പൗരന്മാര്‍, മറ്റെല്ലാവരും മോശം എന്ന പല്ലവി ഇനിയെങ്കിലും പാടി നടക്കരുത്. 

ഉത്തരാധുനിക ഹൈടെക് പാണന്മാരുടെ അപദാനങ്ങള്‍ക്കപ്പുറം ആം ആദ്മിയും, കാവിആദ്മിയും, ഇറ്റാലിയന്‍ ഔരത്തും തമ്മില്‍ അന്തരം ഒന്നും ഇല്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

(നായിന്റെ മക്കള്‍ എന്ന പദം മനപ്പൂര്‍വ്വം തന്നെ ഉപയോഗിച്ചിരിക്കുന്നതാണ്. കുമാര്‍ ബിസ്വാസിന് എന്റെ ഭാര്യയും  നൂറുകണക്കായ എന്റെ സഹോദരികളും ഉള്‍പ്പെടുന്ന നേഴ്സുമാരുടെ സമൂഹത്തെ മ്ലേഛമായ ഭാഷയില്‍ അപമാനിക്കാമെങ്കില്‍ അവനെ ന്യായീകരിക്കുന്നവരെ ഈ പദം ഉപയോഗിക്കുന്നതില്‍ ഞാനും മടിക്കേണ്ടതില്ല.)