2012, മാർ 29

ആര്‍ജവം കാട്ടേണ്ടത് ആന്റണി

സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതായത്, അഴിമതിയുടെ കരി സൈന്യത്തിലും പുരണ്ടിട്ടുണ്ടെന്ന്. നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരമായാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ഗാമികള്‍ അത്തരം ഇടപാടുകള്‍ നടത്തിയിരുന്നതായി ഇടനിലക്കാര്‍ പറഞ്ഞതായും അദ്ദേഹം പറയുന്നു. സിംഗിന്റെ വെളിപ്പെടുത്തല്‍ വാസ്തവമാണോയെന്നു കണ്ടുപിടിക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ട്.



സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. വളരെ നല്ലത്. പക്ഷേ, അന്വേഷണം അലസതയില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും ആന്റണിക്കു സാധിക്കണം. ഭരണത്തിന്റെ സമസ്തമേഖലയിലും അഴിമതിയുടെ കറ പുരണ്ടതായ ആരോപണമാണ് യുപിഎ സര്‍ക്കാര്‍ നേരിടുന്നത്. ടു ജി സ്‌പെക്ട്രം അഴിമതിയുള്‍പ്പെടെ ഈ കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട അഴിമതിയാരോപണങ്ങള്‍ നിരവധിയാണ്. ഘടകകക്ഷികളുടെ തെറ്റായ ചെയ്തികളുടെ പേരില്‍ തങ്ങള്‍ പഴി കേള്‍ക്കുകയാണ് എന്ന ന്യായീകരണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ, കോണ്‍ഗ്രസ് തന്നെ നേരിട്ടു ഭരിക്കുന്ന വകുപ്പിലെ അഴിമതി പുറത്തുവരുന്നു.


മറ്റു മേഖലകളിലെ അഴിമതിയുമായി ഏറെ വ്യത്യാസമുള്ളതാണ് പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതി. ആയുധ ഇടപാടുകളിലടക്കം ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വകുപ്പാണത്. ബൊഫോഴ്‌സ് കേസും ശവപ്പെട്ടി വിവാദവും ഉള്‍പ്പെടെ എന്തെല്ലാം അഴിമതിക്കഥകള്‍ സൈന്യവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായി. ഭരിക്കുന്നത് ഏതു പാര്‍ട്ടിയെന്നു നോക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്നതാണ് വാസ്തവം. ഇതിനെല്ലാം അടിസ്ഥാന കാരണമാകുന്നത് രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്ന വലിയ തോതിലുള്ള അഴിമതി തന്നെ. നേതാക്കള്‍ കോടികളുടെ അഴിമതി നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിവരം പ്രതിരോധ മന്ത്രിയെ അറിയിച്ചിരുന്നതായാണ് വി.കെ സിംഗ് വെളിപ്പെടുത്തിയത്. അതായത്, ആദര്‍ശധീരനായ ആന്റണി സംഭവത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. അതു വാസ്തവമാണെങ്കില്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ വലിയ കഴമ്പൊന്നുമുണ്ടാവാന്‍ തരമില്ല.


ആന്റണിയെന്ന നേതാവ് അഴിമതി നടത്തിയെന്ന് പറയാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം നിരന്തരം ആരോപണങ്ങളെ നേരിടുന്നുണ്ടെന്ന സത്യം വിസ്മരിക്കാനുമാവില്ല. എക്കാലവും നേതൃത്വത്തോടു കൂറു പുലര്‍ത്തിയ പാരമ്പര്യമുളള ആന്റണിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.


ടു ജി സ്‌പെക്ട്രം കേസില്‍ രാജയെന്ന മന്ത്രിയെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്താനാണ് മന്‍മോഹന്‍സിംഗ് ശ്രമിച്ചത്. അഴിമതിക്കാരനായ രാജയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേടിലേക്ക് അദ്ദേഹം ചെന്നെത്തി. ബോഫോഴ്സ് കേസിലെ പ്രധാന ഇടനിലക്കാരനായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്രോചി അടക്കമുള്ളവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ട ചരിത്രം വിസ്മരിക്കാന്‍ സാധിക്കില്ല. അത്തരം ഉഡായിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂട.  സമാനമായ സാഹചര്യം ഇവിടെയുമുണ്ടാകുന്നുണ്ടോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബവാഴ്ചയും അപ്രമാദിത്വവും ആദര്‍ശധീരരായ നേതാക്കളെ വരെ ആരോപണങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.


ആന്റണിയുടെ പഴയ സ്വഭാവം അനുസരിച്ചാണെങ്കില്‍ അദ്ദേഹം ഇതിനോടകം മന്ത്രിക്കസേര വലിച്ചെറിഞ്ഞ് കേരളത്തിലെത്തിയേനെ. പക്ഷേ, അദ്ദേഹം ആ സ്വഭാവത്തില്‍ ഏറെ മാറ്റം വരുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്ന നിലയില്‍ വാണരുളുന്ന അദ്ദേഹത്തിന് പഴയതു പോലെ ആദര്‍ശം പറഞ്ഞ് സ്ഥാനം ത്യജിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. അടുത്ത ടേമില്‍ കുറേക്കൂടി ഉയര്‍ന്ന ഏതെങ്കിലും പദവിയിലേക്ക് എത്താനുള്ള അവസരം കളയേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു കാണാനുമാവില്ല.


 മറ്റു മേഖലകളില്‍ നടക്കുന്ന അഴിമതിയേക്കാള്‍ ഗുരുതരമാണ് സൈന്യത്തിലെ അഴിമതി. രാജ്യത്തിന്റെയാകെ സുരക്ഷിതത്വം കയ്യാളുന്ന സൈന്യത്തില്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുക എന്നതിനര്‍ത്ഥം രാജ്യത്തെ ജനങ്ങളെ ഒറ്റുക്കൊടുക്കുക എന്നതു തന്നെയാണ്. ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വാഹനങ്ങളുമായി രാജ്യ സുരക്ഷയ്ക്കിറങ്ങുന്ന സാധാരണ ജവാന്മാരുടെ ജീവനാണ് നഷ്ടമാവുക. മഞ്ഞും മഴയും വെയിലുമൊക്കെ അവഗണിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ ജീവന്‍ വച്ചുള്ള കളിയാണ് എയര്‍കണ്ടീഷന്‍ഡ് മുറികളിലിരിക്കുന്നവര്‍ ചെയ്യുന്നതെങ്കില്‍ അത്തരക്കാരെ വെറുതെ വിടരുത്.


വി.കെ സിംഗ് വാഗദത്ത കൈക്കൂലിയെക്കുറിച്ചാണ് പറഞ്ഞത്. പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതു പോലെയല്ല സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സേനയുടെ സമസ്തമേഖലയിലും ഇടനിലക്കാര്‍ കയറിയിറങ്ങുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയേ തീരൂ. അതിനുള്ള ആര്‍ജവം ആന്റണിക്കുണ്ടാവണം.

2012, മാർ 24

എമ്മെല്ലേയുടെ ആത്മഹത്യ, കാരണം സാമ്പത്തിക പ്രതിസന്ധി.



വാര്‍ത്ത

നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുവരെയുള്ളവരെയാണ്‌ നിയമിക്കുന്നത്‌. അത്‌ അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക്‌ പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക്‌ 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ്‌ ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.


ഒരു സാധാരണ പൗരന്റെ ആത്മഗതം.

പാവപ്പെട്ട പത്ര ഏജന്റുമാര്‍ കമ്മീഷനും അലവന്‍സും വര്‍ധിപ്പിക്കാന്‍ വേണ്ടി മാസങ്ങളായി ആവശ്യപ്പെടുന്നു, ആരും ഗൗനിക്കാത്തതിനേതുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പ്രത്യക്ഷ സമരത്തിലാണ്. അവര്‍ക്കുവേണ്ടി പത്രമുതലാളിമാരോട് സംസാരിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഒരു എമ്മെല്ലേയ്ക്കും സമയമില്ല. അത് കണ്ടില്ലെന്നു നടിച്ച് ഇപ്പോള്‍ തന്നെ അരലക്ഷത്തിനു മുകളില്‍ ലഭിക്കുന്ന അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും,അതിനു മുകളില്‍ വീണ്ടും എന്തെല്ലാം അലവന്‍സുകള്‍ കൂട്ടിച്ചേര്‍ക്കാമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത ബില്ല് പാസക്കാന്‍ എന്തൊരു വേഗം, എന്തൊരു ഒത്തൊരുമ.


മുല്ലപ്പെരിയാര്‍ ദുരന്ത മുന്നറിയിപ്പ്, നേഴ്സുമാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനുള്ള നടപടി,മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയല്‍, കുറ്റവാളികളെ പിടികൂടി കൃത്യമായ തെളിവുകളോടെ ശിക്ഷ ഉറപ്പുവരുത്തല്‍,  കുടിവെള്ള വിതരണം സംബന്ധിച്ച തീരുമാനങ്ങള്‍, നഗര മാലിന്യ നിര്‍മാര്‍ജനം, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം, വ്യാജ മരുന്നുകള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം, വിലക്കയറ്റം, നഗരങ്ങളിലെ ഗതാഗത / പാര്‍ക്കിങ് പ്രശ്നങ്ങള്‍, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മ, ഗ്രാമ പ്രദേശങ്ങളിലെ വോള്‍ടേജ് ക്ഷാമം, തുടങ്ങി അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ മാറ്റിവെച്ച് നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും പാസാക്കുവാന്‍ തക്കവണ്ണം എന്ത് അടിയന്തിര പ്രാധാന്യമാണ് അതിനുള്ളത്?

കൃഷി നശിച്ച് കടം പെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരേക്കാള്‍ പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലാണോ കേരളത്തിലെ എമ്മെല്ലേമാര്‍?


നാമമാത്രമായി വിതരണം ചെയ്യുന്ന വികലാംഗ,കര്‍ഷകത്തൊഴിലാളി, വിധവാ പെന്‍ഷനുകള്‍ വ്ര്‍ധിപ്പിക്കുവാനും അവ കൃത്യമായി വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുവാനും കൂടി നമ്മുടെ ജനപ്രതിനിധികള്‍ ഈ ഉല്‍സാഹവും ഒത്തൊരുമയും പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

2012, മാർ 20

തളര്‍ച്ചയിലേക്കു നയിക്കുന്ന ബജറ്റ്

വിവിധ രംഗങ്ങളില്‍ കുത്തനെയുള്ള വിലക്കയറ്റത്തിനു വഴിതുറക്കുകയും, അതേസമയം, തൊഴില്‍രഹിതരുടെ ജീവിത സ്വപ്‌നങ്ങള്‍ക്കു കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ധനമന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് എന്നു പറയേണ്ടിയിരിക്കുന്നു.


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസാക്കി ഉയര്‍ത്തിയ നടപടിയിലൂടെ സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ അധിക്ഷേപിക്കുകയാണു സര്‍്ക്കാര്‍ ചെയ്തത്. 55 വയസില്‍ പെന്‍ഷന്‍ പറ്റി പിരിയുന്നവരുടെ ഒഴിവിലേക്ക് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന്് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് സര്‍ക്കാര്‍ ചവിട്ടിയരച്ചത്. പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണു ബജറ്റ്. സര്‍ക്കാരേതര മേഖലകളിലും തൊഴില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളില്ല. അതേസമയം തന്നെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത്.


സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറുന്നതോടെ പണിയെടുക്കാതെ ശമ്പളം കൈപ്പറ്റുക, ആവശ്യത്തിനു കൈക്കൂലി വാങ്ങുക എന്നി നേട്ടങ്ങള്‍ ഏറെക്കാലമായി അനുഭവിച്ചു വരുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി അതിനുള്ള അവസരം നല്‍കിക്കൊണ്ട് മന്ത്രി മാണി നടത്തിയ ബജറ്റ് പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ മുഖത്തുള്ള അടി തന്നെയാണ്. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലൂടെ അസംഘടിതരായ തൊഴില്‍രഹിതരെ സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ലെന്നു വ്യക്തമാകുന്നു.


വിദ്യാഭ്യാസ മേഖലയിലും ഗുണപരമായ നിര്‍ദേശങ്ങളൊന്നും ഇല്ല. വിവിധ മേഖലകളിലെ നികുതി വര്‍ധിപ്പിച്ചതിലൂടെ കടുത്ത വിലക്കയറ്റത്തിനുള്ള പശ്ചാത്തലമൊരുക്കുകയാണു ചെയ്തിരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിനു മേല്‍ പുതിയ ഭാരം കെട്ടിയേല്‍പ്പിച്ചുള്ള ബജറ്റാണ് മാണിയുടെ പത്താം ബജറ്റെന്നത് തികച്ചും ഖേദകരം തന്നെ. വാഹനങ്ങളുടെ റോഡ് ടാക്‌സ് വര്‍ധനയുടെ പരിണതഫലം വിലക്കയറ്റമാകും. അതു മനസിലാക്കാന്‍ സാമ്പത്തിക വിദഗ്ധരാകേണ്ട ആവശ്യമില്ല. കണക്കുകളുടെ കളികളിലൂടെയല്ല ജനങ്ങളുടെ ജീവിതം മുന്നേറുന്നതെന്ന് മനസിലാക്കാന്‍ പരിണതപ്രജ്ഞനെന്നു നടിക്കുന്ന മാണിക്കു സാധിച്ചില്ല.


കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, സേവന തീരുവകളില്‍ വരുത്തിയ വര്‍ധന തന്നെ വിലക്കയറ്റത്തിലേക്കുള്ള വഴിയാണു തുറന്നത്. അതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അടിയേല്‍ക്കേണ്ട അവസ്ഥയായി കേരളീയര്‍ക്ക്. കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും സംസ്ഥാന ബജറ്റെന്ന പ്രതീക്ഷയാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. വാറ്റിലുണ്ടാക്കിയ വര്‍ധനയിലൂടെ മിക്ക സാധനങ്ങളുടെയും വില കൂടുമെന്നു തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കും സാധിക്കും. വിവിധ ഉത്പാദന മേഖലകളിലുണ്ടാകുന്ന നികുതി വര്‍ധന സാധനവിലയുടെ രൂപത്തില്‍ ജനങ്ങളിലേക്കാകും നേരിട്ടെത്തുക. അതിലൂടെ ജനജീവിതം കൂടുതല്‍ ദുരിതമയമാവുകയേയുള്ളൂ.


ജില്ലാ ആസ്ഥാനങ്ങളില്‍ ഹെലികോപ്ടറുകള്‍ ഇറക്കിയാല്‍ പരിഹരിക്കാവുന്നതല്ല പട്ടിണിക്കാരന്റെ വിശപ്പ്. മാണിയെപ്പോലുള്ള നേതാക്കള്‍ക്ക് വീട്ടുമുറ്റത്ത് ഹെലികോപ്ടറിറക്കുന്നതിലാകും താത്പര്യം. കുണ്ടും കുഴിയുമായിക്കിടക്കുന്ന സംസ്ഥാനത്തെ വാണിജ്യ പാതകളിലൂടെ സഞ്ചരിക്കാതെ ബന്ധുക്കള്‍ നടത്തുന്ന പഞ്ച നക്ഷത്ര റിസോര്‍ട്ടുകളില്‍ താമസക്കാരെ എത്തിക്കാന്‍ എളുപ്പമാകുമല്ലോ? പക്ഷേ, കോടികള്‍ കണ്ടിട്ടു പോലുമില്ലാത്ത ഇവിടുത്തെ സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുറയുകയാണ് ആവശ്യം. അതു മനസിലാക്കാന്‍ സാധിക്കാത്ത സമ്പന്നരുടെ ബജറ്റാണ്  അവതരിപ്പിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍. അതെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെടാതെ അവതരിപ്പിച്ച ബജറ്റിലൂടെ സര്‍ക്കാര്‍ ആരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മാത്രം മനസിലാവുന്നില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ പോലും ഒരൊറ്റ പദ്ധതിയില്ലാതെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചത് എന്തുതരം വികസനക്കുതിപ്പാണ് നാടിനു നല്‍കുക ?


കാര്‍ഷിക മേഖലയില്‍ കനത്ത തളര്‍ച്ചയാണുണ്ടായിരിക്കുന്നതെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ലെന്നതാണു വാസ്തവം. ഹൈടെക് രീതിയിലുള്ള കൃഷിയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് അത് ആശ്വാസം പകരുന്നതേയില്ല. കടക്കെണിയിലായ കര്‍ഷകരെ കൈപിടിച്ചു സഹായിക്കേണ്ട സര്‍ക്കാര്‍ അവര്‍ക്കു മുന്നില്‍ നവീന സാങ്കേതിക വിദ്യയെക്കുറിച്ചു പ്രഭാഷണം നടത്തിയിരിക്കുന്നു.  ഫേസ്ബുക്കില്‍ ഫാംവില്ലി കളിച്ചാല്‍ കര്‍ഷകര്‍ക്കു മികച്ച വിളവ് ലഭിക്കുമോ? മികച്ച വിപണി വില ലഭിക്കുമോ? കയറ്റുമതി വര്‍ധിക്കുമോ? പശ്ചാത്തലമേഖലയെ സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും ബജറ്റിലുണ്ട്. പരിധി വിട്ടുള്ള സ്വകാര്യവത്കരണം നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട് കാര്യങ്ങളെല്ലാം പാടെ വിസ്മരിച്ചതായി ബജറ്റിന്റെ ഒറ്റനോട്ടത്തിലുള്ള വിശകലനത്തില്‍ കാണാന്‍ സാധിക്കും. സമസ്തമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും സ്വകാര്യമേഖലയ്ക്ക് കടന്നു കയറാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന അപകടകരമായ നയസമീപനം കേരളത്തെ എവിടെയാണു കൊണ്ടുചെന്നെത്തിക്കുക എന്ന് സര്‍ക്കാര്‍ ആലോചിക്കണം.


കോടിക്കണക്കായ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലെ മാലിന്യ സംസ്കരണത്തിന് അഞ്ചു കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. അതിലും എത്രയോ ഇരട്ടി വരുമാനം സര്‍ക്കാരിന് ഓരോ വര്‍ഷവും നേടിത്തരുന്ന തീര്‍ത്ഥാടനകേന്ദ്രമാണു ശബരിമല. അവിടത്തെ അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് സര്‍ക്കാര്‍ പാലിക്കുന്ന മൗനം പ്രതിഷേധാര്‍ഹം തന്നെ.


ഇന്നലെ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ അതു മാധ്യമങ്ങള്‍ക്കു ലഭിച്ചതും തികച്ചും തെറ്റായിപ്പോയി. പ്രതിപക്ഷം ഇതേച്ചൊല്ലി ബഹളമുണ്ടാക്കിയതിനെ തെറ്റാണെന്നു വിശേഷിപ്പിക്കാനാവില്ല. ഇന്നലെ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ തലേന്നു തന്നെ പത്രങ്ങളില്‍ വന്നു എന്നത് രാഷ്ട്രീയക്കാരുടെ പ്രശസ്തിക്കു വേണ്ടിയുള്ള കുതന്ത്രം മാത്രമാണെന്നു കരുതാം. അതേ സമയം ബജറ്റിന്റെ ഉള്ളടക്കം തല്‍പര കക്ഷികളായ വാണിജ്യ കേന്ദ്രങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയിട്ടുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നങ്ങള്‍ ചെറുതായി കാണാവുന്നതല്ല, പ്രത്യേകിച്ചും നികുതി നിരക്കുകള്‍ വ്യാപകമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉല്‍ക്കൊള്ളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റിന്റെ ഉള്ളടക്കം  അത് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ ചോര്‍ന്നുകിട്ടിയിട്ടുള്ള വന്‍‌കിട കുത്തക വ്യാപാരികള്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് പരമാവധി സ്റ്റോക്ക് സംഭരിച്ച് പൂഴ്ത്തി വച്ചുകൊണ്ട് തങ്ങള്‍ക്ക് ലഭിച്ച "ക്ലൂ" നന്നായി മുതലെടുത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഏതായാലും വളരെ നിസാരമായ കുറേ ആനുകൂല്യങ്ങള്‍ പ്രത്യക്ഷത്തില്‍ കാണാമെങ്കിലും, പൊതുവില്‍ കേരള ബജറ്റിന്റെ ആകെത്തുക വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിക്കുക എന്നതു തന്നെ ആയിരിക്കും.  സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്ന കുറേ നല്ല കാര്യങ്ങളുണ്ട്. അത്തരം പ്രതീക്ഷകള്‍ ഇനിയും വച്ചു പുലര്‍ത്തേണ്ടതില്ല എന്നതിന്റെ തെളിവായി ഈ ബജറ്റിനെ വിലയിരുത്താം.

2012, മാർ 10

പ്രതിബദ്ധത

പിറവത്ത് ജനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ യൂഡിയെഫ് നെയ്യാറ്റിങ്കരയിലെ വിഭാഗീയനെ വിലയ്ക്കെട്ത്തുകൊണ്ട് ദുര്‍ഭരണം നിലനിര്‍ത്താന്‍ നാണം കെട്ട മറ്റൊരു കളി കൂടി പുറത്തെടുത്തിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനും കച്ചവട താത്പര്യങ്ങള്‍ക്കുമെല്ലാം ഉപരിയായി ജനക്ഷേമത്തെ കണ്ടിരുന്ന നേതാക്കളുടെ തലമുറ കൊഴിഞ്ഞു പോയി എന്നതിന്റെ ഉത്തമോദാഹരണമാണ് ഇന്നലെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിന്റെ രാജി.


അതിലൂടെ പിറവത്ത് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണ രംഗത്ത് ഇടതുപക്ഷം നേടിയ മേല്‍ക്കൈ വാത്തയാകുന്നതിനു തടയിടാനും ചര്‍ച്ചകള്‍ വഴിമാറ്റിക്കൊണ്ട് ജനവികാരം മൂടിവെക്കുവാനും, പണംവും മദ്യവും വിതരണം ചെയ്ത് വോട്ട് പിടിക്കാനുള്ള ശ്രമം നടക്കുന്നു എന്ന തോമസ് ഐസക്കിന്റെ ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും  യൂഡിയെഫ് നേതാക്കള്‍ക്കും മനോരമാദി മാധ്യമങ്ങള്‍ക്കും സാധിച്ചു.


പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയെന്ന നിലയില്‍ സഹതാപം ആര്‍ജിക്കാമെന്നു കരുതിയായിരിക്കണം അദ്ദേഹം രാജി വച്ചത്. അതേസമയം  പണത്തിനോ സമാനമായ മറ്റെന്തെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദനായി വലതു പാളയത്തിലേക്ക് നേരിട്ട് പോയാല്‍ കൂറുമാറ്റ നിയമ പരിധിയില്‍ പെടും എന്നു മനസിലാക്കാന്‍ ശെല്‍വരാജിനോ ഈ നാടകം സംവിധാനം ചെയ്ത ധര്‍മപുത്രന്മാര്‍ക്കോ കാഴ്ചക്കാര്‍ മാത്രമായി പോയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ അധികം തലപുകക്കേണ്ട ആവശ്യമില്ല.


ഇത്തരം രാഷ്ട്രീയ നാടകങ്ങളേക്കാള്‍ എത്രയോ മുകളിലാണ് ജനങ്ങളുടെ ജീവിതം. അതു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടയാളായിരുന്നു ശെല്‍‌വരാജ്. അതിനു പകരം, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാജിവച്ചതിലൂടെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിരയായി നിന്നു വോട്ടു ചെയ്തു തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധിയില്‍ നിന്നു പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതിന്റെയെല്ലാം തകര്‍ച്ചയാണ് ഇവിടെ കാണുന്നത്.


ജനപ്രതിനിധിയുടെ അന്തിമമായ കൂറ് ജനങ്ങളോടായിരിക്കണം. പാര്‍ട്ടിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് അവിടെയാണു തീര്‍ക്കേണ്ടത്. രാജി വെക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നതു സത്യം. എന്നാല്‍, അതിനു കാതലായ കാരണമുണ്ടാകണം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പ്രതിനിധി ആക്കിയില്ല എന്നത് നിയമസഭാംഗത്വം രാജി വെക്കാന്‍ തക്ക കാരണമാണ്  എന്നു വിശ്വസിക്കുന്നവരല്ല കേരളീയര്‍. അതു മനസിലാക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും സാധിക്കണം. ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ചു പോലും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാണോ നമ്മുടെ ജനപ്രതിനിധികളെന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നു. തെരഞ്ഞെടുപ്പു നടത്തുന്നതിന് ഇടയ്ക്കിടെ അവസരമൊരുക്കുന്നതിലൂടെ നാടിന്റെ ഖജനാവു തന്നെയാണ് ചോരുന്നത്. സര്‍ക്കാരിന്റെ പണം എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ പണമാണ്. നികുതിയായും മറ്റും സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പണം തോന്നിയതു പോലെ ചെലവാക്കുന്ന സര്‍ക്കാര്‍ ശൈലി തന്നെ വിമര്‍ശനവിധേയമാണ്. അതിനിടയിലാണ് അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തയച്ച ജനപ്രതിനിധി പണത്തിനോ  പ്രലോഭനങ്ങള്‍ക്കോ വശംവദനായി  രാജിവെക്കലിലൂടെ അധികഭാരം കെട്ടിയേല്‍പ്പിക്കുന്നത്.


ധാര്‍മികമായും നൈതികമായും ഇത്തരം രാജികള്‍ ജനാധിപത്യത്തിനു ഭൂഷണമല്ല. എന്തു കാരണത്തിന്റെ പേരിലായാലും ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നതിനു കൂട്ടു നില്‍ക്കുന്നത് പൊതുപ്രവര്‍ത്തകര്‍ക്കു ഭൂഷണമല്ല. ശെല്‍വരാജിന് തന്റെ പരാതി പാര്‍ട്ടിയോടു പറയാമായിരുന്നു. പാര്‍ട്ടി സമ്മേളനത്തിനു പ്രതിനിധിയാക്കിയില്ലെന്ന കാരണം പറഞ്ഞ് ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തം നിസാരമായി തള്ളിക്കളയുന്നത് ശരിയല്ല. ഓരോ ജനപ്രതിനിധിയെയും തെരഞ്ഞെടുക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഓരോ വിജയവും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരിയായി നിന്ന് വോട്ടു ചെയ്യുക എന്നത് ജനങ്ങളുടെ കര്‍ത്തവ്യമാണെന്നും, ജയിച്ചു കഴിഞ്ഞാല്‍ അവരെ പരിഗണിക്കേണ്ടതില്ലെന്നും നേതാക്കള്‍ക്കു തോന്നലുണ്ട്. ഇവിടെ നടക്കുന്നതും അതു തന്നെ. ജനങ്ങളുമായി എന്തെങ്കിലും ബന്ധം പുലര്‍ത്താത്ത ജനപ്രതിനിധികള്‍ ഇവിടെയുണ്ട്. അവരും മാസം തോറും സര്‍ക്കാരില്‍ നിന്നു പണം കൈപ്പറ്റുന്നു.


രാജി വെച്ചു പോകുന്നവര്‍ രാജിക്കുള്ള പ്രതിഭലമായി കിട്ടിയെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന വന്‍‌തുകയില്‍നിന്നും ഒരു ചെറിയ ഓഹരി മാറ്റിവെച്ച്, ജനപ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നുംഇതേവരെ കൈപ്പറ്റിയ തുക കൂടി തിരിച്ചടയ്ക്കുന്നതാണു മാന്യത. അതിനു തയാറല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നിയമനിര്‍മാണം നടത്തേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള കടമ നിറവേറ്റാത്ത ജനപ്രതിനിധികളുടെയെല്ലാം സ്വത്തുക്കള്‍ ഈ വിധത്തില്‍ കണ്ടുകെട്ടുമെന്നു വന്നാല്‍ മാത്രമേ ഇത്തരം ധിക്കാരങ്ങള്‍ അവസാനിക്കൂ.


ജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുകയെന്ന ഉദാത്തമായ സങ്കല്പത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചില നേതാക്കള്‍. അക്കൂട്ടത്തിലേക്ക് ഇത്തരം രാജിനാടകങ്ങള്‍ കൂടിയാകുമ്പോള്‍ ജനങ്ങള്‍ അന്തിച്ചു നില്‍ക്കേണ്ടി വരുന്നു. നെയ്യാറ്റിന്‍കരയിലെ എംഎല്‍എ രാജി വച്ചാല്‍ നാടു തകരുകയൊന്നുമില്ല. പക്ഷേ, അവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യം കാണാതിരുന്നുകൂടാ. അങ്ങനെ വരുമ്പോള്‍ എത്രയെത്ര ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അത് എവിടെ നിന്നു കണ്ടെത്തും? ജനങ്ങളുടെ നികുതിപ്പണം ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ?


പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് അവിടെ നിന്നുള്ള ജനപ്രതിനിധി മരിച്ച കാരണത്താലാണ്. അതില്‍ തെറ്റു പറയാനാവില്ല. മരണം ആരും കരുതിക്കൂട്ടി വരുത്തി വെക്കുന്നതല്ല. പക്ഷേ, ജനങ്ങളുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തോന്നുമ്പോഴൊക്കെ സ്ഥാനത്യാഗം നടത്തുന്ന രീതി ആര്‍ക്കു വേണ്ടിയാണ്? പാര്‍ട്ടിയില്‍ എന്തെങ്കിലും പരിഗണന ഇല്ലാത്ത വ്യക്തിയായിരുന്നെങ്കില്‍ അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമായിരുന്നില്ലല്ലോ. അതെങ്കില്‍ ഓര്‍മിക്കാമായിരുന്നു. എംഎല്‍എയോ എംപിയോ ആകുന്നതോടെ ജനങ്ങള്‍ക്കു മീതേയാണ് തങ്ങളുടെ സ്ഥാനമെന്നു കരുതുന്ന ജനപ്രതിനിധികളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്നതാണു വാസ്തവം. തികച്ചും ജനവിരുദ്ധമെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തുവന്ന വന്‍ അഴിമതികളിലൂടെ ഭരണകര്‍ത്താക്കള്‍ കൈക്കലാക്കിയ പൊതുമുതല്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അധികാരം നില നിര്‍ത്തുന്നതിനാവശ്യമായ പ്രീണന നടപടികള്‍ക്കും കൂടി ഉപയോഗപ്പെടുത്തുന്നു എന്നത് സംശയലേശമന്യെ ഉറപ്പിക്കുന്ന സംഭവമായി ശെല്‍‌വരാജിന്റെ രാജി നാടകം


സ്വന്തം അധികാര കസേര സം‌രക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തരം താണ കുതിരക്കച്ചവടങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ പൊതുജനം നിലവിലുള്ള ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അവിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു.


തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ചില ഉപാധികള്‍ക്കു വിധേയരായിരിക്കണമെന്നതിന്റെ സൂചനയാണ് ഇത്തരം നീക്കങ്ങള്‍. അടിയന്തരമായി നിയമഭേദഗതിയിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം അനാവശ്യ സാമ്പത്തിക ഭാരങ്ങള്‍ ഒഴിവാക്കിയേ തീരൂ.
 

2012, മാർ 7

പൊളിഞ്ഞു പോയത് രാഹുല്‍ മാജിക്

രാഹുല്‍ ഗാന്ധിയും സംഘവും രണ്ടു വര്‍ഷത്തോളമായി യുപിയില്‍ ക്യാമ്പു ചെയ്തു പരിശ്രമിച്ചത് ഈ മോശം ഫലത്തിനു വേണ്ടിയായിരുന്നില്ല. പക്ഷേ, ജനം രാഹുലിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയോ കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ ചെയ്തില്ല. രാഹുല്‍ മാജിക് വെറും റോഡ് ഷോ മാത്രമായി മാറുകയും ചെയ്തു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് പ്രതിഫലിച്ചത്.


പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ന്നതിനും കാരണം യുപിഎ സര്‍ക്കാരിന്റെ മങ്ങിയ പ്രതിഛായ തന്നെ. യുപിയില്‍ 2007ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം നേട്ടമെന്നാണ് കോണ്‍ഗ്രസ് ആശ്വസിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ ഇവിടെ 22 മണ്ഡലങ്ങളില്‍ ജയിച്ചിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയത്ര സീറ്റുകള്‍ പോര.


രാഹുലിന്റെ സംഘടനാ പുനഃസംവിധാനവും ഹൈടെക് പ്രചാരണവും ജനങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നു. ഭാവി പ്രധാനമന്ത്രിയായി രാഹുലിനെ ഉയര്‍ത്തിക്കാണി്ക്കാന്‍ ഇനി പാര്‍ട്ടി വേഗം മുതിര്‍ന്നേക്കില്ല.


ടുജി അടക്കമുള്ള വന്‍ അഴിമതികളുടെ ഘോഷയാത്രയായിരുന്നു 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ കണ്ടത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിരവധി പദ്ധതികള്‍ കൊണ്ടുവന്ന ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാം യുപിഎ രണ്ടാം സര്‍ക്കാരിന്റെ സ്ഥിതി. അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കൂടിയായി ഇതു മാറി.  ഉത്തര്‍പ്രദേശില്‍ മായാവതിയുടെ തന്നിഷ്ട  ഭരണത്തിനും അഴിമതിക്കുമെതിരായ ശക്തമായ ജനവികാരമുണ്ടായിരുന്നു. പഞ്ചാബില്‍ അകാലി-ബിജെപി സഖ്യ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിന് സംഘടനാപരമായ കാരണങ്ങളുണ്ടെങ്കിലും അവരല്ല പകരം വരേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചു.


രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത യുപിഎ സര്‍ക്കാരിന്റെ നടപടി കാര്‍ഷിക സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗോവയിലും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയാണ് ജനവിധി. ബിജെപിയെ ജനം വരിച്ചത് അവരോടുള്ള താല്‍പര്യം കൊണ്ടോ അതോ കോണ്‍ഗ്രസിന്റെ വീഴ്ച മൂലമോ എന്നാണ് വ്യക്തമാകേണ്ടത്. മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസിക്കാനുള്ളത്. പക്ഷേ, യുപിയിലെയും പഞ്ചാബിലെയും നഷ്ടത്തിന് അതു പകരമാകുന്നേയില്ല.

കൂനിന്മേല്‍ കുരു:

അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. ലിറ്ററിന്‌ അഞ്ചുരൂപ വര്‍ധിപ്പിക്കാനാണു നീക്കം.


കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത്, കേരളഭൂഷണം

2012, മാർ 5

പകപോക്കലിലുമുണ്ടാകണം നീതിബോധം

രാഷ്ട്രീയത്തില്‍ പരസ്പരം പകയും വൈരാഗ്യവുമൊക്കെയുണ്ടാവുക സ്വാഭാവികം. എന്നാല്‍, അത്തരം പകപോക്കലുകള്‍ക്ക് നീതിയുടെ പരിവേഷമെങ്കിലുമുണ്ടാവണം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരേയുള്ള സര്‍ക്കാരിന്റെ തിടുക്കപ്പെട്ട നടപടികള്‍ അല്പം അനീതിയാണെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.


ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐസിടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് നിയമസഭാസമിതി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്ത വന്നിരുന്നു. അന്വേഷണത്തിന്റെ വിശ്വാസ്യതയെയോ ന്യായാന്യായങ്ങളെയോ കുറിച്ചല്ല ഇവിടെ ചിന്തിക്കേണ്ടത്. എട്ടാം തീയതി മാത്രം സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനിരിക്കുന്ന ഒരു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അതിനും വളരെ മുമ്പേ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തി എന്നത് തികച്ചും അനുചിതമായ രാഷ്ട്രീയ തന്ത്രമായിപ്പോയി എന്നു പറയാതിരിക്കാനാവില്ല.


അന്വേഷണത്തിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുന്നതും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമാണ് സാമാന്യേനയുള്ള രീതി. അതിനു വിരുദ്ധമായി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിഎസിന്റെ ആവശ്യം തികച്ചും ന്യായം തന്നെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, അതിനുമുണ്ടാവണം സ്വാഭാവിക നീതിയുടെ മുഖം. പകപോക്കലിന് അനീതിയുടെ ഭാവമുണ്ടായിക്കൂടാ. ഇവിടെ സംഭവിക്കുന്നത് അതാണ്.


റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതിനു പിന്നാലെ അരുണ്‍കുമാറിനെതിരേ നടപടിയുമുണ്ടായി. ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായ അദ്ദേഹത്തില്‍ നിന്ന് ഐടി വിഭാഗത്തിന്റെ ചുമതല എടുത്തു മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഐടി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. എട്ടാം തീയതി സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരുന്നു നടപടിയെങ്കില്‍ ആരും കുറ്റപ്പെടുത്തുമായിരുന്നില്ല. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അനര്‍ഹമായാണ് അരുണ്‍കുമാര്‍ സ്ഥാനങ്ങള്‍ നേടിയതെങ്കില്‍ അത് തിരുത്തപ്പെടേണ്ടതു തന്നെ. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. പക്ഷേ, ഈ തിടുക്കം വേണ്ടായിരുന്നു.


നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ തിടുക്കപ്പെട്ടു സ്വീകരിച്ച നടപടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭാതലത്തിലുണ്ടാക്കിയേക്കാവുന്ന അസ്വാരസ്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരുന്നു. ജനോപകാരപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപ്പാക്കാനും വേണ്ടി ചേരുന്ന നിയമസഭയുടെ അന്തരീക്ഷം രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കു വഴിമാറുകയെന്ന പതിവ് ഇത്തവണയെങ്കിലും ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. അതിനിടയിലാണ് പുതിയ വിവാദം ഉയരുന്നത്. ഇതോടെ ഈ സമ്മേളനവും ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംയുക്തമായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതെല്ലാം മാറ്റിവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പോര്‍വിളികളും പ്രസ്താവനകളും ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക? ഏതായാലും ജനങ്ങള്‍ക്കല്ല. നേതാക്കള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ടാകാം. അതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമസഭയെ ദുരുപയോഗം ചെയ്യരുത്.


വിഎസിന്റെ മകനെതിരായ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതിനര്‍ത്ഥം വിഎസിനെ എതിര്‍ക്കാന്‍ മകനെ ബലിയാടാക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചു എന്നു തന്നെയാണ്. അതാണ് ശരിയല്ലാത്ത മാര്‍ഗം. വിഎസോ എംഎ ബേബിയോ ക്രമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടിലുണ്ടാവും. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുമെടുക്കാം. അതാണ് അന്തസുള്ള രീതി.


അഴിമതിക്കാരനായ തങ്ങളുടെ പ്രിയ നേതാവിനെ ജയിലില്‍ അടക്കുവാന്‍ കാരണക്കാരനായ വീയെസിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതും തിടുക്കപ്പെട്ടു നടപടിയെടുത്തതുമെന്നു കരുതേണ്ടിയിരിക്കുന്നു. വിഎസ്  ഒരിക്കലും എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ചല്ല കോടതികളിലേക്കു പോയത്. ഭരണത്തിലിരിക്കെ ചെയ്ത അഴിമതിയെക്കുറിച്ച് അന്വേഷണമുണ്ടാവുമ്പോള്‍ വേവലാതിയുണ്ടാവുക സ്വാഭാവികം. ഭരണകാലം എത്ര വര്‍ഷം മുമ്പ് എന്നത് ചെയ്ത തെറ്റിനുള്ള ന്യായീകരണമേയല്ല. ജയിലില്‍ പോകേണ്ടവര്‍ പോവുക തന്നെ വേണം.



ഇവരാരും മൂലധനം മുടക്കിയല്ല രാഷ്ട്രീയത്തിലിറങ്ങിയതും മന്ത്രിമാരായതും. ജനങ്ങള്‍ക്കു മുന്നില്‍ പ്രസംഗിച്ചും അണികളെ പിടിച്ചു നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞും മാത്രം അധികാരം പിടിച്ചെടുത്തവര്‍ അവിടെയിരുന്ന് നടത്തുന്ന കൊള്ളകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയക്കാരനായതുകൊണ്ടു മാത്രം അദ്ദേഹത്തിന് അഴിമതിക്കെതിരേ പോരാടാനുള്ള അവകാശമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതു ചോദ്യം ചെയ്യാനും ഇവിടുത്തെ ഓരോ പൗരനും അവകാശമുണ്ട്.


ജയിലിലേക്ക് കോടതി ശിക്ഷിച്ചയയ്ക്കുന്നവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുന്ന രാഷ്ട്രീയമാണ് നിലവിലുള്ളത്. ഇത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങള്‍ക്കും എതിരു തന്നെ. കുറ്റക്കാരെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുന്നവര്‍ക്ക് സുഖജീവിതത്തിനുളള അവസരമൊരുക്കുന്നവരെയും അഴിമതിക്കാരുടെ പട്ടികയില്‍ പെടുത്തേണ്ടിയിരിക്കുന്നു. വിഎസ് ഏതെങ്കിലും നേതാക്കള്‍ക്കെതിരേ കോടതിയില്‍ പോയെങ്കില്‍, അതേ കോടതിയില്‍ത്തന്നെ അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരവുമുണ്ടായിരുന്നു. വിഎസ് പറയുന്നതു മാത്രം കേട്ടല്ല കോടതി വിധി പ്രസ്താവിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചവരെ രക്ഷിക്കാന്‍ അപ്പീലിനു പോകുന്ന സര്‍ക്കാര്‍ ശൈലിയാണ് തിരുത്തേണ്ടത്.


വിഎസ് എന്നല്ല, ഒരു നേതാവും ജനങ്ങളില്‍ നിന്നു വ്യത്യസ്തരല്ല. അക്കാരണത്താല്‍ത്തന്നെ വിഎസിനെതിരേ നടത്തുന്ന പകപോക്കല്‍ ഇവിടുത്തെ ജനങ്ങള്‍ക്കെതിരായ നീക്കമാണെന്നു പറയേണ്ടിവരും. അരുണ്‍കുമാറിന് ക്രമം വിട്ടു നിയമനം നല്‍കിയെങ്കില്‍ അതേക്കുറിച്ച് നടപടിയെടുക്കാന്‍ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. നിയമങ്ങള്‍ക്കു മേലേയാണ് തങ്ങളുടെ സ്ഥാനമെന്ന് ഒരു രാഷ്ട്രീയക്കാരനും കരുതരുത്. പകപോക്കലല്ല, നിയമവിധേയമായി പ്രവര്‍ത്തിക്കലാണ് ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ ഉത്തരവാദിത്വം.

2012, മാർ 4

നിയമം നടപ്പാക്കല്‍ നീതിയുക്തമാകണം

മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷയാകും പുതിയ നിയമപ്രകാരം ലഭിക്കുക. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നതിലൂടെയാണ് ദിനംപ്രതി നാട്ടില്‍ ദുരന്തങ്ങളുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പുതിയ അപകടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ഇതില്‍ ഏറെയും ഡ്രൈവിംഗിലെ പിഴവുമൂലം ഉണ്ടാകുന്നതാണെന്നതാണു വാസ്തവം.

അമിതവേഗവും ഗതാഗത നിയമങ്ങളുടെ പരസ്യമായ ലംഘനവും ഇവിടെ നടക്കുന്നു. അതെല്ലാം തടയാന്‍ ചുമതലപ്പെട്ടവരാകട്ടെ തികഞ്ഞ അലംഭാവം പ്രകടിപ്പിക്കുകയും. മുമ്പുണ്ടായിരുന്നതില്‍ നിന്ന് അപകടങ്ങളുടെ സംഖ്യ പതിന്മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിലെ കുഴപ്പങ്ങള്‍ മാത്രമല്ല ഇപ്പോള്‍ അപകടമുണ്ടാക്കുന്നത്. ശ്രദ്ധാപൂര്‍വം വാഹനമോടിക്കുന്നവരും അപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതിനു കാരണക്കാരായി തീരുന്നത് അശ്രദ്ധരായ മറ്റു ഡ്രൈവര്‍മാര്‍ തന്നെ.


മദ്യപിച്ച് വാഹനം ഓടിക്കുന്നതു നിരോധിച്ചുള്ള നിയമം പണ്ടു മുതലേയുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ആരും അതിനോടു വലിയ താത്പര്യമൊന്നും കാണിച്ചിരുന്നില്ല. മാസാവസാനം പെറ്റിക്കേസ് തികയ്ക്കാന്‍ വഴിയിലിറങ്ങി നില്‍ക്കുന്ന പൊലീസുകാര്‍ മാത്രമാണ് വല്ലപ്പോഴുമെങ്കിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടിയിട്ടുള്ളത്. അതു തന്നെ പ്രമുഖരോ പ്രശസ്തരോ അല്ലാത്തവരെ മാത്രം. നിലവിലുള്ള നിയമങ്ങള്‍ തന്നെ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നവര്‍ പുതിയ നിയമങ്ങള്‍ ഏതു വിധത്തില്‍ പ്രായോഗികതലത്തിലെത്തിക്കും എന്നതു കണ്ടറിയുക തന്നെ വേണം.


മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നത് ഫാഷനായി കരുതുന്നവരാണ് യുവാക്കള്‍. പുതിയ നിയമപ്രകാരം അങ്ങനെ കണ്ടെത്തുന്നവരില്‍ നിന്ന് ആദ്യതവണ 500 രൂപയും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപ വരെയും പിഴ ചുമത്താനുള്ള വ്യവസ്ഥയാണുള്ളത്. ഈ ചട്ടമെങ്കിലും കര്‍ശനമായി നടപ്പാക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തമായി മാത്രമല്ല അപകടം വരുത്തി വയ്ക്കുന്നത്. കൃത്യമായ നിയമങ്ങള്‍ അനുസരിച്ചും മിതമായ വേഗത്തിലും വാഹനം ഓടിച്ചു പോകുന്ന മറ്റുളളവര്‍ക്കും അപകടം വരുത്തി വെക്കുന്നു. ഇത് ഗുരുതരമായ കുറ്റമാണ്. അങ്ങനെയുണ്ടാകുന്ന അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ കൊല്ക്കുറ്റം തന്നെ ചുമത്തേണ്ടതാണ്.


റോഡുകളില്‍ നിയമം ലംഘിച്ച് അപകടമുണ്ടാക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും എതിരേ സമാനമായ കടുത്ത കുറ്റം ചുമത്താന്‍ തീരുമാനിച്ചാല്‍ അപകടങ്ങള്‍ കുറേ ഒഴിവാക്കാനാകും. ഇത് എത്രത്തോളം പ്രായോഗികമെന്നത് അതു നടപ്പാക്കാന്‍ ചുമതലപ്പെടുത്തുന്നവരെ ആശ്രയിച്ചിരിക്കും എന്നു മാത്രം. നിത്യേനയെന്നോണം റോഡപകടങ്ങള്‍ പെരുകുന്ന കാലത്ത് ഇത്തരം കടുത്ത നിയമങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും കര്‍ശനമായ നിയമങ്ങളും വഴി മാത്രമേ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാകൂ. ഏതു നിയമവും നടപ്പാക്കുമ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടാകും. അതു സ്വാഭാവികം. പക്ഷേ, അത്തരം എതിര്‍പ്പുകള്‍ അധികകാലം ഉണ്ടാവില്ല.


ഇതേസമയം, നിയമം നടപ്പാക്കലിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുകയുമരുത്. നിലവില്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുള്‍പ്പെടെയുള്ള നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ കാമ്പുള്ളതു തന്നെയായിരുന്നു. വാഹന പരിശോധനയ്ക്ക് റോഡില്‍ ഇറങ്ങി നിന്ന പൊലീസുകാര്‍ നിയമത്തിനു മേലെ കൈക്കൂലിയെന്ന സങ്കല്പം വച്ചു പുലര്‍ത്തിയതു തന്നെയായിരുന്നു കുഴപ്പങ്ങളുടെ പ്രധാന കാരണം. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളോട് ശത്രുതാപരമായി പെരുമാറുന്നത് ശരിയല്ല. കൊടുംകുറ്റവാളികളെയെന്നതു പോലെ ഹെല്‍മെറ്റില്ലാത്തവരെ ആക്രമിച്ചു പിടികൂടാന്‍ പൊലീസിലെ ചില വീരന്മാര്‍ ശ്രമിച്ചു പോരുന്നുണ്ട്. നിരന്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നവരാണ് ഇവരെന്നതാണ് വസ്തുത.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളവരെ കണക്കിനു മര്‍ദിക്കുക എന്ന പഴയ ശൈലിയില്‍ത്തന്നെ തുടരുന്ന കേരള പൊലീസിനെ ഗതാഗത നിയമങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കണോയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടത്. പൊലീസില്ലെങ്കില്‍ പകരം നിയോഗിക്കാവുന്നത് മോട്ടോര്‍ വാഹന വകുപ്പിനെയാണ്. അവിടുത്തെ കാര്യം ഇതിലുമപ്പുറം. കൈക്കൂലി വാങ്ങാന്‍ മാത്രമായുള്ള വകുപ്പെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. അവര്‍ കിട്ടുന്ന അവസരങ്ങളെല്ലാം പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളായി കാണുന്നവരാണ്. അങ്ങനെയല്ല എന്ന് ഏതെങ്കിലും സര്‍വീസ് സംഘടനാ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അതു തുറന്നു പറയണം. തെളിവോടെ കൈക്കൂലിയുടെ കഥകള്‍ പറയാന്‍ ജനങ്ങള്‍ മുന്നോട്ടു വരും.


ഇങ്ങനെ കുത്തഴിഞ്ഞ നിയമപാലക വകുപ്പുകളുള്ള നാട്ടില്‍ ഒരു നിയമവും അതിന്റേതായ അര്‍ത്ഥത്തില്‍ നടപ്പാക്കാനാവില്ല. ഈ സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മറ്റു വഴികള്‍ കൂടി സര്‍ക്കാരുകള്‍ ആരായേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ജനങ്ങളെ സഹായിക്കാനുള്ളതാണ്. അത് പീഡിപ്പിക്കാനുള്ളതായി മാറ്റരുത്. ഗതാഗത നിയമങ്ങളുടെ നടപ്പാക്കലെന്ന പേരില്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉയരുക. ഇനിയെങ്കിലും അതു തിരിച്ചറിയണം.


കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന മികച്ച റോഡുകളില്‍ അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം പറത്താന്‍ പക്വതയെത്താത്ത ഡ്രൈവര്‍മാര്‍ മടികാണിക്കാറില്ല. അതു നിയന്ത്രിക്കേണ്‍ട മോട്ടോര്‍ വാഹന വകുപ്പും പോലീസും  അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകള്‍ റോഡിന്റെ മധ്യത്തില്‍ നിരത്തി അപകട സാധ്യത ഇരട്ടിപ്പിക്കുവാന്‍ വഴിയൊരുക്കുന്നു. തകരപ്പാട്ട നിരത്തി നിര്‍മ്മിച്ച, വലിയ വാഹനങ്ങളുടെ കാറ്റടിച്ചാല്‍ മറിഞ്ഞു വീണ് ഗതാഗത തടസം സൃഷ്ടിക്കുന്ന, സ്വയം അപകട കാരണമാകുന്ന പരസ്യബോര്‍ഡുകള്‍ മാത്രമാണ് പല സ്പീഡ് ബ്രേക്കറുകളും.


അതിനു പകരം ശരിയായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിശ്ചിത ദൂരം ഇടവിട്ട് പാതയോരങ്ങളിലും ഗതാഗത വകുപ്പിന്റെ വാഹനങ്ങളിലും റഡാറുകളും ക്യാമറകളും സ്ഥാപിച്ച് നിയമ ലംഘനം നടത്തുന്നവരെ തെളിവോടെ പിടികൂടി കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയും അതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുകയും വേണം. അങ്ങനെ ആകുമ്പോള്‍ സ്പീഡ് ബ്രേക്കറിനു സമീപം വേഗം കുറച്ച ശേഷം വീണ്ടും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മുഴുവന്‍ ദൂരവും അതാത് പാതയില്‍ അനുവദിച്ചിട്ടുള്ള വേഗ പരിധി ലംഘിക്കാതെ സൂക്ഷിക്കും.


നിയമം ലംഘിച്ചു പായുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകേണ്ടത്. രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാതെ പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ യാത്ര മുടങ്ങുക ഇവിടുത്തെ മന്ത്രിമാര്‍ക്കായിരിക്കും എന്നതാണ് രസകരമായ വസ്തുത. ബാക്കിയുള്ളത് പൊലീസും. ഈ രണ്ടു കൂട്ടരുമാണ് ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതില്‍ മുന്‍നിരയിലുള്ളത്. ഇതെല്ലാം പരിഗണിച്ചു വേണം ജനോപകാരപ്രദമായ നിയമം നടപ്പാക്കാന്‍.