2011 ജനു 27

പശുവും ചത്ത് മോരിലെ പുളിയും പോയി

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് സുരേഷ് കല്‍മാഡിയെന്ന കോണ്‍ഗ്രസ് നേതാവിനെ നീക്കി. ഗെയിംസ് കഴിഞ്ഞ് ആരവങ്ങളുമൊഴിഞ്ഞിട്ട് മൂന്നു മാസമായി. പശുവും ചത്ത് മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ട് നടപടിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം സ്വയം പരിഹാസ്യരാവുകയാണ്.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി സിബിഐയുടെ അന്വേഷണത്തിലാണ്. കല്‍മാഡിയും സംഘാടകസമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും അന്വേഷണത്തെ തടസപ്പെടുത്തുകയാണെന്ന് സിബിഐ പലവട്ടം പറഞ്ഞിരുന്നു. അന്നൊന്നും കല്‍മാഡിയെ മാറ്റാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കല്‍മാഡിയെ നീക്കം ചെയ്യാനുള്ള അധികാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു മാത്രമാണെന്നും സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കല്ലെന്നുമായിരുന്നു സര്‍ക്കാരിനെ നയിക്കുന്നവരുടെ വാദം. വിവാദമുയര്‍ന്ന് മൂന്നു മാസത്തിലേറെ കഴിഞ്ഞതോടെ ഈ അധികാരത്തില്‍ മാറ്റം വന്നോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തല കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു എന്നതാണ് കല്‍മാഡിയുടെയും കൂട്ടരുടെയും നേട്ടം. കോടികള്‍ കൊണ്ടുള്ള കളികളില്‍ എത്ര തുക ആരുടെയൊക്കെ കീശകളിലായി എന്നത് അന്വേഷിക്കുമ്പോള്‍ കുറ്റാരോപിതര്‍ തന്നെ സംഘടനയുടെ തലപ്പത്ത് ഇരുന്നു എന്നത് തികച്ചും ഗൗരവമുള്ള സംഗതി തന്നെ. ഗെയിംസ് കഴിഞ്ഞ് മൂന്നു മാസത്തെ സമയം ധാരാളം മതി രേഖകള്‍ തിരുത്താനും അഴിമതിക്കു വെള്ളപൂശാനും. അതിനുള്ള സാവകാശം കല്‍മാഡിക്കും കൂട്ടര്‍ക്കും ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മനസറിവോടെയാണ് കല്‍മാഡിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതെന്നു സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍.
തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം, പൊതുജനമധ്യത്തിലിറങ്ങി നിന്ന് അഗ്നിശുദ്ധി വരുത്താന്‍ തയാറെന്നു പറയുന്ന പഴയ രാഷ്ട്രീയ തന്ത്രം തന്നെയാണ് കോണ്‍ഗ്രസിലെ ചിലരും കോമണ്‍വെല്‍ത്ത് സംഘാടകരും ചേര്‍ന്ന് നടത്തിയത്. ഇന്നലെ വരെ ഇല്ലാതിരുന്ന അധികാരം അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രിക്ക് ഇപ്പോള്‍ എവിടെ നിന്നാണു ലഭിച്ചത്? കോടികള്‍ കട്ടുമുടിച്ച കൂട്ടരെ കയ്യോടെ പിടികൂടി തുറുങ്കിലടയ്‌ക്കേണ്ടതിനു പകരം കട്ട പണം ഒളിപ്പിക്കാനും കള്ളരേഖകള്‍ ചമയ്ക്കാനുമുള്ള സാവകാശം ഒരുക്കിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി തികച്ചും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.

നിരന്തരം അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. അവരുടെ നികുതിപ്പണത്തില്‍ നിന്നു കോടികള്‍ സ്വന്തം കീശയിലേക്ക് മാറ്റുകയും പെട്രോളിനും മറ്റും വില കുത്തനെ കൂട്ടി പാവപ്പെട്ടവനെ ആത്മഹത്യയിലേക്കു നയിക്കുകയുമെന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.
കടുത്ത വിലക്കയറ്റത്തില്‍ വലഞ്ഞു നില്‍ക്കുകയാണ് ഇന്ത്യ. ദിനംപ്രതി വര്‍ധിക്കുന്ന ജീവിതച്ചെലവു താങ്ങാനാവാതെ ഓരോ ദിവസം ചെല്ലുന്തോറും പ്രതിസന്ധിയിലേക്കു നീങ്ങുന്ന ഇവിടുത്തെ സാധാരണക്കാരന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് കേന്ദ്ര സര്‍ക്കാരും കല്‍മാഡിമാരും ചെയ്യുന്നത്. സുഖലോലുപതയുടെ മടിത്തട്ടില്‍ വിരാജിക്കുന്ന മന്ത്രിപ്രമുഖന്‍മാരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് ഒരു രാജ്യത്തെയാകെ കൊള്ളയടിക്കുകയെന്നത് എത്രത്തോളം ഭീതിദമാണെന്നു ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  സിബിഐ നടത്തുന്ന അന്വേഷണത്തെ അധികാര സ്ഥാനത്തിരുന്ന് തടസപ്പെടുത്തുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ അതിന് ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. അന്ന് അതു ചെയ്തില്ല എന്നതാണ് സംശയത്തിന്റെ മുനകള്‍ കേന്ദ്ര സര്‍ക്കാരിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കും എത്തിക്കുന്നത്.

കോമണ്‍വെല്‍ത്ത് അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും 2ജി സ്‌പെക്ട്രം ക്രമക്കേടുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച അധോലോകമുഖവുമായാണ് കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അതിനിടയില്‍ത്തന്നെ ഓരോ കള്ളത്തരവും വ്യക്തമാക്കപ്പെടുന്നു എന്നത് ഇന്ത്യയിലെ ജനങ്ങളുടെ സത്യസന്ധതയുടെ തെളിവാണ്. അവരെ ചതിക്കുന്നവര്‍ ആരൊക്കെയെന്ന് വൈകാതെ വെളിപ്പെടുന്നുണ്ടെന്നതാണ് പാരമ്പര്യത്തിന്റെ പുണ്യം. അഴിമതിക്കാരനെന്ന് ആരോപണമുയര്‍ന്ന സുരേഷ് കല്‍മാഡിയെ എന്തുകൊണ്ട് ഇതേവരെ പുറത്താക്കിയില്ലെന്നതിനു സമാധാനം ബോധിപ്പിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ദൗര്‍ഭാഗ്യവശാല്‍ എഴുതിത്തയാറാക്കി മുന്‍കൂര്‍ അനുമതി വാങ്ങിയ പ്രസ്താവനകളില്‍ കയ്യൊപ്പു വയ്ക്കാന്‍ മാത്രമേ അദ്ദേഹത്തിനു സാധിക്കൂവെന്നാണ് ഡല്‍ഹിയിലെ സംസാരം.

ഭരണത്തിന്റെ നിയന്ത്രണം മറ്റു പല കൈകളിലാവുകയും അധികാരം നാമമാത്രമാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്നതു മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.  പ്രധാനമന്ത്രിപദം വിദേശ പര്യടനത്തിനോ വിദേശനേതാക്കളെ സ്വീകരിച്ച് ചര്‍ച്ച നടത്താനോ മാത്രമുള്ളതല്ലെന്ന്  ഇനിയൊരിക്കല്‍ക്കൂടി പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും പാര്‍ട്ടിയിലെ അഴിമതി നേതാക്കളെ മനസിലാക്കിക്കൊടുക്കണം. അതിനുള്ള ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.

2011 ജനു 25

ഉഡുമ്പു മനുഷ്യര്‍



സ്പൈഡര്‍മാന്‍ അല്ല, പല്ലിയോ ഉഡുമ്പോ അല്ല, ജീവിക്കാന്‍ വേണ്ടി അര ഇഞ്ച് നൈലോണ്‍ ചരടില്‍ ഞാന്നു കിടന്നു ജോലിചെയ്യുന്ന ക്ലീനിങ്ങ് തൊഴിലാളികള്‍ - ദുബായില്‍ നിന്നുള്ള കാഴ്ച്ച. നാട്ടിലുള്ളവര്‍ അറിയുന്നുണ്ടോ പ്രവാസിയുടെ ഈ ഞാണിന്മേല്‍ കളി..









2011 ജനു 18

മാഫിയകള്‍ സഹയാത്രികരോ?

കേരളത്തിലെ സിപിഎം ഘടകത്തിനുള്ളിലെ ചേരിപ്പോര് വീണ്ടും മറനീക്കിത്തുടങ്ങിയിരിക്കുന്നു.


അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എന്നതാണ് വിഎസിന്റെ പേരിലുള്ള ആരോപണം. ഒരു സംസ്ഥാനത്തെ ജനങ്ങളെയാകെ വിഡ്ഢികളാക്കി നടക്കുന്ന പരസ്യമായ തട്ടിപ്പിനെതിരേ മുഖ്യമന്ത്രി ഒരു നിലപാടെടുത്താല്‍ അത് തെറ്റാണെന്നു വിലയിരുത്തേണ്ടതുണ്ടോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പേരില്‍ രണ്ടു തട്ടിലായി തര്‍ക്കിക്കേണ്ട പാര്‍ട്ടിയല്ല സിപിഎം. അതല്ല പാര്‍ട്ടിയുടെ പാരമ്പര്യം. ദൗര്‍ഭാഗ്യവശാല്‍, അധ്വാനവര്‍ഗത്തേക്കാളേറെ പാര്‍ട്ടിക്കു പ്രിയം മാഫിയാ തലവന്‍മാരോടാണെന്ന തോന്നലുളവാക്കുന്ന വെളിപ്പെടുത്തലുകളും നടപടികളുമാണ് കുറേക്കാലമായി കേരളത്തില്‍ കാണുന്നത്.

ഇപ്പോഴത്തെ സംഭവവികാസങ്ങളെയും അതേ തുലാസില്‍ മാത്രമേ തൂക്കിനോക്കാനാകൂ. വ്യാജലോട്ടറി അച്ചടിച്ചു ജനത്തെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുന്ന മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനുള്ള ബാധ്യത ഒരു സര്‍ക്കാരിനുണ്ട്. അതു നിറവേറ്റേണ്ടതു മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ മുന്‍കൈയെടുക്കേണ്ടത്. അതു ചെയ്യുന്നതിനു പകരം, നടപടിക്കു തയാറായ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു വരെ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ഏതെങ്കിലും നേതാക്കളുടെ താത്പര്യമാകരുത് പാര്‍ട്ടിയെ നയിക്കേണ്ടത്. ജനങ്ങളുടെ താത്പര്യത്തിനാകണം മുന്‍തൂക്കം കൊടുക്കേണ്ടത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന വി.എസ് അച്യുതാനന്ദന്‍ എന്ന നേതാവ് അനഭിമതനാണ് എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹം സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികളെ പുച്ഛിച്ചു തള്ളേണ്ടതുണ്ടോയെന്ന് നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിഎസ് ചെയ്തത് നല്ല കാര്യമാണ്. അതിനെതിരേയുള്ള ഓരോ നീക്കവും ജനഹൃദയങ്ങളില്‍ നിന്ന് തങ്ങളെ അകറ്റുകയേ ഉള്ളൂവെന്നും ആരോപണങ്ങളെ സാധൂകരിക്കുമന്നും തിരിച്ചറിയേണ്ടതായിരുന്നു. അതിനു പകരം, വിഎസിനെ പുകച്ചു ചാടിക്കാന്‍ നടത്തിയ നീക്കം തീര്‍ത്തും ശരിയായില്ല.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കിലിലും ഇതേ സമീപനമാണു പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വീകരിച്ചത്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുന്നതിനുള്ള ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. അതിനു പകരം ജനങ്ങള്‍ക്കിടയില്‍ മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ മാത്രമുതകുന്ന നടപടികളിലേക്കു നീങ്ങരുതായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിനല്ല കേരളത്തെ നിയന്ത്രിക്കേണ്ടത്. മാഫിയകളുടെ ഭരണമല്ല ജനത്തിന് ആവശ്യം. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് മാര്‍ട്ടിനുമായോ സമാന സ്വഭാവക്കാരുമായോ എന്തെങ്കിലും ചങ്ങാത്തമുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. അതിന് വില നല്‍കേണ്ടവരല്ല കേരളത്തിലെ ജനങ്ങള്‍. വിഎസ് കേന്ദ്രത്തിനു കത്തയച്ചത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണ്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ യശസ് കളങ്കപ്പെട്ടേനെ. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടവരോട് അനുകൂല നിലപാടല്ല കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നയമെന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

മാഫിയകളോട് സന്ധി ചെയ്യുന്ന രീതിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. എക്കാലവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും നീതി ലഭിക്കാതെ വലയുന്നവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ചൂഷണത്തിനും അക്രമത്തിനുമെതിരേ സ്വീകരിച്ച രൂക്ഷമായ നിലപാടുകളാണ് കമ്യൂണിസ്റ്റ് ആശയത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയതെന്ന് വിസ്മരിക്കാതിരിക്കാം. അതിവിപ്ലവത്തിന്റെ പാതയിലൂടെയല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ട്ടിയെ  അധികാരം ദുഷിപ്പിച്ചു എന്നു ചിന്തിക്കാന്‍ പോലും സാധിക്കാത്തവരാണ് പാര്‍ട്ടി പ്രവര്‍ത്തകരും സഹയാത്രികരും. അവരെയെല്ലാം പരിഹസിക്കുന്നതിനു തുല്യമായിപ്പോയി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍.

സമ്പത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ചിപ്പോകുന്നവരായിരുന്നില്ല പാര്‍ട്ടിയെ നയിച്ചിരുന്നത്. അതാണ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും പാര്‍ട്ടിയായി സിപിഎം മാറാനുണ്ടായ കാരണം. ഉയര്‍ന്ന ചിന്തയും ഉന്നതമായ വീക്ഷണവുമുള്ള നേതാക്കളുടെ കൂറ് ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളോടും അധ്വാനവര്‍ഗത്തോടുമായിരുന്നു. ആ തലമുറയിലെ അവശേഷിക്കുന്ന ചുരുക്കം കണ്ണികളില്‍ പ്രമുഖനാണ് വിഎസ്. അക്കാരണത്താലാകാം അദ്ദേഹം മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുമ്പെട്ടത്. സ്വാഭാവികമായും പാര്‍ട്ടി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കരുതിയിരിക്കാം.

യഥാര്‍ത്ഥത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അവസാന നാളുകളിലേക്കടുക്കുമ്പോള്‍പ്പോലും ജനങ്ങള്‍ക്കു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന തോന്നലാണു പൊതുവേയുള്ളത്. പല നല്ല കാര്യങ്ങളും ചെയ്‌തെങ്കിലും അതൊന്നും ജനങ്ങള്‍ക്കിടയിലേക്ക് എത്തിയില്ലെന്നതാണു സത്യം.

2011 ജനു 7

ജോജോ കഥകള്‍ - ഭാഗം ഒന്ന്

നമ്മുടെ നായകന്‍ ജോജോ, 2000 -ആം ആണ്ടിന് മുന്പ് കോട്ടയത്തെ കമ്പ്യൂട്ടര്‍ കള്‍ക്ക് വൈദ്യനായിരുന്നവന്‍, പരോപകാരി, സൂചിതിരുകാന്‍ ഇടം കിട്ട്യാല്‍ തൂമ്പ തിരുകുന്നവന്‍, സര്‍വോപരി താനൊരു ശുദ്ദനും പാവവും ആണെന്ന് ഒരിക്കലും സമ്മതിക്കില്ലാത്തവന്‍.

പണ്ട് പണ്ട്  486  പ്രോസസ്സറും മോണോക്രോം മോണിട്ടറും ലോകം അടക്കി വാണിരുന്ന കാലം, ഡോസും, വേര്‍ഡ് സ്റ്റാര്‍ ഉം പഠിച്ചവര്‍, കറങ്ങുന്ന കസേരയില്‍ AC മുറിയില്‍ ഇരുന്നു പ്രിന്സ് ഓഫ് പേര്‍ഷ്യ യും പീ സീ മാനും കളിച്ചിരുന്ന കാലം, വിന്‍ഡോസ് ഫോര്‍ വര്‍ക്ക്‌ ഗ്രൂപ്സ് ഇന്‍സ്ടാള്‍ ചെയ്തിട്ടുള്ളവര്‍ മോനിട്ടറിനു മുകളില്‍ ടര്‍ക്കി ടവല്‍ പുതപ്പിച്ചിരുന്ന കാലം,  മുറം പോലുള്ള 1 .2 MB ഫ്ലോപ്പി ഡിസ്ക് കയ്യില്‍ കൊണ്ട് നടക്കുന്നവനെ പെണ്‍കുട്ടികള്‍ ഒളികണ്ണിട്ടു നോക്കിയിരുന്ന കാലം,
   
നരസിംഹ റാവു വിനെ പോലിരുന്ന കമ്പ്യൂട്ടര്‍ ഹൃത്വിക് റോഷനെ പോലെ ആക്കിയ വിന്‍ഡോസ്‌ 95 ഇതാ വരുന്നു, വന്നുകൊണ്ടേ ഇരിക്കുന്നു, വന്നു.

അക്കാലത്ത് കോട്ടയത്തെ പ്രമുഖ കമ്പ്യൂട്ടര്‍ ഷോപ്പില്‍ അപ്രന്റീസ് അല്ലാത്ത ഒറിജിനല്‍ സര്‍വീസ് എഞ്ചിനീയര്‍ ആയിരുന്നു ജോജോ. ചന്നം പിന്നം മഴ പെയ്യുന്ന ഒരു ഉച്ച നേരം, ജനല്‍ തുറന്നു  അനുപമ തീയട്ടെറിനു  മുന്‍പിലെ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്ത് നില്‍ക്കുന്നവരെയോ ചിരിതൂകി നില്‍കുന്ന ഉച്ചപ്പടത്തിന്റെ പോസ്റ്റര്‍ ഓ ആസ്വദിക്കാന്‍ അനുവദിക്കാതെ മഴ പെയ്യുകയാണ്. ദുബായിലുള്ള അളിയന്‍ വിസ അയച്ചുതരുന്നത് സ്വപ്നം കണ്ട്   സര്‍വീസ് സെന്റര്‍ റൂമില്‍   ഒരു കമ്പ്യൂട്ടര്‍ ഇല്‍ office 4.3 ഇന്‍സ്റ്റോള്‍  ചെയ്യുന്നതിനിടെ  ഇന്സ്ടലെഷന്‍ ഡിസ്ക്  സെറ്റിലെ 31-ആമത്തെ ഫ്ലോപ്പി റീടിംഗ് എറര്‍  കാണിച്ചതിനെ തുടര്‍ന്ന്  കൊന്നത്തെങ്ങിന്റെ പാതിയില്‍ വച്ച് തളാപ്പ് നഷ്ടപ്പെട്ട തണ്ടാനേ പോലെ ഇരിക്കുകയായിരുന്നു  ജോജോ, receptionist അവധി എടുത്തതിനാല്‍ ഫോണ്‍ അറ്റെന്റ് ചെയ്ത acountant  പെങ്കൊച്  ഓടി സര്‍വീസ് റൂമില്‍ എത്തി "ജോജോ ഒരു സര്‍വീസ് കാള്‍ ഉണ്ട് അയാള്‍ ഇംഗ്ലീഷില്‍  ആണ് സംസാരിക്കുന്നെ, പെട്ടന്ന് വാ അറ്റന്‍ഡ് ചെയ്യ്"

ഇംഗ്ലീഷ് കാരനെ നേരിടാന്‍ ചങ്കും വിരിച് മസിലുപിടിച് എത്ത്യ ജോജോ ബലത്തില്‍ ഒരു ഗുഡ് ആഫ്ടര്‍ നൂണ്‍ ഒക്കെ പറഞ്ഞു കാര്യം അന്വേഷിച്ചു അയാളുടെ ഏതൊ ഫയല്‍ കാണുന്നില്ലത്രേ,
പിന്നീട്  സംഭാഷണം ഇപ്രകാരമായിരുന്നു.
jojo : sir you might deleted file
renju: I not delete file, you gave computer not working good, my file gone.
jojo: sir are you working under windows?
renju: "no window no window, only one glass door near my computer"


ധിം തരികിട ധോം !!!!!!

അടുത്ത സീനില്‍ നമ്മള്‍ കാണുന്നത് വള്ളിയില്‍  തൂങ്ങി ആടുന്ന ഫോണ്‍ ശ്രദ്ധിക്കാതെ ജോജോയുടെ മുഖത്ത് തളിക്കാന്‍ വെള്ളം അന്വേഷിക്കുന്ന അക്കൌണ്ടന്റിനെ  ആണ്,
  
രെന്ജ്ജു : മീരജാസ്മിന്റെ മുഖവും എന്നെഫ് വര്‍ഗീസിന്റെ ശബ്ദവും ഉള്ളവള്‍,  

2011 ജനു 4

കാന്‍സര്‍ ചികിത്സരംഗത്ത് വന്‍പ്രതീക്ഷ നല്‍കി ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌







കാന്‍സര്‍ ചികിത്സാരംഗത്ത്‌ വിപ്ലവാത്മക മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ കഴിയുന്ന ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുന്നു. ഒരു ബില്യണ്‍ ബ്ലഡ്‌ സെല്ലുകളില്‍നിന്നു പോലും കാന്‍സര്‍ സെല്ലുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ്‌ ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റിന്റെ മെച്ചം. നിലവിലുള്ള കാന്‍സര്‍ മുഴയില്‍നിന്നുള്ള കോശങ്ങള്‍ ശരീരത്തിലെ മറ്റ്‌ അവയവയങ്ങിലേയ്‌ക്ക്‌ എത്തിയിട്ടുണ്ടോ എന്നറിയുന്നതിനും ഈ പരിശോധന ഫലപ്രദമാകും.

മരുന്നുകള്‍ നല്‌കി അടുത്ത ദിവസം തന്നെ കാന്‍സര്‍ സെല്ലുകള്‍ നശിക്കുന്നുണ്ടോയെന്ന്‌ പുതിയ പരിശോധനവഴി വിലയിരുത്താം. രക്തത്തിലെ കാന്‍സര്‍ സെല്ലുകള്‍ ചികിത്സയോട്‌ പ്രതികരിക്കുന്നുണ്ടോ കാന്‍സര്‍ സെല്ലുകളുടെ എണ്ണം കുറയുന്നുണ്ടോ എന്നെല്ലാം അറിയുന്നതിനും ഈ പരിശോധന ഏറെ ഉപയോഗപ്രദമാണ്‌. കാന്‍സര്‍ സെല്ലുകളുടെ ജൈവികഘടന കണ്ടെത്താനും അടുത്ത തലത്തില്‍ അവ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്നു തിരിച്ചറിയുന്നതിനും കഴിയും.

കാന്‍സര്‍ ചികിത്സയില്‍ പുതിയ പരിശോധന ഏറെ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള വേദനയേറിയ ടിഷ്യൂ സാംപിളിംഗ്‌ പരിശോധനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതും മെച്ചമാണ്‌. മാമോഗ്രാഫി, കൊളനോസ്‌കോപി എന്നിങ്ങനെ കാന്‍സര്‍ രോഗം കണ്ടെത്താനുളള പരിശോധനകള്‍ ലിക്വിഡ്‌ ബ്ലഡ്‌ ടെസ്‌റ്റിനായി വഴിമാറിയേക്കും. അമേരിക്കയിലെ നാല്‌ വലിയ കാന്‍സര്‍ ആശുപത്രികളാണ്‌ ഈ വര്‍ഷം ലിക്വിഡ്‌ ബയോപ്‌സി ബ്ലഡ്‌ ടെസ്റ്റ്‌ നടപ്പിലാക്കുക.

കാന്‍സര്‍ ചികിത്സകള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്നു വിലയിരുത്തുന്നതിനാകും ഈ ടെസ്റ്റിനെ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുക. ഏതെങ്കിലും മരുന്ന്‌ ഉപയോഗിച്ചിട്ട്‌ അതു ഗുണകരമാണോയെന്ന്‌ പെട്ടെന്നു തന്നെ കണ്ടെത്തുന്നതിനും ആവശ്യമെങ്കില്‍ മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നതിനും ഈ ടെസ്‌റ്റ്‌ സഹായകമാകുമെന്ന്‌ പുതിയ ടെസ്റ്റ്‌ രൂപപ്പെടുത്തിയവരില്‍ ഒരാളായ ഡോ. ദാനിയേല്‍ ഹേബര്‍ പറയുന്നു. ഇപ്പോള്‍ കാന്‍സര്‍ മുഴകളില്‍നിന്ന്‌ നീഡില്‍ ബയോപ്‌സി വഴി കിട്ടുന്ന സെല്ലുകള്‍ പരിശോധിച്ചാണ്‌ കാന്‍സര്‍ നിര്‍ണയം നടത്തുന്നത്‌. എന്നാല്‍ ഒരു അവയവയത്തിലുള്ള കാന്‍സര്‍ സെല്ലുകള്‍ അടുത്ത ഘട്ടത്തില്‍ എന്താകുമെന്നു നിര്‍ണയിക്കാന്‍ ഇതുമൂലം കഴിയില്ല.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയാണ്‌ പുതിയ കണ്ടുപിടുത്തത്തിനു നേതൃത്വം നല്‌കുന്നത്‌. 19 മില്യണ്‍ പൗണ്ടാണ്‌ പരീക്ഷണത്തിനായി ചെലവാക്കുന്നത്‌. വളരെ ചെറിയ 80,000 ബ്രിസിലുകള്‍ അടങ്ങിയ മൈക്രോചിപ്പുകളാണ്‌ രക്തപരിശോധനയ്‌ക്കായി ഉപയോഗിക്കുന്നത്‌. ഇതിലൂടെ രക്തം പമ്പ്‌ ചെയ്യുമ്പോള്‍ ബ്രിസിലുകളിലെ ആന്റി ബോഡികള്‍ കാന്‍സര്‍ സെല്ലുകളെ പിടികൂടും. പ്രത്യേക സ്റ്റെയിന്‍ ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ സെല്ലുകള്‍ തിളങ്ങുകയും അതുവഴി എളുപ്പം കണ്ടെത്താനും കഴിയും.

'Liquid biopsy' blood test could revolutionise cancer treatment

2011 ജനു 2

ഒബാമ വാഗ്ദാനങ്ങള്‍ വിഴുങ്ങുന്നു: ഇന്ത്യന്‍ കമ്പനികള്‍ക്ക് വീണ്ടും പാര



ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ നീക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ രൂപപ്പെട്ട ധാരണകള്‍ തകിടംമറിയുന്നു. സന്ദര്‍ശനത്തിന്റെ ചൂടാറുംമുമ്പേ വിദേശ ഐ.ടി. കമ്പനികളില്‍നിന്ന് രണ്ടുശതമാനം നികുതി ഈടാക്കാനും ഇപ്പോഴത്തെ വിസാഫീസ് 2015 വരെ തുടരാനും യു.എസ് തീരുമാനമെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ മേല്‍ 20 കോടി ഡോളറിന്റെ അധികബാധ്യത ചുമത്തുന്ന നടപടിയാണിത്.

മന്‍മോഹന്‍ സിംഗ് ആണവ കരാര്‍ ഒപ്പിടാന്‍ കാണിച്ച താല്‍പര്യവും  ഉത്സാഹവും   ഏകപക്ഷീയമായ  ഇത്തരം നടപടികള്‍ പിന്‍വലിപ്പിക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ല? നമ്മുടെ ഗവര്‍മെന്റിന് നമ്മുടെ കമ്പനികളെയും ഭാരതീയരെയും കാള്‍ ഉത്തരവാദിത്വവും പക്ഷവാദിത്വവും വിദേയത്വവും അമേരിക്കയോടാണോ ?
 
ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 30  വര്‍ഷത്തിനു ശേഷവും അമേരിക്കന്‍ വ്യവസായ ഭീമനില്‍ നിന്ന് ചില്ലിക്കാശു പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ ഇരിക്കുമ്പോള്‍ മാന്യമായി ബിസിനസ്‌ നടത്തുന്ന ഇന്ത്യന്‍ IT കമ്പനികളുടെ മേല്‍ അടിക നികുതി ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ ഒരു തടസവും ഇല്ല.
 
ഇതാണോ മന്മോഹനും കൂട്ടരും പാടിപ്പുകഴ്ത്തിയ ഉദാരവല്കരണവും തുറന്ന വിപണിയും ആഗോള അവസരങ്ങളും?

2010 ഡിസം 3

വന്‍കിട സ്വകാര്യ പങ്കാളിത്തം വേണമെന്ന് എന്താണിത്ര നിര്‍ബന്ധം?

പാലക്കാട്ട് ഉടനുണ്ടാകുമെന്നു കരുതിയ റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങാന്‍ തടസമായി നില്‍ക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകളാണെന്നാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിന്റെ കുറ്റപ്പടുത്തല്‍. ഇതിനെതിരേ റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി എം.വിജയകുമാറും പ്രസ്താവനയിറക്കിയിട്ടുണ്ട്. പ്രസ്താവനകളുടെയും കുറ്റപ്പെടുത്തലുകളുടെയും കാര്യത്തില്‍ മാത്രം കാലതാമസമുണ്ടാക്കാതിരിക്കാനുള്ള നമ്മുടെ നേതാക്കളുടെ വ്യഗ്രത പ്രശംസനീയം തന്നെ.

കേരളത്തോട് എക്കാലവും തികഞ്ഞ അവഗണന പുലര്‍ത്തിപ്പോരുന്നതാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ കീഴ്‌വഴക്കം. അതിന് അല്പം വ്യത്യാസമുണ്ടായെന്നു കരുതിയത് കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി നല്‍കിയതോടുകൂടിയാണ്. ഇപ്പോള്‍ അതും ജലരേഖയായി മാറുന്നു. കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാണ് അഹമ്മദ് പറയുന്നത്. ഒന്നുകില്‍ പൊതുമേഖലയിലോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയോ പദ്ധതി നടപ്പാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിബന്ധന വച്ചതാണ് കുഴപ്പമെന്ന് അഹമ്മദ് പറയുന്നത് ആശ്ചര്യകരം തന്നെ.

പദ്ധതിക്കായി അനുവദിച്ച ഭൂമി സര്‍ക്കാരിന്റേതാണ്. അത് ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചു നല്‍കണമെന്ന് പറയുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. പങ്കാളിത്തം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പങ്കാളികളായിക്കൊള്ളാമെന്നു പറയുമ്പോള്‍ അതില്‍ എന്താണിത്ര വലിയ കുഴപ്പമെന്നുകൂടി അഹമ്മദ് വ്യക്തമാക്കണം. സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കുന്നതും ഒരു സംസ്ഥാന സര്‍ക്കാരുമായി കരാറുണ്ടാക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം കമ്മീഷന്റേതു മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? പങ്കാളികളാകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അത് ഉടനടി നടപ്പാക്കുകയാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ ചെയ്യേണ്ടത്. അതിനു പകരം, സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനുള്ള ഗൂഢനീക്കം ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ധനാഗമമാര്‍ഗമായി നില്‍ക്കുന്നത് ചില വന്‍കിട സ്വകാര്യ കമ്പനികളും അതിന്റെ മുതലാളിമാരുമാണെന്നത് രഹസ്യമല്ല. എന്നാല്‍, പാലക്കാട്ടെ കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഈ പൊതുതത്വത്തിന് അപവാദമാണ്. ജനങ്ങളോടു താത്പര്യം ഉണ്ടന്ന തോന്നലുണ്ടാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. ഏതു കാരണത്താലാണെങ്കിലും സംസ്ഥാനം സ്വീകരിച്ച നിലപാടുകളോട് യോജിച്ചു നില്‍ക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ശ്രമിക്കേണ്ടത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെന്ന നിലയില്‍ മന്ത്രി അഹമ്മദിന് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാനാകും. അതിനു പകരം, പതിവു ശൈലിയില്‍ കേന്ദ്ര, സംസ്ഥാന ബന്ധങ്ങളിലെ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പദ്ധതി തന്നെ സംസ്ഥാനത്തിനു നഷ്ടപ്പെടുത്താന്‍ അഹമ്മദ് കൂട്ടുനില്‍ക്കരുത്.

ശബരി പാതയ്ക്കും തിരുനാവായ പാതയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുന്നില്ലെന്ന അഹമ്മദിന്റെ പരാതി പ്രതിക്കൂട്ടിലാക്കുന്നത് സംസ്ഥാനം ഭരിക്കുന്നവരെ തന്നെ. ശബരി പാത ഉള്‍പ്പെടെ പല പദ്ധതികള്‍ക്കുമെതിരേ ശക്തമായ ലോബിയിംഗ് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ വൈകുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ജനവാസ കേന്ദ്രങ്ങളെ ബാധിക്കുന്ന തരത്തിലുള്ള റെയില്‍വേ പാതകള്‍ക്കെതിരേ പ്രതിഷേധം ഉയരുക സ്വാഭാവികം തന്നെ. ഓരോ പുതിയ പദ്ധതികള്‍ വരുമ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം രമ്യമായ പരിഹാരമുണ്ടാക്കാന്‍ മുന്‍കാലങ്ങളിലെ ഭരണാധികാരികള്‍ക്കു സാധിച്ചു. അതിന്റെ ഫലമാണ് ഇന്നു കാണുന്ന റോഡുകളും  റെയില്‍പ്പാതകളുമെല്ലാം. ഇവിടെയും അങ്ങനെയൊരു പരിഹാര ശ്രമം ഉണ്ടാകണം. അതിനു പകരം, ഗൂഢമാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. സ്വാഭാവികമായും സംശയത്തിന്റെ കരങ്ങള്‍ നീണ്ടു ചെല്ലുന്നത് സാമ്പത്തിക ഘടകത്തിലേക്കു തന്നെ.

ഓരോ ദിവസവും വൈകുമ്പോഴും പദ്ധതി നടപ്പാകാനുള്ള സാധ്യത അകലങ്ങളിലേക്കാണു നീങ്ങുന്നതെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അടുത്ത ബജറ്റില്‍ ഇതേ പദ്ധതികള്‍ക്കായി നീക്കിവച്ച പണം മറ്റു വഴികളിലേക്കു തിരിച്ചുവിടാന്‍ സാധിച്ചേക്കാം. അങ്ങനെ ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍ എത്രയോ ഇതിനു മുമ്പും കണ്ടിരിക്കുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ ആനുകൂല്യങ്ങളെങ്കിലും നേടിയെടുക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്.

അതിന് കേന്ദ്രത്തിനെ നയിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്കും ബാധ്യതയുണ്ട്. അതു മറന്ന്, സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞു നടക്കാനല്ല അഹമ്മദിനെപ്പോലുള്ളവരെ മലയാളികള്‍ തെരഞ്ഞെടുത്തയച്ചത്. എന്തുതന്നെ ആയാലും പാലക്കാട്ടെ കോച്ച് ഫാക്ടറി മലയാളിക്കു വേണം. നിങ്ങളുടെ രാഷ്ട്രീയക്കളികളുടെ ബലിയാടുകളാകാനല്ല ഇവിടെ ജനം ജനിച്ചുവളര്‍ന്നത്. എല്ലാവരേയും വിഡ്ഢികളാക്കി അധികാരത്തിന്റെ സുഖം നുകരുന്ന കുറേ രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളാനുള്ള ബാധ്യതയൊന്നും ഇവിടെ ആര്‍ക്കുമില്ല. പാലക്കാട്ടെ കോച്ച് ഫാക്ടറി നഷ്ടമായാല്‍ അതിന്റെ ഉത്തരവാദിത്തം അഹമ്മദിനു മാത്രമായിരിക്കുമെന്ന് ഓര്‍മിപ്പിക്കട്ടെ. അടുത്ത തെരഞ്ഞെടുപ്പിലും വോട്ടു ചോദിച്ചെത്തേണ്ടതല്ലേ. അങ്ങനെയൊരു ചിന്ത മന്ത്രിക്കുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അധികാരമില്ലാതെ എന്തു ജീവിതം.

കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത് - എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് - കേരളഭൂഷണം

2010 ഡിസം 2

ആരെങ്കിലും ട്രൈന്‍ തള്ളുന്നതു കണ്ടിട്ടുണ്ടോ?

ദുബായ്, 2010 ഒക്ടോബര്‍ 21,  വൈകിട്ട് പതിവിലും നെരത്തേ ഓഫീസില്‍ നിന്നും ഇറങ്ങണം എന്നു കരുതിയിരുന്നെങ്കിലും സാധിച്ചില്ല, എങ്കിലും അധികം വൈകാതെ എല്ലാം ഒരു പരുവത്തിലാക്കി റൂമിലെത്തി, പെട്ടന്നു കുളിച്ച് റെഡിയായി, അത്യാവശ്യം 3 ദിവസത്തേക്കുള്ള സാമഗ്രികള്‍ എടുത്ത് ഇറങ്ങുമ്പഴേക്കും ദാ വിളിക്കുന്നു ബെന്നിച്ചേട്ടന്‍ !!! ഉടനെ റെഡിയായി നില്‍ക്കു ഷാര്‍‍ജ വരെ പോകാം, ചേട്ടാ ഞാന്‍ മുംബയ്ക്കു പോകുവാ... ഇതെന്താ പെട്ടന്നൊരു മുംബൈ യാത്ര? ഇന്നലെവരെ ഇങ്ങനെ ഒരു പ്ലാന്‍ ഇല്ലായിരുന്നല്ലൊ?.... വിശ്വസിപ്പിക്കാന്‍ ഇത്തിരി പാടുപെട്ടു... നേരെ മെട്രൊ സ്റ്റേഷനിലേക്ക്..
 അവിടെ മുംബയില്‍ ഉപയൊഗിക്കനുള്ള സിം കാര്‍ഡ് തരാന്‍ പ്രിനു കാത്തു നില്‍പ്പുണ്ട് അവന്റെ ചാറ്റിംഗിനു ഭംഗം വരുതിയതിനു ക്ഷമ പറഞ്ഞ് എയര്‍ പോര്‍ട്ടിലേക്ക്,


ക്രിത്യസമയത്തു തന്നെ ചെക്ക് ഇന്‍ ചെയ്തെങ്കിലും പതിവു തെറ്റിക്കാതെ നമ്മുടെ എയര്‍ ഇന്ത്യ വിമാനം 40 മിനിറ്റ് വൈകി പുറപ്പെട്ടു.




ഒരു മണിക്കൂറില്‍ അധികം വൈകി വെളുപ്പിനു 4:30 ഓടെ മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വീണ്ടും അര മണിക്കൂറോളം വേണ്ടിവന്നു ലഗ്ഗേജ് കിട്ടാന്‍.



ഇതിനിടെ ഞാന്‍ പ്രിനു തന്ന എയര്‍ ടെല്‍ സിമ്മില്‍ നിന്നു ഷിന്‍സിയെ വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി 6 മാസമായി ഉപയൊഗിക്കാതിരുന്നതിനാല്‍ അതു ക്യാന്‍സല്‍ ആയിക്കഴിഞ്ഞിരിക്കുന്നു. എന്തായലും റോമിങ്ങില്‍ ഉള്ള എതിസലാത് സിമ്മില്‍ നിന്നു വിളിക്കുകയേ ഇനി മാര്‍ഗ്ഗമുള്ളു, അതിരാവിലെ ഞാന്‍ വിളിക്കുന്നതു കേട്ട് ഉറക്കം ഉണര്‍ന്ന ഭാര്യക്കു ആകെപ്പാടെ സ്ഥലജല വിഭ്രാന്തി, കാരണം ഞാന്‍ വരുന്ന വിവരം മുന്‍പെ അറിയിച്ചിരുന്നില്ല മാത്രമല്ല മൊബൈലില്‍ തെളിയുന്നതു ദുബൈ യിലെ നമ്പരും, ദുബൈ സമയം വെളുപ്പിനു 3 മണിക്കു ഞാന്‍ വിളിക്കണമെങ്കില്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടാവണമല്ലൊ, ഞാന്‍ മുംബയില്‍ ഉണ്ടെന്നു പറഞു മനസ്സിലാക്കിയപ്പൊളേക്കും അവള്‍ക്കു സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നുകഴിഞ്ഞു, എവിടെ താമസിക്കും എന്നതാണു അവളുടെ ആധി, ഹോസ്പിറ്റലിന്റെ ഗസ്റ്റ്ഹവ്സില്‍ താമസിക്കണമെങ്കില്‍ മുന്‍ കൂര്‍ അനുമതി വാങ്ങണം സാധാരണ ഞാന്‍ മുംബയ്ക്കു വരുമ്പൊള്‍ ഞങള്‍ ഹോസ്പിറ്റലിന്റെ ഗസ്റ്റ്ഹവ്സില്‍ ആണു താമസം, ഇനി ഇപ്പൊള്‍ എവിടെ താമസിക്കും ? എനിക്കാണെങ്കില്‍ 3 ദിവസതെ അവധിയെ ഉള്ളു എന്തായാലും ഹോട്ടെലില്‍ ത്ങ്ങുകയെ ഉള്ളു മാര്‍ഗ്ഗം. ആദ്യം 3 ദിവസത്തേക്കു അവധി അഡ്ജസ്റ്റ് ചെയ്തിട്ട് അവള്‍ എയര്‍പോര്‍ട്ടില്‍ എത്താം എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍.

എന്തായാലും ഷിന്‍സി എത്താന്‍ കുറഞ്ഞത് 2 മണിക്കൂര്‍ സമയം എങ്കിലും എടുക്കും എയര്‍പോര്‍ട്ടിന്റെ എതെങ്കിലും മൂലയില്‍ ഇരുന്നു നെറ്റ് നോക്കാം എന്നു കരുതി, ഹൊട്ടെല്‍ ഡീറ്റ്യ്ല്‍സ് സെര്‍ച് ചെയ്തു നോക്കിക്കൊണ്ടിരിക്കുമ്പൊള്‍ "മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി" എന്തായാലും ഹോട്ടെലില്‍ താമസിക്കണം എങ്കില്‍ പിന്നെ മാഥേരാനില്‍ പൊയാലോ? മുന്‍പൊരിക്കല്‍ http://www.yathrakal.com/ ഇല്‍ നൂറനാട് സിബു എഴുതിയ  വരുന്നോ മാത്തേരാനിലേക്ക് ? എന്ന ലേഘനം വായിച്ചിട്ടുണ്ടന്നതാണു ആ തോന്നലിന്നാധാരം,  അത് ഒന്നുകൂടെ പെട്ടന്നു വായിച്ചു, MTDC യുടെയും ഒക്കെ സൈറ്റില്‍ നിന്നും മാഥേരാനിലെക്കുള്ള വഴിയും മറ്റ് അത്യാവശ്യ വിവരങ്ങളും ശേഘരിച്ചു, പെട്ടന്നു ഷിന്‍സിയെ വിളിച്ചു പറഞ്ഞു എയര്‍ പോര്‍ട്ടില്‍ എത്തണ്ട, പകരം കുര്‍ള തിലക് നഗര്‍ സ്റ്റേഷനില്‍ ഇറങ്ങു ഞാന്‍ അങ്ങോട്ട് വരാം....

വിമാനത്താവളത്തില്‍ നിന്നും അന്ധേരിയില്‍ എത്തി ട്രൈനില്‍ കയറി കുര്‍ളയില്‍ എത്ത്യപ്പൊളേക്കും ഷിന്‍സിയും അവിടെ എത്തി ഇനി കര്‍ജാത് ഫാസ്റ്റ് ട്രാക്കില്‍ ആണു നെരാള്‍ വഴി കടന്നു പോകുന്ന ഫാസ്റ്റ് ട്രൈന്‍ എത്തുന്നത് അതു പിടിക്കാന്‍ ഞങ്ങള്‍ 5-ആം നമ്പര്‍ പ്ലാറ്റ്ഫൊമില്‍ എത്തി , സ്റ്റെഷനില്‍ അനുനിമിഷം തിരക്കു വര്‍ധിചുകൊണ്ടേ ഇരിക്കുന്നു ഇപ്പൊ ഒരു പൂരത്തിനുള്ള ജനം ഉണ്ട് ഓരോപ്ലാറ്റ്ഫൊമിലും, എല്ലാവരും ധ്രുതി പിടിച്ചു പായുകയാണു, കടന്നു പോകുന്ന ചില ട്രൈനുകള്‍ കണ്ടാല്‍ ഫെവികോള്‍ പരസ്യത്തിലെ ബസ്സ് നാണിച്ചുപോകും, അത്രക്കുണ്ടു തിരക്ക്, ക്രുത്യം 8:48 നു ഞങ്ങള്‍ക്കു പൊകെണ്ട ട്രൈന്‍ എത്തി.

താനെ റൂട്ടില്‍ തിരക്ക് അല്‍പ്പം കുറവുണ്ടെന്നു തോന്നുന്നു അധികം ബദ്ധപ്പെടാതെ കയറിപ്പറ്റി, നമ്മുടെ വേണാട് എക്സ്പ്രസ്സിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നൊരു യാത്ര, താനെ കഴിഞ്ഞപ്പൊഴെക്കും മറാത്ത ഗ്രാമങ്ങള്‍ ദ്രുശ്യമായി തുടങ്ങി മികച്ചതെന്നു പറയാന്‍ കഴിയാത്ത നെല്‍ വയലുകളും ചോള വയലുകളും, 10 മണി ആയപ്പൊള്‍ നെരാള്‍ സ്റ്റേഷനില്‍ ഞങ്ങള്‍ ഇറങ്ങി.








 വലിയ തിരക്കൊന്നും ഇല്ലാത്ത -  നമ്മുടെ ചെങ്ങന്നൂര്‍ പൊലെ ഒരു സ്റ്റേഷന്‍ അതിനു ചുറ്റുമായി രൂപപ്പെട്ട ചെറിയ ഒരു ഗ്രാമ ചന്ത, ചുറ്റുമുള്ള ഭൂപ്രക്രുതി നമ്മുടെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍, ഏഴംകുളം, കോന്നി പ്രദേശങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തും,  സഹ്യാദ്രി ഗിരി നിരകളുടെ ഭാഗമായ മരതകക്കുന്നുകള്‍, ഞങ്ങളെക്കൂടാതെ കുറെ ഏറെ യുവമിധുനങ്ങള്‍ അവിടെ ഇറങ്ങിയിട്ടുണ്ട് അതില്‍ ഭൂരിഭാഗവും പ്രണയ പരവശരായ കോളേജ് വിദ്യാര്‍ഥികള്‍ തന്നെ. ഏതാനും ഏജന്റ്മാര്‍ റ്റാക്സിക്ക് ആളെ സംഘടിപ്പിക്കാന്‍ ഞങ്ങളോരൊരുത്തരെയും സമീപിക്കുന്നുണ്ട്, വേണ്ട നമ്മള്‍ നാരോഗേജ് ടോയ് ട്രൈനിലേ മാഥേരാനില്‍ പോകുന്നുള്ളു.

നാരോഗേജ് പ്ലാറ്റ്ഫൊമില്‍ എത്തിയപ്പൊ അവിടെ ട്രൈന്‍ കിടപ്പുണ്ട്, പെട്ടന്നു ടിക്കറ്റ് എടുത്ത് ബാഗ് ഒക്കെ സീറ്റില്‍ വച്ച് വെളിയില്‍ ഇറങ്ങി നോക്കിയപ്പൊ അല്ലെ മനസ്സിലാകുന്നതു എതാനും ബോഗികള്‍ മാത്രമേ പ്ലാറ്റ്ഫൊമില്‍ ഉള്ളു എന്‍ജിന്‍ മലയിറങ്ങി 10:30 എത്തുന്ന ധൂമശകടാസുരനില്‍ നിന്നും മാറ്റി ഘടിപ്പിക്കണം. ഒരു കാപ്പിയൊക്കെ കുടിച്ച് എന്‍ജിന്‍ മലയിറങ്ങി വരുന്നതും കാത്ത് പരിസരത്തൊക്കെ ഒന്നു ചുറ്റി നടന്നു അവിടെ കണ്ട ഒരു കാഴ്ച്ച ഇതാ...

പണ്ടു കാഥികന്‍ വി.ഡി.രാജപ്പന്‍ തിരുവനന്തപുരത്ത് രണ്ട് നില ബസ്സ് കണ്ട സന്ദര്‍ഭം ഓര്‍മ്മ വരുന്നില്ലേ?

ഇതാ മറ്റൊന്ന്, ഇതിനു മുന്‍പ് നിങ്ങള്‍ ആരെങ്കിലും ട്രൈന്‍ തള്ളുന്നതു കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ ദാ... കാണു.......



അപ്പൊളേക്കും അടുത്ത അറിയിപ്പെത്തി ട്രൈന്‍ 11മണിക്കേ പുറപ്പെടൂ, എന്തായാലും ലേറ്റാകുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ യെയും കടത്തിവെട്ടി ധൂമശകടാസുരന്‍ എത്തിയതു 12 മണികഴിഞ്ഞ്. 12.20 ആയപ്പൊള്‍ അതു മാഥേരാനിലേക്ക് മന്ദം മന്ദം യാത്ര തുടങ്ങി.


നെരാളില്‍ നിന്നു പുറപ്പെട്ട് അധികം സമയം ആകുന്നതിനു മുന്‍പു തന്നെ ഭൂപ്രക്രുതിയും കാലാവസ്ഥയും മാറിത്തുടങ്ങി വരണ്ട സമതലങ്ങള്‍ക്ക് പകരം പൊന്തക്കാടുകളും സമ്രുദ്ധമായ പുല്‍മേടുകളും ആണു മുന്നോട്ടുള്ള പാതയില്‍, ഓരൊ തിരിവിലും വ്യത്യസ്ഥ നിറങ്ങളും കാഴ്ച്ചകളും ഒരുക്കിയ മലഞ്ചെരിവുകള്‍. ആസ്വാദനതിനു ആവോളം അവസരമൊരുക്കി അന്നനട താളത്തിലാണു നമ്മുടെ ധൂമശ്കടാസുരന്റെ പ്രയാണം. ഇടക്കിടക്ക് പല തവണ കിതച്ച് നിന്നും വീണ്‍ടും ഓടിയും അങ്ങനെ കുറേ നേരം..... ഏകദേശം പാതി ദൂരം എത്തിയിട്ടുണ്ടാവണം..... മേഘങ്ങള്‍ താന്നുവന്നു കുന്നിന്‍ ചരുവില്‍ തങ്ങി നില്‍ക്കുന്നു നമ്മളാ ജലകണങ്ങള്‍ക്കുള്ളിലൂടെ കടന്നു പോവുകയാണു..... നാട്ടില്‍ മൂന്നാറിലും കുട്ടിക്കാനത്തും ഒക്കെ ഈ അനുഭവം സ്ര്‍വ്വസാധാരണമായതിനാല്‍ അല്‍പ്പം ഗ്രിഹാതുരത പകര്‍ന്നു എന്നതിലപ്പുറം എനിക്ക് അത്ര പുതുമ ഒന്നും തോന്നിയില്ല, എന്നാല്‍ ഏറെ വര്‍ഷങളായി മുംബൈ മഹാനഗരത്തില്‍ തന്നെ കഴിയുന്ന ഷിന്‍സിയെ അത് അക്ഷരാര്‍ഥത്തില്‍ ആവേശം കൊള്ളിക്കുക തന്നെ ചെയ്തു.









മഴ പെയ്തു തുടങ്ങി, ഷട്ടര്‍ ഗ്ലാസ് താഴ്ത്തി ഇനി അതിലൂടെ ഫില്‍ടെര്‍ ചെയ്ത കാഴ്ചകള്‍ മാത്രം, മഴ ശ്ക്തിപ്രാപിച്ചതോടെ നമ്മുടെ ഡീസല്‍ ശകടത്തിനു ആസ്മായുടെ ഉപദ്രവം ഉച്ചസ്ഥായിയില്‍ ആയി അമ്മാവന്‍ വഴിയില്‍ പലേടത്തും നിന്നും കിതച്ചും ചുമച്ചും വളരെ ആയാസപ്പെട്ട് ജുമ്മപ്പെട്ടി എന്ന തീവണ്ടിയാപ്പീസില്‍ എത്തി ഇനി മഴ മാറിയിട്ടേ മുന്നോട്ട് യാത്ര ഉള്ളു.

മഴപെയ്തു നനഞ്ഞ ട്രാക്കില്‍ ഗ്രിപ്പ് കിട്ടുന്നില്ലത്രേ, (ഈ പറയുന്നതു കേട്ടാല്‍ തോന്നും മഴ തുടങ്ങുന്നതിനു മുന്‍പ് ഈ പൈത്രുക ശ്കടം നമ്മുടെ പീ.ടി ഉഷയെപ്പോലെ ആണു ഓടിയതെന്ന്... ചുമ്മാ​...) ഇപ്പൊള്‍ തന്നെ നേരം വളരെ വൈകി 2:30 ആയിരിക്കുന്നു സാധാരണ നിലക്ക് മാഥേരാനില്‍ എത്തേണ്ട സമയം ആയി, പാതി വഴി ആയിട്ടേ ഉള്ളു ഇവിടുന്നു എപ്പോള്‍ യാത്ര തുടരാന്‍ പറ്റുമെന്നു റെയില്‍വേ ജീവനക്കാര്‍ക്കു പോലും തിട്ടമില്ല. വിശപ്പ് ചൂളം വിളിച്ചു തുടങ്ങി എന്തായാലും ഉടനെ യൊന്നും അങ്ങെത്തുമെന്നു തോന്നുന്നില്ല, മഴ അല്‍പം തോര്‍ന്നപ്പൊള്‍ തല്‍ക്കാലത്തേക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടുമോന്നായി അടുത്ത അന്വേഷണം  സ്റ്റേഷനു സമീപം വാഹനങ്ങള്‍ പോകുന്ന റോഡില്‍ ഒരു പ്രായമായ സ്ത്രീ ഒരു കുട്ടയില്‍ നിറച്ച പേരക്ക വില്‍ക്കുന്നത് ഞാന്‍ കണ്ടു പിടിച്ചു, അവര്‍ കുറേ പേരക്ക മുറിച്ച് ഉപ്പുംമുളകും ഒക്കെ വിതറിത്തന്നു വിശപ്പിന്റെ കാഠിന്ന്യം കാരണം ആവാം നല്ല സ്വാദ് തോന്നി. ഞാന്‍ പേരക്കയുമായി വരുന്നതു കണ്ട് ഒട്ടുമിക്ക യാത്രക്കാരും ഇറങ്ങി പേരക്ക വാങ്ങാന്‍ പോയി, ഉം... എല്ലാവരും വിശന്നു റപ്പായിയായി ഇരിക്കുവായിരുന്നെന്നു തോന്നുന്നു എന്തായാലും ആ അമ്മച്ചിക്കിന്നു തരക്കെടില്ലാത്ത കച്ചവടം ഒത്തു. ട്രൈനിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍കുന്നതിനാല്‍ ബഹുഭൂരിഭാഗം ആളുകളും ട്രൈന്‍ ഉപേക്ഷിച്ച് മുകളില്‍ റോഡിലൂടെ വന്ന റ്റാക്സികളിലും മിനിബസിലുമായി യാത്ര തുടര്‍ന്നു. അരമണിക്കൂറത്തെ വിശ്രമ ശേഷം മിച്ചമുള്ള ഏതാനും ആളുകളേയും വഹിച്ച് തീവണ്ടി മുത്തഛ്ചന്‍ വീണ്ടും മുന്നോട്ട്, അവസ്ഥ മുന്‍പത്തേതു തന്നെ, ഇനി വീ​ണ്ടും അതു വര്‍ണിച്ച് സമയം കളയണ്ടല്ലോ!! എന്നാല്‍ ഇനിയുള്ള വഴിത്താരയില്‍ ധാരാളം മനോഹര വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ കാഴ്ചയുടെ വിരുന്നൊരുക്കി മാഥേരാന്‍ മലനിരയും ജാമ്പോള്‍ താഴ്വാരവും നമ്മെ കാത്തിരിക്കുകയായിരുന്നു, ചെറു അരുവികള്‍, ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കാഴ്ച്ചയുടെ അതിരിനുമപ്പുറത്തേക്ക് നീളുന്ന താഴ്വാരം.... ചില സ്ഥലങ്ങളില്‍ വെച് നമ്മള്‍ ട്രൈനിലൊ അതോ വിമാ​നത്തിലോ എന്നു സംശയിപ്പിക്കുന്ന, അറിയാതെ ശ്വാസം നിലയ്ക്കുന്ന, അഗാധമായ പാറക്കെട്ടുകള്‍ക്ക് അരികിലൂടെ ആണു നാം കടന്നു പോകുന്നത് ആമനോഹാരിത വര്‍ണിക്കാന്‍ എന്റെ വാക്കുകള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്കോ സാധിക്കുമെന്നു തോന്നുന്നില്ല ആ ശ്രമത്തില്‍ ഒരു ചെറിയ ശതമാനം എങ്കിലും ഞാന്‍ വിജയിച്ചാല്‍ ധന്ന്യനായി.






















മഴ ഒളിച്ചു കളി തുടരുന്നതിനിടെ അഞ്ച് മണിയോടെ ഞങ്ങള്‍ മാഥേരാന്‍ തീവണ്ടിയാപ്പീസില്‍ യാത്ര അവസാനിപ്പിച്ചു, മുനിസിപ്പല്‍ കൌണ്‍സിലിന്റെ entry permit നു പണമടച്ച് വേഗം പുറതിറങ്ങി മഴ തരക്കെടില്ലാതെ പെയ്യുന്നുണ്ട് വഴി ഒക്കെ ചുവന്ന മണ്ണും വെള്ളവും കുതിരച്ചാ​ണകവും ചേര്‍ന്ന് കുഴഞ്ഞ് കിടക്കുന്നു, പാവ്മെന്റിനു മുകളില്‍ പോലും ചുവന്ന ചായം കോരി ഒഴിച്ചപോലെ.

 മഴപെയ്യുന്നതിനാല്‍ നേരത്തേ തന്നെ ഇരുട്ടി തുടങ്ങി എത്രയും പെട്ടന്ന് താമസ സ്ഥലം ഉറപ്പിക്കണം ഈ മഴയത്ത് അധികസമയം പാര്‍പ്പിടം അന്വേഷിച് നടക്കാന്‍ ആവില്ല, എതാനും ഹോട്ടെലുകളുടെ ഏജന്റുമാരും ചുമടെടുക്കുന്നവരും ട്രൈനില്‍ വന്നിറ‍ങ്ങിയവരെ പ്രതീക്ഷയോടെ സമീപിക്കുന്നുണ്ട്, അതിലൊരാള്‍ ഞങ്ങളെ സഹായിക്കാന്‍ കൂടെ കൂടി, ലക്ഷുറി ഹെറിറ്റേജ് ഹോട്ടല്‍ മുതല്‍ ബജത് ഹോട്ടലുകള്‍ വരെ ഹോം സ്റ്റേകള്‍ അടക്കം ഇന്നു ഒഴിവുള്ള മുറികളുടെ നമ്പൂര്‍ണ്ണ വിവരങ്ങളുമായി സഞ്ചരിക്കുന്ന ‍ഒരു ബുക്കിംഗ് ഓഫീസ് തന്നെ അയാള്‍, റൂം നോക്കി ഇഷ്ടപ്പെട്ട് ഒരു ഹോം സ്റ്റേ സെലെക്റ്റ് ചെയ്തു, നമ്മുടെ നാട്ടിലെ ഹോം സ്റ്റേകള്‍ പോലെ വീട്ടുകാരോടോപ്പം താമസിക്കുന്ന സംവിധാനം ഒന്നും അല്ല ഒരു വീടിന്റെ രണ്ടാം നിലയില്‍ 4 മുറികള്‍, വെളിയില്‍ കൂടി സ്റ്റെപ് കയറിചെല്ലുന്ന ഇടനാഴിയില്‍ നിന്നും ഓരോ മുറിയിലെക്കും പ്രവേശിക്കാം അത്ര മാത്രം. ഞങ്ങളെ അവിടെ ചെക് ഇന്‍ ചെയ്യിച് ഞങ്ങള്‍ നല്‍കിയ ടിപ് നന്ദിപൂര്‍വം നിരസിച്ച് അയാള്‍ സ്ഥലം കാലിയാക്കി അയാള്‍ക്കുള്ള കമ്മീഷന്‍ ഹോം സ്റ്റേയുടമകള്‍ നല്‍കും അതു മതിയത്രേ, ഊട്ടിയിലും കോവളത്തും ഒക്കെ വഴി പറഞ്ഞു തരുന്നവര്‍ പോലും ടിപ്പിനു കൈ നീട്ടുന്നതു ഓര്‍മ്മ വന്നു പോയി.

പെട്ടന്നു ഫ്രഷ് ആയി വല്ലതും കഴിക്കണം വിശ്പ്പിന്റെ വിളി ഉച്ചസ്ഥായിയില്‍ ആണു, കുളിച്ച് റെഡിയായിട്ടും മഴ സാമാന്യം ശക്തമായി പെയ്യുന്നുണ്ട് ഇനി മഴ തോരുന്നതു വരെ കാത്തിരിക്കാതെ തരമില്ല, ആ സമയം കൊണ്ട് നമുക്ക് മാഥേരാന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും കൂടി അല്‍പ്പം സഞ്ചരിക്കാം.

ഭാരതത്തിലെ മറ്റേതൊരു ഹില്‍ സ്റ്റേഷനും പോലെ മാഥേരാനും ജനവാസകേന്ദ്രമായി വികസിപ്പിചെടുത്തത് ബ്രിട്ടീഷുകാര്‍ തന്നെ, 1850 ല്‍  അന്നു ബൊംബേയില്‍ താവളമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കുവേണ്ടി, താനെ കളക്ടര്‍ ആയിരുന്ന മാലെറ്റ് സായ്‌വ് ധാരാളം വേനല്‍കാല വസതികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പണികഴിപ്പിച്ച് ജാമ്പോള്‍ കാടുകള്‍ക്ക് നടുവില്‍ ഈ ഹരിതശീതള പര്‍വ്വതം  സുഘവാസകേന്ദ്രമായി വികസിപ്പിചെടുത്തു. അര നൂറ്റാണ്ടിനുശേഷം 1907 ല്‍ സ്ര്‍ ആഡംജീ പ്രഭു നെരാളില്‍ നിന്നും ഇവിടേക്ക് മാഥേരാന്‍ ഹില്‍ റെയില്‍ സ്ഥാപിച്ചു.  ഇന്നു യുണസ്കൊ പൈത്രുക പട്ടികയില്‍ ഉടന്‍ തന്നെ കയറിപ്പറ്റാനുള്ള തയാറെടുപ്പിലാണു മാഥേരാന്‍ ഹില്‍ റെയില്‍ . കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് ഹരിത ഉദ്യാനമായി പ്രഘ്യാപിച്ചതിനെ തുടര്‍ന്ന് മാഥേരാന്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ റോഡില്‍ ഇന്ധനം ഉപയൊഗിച്ച് സഞ്ചരിക്കുന്ന ഏക വാഹനം ആമ്പുലന്‍സ് മാത്രം.  മറ്റൊരുവാഹനത്തിനും ദസ്തൂരി പോയിന്റ് എന്ന കവാടത്തിനപ്പുറം പ്രവേശനം ഇല്ല. മറ്റെല്ലാ ഗതാഗത ആവശ്യങ്ങള്‍ക്കും  റിക്ഷകളും കുതിരകളും തന്നെ ശരണം, ഇന്നു ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിന്റെയും ശാപമായ പരിസ്ഥിതി മലിനീകരണവും ഗതാഗതക്കുരുക്കും ഒഴിവായതിനൊപ്പം ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും ഒരു നൂറ്റാണ്‍ടു പിന്നില്‍ ഉള്ള കാലത്തേക്കു ചെന്നുപെട്ട അനുഭൂതി നല്‍കാനും ഇതുപകരിക്കുന്നു. (തീര്‍ച്ചയായും മെയിന്‍ മാര്‍ക്കെറ്റിനു ചുറ്റുമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു - നമ്മുടെ അച്ചുമ്മാമനെയും അദ്ദേഹത്തിന്റെ പൂച്ചകളേയും അങ്ങോട്ടൊന്നു വിട്ടാല്‍ മൂന്നാര്‍ മോഡലില്‍ ഇടിച്ചു നിരത്താന്‍ പറ്റിയേക്കും, അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനവും പ്രധമ പരിഗണന അര്‍ഹിക്കുന്നു.)‌

മുംബൈ നഗരത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്ററും പൂനയില്‍ നിന്ന് 120 കിലോമീറ്ററും അകലെ സമുദ്രനിരപ്പില്‍ നിന്നും 2300 അടി ഉയരത്തിലാണ് ഭാരതത്തിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനായ മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ സമശീതോഷ്ണ കാലാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ കനത്ത മഴയുള്ള ഓഗസ്റ്റ് സെപ്റ്റ്മ്പര്‍ മാസങ്ങള്‍ ഒഴികെ സന്ദര്‍ശക സീസണ്‍ ആണ്.

മഴ അല്‍പം ശമിച്ചിട്ടുണ്ടെന്നു തോന്നുന്നു, ഇനിയും കാത്തിരുന്നാല്‍ ചിലപ്പോള്‍ പട്ടിണി മരണം ഉറപ്പ്, കുതിരസവാരിക്കു ക്ഷണിക്കുന്ന കുതിരക്കാരില്‍നിന്നെല്ലാം ഒഴിഞ്ഞ് ഒരു നല്ല റെസ്റ്റോറന്റ് കണ്ടുപിടിച്ചു പക്ഷെ ഒരുകുഴപ്പം,  രാത്രിഭക്ഷണം 8 മണിക്കു ശേഷമെ വിളമ്പിത്തുടങ്ങുകയുള്ളു ഇവിടെ എല്ലാ റെസ്റ്റോറന്റ്റിലും അതാണ് പതിവ്, ഇനിയും ഒരു മണിക്കൂര്‍ കൂടെ കഴിയണം, പ്രധാന തെരുവില്‍ ഒന്നു ചുറ്റിയടിച്ച് വന്നു നിരത്തില്‍ നിറയെ യുവ മിധുനങ്ങള്‍, ഏറെപ്പേരെയും കണ്ടിട്ട് ഏതോ കൊളേജില്‍ നിന്നെത്തിയ സ്റ്റഡി ടൂര്‍ സംഘം ആണെന്നു തോന്നുന്നു, പലര്‍ക്കും പ്രണയാവേശം അണപൊട്ടി ഒഴുകുന്നോ ഏന്നു സംശയം. പ്രദേശം നിറയെ ധാരാളം കുരങ്ങന്മാര്‍ വിഹരിക്കുന്നുണ്ട് പല തരത്തിലും പ്രായത്തിലും ഉള്ളവ. ചുട്ട ചോളവും കടലമിഠായിയും ചെരുപ്പും വില്‍ക്കുന്ന ധാരാളം കടകള്‍, പാതയോരത്ത് ചെരുപ്പു വില്‍ക്കുന്നവരും സജീവമായുണ്ട്. വേഗം തന്നെ ഭക്ഷണം കഴിച്ച് തിരികെ റൂമിലെത്തി, ഇന്നെടുത്ത ഫോട്ടൊ എല്ലാം കോപ്പി ചെയ്ത് മാറ്റി ഉറങ്ങാന്‍ കിടന്നു, നാളെ ഒരു ദിവസം കൊണ്ട് പരമാവധി വ്യുപോയിന്റുകള്‍ സന്ദര്‍ശിക്കണം, രാവിലെ എണീറ്റ് യാത്ര തുടങ്ങുക എന്നതാണ് പ്രധാന വെല്ലുവിളി.



രാവിലെ റെഡിയായി ഇറങ്ങിയപ്പോളേക്കും 9 മണിയായി ഇന്നലെ അത്താഴം കഴിച്ച ഹോട്ടലില്‍ നിന്നു തന്നെ പ്രഭാതഭക്ഷണവും കഴിച്ച് നടപ്പ് തുടങ്ങി, കോടമഞ്ഞ് പൂര്‍ണമായും മാറിയിട്ടില്ല പേരറിയാത്ത എതാനും പോയിന്റ്കള്‍ പിന്നിട്ട് അലക്സ്സാണ്ടര്‍ പോയിന്റില്‍ എത്തി അവിടന്ന് രാംബാഗിലേക്ക്, ഇന്നലെ പെയ്ത മഴയൈല്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണുനിരത്തിയ നാട്ടുവഴികള്‍ ഇടക്കിടക്ക് കുതിരപ്പുറത്തേറിയ സഞ്ചാരികള്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്ന് പൊകുന്നുണ്ട്, കാട്ട്മരങ്ങള്‍ ഇട്തൂര്‍ന്ന് നില്‍കുന്നതിനാല്‍ അവിടവിടായി അരിച്ചെത്തുന്ന വെയില്‍ പാളികള്‍ കാണാന്‍ നല്ല ചന്തം, ജനകീയാസൂത്രണം മലയാള ഗ്രാമ വീധികളെ ടാര്‍ പൂശുന്നതിനു മുന്‍പുള്ളകാലത്തെ പുനസ്രുഷ്ടിച്ചപോലെ ഉണ്ട്.
















അവിടെനിന്നു രാംബാഗ്പോയിന്റ് ലക്ഷ്യം വച്ച് നടന്നു പലയിടത്തും വനത്തിനുള്ളില്‍ ഹെറിറ്റേജ് ഹോട്ടലുകളായി രൂപാന്തരം പ്രാപിച്ച പഴയ ആഗ്ലിക്കന്‍ ബംഗ്ലാവുകള്‍ കാണാം വന്‍ മരങ്ങള്‍ നിഴലിട്ട ചെമ്മണ്‍ ‍പാതയിലൂടെ ഏറെദൂരം നടന്നു Ecco point, Edward point, Cecil point, King George point, Loard point തുടങ്ങി എതാനും കുറേ വ്യൂപൊയിന്റുകളും സന്ദര്‍ശിച്ചു എല്ലായിടത്തും ക്യാമറ അത്യാവശ്യം ദ്രുശ്യങ്ങളും പകര്‍ത്തി. ഉച്ചയോടെ ഷാര്‍ലറ്റ് ലേകിനരില്‍ എത്തിയപ്പോള്‍ അതാ രസകരമായ ഒരു കാഴ്ച ഷാര്‍ലറ്റ് ലേകില്‍ നിന്നു വരുന്ന വെള്ളം ഒരു വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നതിന്റെ മുകളില്‍ വെള്ളത്തില്‍ കളിക്കുകയാണ് ഏതാനും യുവമിധുനങ്ങള്‍ അവരുടെ ബാഗ് പരിശോധിക്കുന്ന ഒരു കുരങ്ങച്ചാര്‍,




 ഇതാ മര്‍ക്കട സംഘത്തിലെ ഒരു സുന്ദരന്‍, മര്‍ക്കട സംഘത്തില്‍ അംഗബലം കൂടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവിടെനിന്ന് ഷാര്‍ലറ്റ് ലേക് പരിസരത്തേക്ക് നീങ്ങി,







ഇന്നലത്തെ മഴയുടെ പരിണിതഭലം.. വെള്ളം ആകെ കലങ്ങികിടക്കയാണ്. കുറച്ച് കഴിഞ്ഞ് വീണ്ടും അരുവിയില്‍ അല്‍പസമയം വെള്ളത്തില്‍, പാറയില്‍ ഒക്കെ വഴുക്കല്‍ ഉണ്ടെന്നതൊഴിച്ചാല്‍ അധികം വെള്ളവും ഒഴുക്കും ഒന്നും ഇല്ല. എങ്കിലും ആകാശം മേഘാവ്രുതമാകുന്നത് കണ്ട് ഉടനെ റൂമിലേക്ക് തിരികെ നടന്നു, മഴ പെയ്താല്‍ ആകെ ചളമായതു തന്നെ, ക്യാമറ നനയും എന്നതാണു എന്നെ അലട്ടുന്ന കാര്യം അല്ലെങ്കില്‍ ഇത്തിരി മഴ നനഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. 




മിക്കവാറും എല്ലവരും തന്നെ തിരികെ നടക്കുകയാണ് നടന്നുമടുത്തവര്‍ കുതിരപ്പുറത്ത് കയറി പോകുന്നു, ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു ധാരാളം ആളുകള്‍ പൊട്ടിയ ചെരുപ്പും കയ്യില്‍ തൂക്കിപ്പിടിച്ചാണ് നടപ്പ്, കല്ലും മണ്ണും ചരലും നിറഞ്ഞ ഈ മണ്‍പാതയില്‍ നഗരവാസികളുടെ ഫാഷന്‍ ചപ്പലുകള്‍ക്ക് അപമ്രുത്യുസംഭവിച്ചിരിക്കുന്നു, വെറുതേയല്ല മാര്‍ക്കെറ്റില്‍ ഇത്രയധികം ചെരുപ്പ് കച്ചവടക്കാര്‍.

റൂമില്‍ എതുന്നതിനു മുന്‍പേ മഴ ചാറിത്തുടങ്ങി, ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു, അവിടന്ന് ഒരു പ്ലാസ്റ്റിക് കവര്‍ സംഘടിപ്പിച്ച് ക്യാമറ പൊതിഞ്ഞെടുത്തു  മഴ അല്‍പ്പം കുറഞ്ഞപ്പോള്‍ ഓടി റൂമിലെത്തി, ഉച്ചക്കുശേഷം പനോരമ പോയിന്റും സമീപ പ്രദേശങ്ങളും കാണാന്‍ പോകാന്‍ പ്ലാന്‍ ചെയ്തിരുന്നത് തോരാത്ത മഴയില്‍ ഒലിച്ച് പോയി, കാറ്റിന്റെ അകമ്പടിയോടെ ഇലച്ചാര്‍ത്തുകളില്‍ തിമിര്‍ത്ത് പെയ്യുന്ന, കുളിരല നീട്ടി നമ്മെ പൊതിയുന്ന,  മണ്ണില്‍വീണലിഞ്ഞ് ചെറുചാലുകള്‍ തീര്‍ക്കുന്ന മഴ ആസ്വദിച്ച് ഇരുട്ട് പരക്കുവോളം ബാല്‍കണിയില്‍ ഇരുന്നു. മഴകുറഞ്ഞപ്പോള്‍ അത്താഴം കഴിക്കാന്‍ വേണ്ടി പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ മഴ ഞങ്ങളെ തിരികെ ഓടിച്ചു,  രാവേറെയാകുംവരെ മഴ പെയ്തുകൊണ്ടിരുന്നു.

രാവിലെതന്നെ റെഡിയായി  മടക്ക യാത്ര ആരംഭിച്ചു ഇന്നു ഹില്‍ ട്രൈനില്‍ പൊയാല്‍ ശരിയാവില്ല ഇങ്ങോട്ട് വന്നപ്പൊ സംഭവിച്ചപോലെ വൈകിയാല്‍ ഇന്നത്തെ യാത്രാ ക്രമം ആകെ തെറ്റും, കാര്‍ഗറില്‍ പോയി ഷിന്‍സിയുടെ കൂട്ടുകാരെ സന്ദര്‍ശിച്ചിട്ട് 5 മണി ആകുമ്പം വിമാനത്താവളത്തില്‍ എത്തണം, കുതിരപ്പുറത്ത് ദസ്തൂരി പോയിന്റ് വരെ പോകാം, അവിടന്ന് റ്റാക്സിയില്‍ നെരാള്‍ വരെ എത്താം എന്നു തീരുമാനിച്ചു, കുതിരക്കാരനെ വിളിച്ച് വിലപേശി ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ സഹധര്‍മ്മിണിക്ക് കുതിരപ്പുറത്ത് കയറാന്‍ ഭയം, നടന്നു പോയാല്‍ മതിയത്രെ, മഴപെയ്ത് കുഴഞ്ഞുകിടക്കുന്ന പാതയില്‍ ബാഗും തൂക്കി 3 കിലോമീറ്റര്‍ ന്‍ടക്കാനുള്ള ബുദ്ധിമുട്ട് ഒരുവിധം പറഞ്ഞ് മനസിലാക്കി കുതിരപ്പുറത്ത് കയറ്റി ഇരുത്തി, മറ്റൊന്നിന്റെ പുറത്ത് ഞാനും കയറി, ഇനി പോകാം....നസീര്‍ അഭിനയിച്ച പഴയ വടക്കന്‍ പാട്ട് സിനിമകളിലെ ഗാനങ്ങള്‍ പ്ശ്ചാത്തലത്തില്‍ അലയടിക്കുന്നോ... എന്നൊരു സംശയം.



എന്തായാലും രാജകീയമായിത്തന്നെ ദ്സ്തൂരി പോയിന്റില്‍ എത്തി.



ഇതു ദസ്തൂരി പോയിന്റൊ അതൊ മങ്കി പോയിന്റൊ എന്നു സംശയം തോന്നുന്ന തരത്തില്‍ കുരങ്ങന്മാരുടെ ഒരു പട തന്നെ അവിടെ തമ്പടിച്ചിട്ടുണ്ട്.

ഇന്നു സെന്‍ട്രല്‍ ലയിനില്‍ മെഗാ ബ്ലോക്കാണത്രെ - എന്നെപ്പോലെ മുംബൈ ലോക്കല്‍ ട്രൈന്‍ നെ പറ്റി കാര്യമായ വിവരം ഇല്ലാത്തവര്‍ മന‍സിലാക്കുക, സബര്‍ബന്‍ ട്രൈന്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും തിരക്ക് കുറവുള്ള ദിവസമായ ഞായറാഴ്ച അടിയന്തിര പ്രാധാന്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിശ്ചിത സ്റ്റേഷനുകള്‍ക്കിടയില്‍ നിശ്ചിത സമയത്തേക്ക് ഗതാഗതം നിര്‍ത്തിവെക്കുന്ന്തിനാണ് മെഗാ ബ്ലോക് എന്നു പറയുന്നത്. കേരളത്തില്‍ പ്രാദേശിക ഹര്‍ത്താല്‍ പോലെ ആണ് മുംബൈക്കാര്‍ക് മെഗാ ബ്ലോക്, എന്നാല്‍ റയിവേ ഇതു മുങ്കൂട്ടി പത്രങ്ങളില്‍ അറിയിക്കും എന്ന വ്യത്യാസം മാത്രം. - ഒരു ഷെയറിങ് റ്റാക്സിയില്‍ നെരാളിലേക്ക്.









 അവിടെ എത്തിയപ്പൊളേക്കും 10 മണി കഴിഞ്ഞു മെഗാ ബ്ലോക് തുടങ്ങി.
അവിടന്ന് കല്യാണ്‍ വരെ അടുത്ത റ്റാക്സി, കാടിന്റെ കുളിരില്‍നിന്നും താഴ്വാരത്തെ വയലേലകള്‍ പിന്നിട്ട് കല്യാണ്‍ വ്യവസായ മേഘലയുടെ തിരക്കിലേക്ക്, അടുത്ത ട്രൈനില്‍ താനേ, താനേയില്‍ എത്തിയപ്പോളേക്കും ഷിന്‍സി തളര്‍ന്ന് അവശയായി.




 ഒരു മുന്നൊരുക്കവും ഇല്ലാതെ കാടും മലയും ഒക്കെ താണ്ടി ഇതുപോലൊരു യാത്ര അവള്‍ ആദ്യമായാണ് പൊരാഞ്ഞിട്ട് ഇന്നു ഇതുവരെ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചിട്ടുമില്ല, അവിടന്ന് ഹാര്‍ബര്‍ ലയിനിലെ സാന്‍പടയിലേക്ക് അടുത്ത പന്‍വേല്‍ ട്രൈനില്‍ കാര്‍ഗര്‍ ഫ്ലാറ്റിലെത്തിയപ്പോള്‍ 2മണി. കുറച്ച് സമയം മാത്രം വിശ്രമിക്കാന്‍ കിട്ടി, നന്നായൊന്നു കുളിച്ച് ക്ഷീണമൊക്കെ മാറ്റി ഭക്ഷണവും കഴിച്ച് 4:30 നു വീണ്ടും വിമാനത്താവള‍ത്തിലേക്ക് പുറപ്പെട്ടു 8:20 നുള്ള ഫ്ലൈറ്റിനു തിരികെ ദുബായ്.

മാഥേരാന്‍........ ഈ ഓട്ടപ്രദക്ഷിണത്തില്‍ നിന്റെ സൗന്ദര്യം മതിയാവോളം നുകരാന്‍ സാധിച്ചില്ല, ഇനിയും വരും ഞങ്ങള്‍ നിന്നെ കൂടുതല്‍ അറിയാന്‍... നിന്റെ വിജന പാതകളില്‍ ഇന്നെലെകളെ തിരയാന്‍...