2012, മാർ 29

ആര്‍ജവം കാട്ടേണ്ടത് ആന്റണി

സൈന്യത്തിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് നടത്താനായി ഇടപാടുകാര്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതായത്, അഴിമതിയുടെ കരി സൈന്യത്തിലും പുരണ്ടിട്ടുണ്ടെന്ന്. നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനു പകരമായാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ഗാമികള്‍ അത്തരം ഇടപാടുകള്‍ നടത്തിയിരുന്നതായി ഇടനിലക്കാര്‍ പറഞ്ഞതായും അദ്ദേഹം പറയുന്നു. സിംഗിന്റെ വെളിപ്പെടുത്തല്‍ വാസ്തവമാണോയെന്നു കണ്ടുപിടിക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ട്.സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. വളരെ നല്ലത്. പക്ഷേ, അന്വേഷണം അലസതയില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും ആന്റണിക്കു സാധിക്കണം. ഭരണത്തിന്റെ സമസ്തമേഖലയിലും അഴിമതിയുടെ കറ പുരണ്ടതായ ആരോപണമാണ് യുപിഎ സര്‍ക്കാര്‍ നേരിടുന്നത്. ടു ജി സ്‌പെക്ട്രം അഴിമതിയുള്‍പ്പെടെ ഈ കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട അഴിമതിയാരോപണങ്ങള്‍ നിരവധിയാണ്. ഘടകകക്ഷികളുടെ തെറ്റായ ചെയ്തികളുടെ പേരില്‍ തങ്ങള്‍ പഴി കേള്‍ക്കുകയാണ് എന്ന ന്യായീകരണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ, കോണ്‍ഗ്രസ് തന്നെ നേരിട്ടു ഭരിക്കുന്ന വകുപ്പിലെ അഴിമതി പുറത്തുവരുന്നു.


മറ്റു മേഖലകളിലെ അഴിമതിയുമായി ഏറെ വ്യത്യാസമുള്ളതാണ് പ്രതിരോധ വകുപ്പില്‍ നടക്കുന്ന അഴിമതി. ആയുധ ഇടപാടുകളിലടക്കം ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വകുപ്പാണത്. ബൊഫോഴ്‌സ് കേസും ശവപ്പെട്ടി വിവാദവും ഉള്‍പ്പെടെ എന്തെല്ലാം അഴിമതിക്കഥകള്‍ സൈന്യവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായി. ഭരിക്കുന്നത് ഏതു പാര്‍ട്ടിയെന്നു നോക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു എന്നതാണ് വാസ്തവം. ഇതിനെല്ലാം അടിസ്ഥാന കാരണമാകുന്നത് രാഷ്ട്രീയതലത്തില്‍ നിലനില്‍ക്കുന്ന വലിയ തോതിലുള്ള അഴിമതി തന്നെ. നേതാക്കള്‍ കോടികളുടെ അഴിമതി നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കും. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിവരം പ്രതിരോധ മന്ത്രിയെ അറിയിച്ചിരുന്നതായാണ് വി.കെ സിംഗ് വെളിപ്പെടുത്തിയത്. അതായത്, ആദര്‍ശധീരനായ ആന്റണി സംഭവത്തെക്കുറിച്ച് നേരത്തേ അറിഞ്ഞിരുന്നു. അതു വാസ്തവമാണെങ്കില്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ വലിയ കഴമ്പൊന്നുമുണ്ടാവാന്‍ തരമില്ല.


ആന്റണിയെന്ന നേതാവ് അഴിമതി നടത്തിയെന്ന് പറയാനാവില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം നിരന്തരം ആരോപണങ്ങളെ നേരിടുന്നുണ്ടെന്ന സത്യം വിസ്മരിക്കാനുമാവില്ല. എക്കാലവും നേതൃത്വത്തോടു കൂറു പുലര്‍ത്തിയ പാരമ്പര്യമുളള ആന്റണിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.


ടു ജി സ്‌പെക്ട്രം കേസില്‍ രാജയെന്ന മന്ത്രിയെ ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും സംരക്ഷിച്ചു നിര്‍ത്താനാണ് മന്‍മോഹന്‍സിംഗ് ശ്രമിച്ചത്. അഴിമതിക്കാരനായ രാജയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേടിലേക്ക് അദ്ദേഹം ചെന്നെത്തി. ബോഫോഴ്സ് കേസിലെ പ്രധാന ഇടനിലക്കാരനായ ഇറ്റലിക്കാരന്‍ ഒക്ടോവിയോ ക്വട്രോചി അടക്കമുള്ളവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ട ചരിത്രം വിസ്മരിക്കാന്‍ സാധിക്കില്ല. അത്തരം ഉഡായിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂട.  സമാനമായ സാഹചര്യം ഇവിടെയുമുണ്ടാകുന്നുണ്ടോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബവാഴ്ചയും അപ്രമാദിത്വവും ആദര്‍ശധീരരായ നേതാക്കളെ വരെ ആരോപണങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.


ആന്റണിയുടെ പഴയ സ്വഭാവം അനുസരിച്ചാണെങ്കില്‍ അദ്ദേഹം ഇതിനോടകം മന്ത്രിക്കസേര വലിച്ചെറിഞ്ഞ് കേരളത്തിലെത്തിയേനെ. പക്ഷേ, അദ്ദേഹം ആ സ്വഭാവത്തില്‍ ഏറെ മാറ്റം വരുത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്ന നിലയില്‍ വാണരുളുന്ന അദ്ദേഹത്തിന് പഴയതു പോലെ ആദര്‍ശം പറഞ്ഞ് സ്ഥാനം ത്യജിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. അടുത്ത ടേമില്‍ കുറേക്കൂടി ഉയര്‍ന്ന ഏതെങ്കിലും പദവിയിലേക്ക് എത്താനുള്ള അവസരം കളയേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഉപദേശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു കാണാനുമാവില്ല.


 മറ്റു മേഖലകളില്‍ നടക്കുന്ന അഴിമതിയേക്കാള്‍ ഗുരുതരമാണ് സൈന്യത്തിലെ അഴിമതി. രാജ്യത്തിന്റെയാകെ സുരക്ഷിതത്വം കയ്യാളുന്ന സൈന്യത്തില്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങുക എന്നതിനര്‍ത്ഥം രാജ്യത്തെ ജനങ്ങളെ ഒറ്റുക്കൊടുക്കുക എന്നതു തന്നെയാണ്. ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വാഹനങ്ങളുമായി രാജ്യ സുരക്ഷയ്ക്കിറങ്ങുന്ന സാധാരണ ജവാന്മാരുടെ ജീവനാണ് നഷ്ടമാവുക. മഞ്ഞും മഴയും വെയിലുമൊക്കെ അവഗണിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ ജീവന്‍ വച്ചുള്ള കളിയാണ് എയര്‍കണ്ടീഷന്‍ഡ് മുറികളിലിരിക്കുന്നവര്‍ ചെയ്യുന്നതെങ്കില്‍ അത്തരക്കാരെ വെറുതെ വിടരുത്.


വി.കെ സിംഗ് വാഗദത്ത കൈക്കൂലിയെക്കുറിച്ചാണ് പറഞ്ഞത്. പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതു പോലെയല്ല സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. സേനയുടെ സമസ്തമേഖലയിലും ഇടനിലക്കാര്‍ കയറിയിറങ്ങുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയേ തീരൂ. അതിനുള്ള ആര്‍ജവം ആന്റണിക്കുണ്ടാവണം.

5 അഭിപ്രായ(ങ്ങള്‍):

Artof Wave പറഞ്ഞു...

നല്ല നിരീക്ഷണം

Manoj മനോജ് പറഞ്ഞു...

ആന്റണി രാജി വെച്ചാലും സ്വീകരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ നിലയിൽ ആന്റണിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നുവെങ്കിൽ (ബി.ജെ.പി.യുടെ കാലത്ത് ശവപ്പെട്ടിക്ക് വരെ കമ്മിഷൻ വാങ്ങിയതാണെങ്കിലും) സർക്കാരിനെ ക്ഷ വരപ്പിച്ചാനേ... ആന്റണിയുടെ സ്ഥാനത്ത് മറ്റൊരാളാണെങ്കിൽ എപ്പോഴെ 2ജിയേക്കാൾ ഭീകരമായ അഴിമതി കഥ പുറത്ത് വരുമായിരുന്നു... തിന്നെയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ആളാണെങ്കിലും ഈ സ്ഥാനത്ത് അത് പോലെ ഒരാളെയാണു ആവശ്യം... ആയുധങ്ങളും മറ്റും വാങ്ങുവാൻ ലക്ഷം കോടി ഒഴുകുന്ന സ്ഥലമാണെന്നുള്ളത് കൊണ്ട്... ഈ അടുത്ത് വിമാനങ്ങളും മറ്റും വാങ്ങിയപ്പോൾ അമേരിക്കൻ സ്നേഹി മന്മോഹനു പോലും അമേരിക്കൻ അകമ്പനിയെ സഹായിക്കാനായില്ല!!! ഒബാമ നേരിട്ട് വന്നിട്ടു പോലും.... ആശ്വാസമെന്ന നിലയിൽ ബോയിങിനു കുറച്ച് ഓർഡർ കിട്ടി...

jayarajmurukkumpuzha പറഞ്ഞു...

valare sathyam......

NARENDRAN പറഞ്ഞു...

വിശുദ്ധ അന്തോണിയെ മാലോകര്‍ക്ക് കാണിച്ചു കൊടുത്തതിനു നന്ദി.

മണ്ടൂസന്‍ പറഞ്ഞു...

നമ്മുടെ ജനറൽ സത്യസന്ധമായി ഒരു കാര്യം പറഞ്ഞപ്പോൾ അതിലും കപടത കാണുവാനും അന്വേഷണം നടത്തി 'സത്യം' കണ്ടെത്താനും ആവശ്യപ്പെടുന്ന നമ്മുടെ ആ മനോനിലയെ എനിക്ക് പുച്ഛമാണ്. ജനറലിന് അങ്ങനേയൊരു നുണ പറയേണ്ടതിന്റെ അഅവശ്യനെന്താ ? ലോകത്തേറ്റവും അഫ്ഹികം പണം ചെലവിടുന്നത് ആയുധ ഇടപാടിനാണ്. അത് കഴിഞ്ഞേ ഉള്ളൂ മരുന്ന് മേഖല. പിന്നെ അതിലിങ്ങനെ ഒരു സംഭവമുണ്ടായാൽ അതിൽ ജനറലിനെ സംശയിക്കാനെന്തിരിക്കുന്നു. ഇനി കാത്തിരുന്ന് കാണാം. ആശംസകൾ.