2012, മാർ 4

നിയമം നടപ്പാക്കല്‍ നീതിയുക്തമാകണം

മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷയാകും പുതിയ നിയമപ്രകാരം ലഭിക്കുക. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നതിലൂടെയാണ് ദിനംപ്രതി നാട്ടില്‍ ദുരന്തങ്ങളുണ്ടാകുന്നത്. ഓരോ ദിവസവും പുതിയ പുതിയ അപകടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ഇതില്‍ ഏറെയും ഡ്രൈവിംഗിലെ പിഴവുമൂലം ഉണ്ടാകുന്നതാണെന്നതാണു വാസ്തവം.

അമിതവേഗവും ഗതാഗത നിയമങ്ങളുടെ പരസ്യമായ ലംഘനവും ഇവിടെ നടക്കുന്നു. അതെല്ലാം തടയാന്‍ ചുമതലപ്പെട്ടവരാകട്ടെ തികഞ്ഞ അലംഭാവം പ്രകടിപ്പിക്കുകയും. മുമ്പുണ്ടായിരുന്നതില്‍ നിന്ന് അപകടങ്ങളുടെ സംഖ്യ പതിന്മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിലെ കുഴപ്പങ്ങള്‍ മാത്രമല്ല ഇപ്പോള്‍ അപകടമുണ്ടാക്കുന്നത്. ശ്രദ്ധാപൂര്‍വം വാഹനമോടിക്കുന്നവരും അപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതിനു കാരണക്കാരായി തീരുന്നത് അശ്രദ്ധരായ മറ്റു ഡ്രൈവര്‍മാര്‍ തന്നെ.


മദ്യപിച്ച് വാഹനം ഓടിക്കുന്നതു നിരോധിച്ചുള്ള നിയമം പണ്ടു മുതലേയുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ആരും അതിനോടു വലിയ താത്പര്യമൊന്നും കാണിച്ചിരുന്നില്ല. മാസാവസാനം പെറ്റിക്കേസ് തികയ്ക്കാന്‍ വഴിയിലിറങ്ങി നില്‍ക്കുന്ന പൊലീസുകാര്‍ മാത്രമാണ് വല്ലപ്പോഴുമെങ്കിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടിയിട്ടുള്ളത്. അതു തന്നെ പ്രമുഖരോ പ്രശസ്തരോ അല്ലാത്തവരെ മാത്രം. നിലവിലുള്ള നിയമങ്ങള്‍ തന്നെ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നവര്‍ പുതിയ നിയമങ്ങള്‍ ഏതു വിധത്തില്‍ പ്രായോഗികതലത്തിലെത്തിക്കും എന്നതു കണ്ടറിയുക തന്നെ വേണം.


മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നത് ഫാഷനായി കരുതുന്നവരാണ് യുവാക്കള്‍. പുതിയ നിയമപ്രകാരം അങ്ങനെ കണ്ടെത്തുന്നവരില്‍ നിന്ന് ആദ്യതവണ 500 രൂപയും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപ വരെയും പിഴ ചുമത്താനുള്ള വ്യവസ്ഥയാണുള്ളത്. ഈ ചട്ടമെങ്കിലും കര്‍ശനമായി നടപ്പാക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തമായി മാത്രമല്ല അപകടം വരുത്തി വയ്ക്കുന്നത്. കൃത്യമായ നിയമങ്ങള്‍ അനുസരിച്ചും മിതമായ വേഗത്തിലും വാഹനം ഓടിച്ചു പോകുന്ന മറ്റുളളവര്‍ക്കും അപകടം വരുത്തി വെക്കുന്നു. ഇത് ഗുരുതരമായ കുറ്റമാണ്. അങ്ങനെയുണ്ടാകുന്ന അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ കൊല്ക്കുറ്റം തന്നെ ചുമത്തേണ്ടതാണ്.


റോഡുകളില്‍ നിയമം ലംഘിച്ച് അപകടമുണ്ടാക്കുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും എതിരേ സമാനമായ കടുത്ത കുറ്റം ചുമത്താന്‍ തീരുമാനിച്ചാല്‍ അപകടങ്ങള്‍ കുറേ ഒഴിവാക്കാനാകും. ഇത് എത്രത്തോളം പ്രായോഗികമെന്നത് അതു നടപ്പാക്കാന്‍ ചുമതലപ്പെടുത്തുന്നവരെ ആശ്രയിച്ചിരിക്കും എന്നു മാത്രം. നിത്യേനയെന്നോണം റോഡപകടങ്ങള്‍ പെരുകുന്ന കാലത്ത് ഇത്തരം കടുത്ത നിയമങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും കര്‍ശനമായ നിയമങ്ങളും വഴി മാത്രമേ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാകൂ. ഏതു നിയമവും നടപ്പാക്കുമ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടാകും. അതു സ്വാഭാവികം. പക്ഷേ, അത്തരം എതിര്‍പ്പുകള്‍ അധികകാലം ഉണ്ടാവില്ല.


ഇതേസമയം, നിയമം നടപ്പാക്കലിന്റെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുകയുമരുത്. നിലവില്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുള്‍പ്പെടെയുള്ള നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ കാമ്പുള്ളതു തന്നെയായിരുന്നു. വാഹന പരിശോധനയ്ക്ക് റോഡില്‍ ഇറങ്ങി നിന്ന പൊലീസുകാര്‍ നിയമത്തിനു മേലെ കൈക്കൂലിയെന്ന സങ്കല്പം വച്ചു പുലര്‍ത്തിയതു തന്നെയായിരുന്നു കുഴപ്പങ്ങളുടെ പ്രധാന കാരണം. ഗതാഗത നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളോട് ശത്രുതാപരമായി പെരുമാറുന്നത് ശരിയല്ല. കൊടുംകുറ്റവാളികളെയെന്നതു പോലെ ഹെല്‍മെറ്റില്ലാത്തവരെ ആക്രമിച്ചു പിടികൂടാന്‍ പൊലീസിലെ ചില വീരന്മാര്‍ ശ്രമിച്ചു പോരുന്നുണ്ട്. നിരന്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നവരാണ് ഇവരെന്നതാണ് വസ്തുത.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളവരെ കണക്കിനു മര്‍ദിക്കുക എന്ന പഴയ ശൈലിയില്‍ത്തന്നെ തുടരുന്ന കേരള പൊലീസിനെ ഗതാഗത നിയമങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കണോയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടത്. പൊലീസില്ലെങ്കില്‍ പകരം നിയോഗിക്കാവുന്നത് മോട്ടോര്‍ വാഹന വകുപ്പിനെയാണ്. അവിടുത്തെ കാര്യം ഇതിലുമപ്പുറം. കൈക്കൂലി വാങ്ങാന്‍ മാത്രമായുള്ള വകുപ്പെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനെ പൊതുവേ വിശേഷിപ്പിച്ചു പോരുന്നത്. അവര്‍ കിട്ടുന്ന അവസരങ്ങളെല്ലാം പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളായി കാണുന്നവരാണ്. അങ്ങനെയല്ല എന്ന് ഏതെങ്കിലും സര്‍വീസ് സംഘടനാ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അതു തുറന്നു പറയണം. തെളിവോടെ കൈക്കൂലിയുടെ കഥകള്‍ പറയാന്‍ ജനങ്ങള്‍ മുന്നോട്ടു വരും.


ഇങ്ങനെ കുത്തഴിഞ്ഞ നിയമപാലക വകുപ്പുകളുള്ള നാട്ടില്‍ ഒരു നിയമവും അതിന്റേതായ അര്‍ത്ഥത്തില്‍ നടപ്പാക്കാനാവില്ല. ഈ സാഹചര്യത്തില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മറ്റു വഴികള്‍ കൂടി സര്‍ക്കാരുകള്‍ ആരായേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ജനങ്ങളെ സഹായിക്കാനുള്ളതാണ്. അത് പീഡിപ്പിക്കാനുള്ളതായി മാറ്റരുത്. ഗതാഗത നിയമങ്ങളുടെ നടപ്പാക്കലെന്ന പേരില്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉയരുക. ഇനിയെങ്കിലും അതു തിരിച്ചറിയണം.


കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന മികച്ച റോഡുകളില്‍ അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം പറത്താന്‍ പക്വതയെത്താത്ത ഡ്രൈവര്‍മാര്‍ മടികാണിക്കാറില്ല. അതു നിയന്ത്രിക്കേണ്‍ട മോട്ടോര്‍ വാഹന വകുപ്പും പോലീസും  അശാസ്ത്രീയമായ സ്പീഡ് ബ്രേക്കറുകള്‍ റോഡിന്റെ മധ്യത്തില്‍ നിരത്തി അപകട സാധ്യത ഇരട്ടിപ്പിക്കുവാന്‍ വഴിയൊരുക്കുന്നു. തകരപ്പാട്ട നിരത്തി നിര്‍മ്മിച്ച, വലിയ വാഹനങ്ങളുടെ കാറ്റടിച്ചാല്‍ മറിഞ്ഞു വീണ് ഗതാഗത തടസം സൃഷ്ടിക്കുന്ന, സ്വയം അപകട കാരണമാകുന്ന പരസ്യബോര്‍ഡുകള്‍ മാത്രമാണ് പല സ്പീഡ് ബ്രേക്കറുകളും.


അതിനു പകരം ശരിയായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം നിശ്ചിത ദൂരം ഇടവിട്ട് പാതയോരങ്ങളിലും ഗതാഗത വകുപ്പിന്റെ വാഹനങ്ങളിലും റഡാറുകളും ക്യാമറകളും സ്ഥാപിച്ച് നിയമ ലംഘനം നടത്തുന്നവരെ തെളിവോടെ പിടികൂടി കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയും അതു സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുകയും വേണം. അങ്ങനെ ആകുമ്പോള്‍ സ്പീഡ് ബ്രേക്കറിനു സമീപം വേഗം കുറച്ച ശേഷം വീണ്ടും മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മുഴുവന്‍ ദൂരവും അതാത് പാതയില്‍ അനുവദിച്ചിട്ടുള്ള വേഗ പരിധി ലംഘിക്കാതെ സൂക്ഷിക്കും.


നിയമം ലംഘിച്ചു പായുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകേണ്ടത്. രാത്രികാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാതെ പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ യാത്ര മുടങ്ങുക ഇവിടുത്തെ മന്ത്രിമാര്‍ക്കായിരിക്കും എന്നതാണ് രസകരമായ വസ്തുത. ബാക്കിയുള്ളത് പൊലീസും. ഈ രണ്ടു കൂട്ടരുമാണ് ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതില്‍ മുന്‍നിരയിലുള്ളത്. ഇതെല്ലാം പരിഗണിച്ചു വേണം ജനോപകാരപ്രദമായ നിയമം നടപ്പാക്കാന്‍.

2 അഭിപ്രായ(ങ്ങള്‍):

ഫിയൊനിക്സ് പറഞ്ഞു...

സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുമെങ്കിലും നിയമ സാക്ഷരതയില്‍ നമ്മള്‍ ഇപ്പോഴും പുറം തിരിഞ്ഞാണ്‌ നില്‍ക്കുന്നത്.

JK THOMAS പറഞ്ഞു...

http://thomman-7007.blogspot.com/2012/02/blog-post_26.html