2012, ഡിസം 23

അരിവിലയുടെ നിലവിളി

പൊതുവിപണിയില്‍ അരിവില 26നും 36നും ഇടയിലാണെന്ന്‌ കേരളത്തിലെ ഭക്ഷ്യമന്ത്രി തീര്‍ത്തു പറയുമ്പോഴും കുത്തരി കിട്ടാന്‍ സംസ്‌ഥാനത്തെവിടെയും നാല്‍പതിലധികം രൂപ മുടക്കണം. മധ്യകേരളത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന കുട്ടനാടന്‍ റോയല്‍(46 രൂ), അമ്മ (47.50 രൂ), പൊന്‍മണി (45 രൂ) എന്നിവയുടെ വിലയും മന്ത്രിയുടെ ലക്ഷ്‌മണരേഖയ്‌ക്കു മീതേ.

മന്ത്രി അനൂപ് ജേക്കബ് ഒരുപക്ഷേ ദുബായിലെ അരിവില ആയിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു. നാട്ടില്‍ നിന്നും അരിവിലയുടെ നിലവിളി ഉയരുമ്പോഴും ഞങ്ങള്‍ക്കിവിടെ ദുബായില്‍ പാലക്കാടന്‍ മട്ട അധവാ ചുവന്ന കുത്തരി ഒരു കിലോ രണ്ടര ദിര്‍ഹം നിരക്കില്‍ സുലഭമായി ലഭിക്കുന്നു ( AED 1 = Rs.14.70 എന്ന ഇന്നത്തെ വിനിമയ നിരക്കു പ്രകാരം നാട്ടിലെ 36 രൂപ 75 പൈസ വിലയ്ക്ക് ഒരു കിലോ ഒന്നാംതരം കുത്തരി).


അത്ഭുതം തോന്നുന്നവര്‍ക്ക് തെളിവിനായി ഇതാ രണ്ടു ദിവസം മുന്‍പ് ഞാന്‍ പത്തുകിലോ അരി (5 കിലോയുടെ 2 പാക്കറ്റ്) വാങ്ങിയതിന്റെ ബില്ല് ചുവടേ ചേര്‍ക്കുന്നു.




ഇനിയിപ്പോള്‍ ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകുന്നവര്‍ അരികൂടി വാങ്ങിക്കൊണ്ട് പോകുന്നത് നന്നായിരിക്കും.


മന്ത്രിയുടെ ജന്മനാടായ കൂത്താട്ട്‌കുളത്ത്  ബ്രാന്‍ഡഡ്‌ ഇനങ്ങളായ പവിഴം, നിറപറ, ഡബിള്‍ഹോഴ്‌സ് തുടങ്ങിയവയ്‌ക്ക് 48-നു മുകളിലാണ്‌ വില. അവ കിട്ടാനുമില്ല. പിന്നെ മന്ത്രിക്കെവിടെനിന്നു കിട്ടി 26-36 എന്ന വിലത്തോത്‌?

കോട്ടയത്ത്‌ പൊതുവിപണിയില്‍ കുത്തരിക്ക്‌ 45നുമേലാണ്‌ ഇപ്പോഴും വില. ചുവന്ന മട്ടയ്‌ക്ക് (കുത്തരി) ഇന്നലെ 48 രൂപയായിരുന്നു ചില്ലറ വില. മൊത്തവില 45.50. കൊച്ചിയില്‍ മട്ടയ്‌ക്ക് 46.50 രൂപയാണ്‌ ചില്ലറ നിരക്ക്‌. ഒറ്റപ്പുഴുക്കന്‌ 42 രൂപയും ഇരുപുഴക്കന്‌ 43 രൂപയും നല്‍കണം. പ്രമുഖ ബ്രാന്‍ഡഡ്‌ അരികള്‍ പല ചില്ലറ വില്‍പനശാലകളും എടുക്കുന്നില്ല.  അരി ലോഡ്‌ തിങ്കളാഴ്‌ചകളിലാണ്‌ എത്താറ്‌. അതിനാല്‍ വിലയിലെ വ്യതിയാനം ചൊവ്വാഴ്‌ചയേ വിപണിയില്‍ പ്രതിഫലിക്കൂ. 34-35 രൂപ നിരക്കിലാണ്‌ സാധാരണ പച്ചരി ഇന്നലെ വിറ്റത്‌. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ജയ അരിക്ക്‌ 42 രൂപ. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് പച്ചരിക്ക് ഡിമാന്റ് കൂടുമെന്ന സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ദ്ധന പ്രതീക്ഷിച്ചേ മതിയാകൂ.


റേഷന്‍ കടകളില്‍ സ്‌പെഷല്‍ അരി എത്തിയെന്ന അവകാശവാദവും തെറ്റാണ്‌. തലസ്‌ഥാന ജില്ലയില്‍ ഉള്‍പ്പെടെ പല ജില്ലകളിലും സ്‌പെഷല്‍ എത്തിയിട്ടില്ല.  മാവേലി സ്‌റ്റോറുകളില്‍നിന്നു 27.50 രൂപയ്‌ക്കു ലഭിക്കുന്ന അരിയുടെ ഗുണനിലവാരം കുറവാണെന്നു വ്യാപക പരാതിയുണ്ട്‌.


മുകളില്‍ നാം കണ്ട വില വിവര പട്ടികകളുടെ അടിസ്ഥാനത്തില്‍ നാം മനസിലാക്കേണ്ട വസ്തുത എന്താണ്?
അരിവില കുതിക്കുന്നതിനു കാരണം അരിയുടെ ദൗര്‍‌ലഭ്യമോ, കടത്തു കൂലിയിലെ വര്‍ദ്ധനവോ ഒന്നുമല്ല, ഭരണാധികാരികളുടെ പിടിപ്പുകേടും പൂഴ്തിവെപ്പുകാരും കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയും മാത്രം.


തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കണം എന്നു ആത്മാര്‍ഥമായ ആഗ്രഹവും അതു ലഭ്യമാക്കാനുള്ള നിശ്ചയദാര്‍ഡ്യവും ഉള്ള ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അതു നിഷ്പ്രയാസം സാധിക്കും എന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ വില വിത്യാസം, ദുബയില്‍ തദ്ദേശിയരായ ആരും ഉപയോഗിക്കുന്ന അവശ്യ വസ്തുവല്ല പാല‍ക്കാടന്‍ മട്ട എന്ന ചുവന്ന കുത്തരി.  ഇവിടെ വിദേശികളായ മലയാളികള്‍ മാത്രം ഉപയോഗിക്കുന്ന ഈ അരിക്കു പോലും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകാതെ ജാഗ്രത പാലിക്കുന്ന ദുബായ് ഭരണാധികാരി "ഹിസ് ഹൈനസ്" എന്ന വിശേഷണത്തിന് തികച്ചും യോഗ്യന്‍ തന്നെ.

അതേസമയം മാസപ്പടി എത്തിക്കാത്ത മൊത്തവ്യാപാരികളെയും, റേഷന്‍ കടക്കാരെയും റെയ്ഡ് നടത്തി വിരട്ടുകയും നുണോരമയില്‍ അതിന്റെ പുകഴ്തിയെഴുതിയ വാര്‍ത്ത വായിച്ച് പുളകം കൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ജനായത്ത ഭരണക്കാര്‍ തങ്ങള്‍ നാടിന്റെ ശാപമാണെന്ന് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു.


റോമന്‍ സാമ്പ്രാജ്യം കത്തിയെരിയുമ്പോള്‍ അവിടുത്തെ ചക്രവര്‍ത്തി  വീണ വായിച്ചു. റോമില്‍ അങ്ങനെയെങ്കില്‍ ഇങ്ങ് കൊച്ചു കേരളത്തില്‍  അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ച് സാധാരണക്കാരന്റെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ ചില മന്ത്രിമാര്‍ തെക്കോട്ടും, വടക്കോട്ടും ഉദ്ഘാടന മാമാങ്കത്തിനു നടക്കുന്നതല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരോ ഓമന പേരു നല്‍കി  വലിയ മേളകള്‍ കോടികള്‍ മുടക്കി നടക്കുന്നു. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടുകയെന്നത് ചോദ്യമായി അവശേഷിക്കുന്നു. സംസ്ഥാന നിയമ നിര്‍മ്മാണ സഭയായ നിയമസഭയിലും, പുറത്തും പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്നു നടിച്ചു പുശ്ഛിച്ചു തള്ളാനാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ശ്രമിക്കുന്നത്.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസം  സഭ പ്രക്ഷുബ്ധമായി. മന്ത്രി അനൂപ് ജേക്കബിനെ ചര്‍ച്ചയ്ക്കു മറുപടി പറയാന്‍ അനുവദിക്കാതെ  പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.  മന്ത്രിയെ മറുപടി പറയാന്‍ അനുവദിക്കാതെയുള്ള മര്യാദകേട് കാട്ടരുതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞതോടെ ബഹളം ശക്തമായി. സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുന്നതാരെന്നു സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അറിയാത്ത അവസ്ഥയാണിപ്പോള്‍. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നരീതിയിലാണു മന്ത്രി അനൂപ് മറുപടി പറയുതെന്ന് സിപിഎം അംഗം ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.


അരിക്കു പലയിടത്തും പല വിലയാണ്. കച്ചവടക്കാര്‍ പൂഴ്ത്തിവച്ച് അരിക്കു വിലകൂട്ടുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ഇത്തരം കരിച്ചന്തക്കാര്‍ക്കെതിരേ നടപടിയെടുക്കാനാകാത്ത നിസഹായനായി മുഖ്യമന്ത്രി നോക്കിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണ്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും ക്രിയാക്തമായി ഇടപെടാത്ത കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ് സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന അരി നശിക്കുമ്പോള്‍ സപ്ലൈകോയില്‍ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്നില്ല. ഇതെന്തു പൊതുവിതരണ സമ്പ്രദായം ആണ്?  ഇവിടെ കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്ന കൊള്ളക്കാരെ പിടിക്കാന്‍ പൊലീസില്ലേ? വന്‍കിട കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്കെതിരേ എന്താണ് നടപടിയെടുക്കാത്തത്?   കരിഞ്ചന്തക്കാരെ പിടിക്കാന്‍ റെയ്ഡുകള്‍ നടത്തുന്നുണ്ടെന്ന അനൂപിന്റെ പരാമര്‍ശത്തിനിടെ അങ്ങനെയെങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നും വ്യക്തമാക്കണമെന്നു സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍  ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി അനൂപ് മറുപടി പറയാന്‍ മന്ത്രി അനൂപ് ജേക്കബിന് കഴിഞ്ഞില്ല. .

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഈ അടുത്ത കാലത്തൊന്നും കണ്‍ടിട്ടില്ലാത്ത വിധം രൂക്ഷമായിരിക്കുന്ന ഈ അവസരത്തിലാണ് സിവില്‍ സപ്ലസ് ഡയറക്റ്ററേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ ശ്രീലത രഹസ്യ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്, വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ കേരള സര്‍ക്കാര്‍ മടിക്കുന്നതിലെ സാംഗത്യവും അതേപറ്റി നിശ്ശബ്ദത പാലിക്കുന്ന സിന്‍ഡിക്കേറ്റ് മാധ്യമന്‍ങ്ങളുടെ കള്ളക്കളികളും സംബന്ധിച്ച് പൊതു ജനത്തിന്റെ സംശയം പൂര്‍ണമായും ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സുരക്ഷിതമെന്നു കരുതിയ സാഹചര്യങ്ങളുടെ ബലത്തില്‍ അബദ്ധത്തിലെങ്കിലും ശ്രീലതയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.


പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ റേഷന്‍ ഡീലറില്‍ നിന്നും പതിനായിരം റൂപ വീതം പിരിച്ച് ജോണി നെല്ലൂരിനെ ഏല്‍പ്പിച്ചു എന്ന വെളിപ്പെടുത്തല്‍ അവഗണിച്ചു തള്ളാവുന്നതല്ല. മന്ത്രിയാകുന്നതിനു മുന്നേ, എമ്മെല്ലേ പോലും ആകുന്നതിനു മുന്‍പേ, വന്‍‌തുക പിരിവു തുടങ്ങിയെങ്കില്‍ മന്ത്രിപദം കിട്ടിയ ശേഷം എത്ര ഭീകരമായ കൊള്ള നടത്തിയിരിക്കും എന്നൂഹിക്കാന്‍ വലിയ ചാണക്യ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല.


പിറവം ഉപതിരഞ്ഞെടുപ്പില്‍ മദ്യമായും പണമായും മറ്റു പലവകയായും ഒഴുക്കിയതും അതിന്റെ മറവില്‍ ഹരിശ്ചന്ദ്രന്മാരായ യൂഡിയെഫ് നേതാക്കന്മാര്‍ മുക്കിയതുമായ ( DCC ഓഫീസ് പണിക്ക് പൊതുയോഗം നടത്തി സ്വീകരിച്ച പണം സ്റ്റേജില്‍ നിന്നും തന്നെ തല്‍ക്ഷണം അടിച്ച് മാറ്റിയ വിരുതന്മാര്‍ കണക്കില്ലാത്ത പണത്തിനോടെങ്ങിനെ പ്രതികരിക്കാം എന്നത് ഇവിടെ ചിന്തനീയം) മുഴുവന്‍ പണത്തിന്റെയും ഭാരം റേഷന്‍ വ്യാപാരികളും മറ്റു ഭക്ഷ്യോല്‍പന്ന മൊത്ത വിതരണക്കാരും വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ആ തുകയും അതിന്റെ പലിശയും അവര്‍ പൊതു വിപണിയില്‍ നിന്നും ഈടാക്കും എന്നത് സുവിദിതമാണല്ലോ? ഭരണം ഏല്‍പ്പിച്ച പൊതുജനത്തോടില്ലാത്ത വിധേയത്വവും ഉത്തരവാദിത്വവും പണം മുടക്കി മന്ത്രിസ്ഥാനം തരപ്പെടുത്തി നല്‍കിയവരോട് കാണിക്കാതിരിക്കാന്‍ മന്ത്രിക്കു സാധിക്കയുമില്ല.


അതിനാല്‍ ജാതിയും, മതവും, ഇടയലേഘനവും സിന്‍ഡിക്കേറ്റ് പത്ര പ്രചരണവും, പരിഗണിച്ച് വോട്ട് ചെയ്ത് സത്ഭരണം സ്വന്തമാക്കിയവരോടൊപ്പം ബഹുഭൂരിപഷം വരുന്ന നിരപരാധികളായ പൊതുജനത്തിനും ഇവരെയൊക്കെ സഹിക്കാം, അല്ലെങ്കില്‍ നമ്മെയും ഇവിടെനിന്നും രക്ഷിക്കാന്‍ ഇറ്റലിയുടെ പ്രത്യേക വിമാനം വരുമെന്നു പ്രത്യാശിക്കാം.



2012, ഡിസം 8

തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്നവര്‍

പതിമൂന്നാം കേരള നിയമസഭയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ആറാം സമ്മേളനത്തിലും വി എസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.  സ്‌പോര്‍ട്‌സ്മാന്‍് സ്പിറ്റില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ കൂട്ടം അപ്പുറത്തും ഇപ്പുറത്തും നിന്ന് തമ്മില്‍ തല്ലിയും ഇടയ്ക്കിടെ സെല്‍ഫ് ഗോളടിച്ചുമൊക്കെ കളിക്കുമ്പോള്‍ സ്വകാര്യമായെങ്കിലും മലയാളി ഇടയ്ക്കു കരഞ്ഞു പോകുന്നു. കരയാന്‍ കഴിയാത്ത കരളുറപ്പുള്ളവര്‍ ശപിച്ചുപോകുന്നു. കരച്ചില്‍ നിശ്ശബ്ദ തേങ്ങലാണെങ്കില്‍, ശാപവാക്ക് ഏതാണ്ട് ഇങ്ങനെയാകും: കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.


നിരവധി കേസുകളുടെ പേരില്‍ ഭരണപക്ഷത്തുള്ളവര്‍  ഉത്തരവാദിത്തം മറന്നു കളിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങളാണ് ഭൂമി ദാനക്കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോടതിയിലുള്ള കേസായതിനാല്‍ അതിന്റെ മെറിറ്റിലേക്കു കടക്കാനോ, വ്യാഖ്യാനിക്കാനോ പഴുതില്ല. അതിന്റെ ആവശ്യവുമില്ല. മറിച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ അതിനു കണ്ടെത്തുന്ന ഗെയിമുകള്‍ എങ്ങനെ നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിക്കും വിധം ഗൗവതരവും അതേസമയം പരിഹാസ്യവുമായിമാറുന്നു എന്നതാണു ചിന്താവിഷയം. വി എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ്, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്.


സര്‍ക്കാരിനെ ഞെട്ടിച്ച ആ വിധിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ വന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ കേസുമുതല്‍, സര്‍ക്കാര്‍ ഭൂമി ലീഗു മന്ത്രിമാരുടെ അളിയന്മാര്‍ക്കും ബിനാമികള്‍ക്കും നിര്‍‌ലോഭം പതിച്ചു നല്‍കിയപ്പോഴും,  ഏറ്റവും അവസാനം പൊതുവിതരണ സംവിധാനം താറുമാറാക്കിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അരി ലഭ്യമല്ലാതാക്കിയും പൊതു വിപണിയില്‍ അരിവില കിലോയ്ക്ക് 42 രൂപ എത്തിച്ചതുവരെ ഉള്ള, ജനത്തെ നേരിട്ടു ബാധിക്കുന്ന ഏതെങ്കിലും വിഷത്തില്‍ ഈ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം ഇത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി കണ്ടിട്ടില്ല.

ഇപ്പോള്‍ സ്വാഭാവികമായും സാധാരണക്കാരനായ ഒരു മലയാളിയുടെ മനസില്‍ ഉയരുന്ന ന്യായമായ ഒരു സംശയം ഇതാണ് സത്യത്തില്‍ വീയെസ് അച്യുതാനന്ദന്‍ എന്ന വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവാണോ കേരളത്തിലെ മാന്യമായി ജീവിക്കുന്ന സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം???


ഭൂമിദാനക്കേസില്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ മാത്രമല്ല, നിയമസഭ സാമാജികനായിപ്പോലും തുടരില്ലെന്നതരം സൂചനകള്‍ വ്യക്തമായിരുന്നു. അങ്ങനെ വന്നാല്‍ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാമെന്ന് പാര്‍ട്ടി ആഗ്രഹിച്ചുവെന്നാണ് വലതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാത്രം പേനയുന്തുന്ന അല്ലെങ്കില്‍ കാമറചലിപ്പിക്കുന്ന ചില മാധ്യമ മുതലാളിമാരുടെ ഒരു വ്യാഖ്യാനം. സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചിരിക്കുന്ന വി എസിനേക്കാള്‍, കുറേക്കൂടി ഡിപ്ലോമാറ്റിക് ആയ കോടിയേരിയെയാണ് ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ആഗ്രഹിക്കുന്നത് എന്ന് രണ്ടാമത്തെ വ്യാഖ്യാനം.


തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഭൂമിദാനക്കേസ് എന്ന് വി എസ് പറഞ്ഞതിന്റെ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വ്യാഖ്യാനങ്ങളാണിത്. സര്‍ക്കാരിനാകട്ടെ, വി എസ് അച്യുതാന്ദനെന്ന മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ പ്രധാന്ന അഴിമതി വിരുദ്ധ പോരാളിയും, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഭലപ്രദമായി ഇടപെടുകയും പല വിഷയങ്ങളിലെയും പോരാട്ടങ്ങള്‍ വിജയത്തിലെത്തിക്കുകയും ചെയ്യുകവഴി സര്‍ക്കാരിന്റെയും മത മുതലാളിമാരുടെയും മൂലധന ശക്തികളുടെയും, അവരുടെ പിണിയാളുകളായ രാഷ്ട്രീയ നപുംസകങ്ങളുടെയും കണ്ണിലെ കരടായ, സര്‍വോപരി പ്രതിപക്ഷ നേതാവുമായ ആളെയൊന്നു പൂട്ടാന്‍ കിട്ടിയ ഏറ്റവും നല്ല അവസരമായാണ് ഭൂമി ദാനക്കേസ് വന്നുവീണത്. പക്ഷേ, അവരും ഇപ്പോള്‍ ഒരു സ്‌റ്റേയുടെ ബലത്തില്‍ തല്‍ക്കാലം നടുനിവര്‍ത്തി നില്‍ക്കുന്നുവെന്നേയുള്ളു. സിംഗിള്‍ ബെഞ്ചില്‍ നിന്നു കിട്ടിയത് നടുവിനു നല്ല ചവിട്ടുതന്നെയാണല്ലോ. ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഒരു താല്‍ക്കാലികാശ്വാസ തൈലം മാത്രം. കാര്യങ്ങള്‍ അതിവേഗം തകിടം മറിയുകയും വിഎസ് കുഞ്ഞാലിക്കുട്ടി സര്‍ക്കാരിന്റെ ചതിക്കുഴിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയും കുഴി വെട്ടിയവര്‍ തന്നെ അതില്‍ വീണു നടുവൊടിഞ്ഞ അവസ്ഥയിലാവുകയും ചെയ്തു.



കേസില്‍ വി.എസിനെ പ്രതിചേര്‍ക്കരുതെന്നാണ് വിജിലന്‍സിന് ആദ്യം ലഭിച്ച നിയമോപദേശം. അതുതള്ളി കേസിന് തയാറായ സര്‍ക്കാര്‍ അനുകൂലമായ നിയമോപദേശവും വാങ്ങിയിരുന്നു. പ്രതിപക്ഷനേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലെ അനവധാനതയും ശ്രദ്ധേയമാണ്.  കോടതിയില്‍ കേസ് നിലനിര്‍ത്തുക എന്നതിലുപരി കുറ്റപത്രം നല്‍കി വി എസിനെ രാജിവയ്പിക്കുകയെന്ന അജണ്ടയിലേക്ക് സര്‍ക്കാര്‍ ചെറുതായി.



വിജിലന്‍സിനെ വിമര്‍ശിച്ച് വി.എസിനനുകൂലമായി കോടതി പ്രതികരിച്ചത് സര്‍ക്കാറിന് കടുത്ത മാനക്കേടായി. എന്നാല്‍ അതിനുശേഷം ഉണ്ടായ നടപടികളാണ് ഏറെ ശ്രദ്ധേയം. കേസില്‍ തിരിച്ചടി വന്നശേഷം ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വിധി പഠിച്ചിട്ടില്ലെന്നും പഠിച്ചശേഷം മറുപടി പറയാമെന്നുമായിരുന്നു. അതേസമയം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ആദ്യവിധിക്കുശേഷം അരമണിക്കൂറിനകം കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുവെന്ന നോട്ടീസ് പ്രതിപക്ഷനേതാവിന്‍െറ വക്കീലിന് ലഭിച്ചതും വിധിയെപ്പറ്റി അറിവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും തമ്മിലെ പൊരുത്തക്കേട് പ്രകടമാണ്. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെയാണോ അപ്പീല്‍ പോയതെന്ന ചോദ്യം ഇവിടെ ഉയരുന്നു.



കേസ് സിംഗിള്‍ബെഞ്ച് പരിഗണിക്കുമ്പോള്‍ തന്നെ അനുകൂലമായ പ്രതികരണം കോടതിയില്‍ നിന്ന് ലഭിക്കില്ലെന്ന തോന്നല്‍ സര്‍ക്കാറിനില്ലെങ്കില്‍ എങ്ങനെ വിധി വന്ന് മിനിറ്റുകള്‍ക്കകം അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നത് അതിനാലാണ്. സര്‍ക്കാര്‍ തലേദിവസംതന്നെ അപ്പീലും തയാറാക്കിയിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പറഞ്ഞപ്രകാരം വിധിപഠിച്ച് അപ്പീല്‍ നല്‍കണമെങ്കില്‍ മൂന്നുദിവസമെങ്കിലും താമസമുണ്ടാകേണ്ടതാണ്.



ഈ കേസ് ചീഫ് ജസ്റ്റിസിന്‍െറ ഡിവിഷന്‍ബെഞ്ചില്‍ എത്തിയതും യാദൃശ്ചികമല്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നല്‍കിയ ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസിന്‍െറ ബെഞ്ചില്‍ മാത്രമേ ഈ കേസ് പോകുകയുള്ളൂവെന്ന് വ്യക്തമാണ്. എങ്കിലും കേസ് ഡിവിഷന്‍ബെഞ്ചിന്‍െറ തീര്‍പ്പില്‍ തീരില്ലെന്നത് സുവ്യക്തമാണ്. വിധി വി എസിന് അനുകൂലമെങ്കില്‍  സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ പോകുമെന്നുറപ്പ്. രാഷ്ട്രീയമായി വി.എസിനെതിരെ ഉപയോഗിക്കാന്‍ എങ്ങനെ എങ്കിലും ഒരു കേസെടുക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ കാട്ടിയ തിടുക്കത്തിന്‍െറ അടിസ്ഥാനകാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു.

വീയെസിനെ കുടുക്കാനുള്ള ചിലരുടെ ധൃതിയും പരിശ്രമവും കാണുമ്പോള്‍ ഓര്‍മ്മവരുന്നത് കോട്ടയം  KSRTC സ്റ്റാന്റിനു സമീപത്തുള്ള മിക്കവാറും ഇടവഴികളിലെ തെരുവു വിളക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു പൊട്ടിക്കുന്ന സംഭവമാണ്. തങ്ങള്‍ തുടരുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത ക്രിമിനലുകള്‍ പകരം തങ്ങളുടെ കള്ളത്തരം / ചെറ്റത്തരം പൊതുജനങ്ങള്‍ക്കുമുന്‍പില്‍ തെളിമയോടെ തുറന്നു കാട്ടുന്ന തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്ന സൂത്രവിദ്യ. പ്രകാശം പരത്തുന്ന വിളക്കിനെ തന്നെ ഇല്ലാതാക്കിയാല്‍ ഇരുളിന്റെ മറവില്‍ എന്തു വൃത്തികേടും ചെയ്യാമല്ലോ !!!


വി എസിനാകട്ടെ ഏറെക്കാലമായി അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കുമെതിരേ അദ്ദേഹം നടത്തിവരുന്ന നിയമയുദ്ധങ്ങളില്‍നിന്നുണ്ടായ ചിലരുടെ വ്യക്തിവൈരാഗ്യം ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയുമാണ്. എല്ലാം കൂടിച്ചേര്‍ന്നൊരു കേസ് മേളപ്പെരുക്കം അരങ്ങു തകര്‍ക്കുമ്പോള്‍ ജനം അന്തംവിട്ടു നില്‍ക്കുന്നു, പിന്നെ കണ്ണീരണിയുന്നു, അല്ലെങ്കില്‍ ശപിക്കുന്നു. കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.

2012, ഒക്ടോ 29

നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?

ഇന്നലെ കേരളത്തില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ കൂടി കേന്ദ്രത്തില്‍ ചുമതലയേറ്റു. കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും. രണ്ടു പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി കേരളീയര്‍ക്കു പറയാനുണ്ട്.


കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതേവരെ തീര്‍ത്തും കുറവായിരുന്നു എന്നു പറയാനാവില്ല. ആറു പേര്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേക്കാലമായി. ഇപ്പോള്‍ രണ്ടു പേര്‍കൂടി അവിടേക്കു ചെന്നു എന്നുമാത്രം. ഇവരിലൂടെ കേരളത്തിന് എന്തു നേട്ടമാണു കൈവരിക്കാന്‍ സാധിച്ചതെന്ന് ആരെങ്കിലും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ് നേതൃത്വമെങ്കിലും ജനങ്ങളോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.


ഈ എട്ടു മന്ത്രിമാരില്‍ രണ്ടു പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്. പ്രതിരോധവകുപ്പും പ്രവാസികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന പ്രമുഖരായ എ കെ ആന്റണിയും വയലാര്‍ രവിയും. മറ്റുള്ള സഹമന്ത്രിമാര്‍ വഹിക്കുന്ന ചുമതലകളും നിസാരമല്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ചുമതല വഹിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് "നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?" എന്ന പരിഹാസം പ്രസക്തമാകുന്നത്.


പ്രതിരോധ വകുപ്പിനെ ഒഴിച്ചുു നിര്‍ത്തിയാല്‍ മറ്റെല്ലാം വകുപ്പുകളിലും പ്രശ്‌നങ്ങള്‍ തന്നെ. മറ്റു സംസ്ഥാനങ്ങള്‍ പ്രസ്തുത മേഖലകളില്‍ നേട്ടം കൈവരിക്കുമ്പോള്‍ ആഴ്ച തോറും കേരളത്തിലെത്തി പ്രസ്താവനകളിറക്കുക മാത്രമാണ് മറ്റു മന്ത്രിമാര്‍ ചെയ്തു പോരുന്നത്. കേരളത്തിലെ മുഖ്യ പ്രശ്‌നങ്ങള്‍ കാര്‍ഷിക, ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടും വൈദ്യുതിയുടെ കാര്യത്തിലും പ്രവാസികളുടെ ജീവിതത്തിലുമാണ്. ഇതിന്റെയെല്ലാം ചുമതലക്കാരായി കേന്ദ്രത്തിലിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരാണ് എന്നതാണ് ദുഃഖകരമായ വസ്തുത.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെട്ടിച്ചുരുക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ഇവിടെ നിന്നുള്ള മന്ത്രിക്ക് നാവനക്കമില്ല. സഹമന്ത്രിമാര്‍ എന്നത് വെറും പദവി മാത്രമാണെന്നതാണു വസ്തുത. കാബിനറ്റ് മന്ത്രിയാണ് എല്ലാ തീരുമാനവുമെടുക്കുക. അദ്ദേഹം പറയുന്നത് പഞ്ചപുച്ഛമടക്കി നിന്നു കേള്‍ക്കുക എന്നതു മാത്രമാണു സഹമന്ത്രിമാരുടെ ജോലി. സ്ഥാനത്തിനു വേണ്ടിയുള്ള സ്ഥാനം എന്നല്ലാതെ ഈ പദവി കൊണ്ടു മറ്റു കാര്യമൊന്നുമില്ല എന്നതാണ്് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമാനമായ രീതിയാണു തുടര്‍ന്നു പോരുന്നത്.


എന്നാല്‍, ഉചിതമായ നടപടിയെടുക്കാനും അതു നടപ്പാക്കാനും സാധിക്കുന്നത്ര അധികാരമുള്ള മറ്റൊരു വകുപ്പ് കയ്യാളുന്നതും മലയാളിയാണ് എന്നത് മറക്കരുത്. അതു പ്രവാസികാര്യം തന്നെ. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കാര്യം അറിയുന്നതേയില്ല എന്നു നടിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തു പോരുന്നത്. വളരെ അപലപനീയമായ രീതിയിലാണ് പ്രസ്തുത വകുപ്പു കേരളീയരെ കൈകാര്യം ചെയ്യുന്നതെന്നു പറയാതിരിക്കാനാവില്ല. ഏറ്റവുമൊടുവില്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ സാധാരണക്കാരായ മലയാളി യാത്രക്കാരെ വലയ്ക്കുകയും തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്തപ്പോള്‍പ്പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന ഈ മന്ത്രിയെക്കൊണ്ട് ഇവിടെ ആര്‍ക്കാണു ഗുണം?



തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നു മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതിന്റെ അനന്തരഫലം തന്നെയാണ് ഇവിടെയുള്ള ജനം അനുഭവിക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ടോ ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെട്ടോ രാജ്യസഭയിലെത്തുകയും അതിലൂടെ മന്ത്രിക്കസേരയില്‍ ഇരുന്നരുളുകയും ചെയ്യുന്ന ചില നേതാക്കള്‍ തന്നെയാണ് രാജ്യത്തിന്റെ ശാപം. ഈ രീതി അടിയന്തരമായി മാറിയേ തീരൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം പല പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളല്ല എന്നതു ഞെട്ടലുളവാക്കുന്നു. ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കരുതാത്തതാണിത്. ഭരണഘടനാ രൂപീകരണ സമയത്തെ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.



ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മാത്രം അധികാരക്കസേരയിലേക്ക് എത്തിപ്പെടുന്നവര്‍ക്ക് ജനങ്ങളോടു വലിയ പ്രതിബദ്ധതയൊന്നുമുണ്ടാവാന്‍ തരമില്ല. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരില്‍ നിന്നു മാത്രമേ പ്രധാനമന്ത്രയടക്കമുള്ള മന്ത്രിമാരെ തെരഞ്ഞെടുക്കാവൂ എന്ന നിയമം ഉണ്ടാവുകയാണ് ഇന്നിന്റെ ആവശ്യം. ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യതയില്ലാത്തതിനാല്‍ത്തന്നെയാകാം പ്രവാസി കാര്യ മന്ത്രി കേരളീയരായ പ്രവാസികളെ നിരന്തരം അവഗണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിച്ചു പോരുന്നത്. പകലന്തിയോളം കൊടും ചൂടും കടുത്ത ശൈത്യവും സഹിച്ചു പണിയെടുക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാനെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു മന്ത്രിയെ എന്തിനാണ് ജനം നികുതിപ്പണം കൊണ്ടു തീറ്റിപ്പോറ്റുന്നത്?



കഴിഞ്ഞ ദിവസം വരെ കേന്ദ്ര മന്ത്രിമാരായി വിലസി നടന്നവരെക്കൊണ്ട് തന്നെ ഇവിടെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടു പേര്‍ കൂടി ആ ഗണത്തിലേക്കെത്തുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മന്ത്രിമാര്‍. തൊഴിലും മാനവ വിഭവശേഷിയുമാണ് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്ന വകുപ്പുകള്‍. രണ്ടു മേഖലയിലും കേരളത്തിനു വേണ്ടി അധികമൊന്നും ചെയ്യാന്‍ സാധ്യതയില്ല. കൂടുതല്‍ മന്ത്രിമാരെ തീറ്റിപ്പോറ്റുക എന്ന നയം മാറ്റി, ജനങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയാറുള്ളവര്‍ക്കു സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന രീതിയിലേക്കു രാജ്യം എത്തേണ്ടിയിരിക്കുന്നു.


ഗ്രൂപ്പു സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാത്രമായി എന്തിനാണ് ഇത്തരം ചില നടപടികള്‍? കുറേപ്പേര്‍ക്കു കൂടി പൊലീസ് സംരക്ഷണവും ഔദ്യോഗിക വാഹനങ്ങളും നല്‍കാനും അവര്‍ക്കു ലോകം ചുറ്റാന്‍ അവസരമൊരുക്കാനും മാത്രമായി എന്തിനാണ് സഹമന്ത്രി എന്ന പദവി നിലനിര്‍ത്തുന്നതെന്നും ആലോചിക്കണം. ആറു പേര്‍ ചെയ്യാത്തത് എട്ടു പേര്‍ ചെയ്യുമോയെന്ന് കാത്തിരുന്നു തന്നെ കാണാം എന്നു മാത്രമേ ഈ അവസരത്തില്‍ പറയാനാവൂ.

2012, ഒക്ടോ 8

65 കോടി പലിശരഹിത വായ്പ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയ്‌ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതു തന്നെ.  ഇതുമായി ബ്ന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പാര്‍ട്ടി മാറി ചിന്തിക്കുമെന്നു തന്നെയാണ്  നമ്മുടെ വിശ്വാസം.




ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സഘടനാ നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവുമാണ് വധരയ്‌ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.  മൂന്നു വര്‍ഷം കൊണ്ട് വധേരയുടെ ആസ്തി 600 ഇരട്ടി വര്‍ധിച്ചതായാണു പ്രധാന ആരോപണം. മൂന്നു വര്‍ഷം മുമ്പ് 50 ലക്ഷം രൂപ മാത്രമായിരുന്ന വധേരയുടെ ആസ്തി ഇന്ന് അത് 300 കോടിയായി വര്‍ധിച്ചു.  റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫും വധേരയും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതിന്റെ ഫലമാണ് ഇതെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.



ഇതു നിഷേധിച്ച വധേര തനിക്കെതിരായ ആരോപണമെല്ലാം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നാണ് പ്രതികരിച്ചത്. അതിന്റെ അര്‍ത്ഥം വധേരയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു തന്നെ. ആ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ സംശയമുയരുന്നു.


ഡി.എല്‍.എഫുമായി ചേര്‍ന്ന് വധേര നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്നും പ്രമുഖ കേന്ദ്രങ്ങളിലെ കണ്ണായ പല വസ്തുക്കളും ഡിഎല്‍എഫ് വധേരയ്ക്ക് കൈമാറിയതായും ഇതൊന്നും കൂടാതെ 65 കോടി രൂപ പലിശരഹിത വായ്പയും അദ്ദേഹത്തിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വലിയ തുക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 12 ശതമാനവും അതിനു മുകളിലുമുള്ള പലിശ നിരക്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍‌തോതില്‍ വായ്പ എടുത്തിട്ടുള്ള ഡിഎല്‍എഫ് എന്ന സ്ഥാപനം ഇത്ര വലിയ തുക പലിശരഹിത വായ്പയായി വധേരയ്ക്ക് എന്തിനു നല്‍കി എന്നതു തന്നെയാണ് ഇവിടെ ഉയരുന്ന ചോദ്യങ്ങളില്‍ ഏറെ പ്രസക്തം.


(അഞ്ചോ ആറോ ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ ലഭിക്കുവാന്‍ സര്‍‍വവിധ ഡോക്യുമെന്റുകളും, കിടപ്പാടത്തിന്റെ ആധാരം പോലും പണയമായി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ഥികക്ക് പോലും വായ്പനിഷേധിക്കപ്പെടുന്ന വാര്‍ത്ത ദിനം‌പ്രതി കേള്‍ക്കുന്ന രാജ്യത്താണ് ഇത്ര ഉദാരമായി മരുമകനു പണം ലഭിക്കുന്നത് എന്നതു മറക്കാതിരിക്കാം)


വധേരയ്ക്ക് ഫണ്ട് നല്‍കി അതിലൂടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തുകയായിരുന്നു ഡിഎല്‍എഫ് എന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതില്‍ എന്തൊക്കെയോ സത്യത്തിന്റെ അംശമുള്ളതായി സാധാരണക്കാര്‍ സംശയിക്കുന്നത് സ്വാഭാവികം.  ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഡിഎല്‍എഫ്-വധേര ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ആരോപണമുണ്ട്.




അഞ്ച് കമ്പനികള്‍ വധേര സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് മറ്റൊരു ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇതും മുഖവിലയ്ക്കു ത്‌ന്നെ എടുക്കണം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുന്നവര്‍ എന്ന നിലയില്‍ കെജ് രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് കോണ്‍ഗ്രസും വധേരയും ശ്രമിക്കുന്നതെന്നത് തികച്ചും ഖേദകരം തന്നെ.


കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ മാത്രമല്ല സോണിയാ ഗാന്ധി ഇന്ത്യയില്‍ പ്രമുഖയാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്ന അവസാനവാക്കാണു സോണിയ. സോണിയയുടെ എല്ലാ തീരുമാനങ്ങളെയും ശരിയാംവണ്ണം സ്വാധീനിക്കാന്‍ സാധിക്കുന്ന പുത്രിയാണു പ്രിയങ്ക എന്നതും അനിഷേധ്യമായ വസ്തുത തന്നെ. ഇന്ത്യയിലെ ശരാശരി പൗരന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ സുഖസൗകര്യങ്ങളോടെ ജീവിച്ചു പോരുന്നവരാണ് ഇവരെല്ലാം. രാജ്യത്തെമ്പാടും വലിയ തോതിലുള്ള സ്വാധീനമുള്ള സോണിയയുടെയും കുടുംബത്തിന്റെയും അനിഷ്ടത്തിന് പാത്രമാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവു പോലും തയാറല്ല എന്നതും രഹസ്യമൊന്നുമല്ല.



തലമുതിര്‍ന്ന നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മുന്നില്‍ പഞ്ചപുച്ഛമടക്കി മാത്രമേ നില്‍ക്കാറുള്ളൂ. അങ്ങനെയുള്ള ദാസ്യ മനോഭാവക്കാര്‍ തന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭരിച്ചു പോരുന്നത്. അവിടങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ വധേരയ്ക്കു വലിയ വിഷമമൊന്നുമില്ല. അതു തിരിച്ചറിഞ്ഞു തന്നെയാകാം ഡിഎല്‍എഫ് വധേരയെ കൂട്ടു പിടിച്ചത്. അനുദിനം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കമ്പനിയാണു ഡിഎല്‍എഫ്. അങ്ങനെയൊരു കമ്പനി വലിയ തുക വെറുതേ ആര്‍ക്കെങ്കിലും നല്‍കുമോയെന്നു മാത്രം ചിന്തിച്ചാല്‍ മതി കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലാവാന്‍.



ഇത്ര വലിയ ഒരു ആരോപണം ഉയരുമ്പോഴും നിശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വധേര തെറ്റു ചെയ്‌തെങ്കില്‍ നടപടിയുണ്ടാവുക തന്നെ വേണം. രാജ്യത്തെ എല്ലാ പൗര•ാര്‍ക്കും ബാധകമായ നിയമങ്ങളെല്ലാം വധേരയ്ക്കും ബാധകം തന്നെ. തനിക്കു ലഭിച്ച പണത്തിന്റെ കണക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയായിരിക്കാം. പക്ഷേ, വധേരയ്ക്ക് ഇത്രയേറെ ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടാകും. അതില്‍ ഏറ്റവും പ്രധാനം ആരുടെയും ശല്യം കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലുള്ള ഭൂമിക്കച്ചവടം നടത്താനാകും എന്നതു തന്നെ ആകാം. അതെല്ലാം അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്.



പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് എന്നതല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റോബര്‍ട്ട് വധേര ആരുമല്ല. പ്രിയങ്ക പോലും രാജ്യത്തെ സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം നേതാവല്ല. എന്നിട്ടും വധേരയ്ക്ക് ഇത്രമാത്രം സ്വധീനം രാജ്യമാകെ ഉണ്ടായിരിക്കുന്നു. അതിനര്‍ത്ഥം, സോണിയാ ഗാന്ധിയുടെ സര്‍വ ആശീര്‍വാദവും അദ്ദേഹത്തിനുണ്ട് എന്നു തന്നെ. അവിടെയാണ് ആരോപണത്തിന്റെ കാമ്പു കിടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും യുപിഎ അധ്യക്ഷ എന്ന നിലയിലും സോണിയാ ഗാന്ധിക്കുള്ള സ്വാധീനത്തിന്റെ മറവില്‍ വന്‍തോതിലുള്ള ബിസിനസ് നടത്തുന്നു എന്ന വശത്തു കൂടി ചിന്തിക്കുമ്പോള്‍ വധേര ചെയ്യുന്നതു തെറ്റു തന്നെയാണ്.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ തരമില്ല. ആ പാര്‍ട്ടിക്കു വേണ്ടി തല്ലാനും തല്ലു കൊള്ളാനും പോസ്റ്ററൊട്ടിക്കാനും നടക്കുന്ന ഇന്ത്യക്കാരെല്ലാം സോണിയയുടെ കുടുംബത്തിന്റെ സേവകരാണ്.  ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വധേരയ്‌ക്കെതിരായ ആരോപണങ്ങള്‍ നിശ്ചയമായും അന്വേഷിക്കേണ്ടതു തന്നെ.


2012, ഒക്ടോ 6

ലോകത്തിനൊപ്പം ഉയര്‍ന്നു ചിന്തിക്കൂ

വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് വൈദ്യുതി മുടക്കാനാണത്രേ ആലോചന.


തികച്ചും അപഹാസ്യമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് അല്പമെങ്കിലും ആലോചിക്കാന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡിലെ വെള്ളാനകള്‍ക്കു സാധിക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പാചക വാതകത്തിന് വില കുത്തനെ കൂട്ടിയും സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയും കളിക്കുന്ന കേന്ദ്ര സര്‍ക്കാരിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള കളിയാണ് സംസ്ഥാനത്തും കളിച്ചു തുടങ്ങുന്നതെന്നു തോന്നുന്നു. വര്‍ഷത്തില്‍ ഒമ്പതു സിലിണ്ടര്‍ വീതം നല്‍കാനുള്ള  തീരുമാനം പോലും നടപ്പാക്കാതെ ജനങ്ങളെ നട്ടംതിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് ഇതിലും അപഹാസ്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.


രാവിലത്തെ തിരക്കിനെക്കുറിച്ച് വീട്ടമ്മമാരോടു തന്നെ ചോദിക്കണം. തിരക്കിട്ട ജോലി ചെയ്യുമ്പോള്‍ സഹായമായിത്തീരുന്നു എന്നതിനാലാണ് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണം. പാചക വാതകം കിട്ടാതിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതലാളുകള്‍ ഇന്‍ഡക്ഷന്‍ കുക്കറിനെപ്പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം വരുന്നത്.


കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. ജനസംഖ്യ വര്‍ധിക്കുന്ന ഒരു നാട്ടില്‍ ആവശ്യത്തിനുള്ള വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു പകരം, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയും അതിലൂടെ നേട്ടമുണ്ടാകുമെന്നു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ചെയ്യുന്നത്.


മാറിയ കാലത്തിനനുസരിച്ച് തിരക്കിട്ട ജീവിതമാണ് സാധാരണക്കാര്‍ നയിച്ചു പോരുന്നത്. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ മാത്രമല്ല രാവിലത്തെ തിരക്കില്‍ നട്ടം തിരിയുന്നത്. അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനുള്ള ആലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് ഏതു വെള്ളാനയാണെങ്കിലും അത്തരക്കാരെ അടിയന്തരമായി ഉദ്യോഗത്തില്‍ നിന്നു മാറ്റാനാണു സര്‍ക്കാര്‍ തയാറാവേണ്ടത്. വൈദ്യുതി ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാട്ടിലെ സാധാരണ ജനങ്ങള്‍ക്കല്ല. നിലവിലുളള വൈദ്യുത പദ്ധതികളുടെ ജനറേറ്ററുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ക്കു തന്നെ. അങ്ങനെ അവരുടെ കുഴപ്പം കൊണ്ടുണ്ടായിട്ടുള്ള പ്രതിസന്ധിക്കു സാധാരണക്കാരായ വീട്ടമ്മമാര്‍ ഭാരം ചുമക്കണമെന്നു പറയുന്നതിലെ ഔചിത്യം മനസിലാവുന്നില്ല.


ബോര്‍ഡിലെ വെള്ളാനകള്‍ക്ക് മാസം തോറും ലഭിക്കുന്ന വലിയ തുകയുടെ ശമ്പളമുണ്ട്. അവരുടെ കുടുംബങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്യും. സാധാരണക്കാരുടെ അവസ്ഥ അതല്ല. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോയാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന അവസ്ഥയാണ് മിക്കവര്‍ക്കും. അങ്ങനെ തിരക്കിന്റെ ജീവിതത്തില്‍ രാവിലെയുള്ള പാചകത്തിന്റെ സമയം ലാഭിക്കാനുള്ള മാര്‍ഗം എല്ലാവരും തേടും. അത്തരം തേടലുകളാണ് ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് എത്തി നില്‍ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരു പറഞ്ഞ് അത് ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ പകരം സംവിധാനം കൂടി ഏര്‍പ്പെടുത്തണം. വിറകടുപ്പ് ഉപയോഗിച്ചാല്‍ മതിയെന്ന് എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്നു പറയാന്‍ വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവില്‍ ജീവിച്ചു പോരുന്നവര്‍ക്ക് അങ്ങനെ പല ഉള്‍വിളികളുമുണ്ടാകും. അതിനെല്ലാം വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട മലയാളികളാണ്. അത് അംഗീകരിക്കാനാവില്ല.


ഇടുക്കിയലടക്കം പ്രവര്‍ത്തിക്കാത്ത ജനറേറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. അതിനു പകരം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ ഉദ്യോഗസ്ഥരുടെ തെറ്റായ ഉപദേശത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുത്. പ്രായം കൊണ്ടു മുന്‍പന്തിയിലുള്ള ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മന്ത്രിമാരെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടണം. ജനങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുക എന്നതാകണം ഒരു ജനായത്ത സര്‍ക്കാരിന്റെ ലക്ഷ്യം. അത് ഭാഗികമായെങ്കിലും നടപ്പാക്കാന്‍ സാധിച്ചാല്‍ അതാകും വലിയ വിജയം. അതിനു പകരം, നഷ്ടത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ കാളവണ്ടിയുഗത്തിലേക്കു നാടുകടത്താന്‍ ശ്രമിക്കരുത്. ഇവിടെ സംഭവിക്കുന്നത് അതാണ്.


വിറകടുപ്പുപയോഗിച്ച് പാചകം ചെയ്താല്‍ മതിയെന്നു പറയുന്നവര്‍ അതു ചെയ്തു കൊടുക്കാന്‍ കൂടി തയാറാവണം. വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍പ്പോലും ഇന്‍ഡക്ഷന്‍ കുക്കറോ എയര്‍കണ്ടീഷണറോ കാണരുത്. അതു കണ്ടെത്തിയാല്‍ നാട്ടുകാര്‍ ഇടപെട്ട് നീക്കം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്.


നിരന്തരം ഉപദേശം മാത്രം വിളമ്പാന്‍ കുറേ വെള്ളാനകളെ തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു. നിരക്കു വര്‍ധിപ്പിക്കുകയും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുകയുമല്ല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള വഴി. കൂടുതല്‍ വൈദ്യുതി ഏതു വിധത്തില്‍ ഉത്പാദിപ്പിക്കാമെന്ന് ആലോചിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാവണം.


ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ വീര്‍പ്പു മുട്ടുകയാണ് നമ്മുടെ വൈദ്യുതി വിതരണ രംഗം. ഈ അവസ്ഥ മാറണം. വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ഒപ്പം വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുക കൂടി ചെയ്താല്‍ കുറേ താപ്പാനകള്‍ വീട്ടിലിരിക്കും. അതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനു വൈദ്യുതി ലഭിക്കും. മാത്രവുമല്ല, മാറിയ കാലഘട്ടത്തിനനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. അങ്ങനെ ലോകത്തിന്റെ പുരോഗതിക്കൊപ്പം കേരളവും പുരോഗമിക്കും. അതിനുള്ള നീക്കം ഉടനടി ഉണ്ടായേ തീരൂ.

2012, ഒക്ടോ 4

"ഇന്‍ഡക്ഷന്‍ കുക്കര്‍"

കേരളത്തില്‍ "ഇന്‍ഡക്ഷന്‍ കുക്കര്‍" ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളെയും "ഏജന്റ് സാബൂ" എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച് കണ്ടുപിടിക്കുവാനും അത്തരത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി സംശയിക്കപ്പെട്ടവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനും തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.



"ഏജന്റ് സാബൂ" ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ വൈദ്യുതി മന്ത്രിയുടെ വീട്ടില്‍ പതിവായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി കണ്ടെത്തിയതോടെ ഏജന്റ് സാബുവിന്റെ കാര്യക്ഷമത ബോധ്യപ്പെട്ടുവെന്നും, എന്നാല്‍ മന്ത്രിക്കെതിരേ കേസെടുക്കുകയില്ലെന്നും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു രാജ്യങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കെതിരേയും കേസെടുക്കുവാന്‍ പാപ്പനംകോട് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടപ്പനെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് അറിയിച്ചു.



ലേബല്‍ :ആത്മരോഷം

2012, സെപ്റ്റം 15

അലുവാലിയയുടെ ഉന്നം ഭൂപരിഷ്‌കരണ നിയമം

കേരളം നെല്‍കൃഷി ഉപേക്ഷിക്കണമെന്നും വയലുകളുടെ പാട്ടവ്യവസ്‌ഥകളില്‍ ഉദാരമായ മാറ്റം വരുത്തണമെന്നുള്ള ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗം.

ഭൂപരിഷ്‌ക്കരണ നിയമം ഇനി ആവശ്യമില്ലെന്നു സര്‍ക്കാരിനുള്ളിലെ ചിലര്‍തന്നെ അഭിപ്രായപ്പെടുമ്പോഴാണു സമാന നിലപാടുമായി അലുവാലിയ എത്തുന്നത്‌. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവും കേരളത്തിന്‌ ആവശ്യമില്ലെന്ന നിലപാടുകാരനാണ്‌ അലുവാലിയ. നെല്‍വയല്‍ നികത്തി ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്‍കിയ വ്യക്‌തിയാണ്‌ ഇദ്ദേഹം.

ചെറിയ തുണ്ടുകളായി കിടക്കുന്ന കൃഷിഭൂമികള്‍ ഒന്നിപ്പിച്ച്‌ ഉദാരമായ പാട്ടവ്യവസ്‌ഥയില്‍ നല്‍കണമെന്ന അലുവാലിയയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരായ പ്രഖ്യാപനമാണ്‌. സര്‍ക്കാരിന്റെ നയവും ഇതിന്‌ അനുകൂലമാണ്‌.  ഭക്ഷ്യസുരക്ഷയേക്കുറിച്ച്‌ കേരളം വിഷമിക്കേണ്ടതില്ലെന്ന അലുവാലിയയുടെ പ്രസ്‌താവനയും സംസ്‌ഥാനത്തെ വെട്ടിലാക്കുന്നതാണ്‌. കേരളം എന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കമാണ്‌.

കൂടുതല്‍ ലാഭം കരുതി നേരത്തേ നാണ്യവിളകളിലേക്കു മാറിയതാണു കേരളത്തിനു വിനയായത്‌. അതിന്റെ അനന്തരഫലമാണ്‌ ഇന്നു കാണുന്ന കര്‍ഷക ആത്മഹത്യകള്‍. ഇതു വിദേശകുത്തകകളുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുമ്പ്‌ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എണ്ണപ്പനകൃഷി വ്യാപകമാക്കിയതും പിന്നീട്‌ അതിലൂടെ ആ രാജ്യങ്ങള്‍ തകര്‍ന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.


നെല്‍കൃഷി കുറഞ്ഞപ്പോഴും കേരളത്തിലെ ഭക്ഷ്യസുരക്ഷ ഒരു പരിധിവരെ കാത്തുസൂക്ഷിച്ചിരുന്നത്‌ സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനമായിരുന്നു. എന്നാല്‍ റേഷന്‍ സമ്പ്രദായം പരിമിതപ്പെടുത്തിയതോടെ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്‌. അരിവില ദിനംപ്രതി നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടും അതിനെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതുമൂലമാണ്‌. ആ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയ്‌ക്കു കേരളം മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിച്ചാല്‍ മതിയെന്ന അലുവാലിയയുടെ പ്രസ്‌താവന ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

അലുവാലിയയുടെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌ നെല്‍വയലുകളുടെ കൈമാറ്റവും നികത്തലും വര്‍ധിക്കുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്‌. ഇത്‌ നെല്‍വയലുകള്‍ ഇല്ലാതാക്കുക മാത്രമല്ല, കര്‍ഷകരെ ചൂഷണവിധേയമാക്കുകയും ചെയ്യും. ഭൂമി ചുളുവില്‍ തട്ടിയെടുക്കുന്ന ഭൂമാഫിയകള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ തുച്‌ഛമായ വിലക്ക്‌ തങ്ങളുടെ ഭൂമി വില്‍ക്കേണ്ടി വരും. നെല്‍വയലുകളുടെ ഇല്ലാതാകല്‍ ഭക്ഷ്യസുരക്ഷയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത്‌ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥയേയും കുടിവെള്ള സ്രോതസുകളെയും ബാധിക്കും.


ഈ ചിന്ത വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം യു.ഡി.എഫിലും ഇടതുമുന്നണിയിലും ഉയര്‍ന്നുവരുന്നുണ്ട്‌. അതിന്‌ വിപരീതമായി സമ്പദ്‌വ്യവസ്‌ഥ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നു വാദിക്കുന്ന ഒരു വിഭാഗം സര്‍ക്കാരില്‍ പിടിമുറുക്കിയിട്ടുണ്ട്‌. പുതിയ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു വേണ്ടി ശ്രമിക്കണമെന്നും അതിനായി കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നും ഈ വിഭാഗം വാദിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനായിരിക്കും ഇനി സംസ്‌ഥാനം സാക്ഷ്യം വഹിക്കുക.

വാര്‍ത്ത കടപ്പാട് - മംഗളം ദിനപത്രം

2012, സെപ്റ്റം 11

ഇതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട്

വിവാദകാരണമായ നാലു പദ്ധതികള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എല്ലാവരും അവസാനിപ്പിക്കുമെന്നായിരുന്നു പൊതുധാരണ. ദൗര്‍ഭാഗ്യവശാല്‍  പിന്‍വലിച്ചെന്നു പറഞ്ഞ പദ്ധതികള്‍ വെബ്‌സൈറ്റില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ പിന്‍വലിച്ചതായി പറഞ്ഞതും വെബ്‌സൈറ്റില്‍ നിന്ന് അതു പിന്‍വലിച്ചതും ഇന്നലെ ഉച്ചയ്ക്കാണ്.


വ്യവസായ വകുപ്പു പിടിവാശി പിടിച്ചാണ് നാലും വീണ്ടും പരിഗണനയിലെത്തിച്ചതെന്നാണ് സൂചന. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അമ്പത്തിമൂന്നു പദ്ധതികളെ ഒഴിവാക്കുകയും ചെയ്തു. അതില്‍പ്പെടുന്ന നാലു പദ്ധതികളാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഭൂമികച്ചവടം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്ന തോന്നലാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുന്നത്.


ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് നീക്കം ചെയ്ത പദ്ധതികളെച്ചൊല്ലിയായിരുന്നു വിവാദം ഉയര്‍ന്നിരുന്നത്. ഇതില്‍ ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621 ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണില്‍  റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നെല്ലിയാമ്പതിയില്‍ ഫോറസ്റ്റ് ലോഡ്ജിനായുള്ള നിര്‍ദേശമാണ് ഒഴിവാക്കിയത്. ധര്‍മ്മടം ദ്വീപില്‍  റിസോര്‍ട്ട് തുടങ്ങാനുള്ള പദ്ധതിയും ഇപ്രകാരം ഒഴിവാക്കി. കല്‍ക്കരി / വാതക താപ വൈദ്യുത പദ്ധതിക്കായി ചീമേനിയില്‍ 1621 ഏക്കര്‍ നീക്കിവെക്കാനുള്ള നിര്‍ദേശം വന്‍ വിവാദമായിരുന്നു. പുന:പരിശോധനയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ പറയുന്നത് ഇവിടെ 1621 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അവിടെയുണ്ടെങ്കിലും ഇതില്‍ 200 ഏക്കര്‍ പദ്ധതിക്ക് വിനിയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടൊപ്പം പീരുമേട്ടിലും ദേവികുളത്തും റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ദേശവും ഒഴിവാക്കി.


അപ്രായോഗികമായ പദ്ധതികള്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ചീഫ് സെക്രട്ടറിയെ പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. അദ്ദേഹം പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയ പദ്ധതികള്‍ ഏതു വിധത്തിലാണ് വ്യവസായ വകുപ്പ് വീണ്ടും ഉള്‍പ്പെടുത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നേരത്തേ കൊച്ചിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിച്ചത് വ്യവസായ വകുപ്പായിരുന്നു. അത് സമ്പൂര്‍ണ്ണ പരാജയവുമായി.  ഇത്തവണ മുഖ്യമന്ത്രി നേരിട്ടാണ് പരിപാടി നടത്തുന്നത്. എന്നിട്ടും, വ്യവസായ വകുപ്പിന് എന്തോ അപ്രമാദിത്തം കാണിക്കാന്‍ സാധിച്ചിരിക്കുന്നു.


പരിസ്ഥിതിക്കു കോട്ടം വരുത്താത്ത എല്ലാ പദ്ധതികളും നടപ്പാക്കേണ്ടതു തന്നെയാണ്. കേരളത്തിന്റെ ഇനിയുള്ള വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കും എന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍, വിവാദങ്ങള്‍ ഉയരുമ്പോള്‍ അത്തരം പുതിയ പദ്ധതികളെക്കുറിച്ച് പുനരാലോചിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ടൂറിസം വകുപ്പു തന്നെ വ്യക്തമാക്കണം. പ്രതിപക്ഷം ഒന്നടങ്കവും ഭരണപക്ഷത്തെ ചില എംഎല്‍എമാരും എമര്‍ജിംഗ് കേരള പദ്ധതികളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒന്നുമറിയാത്തവരല്ലല്ലോ ജനപ്രതിനിധികള്‍. എവിടെയൊക്കെയോ എന്തൊക്കെയോ അസ്വാഭാവികതകളുണ്ട് എന്ന തോന്നല്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതു പൂര്‍ണമായി.


സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആരെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി സമ്പൂര്‍ണമായി നശിപ്പിച്ചിട്ടായാലും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയെന്ന തീരുമാനമെടുക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്?


ഭൂമികച്ചവടം നടത്താനുള്ള ഉപാധിയായി ഒരു പദ്ധതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുക തന്നെ വേണം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന നിലയില്‍ എമര്‍ജിംഗ് കേരളയെ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ തിരിച്ചു ചിന്തിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനെല്ലാം അടിസ്ഥാനമാകുന്നത് വ്യവസായ വകുപ്പിന്റെ ദുരൂഹത നിറഞ്ഞ കളികള്‍ തന്നെ.


നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങള്‍ വന്‍തോതിലുള്ള ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ തന്നെ. പക്ഷേ, അവിടുത്തെ പരിസ്ഥിതിക്കു കോട്ടം തട്ടാന്‍ പാടില്ല. സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ അപ്രായോഗികമെന്നു കണ്ടെത്തിയ പദ്ധതികള്‍ നടപ്പാക്കിയേ തീരൂ എന്ന വാശി ആര്‍ക്കും നല്ലതിനല്ല.


എമര്‍ജിംഗ് കേരളയുടെ നിയന്ത്രണം മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാനുള്ള ശ്രമവും നടന്നേക്കാം. വിശിഷ്യാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. ഗ്രൂപ്പിസത്തിന്റെ മുന്തിയ തലത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. ഹരിത രാഷ്ട്രീയം എന്ന പേരില്‍ ചില എംഎല്‍എമാര്‍ യുഡിഎഫിന്റെ തീരുമാനങ്ങളെ പിന്നില്‍ നിന്നു കുത്തുമ്പോഴും നിശബ്ദമായി നോക്കി നില്‍ക്കാന്‍ മാത്രം സാധിക്കുന്ന ദുര്‍ബലനായി ഉമ്മന്‍ചാണ്ടി മാറിയിട്ടുണ്ട്.


തുടക്കക്കാരായ എംഎല്‍എമാര്‍ വരെ മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിക്കുമ്പോള്‍ എന്താണ് ഈ മു്ന്നണിയുടെ കെട്ടുറപ്പെന്ന സംശയം ഉയരുക സ്വാഭാവികം. അത്തരം സംഭവങ്ങള്‍ നടക്കുന്നതിനിടയിലാണ് വ്യവസായ വകുപ്പിന്റെ വെല്ലുവിളി.  ഇത്തരം വെല്ലുവിളികള്‍ എമര്‍ജിംഗ് കേരള എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കാനേ ഉപകരിക്കൂ. നമ്മുടെ മലയും പുഴയും മണ്ണും മനുഷ്യരെയും തിരുവാതിര ഞാറ്റുവേലപോലും വന്‍‌കിട മുതലാളിമാര്‍ക്ക് കാഴ്ചവെച്ച് അതിന്റെ പങ്ക് പറ്റി സ്വകാര്യ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണവും ബിനാമി സാമ്പത്തിക ഇടപാടുകളും ഉന്നംവെക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നായാലും ശരിയല്ല. അത് എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും.

2012, ഓഗ 20

അങ്ങാടിയില്‍ തോറ്റതിനമ്മയോട്

അങ്ങാടിയില്‍ തോറ്റതിനമ്മയോട്

കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ജനകീയത തെളിയിച്ചിരിക്കുന്നു. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന സര്‍്ക്കാര്‍ എത്രയോ വേഗത്തിലാണ് നാട്ടുകാരുടെ മേല്‍ കുതിര കേറിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസും എടുത്തിട്ടുണ്ട്.



സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പതിവായി ചെയ്യുന്നതു പോലെ തന്നെ പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പൊലീസുകാര്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ പതിവായി പ്രയോഗിക്കുന്ന വകുപ്പുകളാണ് ഇതെല്ലാം എന്നതിനാല്‍ത്തന്നെ കേസെടുത്ത സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ്യശുദ്ധി സംശയത്തിന്റെ നിഴലിലാവുന്നു.


നഴ്‌സുമാരുടെ സമരത്തെ ക്ണ്ടില്ലെന്നു നടിക്കുകയും ആശുപത്രി മാനേജ്‌മെന്റിനു വേണ്ടിയെന്നു തോന്നിക്കത്തക്കവിധത്തില്‍ മൗനം പാലിക്കുകയും ചെയ്ത സര്‍ക്കാരിന് കിട്ടിയ വലിയ അടിയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.


വിഎസ് അച്യുതാനന്ദന്‍ സമരമുഖത്തെത്തിയതോടെ സമരം വിജയപൂര്‍വം അവസാനിച്ചു. അത് സര്‍ക്കാരിനുള്ള തിരിച്ചടിയുമായി. നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിപക്ഷ നേതാവിനു സാധിക്കുകയും, സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പകരംവീട്ടലായി നാട്ടുകാരെ കസ്റ്റഡിയിലെടുത്തതാണ് എന്ന ആരോപണത്തിന് എന്തു മറുപടിയാണ് സര്‍ക്കാരിനുള്ളത്?


സമരത്തിന്റെ മറവില്‍ രംഗത്തിറങ്ങിയ സാമൂഹിക വിരുദ്ധരെയാണു പിടികൂടിയതെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. കുറേ സാധു കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നടത്തിയ ന്യായമായ സമരത്തെ പിന്തുണച്ചവര്‍ ഏതുവിധേനെയാണ് സാമൂഹിക വിരുദ്ധരാകുന്നതെന്ന് മന്ത്രിക്കു മാത്രമേ അറിയാന്‍ സാധിക്കൂ. എത്ര ബാലിശവും പരിഹാസ്യവുമായ നിലപാടാണിത്.


ആശുപത്രി മാനേജ്‌മെന്റിനും സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കിയതാണ് നാട്ടുകാര്‍ ചെയ്ത തെറ്റ്. മുഖ്യമന്ത്രിയോടു ചോദ്യം ചോദിച്ചതിന് പശ്ചിമബംഗാളില്‍ ഒരു പൗരനെ അറസ്റ്റ് ചെയ്തതും ഉമ്മന്‍ചാണ്ടിയുടെ യോഗത്തില്‍ ശബ്ദമുയര്‍ത്തിയതിന് ഒരാളെ പിടികൂടിയതുമൊക്കെപ്പോലെ തികച്ചും ഫാസിസ്റ്റ് ചിന്താധാര തന്നെയാണ് ഇക്കാര്യത്തിലും സര്‍ക്കാരിനെ ഭരിക്കുന്നതെന്നു തോന്നുന്നു.
തങ്ങള്‍ക്കു ഹിതകരമല്ലാത്തതു ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുക എന്ന രീതി പഴയ സ്വേച്ഛാധിപതികളുടേതാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അതിനു സ്ഥാനമില്ല. പറഞ്ഞാല്‍ എന്തും ചെയ്യുന്ന പൊലീസ് സംവിധാനം കയ്യിലുണ്ടെന്നു കരുതി നാട്ടുകാരെയാകെ തുറുങ്കിലടയ്ക്കാം എന്ന് ഈ സര്‍ക്കാര്‍ കരുതുന്നുണ്ടോ?

കോതമംഗലത്തെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിനു നാണക്കേടുണ്ടായതിനു മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സ്വന്തം ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയടക്കം ശ്രമിച്ചു എന്ന തോന്നല്‍ വ്യാപകമായുണ്ടുതാനും. പ്രതിപക്ഷം അത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ കണ്ണുമടച്ച് എതിര്‍ക്കാന്‍ സാധിക്കില്ല. അല്പം കാര്യം അതിലുണ്ടെന്നു തോന്നുന്നു.


ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതു മുതലെടുക്കാന്‍ പ്രതിപക്ഷം തയാറാകുമെന്നെങ്കിലും തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതായിപ്പോയി. വിഎസ് അച്യുതാനന്ദന്‍ നഴ്‌സുമാരുടെ സമരം വിജയിപ്പിച്ച നായകനെന്ന പരിവേഷത്തോടെ വിലസുന്നു.  വിഎസ്  ഇടപെട്ടതും സമരം വിജയിപ്പിച്ചതും രാഷ്ട്രീയ നേട്ടം തന്നെയാണ്.


വിഎസ് പ്രശ്‌നം പരിഹരിച്ചു എന്ന വാര്‍ത്തകള്‍ വന്നതോടെ തന്റെ നിര്‍ദേശങ്ങളാണ് നടപ്പിലാക്കിയതെന്നു പറഞ്ഞ് സ്വയം അപഹാസ്യനാവുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലടക്കം സര്‍ക്കാരിനെ കളിയാക്കിയും വിഎസിനെ പ്രകീര്‍ത്തിച്ചും യുവജനങ്ങള്‍ പ്രതികരിക്കുന്നുണ്ട്. ഇതെല്ലാം സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.


സ്വയം വരുത്തി വച്ച കെണിയില്‍ നിന്ന് ഏതു വിധത്തില്‍ രക്ഷപ്പെടാം എന്നു ചിന്തിക്കുന്നതിനു പകരം, നാട്ടുകാരെ അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. വാസ്തവത്തില്‍ ഇത്തരം നടപടി ആവശ്യമുണ്ടായിരുന്നില്ല. ഈ അറസ്റ്റ് വിഎസിന്റെ മൈലേജ് കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്. സമരത്തെ പിന്തുണച്ച കോണ്‍ഗ്രസുകാരല്ലാത്തവരെല്ലാം സാമൂഹിക വിരുദ്ധരാണ് എന്നു പറയുന്നിടത്ത് ഫാസിസ്റ്റ് ഭാഷയാണ് തെളിയുന്നത്. അത് ഒരു ജനായത്ത സര്‍ക്കാരിനു ഭൂഷണമല്ല.


സമരത്തിനു പിന്തുണ പ്രഖ്യാപിച്ചവര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് അക്രമമുണ്ടായത്. സ്വാഭാവികമായും പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന സമരങ്ങള്‍ അക്രമാസക്തമാകും. പ്രത്യേകിച്ച്, ന്യായമായ ഒരു ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരങ്ങള്‍. അതിനോടു സമചിത്തതയോടെ പ്രതികരിക്കുന്നതിനു പകരം ലാത്തിച്ചാര്‍ജ് നടത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സര്‍ക്കാരിന്റ അറിവോടെ തന്നെയാണു പൊലീസ് നടപടിയെടുത്തതെന്നതിന് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തന്നെ തെളിവ്.


എത്രയോ കാലമായി തുടരുന്ന പീഡനങ്ങളാണ് നഴ്‌സുമാര്‍ അനുഭവിച്ചു പോരുന്നത്. അതു കണ്ടില്ലെന്നു നടിക്കുകയാണ്  സര്‍ക്കാര്‍ ചെയ്തു പോന്നത്.  ഇപ്പോള്‍ത്തന്നെ മൂന്നു മാസത്തിലേറെയായി സമരം നടത്തിവന്നവരെ തികച്ചും അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.


ഏതെങ്കിലും മതവിഭാഗത്തിന്റെ സ്ഥാപനമാണ് എന്ന ഒറ്റക്കാരണത്താല്‍ സമരങ്ങളെ തല്ലിയൊതുക്കാന്‍ നോക്കുന്നതിലെ തെറ്റാണ് ഇപ്പോള്‍ തെളിയിക്കെപ്പട്ടത്. സമരം നടത്തിയവര്‍ കോടീശ്വരന്മാരുടെ മക്കളല്ല. സമൂഹത്തിലെ സാധാരണക്കാര്‍ സമരം ചെയ്താല്‍ അതിനെ അവഗണിക്കുന്ന രീതിക്കുള്ള തിരിച്ചടി തന്നെയാണു കോതമംഗലത്തു കണ്ടത്. ഇവിടെ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല

2012, ജൂൺ 23

ഭക്ഷണം മുടക്കുന്ന പിടിപ്പുകേട്

കമ്പോളത്തില്‍ അരിവില കുതിച്ചു കയറുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാതെ മാറിനില്‍ക്കുന്നത് അത്യന്തം അപലപനീയം തന്നെ. മലയാളിയുടെ പ്രധാന ഭക്ഷണമാണ് അരിയെന്നിരിക്കെ ഭക്ഷ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭരണ പരിചയം കുറവുള്ളയാളാണ് വകുപ്പു മന്ത്രിയെങ്കിലും ഉദ്യോഗസ്ഥര്‍ അങ്ങനെയല്ലല്ലോ.


കഴിഞ്ഞയാഴ്ച അരിയുടെ വില കിലോഗ്രാമിന് 22 മുതല്‍ 25 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ 28 മുതല്‍ 32 രൂപ വരെയെത്തി നില്‍ക്കുന്നു. അതായത്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിലയില്‍ വന്‍ തോതിലുള്ള വ്യത്യാസം. നിലവിലുള്ള സാഹചര്യത്തില്‍ അരിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതു തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ചില്ലറ വ്യാപാരികളുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും തെറ്റായി ഇതിനെ കാണാനാവില്ല. അതേസമയം, മൊത്ത വ്യാപാരികള്‍ പലയിടത്തും അരി പൂഴ്ത്തി വച്ചിരിക്കുകയാണെന്ന പരാതിയും വ്യാപകമായുണ്ട്. റേഷന്‍ കടകളെയാണ് സമൂഹത്തിലെ പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്നത്. അവിടെ രണ്ടു മാസത്തോളമായി പുഴുക്കലരിയും പച്ചരിയും എത്തുന്നതേയില്ല. വിതരണം ചെയ്യുന്ന അരിയാകട്ടെ ഭക്ഷ്യയോഗ്യമല്ലാത്തതും. ഇതെല്ലാം നടക്കുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുന്നു. വിപണിയില്‍ അരിവില കുത്തനെ ഉയരുമ്പോള്‍ വ്യാപാരികള്‍ ലക്ഷങ്ങള്‍ കൊയ്യാനുള്ള അവസരം തേടുകയാണ്. അരി ഗോഡൗണുകളില്‍ പൂഴ്ത്തി വച്ചിരിക്കുന്ന അരി കണ്ടെത്താന്‍ സര്‍ക്കാരോ സിവില്‍ സപ്ലൈസ് വകുപ്പോ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയല്ല സര്‍ക്കാരിന്റെ കടമ. അതു മറന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.


സാധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടാനും ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാനുമാണ് മുന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു പോന്നത്. നിലവില്‍ പ്രവര്‍ത്തനപരിചയം തീരെയില്ലാത്ത മന്ത്രിയെ ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലുള്ള അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു വരാം. മുടങ്ങാതെ മാസപ്പടി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അതല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. റേഷന്‍ വ്യാപാരികളില്‍ നിന്നു പടി വാങ്ങുന്ന സപ്ലൈ ഓഫീസര്‍മാര്‍ വാഴുന്ന നാടാണിത്. ഓരോ കടക്കാരനും നിശ്ചിത തുക എല്ലാ മാസവും എത്തിച്ചില്ലെങ്കില്‍ മാത്രമേ പരിശോധന നടക്കൂ. പടി നല്‍കുന്നവര്‍ക്ക് കരിഞ്ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനു തടസമുണ്ടാവില്ല. ഇതു കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്ന പതിവാണ്. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ ഇങ്ങനെ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു.



ഈ കരിഞ്ചന്ത വ്യാപാരം തടയാന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ വിതരണ ദിവസം ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. അതിലൂടെ നേട്ടം അങ്ങനെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമായിത്തീരുമോ എന്നതു കണ്ടു തന്നെ അറിയണം. റേഷന്‍ വ്യാപാരികളില്‍ നിന്ന് ഗോഡൗണില്‍ വച്ചു തന്നെ പണം വാങ്ങാനുള്ള അവസരമായി ഇതിനെ കാണുന്ന ഉദ്യോഗസ്ഥരാണ് ചുമതലപ്പെട്ടവരെങ്കില്‍ കാര്യങ്ങളുടെ പോക്ക് ഗുണകരമായിരിക്കില്ല. കേരളീയര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജയ, സുരേഖ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട അരിക്കാണ് പൊതുവിപണിയില്‍ ക്ഷാമം കൂടുതലുള്ളത്. ഈ ഇനങ്ങളില്‍പ്പെട്ട അരി ധാരാളമായി കേരളത്തിലെ വന്‍കിട അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായാണ് സൂചന. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന തന്നെ നടത്തേണ്ടിയിരിക്കുന്നു.



ഭക്ഷ്യക്ഷാമത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന അവസ്ഥ സംജാതമാകുമ്പോഴും ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് സര്‍ക്കാര്‍ ചലിക്കുന്നു എന്നത് തികച്ചും ഖേദകരം തന്നെ. കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തന്റേടമുള്ള ഭരണനേതൃത്വത്തിന്റെ അഭാവം തന്നെയാണ് ഇവിടെ കാണുന്നത്. പരിചയക്കുറവുള്ള മന്ത്രിയാണു വകുപ്പിന്റെ തലപ്പത്തുള്ളതെങ്കില്‍ മറ്റുള്ള മന്ത്രിമാര്‍ക്ക് അതിനുള്ള ഉപദേശം നല്‍കാവുന്നതേയുള്ളൂ. ഭരണത്തിന്റെ മൊത്തം ചുമതലയുള്ള മുഖ്യമന്ത്രിയുമുണ്ടല്ലോ. എന്നിട്ടും ആരും അനങ്ങുന്നില്ല.



ഒരു വശത്തുകൂടി അരിയുടെ വില കുതിച്ചു കയറുമ്പോള്‍ പച്ചക്കറിയും ധാന്യവര്‍ഗങ്ങളുമടക്കമുള്ളവയുടെ വിലയും ഉയരുകയാണ്. മിക്ക പച്ചക്കറികള്‍ക്കും കിലോഗ്രാമിന് നാല്പതു രൂപയിലേറെയാണ് വില. കേരളത്തില്‍ പച്ചക്കറി ഉത്പാദനം കാര്യമായി നടക്കുന്നില്ലെന്നിരിക്കെ അന്യ സംസ്ഥാനങ്ങളാണ് ഇതിലൂടെ നേട്ടം കൊയ്യുന്നത്. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ മടിക്കുന്ന മലയാളിക്കുള്ള ശിക്ഷ തന്നെയാണ് ഈ വിലക്കയറ്റം. മത്സ്യ സമ്പത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തില്‍ മഴക്കാലമായതോടെ അതിനും കടുത്ത ക്ഷാമമുണ്ട്. ഇതോടെ മലയാളിയുടെ മൊത്തം ആഹാരക്രമം മാറുകയാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് അവശ്യ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും ക്ഷാമകാലത്ത് വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ തലത്തില്‍ ഭക്ഷ്യ വകുപ്പ് എന്നൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഹോട്ടലുകളുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തനിക്കും ഈച്ച വീണ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നു വിലപിക്കുന്ന മന്ത്രിയെയല്ല ഇവിടെ ആവശ്യം. മറ്റു പല പരിഗണനകളുടെയും പേരില്‍ എംഎല്‍എയും മന്ത്രിയുമൊക്കെ ആകുന്നവര്‍ നാടു ഭരിക്കുന്നതിന്റെ ദൂഷ്യഫലം തന്നെയാണ് ഇതെല്ലാം.



മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടായാലും ജനങ്ങളുടെ ജീവിതം സുന്ദരമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മന്ത്രിയെ ഉപദേശിക്കുന്ന ഉന്നതരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വിപണിയില്‍ ശക്തമായി ഇടപെട്ട് അരിയുടെയും നിത്യോപയാഗ സാധനങ്ങളുടെയുമടക്കം വില നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികളാണ് ഉടന്‍ ഉണ്ടാകേണ്ടത്.


മലയാളിയുടെ ഭക്ഷണം പോലും മുടക്കുന്ന തരത്തിലേക്ക് സര്‍ക്കാരിന്റെ പിടിപ്പുകേട് നീങ്ങിക്കൂടാ.

2012, ജൂൺ 16

ഏട്ടിലെ പശു പുല്ലും തിന്നു ചാണകവുമിട്ടു

നെയ്യാറ്റിങ്കരയിലെ പരാജയം വിശദീകരിക്കുവാന്‍ പാടുപെടുന്ന ഇടതു നേതാക്കളായിരുന്നു ചാനല്‍ തിണ്ണകളിലെ ഇന്നലത്തെ കൗതുക കാഴ്ച. അവിടെ അധികാര ദുര്‍വിനിയോഗം നടന്നു, മാധ്യമങ്ങളുടെ കള്ളപ്രചാരണം നടന്നു, മതപ്രീണനം നടന്നു, സാമുദായിക ധ്രുവീകരണം നടന്നു തുടങ്ങിയ ഉപരിപ്ലവമായ ചില വാദങ്ങള്‍ നിരത്തി വിലപിക്കുന്നവര്‍ ഇതൊന്നും മുങ്കൂട്ടി കാണുവാനും പ്രതിരോധിക്കുവാനും മറികടക്കുവാനും തക്ക നേതൃഗുണം തങ്ങള്‍ക്കില്ല എന്നു പരോക്ഷമായി സമ്മതിക്കാന്‍ പോലും തയ്യാറാകുന്നുമില്ല.


മേല്‍പറഞ്ഞ ഘടകങ്ങള്‍ ഒക്കെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരിക്കാം, എന്നാല്‍ അവയൊന്നും ഒരു പുതിയ സംഗതിയല്ല, എതിരാളികള്‍ അവയൊക്കെ പ്രയോഗിക്കുന്നത് ആദ്യമായും അല്ല. ദൃശ്യ മാധ്യമ ആക്രമണം എന്ന പുത്തന്‍ ആയുധം കൂടി യൂഡിയെഫ് ഇവിടെ ഫലപ്രദമായി വിനിയോഗിച്ചു എങ്കില്‍പ്പോലും മൂന്നില്‍ രണ്ട് വോട്ടുകളും യൂഡിയെഫിന് എതിരായി ആണ് പോള്‍ ചെയ്യപ്പെട്ടതെന്നു വിസ്മരിക്കുന്നില്ല.


പക്ഷേ പാര്‍ട്ടിയും അടിസ്ഥാന സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം വിമര്‍ശനവും ആത്മാര്‍ഥമായ തിരുത്തലും നടത്തിയേ തീരൂ. ഭരണകൂടത്തിനെതിരായി വോട്ടുചെയ്തവര്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറാകാഞ്ഞതെന്ത് ?  പരിശോധിക്കുവാന്‍, പരിഹാരം കാണുവാന്‍ ഇനിയും അമാന്തിച്ചു കൂട.  


ബഹു ഭൂരിപക്ഷം വരുന്ന ഉറച്ച കേഡറുകള്‍ക്കു പകരം പുത്തന്‍ കുറ്റുകാരായ ചിലര്‍ പാര്‍ട്ടിയില്‍ പ്രദേശിക തലംമുതല്‍ സംസ്ഥാന തലത്തില്‍ വരെ പോലും തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി പാര്‍ടിയുടെ നയങ്ങളിലും പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിലും വ്യതിയാനം വരുത്തുന്നു എന്ന കാര്യം അടിയന്തിരമായി തിരുത്തപ്പെടേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ അംഗസംഘ്യ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി  കൃത്യമായ സ്ക്രീനിംഗ് കൂടാതെ കൂടുതല്‍ ആളുകള്‍ക്ക് അംഗത്വം നല്‍കിയതു മുതല്‍ കുഴപ്പം ആരംഭിച്ചു.


കോണ്‍ഗ്രസിലോ അതുപോലെയുള്ള കുടുംബ പാര്‍ട്ടികളിലോ മാത്രം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം ഇടുങ്ങിയ മനസുള്ള, എന്നാല്‍ പാര്‍ട്ടിയുടെ സല്‍‍പേര് മുതലെടുക്കാന്‍ ആഗ്രഹിച്ചെത്തിയ ധാരാളം ആളുകള്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എന്ന എളുപ്പവഴിയില്‍കൂടി പാര്‍ട്ടിയില്‍ കടന്നെത്തുകയും നിഷ്കളങ്കരായ, യധാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുകളിലൂടെ അതിവേഗം സ്ഥാനമാനങ്ങള്‍ കൈപ്പിടിയിലൊതുക്കുകയും, നേതൃത്വത്തില്‍ സ്വാധീനമുറപ്പിക്കുകയും പാര്‍ട്ടി പരിപാടികള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്തു തുടങ്ങി. എന്നും പാര്‍ട്ടിയുടെ ശക്തി ശ്രോതസായിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും താല്‍പര്യം കുറഞ്ഞപ്പോള്‍ ആ വിടവില്‍ മത, ജാതി  സംഘടനകള്‍ കടന്നു കയറി അധീശത്വം സ്ഥാപിക്കുന്നത് തിരിച്ചറിയുവാന്‍ പോലും ഈ പുത്തന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.



പാര്‍ട്ടി നയങ്ങളും ത്വശാസ്ത്രവും ഉയര്‍ത്തിക്കാട്ടി തിരുത്തലിനു വേണ്ടി വാദിച്ചവരെ കേന്ദ്രീകൃത ജനാധിപത്യം എന്ന ഉമ്മാക്കി കാട്ടി അടിച്ചിരുത്തി, പിന്നീട് ക്രമേണ വിഭാഗീയത എന്ന തുല്യം ചാര്‍ത്തി തരം താഴ്ത്തി, പുറത്താക്കി നിശ്ശബ്ദരാക്കി. പത്തു വര്‍ഷം മുന്‍പും ഇന്നും ഉള്ള പാര്‍ട്ടി ഭാരവാഹികളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ വസ്തുത കുറച്ചു കൂടി വ്യക്തമാകും, പലയിടങ്ങളിലും മുന്‍പ് ചെത്തു തൊഴിലാളി നേതാവും ചുമട്ടു തൊഴിലാളി കണ്‍‌വീനറും, വിരമിച്ച അദ്ധ്യാപരും ഒക്കെ ആയിരുന്നു ലോക്കല്‍ സെക്രട്ടറിമാരെങ്കില്‍ ഇന്ന് അതേ സ്ഥാനം അലങ്കരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും, കള്ളുഷാപ്പ് കോണ്ട്രാക്ടര്‍മാരും ആണെന്നു മനസിലാക്കാം. പഴയ ചെത്തു തൊഴിലാളിയും, ചുമട്ടു തൊഴിലാളി നേതാവും അദ്ധ്യാപകനും ഒന്നും ഇന്നു പാര്‍ട്ടിയുടെ ബ്രാഞ്ചു മെംബര്‍ പോലുമല്ല എന്നു കൂടി അറിയുമ്പോഴാണ് പാര്‍ട്ടി ഇന്ന് എത്രത്തോളം കോണ്‍ഗ്രസ് വല്‍‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നു മനസിലാവുക.



പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ ഇടക്കിടയ്ക്ക് ജില്ലാകേന്ദ്രങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കൂറ്റന്‍ ജാഥകളും നിരുത്തരവാദപരമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും ചാനല്‍ ചര്‍ച്ചകളും മാത്രമാണെന്നു ധരിച്ചു വശായ നേതാക്കള്‍ കേരള സമൂഹത്തിലെ മാറ്റം, അവരുടെ മാറിയ ആവശ്യങ്ങള്‍, താല്‍പര്യങ്ങള്‍ ഒക്കെ ഉള്‍കൊള്ളാന്‍ തയ്യാറാവണം അഞ്ചു ശതമാനം വരുന്ന ധനാഡ്യരായ മുതലാളിമാര്‍ക്കും അഞ്ചു ശതമാനം വരുന്ന പരമ ദരിദ്രര്‍ക്കും ഇടയില്‍ തൊണ്ണൂറു ശതമാനം മലയാളികളും ഇടത്തരക്കാരായ തൊഴിലാളികളും, ചെറുകിട സ്വയം സം‌രംഭകരും, ചെറുകിട വ്യാപാരികളും, പ്രവാസികളും, പരിമിതമായ വരുമാനമുള്ള വെള്ളക്കോളര്‍ ജോലിക്കാരും മറ്റും ആണെന്ന് മനസിലാക്കി അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് ഈ വലിയ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും മുഖം മൂടിയണിഞ്ഞെത്തുന്ന ചൂഷകരെ തടയിടാനും മുന്‍‌കൈ എടുക്കണം അവരോടൊപ്പം നിലയുറപ്പിക്കാതെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മാനുഷിക മുഖവും ജന പിന്തുണയും തിരിച്ചു പിടിക്കാനാവില്ല.



കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണിചേരണം എന്ന് ചോദിക്കുന്നവര്‍ക്ക് തൃപ്തികരമായ ഒരുത്തരം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥക്കും പരാജയങ്ങള്‍ക്കും കാരണം.

2012, ജൂൺ 7

"ഗോള്‍ഫ് ക്ലബ്ബ്" ഇതാ മറ്റൊരു ഒത്തുകളി

അതി ശക്തമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ്‌ ക്ലബ്ബ്‌ സ്‌ഥിതിചെയ്യുന്ന 28 ഏക്കര്‍ സ്‌ഥലവും അതിലെ കെട്ടിടങ്ങളും വീണ്ടും സ്വകാര്യ നടത്തിപ്പുകാരുടെ കൈകളില്‍ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ പച്ചക്കൊടി. എന്നാല്‍ വ്യക്‌തി ഫയല്‍ ചെയ്‌ത ഹര്‍ജി സര്‍ക്കാരിന്റെ നീക്കത്തിന്‌ തിരിച്ചടിയായി . ക്ലബ്ബ്‌ നടത്തിപ്പിന്‌ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി മുന്‍ ക്ലബ്ബ്‌ ഭാരവാഹികളടക്കം നാലുപേരെ കൂടി ഉള്‍പ്പെടുത്തിയുളള കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങാനിരിക്കെയാണ്‌ സ്വകാര്യ വ്യക്‌തി നല്‍കിയ ഹര്‍ജി തടസമായത്‌.


ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്നതിന്‌ മുന്നോടിയായി പരാതിക്കാരന്‌ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആറാഴ്‌ച സമയം അനുവദിച്ചു. ആറാഴ്‌ച കഴിയാതെ സര്‍ക്കാരിന്‌ ഒരു ഉത്തരവും ഗോള്‍ഫ്‌ ക്ലബ്ബ്‌ സംബന്ധിച്ച്‌ പുറത്തിറക്കാന്‍ ഇനി സാധിക്കില്ല. തിരുവനന്തപുരം സ്വദേശി എ.എം. വര്‍ഗീസാണ്‌ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്‌.

അധികാരത്തിലേറിയ നാള്‍മുതല്‍ യു.ഡി.എഫ്‌ മന്ത്രിസഭയിലെ ക്ലബ്ബ്‌ അംഗങ്ങളായ രണ്ട്‌ യുവ മന്ത്രിമാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മുന്‍ നടത്തിപ്പുകാര്‍ക്ക്‌ വിട്ടുകൊടുക്കാനുളള നീക്കങ്ങളുമായി രംഗത്ത്‌ എത്തിയിരുന്നു. ഇതിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനകാര്യ മന്ത്രി കെ.എം.മാണിയും അനുകൂലനിലപാട്‌ സ്വീകരിച്ചു.

ഈ നടപടി വിവാദമായപ്പോഴാണ്‌ സര്‍ക്കാര്‍ മുന്‍പ്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്‌ നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സ്വകാര്യ നടത്തിപ്പുകാര്‍ക്ക്‌ നല്‍കാനുളള നീക്കം നടത്തിയത്‌. ഉത്തരവിറക്കുന്നതിന്‌ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

സംസ്‌ഥാന സര്‍ക്കാര്‍ മുന്‍ ക്ലബ്ബ്‌ നടത്തിപ്പുകാരില്‍ നിന്ന്‌ പാട്ടഭൂമി തിരികെ പിടിച്ചപ്പോള്‍ ഇതിനെതിരെ ക്ലബ്ബ്‌ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന്‌ സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സബ്‌ കോടതിയില്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി നടക്കുന്ന കേസില്‍ വിധി വരുന്നതുവരെ ക്ലബ്ബ്‌ നടത്തിപ്പിനായി ഒരു കമ്മിറ്റിയെ നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്‌. ഈ ഉത്തരവില്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇതില്‍ നാലു ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി മൂന്ന്‌ മാസത്തേക്ക്‌ മാത്രമായിരുന്നു.

സബ്‌കോടതി വിധി വന്നാലുടന്‍ ഈ കമ്മിറ്റി പരിച്ചുവിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. മൂന്ന്‌ മാസത്തിനുളളില്‍ സര്‍ക്കാരിന്‌ അനുകൂലമായ സബ്‌ കോടതി വിധിയും ഉണ്ടായി. അതിന്‌ ശേഷം ഈ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ നടത്തിപ്പുകാരെ സഹായിക്കാനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതും മുന്‍പ്‌ സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്‌ പ്രകാരം നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ തന്നെയാണ്‌. ക്ലബ് ഏറ്റെടുത്ത് ലാഭകരമായി നടത്താം എന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സന്നദ്ധത അവഗണിച്ച്, സര്‍ക്കാരിനെതിരേ കേസ് നടത്തിയ  നാല്‌ പഴയ ക്ലബ്ബ്‌ ഭാരവാഹികളടക്കം 10 അംഗ കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിക്കാനായിരുന്നു നീക്കം.

ഇതിന്‌ മുന്നോടിയായി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ക്ലബ്ബ്‌ നടത്തിപ്പമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്ലബ്ബ്‌ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ധാരണയായി. ഈ അപ്പീല്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്‌ ക്ലബ്ബ്‌ നടത്തിപ്പിന്‌ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സര്‍ക്കാരിനാണെന്നും ഇവിടെ സാധാരണക്കാര്‍ക്കും പ്രവേശിക്കുന്നതിനുളള അനുമതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നു കാട്ടിയാണ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി.എ ഏബ്രാഹം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്‌തത്‌. ഈ അപ്പീല്‍ ക്ലബ്ബ്‌ പിന്‍വലിച്ചാല്‍ പൂര്‍ണ്ണാധികാരം സര്‍ക്കാരിലാകും. ഇപ്പോള്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തില്‍ ക്ലബ്ബ്‌ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ക്ലബ്ബ്‌ ഭാരവാഹികളും തയ്യാറായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. പുതിയതായി സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണു ധാരണ.

ഈ നീക്കത്തിന്‌ ഇപ്പോള്‍ തടസ്സമായിരിക്കുന്നത്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യ വ്യക്‌തി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയാണ്‌.

1850 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം ഗോള്‍ഫ്‌ കളിക്കാന്‍ തുടങ്ങിയ സ്‌ഥലം 1966 നവംബര്‍ ഒന്നിനാണ്‌ 99 വര്‍ഷത്തെ പാട്ടത്തിന്‌ ട്രിവാന്‍ഡ്രം ഗോള്‍ഫ്‌ ക്ലബ്ബിന്‌ ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്‌. മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം നോട്ടീസ്‌ കൊടുത്ത്‌ തിരിച്ചെടുക്കാമെന്ന വ്യവസ്‌ഥയിലാണ്‌ നല്‍കിയത്‌.

ഗോള്‍ഫ്‌ ക്ലബ്ബ്‌ ആരംഭിച്ചതിന്‌ ശേഷം ക്ലബ്ബില്‍ ബാര്‍ നടത്തുകയും സ്വകാര്യ ചടങ്ങുകള്‍ക്ക്‌ വാടകയ്‌ക്ക് നല്‍കുകയും ചെയ്‌തു. ഇത്‌ ലൈസന്‍സ്‌ ഉടമ്പടിയുടെ ലംഘനമാണെന്ന്‌ കാട്ടി 2008 ജൂണിലാണ്‌ റവന്യു വകുപ്പ്‌ നടപടി ആരംഭിച്ചത്‌.

പാട്ടത്തുകയിനത്തില്‍ 71കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുക്കുകയായിരുന്നു. 2010 ജൂണ്‍ 26നാണ്‌ കോടതിവിധി വന്നത്‌. ഇത്രയും വലിയ തുക കുടിശ്ശിക വരുത്തുകയും ബാര്‍ നടത്തിയതുള്‍പ്പെടെയുള്ള ഗുരുതരമായ കരാര്‍ ലംഘനങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കു തന്നെയാണ് മുന്‍പ് ക്ലബ് നടത്തി പരിചയം ഉള്ളവര്‍ എന്ന പേരില്‍ വീണ്ടും പൊതുസ്വത്ത് അധീനപ്പെടുത്തുവാന്‍ അവസരം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

വാര്‍ത്ത - ബി.അര്‍ജുന്‍ദാസ്‌ - മംഗളം

2012, ജൂൺ 1

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം എന്ന പേരില്‍ അറിയപ്പെടുന്ന പ്രചാരണ കോലാഹലത്തിന്റെ സമാപനത്തോടെ മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണു നടക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതം തന്നെ.


ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന തെരഞ്ഞടുപ്പ്. അതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് അതിന്റേതായ ചില മൂല്യങ്ങളും തത്വങ്ങളുമുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പതിവിലേറെ വീറും വാശിയും നിറഞ്ഞതാണ് എന്നതാണു യാഥാര്‍ത്ഥ്യം. ഒരു മുന്നണിയില്‍ നിന്നു മത്സരിച്ചു വിജയിച്ച ശേഷം സ്ഥാനം രാജിവച്ച് എതിര്‍ മുന്നണിയില്‍ ചേര്‍ന്ന നേതാവു മത്സരരംഗത്തുണ്ട് എന്നതിനാല്‍ത്തന്നെ കേരളത്തിന്റെയാകെ ശ്രദ്ധ ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലാണ്.


പിറവം ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ അത്തരമൊരു സാഹചര്യം നിലവിലില്ല. ആരു ജയിച്ചാലും അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അധികം ബാധിക്കില്ലെന്നതാണ് അവസ്ഥ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലൂടെ നേടിയത്ര ഭൂരിപക്ഷം സര്‍ക്കാര്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. എങ്കിലും, ഈ തെരഞ്ഞെടുപ്പിന് പിറവത്തെ അപേക്ഷിച്ച് വാശി കൂടുതലുണ്ട്. അക്കാരണത്താല്‍ത്തന്നെ വന്‍തോതിലുള്ള ക്രമക്കേടുകളോ അക്രമം തന്നെയോ നെയ്യാറ്റിന്‍കരയിലുണ്ടായേക്കാം. ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും ഉറപ്പിച്ചു വിജയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ട വിഷയം മണ്ഡലത്തിന്റെ വികസനമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്. പൊതുവേദികളില്‍ പ്രസംഗിച്ച നേതാക്കളെല്ലാം ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഏതെങ്കിലും പ്രശ്‌നങ്ങളായിരുന്നില്ല.


യുഡിഎഫ്, ബിജെപി, കേന്ദ്രങ്ങളുടെ പ്രസംഗവേദികളില്‍ നിറഞ്ഞാടിയത് ടി പി ചന്ദ്രശേഖരനും എംഎം മണിയുമൊക്കെയായിരുന്നു. എല്‍ഡിഎഫാകട്ടെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെക്കുറിച്ച്  പറഞ്ഞു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?


എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തു നില്‍ക്കാറുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന അല്‍പം അവിശ്വസനീയമായ അവകാശവാദവുമായി രംഗത്തുണ്ട്. ചുരുങ്ങിയത് രണ്ടാം സ്ഥാനമെങ്കിലും അവര്‍ക്കു ലഭിക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നുമുണ്ട്. അത് എന്തുതന്നെ ആയാലും എവിടെയൊക്കെയോ എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നതായാണു സൂചന. രാഷ്ട്രീയത്തിലെ സകല സദാചാരങ്ങളും മാറ്റിവച്ച് അവിശുദ്ധ സഖ്യം എവിടെയൊക്കെയോ രൂപപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. അതിന്റെ അടിസ്ഥാനത്തിലാകും നെയ്യാറ്റിന്‍കരയിലെ ഫലപ്രഖ്യാപനം വരിക.


വിധി എന്തു തന്നെ ആയാലും അതു ജനങ്ങളുടെ വിധിയാണ്. അത് അംഗീകരിക്കാതെ മറ്റു മാര്‍ഗമില്ല. നിലവില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ജനവിധിക്കു വേണ്ടി കാക്കുക എന്നതാകണം എല്ലാ കക്ഷികളുടെയും നിലപാട്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരാകുമെന്ന് തിരിച്ചറിയാനെങ്കിലും മുന്നണികള്‍ തയാറാവേണ്ടിയിരിക്കുന്നു.
ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചിന്തിച്ചു വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ട ജനാധിപത്യപരമായ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ജയിച്ചു വന്ന പ്രതിനിധി രാഷ്ട്രീയ കാരണം പറഞ്ഞ് രാജി വച്ചതാണ് അവിടുത്തെ ജനങ്ങളുടെ ബാധ്യതയായത്. ശെല്‍വരാജ് രാജി വച്ചത് നെയ്യാറ്റിന്‍കരക്കാര്‍ക്കു മാത്രമല്ല നഷ്ടമുണ്ടാക്കിയത് എന്നതാണു വാസ്തവം. നികുതി ദായകരായ കേരളീയര്‍ക്കെല്ലാം അധിക ബാധ്യത വരുത്തിവച്ചാണ് ശെല്‍വരാജ് രാജി വച്ചത്. അതേ വ്യക്തി തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. തനിക്ക് എംഎല്‍എ സ്ഥാനം വേണ്ടെന്നു പറഞ്ഞയാള്‍ തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനത്തിന് എന്തു ചെയ്യാന്‍ സാധിക്കും?


നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും വ്യക്തിക്കു വേണ്ടിയല്ല ശെല്‍വരാജ് രാജി വച്ചത്. മറിച്ച്, അദ്ദേഹത്തിന്റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു. ഏതെങ്കിലും നേതാവിന്റെ രാഷ്ട്രീയ മോഹത്തിനു വേണ്ടി കളഞ്ഞുകുളിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം?


ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചതു തന്നെ. അക്കാരണത്താല്‍ത്തന്നെ വിധിയെഴുതുമ്പോള്‍ അവര്‍ കരുതല്‍ പാലിക്കണം. തങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധി തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന പ്രത്യാശയാണ് ഓരോ തെരഞ്ഞെടുപ്പിലും ക്യൂ നിന്നു വോട്ടു ചെയ്യുന്ന സാധാരണ സമ്മതിദായകനുള്ളത്. ആ പ്രതീക്ഷ നശിപ്പിക്കുന്നതാകരുത് ഇനി ജയിച്ചു വരുന്നവരുടെ പ്രവര്‍ത്തനം.


തെരഞ്ഞെടുപ്പു രംഗത്ത് ഉയര്‍ന്നു കേള്‍ക്കേണ്ട മുദ്രാവാക്യങ്ങളൊന്നുമല്ല നെയ്യാറ്റിന്‍കരയില്‍ നിന്നു കേട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകമോ എംഎം മണിയുടെ വെളിപ്പെടുത്തലോ നെയ്യാറ്റിന്‍കരക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനോ, വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, മാലിന്യനിര്‍മാ​‍ര്‍ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, സര്‍ക്കാരാശുപത്രിയില്‍ മരുന്നും സേവന സന്നദ്ധരായ ഡോക്ടര്‍മാരെയും മറ്റ് അവശ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുമോ പര്യാപ്തമല്ല. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് അധികമാരും പ്രചാരണ വേദികളില്‍ പ്രസംഗിച്ചില്ല. അവിടെയെല്ലാം കേട്ടത് ഒഞ്ചിയവും ഇടുക്കിയും കൂറുമാറ്റവും തന്നെ. മറ്റു വിഷയങ്ങളെല്ലാം തമസ്കരിക്കപ്പെട്ടു.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ മാത്രമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യത ഇനിയെങ്കിലും ഉണ്ടാകരുത്.



ഒടുവില്‍ കിട്ടിയ വാര്‍ത്ത: പണം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശെല്‍‌വരാജിന്റെ ഭാര്യയെയും കൂട്ടാളികളെയും ഇടതുപക്ഷ, ബീജേപീ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുന്നു.
താന്‍‍ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ വന്നതല്ലെന്നും ബാങ്കിലേക്ക് പോവുകയായിരുന്നു എന്ന് ശെല്‍‌വരാജിന്റെ ഭാര്യ മേരി വല്‍സലയുടെ വിശദീകരണം.

2012, മേയ് 31

ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി

അലൂവാലിയയും അത്ഭുതവിളക്കും എന്ന പേരില്‍ ദില്ലി പോസ്റ്റില്‍ 2012 മാര്‍ച്ച് 21നു പ്രസിദ്ധീകരിച്ച ലേഘനമാണ് ചുവടേ ചേര്‍ത്തിരിക്കുന്നത് ഒരു പുനര്‍ വായനയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതുന്നതിനാല്‍ അതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.



എന്താണ് ദാരിദ്ര്യം കുറയ്ക്കാനുള്ള എളുപ്പവഴി? വിഭവ സമാഹരണവും, സമ്പത്തിന്റെ പുനര്‍വിതരണവും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, ഇതിനെല്ലാമുതകുന്ന തരത്തിലുള്ള നയനിര്‍മാണവും ഒക്കെയാണ് ഉത്തരമെന്നു കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ദില്ലിയിലെ സന്‍സദ് മാര്‍ഗിലെ യോജനാ ഭവനിലിരിക്കുന്ന മഹാപണ്ഡിതരോടു ചോദിച്ചു നോക്കുക. അവര്‍ പറയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള  പോംവഴി മേല്‍പറഞ്ഞതിനേക്കാളെല്ലാം ലളിതമാണെന്ന്. ആദ്യം സര്‍ക്കാരിനു വേണ്ട ഔദ്യോഗിക ദരിദ്രരുടെ എണ്ണം എത്രയായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നിട്ട് ദാരിദ്ര്യ രേഖ ആ എണ്ണത്തിലേക്കു വലിച്ചു താഴ്ത്തുക. ഈ പുതുപുത്തന്‍ ദാരിദ്ര്യരേഖയെ വിദഗ്ദസമിതി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തവത്കരിക്കുക. ആവശ്യമെങ്കില്‍ ഒന്നുരണ്ടു സത്യവാങ്മൂലവുമാകാം. ശിഷ്ടം ശുഭം.


ഇതു തമാശയോ ആക്ഷേപഹാസ്യമോ അല്ല. മാര്‍ച്ച് 19ന് പ്രധാനമന്ത്രി അധ്യക്ഷനായിരിക്കുന്ന ആസൂത്രണ കമ്മിഷന്‍ പുറത്തിറക്കിയ കണക്കുകള്‍ കണ്ടാല്‍ ഏതു കൊച്ചുകുട്ടിക്കും മനസിലാകും മേല്പറഞ്ഞതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന മാര്‍ഗമെന്ന്. ഔദ്യോഗിക കണക്കുകളനുസരിച്ച് 2004-05നും 2009-10നുമിടയില്‍ ഇന്ത്യയില്‍ ദാരിദ്യം ജനസംഖ്യയുടെ 37.2 ശതമാനത്തില്‍ നിന്ന് 29.8 ശതമാനത്തിലേക്കു കുത്തനെ കുറഞ്ഞു. കമ്മിഷന്‍ പറയുന്നത് മേല്പറഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നഗരങ്ങളിലെ ദാരിദ്ര്യം 25.7 ശതമാനത്തില്‍ നിന്ന് 20.9 ശതമാനത്തിലേക്കും, ഗ്രാമങ്ങളില്‍ അത് 41.8 ശതമാനത്തില്‍ നിന്ന് 33.8 ശതമാനത്തിലേക്കും ഇടിഞ്ഞുവെന്നാണ്. ഒറ്റനോട്ടത്തില്‍ മഹത്തായ നേട്ടം തന്നെയെന്ന് ആരും സമ്മതിക്കും. ഇന്ത്യ ആഗോളവത്കരണ-ഉദാരവത്കരണ (നവലിബറല്‍) നയങ്ങള്‍ സ്വീകരിച്ചതിനു ശേഷം രാജ്യം ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് വാദിക്കുന്നവരെ സംബന്ധിച്ച് കാതുകളില്‍ സംഗീതമായേക്കാവുന്ന കണക്കുകള്‍.


എന്നാല്‍, ഈ ദാരിദ്ര്യരേഖയെ ആസൂത്രണ കമ്മിഷന്‍ നിര്‍വചിച്ചിരിക്കുന്നത് എങ്ങിനെയെന്ന് ചോദിക്കുന്നിടത്താണ്  കാര്യം. മേല്‍പറഞ്ഞ നേട്ടങ്ങളുടെ കണക്കുകള്‍ രാജ്യത്തെ പാവപ്പെട്ടവരെ അപമാനിക്കാനും കൂടുതല്‍ പീഡിപ്പിക്കാനുമായി ബോധപൂര്‍വം നിര്‍മിച്ചെടുത്തിരിക്കുന്ന കുടിലക്കണക്കുകളാണെന്ന് പതിയെ വെളിവാകുന്നു. ആസൂത്രണ കമ്മിഷന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഗ്രാമവാസിയും, 28.65 രൂപ ചിലവാക്കാന്‍ കഴിയുന്ന നഗരവാസിയും ദരിദ്രരല്ല. ഇതാണ് പുതിയ ദാരിദ്ര്യ രേഖ നിര്‍വചിക്കാനായി കമ്മിഷന്‍ സ്വീകരിച്ചിരിക്കുന്ന വരുമാന പരിധി. ദിവസം 26 രൂപ ചെലവിടാന്‍ കഴിവുള്ള ഗ്രാമീണരെയും 32 രൂപ ചെലവിടാന്‍ ശേഷിയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കണമെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഈ പണം കൊണ്ട് എങ്ങിനെയാണ് ഒരാള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ ജീവിക്കാനാകുക എന്ന് കോടതി അന്ന് തിരിച്ചു ചോദിച്ചിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ദാരിദ്ര്യ രേഖാ നിര്‍ണയ സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നുപോലും പുറകോട്ടു പോയാണ് ദിവസം കേവലം 22.40 രൂപ ചിലവാക്കാന്‍ ശേഷിയുള്ള ഒരു ഗ്രാമവാസി ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്ന് ഇപ്പോള്‍ ആസൂത്രണ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസത്തേക്ക് 22 രൂപ 40 പൈസ! അതും ഇന്നത്തെ ഇന്ത്യയില്‍. എന്താണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയ ഈ രാജ്യത്തെ പാവങ്ങളെ പറ്റി കരുതുന്നത്?


Cartoon Courtesy: The Hindu

കഴിക്കാന്‍ ഭക്ഷണമില്ലെന്നു പറഞ്ഞ ജനങ്ങളോട് കേക്ക് തിന്നാന്‍ ആവശ്യപ്പെട്ട ഫ്രഞ്ച് രാജപത്നി ചരിത്രത്തിലെ ഒരൊറ്റപ്പെട്ട പ്രതിഭാസമൊന്നുല്ല. ജനാധിപത്യ ഇന്ത്യയുടെ യോജനാ ഭവനിലും, എന്തിന് പ്രധാന മന്ത്രിയുടെ ആപ്പീസില്‍ പോലും നിരവധി മേരി അന്റോയിനെറ്റിമാരെ ഇന്നു കാണാന്‍ കഴിയും.


ദൗര്‍ഭാഗ്യവശാല്‍ കൊട്ടാരംവാസികള്‍ പറയുന്നതു അതുപോലെ വിഴുങ്ങാനാണ് ‘ജനപ്രിയ’ മാധ്യമങ്ങള്‍ക്കും പൊതുപണ്ഡിതര്‍ക്കും താത്പര്യം. അതിന്റെ അഹങ്കാരത്തിലാണ് ഇന്ത്യ പോലൊരു രാജ്യത്ത്, നഗരങ്ങള്‍ക്കപ്പുറത്ത് കൊള്ളാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമില്ലാത്ത ഒരു ഫ്യൂഡല്‍-വിപണി-മുതലാളിത്ത രാജ്യത്ത്, കേവലം ഇരുപതു രൂപ ചിലവാക്കാന്‍ കഴിയുന്നവര്‍ ദരിദ്രരല്ലെന്ന് പറയാന്‍ ഭരണകൂടത്തിനാകുന്നത്.


ആല്‍ മുളയ്ക്കുന്നത് എവിടെ നിന്നായാലും വേണ്ടില്ല തണലു കിട്ടിയാല്‍ മതി എന്നേയുള്ളൂ ഭരിക്കുന്നവര്‍ക്ക്. കമ്മിഷന്റെ അത്ഭുത കണക്കുകളോടുള്ള സര്‍ക്കാര്‍ പണ്ഡിതരുടെ പ്രതികരണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ആസൂത്രണ കമ്മിഷനിലെ മുഖ്യ ഉപദേശകന്‍ പ്രൊണബ് സെന്നിന്റെ അഭിപ്രായത്തില്‍ 2004-05 മുതലുള്ള അഞ്ചു വര്‍ഷക്കാലത്ത് ഏറ്റവും വേഗമേറിയ തോതില്‍ ദാരിദ്ര്യം കുറയുന്നതാണ് രാഷ്ട്രം കണ്ടതത്രെ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാന്ത്രിക നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല അദ്ദേഹത്തിന്. ഇപ്പോഴത്തെ വളര്‍ച്ചയുടെ പ്രവേഗം നിലനിര്‍ത്തിയാല്‍ വരുന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്നും ദാരിദ്യം    പൂര്‍ണമായും തുടച്ചു നീക്കാമെന്ന കാര്യത്തില്‍ സെന്‍ ആത്മവിശ്വാസിയുമാണ്. (അത്രയും നാള്‍ കത്തിരിക്കേണ്ടിയൊന്നും വരില്ല. വരുമാന പരിധി ഇപ്പോഴത്തെ ഇരുപത്തിരണ്ടില്‍ നിന്നും അഞ്ചോ പത്തോ രൂപയായി കുറച്ചാല്‍ മതിയാകുമല്ലോ.) ദാരിദിദ്ര്യത്തിലുണ്ടായ കുറവ് വന്‍ നേട്ടം തന്നെയാണെങ്കിലും, ഈ നേട്ടത്തിന്റെ പളപ്പില്‍ ഇന്ത്യ മയങ്ങി പോകരുതെന്നാണ് കണക്കുകളോട് പ്രതികരിക്കവേ സോണിയാ ഗാന്ധിയുടെ നാഷനല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം എന്‍സി സക്സേന പറഞ്ഞത്. ഇരുപത്തി രണ്ടു രൂപയുടെ ബലത്തില്‍ ദരിദ്രരല്ലാതാകുന്ന ഇന്ത്യാക്കാരെ കുറിച്ച് അഭിമാനം കൊള്ളാന്‍ എത്ര പേരാണെന്നു നോക്കു.



ദാരിദ്ര്യത്തിന്റെ മറുപുറം
സര്‍ക്കാരിന്റെ ദാരിദ്ര്യരേഖാ നിര്‍ണയ രീതി ഇതാദ്യമായല്ല വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ ദാരിദ്ര്യം കുറയുകയല്ല, മറിച്ച് കൂടുതല്‍ രൂക്ഷമാകുകയാണ് ഉണ്ടായതെന്ന് തെളിവുകള്‍ നിരത്തുന്ന പഠനങ്ങള്‍ നിരവധിയാണ്. വിഖ്യാതമായ അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 77 ശതമാനത്തോളം ആളുകള്‍ ഒരു ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനമുള്ളവരാണ്. കൂടാതെ, മൂന്നാമത് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹാര കുറവനുഭവിക്കുന്നവരാണ്.


2010 ജൂലൈയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമനുസരിച്ച് (Oxford Poverty and Human Development Initiative–ഈ പഠനത്തിന് പിന്നീട് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കുകയുണ്ടായി) സബ്-സഹാറന്‍ ആഫ്രിക്കയിലെ ഇരുപത്തിയാറു രാജ്യങ്ങളില്‍ മൊത്തമുള്ളതില്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലുണ്ട്. പോഷകാഹാരങ്ങളുടേയും, അടിസ്ഥാന സൗകര്യങ്ങളുടേയും ലഭ്യതയും, ആരോഗ്യനിലവാരവും അടിസ്ഥാനമായെടുത്താണ് പ്രസ്തുത പഠനം ദാരിദ്ര്യ രേഖ നിര്‍വചിച്ചിരിക്കുന്നത്. അതനുസരിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലേയും സ്ഥിതി ആഫ്രിക്കന്‍ ദാരിദ്ര്യ സാഹചര്യങ്ങളേക്കാള്‍ ഭീതിതമാണ്. ഏഴു കോടി ജനങ്ങളുള്ള മധ്യ പ്രദേശിനെ പഠനം താരതമ്യപ്പെടുത്തുന്നത് മധ്യാഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുമായാണ്. രണ്ടിടത്തേയും ദരിദ്രസാഹചര്യങ്ങള്‍ സമാനമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.


ഇതൊന്നും പോരെങ്കില്‍ മാര്‍ച്ച് 14നു പുറത്തിറങ്ങിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ സെന്‍സസ് നോക്കു. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമേ അണുവിമുക്ത ശുദ്ധജലം ലഭിക്കുന്നുള്ളൂ. രാജ്യത്ത് ആകെയുള്ള 24.6 കോടി ഭവനങ്ങളില്‍ കക്കൂസുള്ളത് ഏകദേശം 47 ശതമാനത്തിനു മാത്രം. ശിഷ്ടമുള്ള 53 ശതമാനത്തില്‍ മൂന്നു ശതമാനത്തില്‍പരം ആളുകള്‍ പൊതു കക്കൂസ് ഉപയോഗിക്കുന്നു. ബാക്കി 47 ശതമാനത്തോളം (ഏകദേശം അമ്പതു കോടി ആളുകള്‍) തുറസായ സ്ഥലത്താണ് കാര്യം സാധിക്കുന്നത്. ഇതാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയുടെ നേര്‍ചിത്രം.


എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും ഇന്നു കടന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിടക്കാന്‍ വീടില്ലാത്തവരോ, ഉടുക്കാന്‍ തുണിയില്ലാത്തവരോ, ആരോഗ്യ പരിരക്ഷ ലഭിക്കാത്തവരോ, വിദ്യാഭാസ സൗകര്യങ്ങള്‍ വഹിക്കാന്‍ ത്രാണിയില്ലാത്തവരോ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോള്‍ ദരിദ്രരല്ല. മറിച്ച്, പ്രതിമാസം ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണത്തിന് ചിലവാക്കേണ്ടി വരുന്ന പണം ചിലവഴിക്കാന്‍ ശേഷിയില്ലാത്തവര്‍ മാത്രമാണ് ദരിദ്രര്‍. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായ ഉട്സ പട്നായിക്കിന്റെ അഭിപ്രായത്തില്‍ ഇതു ദാരിദ്ര്യ രേഖയല്ല, മറിച്ച് കൊടുംപട്ടിണി രേഖയാണ്. മന്‍മോഹന്‍ സിംഗും അലൂവാലിയയും മറ്റും ചേര്‍ന്ന് വരച്ചെടുക്കുന്ന ഈ പട്ടിണിരേഖ രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ ചിത്രം പോലും തരുന്നില്ലെന്നാണ് ഉട്സയെ പോലുള്ളവര്‍ പറയുന്നത്. ഉദാഹരണത്തിന്, പോഷകാഹാരലബ്ധി പട്ടിണി അളക്കാനുള്ള മാനദണ്ഡമായെടുത്താല്‍ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ശരാശരി ആളോഹരി പോഷകാഹാരലബ്ധി കുറയുകയാണുണ്ടായിരിക്കുന്നത്. ഇന്ന് രാജ്യത്തെ 76 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് (ഏകദേശം 84 കോടിയോളം ജനങ്ങള്‍) ആവശ്യമായ ഊര്‍ജം (2,100 കിലോകലോറി ഒരു നഗരവാസിക്കും, 2,400 കലോറി ഗ്രാമവാസിക്കും എന്ന തോതില്‍) ലഭിക്കുന്നില്ലെന്ന് ഉട്സയുടെ പഠനം തെളിയിക്കുന്നു. അത്രയും ഭക്ഷണം വാങ്ങാനുള്ള പണംപോലും സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഉട്സയുടെ അഭിപ്രായത്തില്‍, ദാരിദ്ര്യ രേഖാ നിര്‍ണയത്തിലെ പാകപ്പിഴകള്‍ക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.


യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യ രേഖ നിര്‍ണയിക്കപ്പെട്ടിരുന്നത് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിനുള്ള ചിലവു കൂടി കണക്കിലെടുത്തായിരുന്നു. 1979ലെ ഒരു വിഗദ്ഗ സമിതി പഠനം മുന്നോട്ടു വച്ചത് ഒരു വ്യക്തിയുടെ പ്രതിമാസ ഉപഭോഗ ചിലവിന്റെ അടിസ്ഥാനത്തിലായിരിക്കണം ദാരിദ്ര്യരേഖ നിര്‍ണയിക്കേണ്ടത് എന്നായിരുന്നു. ഇതില്‍ ഭക്ഷണത്തിനായി ചിലവാക്കുന്ന പണം പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. അതായത്, ഒരു ഗ്രാമവാസിക്ക് ഒരു ദിവസം 2,400 കലോറി ഊര്‍ജം ലഭിക്കുന്നതിനാവശ്യമായ പണം ഭക്ഷണയിനത്തില്‍ ചിലവാക്കാന്‍ അയാള്‍ക്ക്/അവള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍, അവര്‍ ദാരിദ്ര്യ രേഖയ്ക്കു മുകളിലാണെന്നു പറയാം. ഈ നിര്‍വചനമനുസരിച്ച് ഒരു നഗരവാസിക്ക് ആവശ്യം വേണ്ട ഊര്‍ജം 2,100 കലോറിയായിരുന്നു. പിന്നീട് ഗ്രാമവാസിയുടെ ഊര്‍ജകണക്ക് 2,200 ആയി കുറയ്ക്കപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ അന്ന് ആസൂത്രണ കമ്മിഷന്‍ സ്വീകരിച്ചിരുന്നു. പക്ഷേ, 1973-74ലെ ഉപഭോഗ ചിലവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ നിര്‍വചനമനുസരിച്ച് ദാരിദ്രരുടെ എണ്ണം സര്‍ക്കാര്‍ കണക്കു കൂട്ടിയുള്ളൂ. അന്നത്തെ പോഷകാഹാരാധിഷ്ടിത ദാരിദ്ര്യരേഖയനുസരിച്ച് ഗ്രാമങ്ങളില്‍ 56 ശതമാനവും, നഗരങ്ങളില്‍ 49 ശതമാനവും ദരിദ്രരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ദാരിദ്ര്യ രേഖ മാറ്റിവരച്ചപ്പോഴൊക്കെ ദരിദ്രര്‍ക്ക് പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ബോധപൂര്‍വം അവഗണിച്ചു. മറിച്ച്, 1973-74ലെ ദാരിദ്ര്യത്തെ നിര്‍ണയിച്ച പ്രതിമാസ വരുമാന പരിധിയെ (49 രൂപ ഗ്രാമങ്ങളിലും 56 രൂപ നഗരങ്ങളിലും) പണപ്പെരുപ്പത്തിനനുസരിച്ച് വിലസൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി വരയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതാണ് ഇപ്പോഴത്തെ വരുമാന പരിധിയില്‍ എത്തിനില്‍ക്കുന്നതെന്ന് ഉട്സ പറയുന്നു.



മേല്പറഞ്ഞ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അളവില്‍ പോഷകാഹാരം ലഭിക്കണമെങ്കില്‍ ഇന്ന് എത്ര രൂപ ദിവസം ചിലവാക്കണം? ഉട്സ നടത്തിയ പഠനമനുസരിച്ച് 2,200 കലോറി ഊര്‍ജം എന്ന തോതില്‍ ഒരു ഗ്രാമവാസിക്ക് ലഭിക്കണമെങ്കില്‍, ഇന്ന് അയാള്‍ ദിവസം 36 രൂപ ചിലവാക്കേണ്ടതുണ്ട്. ഒരു നഗരവാസിക്ക് 2,100 കലോറി ഊര്‍ജം ലഭിക്കാന്‍ ചിലവാക്കേണ്ടി വരിക 60 രൂപയാണ്. അതായത് പ്രതിമാസം ഗ്രാമ-നഗരവാസിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ മാത്രം വേണ്ട തുക യഥാക്രമം 1,085  രൂപയും 1,800യും. നാലാളുകളുള്ള ഒരു കുടുംബത്തിനാണെങ്കില്‍ ഇത് യഥാക്രമം 4,340 രൂപയും, 7,200 രൂപയുമാകണം. എന്നാല്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഇത്രയും സമ്പാദിക്കാന്‍ കഴിയുന്നുണ്ടോ?ഇതു ഭക്ഷണചിലവു മാത്രമാണെന്നാതാണ് ദുഖകരം. ആരോഗ്യത്തിന് ആരാണ് പണം ചിലവാക്കുക? ദരിദ്രരുടെ കുട്ടികളെ ആരു പഠിപ്പിക്കും? അവര്‍ എവിടെ ഉറങ്ങും? ആസൂത്രണ കമ്മിഷന്‍ മറുപടി പറയുമോ?


വിപണിയുടെ സ്വന്തം
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കായി ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി മാര്‍ച്ച് 16ന് അവതരിപ്പിച്ച ബജറ്റിന്റെ മുഖ്യ സന്ദേശം ധനകമ്മി വെട്ടി കുറയ്ക്കലായിരുന്നു. സര്‍ക്കാരിന്റെ ചിലവുകള്‍ കുറയ്ക്കണമെന്നത് ഇന്ത്യയിലെ ധനമൂലധനത്തിന്റെ (finance capital) കാലങ്ങളായുള്ള ആവശ്യമാണ്. കമ്മി കൂടിയാല്‍ അതു നികത്തുന്നതിനായി സര്‍ക്കാരിന്റെ കടംവാങ്ങല്‍ കൂടും. അപ്പോള്‍ കോര്‍പറേഷനുകള്‍ക്കും, മറ്റു വന്‍കിട കടമെടുപ്പുകാര്‍ക്കും വേണ്ടത്ര പണം കടവിപണിയില്‍ നിന്നും കണ്ടെത്താന്‍ കഴിയാതാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ചിലവുകള്‍ക്ക് മൂക്കുകയറിടേണ്ടത് ആവശ്യമാണ്. മാത്രമല്ല, ഒരു നവലിബറല്‍ സര്‍ക്കാര്‍ ചിലവു കുറയ്ക്കുകയെന്നു പറഞ്ഞാല്‍ പ്രത്യക്ഷത്തിലുള്ള അര്‍ത്ഥം പാവങ്ങള്‍ക്കായുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. ബജറ്റിലെ ഈ നിര്‍ദേശങ്ങള്‍ നോക്കുക: നടപ്പു വര്‍ഷത്തെ ധനകമ്മി 5.6 ശതമാനമായിരിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 5.1 ശതമാനമായി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഇതിലേക്കായി ഇപ്പോള്‍ ജിഡിപിയുടെ 2.4 ശതമാനമുള്ള സബ്സിഡികള്‍ 1.9 ശതമാനത്തിലേക്കു കുറയ്ക്കും. വിപണിയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള ഉപകരണങ്ങള്‍ കൂടിയാണ് സബ്സിഡികള്‍. അതു കുറയ്ക്കുന്നതു വഴി വിപണിയില്‍  കോര്‍പറേഷനുകള്‍ക്കുള്ള മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.



സബ്സിഡികള്‍ വെട്ടികുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ദരിദ്രരുടെ എണ്ണം കുറച്ച് സബ്സിഡികള്‍ ശേഷിക്കുന്ന ദരിദ്രര്‍ക്കു മാത്രമായി നിജപ്പെടുത്തുക എന്നതാണ്.  നന്ദന്‍ നിലേകാനി കമ്മിഷന്‍ സര്‍ക്കാരിനോട് പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നതും അതു തന്നെ. അര്‍ഹമായവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ എന്നാണ് നിലേകാനി കമ്മിഷനും, കോര്‍പറേഷനുകളും പാടിക്കൊണ്ടിരിക്കുന്നത്. അര്‍ഹമായവരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചാല്‍ പിന്നെ കൊടുക്കുന്ന ആനുകൂല്യങ്ങളുടെ എണ്ണവും കുറയുമെന്ന് ഇന്‍ഫോസിസിന്റെ തലപ്പത്തിരുന്നിരുന്ന നിലേകാനിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അവിടെയാണ് ആസൂത്രണ കമ്മിഷനും, സര്‍ക്കാരും, സര്‍ക്കാര്‍ പണ്ഡിതരുമെല്ലാം പാവങ്ങള്‍ക്കെതിരായ കോര്‍പറേഷനുകളുടെ യുദ്ധത്തില്‍ കക്ഷി ചേരുന്നത്. ദരിദ്രരുടെ എണ്ണം കൃത്രിമമായി വെട്ടിക്കുറച്ചത് ദാരിദ്ര്യം കുറച്ചു എന്നു മേനി നടിക്കാന്‍ വേണ്ടി മാത്രമല്ല. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതിനായി മന്‍മോഹന്‍ സര്‍ക്കാരിന്റെ കയ്യിലുള്ള അത്ഭുത വിളക്കാണ് ആസൂത്രണ കമ്മിഷന്‍. അലൂവാലിയ മന്‍മോഹന്റെ അലാവുദീനും.

(ഇത് ഞാന്‍ എഴുതിയതല്ല കോപ്പി പേസ്റ്റ് ചെയ്തതാ​‍ണ് - അതിനാല്‍ തന്നെ എന്റെ ശൈലിയില്‍ നിന്നും വെത്യസ്തമായി വിവരങ്ങള്‍ സമഗ്രമായി സ്ഥിതിവിവര കണക്കുകളോടെ അവതരിപ്പിച്ചിരിക്കുന്നു.)