2016 ഓഗ 18

മോദി ശ്രദ്ധതിരിക്കാന്‍ പടക്കമെറിയുമ്പോള്‍

സാധാരണ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ രാജ്യത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളേയും നമുക്കു മുന്നിലുള്ള കൊതിപ്പിക്കുന്ന ലക്ഷ്യങ്ങളേയും പറ്റിയാണ് സംസാരിക്കുക 


എന്നാല്‍  ഭരണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും എടുത്തു പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ഗംഗാശുചീകരണത്തിനുള്‍പടെ ചിലവാക്കി എന്നു പറയുന്ന സഹസ്രകോടികള്‍ ജലരേഖകളായതും
രാജ്യത്ത് ജാതി മത വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകക്ഷി എമ്പീമാര്‍ അടക്കം മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന തരത്തില്‍  പരാജയങ്ങള്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന അവസരത്തില്‍ അവയില്‍ നിന്നും ഒക്കെ ശ്രദ്ധ വഴിതെറ്റിക്കാന്‍ 


ഇന്ത്യ പോലെ മഹത്തായ ഒരു രാജ്യ തലവന്‍ തെരുവില്‍ മയിലെണ്ണ വില്‍ക്കുന്ന ലാടന്റെ  തന്ത്രം അനുസ്മരിപ്പിക്കുന്ന വിധം അന്താരാഷ്ട്ര തലത്തിലെ രാജ്യത്തിന്റെ യശസ്സും സമാധാന പ്രിയരുടെ രാജ്യം എന്ന അന്തസും തകര്‍ക്കുന്ന വിധം വാചോടാപം ചെയ്യുന്നത് എന്തു തരം നയതന്ത്രമാണോ ആവോ?


യുദ്ധവും ആഭ്യന്തര കലഹങ്ങളും ദരിദ്രമാക്കിയ 70 കളിലെ ഇന്ത്യയില്‍ നിന്നും ഇന്നത്തെ നിലയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ രാജ്യത്തെ നയിച്ചവര്‍ വളരെ അധികം അധ്വാനിച്ചിട്ടുണ്ട്, 


തങ്ങളുടെ ഭരണ പരാജയം ചര്‍ച്ചയാവാതിരിക്കാനുള്ള ചിലരുടെ കുറുക്കുവഴിയായി തീവ്ര ദേശീയത കത്തിച്ചെടുക്കാന്‍ അയല്‍ രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിച്ച് വീണ്ടും മറ്റൊരു യുദ്ധം അടിച്ചേല്‍പിച്ച് മറ്റൊരു ഇറാന്‍ / ഇറാക്ക് ആയിത്തീരുകയല്ല നമുക്ക് ആവശ്യം. 


പരസ്പര പോരും ആഭ്യന്തര യുദ്ധങ്ങളും മൂലം പട്ടിണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നോക്കുക അതുപോലെ രാജ്യാതിര്‍ത്തിയില്‍ ഒരു കമ്പിവേലിയോ ചെൿപോസ്റ്റോ പോലും ഇല്ലാ​‍ത്ത സമാധാനവും സംതൃപ്തിയും നിറഞ്ഞ   സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളേയും!! 


ഏതു മാതൃക സ്വീകരിക്കണം എന്നു തീരുമാനിക്കുന്നതിലൂടെ ഭരണാധികാരിയുടെ സ്വന്തം രാജ്യത്തെ ജനങ്ങളോളുള്ള പ്രതിബദ്ധതയും വിവേചന ബുദ്ധിയും അളക്കാന്‍ സാധിക്കും.


ശത്രുവിന്റെ കാലാളിനെ വെട്ടിയെടുക്കാൻ വേണ്ടി സ്വന്തം മന്ത്രി യെ ബലി കൊടുക്കുന്ന വിഡ്ഢിയായ ചതുരംഗ കളിക്കാരന്റെ റോളിൽ ആണ് നമ്മുടെ പ്രധാന മന്ത്രി എന്ന് ഒരു പക്ഷെ കാലം തെളിയിക്കും .



തദ്ദേശ വാസികളുടെ ഹിതം എതിരായാൽ കൂടി തന്ത്ര പരമായ കാശ്മീർ പ്രദേശം കൈ വിട്ടു പോകുക എന്നത് ഇന്ത്യക്കു ചിന്തിക്കാൻ കൂടി കഴിയില്ല . അതുകൊണ്ടാണ് കാശ്മീർ തങ്ങളുടെ ആഭ്യന്തര കാര്യം എന്ന നയം നാം പിന്തുടർന്നത് . നാം മറ്റാരുടെ കാര്യത്തിലും ഇടപെടില്ല , ആരും നമ്മുടെ കാര്യത്തിലും തല ഇടരുത് എന്ന ലളിതമായ നയം .


അതെ സമയം ബലൂചിസ്ഥാൻ എന്ന പ്രദേശത്തിന്റെ സ്വാതന്ത്ര്യ മോഹത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുമ്പോൾ അതേ അർഹത തന്നെ കാശ്മീർ ജനതക്കും കൊടുക്കാൻ അന്താരാഷ്‌ട്ര വേദികളിൽ നമുക്ക് സമ്മർദ്ദം ഉണ്ടാകും . 


സൈനിക ശക്തിയിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിക്കാന്‍ നമുക്കാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല, ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് രണ്ടോ മൂന്നോ മാസത്തിനപ്പുറം നീണ്ടു നില്‍ക്കുകയുമില്ല.

എന്നാല്‍ ഒരു യുദ്ധത്തിനു തിരികൊളുത്തിയവര്‍ എന്ന നിലയില്‍ യുദ്ധം വരുത്തിവെയ്ക്കുന്ന പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ  കെടുതികളെയും സാമ്പത്തികം മുതല്‍ സഞ്ചാരം വരെയുള്ള വിവിധ രംഗങ്ങളില്‍ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള ഉപരോധങ്ങളെയും ആഗോള വല്‍കൃത സാമ്പത്തിക ക്രമം പിന്തുടരുന്ന ഒരു രാജ്യവും അതിജീവിക്കുക അത്ര എളുപ്പമല്ല


വലുപ്പത്തിലും സൈനിക ശക്തിയിലും തങ്ങളോട് താരതമ്യത്തിനു പോലും ഇല്ലാത്ത കുവൈത്തിനെ ആക്രമിക്കാന്‍ പോയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും കരുത്തരായ രാജ്യമായിരുന്നു ഇറാക്ക്. എന്നാല്‍ ഇന്നത്തെ ഇറാക്കില്‍ ഭൂരിഭാഗം പ്രദേശവും ലോകത്തെ ഏറ്റവും ക്രൂരന്മാരായ ISIS ഭീകരരുടെ നിയന്ത്രണത്തിലാണെന്നും, നമ്മുടെ ഇന്ത്യയിലും അവരുടെ ഇന്ത്യന്‍ പതിപ്പായ RSS തക്കം പാര്‍ത്ത് ഇരിപ്പുണ്ടെന്നും മറന്നുകൂടാ.


ഇന്നത്തെ ലോകത്തിന്റെ എല്ലാഭാഗത്തും അഭ്യസ്ത വിദ്യരായ വിദഗ്‌ധ തൊഴിലാളികള്‍ എന്ന നിലയില്‍ ഇന്നു അഭിമാന പുരസ്സരം തലയുയര്‍ത്തി കടന്നെത്തുന്ന ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരായ നമ്മള്‍ പകരം ഉപരോധങ്ങളും യുദ്ധജന്യമായ ദാരിദ്രവും നിമിത്തം അഭയാര്‍ഥികളായി പലായനം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടുന്നത് ബുദ്ധിയും നയചാതുരിയും ദേശസ്നേഹവും ജനങ്ങളോട് പ്രബുദ്ധതയും ഉള്ള ഓരോ ഭരണാധികാരിയുടെയും ഉത്തമ ലക്ഷണവും  ഉത്തരവാദിത്വവും ആണ്.

2016 മേയ് 5

പിശാചുക്കളുടെ വിഹാരഭൂമി.

ഇന്നലെ ഉച്ചയ്ക്കു ശേഷം സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങിവന്ന കോണ്‍ഗ്രസുകാരും, സങ്കികളും ജിഷയുടെ ഘാതകരെ ചില അവയവങ്ങള്‍ ചേദിച്ച ശേഷം ഉടനടി തൂക്കി കൊല്ലണം, സ്ഥലത്തെ MLA എന്ന നിലയില്‍ സാജൂപോളിനെ പ്രതി ചേര്‍ക്കണം എന്നൊക്കെ വാതോരാതെ ആക്രോശിക്കുന്നുണ്ട്,  ഈ പൈശാചിക കൃത്യം ചെയ്തവനെ, അവനാരായലും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന പരമാവധി ശികഷ നല്‍കണം എന്ന ആഗ്രഹം എനിക്കുമുണ്ട്

എങ്കിലും ഒരു സംശയം, ഈ പ്രതികളെ പിടിക്കാതെ എങ്ങിനെയാണ് അവരെ ശിക്ഷിക്കാന്‍ സാധിക്കുക, പൈശാചികമായ ഈ കൊലപാതകം നടന്ന്‍ ആറുദിവസത്തിനു ശേഷം ഈ കുറിപ്പെഴുതുന്ന നിമിഷം വരെ പ്രതികളെകുറിച്ച് പോലീസിന് വ്യക്തമായ ഒരു സൂചനയും ലഭിച്ചതായി അറിവില്ല, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തിയ മുഖംപൊത്തിക്കളി പരാജയപ്പെടുകയും ചെയ്തു

ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍ (സത്യം എന്തെന്ന്‍ ഇപ്പോഴും നമുക്ക് തീര്‍ച്ചയില്ല)അനുസരിച്ച് മ്രിതദേഹം കണ്ടെത്തിയ സമയം മുതല്‍ എന്തൊക്കെയോ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്.

ആത്മാര്‍ഥതയുണ്ടെങ്കില്‍ ഒരു കുറ്റകൃത്യം നടന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തെളിവുകള്‍ ശേഖരിക്കാനും പ്രതികളെ പിടിക്കാനും കഴിവും പരിചയവുമുള്ളവര്‍ ധാരാളമുള്ള സേനയാണ് കേരളാ പോലീസ് അത് അവര്‍ പലപ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്.

ഇവിടെ ബോധപൂര്‍വമുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള മോട്ടീവ് എന്താണെന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.

ജിഷയുടെ പൈശാചികമായ കൊലപാതകം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ ഏക / ആദ്യ സംഭവമല്ല , കഴിഞ്ഞ ദിവസം  വര്‍ക്കലയില്‍ യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതികള്‍ ആരെന്ന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍‌കുട്ടി മൊഴി നല്‍കിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തവണ്ണം ക്രമസമാധാന നില അത്യന്തം തകരാറിലായ അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയിട്ടുള്ളത്,

കെടുകാര്യസ്ഥതയും, അധികാരമോഹവും തമ്മിലടിയും, നിമിത്തം ഉണ്ടായ ക്രമസമാധാന തകര്‍ച്ചയ്ക്കെതിരേ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അതിജീവിക്കാനാവാതെ  മുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിമാര്‍ക്ക് ആഭ്യന്തരവകുപ്പ് ഒഴിയേണ്ടി വരികയും മൂന്നാമതായി അധികാരം ഏറ്റെടുത്ത ആഭ്യന്തരമന്ത്രിയും അഴിമതിയുടെയും കോഴയുടെയും, കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും ബാധ്യതപേറുന്നതുമായ അഞ്ചു വര്‍ഷങ്ങളാണ്‍ കടന്നു പോകുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തന്നെ ഈ കൊച്ചു കേരളത്തില്‍  പത്തിലധികം കേസുകളാണ് ബലാല്‍സംഗങ്ങളും കൊലപാതകങ്ങളുമായി പുറത്തറിഞ്ഞത്,

എന്തുകൊണ്ടാണ് കുറ്റവാളികള്‍ക്ക് നിര്‍ഭയമായി ഇങ്ങനെ വിഹരിക്കാന്‍ സാധിക്കുന്നത്?

ഒറ്റ ഉത്തരമേയുള്ളു ഇവിടത്തെ പോലീസ് സംവിധാനം നാധനില്ലാകളരി ആക്കിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്,

ഋഷിരാജ് സിങ്ങിനെയും ജേക്കബ് തോമസിനെയും പോലെയുള്ള സത്യസന്ധരും കഴിവു തെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ തരം താഴ്താനും അപമാനിക്കാനും ഉള്ള എല്ലാ അവസരവും അന്വേഷിക്കുന്ന ഭരണകൂടം കുറ്റവാളികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്.

കുറ്റം ചെയ്തവനെ പിടികൂടാനും ശിക്ഷിക്കാനും നിശ്ചയമുള്ള ഒരു ഗവര്‍മെന്റ് ഇവിടെ ഉണ്ടെന്ന്‍ മനസിലായാല്‍ ഒന്നാമത് 80% കുറ്റവാളികളും സ്വയം നിയന്ത്രിക്കും ബാക്കി 20% കുറ്റം ചെയ്താല്‍ പോലീസ് ഉടന്‍ അവരെ പിടികൂടി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ഇവിടെ എന്താണ് നിലവിലെ സാഹചര്യം?

മുഖ്യമന്ത്രിയും മൂന്ന്‍ മന്ത്രിമാരും പത്തിലധികം ഭരണകക്ഷി MLA മാരും സ്ത്രീപീഡനത്തിന്റെ ആരോപണം നേരിടുന്നവര്‍, അവര്‍ക്കെതിരേ പീഡനത്തിനിരയായ സ്ത്രീ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ അന്വേഷനത്തിനു പോലും തയ്യാറാകാത്ത ആഭ്യന്തരമന്ത്രി.


 ഇങ്ങനെ ഒരു ഭരണകൂടത്തിനു കീഴില്‍ കൊലപാതക ബലാല്‍സംഗ വീരന്മാര്‍ അഴിഞ്ഞാടുന്നത് അത്ഭുതമല്ല.

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യുമെന്ന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയവര്‍ അതിനു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ആഹ്വാനം നല്‍കിയവര്‍ ഒക്കെ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയും

കോടതി ഇടപെടലിനേതുടര്‍ന്ന്‍ അറസ്റ്റിലായവര്‍ പോലും റിമാന്റ് കാലാവധി കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ബലാല്‍സംഗ വീരന്മാര്‍ക്ക് യുദ്ധം ജയിച്ചു പരുന്ന പടനായകര്‍ക്കു നല്‍കുന്നവണ്‍നം സ്വീകരനം ഏര്‍പ്പാടു ചെയ്ത സംഘടനകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നാട്ടില്‍ ഒരു ഭരണകൂടം ഉണ്ട് എന്ന്‍ കരുതാനാവുമോ.  ആ നാട്ടില്‍ ബലാല്‍സംഗികളും, കൊലപാതകികളും അഴിമതിക്കാരും പിടികൂടപ്പെടുമോ? ശിക്ഷിക്കപ്പെടുമോ?


ഇങ്ങനെയൊരു ഭരണകൂടം ഇവിടെ ഉണ്ടെന്നു മനസിലാകുന്നത് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം അനേകം സ്ത്രീകളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കി അവയുടെ നീലച്ചിതരം റെക്കോഡ് ചെയ്ത് സൂക്ഷിച്ചതിന് അഞ്ചുവര്‍ഷം മുന്‍പ് സഖാവ് വീയെസ് നയിച്ച ഗവര്‍മെന്റ് തുറുങ്കിലടച്ച സന്തോഷ് മാധവനെപോലെയുള്ളവര്‍ക്ക്  സര്‍ക്കാര്‍ വക മിച്ചഭൂമി പതിച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ പുരത്തു വരുമ്പോള്‍ മാത്രമാണെന്നത് എത്ര ലജ്ജാവഹമാണ്.



നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങല്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു ആ രോഗത്തിനു കാരണമായ അഴിമതി, കെടുകാര്യസ്ഥത, ആര്‍ത്തി, പക്ഷപാതം തുടങ്ങിയ രോഗാണുക്കള്‍ പരത്തുന്ന പെരുച്ചാഴികളായ നേതാക്കളാണ് യൂഡിയെഫ് എന്ന മാലിന്യക്കുഴി നിറയേ. ആ പെരുച്ചാഴികളേ തുരത്താതെ ഈ രോഗം ഭേദമാവില്ല. 

രോഗം ഭേദമാക്കി  കേരളത്തെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍, അഴിമതിയുടെ ദുര്‍ഭൂതങ്ങലെ ഇവിടെ നിന്നും ആട്ടിപ്പായിക്കാന്‍, കോലീബീ സഖ്യത്തെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ നമുക്ക് മുന്നിട്ടിറങ്ങാം.

2016 ഏപ്രി 25

മദ്യനയം

മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണല്ലോ.

മദ്യ നിരോധനമാണോ നല്ലത് 
മദ്യവര്‍ജനമാണോ നല്ലത്?
ബാറുകള്‍ പൂട്ടിയാല്‍ മദ്യ ഉപഭോഗം കുറയുമോ?
വ്യാജമദ്യം വിപണി പിടിച്ചടക്കുമോ?

ആകെപ്പാടെ ഒരു ജഗപൊകയാണ് മദ്യം ഒരു വില്ലനായി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ചര്‍ച്ച്കള്‍ കത്തിക്കയറുകയാണ്!!

എല്ലാവരും ഇപ്പോള്‍ അബദ്ധത്തില്‍ നടപ്പിലായ മദ്യനയത്തിന്റെ മെറിറ്റും ഡീമെറിറ്റും അതിനു പിന്നില്‍ നടന്ന കോഴക്കണക്കുകളും ചില നേതാക്കള്‍ തമ്മിലുള്ള ഈഗോക്ലാഷും ഒക്കെ ഇഴകീറി പരിശോധിക്കുകയാണ്. എന്നാല്‍ ഫലപ്രദമായ ഒരു മദ്യനയത്തെപ്പറ്റി ഒരു ബദല്‍ നിര്‍ദേശവും ആരും മുന്നോട്ട് വയ്ക്കുന്നും ഇല്ല.

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടുക എന്നത് മദ്യനിരോധനം അല്ലെങ്കില്‍ മദ്യവര്‍ജനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്നു മാത്രമല്ല ദൂരവ്യാപകമായ ദോഷം ചെയ്യും.

ഫൈവ്സ്റ്റാറില്‍ പോകാന്‍ തക്ക വരുമാനം ഇല്ലാത്ത മദ്യപര്‍ ബിവറേജ് കോര്‍പറേഷന്റെ  ചില്ലറവില്‍പനശാലകളില്‍ നിന്നും വാങ്ങി പൊതു സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടി മദ്യപിക്കുന്ന സാഹചര്യം ഇപ്പോള്‍ തന്നെ സംജാതമായിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ മദ്യപാനം ലെവല്‍ വിട്ടു മറ്റുള്ളവര്‍ക്ക് ശല്യമായി തുടങ്ങിയതോടെ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമാകും അതോടെ മദ്യപാനം അരങ്ങത്തു നിന്നും അടുക്കളയിലേക്ക് എന്ന അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈയൊരു സാഹചര്യം കുടുംബ അന്തരീക്ഷത്തില്‍ വളരെ പ്രതിലോമകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഇപ്പോള്‍ തന്നെ വൃത്തികെട്ട സാമൂഹ്യവിരുദ്ധ  സീരിയലുകളുടെ സ്വാധീനത്തില്‍ കലുഷിതമായ സന്ധ്യാസമയം കൂടുതല്‍ മോശമാകാനും കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും മോശമായി ബാധിക്കും. മദ്യപാനം ഒരു മോശം ശീലമല്ല എന്ന ധാരണ വളര്‍ന്നുവരുന്ന കുട്ടികളില്‍ വേരുറപ്പിക്കാനും കാരണമാകും.

അതിനാല്‍ ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകളുടെ പ്രവര്‍ത്തനാനുമതി കര്‍ശന ഉപാധികളോടെ പുനസ്ഥാപിച്ചു കൊടുക്കണം. അതേസമയം അവര്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ഗുണമമ്ന്മ കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യണം

എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ആരും ഇതുവരെ പരിഗണിക്കാന്‍ എടുത്തിട്ടില്ലാത്ത ഒരു ബദല്‍ നിര്‍ദേശം ഞാന്‍ ഇവിടെ ചര്‍ച്ചയ്ക്ക് മുന്നോട്ട് വെക്കുകയാണ്.

ഞാന്‍ ഈ രംഗത്തെ ഒരു വിദഗ്ദനല്ല, എന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമല്ല, ഉള്ളവതന്നെ ഗുണവും ദോഷവും ആയേക്കാവുന്ന വിവിധ വശങ്ങള്‍ പരിഗണിച്ചിട്ടില്ല. ഒരു പൊതു ചര്‍ച്ചയ്ക്ക് ഈ നിര്‍ദേശങ്ങള്‍ വിധേയമാക്കപ്പെട്ട് ഒഴിവാക്കെണ്ടവ ഒഴിവാക്കി കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഏറ്റവും സ്വീകാര്യമായവ അധികാരസ്ഥാനങ്ങളില്‍ എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം

പല വികസിത രാജ്യങ്ങളിലും ഫലപ്രദമായി അനേകം വര്‍ഷങ്ങളായി നിലവിലുള്ള സംവിധാനമാണ് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ലിക്വര്‍ ലൈസന്‍സ് കാര്‍ഡ് - ഏതാണ്ട് നമ്മുടെ സായുധ സേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും ലഭിക്കുന്ന "ക്വാട്ടാ" ബുക്കിന്റെ വിപുലവും പരിഷ്കൃതവുമായ രൂപം - ദുബായില്‍ ഈ സംവിധാനം ഉപയോഗിക്കുന്ന മലയാളികള്‍ ഏറെയുള്ളതിനാല്‍ മലയാളികളെ സംബന്ധിച്ച് ഈ സംവിധാനം അപരിചിതം എന്ന്‍ പറയാനാവില്ല.





ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ, അല്ലെങ്കില്‍ പഴയ "മണ്ണെണ്ണ പെര്‍മിറ്റ് പോലെ" മദ്യം വാങ്ങാന്‍ ഉള്ള അനുമതി പത്രം ആണ് ഈ സ്മാര്‍ട് കാര്‍ഡ്, 

ദുബായില്‍ ഇത് ലഭിക്കുന്നതിനുള്ള മാനദണ്ഡം, അപേക്ഷകന്‍ മദ്യപാനം നിഷിദ്ധമായ മുസ്‌ലീം സമുദായാംഗം അല്ല, അപേക്ഷകന്റെ വരുമാനം, സ്പോണ്‍സറുടെ അനുമതി എന്നിവയാണ്. 

എന്തെങ്കിലും ക്രിമിനല്‍ ഒഫന്‍സുകള്‍, മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലാവുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ ലിക്വര്‍ ലൈസന്‍സ് പോലീസ് സീഐഡി വിഭാഗം ക്യാന്‍സല്‍ ചെയ്യും. 





ഇപ്പോഴത്തെ കേരളത്തിലെ സാഹഹര്യത്തില്‍ ഈ സംവിധാനം കുറേക്കൂടി വിപുലവും സാങ്കേതിക തികവോടെയും പരിഷ്കരിച്ച് നടപ്പിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

ഉന്നത സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമുള്ളതും അതേസമയം വിവിധ വകുപ്പുകളുടെ കൃത്യമായ  ഏകോപനം ആവശ്യമുള്ളതുമായ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യമായി ഉയര്‍ന്നു വരുന്ന തടസവാദം അതിനാവശ്യമായ പണത്തിന്റെ ലഭ്യതയെ സംബന്ധിച്ചാണ്. 

പ്രത്യേകിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ വായ്പയെടുത്ത് ശമ്പളം കൊടുക്കുകയും പദ്ധതി ചിലവുകള്‍ വകമാറ്റുകയും, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശിഖ ആയിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് ഈ പദ്ധതി അവതരിപ്പിക്കുമ്പോളും ആ ആശങ്കക്ക് അടിസ്ഥാനം ഇല്ലാതില്ല.


ലൈസന്‍സ് ഫീസ് പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവര്‍ഷക്കാലം നടക്കുന്ന വാദ പ്രതിവാദങ്ങളും കോഴ ആരോപനങ്ങളില്‍ നിന്നും മനസിലാക്കുന്നത് ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ഉള്ള ലൈസന്‍സ് പുതുക്കാന്‍ മാത്രം പതിനഞ്ചുകോടിയോളം രൂപ കോഴയിനത്തില്‍ മുടക്കാന്‍ തയ്യാറായ ബാര്‍ ഉടമകളില്‍ നിന്നും 

ലൈസന്‍സ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് വളരെ വിപുലമായ  സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ തുക ചിലവഴിപ്പിക്കുവാന്‍ പ്രയാസം ഉണ്ടാവുകയില്ല.

ഈ സംവിധാനത്തിന്റെ വാര്‍ഷിക നടത്തിപ്പിനാവശ്യമായ തുകയും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി ബാറുടമകളില്‍ നിന്നും ബിവറേജ് കോര്‍പറേഷനില്‍ നിന്നും സര്‍ക്കാരിനു ഓരോ വര്‍ഷവും  ഈടാക്കുവാന്‍ സാധിക്കും.

കോട്ടയത്തും കൊച്ചിയിലും സ്വകാര്യ ബസുകളില്‍ ഉപയോഗിക്കുന്ന ലൈവ് അപ്ഡേറ്റിംഗ് ഉള്ള  ഇലക്ട്രോണിക് പയ്മെന്റ് കാര്‍ഡ് പോലെ ഒരു കേന്ദ്രീകൃത സെര്‍വറുമായി ബന്ധിപ്പിച്ച, കുറച്ചുകൂടി അധികം വിവരങ്ങള്‍ ഉള്‍കൊള്ളിച്ച (ആധാര്‍ കാര്‍ഡ് പോലെ) സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ആയിരിക്കണം ലിക്വര്‍ ലൈസന്‍സ് ആയി വിതരണം ചെയ്യേണ്ടുന്നത്.

ഈ കാര്‍ഡ് സ്വയിപ്പ് ചെയ്യുന്ന ടെര്‍മിനലുകള്‍ വിവിധ വകുപ്പുകളുമായി / അവരുടെ പ്രത്യേക സെര്‍വറുകളുമായി ജീപിയെസ് മാതൃകയില്‍ സാറ്റലൈറ്റ് മുഖേനയോ മൊബൈല്‍ ടവറുകള്‍ മുഖേനയോ ബന്ധിപ്പിച്ചിരിക്കണം. 


എക്സൈസ് പോലീസ് അധികാരികളോ അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രി അധികൃതരോ ഈ കാര്‍ഡ് ചെക്ക് ചെയ്തു നോക്കിയാല്‍ ലൈസന്‍സിയുടെ പേരും മൊബൈല്‍നമ്പറും അഡ്രസും മുതല്‍ ബ്ലഡ് ഗ്രൂപ്പ്, അസുഖം ഉള്ള വ്യക്തി ആണെങ്കില്‍ ചികിത്സാ ഹിസ്റ്ററി, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോണ്ടാക്റ്റ് നമ്പറുകള്‍ ഇതുവരെ എത്ര അളവില്‍ എത്ര മദ്യം ഏതു മദ്യം എവിടെനിന്നൊക്കെ വാങ്ങി ഉപയൊഗിച്ചിട്ടുണ്ടെന്നും അവസാനം എപ്പോള്‍ എവിടെ നിന്നും എന്തു മദ്യമാണ് വാങ്ങിയതെന്നും അടക്കം വിപുലമായ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന സംവിധാനം ഈ കാര്‍ഡ് സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കണം.






2016 ജനു 13

ശബരിമലയിലെ സ്ത്രീ പ്രവേശനം - ഞാനെന്തിന് അഭിപ്രായം പറയണം?

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ "പരാമര്‍ശം" (വിധിയല്ല) സംബന്ധിച്ച് ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ. ഈ വിഷയത്തില്‍ ഐതിഹ്യം ഏതാണ്, ചരിത്രം ഏതാണ്, കീഴ്‌വഴക്കം ഏതാണ്, പ്രായോഗികത എന്താണ് എന്നൊന്നും നോക്കാതെ / അറിയാതെ തലങ്ങും വിലങ്ങും അഭിപ്രായങ്ങള്‍ പാറിപ്പറക്കുകയാണ്, ചില വാദഗതികള്‍ ഒക്കെ കേട്ടാല്‍ ചിരിച്ചു മണ്ണുകപ്പും.

ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഞാന്‍ ഈ വിഷയത്തില്‍ പോസ്റ്റൊന്നും ഇടാത്തതെന്താണ് എന്നതാണ് ടാഗ് ചെയ്തും ചാറ്റ്ബോക്സിലും പല സുഹൃത്തുക്കളുടേയും ആകാംഷ.

ഒന്നാമത് ഈ വിഷയത്തിലെ താല്‍പര്യമില്ലായ്മ വ്യക്തമാക്കട്ടെ, അതുപോലെ ഈ വിഷയത്തില്‍ കേസു കൊടുത്തത് പിണറായി ആണെന്നും "ഹിന്ദു മത വിശ്വാസികള്‍ക്കും അയ്യപ്പനും എതിരായി പിണറായി വിജയന്‍ കേസു കൊടുത്തു എന്ന മട്ടിലും" ചില ചാണകഭോജികള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഗീബല്‍സിയന്‍ നുണപ്രചാരണവുമായി ഇറങ്ങിയതിനെ ഘണ്ഡിക്കാനും അതിലെ ഗൂഢാലോചന തുറന്നു കാണിക്കാനും മാത്രമേ താല്‍പര്യം ഉള്ളു. 

ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ മാത്രം പള്ളികളിലോ അമ്പലങ്ങളിലോ പോകാന്‍ താല്‍പര്യമുള്ളു, പോയാലും കുഴപ്പമില്ല, പോയില്ലെങ്കിലും കുഴപ്പമില്ല, അതെസമയം ആരുടെ എങ്കിലും വിശ്വാസങ്ങളെ വൃണപ്പെടുത്തും വിധം അതതിടങ്ങളിലെ നാട്ടുനടപ്പുകള്‍ ലംഘിക്കാന്‍ തയ്യാറാവുകയും ഇല്ല.

ഇത്രകാലത്തിനിടയില്‍ 41 ദിവസത്തെ കഠിന വ്രതം എടുത്ത് ശബരിമലയില്‍ പോയതായി എനിക്കു നേരിട്ട് അറിയാവുന്നവര്‍ പത്തില്‍ താഴെ മാത്രമേ ഉള്ളു, അതില്‍ തന്നെ മലയാളികള്‍ രണ്ടുപേര്‍ മാത്രം (രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല, വാസു എന്നും കുഞ്ഞപ്പന്‍ എന്നും പേരായ വാത്സല്യ നിധികളായ രണ്ട് അപ്പൂപ്പന്മാരായിരുന്നു അവര്‍, എന്റെ നാട്ടില്‍ നിന്നും മുടക്കം കൂടാതെ വ്രതമെടുത്ത് എല്ലാ വര്‍ഷവും മലയ്ക്കു പോയിരുന്ന ഗുരുസ്വാമിമാര്‍ ആയിരുന്നു ഇരുവരും) ബാക്കിയുള്ളവര്‍ ഒക്കെ ഹൈദരബാദിലെ എന്റെ ചില അധ്യാപകരും സഹപാഠികളും.

എന്റെ അറിവില്‍ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ തികഞ്ഞ ബ്രഹ്മചര്യം അനുഷ്ടിച്ചു 41 ദിവസത്തെ കഠിന വൃതമെടുത്തു കരിമല നടന്നുകയറി സന്നിധിയിൽ എത്തണമെന്നാണ് ആചാരം! എന്നാൽ ഈ പറഞ്ഞ കാര്യങ്ങളിൽ സൗകര്യ പൂർവ്വം മാറ്റങ്ങൾ വരുത്തി, ഏഴും മൂന്നും ദിവസങ്ങൾ മാത്രം "വൃത"മെടുത്തു എത്തുന്ന എത്രയോ "ഭക്തരെ" നമുക്കൊക്കെ നേരിട്ടറിയാം.തീർഥാടനം കേവലമൊരു ടൂർ പ്രോഗ്രാമായി അടിച്ചുപൊളിച്ചു പോയി വരുന്ന പുതിയ കൾച്ചർ ഇന്നൊരു ട്രെണ്ടാണ്. 

അതുകൊണ്ട് കൃത്യമായി 41 ദിവസത്തെ കഠിന വൃതമെടുത്ത് ഒരുപ്രാവശ്യമെങ്കിലും ശബരിമല ദര്‍ശനം നടത്തിയിട്ടുള്ളവരും ഒരു പ്രാവശ്യം പോലും ഉടായിപ്പ് രീതിയില്‍ ശബരിമല ദര്‍ശനത്തിനു പോയിട്ടില്ലാത്തവരുമായവര്‍ മാത്രം ഈ വിഷയത്തിലെ എന്റെ അഭിപ്രായം ചോദിച്ചാല്‍ മതിയെന്നും അവര്‍ക്കുമാത്രമേ മറുപടി നല്‍കുവാന്‍ തല്‍ക്കാലം നിര്‍വാഹം ഉള്ളു എന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.


2015 മാർ 2

ഇടത്തരക്കാരനെ ഇടിച്ചു പിഴിഞ്ഞ് കോര്‍പറേറ്റുകള്‍ക്കു മുന്തിരിച്ചാര്‍

കള്ളക്കടത്തുകാരനും കൊലപാതകിയും മുന്നില്‍ക്കൂടി ഒന്നിച്ചു തോളില്‍ കൈയിട്ടു നടന്നു പോയപ്പോള്‍ പിടികൂടാന്‍ ധൈര്യമില്ലാതെ പോക്കറ്റടിക്കാരനെ ഓടിച്ചിട്ടു പിടിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ച പോലീസുകാരന്റെ നടപടി അനുസ്മരിപ്പിക്കുന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നികുതിഘടനയിലെ പരിഷ്‌കാരം.

നികുതിയിളവുകള്‍ കൂടുതല്‍ നല്‍കി ഈ സമൂഹത്തെ വഴിപിഴപ്പിക്കുന്നതിനു ജയ്റ്റ്‌ലി ആഗ്രഹിക്കുന്നില്ല. അതിനാല്‍, വ്യക്തികളുടെ ആദായനികുതി പരിധിയില്‍ ഇളവുകളില്ല. വ്യക്തികളുടെ ആദായനികുതി ഇളവിനുള്ള പരിധി രണ്ടരലക്ഷമായിത്തന്നെ തുടരും. 

അതേസമയം, കോര്‍പറേറ്റ് നികുതിയില്‍ ഒറ്റയടിക്ക് അഞ്ചു ശതമാനത്തിന്റെ ഇളവാണു ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരിക്കുന്നത്. കാരണം വളരെ ലളിതമാണ്: കോര്‍പറേറ്റ് നികുതി പ്രതീക്ഷിച്ചതു പോലെ കിട്ടുന്നില്ല; അഥവാ പിരിക്കുന്നില്ല. അതിനാല്‍ യാഥാര്‍ഥ്യബോധത്തോടെ ഒരു നടപടി സ്വീകരിക്കുകയാണ്!

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വരാനിരിക്കുന്ന നാളുകളുടെ സൂചനയാകും ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ആദ്യത്തെ സമ്പൂര്‍ണ ബജറ്റെന്നായിരുന്നു സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം. അതു പാഴായില്ല. 

ഇതിന്റെ ആദ്യസൂചന ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ദൃശ്യമായിരുന്നു. ബി ജെ പിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്‌പോണ്‍സര്‍ ചെയ്തതു തന്നെ ‘അദാനി’ ഗ്രൂപ്പാണെന്നതു പരസ്യമായ രഹസ്യമായിരുന്നു. യു എസ് പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രണ്ടാമത്തെ സൂചനയും ദൃശ്യമായി.

നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നു പേരെഴുതി തുന്നിച്ചേര്‍ത്തു മോഡി ധരിച്ച ബന്ദഗലാ സ്യൂട്ടിന്റെ വില പത്തു ലക്ഷം രൂപ; അതു മോഡിക്കു സമ്മാനിച്ചത് ഒരു വ്യവസായിയും. പ്രതിച്ഛായ മോശമായതോടെ സ്യൂട്ട് ലേലം ചെയ്തു കിട്ടിയ തുക ഗംഗാ ശുചീകരണത്തിനു നീക്കി വെച്ചെങ്കിലും കോട്ടില്‍ പുരണ്ട സംശയത്തിന്റെ കറ നീങ്ങിയിട്ടില്ല.

ആദ്യത്തെ രണ്ടു സൂചനകള്‍ക്കും ഒരു തട്ടത്തിന്റെ മറയെങ്കിലുമുണ്ടായിരുന്നൂ. എന്നാല്‍, അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ നല്‍കിയ മൂന്നാമത്തെ സൂചന നഗ്നമായ സത്യമാണ്. ഇനിയങ്ങോട്ടു കാര്യങ്ങളെല്ലാം ഇതു പോലെ സുതാര്യമായിരിക്കും. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ കേന്ദ്രത്തിന്റെ വരുമാനം ഗണ്യമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍, ബി ജെ പിക്കാര്‍ അവകാശപ്പെടുന്നതു പോലെ എന്തെങ്കിലും ‘മോഡി മാജിക്ക’ല്ല അത്. രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടായ കാര്യമായ ഇടിവാണു ഖജനാവിനെ സഹായിച്ചത്.

യു പി എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന സമയത്തു ‘പണം കായ്ക്കുന്ന ഈ മരം’ ഇന്ദ്രപ്രസ്ഥത്തിന്റെ മുറ്റത്തുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഈ നേട്ടം സാധാരണക്കാരനു കൂടി കൈമാറുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. നേട്ടം ആര്‍ക്കാണുണ്ടാകാന്‍ പോകുന്നതെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

30 ശതമാനമായിരുന്നു ഇതു വരെ കോര്‍പറേറ്റ് നികുതി. ഇനിയിത് 25 ശതമാനമായി കുറയും. നാലു വര്‍ഷത്തിനുള്ളിലാണ് അഞ്ചു ശതമാനം കുറയുകയെന്നു പറയുന്നുണ്ടെങ്കിലും നടപടികള്‍ വേഗത്തിലുണ്ടാകും. 

ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്‌ലി പറയുന്നു – ‘രണ്ടു രീതിയിലുള്ള നഷ്ടമാണ് എനിക്കുണ്ടാകുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കെല്ലാം കോര്‍പറേറ്റ് നികുതി 21 ശതമാനത്തിനടുത്താണ്; അതിനാല്‍ ഈ രാജ്യങ്ങളുമായി മല്‍സരിക്കാന്‍ ഇന്ത്യക്കാവുന്നില്ല. വലിയ നികുതി ഈടാക്കുന്ന രാജ്യത്തിന്റെ ആളാണെന്ന നിലയിലുള്ള പ്രതിച്ഛായയാണ് എനിക്കുള്ളത്. അതേസമയം, കിട്ടേണ്ട നികുതിയില്‍ 23 ശതമാനം മാത്രമേ പിരിയുന്നുള്ളു താനും.’ ജെയ്റ്റ്‌ലി പറയുന്നതു സമ്മതിച്ചു കൊടുക്കുകയാണെങ്കില്‍ കോര്‍പറേറ്റുകള്‍ക്കു നാലു വര്‍ഷത്തിനുള്ളില്‍ ഇളവു നല്‍കുന്ന അഞ്ചു ശതമാനം തന്നെ കുറവാണ്. ഒമ്പതു ശതമാനമെങ്കിലും നികുതി കുറച്ചു കൊടുക്കാമായിരുന്നു!

നികുതിപരിധിയില്‍ ഇളവു കൊടുക്കുമ്പോള്‍ത്തന്നെ മറ്റ് ഇളവുകളെല്ലാം അവസാനിപ്പിക്കുമെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. നികുതിദായകന്റെ വിവേചനാധികാരം അവസാനിപ്പിക്കും. നികുതിയുമായി ബന്ധപ്പെട്ടു കെട്ടിക്കിടക്കുന്ന കേസുകളും അവസാനിക്കും.


ഇതൊക്കെ യഥാര്‍ഥത്തില്‍ നടപ്പാകുക സാധാരണ നികുതിദായകന്റെ മാത്രം കാര്യത്തിലാകും. രാജ്യത്തു മൂന്നോ നാലോ ശതമാനം പൗരന്മാര്‍ മാത്രമാണ് ആദായനികുതി പരിധിയില്‍ വരുന്നത്.
അതിനാല്‍ നികുതി പരിധിയില്‍ ഇനിയും ഇളവു കൊടുക്കുന്നതു ശരിയല്ലെന്നാണു ജയ്റ്റ്‌ലിയുടെ അവകാശവാദം. ആദായനികുതി പരിധികള്‍ ഉയര്‍ത്താതെ ഭാവിക്കു വേണ്ടി സമ്പാദിക്കാനുള്ള ചില മാര്‍ഗങ്ങളാണത്രേ അദ്ദേഹം വ്യക്തികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. 


ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതി കൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും – കോര്‍പറേറ്റുകള്‍ക്ക് അതിനുള്ള ബാധ്യതയില്ലല്ലോ!

2014 സെപ്റ്റം 3

ടോക്ക് ടൈം തട്ടിപ്പ്

സമീപകാലത്ത് കേരളത്തില്‍ ചിരപരിചിതമായ ശബ്ദശകലമാണ്  കഴിക്കൂ… കുടിക്കൂ…  പിന്നെ വിളിക്കൂ എന്നത്.
എന്നാല്‍ സുന്ദരമായ ഈ വാണിജ്യലാക്കുളള ശബ്ദത്തില്‍ പതിയിരിക്കുന്ന ചതി മലയാളി തിരിച്ചറിഞ്ഞില്ല.

എന്തിനും ഏതിനും തലവയ്ക്കുന്ന മലയാളിയെ തന്നെ കെണിയിലാക്കാന്‍  കമ്പനികള്‍ കച്ചകെട്ടിയത് വെറുതെയല്ല. ഇഷ്ടതോഴരെ വിളിച്ചാസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ അന്തര്‍ദേശീയ കമ്പനികള്‍ പെടുന്നപാട് ചില്ലറയല്ല.  ഇടയ്ക്കിടെ ക്ഷീണിതനാകുന്ന ഉപഭോക്താവിന് കഴിക്കാനും കുടിക്കാനും ഇവര്‍ നിര്‍മിക്കുന്ന രൂചിയൂറുന്ന ബിസ്ക്കറ്റും ശീതളപാനീയങ്ങളും നല്‍കുമെന്നു മാത്രം.

പക്ഷെ വിളി സൗജന്യമാണ്. പ്രിയപ്പെട്ടവരെ വിളിക്കാനുളള പണം കമ്പനി തരുമെന്നാണ് വയ്പ്പ്.

ഉപഭോക്താവ് നുണയുന്ന ഓരോ കേക്കിലും പാനീയത്തിനു മുകളിലും കമ്പനി സുന്ദരമായ സ്റ്റിക്കറില്‍ പതിപ്പിച്ചിരിക്കുന്ന ഫ്രീചാര്‍ജ് ഓഫറാണ്  തുകയായി ലഭിക്കുന്നത്. ഇത് നിശ്ചിത സമയത്തിനുളളില്‍ നേടിയിരിക്കണമെന്ന കമ്പനിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധവും. ഈ സൗജന്യം കൈപ്പറ്റാന്‍ ആരെങ്കിലും മെനക്കെട്ടാല്‍ അവന്റെ ദിവസം പോയതുതന്നെ. പത്തുരൂപ സൗജന്യമായി റീചാര്‍ജ് ചെയ്യാന്‍ കമ്പനികള്‍ അനുശാസിക്കുന്ന നിയമം പാലിക്കണമെങ്കില്‍ 30 രൂപ അധികമായി ഉപയോക്താവ് ചെലവിടണം.


ആധുനിക സംവിധാനമില്ലാത്ത സാധാരണ മൊബൈല്‍ ഫോണ്‍ ഉടമയാണ് ഉപയോക്താവെങ്കില്‍ ഓഫര്‍ പോയതുതന്നെ. ഓഫറുകള്‍ ലഭിക്കാന്‍  ആദ്യപടിയെന്നോണം മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റില്‍നിന്നും ഡൗണ്‍ലോഡ് ആപ്പുകള്‍ വിലയ്ക്കുവാങ്ങണം. പിന്നീട് മണിക്കൂറുകള്‍ ചെലവിട്ട് ഇന്റര്‍നെറ്റില്‍ ഇടതടവില്ലാതെ സൗജന്യ ടോക്ക് ടൈം ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. കേക്കും പാനീയവും നുണയുന്ന ഉപഭോക്താവ് സാങ്കേതിക വിദഗ്ധനല്ലെങ്കില്‍ പണിപാളിയതുതന്നെ. മുന്നൂതരം വഴികളാണ് ടോക്ക് ടൈം സൗജന്യമായി ലഭിക്കാന്‍ കമ്പനി നിര്‍ദേശിക്കുന്നത്. ആദ്യപടിയായി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന ആള്‍ നിശ്ചിത സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യണം. പിന്നീട് നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ പതിച്ചു നല്‍കണം. പിന്നീട് സിസ്റ്റം ആവശ്യപ്പെടുന്നതനുസരിച്ച് ബിസ്ക്കറ്റ് പൊതിഞ്ഞ പേപ്പറിനുളളില്‍ ഒളിപ്പിച്ചിരിക്കുന്ന 12 അക്ക രഹസ്യനമ്പര്‍ പതിച്ചുനല്‍കണം. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഏറെനേരത്തിനുശേഷം കമ്പ്യൂട്ടര്‍ എഴുതിക്കാണിക്കും നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന്. ഒപ്പം വീണ്ടും  ശ്രമിക്കുകയെന്ന ഉപദേശവും. ചിലനേരങ്ങളില്‍ സൗജന്യമായി ടോക്ക് ടൈം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താവിനോട് നേരമ്പോക്കിനായി കമ്പ്യൂട്ടര്‍ ചോദിക്കും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ എത്ര. ആവേശത്തിന് നമ്പരെങ്ങാനും നല്‍കിയാല്‍ പോയി പണം പോക്കറ്റില്‍നിന്നും. ഇത്തരത്തില്‍ വെട്ടിലായ അനേകര്‍ കേരളത്തിലുണ്ടെന്നാണറിയുന്നത്.


കഴിഞ്ഞ ആറുമാസക്കാലമായി കേരളത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ വരെ അവരവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രയോഗിക്കുന്ന കുറുക്കുവഴിയാണ് സൗജന്യ ടോക്ക് ടൈം പരിപാടി. പ്രത്യേകിച്ചു ഭക്ഷ്യ ഇനങ്ങളിലാണ് 10 മുതല്‍ 200 വരെയുളള ടോക്ക് ടൈം ഓഫറുകള്‍ കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ തികച്ചും തട്ടിപ്പെന്ന് പറയാവുന്ന പരിപാടി കമ്പനികള്‍ക്ക് വന്‍ ലാഭക്കൊയ്ത്ത് നടത്താനുളള അവസരമൊരുക്കുകയാണ്. നിശ്ചിത സമയത്തിനുളളില്‍ ഓഫറുകള്‍ നേടിയില്ലെങ്കില്‍ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കമ്പനിക്ക് ക്രമാതീതമായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഓഫറുകള്‍ തിരികെ പിടിക്കാനും കഴിയുന്നു.
ഇത്തരത്തില്‍ തിരികെ പിടിക്കുന്ന ഓഫറുകളുടെ ഇനത്തില്‍ വന്‍ തുകയാണ് ലഭിക്കുന്നത്. 

കൈ നനയാതെ  മീന്‍പിടിക്കുന്ന കറക്കുപണി മലയാളിയില്‍ തന്നെ പരീക്ഷിച്ച് ലാഭക്കൊയ്ത്ത് നടത്തുകയാണ് കുത്തകകള്‍.

അതേസസമയം ഇത്തരം ഓഫറുകള്‍ സ്വീകരിക്കാന്‍ സാധാരണക്കാരന് സാങ്കേതിക മികവില്ലെന്ന തിരിച്ചറിവുളള കമ്പനികളാണ് തട്ടിപ്പുമായി രംഗത്തുളളത്.


 കടപ്പാട് - കേരളഭൂഷണം

2014 ഏപ്രി 1

സരിതായുധം



നാടകം രംഗം ഒന്ന്

സുകുമാരന് മാടംബിയുടെ പടിപ്പുര

സുകുമാരന്‍: ഡാ ബാജീ...............

പീജേ കുര്യന്‍ : അടിയന്‍

സുകുമാരന്‍: നീയെന്താടാ ബാജീ ഇവിടത്തെ അടുക്കളപ്പുറത്ത് കിടന്നു പരുങ്ങുന്നത്, അവിടെ  സൂര്യ നെല്ലിയില്‍ നിന്നും വിതുരയില് നിന്നും ഒന്നും കൊണ്ടുവന്ന കിളുന്നു പെങ്കുഞ്ഞുങ്ങള്‍ ഒന്നും ഇല്ല, ആകെപ്പാടെ എണ്പത് കഴിഞ്ഞ അടിച്ചു തളിക്കാരി നാണി വല്യമ്മ മാത്രമേ ഉള്ളു ( ആത്മഗതം - നാണി വല്യമ്മ ആയാലും നഗ്മ ആയാലും ഇവനൊക്കെ ഒരു പോലെയാ  അലക്കിയിട്ട ചുരിദാറിനെ പോലും പീഡിപ്പിക്കാന് മടിക്കാത്തവന്മാരാ)

പീജേ കുര്യന്‍ : എന്റെ വല്യ നേതാവിന് അങ്ങുന്നിനെ ഒന്നു കാണണം എന്ന് പറഞ്ഞു

സുകുമാരന്‍: ആരാടാ.. നമ്മളൊക്കെ വെറും കന്നുകാലി ക്ളാസ് ആണെന്നു കരുതുന്ന ആ ദില്ലീ നായരാണോ, മൂന്നാം കെട്ടിലെ പെണ്ണുമ്പിള്ള അറിയാതെ ഏതോ പാക്കിസ്ഥാനി പത്രക്കാരിയോട് ഏതാണ്ട് "തരാമോ" എന്ന് ചോദിച്ചവന്??

പീജേ കുര്യന്‍ : അങ്ങുന്നേ അത് "തരാമോ" എന്ന് ചോദിച്ചതല്ല പാക്കിസ്ഥാനി പത്രക്കാരിയുടെ പേരാ തരാര് "മെഹര് തരാര്". ഇത് ആ നേതാവല്ല ഇവിടുത്തെ പുതുപ്പള്ളീലെ ഉമ്മന്‍ നേതാവ്. അവിടുന്ന് പിണക്കം ഒക്കെ കളഞ്ഞ് അദ്യത്തിന്റെ സമസ്താപരാദങ്ങളും പൊറുത്ത് മാപ്പാക്കണമെന്ന് നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാന്‍ വന്നതാ.

സുകുമാരന്‍: ഹും... തിരഞ്ഞെടുപ്പടുത്തപ്പം ഉമ്മന് നമ്മളെ ഒക്കെ വേണം അല്ലേ... മുന്‍പ് നമ്മടെ ചെന്നിമോന്  കളിക്കാന്‍ ഒരു താക്കോല് വേണമെന്ന് പറഞ്ഞപ്പം കേട്ട ഭാവം പോലും ഇല്ലാതിരുന്നവനാ, എന്തായാലും നീ പോയി വിളിച്ചോണ്ട് വാ. പിന്നെ നിന്റെ ആദര്ശത്തിന്റെ അസുഖമുള്ള പുത്തന്‍ പ്രസിഡണ്ട് കാണിച്ച പോലെ മതിലുചാടി പിന്നാമ്പുറത്തൂടെ വന്ന് മന്നം സമാധിയില്‍ പൂ വാരി എറിഞ്ഞിട്ട് ഓടിക്കളയരുതെന്നു പറയണം.

പീജേ കുര്യന്‍ : ഉമ്മച്ചാ.. ഓടിവാ സൂമാരദ്യം വരാന്‍ അനുവാദം തന്നൂ....

ഭവ്യതയൊടെ ഉമ്മച്ചന്‍ പ്രവേശിക്കുന്നു ഭാസ്കര പട്ടേലരുടെ മുന്നില് തൊമ്മി നില്ക്കുന്നതു പോലെ ഓശ്ചാനിച്ച് നില്ക്കുന്നു.

സുകുമാരന്‍:  എടോ ഉമ്മാ.. തനിക്ക് ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയാം അല്ലേ??

ഉ.ചാ: അറിയാമോന്നോ, എന്റെ അങ്ങുന്നേ അവിടുത്തെ ക്രിപകൊണ്ടല്ലേ ഞാനൊക്കെ നിലനില്ക്കുനത് തന്നെ 

സുകുമാരന്‍: പിന്നെന്താടോ ഓണത്തിനും വിഷുവിനുമൊന്നും കാഴ്ചക്കുലകളുമായി ഇങ്ങോട്ട് വരാത്തത്

ഉ.ചാ: അത് പിന്നെ എന്റെ കൂടെയുള്ള ആ കരി നായര് സമ്മതിക്കാഞ്ഞിട്ടാ..

സുകുമാരന്‍: ആര്.. കസേര പോയ ആഭ്യന്തര ഏഭ്യനോ?? അവന് അല്ലെങ്കിലും ഇത്തിരി അഹങ്കാരം കൂടുതലാ.. നമ്മളെ ഒന്നും ഒരു ബഹുമാനവും ഇല്ല, 

ഉ.ചാ:  ശരിയാ ഒരു പെന്ഡ്രൈവ് കയ്യില് കിട്ടിയപ്പം ഇന്റലിജെന്സ് റിപ്പോര്ട്ടൊക്കെ കാട്ടി അവന് എന്നെയും വിരട്ടാന് നോക്കി, ആ വടകരയിലെ തവളക്കുഞ്ഞുങ്ങള്ക്ക് വിണു കിട്ടിയ കൊലപാതക കേസില്‍ തൂങ്ങി എന്റെ കസേരയ്ക്കും അവനൊരു കണ്ണ് വെച്ചിരുന്നു, 

സുകുമാരന്‍: എന്തായാലും വാളെടുത്തവന്‍ വാളാല്‍  എന്നു കേട്ടിട്ടില്ലേ ആ കേസ് തന്നെ അവന്റെ കസേരയും തെറിപ്പിച്ചു.

സുകുമാരന്‍: അതിരിക്കട്ട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടും താന് എന്റെ ചെന്നിക്കുട്ടന് താക്കോസ്താനം നല്കാന്‍ എന്തായിരുന്നു തനിക്കൊരു മടി?

ഉ.ചാ:  അതിപ്പം ആ ആ ബ ബാ....  രൂപതേന്നും പാണക്കാട്ടുന്നും ഒക്കെ അനുവാദം കിട്ടാതെ ഞാന്‍ എന്തു ചെയ്യും, അങ്ങുന്ന് എന്നോട് ക്ഷമിക്കണം, സമസ്താപരാധങ്ങളും പൊറുത്ത് മാപ്പാക്കണം

സുകുമാരന്‍: ശരി ശരി... ഒക്കെ തല്ക്കാലത്തേക്ക് ഷമിക്കാം പക്ഷേ താന്‍ ഒരു കാര്യം ചെയ്യണം എന്നെ പാലം വലിച്ച് കിട്ടുന്ന മൈക്കിനു മുന്നിലെല്ലാം എന്നെ ചീത്ത വിളിക്കുന്ന ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്കണം പറ്റുമെങ്കില് അവനെ അകത്താക്കി നാലു പൂശ് കൊടുക്കണം



ഉ.ചാ: ആ ആ ബ ആരെയും അകത്താക്കനുള്ള വകുപ്പൊന്നും എന്റെ കയ്യിലില്ല ഞാനകത്താകുന്നത് എപ്പോഴാന്നാ പേടി എന്നു മാത്രമല്ല നമ്മുടെ സരിതയെ കേസൊതുക്കി ജയിലില് നിന്നും ഇറക്കാന് കളിച്ച കളിയൊക്കെ നടെശഗുരു ആ ഫെനി വക്കീലിനെ ചുരണ്ടി എടുത്തിട്ടുണ്ട്, പോരാഞ്ഞിട്ട് ഗുരുവിന്റെ നാക്കിനു നല്ല മൂര്ച്ചയും.


സുകുമാരന്‍: എടോ മുള്ളിനെ മുള്ളുകൊണ്ട് എടുക്കാന് പഠിക്കണം, ഒരുകാര്യം ചെയ്യു സരിതയെ ഇറക്കി തന്നെ ആ നടേശകുരുവിനിട്ട്  ഒരു പണി കൊടുക്ക്, തനിക്ക് എന്തെങ്കിലും സഹായം വേണമെങ്കില് നമ്മുടെ ബാലക്റ് പിള്ളയോട് പറഞ്ഞാല് മതി വേണ്ടത് ചെയ്തു തരും, അയാള്ക്ക് ജയിലില് കിടക്കുമ്പം രക്തത്തില് തുരുമ്പിന്റെ അംശം കൂടുതല് ഉള്ളത് പോലെ തന്നെ പുറത്ത് നടക്കുമ്പം തലയില് കുരുട്ട് ബുദ്ദിയുടെ അംശവും കൂടുതലാണ്.

ഉ.ചാ:  ശരി അങ്ങിനെയാവട്ടെ, അത് ... പിന്നെ ആ.. ബ ബ ഇപ്രാവശ്യം ഇലക്ഷനില് ഞ്ഞങ്ങളെ സഹായിക്കണം ആ സമദൂരം എന്നൊന്നും പറയരുത് 20 ഇല് ഒന്നോരണ്ടോ സീറ്റെങ്കിലും ബ ബ  കിട്ടിയില്ലെങ്കില് എന്റെ കസേര തെറിക്കും, കേന്ദ്രത്തിലെ കസേര പോയ അന്തോനിച്ചന്‍ ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്.

സുകുമാരന്‍: ഉമ്മച്ചന് ഒന്നുകൊണ്ടും ധൈര്യപ്പെടേണ്ട ഇപ്രാവശ്യവും ഞാന് "ശശിദൂരം" തന്നെ

ഉ.ചാ: അപ്പം ഞാനും ബാജീം കൂടെ അങ്ങോട്ട്.....

കര്ട്ടന്





ബാക്കി ഒക്കെ നിങ്ങള് ഇന്നു ചാനലുകളില് കണ്ടുകഴിഞ്ഞു
സരിത രംഗത്തെത്തുന്നു നടേശഗുരുവിനെയും തുഷാരഗുരുവിനെയും ഭീഷണിപ്പെടുത്തുന്നു
ബാക്കി എന്തൊക്കെ കാണാനിരിക്കുന്നു.. ആര് ആരെ ഒതുക്കുമെന്നും ആര്ക്കിട്ടൊക്കെ പണി കിട്ടുമെന്നും കാത്തിരുന്നു കാണാം

2014 മാർ 28

"നിയമം നിയമത്തിന്റെ വഴിക്കു പോകും" - ഞാന്‍ എന്റെയും

കോടതിയില്‍ നിന്നും എനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉണ്ടായി,

കോടതി CBI അന്വേഷണത്തിന് ഉത്തരവിട്ടു

അതുകൊണ്ട് ഈ കേസില്‍ "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന എന്റെ പതിവ് പല്ലവി ഞാന്‍ മാറ്റിപ്പിടിക്കുകയാണ്

പകരം "ജനങ്ങളുടെ കോടതിയിലാണ് വിശ്വാസം" എന്ന പുതിയ ടാഗ് ലൈന്‍ സ്വീകരിക്കുന്നു. പക്ഷേ അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ട് മാത്രമേ ഞാന്‍ എന്റെ കസേര വിട്ടുള്ള കളിക്കുള്ളൂ.  ഞാന്‍ മുഖ്യ മന്ത്രി ആയി ഇരിക്കുമ്പോള്‍ എന്റെ കീഴിലുള്ള പോലീസ് എനിക്കും എന്റെ ശിങ്കിടികള്‍ക്കും എതിരായ കേസ് അട്ടിമറിക്കും എന്നും അതിനാല്‍ ഈ കേസുകള്‍ CBI  അന്വേഷിക്കണം എന്നുമല്ലേ കോടതി ഉത്തരവിട്ടുള്ളൂ, എന്നെ ജയിലില്‍ അടക്കാന്‍ ഒന്നും ഉത്തരവിട്ടില്ലല്ലോ, ജയിലില്‍ അടക്കാനുള്ള ഉത്തരവ് വരുന്നത് വരെ ഞാന്‍ ഈ കസേരയില്‍ അള്ളിപിടിച്ചിരിക്കും. ( ജയിലില്‍ അടച്ച പിള്ളാച്ചനെ അവിഹിതമായി പുറത്തിറക്കി മുന്നോക്ക കമ്മീഷന്‍ ഉണ്ടാക്കി ചെയര്‍മാനാക്കി ഒരു പുത്തന്‍ കിഴ്‌വഴക്കം സ്രിഷ്ഠിച്ചത് എന്തിനാനെന്ന് ഇപ്പോള്‍ മനസിലായില്ലേ)

പിണറായി വിജയനെ പോലെ, ആരോപണ വിധേയനായാല്‍ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതു വരെ അധികാര സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള രാഷ്ട്രീയ മാന്യത ഒന്നും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത് (വിജയന് അങ്ങനെ ഒക്കെ ചെയ്യാം കാരണം മടിയില്‍ കനമുള്ളവനല്ലേ വഴില്‍ പേടിക്കേണ്ടതുള്ളൂ)

കാരണം ഈ ഒരു കേസിന്റെ പേരില്‍ ഞാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ മറ്റുള്ള തട്ടിപ്പുകള്‍ ഒക്കെ എങ്ങനെ ഒതുക്കുകയും മറയ്ക്കുകയും ചെയ്യും?? പാമോയില്‍ കേസും മറ്റും വിജിലന്‍സിനെ ഉപയോഗിച്ച് ഒതുക്കിയിട്ടും ആ അച്യുതാനന്ദന്‍ സഖാവ് അതില്‍ നിന്നും പിടി വിടുന്ന ലക്ഷണം ഇല്ല,

പോരാഞ്ഞിട്ട് എന്റെ പാര്‍ട്ടിയില്‍ ഒറ്റയെണ്ണത്തിനെ വിശ്വസിക്കാന്‍ പറ്റില്ല ഒരിക്കല്‍ ഈ കസേര ഒന്നു കിട്ടിയാല്‍ അതു നിലനിര്‍ത്താനും തിരികെ തരാതെ ഇരിക്കാനും എന്തു നെറികെട്ട കളിയും അവന്മാര്‍ കളിക്കും അതിനായി എന്നെ കുടുക്കാന്‍ മടിക്കുകയും ഇല്ല, ചാരക്കേസുയര്‍ത്തി കരുണാകരനെയും, ന്യൂനപക്ഷ വിരുദ്ധനെന്നു മുദ്രകുത്തി ആന്റണിയേയും ഒഴിവാക്കാന്‍ ഞാന്‍ തന്നെ കളിച്ച കളികള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ??

ഒരുത്തന് കുറച്ചു നാളത്തേക്ക് ആഭ്യന്തരം ഒന്നു കൊടുത്തപ്പം ഒരു പെന്‍ ഡ്രൈവ് കയ്യില്‍ പിടിച്ച് എന്തൊക്കെ കളികള്‍ കളിച്ചു എന്നു ഈ അടുത്ത കാലത്ത് നിങ്ങള്‍ കണ്ടതല്ലേ

ഇനി നിങ്ങള്‍ തന്നെ പറയൂ

ഹൈക്കോടതി വിമര്‍ശനത്തിന്റെ പേരില്‍ ഞാന്‍ എന്റെ സകല സൗഭാഗ്യങ്ങളും ത്യജിക്കണോ ??

നിയമം നിയമത്തിന്റെ വഴിക്ക് പോകണോ അതോ നിയമം നമ്മുടെ ഗണ്മോന്‍ സലീം‌രാജിന്റെ വഴിക്കു പോകണമോ???

2014 ജനു 21

കറുത്തു പിടച്ച മലബാറികള്‍



കുമാര്‍ ബിസ്വാസ് തമാശ പറഞ്ഞതാണെന്നാണ് ചില നാണംകെട്ട "നായിന്റെ മക്കള്‍" സമാശ്വസിപ്പിക്കുന്നത് . 
ഇവനൊക്കെ പൊട്ടിയും അളിഞ്ഞും കിടക്കുമ്പോള്‍ നേഴ്സുമാര്‍ മാലാഖമാരും യധാര്‍ഥ സിസ്റ്റര്‍മാരും ആണ്, 
                                      


അസുഖം മാറിക്കഴിയുമ്പോള്‍ അതേ നേഴ്സുമാര്‍ തന്നെ ഇവനൊക്കെ കറുത്തു പിടച്ച മലബാറികളായി തോന്നും. അവര്‍ സുന്ദരികളാണെങ്കില്‍ വികാരം തോന്നുമത്രേ ഇവനെയൊക്കെ ആം ആദ്മി എന്നല്ല മാമാ ആദ്മി എന്നാണ് വിളിക്കെണ്ടത്.

1000 രൂപ തരാം കുമാരാ.. ആം ആദ്മി നേതൃനിരയിലോ മന്ത്രി സഭയിലോ അംഗമായ ഒരു സ്ത്രീയെപ്പറ്റി ഇത്തരം വൃത്തികെട്ട ഒരു വളിപ്പ് ഒരു പൊതുവേദിയില്‍ പറയുവാന്‍ താന്‍ തയ്യാറുണ്ടോ??

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ തഴേ തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് നേതൃനിരയില്‍ എത്താന്‍ വൈമുഖ്യമുള്ള, പ്രറ്റ്യേകിച്ച് ഒരു പ്രത്യയശാത്രത്തോടും, ജനസമൂഹത്തോടും ആഭിമുഖ്യമില്ലാത്ത, നേതൃസ്ഥാനം മാത്രം ലക്ഷ്യമാക്കി വൈല്‍ഡ്കാര്‍ഡ് എന്‍‌ട്രിയിലൂടെ പുത്തന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയ ഇവരുടെ ഒക്കെ ഉള്ളിലെ കണ്ടന്‍ പൂച്ച പുറത്ത് ചാടിയത് നിസാരമായി അവഗണിക്കാന്‍ പാടുണ്ടോ?

പരസ്യമായി ഇവനെയൊക്കെ തിരണ്ടി വാലിനടിക്കാന്‍ കേജ്രിവാളിനും കൂട്ടര്‍ക്കും ആര്‍ജ്ജവമുണ്ടോ??? 

ഇല്ലെങ്കില്‍ ഞങ്ങള്‍ എല്ലാം തികഞ്ഞ ഉത്തമ പൗരന്മാര്‍, മറ്റെല്ലാവരും മോശം എന്ന പല്ലവി ഇനിയെങ്കിലും പാടി നടക്കരുത്. 

ഉത്തരാധുനിക ഹൈടെക് പാണന്മാരുടെ അപദാനങ്ങള്‍ക്കപ്പുറം ആം ആദ്മിയും, കാവിആദ്മിയും, ഇറ്റാലിയന്‍ ഔരത്തും തമ്മില്‍ അന്തരം ഒന്നും ഇല്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

(നായിന്റെ മക്കള്‍ എന്ന പദം മനപ്പൂര്‍വ്വം തന്നെ ഉപയോഗിച്ചിരിക്കുന്നതാണ്. കുമാര്‍ ബിസ്വാസിന് എന്റെ ഭാര്യയും  നൂറുകണക്കായ എന്റെ സഹോദരികളും ഉള്‍പ്പെടുന്ന നേഴ്സുമാരുടെ സമൂഹത്തെ മ്ലേഛമായ ഭാഷയില്‍ അപമാനിക്കാമെങ്കില്‍ അവനെ ന്യായീകരിക്കുന്നവരെ ഈ പദം ഉപയോഗിക്കുന്നതില്‍ ഞാനും മടിക്കേണ്ടതില്ല.)