2017, മേയ് 2

വേങ്ങരയും വനിതാലീഗും.



തുണികെട്ടി മറച്ച സദസിലെ നിശ്ശബ്ദ പങ്കാളിത്തത്തിനും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മുഖം മറച്ചു മത്സരിക്കുന്ന ലീഗു നേതാവിന്റെ ഭാര്യക്കുമപ്പുറം ജനറല്‍ സീറ്റില്‍ ജയമുറപ്പുള്ള (ലീഗിനെ സംബന്ധിച്ചിടത്തോളം  അതിസുരക്ഷിതമായ) വേങ്ങര മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ വനിതാലീഗിന് അവസരം ലഭിക്കുമോ? 

ജയപരാജയങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അവസരമില്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന ഇമേജ് തിരുത്തിയെഴുതിക്കൊണ്ട് വരുന്ന തിരഞ്ഞെടുപ്പിനെ കേരള രാഷ്ട്രീയത്തില്‍ ലീഗ് രാഷ്ട്രീയത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഘനം ചെയ്യപ്പെടുന്ന വിധം ആദരണീയയായൊരു  വനിതാ നേതാവിനെ നിയമസഭയില്‍ എത്തിക്കുവാന്‍ ലീഗിനെ സഹായിക്കുവാന്‍ വനിതാ ലീഗിനു ലഭിച്ചിരിക്കുന്ന അപൂര്‍വ അവസരമാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.

പക്ഷേ തിരഞ്ഞെടുപ്പ് പടനയിച്ചു ജയിക്കുന്നതിനേക്കാള്‍ ദുഷ്കരരമായിരിക്കും വനിതാ ലീഗിന് സ്ഥാനാര്‍ഥിത്വം നേടിയെടുക്കാന്‍ എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ചു മായിന്‍ ഹാജിയേപ്പോല്ലുള്ള പ്രഖ്യാപിത സ്ത്രീവിരുദ്ധര്‍ ലീഗ് നേതൃത്വത്തില്‍ മുനീറിനേയും സമദാനിയേയും പോലെയുള്ള കുറേയെങ്കിലും സമത്വ ചിന്താഗതിയുള്ളവരേക്കാള്‍ ശക്തരായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍.

സ്ത്രീ സമത്വവാദത്തിനു ലീഗില്‍ പ്രസക്തിയില്ല എന്ന പൊതുബോധത്തിനപ്പുറം ഇപ്രാവശ്യം മറിയുമ്മ എന്നൊരു വനിതാ നാമം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു എന്നത് അത്ഭുതത്തിനപ്പുറം ലീഗ് ഭൂരിപക്ഷ മേഘലകളില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പരിഹാരമെത്തിക്കുന്നതിലും തന്റേതായ നിലയ്ക്ക് പോരാട്ടം നടത്തിയ  അസാധാരണ ഇഛാശക്തിയുള്ള ഒരു മുസ്ലീം വനിതയുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സമൂഹത്തിലും സമുദായത്തിലും സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ ബഹിസ്‌ഫുരണമായി വേണം മനസിലാക്കുവാന്‍. 

മലപ്പുറത്തിന്റെ മണ്ണില്‍ സീപിയെമ്മിന്റെ ചെങ്കൊടികളുടെ എണ്ണവും ഡിവൈഎഫ്‌ഐയുടെയും എസ്സെഫൈയുടെയും ജനാധിപത്യ വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന ഇക്കാലത്ത്, ഇക്കഴിഞ്ഞ പാര്‍‌ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ പുതുതായി വോട്ടുചെയ്ത ഒരുലക്ഷത്തോളം കന്നി വോട്ടുകള്‍ ഇടതുപക്ഷത്തിനു പോയി എന്ന്‍ വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ അതില്‍ പകുതിയിലധികം വരുന്ന പെണ്‍കുട്ടികള്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം കാട്ടാനുള്ള കാരണം ഇടതുപക്ഷം പ്രത്യേകിച്ചു സീപിയെം വനിതകള്‍ക്ക് നല്‍കുന്ന വര്‍ധിച്ച പ്രാതിനിധ്യം ആണെന്ന്‍ വനിതാലീഗുകാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവും. അത് സ്ഥാനാര്‍ഥിത്വം ആയാലും മന്ത്രിസ്ഥാനം ആയാലും മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടികളേക്കാള്‍ അവസരസമത്വം സീപിയെം നല്‍കുന്നത് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മനസിലാക്കുന്നുണ്ട്.

ഒരു വനിതാ സ്ഥാനാര്‍ഥിക്കുള്ള ഏറ്റവും അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ലീഗിനുള്ളിലെ ശാക്തികചേരികളുടെ വടംവലികളെയും സ്ത്രീ വിരുദ്ധരുടെ എതിര്‍പ്പുകളെയും അതിജീവിച്ചാല്‍ പോലും കോണ്‍ഗ്രസില്‍ നിന്നും യൂഡിയെഫിലെ മറ്റു പല ഘടകകക്ഷികളില്‍ നിന്നും ലീഗിനെയും ബാധിച്ച കാന്‍സറായ കുടുംബ വാഴ്ച കൂടി മറികടന്നാലേ എത്ര തന്നെ ശക്തയായാലും പൊതു സമ്മതയായാലും ഒരു വനിതാസ്ഥാനാര്‍ഥിക്ക് വേങ്ങര സീറ്റ് നേടിയെടുക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് നിലവിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം.

കാരണം നിലവില്‍ ലീഗിലെ ഏറ്റവും വലിയ ശാക്തിക കേന്ദ്രമായ കുഞ്ഞാലിക്കുട്ടി താന്‍ ഒഴിച്ചിട്ടു പോകുന്ന സുരക്ഷിത മണ്ഡലം ലീഗിലെ മറ്റൊരു നേതാവിനും കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ സഹോദരപുത്രനായ അസ്ലുവിനെ ആ സീറ്റില്‍ തനിക്കുപകരം ഇരുത്താന് ഉള്ള തീരുമാനം ഇതിനോടകം എടുത്തുകഴിഞ്ഞൈട്ടുള്ളതായാണ് മനസിലാക്കുന്നത്. കുഞ്ഞാലിക്കുട്ടി എടുക്കുന്ന ഒരു തീരുമാനം ഇപ്പോള്‍ ലീഗിനുള്ളില്‍ ചോദ്യം ചെയ്യാന്‍ തക്ക ആരും നിലവിലില്ല എന്നറിയാവുന്നതിനാല്‍ മജീദ് അടക്കമുള്ള സ്ഥാനാര്‍ഥി മോഹികള്‍ ആശയടക്കി കഴിയുകയാണ്. മക്കള്‍ രാഷ്ട്രീയത്തെയും കുടുംബ വാഴ്ചയെയും ചര്‍ച്ചയാക്കാന്‍ പോലുമാവാത്തവിധം കുടുംബവാഴ്ചയുടെ  വേരുകള്‍ ആഴത്തില്‍ ലീഗില്‍ പതിഞ്ഞുകിടക്കുകയാണ് അതില്‍ ബഷീറിനെയും മുനീറിനെയും പോലുള്ള വന്മരങ്ങളും ഉള്‍പ്പെടുന്ന സ്ഥിതിക്ക് അതിനെതിരേ ഒരു മര്‍മരം പോലും ഉയരുമെന്നും പ്രതീക്ഷിക്കുകവയ്യ.

ചുരുക്കത്തില്‍ ജൂണില്‍ പൂക്കുന്ന മാവിലെ മാമ്പൂക്കള്‍ പോലെ ഫലമെത്താതെ കൊഴിയാനുള്ള വിധിമാത്രമേ ഇപ്രാവശ്യവും വനിതാ ലീഗിന്റെ സ്ഥാനാര്‍ഥി മോഹങ്ങള്‍ക്കും ഉണ്ടാവുകയുള്ളു, മറിച്ചൊരു തീരുമാനം വരണമെങ്കില്‍ ചരിത്രം കുറിക്കുന്ന തീരുമാനമെടുക്കാനുള്ള ചിന്താശേഷിയും കരളുറപ്പും പാണക്കാട്ടെ തങ്ങള്‍മാര്‍ക്ക് പടച്ചവന്‍ സുബര്‍ക്കത്തില്‍ നിന്നും നേരിട്ടിറക്കി കൊടുക്കേണ്ടി വരും.