2011, മാർ 28

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നു ചെന്നിത്തല



കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടികളുപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഹെലികോപ്‌റ്റര്‍ എത്തിച്ചതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ ആരോപിച്ചു.

രമേശ്‌ ചെന്നിത്തല ഉപയോഗിക്കുന്ന ഹെലികോപ്‌ടറിന്റെ വാടക സ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും തിരുവനന്തപുരത്ത്‌ ആവശ്യപ്പെട്ടു.

ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കെ.പി.സി.സിക്ക്‌ എ.ഐ.സി.സി. ഹെലികോപ്‌ടര്‍ നല്‍കിയിരുന്നെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമാണ്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചുള്ള കെ.പി.സി.സിയുടെ വോട്ടുപിടുത്തമെന്ന്‌ പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ ആരോപിച്ചു.

എം.പിമാരെ വിലയ്‌ക്കെടുത്ത കോണ്‍ഗ്രസ്‌ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം പ്രവഹിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഒരു പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍ നിയമസഭാ സ്‌ഥാനാര്‍ഥി ആണെങ്കില്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിച്ചാല്‍ അത്‌ സ്‌ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിബന്ധന. ഹരിപ്പാട്ടെ സ്‌ഥാനാര്‍ഥിയായ ചെന്നിത്തല കോട്ടയത്തുനിന്നു മണ്ഡലത്തില്‍ ഹെലികോപ്‌ടറിലെത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ ആക്ഷേപം. രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നതിന്റെ ചെലവ്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ കണക്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കി.

സ്‌കൂള്‍ ഗ്രൗണ്ട്‌ പോലുളള പൊതുസ്‌ഥലങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത്‌ ഉപയോഗിക്കുന്നതിന്‌ വിലക്കുള്ളപ്പോള്‍ ഹെലികോപ്‌ടറിനുവേണ്ടി പോലീസ്‌ പരേഡ്‌ ഗ്രൗണ്ട്‌ ഉപയോഗിച്ച കാര്യവും പരിശോധിക്കണമെന്ന്‌ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

മംഗളം ദിനപ്പത്രത്തില്‍ നിന്നും പകര്‍ത്തിയത്.
കാര്‍ട്ടൂണ്‍ - കേരളഭൂഷണം

1 അഭിപ്രായ(ങ്ങള്‍):

ശ്രീക്കുട്ടന്‍ പറഞ്ഞു...

കിട്ടിയ കോടികളില്‍ നിന്നും കൊറച്ചു വാടകയിനത്തില്‍ കൊടുക്കുന്നു.അത്രേയുള്ളു...