2014, സെപ്റ്റം 3

ടോക്ക് ടൈം തട്ടിപ്പ്

സമീപകാലത്ത് കേരളത്തില്‍ ചിരപരിചിതമായ ശബ്ദശകലമാണ്  കഴിക്കൂ കുടിക്കൂ…  പിന്നെ വിളിക്കൂ എന്നത്.
എന്നാല്‍ സുന്ദരമായ ഈ വാണിജ്യലാക്കുളള ശബ്ദത്തില്‍ പതിയിരിക്കുന്ന ചതി മലയാളി തിരിച്ചറിഞ്ഞില്ല.

എന്തിനും ഏതിനും തലവയ്ക്കുന്ന മലയാളിയെ തന്നെ കെണിയിലാക്കാന്‍  കമ്പനികള്‍ കച്ചകെട്ടിയത് വെറുതെയല്ല. ഇഷ്ടതോഴരെ വിളിച്ചാസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ അന്തര്‍ദേശീയ കമ്പനികള്‍ പെടുന്നപാട് ചില്ലറയല്ല.  ഇടയ്ക്കിടെ ക്ഷീണിതനാകുന്ന ഉപഭോക്താവിന് കഴിക്കാനും കുടിക്കാനും ഇവര്‍ നിര്‍മിക്കുന്ന രൂചിയൂറുന്ന ബിസ്ക്കറ്റും ശീതളപാനീയങ്ങളും നല്‍കുമെന്നു മാത്രം.

പക്ഷെ വിളി സൗജന്യമാണ്. പ്രിയപ്പെട്ടവരെ വിളിക്കാനുളള പണം കമ്പനി തരുമെന്നാണ് വയ്പ്പ്.

ഉപഭോക്താവ് നുണയുന്ന ഓരോ കേക്കിലും പാനീയത്തിനു മുകളിലും കമ്പനി സുന്ദരമായ സ്റ്റിക്കറില്‍ പതിപ്പിച്ചിരിക്കുന്ന ഫ്രീചാര്‍ജ് ഓഫറാണ്  തുകയായി ലഭിക്കുന്നത്. ഇത് നിശ്ചിത സമയത്തിനുളളില്‍ നേടിയിരിക്കണമെന്ന കമ്പനിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധവും. ഈ സൗജന്യം കൈപ്പറ്റാന്‍ ആരെങ്കിലും മെനക്കെട്ടാല്‍ അവന്റെ ദിവസം പോയതുതന്നെ. പത്തുരൂപ സൗജന്യമായി റീചാര്‍ജ് ചെയ്യാന്‍ കമ്പനികള്‍ അനുശാസിക്കുന്ന നിയമം പാലിക്കണമെങ്കില്‍ 30 രൂപ അധികമായി ഉപയോക്താവ് ചെലവിടണം.


ആധുനിക സംവിധാനമില്ലാത്ത സാധാരണ മൊബൈല്‍ ഫോണ്‍ ഉടമയാണ് ഉപയോക്താവെങ്കില്‍ ഓഫര്‍ പോയതുതന്നെ. ഓഫറുകള്‍ ലഭിക്കാന്‍  ആദ്യപടിയെന്നോണം മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ആപ്പുകള്‍ വിലയ്ക്കുവാങ്ങണം. പിന്നീട് മണിക്കൂറുകള്‍ ചെലവിട്ട് ഇന്റര്‍നെറ്റില്‍ ഇടതടവില്ലാതെ സൗജന്യ ടോക്ക് ടൈം ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. കേക്കും പാനീയവും നുണയുന്ന ഉപഭോക്താവ് സാങ്കേതിക വിദഗ്ധനല്ലെങ്കില്‍ പണിപാളിയതുതന്നെ. മുന്നൂതരം വഴികളാണ് ടോക്ക് ടൈം സൗജന്യമായി ലഭിക്കാന്‍ കമ്പനി നിര്‍ദേശിക്കുന്നത്. ആദ്യപടിയായി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന ആള്‍ നിശ്ചിത സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യണം. പിന്നീട് നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ പതിച്ചു നല്‍കണം. പിന്നീട് സിസ്റ്റം ആവശ്യപ്പെടുന്നതനുസരിച്ച് ബിസ്ക്കറ്റ് പൊതിഞ്ഞ പേപ്പറിനുളളില്‍ ഒളിപ്പിച്ചിരിക്കുന്ന 12 അക്ക രഹസ്യനമ്പര്‍ പതിച്ചുനല്‍കണം. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഏറെനേരത്തിനുശേഷം കമ്പ്യൂട്ടര്‍ എഴുതിക്കാണിക്കും നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന്. ഒപ്പം വീണ്ടും  ശ്രമിക്കുകയെന്ന ഉപദേശവും. ചിലനേരങ്ങളില്‍ സൗജന്യമായി ടോക്ക് ടൈം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താവിനോട് നേരമ്പോക്കിനായി കമ്പ്യൂട്ടര്‍ ചോദിക്കും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എത്ര. ആവേശത്തിന് നമ്പരെങ്ങാനും നല്‍കിയാല്‍ പോയി പണം പോക്കറ്റില്‍നിന്നും. ഇത്തരത്തില്‍ വെട്ടിലായ അനേകര്‍ കേരളത്തിലുണ്ടെന്നാണറിയുന്നത്.


കഴിഞ്ഞ ആറുമാസക്കാലമായി കേരളത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ വരെ അവരവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയോഗിക്കുന്ന കുറുക്കുവഴിയാണ് സൗജന്യ ടോക്ക് ടൈം പരിപാടി. പ്രത്യേകിച്ചു ഭക്ഷ്യ ഇനങ്ങളിലാണ് 10 മുതല്‍ 200 വരെയുളള ടോക്ക് ടൈം ഓഫറുകള്‍ കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ തികച്ചും തട്ടിപ്പെന്ന് പറയാവുന്ന പരിപാടി കമ്പനികള്‍ക്ക് വന്‍ ലാഭക്കൊയ്ത്ത് നടത്താനുളള അവസരമൊരുക്കുകയാണ്. നിശ്ചിത സമയത്തിനുളളില്‍ ഓഫറുകള്‍ നേടിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കമ്പനിക്ക് ക്രമാതീതമായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഓഫറുകള്‍ തിരികെ പിടിക്കാനും കഴിയുന്നു.
ഇത്തരത്തില്‍ തിരികെ പിടിക്കുന്ന ഓഫറുകളുടെ ഇനത്തില്‍ വന്‍ തുകയാണ് ലഭിക്കുന്നത്. 

കൈ നനയാതെ  മീന്‍പിടിക്കുന്ന കറക്കുപണി മലയാളിയില്‍ തന്നെ പരീക്ഷിച്ച് ലാഭക്കൊയ്ത്ത് നടത്തുകയാണ് കുത്തകകള്‍.

അതേസസമയം ഇത്തരം ഓഫറുകള്‍ സ്വീകരിക്കാന്‍ സാധാരണക്കാരന് സാങ്കേതിക മികവില്ലെന്ന തിരിച്ചറിവുളള കമ്പനികളാണ് തട്ടിപ്പുമായി രംഗത്തുളളത്.


 കടപ്പാട് - കേരളഭൂഷണം

2 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

അല്പലാഭം പെരുംനഷ്ടം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കൈ നനയാതെ മീന്‍പിടിക്കുന്ന
കറക്കുപണി മലയാളിയില്‍ തന്നെ പരീക്ഷിച്ച്
ലാഭക്കൊയ്ത്ത് നടത്തുകയാണ് കുത്തകകള്‍.