2012, ജൂൺ 23

ഭക്ഷണം മുടക്കുന്ന പിടിപ്പുകേട്

കമ്പോളത്തില്‍ അരിവില കുതിച്ചു കയറുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാതെ മാറിനില്‍ക്കുന്നത് അത്യന്തം അപലപനീയം തന്നെ. മലയാളിയുടെ പ്രധാന ഭക്ഷണമാണ് അരിയെന്നിരിക്കെ ഭക്ഷ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭരണ പരിചയം കുറവുള്ളയാളാണ് വകുപ്പു മന്ത്രിയെങ്കിലും ഉദ്യോഗസ്ഥര്‍ അങ്ങനെയല്ലല്ലോ.


കഴിഞ്ഞയാഴ്ച അരിയുടെ വില കിലോഗ്രാമിന് 22 മുതല്‍ 25 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ 28 മുതല്‍ 32 രൂപ വരെയെത്തി നില്‍ക്കുന്നു. അതായത്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിലയില്‍ വന്‍ തോതിലുള്ള വ്യത്യാസം. നിലവിലുള്ള സാഹചര്യത്തില്‍ അരിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതു തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ചില്ലറ വ്യാപാരികളുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും തെറ്റായി ഇതിനെ കാണാനാവില്ല. അതേസമയം, മൊത്ത വ്യാപാരികള്‍ പലയിടത്തും അരി പൂഴ്ത്തി വച്ചിരിക്കുകയാണെന്ന പരാതിയും വ്യാപകമായുണ്ട്. റേഷന്‍ കടകളെയാണ് സമൂഹത്തിലെ പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്നത്. അവിടെ രണ്ടു മാസത്തോളമായി പുഴുക്കലരിയും പച്ചരിയും എത്തുന്നതേയില്ല. വിതരണം ചെയ്യുന്ന അരിയാകട്ടെ ഭക്ഷ്യയോഗ്യമല്ലാത്തതും. ഇതെല്ലാം നടക്കുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുന്നു. വിപണിയില്‍ അരിവില കുത്തനെ ഉയരുമ്പോള്‍ വ്യാപാരികള്‍ ലക്ഷങ്ങള്‍ കൊയ്യാനുള്ള അവസരം തേടുകയാണ്. അരി ഗോഡൗണുകളില്‍ പൂഴ്ത്തി വച്ചിരിക്കുന്ന അരി കണ്ടെത്താന്‍ സര്‍ക്കാരോ സിവില്‍ സപ്ലൈസ് വകുപ്പോ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയല്ല സര്‍ക്കാരിന്റെ കടമ. അതു മറന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.


സാധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടാനും ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാനുമാണ് മുന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു പോന്നത്. നിലവില്‍ പ്രവര്‍ത്തനപരിചയം തീരെയില്ലാത്ത മന്ത്രിയെ ഉദ്യോഗസ്ഥര്‍ വട്ടം ചുറ്റിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലുള്ള അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു വരാം. മുടങ്ങാതെ മാസപ്പടി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അതല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. റേഷന്‍ വ്യാപാരികളില്‍ നിന്നു പടി വാങ്ങുന്ന സപ്ലൈ ഓഫീസര്‍മാര്‍ വാഴുന്ന നാടാണിത്. ഓരോ കടക്കാരനും നിശ്ചിത തുക എല്ലാ മാസവും എത്തിച്ചില്ലെങ്കില്‍ മാത്രമേ പരിശോധന നടക്കൂ. പടി നല്‍കുന്നവര്‍ക്ക് കരിഞ്ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനു തടസമുണ്ടാവില്ല. ഇതു കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്ന പതിവാണ്. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ ഇങ്ങനെ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു.ഈ കരിഞ്ചന്ത വ്യാപാരം തടയാന്‍ എഫ്‌സിഐ ഗോഡൗണുകളില്‍ വിതരണ ദിവസം ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. അതിലൂടെ നേട്ടം അങ്ങനെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമായിത്തീരുമോ എന്നതു കണ്ടു തന്നെ അറിയണം. റേഷന്‍ വ്യാപാരികളില്‍ നിന്ന് ഗോഡൗണില്‍ വച്ചു തന്നെ പണം വാങ്ങാനുള്ള അവസരമായി ഇതിനെ കാണുന്ന ഉദ്യോഗസ്ഥരാണ് ചുമതലപ്പെട്ടവരെങ്കില്‍ കാര്യങ്ങളുടെ പോക്ക് ഗുണകരമായിരിക്കില്ല. കേരളീയര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജയ, സുരേഖ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട അരിക്കാണ് പൊതുവിപണിയില്‍ ക്ഷാമം കൂടുതലുള്ളത്. ഈ ഇനങ്ങളില്‍പ്പെട്ട അരി ധാരാളമായി കേരളത്തിലെ വന്‍കിട അരിവ്യാപാരികളുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായാണ് സൂചന. ഇതു കണ്ടെത്താന്‍ കര്‍ശന പരിശോധന തന്നെ നടത്തേണ്ടിയിരിക്കുന്നു.ഭക്ഷ്യക്ഷാമത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന അവസ്ഥ സംജാതമാകുമ്പോഴും ഉദ്യോഗസ്ഥരുടെ താളത്തിനൊത്ത് സര്‍ക്കാര്‍ ചലിക്കുന്നു എന്നത് തികച്ചും ഖേദകരം തന്നെ. കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തന്റേടമുള്ള ഭരണനേതൃത്വത്തിന്റെ അഭാവം തന്നെയാണ് ഇവിടെ കാണുന്നത്. പരിചയക്കുറവുള്ള മന്ത്രിയാണു വകുപ്പിന്റെ തലപ്പത്തുള്ളതെങ്കില്‍ മറ്റുള്ള മന്ത്രിമാര്‍ക്ക് അതിനുള്ള ഉപദേശം നല്‍കാവുന്നതേയുള്ളൂ. ഭരണത്തിന്റെ മൊത്തം ചുമതലയുള്ള മുഖ്യമന്ത്രിയുമുണ്ടല്ലോ. എന്നിട്ടും ആരും അനങ്ങുന്നില്ല.ഒരു വശത്തുകൂടി അരിയുടെ വില കുതിച്ചു കയറുമ്പോള്‍ പച്ചക്കറിയും ധാന്യവര്‍ഗങ്ങളുമടക്കമുള്ളവയുടെ വിലയും ഉയരുകയാണ്. മിക്ക പച്ചക്കറികള്‍ക്കും കിലോഗ്രാമിന് നാല്പതു രൂപയിലേറെയാണ് വില. കേരളത്തില്‍ പച്ചക്കറി ഉത്പാദനം കാര്യമായി നടക്കുന്നില്ലെന്നിരിക്കെ അന്യ സംസ്ഥാനങ്ങളാണ് ഇതിലൂടെ നേട്ടം കൊയ്യുന്നത്. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ മടിക്കുന്ന മലയാളിക്കുള്ള ശിക്ഷ തന്നെയാണ് ഈ വിലക്കയറ്റം. മത്സ്യ സമ്പത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തില്‍ മഴക്കാലമായതോടെ അതിനും കടുത്ത ക്ഷാമമുണ്ട്. ഇതോടെ മലയാളിയുടെ മൊത്തം ആഹാരക്രമം മാറുകയാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് അവശ്യ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും ക്ഷാമകാലത്ത് വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ തലത്തില്‍ ഭക്ഷ്യ വകുപ്പ് എന്നൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഹോട്ടലുകളുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തനിക്കും ഈച്ച വീണ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നു വിലപിക്കുന്ന മന്ത്രിയെയല്ല ഇവിടെ ആവശ്യം. മറ്റു പല പരിഗണനകളുടെയും പേരില്‍ എംഎല്‍എയും മന്ത്രിയുമൊക്കെ ആകുന്നവര്‍ നാടു ഭരിക്കുന്നതിന്റെ ദൂഷ്യഫലം തന്നെയാണ് ഇതെല്ലാം.മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടായാലും ജനങ്ങളുടെ ജീവിതം സുന്ദരമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മന്ത്രിയെ ഉപദേശിക്കുന്ന ഉന്നതരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വിപണിയില്‍ ശക്തമായി ഇടപെട്ട് അരിയുടെയും നിത്യോപയാഗ സാധനങ്ങളുടെയുമടക്കം വില നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികളാണ് ഉടന്‍ ഉണ്ടാകേണ്ടത്.


മലയാളിയുടെ ഭക്ഷണം പോലും മുടക്കുന്ന തരത്തിലേക്ക് സര്‍ക്കാരിന്റെ പിടിപ്പുകേട് നീങ്ങിക്കൂടാ.

2012, ജൂൺ 16

ഏട്ടിലെ പശു പുല്ലും തിന്നു ചാണകവുമിട്ടു

നെയ്യാറ്റിങ്കരയിലെ പരാജയം വിശദീകരിക്കുവാന്‍ പാടുപെടുന്ന ഇടതു നേതാക്കളായിരുന്നു ചാനല്‍ തിണ്ണകളിലെ ഇന്നലത്തെ കൗതുക കാഴ്ച. അവിടെ അധികാര ദുര്‍വിനിയോഗം നടന്നു, മാധ്യമങ്ങളുടെ കള്ളപ്രചാരണം നടന്നു, മതപ്രീണനം നടന്നു, സാമുദായിക ധ്രുവീകരണം നടന്നു തുടങ്ങിയ ഉപരിപ്ലവമായ ചില വാദങ്ങള്‍ നിരത്തി വിലപിക്കുന്നവര്‍ ഇതൊന്നും മുങ്കൂട്ടി കാണുവാനും പ്രതിരോധിക്കുവാനും മറികടക്കുവാനും തക്ക നേതൃഗുണം തങ്ങള്‍ക്കില്ല എന്നു പരോക്ഷമായി സമ്മതിക്കാന്‍ പോലും തയ്യാറാകുന്നുമില്ല.


മേല്‍പറഞ്ഞ ഘടകങ്ങള്‍ ഒക്കെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരിക്കാം, എന്നാല്‍ അവയൊന്നും ഒരു പുതിയ സംഗതിയല്ല, എതിരാളികള്‍ അവയൊക്കെ പ്രയോഗിക്കുന്നത് ആദ്യമായും അല്ല. ദൃശ്യ മാധ്യമ ആക്രമണം എന്ന പുത്തന്‍ ആയുധം കൂടി യൂഡിയെഫ് ഇവിടെ ഫലപ്രദമായി വിനിയോഗിച്ചു എങ്കില്‍പ്പോലും മൂന്നില്‍ രണ്ട് വോട്ടുകളും യൂഡിയെഫിന് എതിരായി ആണ് പോള്‍ ചെയ്യപ്പെട്ടതെന്നു വിസ്മരിക്കുന്നില്ല.


പക്ഷേ പാര്‍ട്ടിയും അടിസ്ഥാന സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം വിമര്‍ശനവും ആത്മാര്‍ഥമായ തിരുത്തലും നടത്തിയേ തീരൂ. ഭരണകൂടത്തിനെതിരായി വോട്ടുചെയ്തവര്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറാകാഞ്ഞതെന്ത് ?  പരിശോധിക്കുവാന്‍, പരിഹാരം കാണുവാന്‍ ഇനിയും അമാന്തിച്ചു കൂട.  


ബഹു ഭൂരിപക്ഷം വരുന്ന ഉറച്ച കേഡറുകള്‍ക്കു പകരം പുത്തന്‍ കുറ്റുകാരായ ചിലര്‍ പാര്‍ട്ടിയില്‍ പ്രദേശിക തലംമുതല്‍ സംസ്ഥാന തലത്തില്‍ വരെ പോലും തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി പാര്‍ടിയുടെ നയങ്ങളിലും പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിലും വ്യതിയാനം വരുത്തുന്നു എന്ന കാര്യം അടിയന്തിരമായി തിരുത്തപ്പെടേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ അംഗസംഘ്യ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി  കൃത്യമായ സ്ക്രീനിംഗ് കൂടാതെ കൂടുതല്‍ ആളുകള്‍ക്ക് അംഗത്വം നല്‍കിയതു മുതല്‍ കുഴപ്പം ആരംഭിച്ചു.


കോണ്‍ഗ്രസിലോ അതുപോലെയുള്ള കുടുംബ പാര്‍ട്ടികളിലോ മാത്രം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം ഇടുങ്ങിയ മനസുള്ള, എന്നാല്‍ പാര്‍ട്ടിയുടെ സല്‍‍പേര് മുതലെടുക്കാന്‍ ആഗ്രഹിച്ചെത്തിയ ധാരാളം ആളുകള്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എന്ന എളുപ്പവഴിയില്‍കൂടി പാര്‍ട്ടിയില്‍ കടന്നെത്തുകയും നിഷ്കളങ്കരായ, യധാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുകളിലൂടെ അതിവേഗം സ്ഥാനമാനങ്ങള്‍ കൈപ്പിടിയിലൊതുക്കുകയും, നേതൃത്വത്തില്‍ സ്വാധീനമുറപ്പിക്കുകയും പാര്‍ട്ടി പരിപാടികള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്തു തുടങ്ങി. എന്നും പാര്‍ട്ടിയുടെ ശക്തി ശ്രോതസായിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും താല്‍പര്യം കുറഞ്ഞപ്പോള്‍ ആ വിടവില്‍ മത, ജാതി  സംഘടനകള്‍ കടന്നു കയറി അധീശത്വം സ്ഥാപിക്കുന്നത് തിരിച്ചറിയുവാന്‍ പോലും ഈ പുത്തന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.പാര്‍ട്ടി നയങ്ങളും ത്വശാസ്ത്രവും ഉയര്‍ത്തിക്കാട്ടി തിരുത്തലിനു വേണ്ടി വാദിച്ചവരെ കേന്ദ്രീകൃത ജനാധിപത്യം എന്ന ഉമ്മാക്കി കാട്ടി അടിച്ചിരുത്തി, പിന്നീട് ക്രമേണ വിഭാഗീയത എന്ന തുല്യം ചാര്‍ത്തി തരം താഴ്ത്തി, പുറത്താക്കി നിശ്ശബ്ദരാക്കി. പത്തു വര്‍ഷം മുന്‍പും ഇന്നും ഉള്ള പാര്‍ട്ടി ഭാരവാഹികളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ വസ്തുത കുറച്ചു കൂടി വ്യക്തമാകും, പലയിടങ്ങളിലും മുന്‍പ് ചെത്തു തൊഴിലാളി നേതാവും ചുമട്ടു തൊഴിലാളി കണ്‍‌വീനറും, വിരമിച്ച അദ്ധ്യാപരും ഒക്കെ ആയിരുന്നു ലോക്കല്‍ സെക്രട്ടറിമാരെങ്കില്‍ ഇന്ന് അതേ സ്ഥാനം അലങ്കരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും, കള്ളുഷാപ്പ് കോണ്ട്രാക്ടര്‍മാരും ആണെന്നു മനസിലാക്കാം. പഴയ ചെത്തു തൊഴിലാളിയും, ചുമട്ടു തൊഴിലാളി നേതാവും അദ്ധ്യാപകനും ഒന്നും ഇന്നു പാര്‍ട്ടിയുടെ ബ്രാഞ്ചു മെംബര്‍ പോലുമല്ല എന്നു കൂടി അറിയുമ്പോഴാണ് പാര്‍ട്ടി ഇന്ന് എത്രത്തോളം കോണ്‍ഗ്രസ് വല്‍‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നു മനസിലാവുക.പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ ഇടക്കിടയ്ക്ക് ജില്ലാകേന്ദ്രങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കൂറ്റന്‍ ജാഥകളും നിരുത്തരവാദപരമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും ചാനല്‍ ചര്‍ച്ചകളും മാത്രമാണെന്നു ധരിച്ചു വശായ നേതാക്കള്‍ കേരള സമൂഹത്തിലെ മാറ്റം, അവരുടെ മാറിയ ആവശ്യങ്ങള്‍, താല്‍പര്യങ്ങള്‍ ഒക്കെ ഉള്‍കൊള്ളാന്‍ തയ്യാറാവണം അഞ്ചു ശതമാനം വരുന്ന ധനാഡ്യരായ മുതലാളിമാര്‍ക്കും അഞ്ചു ശതമാനം വരുന്ന പരമ ദരിദ്രര്‍ക്കും ഇടയില്‍ തൊണ്ണൂറു ശതമാനം മലയാളികളും ഇടത്തരക്കാരായ തൊഴിലാളികളും, ചെറുകിട സ്വയം സം‌രംഭകരും, ചെറുകിട വ്യാപാരികളും, പ്രവാസികളും, പരിമിതമായ വരുമാനമുള്ള വെള്ളക്കോളര്‍ ജോലിക്കാരും മറ്റും ആണെന്ന് മനസിലാക്കി അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് ഈ വലിയ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും മുഖം മൂടിയണിഞ്ഞെത്തുന്ന ചൂഷകരെ തടയിടാനും മുന്‍‌കൈ എടുക്കണം അവരോടൊപ്പം നിലയുറപ്പിക്കാതെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മാനുഷിക മുഖവും ജന പിന്തുണയും തിരിച്ചു പിടിക്കാനാവില്ല.കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണിചേരണം എന്ന് ചോദിക്കുന്നവര്‍ക്ക് തൃപ്തികരമായ ഒരുത്തരം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥക്കും പരാജയങ്ങള്‍ക്കും കാരണം.

2012, ജൂൺ 7

"ഗോള്‍ഫ് ക്ലബ്ബ്" ഇതാ മറ്റൊരു ഒത്തുകളി

അതി ശക്തമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ്‌ ക്ലബ്ബ്‌ സ്‌ഥിതിചെയ്യുന്ന 28 ഏക്കര്‍ സ്‌ഥലവും അതിലെ കെട്ടിടങ്ങളും വീണ്ടും സ്വകാര്യ നടത്തിപ്പുകാരുടെ കൈകളില്‍ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ പച്ചക്കൊടി. എന്നാല്‍ വ്യക്‌തി ഫയല്‍ ചെയ്‌ത ഹര്‍ജി സര്‍ക്കാരിന്റെ നീക്കത്തിന്‌ തിരിച്ചടിയായി . ക്ലബ്ബ്‌ നടത്തിപ്പിന്‌ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി മുന്‍ ക്ലബ്ബ്‌ ഭാരവാഹികളടക്കം നാലുപേരെ കൂടി ഉള്‍പ്പെടുത്തിയുളള കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങാനിരിക്കെയാണ്‌ സ്വകാര്യ വ്യക്‌തി നല്‍കിയ ഹര്‍ജി തടസമായത്‌.


ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്നതിന്‌ മുന്നോടിയായി പരാതിക്കാരന്‌ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആറാഴ്‌ച സമയം അനുവദിച്ചു. ആറാഴ്‌ച കഴിയാതെ സര്‍ക്കാരിന്‌ ഒരു ഉത്തരവും ഗോള്‍ഫ്‌ ക്ലബ്ബ്‌ സംബന്ധിച്ച്‌ പുറത്തിറക്കാന്‍ ഇനി സാധിക്കില്ല. തിരുവനന്തപുരം സ്വദേശി എ.എം. വര്‍ഗീസാണ്‌ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്‌.

അധികാരത്തിലേറിയ നാള്‍മുതല്‍ യു.ഡി.എഫ്‌ മന്ത്രിസഭയിലെ ക്ലബ്ബ്‌ അംഗങ്ങളായ രണ്ട്‌ യുവ മന്ത്രിമാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മുന്‍ നടത്തിപ്പുകാര്‍ക്ക്‌ വിട്ടുകൊടുക്കാനുളള നീക്കങ്ങളുമായി രംഗത്ത്‌ എത്തിയിരുന്നു. ഇതിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനകാര്യ മന്ത്രി കെ.എം.മാണിയും അനുകൂലനിലപാട്‌ സ്വീകരിച്ചു.

ഈ നടപടി വിവാദമായപ്പോഴാണ്‌ സര്‍ക്കാര്‍ മുന്‍പ്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്‌ നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സ്വകാര്യ നടത്തിപ്പുകാര്‍ക്ക്‌ നല്‍കാനുളള നീക്കം നടത്തിയത്‌. ഉത്തരവിറക്കുന്നതിന്‌ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

സംസ്‌ഥാന സര്‍ക്കാര്‍ മുന്‍ ക്ലബ്ബ്‌ നടത്തിപ്പുകാരില്‍ നിന്ന്‌ പാട്ടഭൂമി തിരികെ പിടിച്ചപ്പോള്‍ ഇതിനെതിരെ ക്ലബ്ബ്‌ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന്‌ സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സബ്‌ കോടതിയില്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി നടക്കുന്ന കേസില്‍ വിധി വരുന്നതുവരെ ക്ലബ്ബ്‌ നടത്തിപ്പിനായി ഒരു കമ്മിറ്റിയെ നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്‌. ഈ ഉത്തരവില്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇതില്‍ നാലു ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി മൂന്ന്‌ മാസത്തേക്ക്‌ മാത്രമായിരുന്നു.

സബ്‌കോടതി വിധി വന്നാലുടന്‍ ഈ കമ്മിറ്റി പരിച്ചുവിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. മൂന്ന്‌ മാസത്തിനുളളില്‍ സര്‍ക്കാരിന്‌ അനുകൂലമായ സബ്‌ കോടതി വിധിയും ഉണ്ടായി. അതിന്‌ ശേഷം ഈ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ നടത്തിപ്പുകാരെ സഹായിക്കാനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതും മുന്‍പ്‌ സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്‌ പ്രകാരം നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ തന്നെയാണ്‌. ക്ലബ് ഏറ്റെടുത്ത് ലാഭകരമായി നടത്താം എന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സന്നദ്ധത അവഗണിച്ച്, സര്‍ക്കാരിനെതിരേ കേസ് നടത്തിയ  നാല്‌ പഴയ ക്ലബ്ബ്‌ ഭാരവാഹികളടക്കം 10 അംഗ കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിക്കാനായിരുന്നു നീക്കം.

ഇതിന്‌ മുന്നോടിയായി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ക്ലബ്ബ്‌ നടത്തിപ്പമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്ലബ്ബ്‌ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ധാരണയായി. ഈ അപ്പീല്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്‌ ക്ലബ്ബ്‌ നടത്തിപ്പിന്‌ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സര്‍ക്കാരിനാണെന്നും ഇവിടെ സാധാരണക്കാര്‍ക്കും പ്രവേശിക്കുന്നതിനുളള അനുമതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നു കാട്ടിയാണ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി.എ ഏബ്രാഹം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്‌തത്‌. ഈ അപ്പീല്‍ ക്ലബ്ബ്‌ പിന്‍വലിച്ചാല്‍ പൂര്‍ണ്ണാധികാരം സര്‍ക്കാരിലാകും. ഇപ്പോള്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തില്‍ ക്ലബ്ബ്‌ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ക്ലബ്ബ്‌ ഭാരവാഹികളും തയ്യാറായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. പുതിയതായി സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണു ധാരണ.

ഈ നീക്കത്തിന്‌ ഇപ്പോള്‍ തടസ്സമായിരിക്കുന്നത്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യ വ്യക്‌തി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയാണ്‌.

1850 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം ഗോള്‍ഫ്‌ കളിക്കാന്‍ തുടങ്ങിയ സ്‌ഥലം 1966 നവംബര്‍ ഒന്നിനാണ്‌ 99 വര്‍ഷത്തെ പാട്ടത്തിന്‌ ട്രിവാന്‍ഡ്രം ഗോള്‍ഫ്‌ ക്ലബ്ബിന്‌ ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്‌. മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം നോട്ടീസ്‌ കൊടുത്ത്‌ തിരിച്ചെടുക്കാമെന്ന വ്യവസ്‌ഥയിലാണ്‌ നല്‍കിയത്‌.

ഗോള്‍ഫ്‌ ക്ലബ്ബ്‌ ആരംഭിച്ചതിന്‌ ശേഷം ക്ലബ്ബില്‍ ബാര്‍ നടത്തുകയും സ്വകാര്യ ചടങ്ങുകള്‍ക്ക്‌ വാടകയ്‌ക്ക് നല്‍കുകയും ചെയ്‌തു. ഇത്‌ ലൈസന്‍സ്‌ ഉടമ്പടിയുടെ ലംഘനമാണെന്ന്‌ കാട്ടി 2008 ജൂണിലാണ്‌ റവന്യു വകുപ്പ്‌ നടപടി ആരംഭിച്ചത്‌.

പാട്ടത്തുകയിനത്തില്‍ 71കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുക്കുകയായിരുന്നു. 2010 ജൂണ്‍ 26നാണ്‌ കോടതിവിധി വന്നത്‌. ഇത്രയും വലിയ തുക കുടിശ്ശിക വരുത്തുകയും ബാര്‍ നടത്തിയതുള്‍പ്പെടെയുള്ള ഗുരുതരമായ കരാര്‍ ലംഘനങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കു തന്നെയാണ് മുന്‍പ് ക്ലബ് നടത്തി പരിചയം ഉള്ളവര്‍ എന്ന പേരില്‍ വീണ്ടും പൊതുസ്വത്ത് അധീനപ്പെടുത്തുവാന്‍ അവസരം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

വാര്‍ത്ത - ബി.അര്‍ജുന്‍ദാസ്‌ - മംഗളം

2012, ജൂൺ 1

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം എന്ന പേരില്‍ അറിയപ്പെടുന്ന പ്രചാരണ കോലാഹലത്തിന്റെ സമാപനത്തോടെ മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണു നടക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതം തന്നെ.


ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന തെരഞ്ഞടുപ്പ്. അതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് അതിന്റേതായ ചില മൂല്യങ്ങളും തത്വങ്ങളുമുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പതിവിലേറെ വീറും വാശിയും നിറഞ്ഞതാണ് എന്നതാണു യാഥാര്‍ത്ഥ്യം. ഒരു മുന്നണിയില്‍ നിന്നു മത്സരിച്ചു വിജയിച്ച ശേഷം സ്ഥാനം രാജിവച്ച് എതിര്‍ മുന്നണിയില്‍ ചേര്‍ന്ന നേതാവു മത്സരരംഗത്തുണ്ട് എന്നതിനാല്‍ത്തന്നെ കേരളത്തിന്റെയാകെ ശ്രദ്ധ ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലാണ്.


പിറവം ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ അത്തരമൊരു സാഹചര്യം നിലവിലില്ല. ആരു ജയിച്ചാലും അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അധികം ബാധിക്കില്ലെന്നതാണ് അവസ്ഥ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലൂടെ നേടിയത്ര ഭൂരിപക്ഷം സര്‍ക്കാര്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. എങ്കിലും, ഈ തെരഞ്ഞെടുപ്പിന് പിറവത്തെ അപേക്ഷിച്ച് വാശി കൂടുതലുണ്ട്. അക്കാരണത്താല്‍ത്തന്നെ വന്‍തോതിലുള്ള ക്രമക്കേടുകളോ അക്രമം തന്നെയോ നെയ്യാറ്റിന്‍കരയിലുണ്ടായേക്കാം. ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും ഉറപ്പിച്ചു വിജയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ട വിഷയം മണ്ഡലത്തിന്റെ വികസനമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്. പൊതുവേദികളില്‍ പ്രസംഗിച്ച നേതാക്കളെല്ലാം ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഏതെങ്കിലും പ്രശ്‌നങ്ങളായിരുന്നില്ല.


യുഡിഎഫ്, ബിജെപി, കേന്ദ്രങ്ങളുടെ പ്രസംഗവേദികളില്‍ നിറഞ്ഞാടിയത് ടി പി ചന്ദ്രശേഖരനും എംഎം മണിയുമൊക്കെയായിരുന്നു. എല്‍ഡിഎഫാകട്ടെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെക്കുറിച്ച്  പറഞ്ഞു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?


എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തു നില്‍ക്കാറുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന അല്‍പം അവിശ്വസനീയമായ അവകാശവാദവുമായി രംഗത്തുണ്ട്. ചുരുങ്ങിയത് രണ്ടാം സ്ഥാനമെങ്കിലും അവര്‍ക്കു ലഭിക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നുമുണ്ട്. അത് എന്തുതന്നെ ആയാലും എവിടെയൊക്കെയോ എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നതായാണു സൂചന. രാഷ്ട്രീയത്തിലെ സകല സദാചാരങ്ങളും മാറ്റിവച്ച് അവിശുദ്ധ സഖ്യം എവിടെയൊക്കെയോ രൂപപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. അതിന്റെ അടിസ്ഥാനത്തിലാകും നെയ്യാറ്റിന്‍കരയിലെ ഫലപ്രഖ്യാപനം വരിക.


വിധി എന്തു തന്നെ ആയാലും അതു ജനങ്ങളുടെ വിധിയാണ്. അത് അംഗീകരിക്കാതെ മറ്റു മാര്‍ഗമില്ല. നിലവില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ജനവിധിക്കു വേണ്ടി കാക്കുക എന്നതാകണം എല്ലാ കക്ഷികളുടെയും നിലപാട്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരാകുമെന്ന് തിരിച്ചറിയാനെങ്കിലും മുന്നണികള്‍ തയാറാവേണ്ടിയിരിക്കുന്നു.
ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചിന്തിച്ചു വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ട ജനാധിപത്യപരമായ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ജയിച്ചു വന്ന പ്രതിനിധി രാഷ്ട്രീയ കാരണം പറഞ്ഞ് രാജി വച്ചതാണ് അവിടുത്തെ ജനങ്ങളുടെ ബാധ്യതയായത്. ശെല്‍വരാജ് രാജി വച്ചത് നെയ്യാറ്റിന്‍കരക്കാര്‍ക്കു മാത്രമല്ല നഷ്ടമുണ്ടാക്കിയത് എന്നതാണു വാസ്തവം. നികുതി ദായകരായ കേരളീയര്‍ക്കെല്ലാം അധിക ബാധ്യത വരുത്തിവച്ചാണ് ശെല്‍വരാജ് രാജി വച്ചത്. അതേ വ്യക്തി തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. തനിക്ക് എംഎല്‍എ സ്ഥാനം വേണ്ടെന്നു പറഞ്ഞയാള്‍ തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനത്തിന് എന്തു ചെയ്യാന്‍ സാധിക്കും?


നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും വ്യക്തിക്കു വേണ്ടിയല്ല ശെല്‍വരാജ് രാജി വച്ചത്. മറിച്ച്, അദ്ദേഹത്തിന്റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു. ഏതെങ്കിലും നേതാവിന്റെ രാഷ്ട്രീയ മോഹത്തിനു വേണ്ടി കളഞ്ഞുകുളിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം?


ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചതു തന്നെ. അക്കാരണത്താല്‍ത്തന്നെ വിധിയെഴുതുമ്പോള്‍ അവര്‍ കരുതല്‍ പാലിക്കണം. തങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധി തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന പ്രത്യാശയാണ് ഓരോ തെരഞ്ഞെടുപ്പിലും ക്യൂ നിന്നു വോട്ടു ചെയ്യുന്ന സാധാരണ സമ്മതിദായകനുള്ളത്. ആ പ്രതീക്ഷ നശിപ്പിക്കുന്നതാകരുത് ഇനി ജയിച്ചു വരുന്നവരുടെ പ്രവര്‍ത്തനം.


തെരഞ്ഞെടുപ്പു രംഗത്ത് ഉയര്‍ന്നു കേള്‍ക്കേണ്ട മുദ്രാവാക്യങ്ങളൊന്നുമല്ല നെയ്യാറ്റിന്‍കരയില്‍ നിന്നു കേട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകമോ എംഎം മണിയുടെ വെളിപ്പെടുത്തലോ നെയ്യാറ്റിന്‍കരക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനോ, വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, മാലിന്യനിര്‍മാ​‍ര്‍ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, സര്‍ക്കാരാശുപത്രിയില്‍ മരുന്നും സേവന സന്നദ്ധരായ ഡോക്ടര്‍മാരെയും മറ്റ് അവശ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുമോ പര്യാപ്തമല്ല. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് അധികമാരും പ്രചാരണ വേദികളില്‍ പ്രസംഗിച്ചില്ല. അവിടെയെല്ലാം കേട്ടത് ഒഞ്ചിയവും ഇടുക്കിയും കൂറുമാറ്റവും തന്നെ. മറ്റു വിഷയങ്ങളെല്ലാം തമസ്കരിക്കപ്പെട്ടു.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ മാത്രമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യത ഇനിയെങ്കിലും ഉണ്ടാകരുത്.ഒടുവില്‍ കിട്ടിയ വാര്‍ത്ത: പണം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശെല്‍‌വരാജിന്റെ ഭാര്യയെയും കൂട്ടാളികളെയും ഇടതുപക്ഷ, ബീജേപീ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുന്നു.
താന്‍‍ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ വന്നതല്ലെന്നും ബാങ്കിലേക്ക് പോവുകയായിരുന്നു എന്ന് ശെല്‍‌വരാജിന്റെ ഭാര്യ മേരി വല്‍സലയുടെ വിശദീകരണം.