2011, ജൂലൈ 6

മനുഷ്യത്വം നശിക്കുന്ന സ്കൂളധികൃതര്‍

അനധികൃതമായി ആവശ്യപ്പെട്ട സംഭാവന നല്‍കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ബുദ്ധിമാന്ദ്യമുള്ള പതിനാലു കുട്ടികളെ പുറത്താക്കിയ സംഭവം തികച്ചും അപലപനീയം തന്നെ. കൊച്ചി പള്ളുരുത്തിയിലെ ശില്പ സ്‌പെഷല്‍ സ്കൂള്‍ അധികൃതരുടെ ഈ നടപടി മനുഷ്യത്വരഹിതവും ധിക്കാരം നിറഞ്ഞതുമാണ്. ഇവര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വൈകിക്കൂടാ.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണു സ്കൂള്‍.

കുട്ടികളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നും സൗജന്യമായി പഠന പരിശീലനങ്ങള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥപ്രകാരമാണ് ഈ സഹായം നല്‍കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഒരിക്കലും ചെയ്യരുതാത്ത പലതും ഇവിടെ ചെയ്യുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കു സര്‍്ക്കാര്‍ നല്‍കുന്ന തുക പോലും തങ്ങള്‍ക്കു വേണമെന്നു ശഠിക്കുന്നതായും വിവിധ ഇനങ്ങളിലായി 6500 രൂപ ഓരോ കുട്ടിയില്‍ നിന്നും ഈടാക്കുന്നതായും പരാതിയുണ്ട്. ഇതെല്ലാം വെറും പരാതികളായി അവശേഷിച്ചുകൂടാ.

സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളും തട്ടിപ്പുകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ സ്കൂള്‍ നടത്തിപ്പുകാരുടെ ദാസ്യവേല ചെയ്യുന്നു. പലപ്പോഴും മതസംഘടനകളുമായും മറ്റും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചെയ്യുന്ന ഗുരുതരമായ കുറ്റങ്ങളെപ്പോലും ലഘൂകരിച്ചു കാണാനും മൂടിവയ്ക്കാനുമാണ് സര്‍ക്കാരും ശ്രമിക്കുന്നത്.

അടുത്തിടെയാണ് സ്കൂള്‍ പ്രവേശനോത്സവദിവസം കടുത്തുരുത്തിയിലെ ഒരു സ്കൂളില്‍ പിഞ്ചുകുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ ടാഗ് തൂക്കിയത്. അന്ത്യന്തം നീചവും ഇന്ത്യന്‍ ഭരണഘടനയ്ക്കു തന്നെ കടകവിരുദ്ധവുമായ നടപടിയാണ് സ്കൂള്‍ അധികൃതരില്‍ നിന്നുണ്ടായത്. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതി തൂക്കിയതിനെ ഏതു നീതിശാസ്ത്രം ഉയര്‍ത്തിയാണു നിങ്ങള്‍ക്കു ന്യായീകരിക്കാനാവുക.

ജാതിവ്യവസ്ഥയുടെ ക്രൂരമുഖങ്ങള്‍ പഴങ്കഥയായെന്ന് ആശ്വസിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ മനസുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഗുരുതരമായ തെറ്റാണു സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. പൊതുജനം ഇടപെടുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ജില്ലാ അധികൃതരുള്‍പ്പെടെ എന്തെങ്കിലും ചെയ്തു എന്നു വരുത്തിത്തീര്‍ക്കാനിറങ്ങിയത്.

കൊച്ചിയിലുണ്ടായതും ഇതും സമാനമായ സംഭവങ്ങളല്ല. എന്നാല്‍, രണ്ടിനും പിന്നില്‍ മനുഷ്യത്വരാഹിത്യമെന്ന സമാനതയുണ്ട്. ഒന്ന് ജാതിവിവേചനമായിരുന്നെങ്കില്‍ രണ്ടാമത്തേത് മനുഷ്യന്‍ മൃഗമായിത്തീരുന്ന അവസ്ഥയാണ്.

ബുദ്ധിമാന്ദ്യം സംഭവിക്കുന്ന ജന്മങ്ങള്‍ ആരുടെയും കുറ്റമല്ല. കുട്ടികളെ പുറത്താക്കാന്‍ മുന്‍കൈയെടുത്തവരുടെ തലമുറകളിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടായിക്കൂടെന്നില്ല. അവരെ ആരെങ്കിലും ഇറക്കി വിടുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം എന്തെന്നു മനസിലാകൂ. തിരിച്ചറിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നി്ന്നു വ്യത്യസ്തരാക്കുന്നത്. വിവേചനബുദ്ധി നഷ്ടമാക്കാ്ന്‍ പണത്തിനു സാധിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് കൊച്ചിയിലെ സ്കൂളുകാരുടെ നടപടി.

പണം സമ്പാദിക്കാന്‍ മാത്രമായി തല്ലിക്കൂട്ടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്നു തുടങ്ങണം നടപടികള്‍. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് തട്ടിയെടുക്കുക മാത്രമാണു പല കടലാസ് സംഘടനകളുടെയും ലക്ഷ്യം. ഇവിടെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പേരില്‍ തട്ടിപ്പിനിറങ്ങി. മറ്റു ചിലര്‍ എയ്ഡ്‌സ് രോഗികളുടെയും കാന്‍സര്‍ രോഗികളുടെയും മറ്റും പേരു പറഞ്ഞ് സമാനമായ തട്ടിപ്പു സംഘടനകള്‍ നടത്തി കോടികളുണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ചൊക്കെ സമഗ്രമായ അന്വേഷണമാണ് ആവശ്യം.

തട്ടിപ്പാണു ചെയ്യുന്നതെന്നു വ്യക്തമായി മനസിലാക്കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരുകള്‍ വൈകുന്നതിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ട്. അത് ആത്യന്തികമായി എത്തി നില്‍ക്കുന്നത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പെട്ടിയില്‍ വീഴുന്ന വോട്ടുകളിലും. ഈ അവസ്ഥ മാറണം. വോട്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാവുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളാണ് ആദ്യം മാറേണ്ടത്. തെറ്റു ചെയ്യുന്നത് മത മേലധ്യക്ഷന്‍മാരാണെങ്കില്‍പ്പോലും അവരെ കണ്ടെത്തി ശിക്ഷിക്കാന്‍ തയാറാവണം.
മതങ്ങള്‍ തെറ്റു ചെയ്യുന്നില്ല. മതത്തിന്റെ പേരില്‍ ചില മനുഷ്യരാണു തെറ്റു ചെയ്യുന്നത്. അത്തരം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതോ കുറ്റക്കാരെ ശിക്ഷിക്കുന്നതോ മതത്തിനെതിരാകുന്നില്ല. ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടിയിരിക്കുന്നു.

സ്കൂളുകള്‍ നടത്താന്‍ അനുമതി തേടുന്നവരുടെ പശ്ചാത്തലവും കൂടി അന്വേഷിക്കണം. കേവലം കച്ചവട സ്ഥാപനങ്ങളല്ല വിദ്യാലയങ്ങള്‍. അവിടം അറിവു പകര്‍ന്നു നല്‍കുന്ന വിശുദ്ധമായ ഇടമാണ്. കച്ചവടത്തിന്റെ തന്ത്രങ്ങളാകരുത് സ്കൂള്‍ നടത്തിപ്പുകാരെ ഭരിക്കേണ്ടത്.

സമൂഹത്തിലെ ദൗര്‍ഭാഗ്യം അനുഭവിക്കുന്നവരുടെ പേരു പറഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍ക്കും അറുതി വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി അവന്റെ സ്വന്തം നേട്ടമൊന്നുമല്ല. ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍ തന്നെ. ജന്മനാ സംഭവിച്ചു പോകുന്ന ചില വിപത്തുകള്‍ക്ക് അവരെ ശിക്ഷിക്കരുത്. ജനിതകവൈകല്യത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ തള്ളിപ്പറയാന്‍ ഒരു മാതാപിതാക്കള്‍ക്കും സാധിക്കില്ല. കുട്ടികളെക്കുറിച്ചോര്‍ത്ത് എരിയുന്ന മനസുമായി ജീവിക്കുന്ന മാതാപിതാക്കളുടെ സമ്പത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സമൂഹം കൂട്ടായി എതിര്‍ക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നു ഗ്രാന്റായും മറ്റും വന്‍തുക നേടുകയും, അതേസമയം, കുട്ടികളില്‍ നിന്നു വന്‍തുക ഈടാക്കാന്‍ ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അതിനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

2 അഭിപ്രായ(ങ്ങള്‍):

jayanEvoor പറഞ്ഞു...

കലിയാണ് കാലം!

ഇനിയുള്ള കാലം ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി അച്ചായാ!

എല്ലാം തുട്ടൊപ്പിക്കാനുള്ള വഴി അല്ലിയോ!

Unknown പറഞ്ഞു...

തട്ടിപ്പാണു ചെയ്യുന്നതെന്നു വ്യക്തമായി മനസിലാക്കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരുകള്‍ വൈകുന്നതിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ട്. അത് ആത്യന്തികമായി എത്തി നില്‍ക്കുന്നത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പെട്ടിയില്‍ വീഴുന്ന വോട്ടുകളിലും. ഈ അവസ്ഥ മാറണം. വോട്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാവുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളാണ് ആദ്യം മാറേണ്ടത്. തെറ്റു ചെയ്യുന്നത് മത മേലധ്യക്ഷന്‍മാരാണെങ്കില്‍പ്പോലും അവരെ കണ്ടെത്തി ശിക്ഷിക്കാന്‍ തയാറാവണം.
മതങ്ങള്‍ തെറ്റു ചെയ്യുന്നില്ല. മതത്തിന്റെ പേരില്‍ ചില മനുഷ്യരാണു തെറ്റു ചെയ്യുന്നത്. അത്തരം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതോ കുറ്റക്കാരെ ശിക്ഷിക്കുന്നതോ മതത്തിനെതിരാകുന്നില്ല. ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടിയിരിക്കുന്നു.