ഇന്നലെ കേരളത്തില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ കൂടി കേന്ദ്രത്തില്‍ ചുമതലയേറ്റു. കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും. രണ്ടു പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി കേരളീയര്‍ക്കു പറയാനുണ്ട്.
കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതേവരെ തീര്‍ത്തും കുറവായിരുന്നു എന്നു പറയാനാവില്ല. ആറു പേര്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേക്കാലമായി. ഇപ്പോള്‍ രണ്ടു പേര്‍കൂടി അവിടേക്കു ചെന്നു എന്നുമാത്രം. ഇവരിലൂടെ കേരളത്തിന് എന്തു നേട്ടമാണു കൈവരിക്കാന്‍ സാധിച്ചതെന്ന് ആരെങ്കിലും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ് നേതൃത്വമെങ്കിലും ജനങ്ങളോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.
ഈ എട്ടു മന്ത്രിമാരില്‍ രണ്ടു പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്. പ്രതിരോധവകുപ്പും പ്രവാസികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന പ്രമുഖരായ എ കെ ആന്റണിയും വയലാര്‍ രവിയും. മറ്റുള്ള സഹമന്ത്രിമാര്‍ വഹിക്കുന്ന ചുമതലകളും നിസാരമല്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ചുമതല വഹിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് "നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?" എന്ന പരിഹാസം പ്രസക്തമാകുന്നത്.
പ്രതിരോധ വകുപ്പിനെ ഒഴിച്ചുു നിര്‍ത്തിയാല്‍ മറ്റെല്ലാം വകുപ്പുകളിലും പ്രശ്‌നങ്ങള്‍ തന്നെ. മറ്റു സംസ്ഥാനങ്ങള്‍ പ്രസ്തുത മേഖലകളില്‍ നേട്ടം കൈവരിക്കുമ്പോള്‍ ആഴ്ച തോറും കേരളത്തിലെത്തി പ്രസ്താവനകളിറക്കുക മാത്രമാണ് മറ്റു മന്ത്രിമാര്‍ ചെയ്തു പോരുന്നത്. കേരളത്തിലെ മുഖ്യ പ്രശ്‌നങ്ങള്‍ കാര്‍ഷിക, ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടും വൈദ്യുതിയുടെ കാര്യത്തിലും പ്രവാസികളുടെ ജീവിതത്തിലുമാണ്. ഇതിന്റെയെല്ലാം ചുമതലക്കാരായി കേന്ദ്രത്തിലിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരാണ് എന്നതാണ് ദുഃഖകരമായ വസ്തുത.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെട്ടിച്ചുരുക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ഇവിടെ നിന്നുള്ള മന്ത്രിക്ക് നാവനക്കമില്ല. സഹമന്ത്രിമാര്‍ എന്നത് വെറും പദവി മാത്രമാണെന്നതാണു വസ്തുത. കാബിനറ്റ് മന്ത്രിയാണ് എല്ലാ തീരുമാനവുമെടുക്കുക. അദ്ദേഹം പറയുന്നത് പഞ്ചപുച്ഛമടക്കി നിന്നു കേള്‍ക്കുക എന്നതു മാത്രമാണു സഹമന്ത്രിമാരുടെ ജോലി. സ്ഥാനത്തിനു വേണ്ടിയുള്ള സ്ഥാനം എന്നല്ലാതെ ഈ പദവി കൊണ്ടു മറ്റു കാര്യമൊന്നുമില്ല എന്നതാണ്് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമാനമായ രീതിയാണു തുടര്‍ന്നു പോരുന്നത്.
എന്നാല്‍, ഉചിതമായ നടപടിയെടുക്കാനും അതു നടപ്പാക്കാനും സാധിക്കുന്നത്ര അധികാരമുള്ള മറ്റൊരു വകുപ്പ് കയ്യാളുന്നതും മലയാളിയാണ് എന്നത് മറക്കരുത്. അതു പ്രവാസികാര്യം തന്നെ. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കാര്യം അറിയുന്നതേയില്ല എന്നു നടിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തു പോരുന്നത്. വളരെ അപലപനീയമായ രീതിയിലാണ് പ്രസ്തുത വകുപ്പു കേരളീയരെ കൈകാര്യം ചെയ്യുന്നതെന്നു പറയാതിരിക്കാനാവില്ല. ഏറ്റവുമൊടുവില്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ സാധാരണക്കാരായ മലയാളി യാത്രക്കാരെ വലയ്ക്കുകയും തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്തപ്പോള്‍പ്പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന ഈ മന്ത്രിയെക്കൊണ്ട് ഇവിടെ ആര്‍ക്കാണു ഗുണം?
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നു മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതിന്റെ അനന്തരഫലം തന്നെയാണ് ഇവിടെയുള്ള ജനം അനുഭവിക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ടോ ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെട്ടോ രാജ്യസഭയിലെത്തുകയും അതിലൂടെ മന്ത്രിക്കസേരയില്‍ ഇരുന്നരുളുകയും ചെയ്യുന്ന ചില നേതാക്കള്‍ തന്നെയാണ് രാജ്യത്തിന്റെ ശാപം. ഈ രീതി അടിയന്തരമായി മാറിയേ തീരൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം പല പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളല്ല എന്നതു ഞെട്ടലുളവാക്കുന്നു. ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കരുതാത്തതാണിത്. ഭരണഘടനാ രൂപീകരണ സമയത്തെ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മാത്രം അധികാരക്കസേരയിലേക്ക് എത്തിപ്പെടുന്നവര്‍ക്ക് ജനങ്ങളോടു വലിയ പ്രതിബദ്ധതയൊന്നുമുണ്ടാവാന്‍ തരമില്ല. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരില്‍ നിന്നു മാത്രമേ പ്രധാനമന്ത്രയടക്കമുള്ള മന്ത്രിമാരെ തെരഞ്ഞെടുക്കാവൂ എന്ന നിയമം ഉണ്ടാവുകയാണ് ഇന്നിന്റെ ആവശ്യം. ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യതയില്ലാത്തതിനാല്‍ത്തന്നെയാകാം പ്രവാസി കാര്യ മന്ത്രി കേരളീയരായ പ്രവാസികളെ നിരന്തരം അവഗണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിച്ചു പോരുന്നത്. പകലന്തിയോളം കൊടും ചൂടും കടുത്ത ശൈത്യവും സഹിച്ചു പണിയെടുക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാനെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു മന്ത്രിയെ എന്തിനാണ് ജനം നികുതിപ്പണം കൊണ്ടു തീറ്റിപ്പോറ്റുന്നത്?
കഴിഞ്ഞ ദിവസം വരെ കേന്ദ്ര മന്ത്രിമാരായി വിലസി നടന്നവരെക്കൊണ്ട് തന്നെ ഇവിടെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടു പേര്‍ കൂടി ആ ഗണത്തിലേക്കെത്തുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മന്ത്രിമാര്‍. തൊഴിലും മാനവ വിഭവശേഷിയുമാണ് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്ന വകുപ്പുകള്‍. രണ്ടു മേഖലയിലും കേരളത്തിനു വേണ്ടി അധികമൊന്നും ചെയ്യാന്‍ സാധ്യതയില്ല. കൂടുതല്‍ മന്ത്രിമാരെ തീറ്റിപ്പോറ്റുക എന്ന നയം മാറ്റി, ജനങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയാറുള്ളവര്‍ക്കു സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന രീതിയിലേക്കു രാജ്യം എത്തേണ്ടിയിരിക്കുന്നു.
ഗ്രൂപ്പു സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാത്രമായി എന്തിനാണ് ഇത്തരം ചില നടപടികള്‍? കുറേപ്പേര്‍ക്കു കൂടി പൊലീസ് സംരക്ഷണവും ഔദ്യോഗിക വാഹനങ്ങളും നല്‍കാനും അവര്‍ക്കു ലോകം ചുറ്റാന്‍ അവസരമൊരുക്കാനും മാത്രമായി എന്തിനാണ് സഹമന്ത്രി എന്ന പദവി നിലനിര്‍ത്തുന്നതെന്നും ആലോചിക്കണം. ആറു പേര്‍ ചെയ്യാത്തത് എട്ടു പേര്‍ ചെയ്യുമോയെന്ന് കാത്തിരുന്നു തന്നെ കാണാം എന്നു മാത്രമേ ഈ അവസരത്തില്‍ പറയാനാവൂ.
2 അഭിപ്രായ(ങ്ങള്‍):
കൊഞ്ഞാണ്ടന്‍ മന്ത്രിമാര്‍.
എത്രയെണ്ണം ഉണ്ടായിട്ടെന്തുകാര്യം?
"നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ