2011, ജൂലൈ 31

18 രൂപയുടെ അരി വില്‍ക്കുന്നത്‌ 32 രൂപയ്‌ക്ക്

റേഷന്‍കടകളില്‍ കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാവുകയും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും കുറഞ്ഞ നിരക്കില്‍ യഥേഷ്‌ടം അരിയെത്തുകയും ചെയ്‌തിട്ടും വില നിയന്ത്രിക്കാന്‍ ആളില്ല. റേഷനരിയെത്തുന്നതാകട്ടെ, കരിഞ്ചന്തയിലും.

കിലോയ്‌ക്ക് 18 രൂപ നിരക്കില്‍ സംസ്‌ഥാനത്തെത്തുന്ന അരിയാണ്‌ മൊത്ത വിതരണക്കാരും ഇടനിലക്കാരും ചില്ലറ വ്യാപാരികളുംചേര്‍ന്ന്‌ 10-12 രൂപ വര്‍ധിപ്പിച്ച്‌ കൊള്ളലാഭം നേടുന്നത്‌. വില നിയന്ത്രിക്കാനും നിശ്‌ചയിക്കാനും സംവിധാനമില്ലാത്തതിനാല്‍ തോന്നിയ വിലയ്‌ക്കാണു പൊതുവിപണിയില്‍ അരി വില്‍ക്കുന്നത്‌.

വാഗണ്‍ വഴിയും ട്രെയിലര്‍ വഴിയുമാണു കേരളത്തില്‍ പ്രധാനമായും അരി എത്തിക്കുന്നത്‌. ഒരു കിലോ അരി കേരളത്തിലെത്തിക്കാന്‍ ഒരു രൂപയാണു ഗതാഗത ചെലവ്‌. വാഗണ്‍ വഴി എത്തിക്കുന്ന അരി മുഖ്യമായും കൊല്ലം ഗുഡ്‌ഷെഡിലാണ്‌ എത്തിക്കുന്നത്‌. ഇവിടെ എത്തിക്കുമ്പോള്‍ ഒരു കിലോയ്‌ക്ക് 18 - 19 രൂപ വില വരുന്ന അരിയാണ്‌ ഉപഭോക്‌താക്കളിലെത്തുമ്പോള്‍ 28-32 രൂപയാകുന്നത്‌.

ഗോഡൗണില്‍നിന്നു മൂന്നും നാലും കൈമറിഞ്ഞ്‌ എത്തുന്നതാണു വില വര്‍ധിക്കാന്‍ കാരണമെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ആന്ധ്രയിലും കര്‍ണാടകയിലും അരിയുടെ വില 25 നു മുകളില്‍ ആയപ്പോഴാണ്‌ കേരളത്തിലെ വില 30നു മുകളില്‍ എത്തിയത്‌. ഈ സംസ്‌ഥാനങ്ങളില്‍ വില 16 രൂപയിലെത്തിയിട്ടും വില താഴ്‌ത്താന്‍ മൊത്ത വ്യാപാരികള്‍ തയാറായിട്ടില്ല.

അരിയുടെ വില സംബന്ധിച്ച്‌ ഭക്ഷ്യവകുപ്പു കര്‍ശന നിര്‍ദേശം നല്‍കാന്‍ തയാറാകാത്തതാണു തോന്നിയ വിലയ്‌ക്ക് അരി വില്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ നെല്ലിനു നിശ്‌ചയിച്ചിരിക്കുന്ന താങ്ങുവില 11 രൂപയാണ്‌. കേരളത്തില്‍ ഇത്‌ 14 രൂപയാണ്‌. ഒരു കിലോ നെല്ല്‌ അരിയാക്കുമ്പോള്‍ 600 മുതല്‍ 800 ഗ്രാം വരെ അരി ലഭിക്കും.ഇതനുസരിച്ച്‌ എത്ര ചെലവു വന്നാലും ഒരു കിലോ അരിയുടെ വില 20 രൂപയില്‍ കൂടില്ല. ഇതാണു കൊളളലാഭം നേടി ഇരട്ടിയോളം വിലയ്‌ക്കു വ്യാപാരികള്‍ വില്‍ക്കുന്നത്‌.

ഇതിനിടെ പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റേഷന്‍കടകളിലൂടെ വിറ്റഴിക്കുന്ന റേഷനരി കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ സുലഭമാണ്‌.

റേഷന്‍ വ്യാപാരികളും സ്വകാര്യ മൊത്തവിതരണക്കാരും തമ്മിലുളള ഒത്തുകളിയിലാണു റേഷനരി കരിഞ്ചന്തയിലേക്ക്‌ ഒഴുകുന്നത്‌. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരിയാണു മൊത്തവ്യാപാരികള്‍ക്കു മറിച്ചു നല്‍കുന്നത്‌. ഈ അരിയാണ്‌ വിവിധ ബ്രാന്‍ഡുകളില്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ എത്തുന്നത്‌.

ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കു പ്രതിമാസം 26 കിലോ അരിയും അന്ത്യോദയ കാര്‍ഡുടമകള്‍ക്ക്‌ 35 കിലോ അരിയും എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക്‌ എട്ടു കിലോ ഭക്ഷ്യധാന്യവുമാണു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്‌. ഇങ്ങനെ ലഭിക്കുന്ന അരി റേഷന്‍ മൊത്തവ്യാപാരികളെ സ്വാധീനിച്ചു സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയിലെത്തിക്കുകയാണ്‌.

എ.പി.എല്‍. വിഭാഗത്തിന്‌ മാസം 8.90 രൂപയ്‌ക്ക് ഒരുമാസം പ്രഖ്യാപിച്ചിരിക്കുന്ന പത്തുകിലോ അരി പൂര്‍ണമായും റേഷന്‍ വ്യാപാരികള്‍ക്ക്‌ അലോട്ട്‌ ചെയ്യാറില്ല. ഇതു മറയാക്കി അരി മുഴുവനായും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ്‌ ഉപഭോക്‌താക്കള്‍ക്കു പലപ്പോഴും അരി നിഷേധിക്കുന്നത്‌. സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ സംഭരിച്ച നെല്ല്‌ അരിയാക്കി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ നാമമാത്രമായ റേഷന്‍ കടകള്‍ വഴി മാത്രമാണു കുത്തരി വിതരണം ചെയ്‌തത്‌. മറ്റു റേഷന്‍ കടകളിലെ കുത്തരി സ്വകാര്യ മൊത്തവിതരണക്കാര്‍ക്കും ബ്രാന്‍ഡഡ്‌ അരി വിതരണം ചെയ്യുന്ന മില്ലുകാര്‍ക്കും മറിച്ചുവില്‍ക്കുകയായിരുന്നു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, ജൂലൈ 29

നാടുവാഴികള്‍

കേരളത്തിലെ ഏറ്റവും പ്രചാരമുള്ളതെന്നു കൊട്ടി ഘോഷിക്കപ്പെടുന്ന ചില പത്ര ദൃശ്യ മാധ്യമങ്ങള്‍ തമസ്കരിച്ച എന്നാല്‍ ഭരണ - മാഫിയാ ബന്ധത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍ തുറന്നുകാട്ടുന്ന രണ്ട് വാര്‍ത്തകള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്ത് വായിച്ച് നോക്കു.

1) ഭൂമാഫിയ കളിച്ചു :മേഴ്‌സി കുട്ടന്റെ അക്കാദമിസ്വപ്‌നം പൊലിഞ്ഞു.

http://mangalam.com/index.php?page=detail&nid=454676&lang=malayalam

2) എസ്‌.ഐക്കും സംഘത്തിനും എതിരേ ആഡംബരകാര്‍മാഫിയ അഴിഞ്ഞാടി.


ജാതി മത സംഘടനകളും കള്ളപ്പണ/ഭൂ മാഫിയകള്‍ നല്‍കുന്ന സഹായങ്ങള്‍ ആവോളം സ്വീകരിക്കുന്നവരും അധികാര സ്ഥാനങ്ങളില്‍ സ്വധീന ശക്തികളാകുമ്പോള് അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സമ്രക്ഷിക്കുവാന്‍ വേണ്ടി, രണ്ട് തലമുറകളായി നാടിന്റെ യശ്ശസ്സുയര്‍ത്തിയ കായിക താര കുടുംബം പുതു താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനായി ആരംഭിക്കുന്ന കായിക അക്കാദമി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതില്‍ തെല്ലും അല്‍ഭുതപ്പെടെണ്ടതില്ല.  എന്നാല്‍ മുഖ്യമന്ത്രിയുടെ അടുക്കളയില്‍പ്പോലും വെബ് ക്യാമറ സ്ഥാപിച്ച് ലോകം മുഴുവന്‍ സമ്പ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും "സുതാര്യമായ" സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനം, നിലവിലുള്ള സര്‍ക്കാരില്‍ ഏറ്റവും അധികം സ്വാധീനമുള്ള, ലോകത്ത് എവിടെ എന്ത് സംഭവിച്ചാലും അടുത്ത എഡിഷനില്‍ അക്രമി വന്ന വഴി, അക്രമി അപ്പിയിട്ട സ്ഥലം, അക്രമി പോയ വഴി എന്ന തരത്തില്‍ സമയക്രമം അടക്കം വിശദമായ രേഖചിത്രം പ്രസിദ്ധീകരിക്കുന്നവരും, പത്രത്തിനൊപ്പം ഒരു "സംസ്കാരം" കൂടെ പ്രചരിപ്പിക്കുന്നവരും  അറിഞ്ഞില്ല എന്നു കരുതാനാവില്ലല്ലൊ?

പുതിയ ഭരണക്കാര്‍ അധികാരമേറ്റതോടെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ, അല്ലെങ്കില്‍ റബ്ബര്‍തോട്ടം കടും വെട്ട് വെട്ടി ചാറൂറ്റുന്നതു പോലെയാണ് ചിലരുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍, സ്വാശ്രയ കോളേജുകാരുമായുള്ള ഒത്തുകളിയിലും ബാര്‍ ലൈസന്‍സുകള്‍ സീബീയെസ്സീ സ്കൂളുകള്‍ എന്നിവക്കുള്ള അനുവാദം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇതു വള്രെ വ്യക്തമായതുമാണ്. ആയുസ്സിന്റെ കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത ഭരണം താഴെ വീഴും മുന്‍പ് പരമാവധി മുതെലെടുപ്പു നടത്തുക എന്ന വികാരമാവാം ഇത്തരം ആക്രാന്തത്തിനാധാരം, എന്നാല്‍ ക്രമസമാധാന പാലനത്തിനും, സാമ്പത്തിക കുറ്റവാളികളെ പിടികൂടുന്നതുനും എത്തിയ പോലീസുദ്യോഗസ്ഥരെ പച്ച ലഡു തിന്നുന്ന ചില പ്രാദേശിക നാടുവാഴികള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സംശയം മലപ്പുറം കേരളത്തില്‍ തന്നെയാണോ? അതോ വല്ല ഗുജറാത്തിലോ ബീഹാറിലോ ഉള്ള സ്ഥലമാണോ?

ഈ വാര്‍ത്തയും മുകളില്‍ സൂചിപ്പിച്ച മാധ്യമ പുങ്കവന്മാര്‍ പ്രാദേശിക വാര്‍ത്തയില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍പൊരിക്കല്‍ കേരളത്തിലെ ഏറ്റവും വലിയ "ബ്ലേഡ് കമ്പനിയുടെ" ഉടമകളിലൊരുവന്‍ രണ്ട് അധോലോക ഗുണ്ടാത്തലവന്മാരോടൊപ്പം സഞ്ചരിക്കുമ്പോള്‍ മറ്റു ചില ഗുണ്ടാക്കുഞ്ഞുങ്ങളുടെ കത്തിക്കിരയായ സംഭവം മാസങ്ങളോളം ഒന്നാം പേജില്‍ ലീഡ് വാര്‍ത്ത നല്‍കി സര്‍ക്കാരിനെ ആക്രമിച്ച പത്രങ്ങള്‍ ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഓഫീസര്‍ സമാന രീതിയില്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത തമസ്കരിച്ചത് ഏതു തരം പത്രധര്‍മ്മമാണ് ?

2011, ജൂലൈ 28

അന്ധവിശ്വാസം വളര്‍ത്തുന്നു

പ്രമുഖ ചാനലായ ഏഷ്യാനെറ്റ് നാടിനെക്കുറിച്ച് അന്ധവിശ്വാസം വിളമ്പുന്നുവെന്നു പരാതി. കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ 'പ്രേതങ്ങള്‍'വാഹനാപകടങ്ങളുണ്ടാക്കുന്നുവെന്ന് പൊടിപ്പും തൊങ്ങലും വെച്ച് 'സ്ഥാപിയ്ക്കുന്ന' ഏഷ്യാനെറ്റ് പരിപാടിക്കെതിരെയാണ് ആലപ്പുഴ ചാരുംമൂടിനു സമീപം ചുടലമുക്കുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നൂറനാട് കുഷ്ഠരോഗാശുപത്രിയുടെ കിഴക്കേ മതില്‍ അവസാനിക്കുന്നിടത്തെ ചുടലമുക്കിനെയാണ് 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ്‌ പ്രേത കേന്ദ്രമാക്കിയത്. ഇവിടെ വാഹനാപകടങ്ങളുണ്ടാകുന്നത് പ്രേതാത്മാക്കളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് സ്ഥാപിക്കുന്നവിധത്തില്‍ പലരുടെയും പ്രതികരണങ്ങളും ചാനലിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തായിരുന്നു പരിപാടി.

കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കളാണ് ഇവിടെ അപകടം വിതയ്ക്കുന്നതെന്നാണ് ബിജെപി താമരക്കുളം മണ്ഡലം ഭാരവാഹി പരിപാടിയില്‍ പറഞ്ഞത്. ഇവിടെ ബ്രാഹ്മണന്‍ അപകടത്തില്‍ മരിച്ചുവെന്നും, മറ്റുള്ളവയെക്കാള്‍ 'ശക്തികൂടിയ പ്രേതമാണിതെന്നും' മറ്റൊരാള്‍ പറഞ്ഞു. 53 വര്‍ഷംമുമ്പ് റോഡ് ടാറിങ് ജോലിക്കെത്തിയ നാല് പട്ടാണികള്‍ തീയില്‍പ്പെട്ട് ഇവിടെ മരിച്ചുവെന്നു പറയുന്ന ഒരാളെയും ചാനല്‍ അവതരിപ്പിച്ചു. സൈക്കിളിലെത്തിയ രണ്ടുകുട്ടികളെ ഇവിടെ ലോറിയിടിച്ചു വീഴ്ത്തിയപ്പോള്‍ ഇവരിലൊരാള്‍ തല്‍ക്ഷണം മരിച്ചുവെന്നും ഈ വിവരം പുറത്തറിയാതിരിക്കാന്‍ കൂടെവന്ന ബാലനെ കൊലപ്പെടുത്തി ലോറിക്കാര്‍ കടന്നുവെന്ന 'വെളിപ്പെടുത്തലാ'ണ് മറ്റൊന്ന്.  അലഞ്ഞുതിരിയുന്ന ഈ പ്രേതാത്മാക്കളെല്ലാം ഇതുവഴിവരുന്ന വാഹനങ്ങള്‍ പിടിച്ചുമറിക്കുന്നുവെന്ന ചാനലിന്റെ നിരീക്ഷണവും പരിപാടിയിലുണ്ടായി.

കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കായംകുളം-പുനലൂര്‍ റോഡിലാണ് ചുടലമുക്ക്. ഈ റോഡില്‍ അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശാസ്ത്രീയ വീക്ഷണത്തോടെ സംസാരിച്ചവരുടെ അഭിപ്രായം പരിപാടിയില്‍ നിന്നൊഴിവാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. സാനിട്ടോറിയത്തിന് സമീപമായതിനാല്‍ പ്രത്യേക പരിവേഷം നല്‍കി കള്ളക്കഥ മെനഞ്ഞവരുടെ പ്രതികരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് പരിപാടി തയ്യാറാകിയത്. പരിപാടിക്കെതിരെ നിയമനടപടിയും നാട്ടുകാര്‍ ആലോചിക്കുന്നു. മനുഷ്യനിലെ അന്ധവിശ്വാസത്തെയും ആര്‍ത്തിയെയും ആസക്തിയെയും ആവുംവിധം വളര്‍ത്തി അതില്‍ നിന്ന് വിളവെടുക്കുകയാണ് യഥാര്‍ഥത്തില്‍ മലയാളത്തിലെ ടിവി പരിപാടികളില്‍ ഭൂരിഭാഗവും. കടുത്തതോതിലുള്ള അന്ധവിശ്വാസങ്ങളാണ് ഇത്തരം പരിപാടികളും പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ സീരിയലുകളും പ്രചരിപ്പിക്കുന്നത്.

കടമറ്റത്ത് കത്തനാരും ഡ്രാക്കുളയും മറ്റു പ്രേതയക്ഷിക്കഥകളുമൊക്കെ സ്ത്രീകളുടെയും കുട്ടിളുടെയും മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇവരെ വീണ്ടും വീണ്ടും ഇതിനു മുന്നില്‍ പിടിച്ചിരുത്താന്‍ പാകത്തില്‍ അധുനികസാങ്കേതിക വിദ്യയും അന്ധവിശ്വാസങ്ങളും സംയോജിപ്പിച്ച് അവതരിപ്പിക്കുന്നു. സമൂഹത്തില്‍ നിന്ന് നന്മയും നീതിയും സത്യവും മിഥ്യയും വേര്‍തിരച്ചറിയേണ്ട പ്രായത്തില്‍ ഈ കുഞ്ഞുങ്ങള്‍ ഇത്തരം സീരിയലുകള്‍ കണ്ടിട്ടാണ് യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലേക്കാണ് അവരെ ഇവവലിച്ചകറ്റുന്നത്. അവരുടെ ഹീറോകള്‍ ഇത്തരം കഥാപാത്രങ്ങളാകുമ്പോള്‍ സംഭവിക്കുന്നതാണ് നമ്മുടെ കണ്‍മുമ്പില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പല തിന്മകളും. ഈ വസ്തുത നമ്മുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !!  സീരിയലുകളുടെ മറ്റൊരു മുഖം ചൂഷണത്തിന്റേതാണ്. സാധാരണ, സീരിയലുകള്‍ക്കിടയിലെ പരസ്യം എന്നാണ് പ്രേക്ഷകര്‍ പറയുക.

യാഥാര്‍ഥത്തില്‍ പരസ്യങ്ങള്‍ക്കിടയിലെ സീരിയലുകളാണ് ഇവര്‍ കാണുന്നത്. ഒരു എപ്പിസോഡിന്റെ മൊത്തം സമയമായി പറയുന്നത് 30 മിനുട്ടാണ്. ഇതില്‍ 20 മിനുട്ടും പരസ്യങ്ങളാണ്. ബാക്കി 10മിനുട്ടില്‍ മാത്രമാണ് സീരിയല്‍ ഭാഗങ്ങള്‍ കാണിക്കുന്നത്. സീരിയല്‍ നിര്‍മാതാക്കളും പരസ്യകമ്പനികളും ചാനല്‍ ഉടമസ്ഥരുമടങ്ങുന്നത്രയങ്ങള്‍ തീര്‍ത്ത ചൂഷണവലയത്തിനുള്ളിലാണ് പാവം സ്ത്രീകള്‍ വായും പൊളിച്ചിരിക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവലുതായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ചാനലുകള്‍ ചെയ്യുന്നത്. ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.

ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തു. പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്‌നങ്ങള്‍(ആത്മവിശ്വാസക്കുറവ്, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി. കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്. ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്‌കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു.

പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത് ഒരു മാനസീക അവസ്തയാണ്) വീണ്ടുപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ് മിക്കവാറും അവിടെ നിന്നും ലഭിക്കുക.

മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില 'ഇന്‍സ്റ്റന്റ്' അല്‍ഭുത രോഗശാന്തി. ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

ഹിപ്‌നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്‌നോട്ടിസം കൊണ്ട് അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വാര്‍ത്ത കടപ്പാട് ഡെയിലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, ജൂലൈ 23

വനം മന്ത്രിയും വാഴപ്പിണ്ടിയും

സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പുകാര്‍ കണക്കില്‍ കൊള്ളാത്ത പണവും വസ്തുവകകളും ക്ണ്ടെത്തിയെന്നും അതിലൊരാളുടെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് ഉള്‍പ്പെടെ അമൂല്യമായ പുരാവസ്തുക്കള്‍ കണ്‍ടെത്തി എന്നും മലയാളത്തിലെ മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.



എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി നമ്മുടെ വനം മന്ത്രി ഉടനേ രംഗത്തെത്തി, താരത്തിന്റെ വീട്ടില്‍ നിന്നു ആനക്കൊമ്പ് കണ്‍ടെത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. എങ്കില്‍ പിന്നെ അത് ആനക്കൊമ്പല്ല കറിവക്കാന്‍ വെച്ചിരുന്ന വാഴപ്പിണ്ടിയാണെന്ന് തിരുത്ത് വരാന്‍ അധികം സമയം ആവശ്യമില്ലെന്നു സാരം. ഇനി മറ്റേ താരം മൂന്നാറില്‍ കയ്യേറിയ വനംവകുപ്പിന്റെ ഭൂമി താരത്തിന്  തിരികെ കൊടുത്ത് അതു പിടിച്ചെടുത്ത റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ മാപ്പു പറയണമെന്ന് പ്രസ്താവന പുറകേ വരുമായിരിക്കും, ബഹുമാനപ്പെട്ട മന്ത്രീ താങ്കള്‍ ഇപ്പോള്‍ സിനിമാ സെറ്റിലല്ല ഒറിജിനല്‍ മന്ത്രിക്കസേരയിലാണിരിക്കുന്നത് എന്ന് മറന്നു പോകരുത്.

അല്ലെങ്കിലും സ്വന്തം ജീവന്‍ കൊടുത്തും നായകനെ രക്ഷിക്കുകയും നായകനെ മഹത്വവല്‍ക്കരിക്കുകയുമാണല്ലോ സൂപ്പര്‍താര സിനിമകളിലെ സഹനടന്റെ ധര്‍മ്മം.

പൂജപ്പുര വല്യപിള്ള വനം വകുപ്പിനു വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോളേ കാട്ടിലെ  കരിവീട്ടിക്കും വെണ്‍തേക്കിനും  ആനക്കൊമ്പിനും, പുലിനഘത്തിനും, കരിംകുരങ്ങുരസായനത്തിനും ഒക്കെ ഇനി നല്ല മാര്‍ക്കറ്റുണ്ടാകുമെന്നു ജനം പ്രതീക്ഷിച്ചിരുന്നതാ...

2011, ജൂലൈ 20

സ്പീക്കറുടെ ഒത്തുകളിയില്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു

ധനവിനിയോഗ ബില്ല് വോട്ടിനിടേണ്ട സമയത്ത് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവാണെന്ന് ബോധ്യപ്പെട്ടതോടെ സഭയ്ക്ക് പുറത്തായിരുന്നവര്‍ തിരിച്ചെത്തുംവരെ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിച്ചു. ഇതിനിടെ ബില്‍ ഉടന്‍ വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടുതവണ നടുത്തളത്തിലിറങ്ങിയത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കി. സ്പീക്കറും ഭരണപക്ഷവും ഒത്തുകളിച്ച് അരമണിക്കൂര്‍ വോട്ടെടുപ്പ് നീട്ടിയെങ്കിലും ബില്ലിന് അനുകൂലമായി 67 പേര്‍ വോട്ടുചെയ്തതായാണ് സ്ക്രീനില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ , 69 പേര്‍ അനുകൂലിച്ചതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു.

സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാക്കള്‍ പിന്നീട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ധനവിനിയോഗ ബില്ലിന്റെ മൂന്നാം വായനയും കഴിഞ്ഞ് വോട്ടിനിടേണ്ട വേളയിലാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭരണപക്ഷത്തെ പത്ത് അംഗങ്ങള്‍ അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. അപകടം തിരിച്ചറിഞ്ഞ ഭരണപക്ഷം വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നടപടികള്‍ നിര്‍ത്തിവച്ച് സ്പീക്കര്‍ ജി കാര്‍ത്തികേയനും അതിന് കൂട്ടുനിന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയത്. ബദല്‍ ധവളപത്രം സഭയില്‍ വയ്ക്കാനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സ്പീക്കര്‍ അനുവദിച്ചില്ല. ഭരണപക്ഷത്ത് അംഗബലം ഇല്ലെന്ന് മനസിലാക്കിയ ഭരണപക്ഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചു. പ്രസംഗം പൂര്‍ത്തിയാക്കി സീറ്റിലിരുന്ന ധനമന്ത്രി കെ എം മാണിയോട് വീണ്ടും പ്രസംഗിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പിലേക്ക് കടക്കാതെ മന്ത്രി എഴുന്നേറ്റുനിന്നു. പ്രകോപനം ഉണ്ടാക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. വോട്ടിനിട്ടാല്‍ കുഴപ്പമാകുമെന്നും മന്ത്രിമാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു.

വോട്ടെടുപ്പ് ആരംഭിക്കാത്ത സ്പീക്കറുടെ നിലപാടിനെ ചോദ്യംചെയ്ത് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഇതിനിടെ ബെന്നിബെഹനാന്‍ , ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ പുറത്തേക്ക് പോയി ചിലരെ വിളിച്ചുവരുത്തി. കെ അച്യുതന്‍ , ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സഭയില്‍ എത്തി. അപ്പോഴും ഭൂരിപക്ഷം കിട്ടില്ലെന്ന സ്ഥിതിയായിരുന്നു. നടപടികളൊന്നുമില്ലാതെ സ്പീക്കര്‍ സഭ നീട്ടിക്കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്ത് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വോട്ടെടുപ്പ് നടത്തണമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കര്‍ ഏതാനും മിനിറ്റ് കൂടി വെറുതെ ചെലവിട്ടു. ഭരണപക്ഷ ബെഞ്ചുകളില്‍ ആളില്ലാത്തതിനാലാണ് മാണി പ്രസംഗം നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്നാണ് വോട്ടെടുപ്പിന് ബെല്‍ അടിച്ചത്. അതിന് തൊട്ടുമുമ്പാണ് കെ അച്യുതന്‍ എത്തിയത്. 67 പേര്‍ വോട്ടുരേഖപ്പെടുത്തിയതായി സ്ക്രീനില്‍ തെളിഞ്ഞു. ഒരാളുടെ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു. അത് കൂടി ചേര്‍ത്ത് 68 വോട്ട് എന്ന് സ്പീക്കര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് 69 എന്നാക്കി. വര്‍ക്കല കഹാര്‍ ഉള്‍പ്പെടെ അതിന് ശേഷമാണ് എത്തിയത്. എന്നാല്‍ , ഭരണപക്ഷത്ത് ആരൊക്കെ ഹാജരായെന്ന് വെളിപ്പെടുത്തിയില്ല.

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനമായി പുറത്തേക്ക് പോയി. ധനവിനിയോഗ ബില്ലിന് ഭൂരിപക്ഷം ഇല്ലെന്നും ചായക്കടയിലും ഷാപ്പിലും ഇരുന്നവരെ വിളിച്ചുകൊണ്ടുവന്നാണ് വോട്ട് ചെയ്യിച്ചതെന്നും സഭാകവാടത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിക്കെതിരെ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. ഭരണപക്ഷത്തെ ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള കോതമംഗലത്തുമാണ് ഉള്ളത്.


21 ജൂലൈ 2011 ദേശാഭിമാനി ഓണ്‍ ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്

2011, ജൂലൈ 19

അവാര്‍ഡ് കിട്ടിയ വനിത

 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ശാസിക്കണമെന്നു ലോകായുക്‌ത രാഷ്‌ട്രതിയോടു ശുപാര്‍ശ ചെയ്‌തു. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ഥം പുറത്തിറക്കിയ ലഘുലേഖയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കിയെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. പ്രവര്‍ത്തകയും അഭിഭാഷകയുമായ സുനിതാ ഭരദ്വാജാണു ലോകായുക്‌തയ്‌ക്കു പരാതി നല്‍കിയത്‌.

ചെലവുകുറഞ്ഞ 60000 ഫ്‌ളാറ്റുകള്‍ ജനങ്ങള്‍ക്കു കൈമാറാന്‍ തയാറാക്കിയിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു ലഘുലേഘയില്‍ ദീക്ഷിത്ത്‌ നല്‍കിയ വാഗ്‌ദാനം. ഇതു വാസ്‌തവവിരുദ്ധമാണെന്ന്‌ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണു ദീക്ഷിത്തിനെ ശാസിക്കാന്‍ രാഷ്‌ട്രപതിയോട്‌ ലോകായുക്‌ത ജസ്‌റ്റിസ്‌ മന്‍മോഹന്‍ സരിന്‍ ശുപാര്‍ശ ചെയ്‌തത്‌.

 ഈ വാര്‍ത്തയോട് അനുബന്ധിച്ച് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മറ്റൊരു വാര്‍ത്ത താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്


ദിവംഗതയായ മേഴ്സി രവിയെ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടായിരുന്നോ?

2011, ജൂലൈ 16

ചില ചില്ലറക്കാര്യങ്ങള്‍

ഞാന്‍ ഒരു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ പോയിരുന്നു. അവിടെവച്ച് രണ്ട് മൂന്ന് പ്രാവശ്യം NMMT യുടെ ( നവി മുംബയിലെ സര്‍കാര്‍ വക ബസ് സര്‍വ്വീസ് ) സാധാ ബസില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ "ഞെട്ടിക്കുന്ന" ഒരു അനുഭവമാണ് എന്നെ ഈ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.

"ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയുന്നതിനു മുന്‍പ് അല്‍പം ഫ്ലാഷ് ബാക്കിലേക്ക് പോയ്‌വരാം, നമ്മുടെ സ്വന്തം നാട്ടില്‍ നമ്മുടെ സ്വന്തം ആനവ്ണ്ടിയില്‍.



എതാണ്ടൊരു ആറേഴു വര്‍ഷങ്ങള്‍ക് മുന്‍പ് ചെങ്ങന്നൂരില്‍ ഒരു സര്‍വീസ് കാള്‍ അറ്റന്ന്റ് ചെയ്ത് കോട്ടയത്തിന് മടങ്ങുകയായിരുന്നു ഞാന്‍, ഏകദേശം രാത്രി പത്തുമണി ആയിട്ടുണ്ടാകും ചെങ്ങന്നൂര്‍ KSRTC ബസ്റ്റാന്റില്‍ എത്തുമ്പോള്‍, കൊട്ടാരക്കര നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള ആനവണ്ടികളില്‍ ചിലത് ലിബിയക്ക് മുകളില്‍ പറക്കുന്ന നാറ്റോ സേനയുടെ യുദ്ധവിമാനങ്ങള്‍ പോലെ എംസീ റോഡില്‍ നിര്‍ത്തി ആളിറക്കിയിട്ട് സ്റ്റാന്റില്‍ കയറാതെ വടക്കോട്ട് പോയി.

ഒടുവില്‍ എംസീ റോഡില്‍ നിര്‍ത്തിയ ഒരു ഫാസ്റ്റ് പാസഞ്ചര്‍ ആനവണ്ടിയില്‍ സാഹസികമായി കയറിപ്പറ്റി. കൂടുതല്‍ ആളുകയറിയാല്‍ കോര്‍പറേഷന്‍ ലാഭത്തിലാകുമെന്നു ഭയന്നിട്ടാവണം ഈ ബസും സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന നിരവധി ആളുകളെ കബളിപ്പിച്ച് റോഡിലൂടെ കടന്നു പോയി. അടുത്തപടി ടിക്കറ്റെടുക്കുകയാണ്, അന്ന് ചെങന്നൂര്‍ കോട്ടയം ഫാസ്റ്റ് നിരക്ക് 31 രൂപയാണ്. എന്റെ കയ്യില്‍ ചില്ലറയായി ആകെ ഉള്ളത് 10 രൂപയുടെ ഒരു നോട്ട് മാത്രം. പിന്നെയുള്ളത് ഏതാനും 100 രൂപാ നോട്ടുകളും. ഞാന്‍ 100 രൂപ കൊടുത്തിട്ട് പറഞ്ഞു "ഒരു നാട്ടകം" മറുപടി ഉടനേ വന്നു "ചങ്ങനാശ്ശേരിക്കപ്പുറം എല്ലാം കോട്ടയം ടിക്കറ്റെടുക്കണം" അതു സാരമില്ല സര്‍, എനിക്കിറങ്ങേണ്ടത് നാട്ടകത്താണ് കോട്ടയത്തിനുള്ള പൈസ എടുത്തോളൂ... പിന്നെ ഞാന്‍ കൊടുത്ത നോട്ട് ബാങ്കുകാര്‍ സംശയമുള്ള നോട്ട് പരിശോധിക്കുന്നപോലെ തിരിചും മറിച്ചും നോക്കിയിട്ട് അടുത്ത ചോദ്യം "നിന്റെ കയ്യില് ഇതിലും വല്യ നോട്ടൊന്നും ഇല്യോടേയ് - ഇപ്പോള്‍ ബാക്കിതരാന്‍ ചില്ലറ ഇല്ല ചങ്ങനാശ്ശേരി കഴിയട്ടെ"

ചങ്ങനാശ്ശേരി കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ 19 രൂപ ബാക്കി തന്നു, 50 ഇറങ്ങുന്ന സമയത്ത് തരാം എന്നാശ്വസിപ്പിച്ചു നമ്മുടെ കണ്ടക്ടര്‍ സാര്‍. നാട്ടകം കോളേജ് സ്റ്റോപ്പിനു കുറച്ച് മുന്‍പ് എണീറ്റ് ചെന്നു ആളിറങ്ങാനുണ്ടെന്ന് അറിയിച്ചു, ഈ ബസ്സിന് ചിങ്ങവനം കഴിഞ്ഞാല്‍ പിന്നെ കോട്ടയത്തേ സ്റ്റോപ്പുള്ളെന്നായി കണ്ടക്ടര്‍ സാര്‍, അപ്പോള്‍ പള്ളം പൊസ്റ്റോഫീസിനു മുന്നില്‍ ഒരാളേ ഇറക്കിയതോ? എന്നു ഞാന്‍. അയാള്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പോലീസുകാരനും സ്ഥിരം യാത്രക്കാരനുമാണെന്ന് മറുപടി. ബെല്ലടിക്കാന്‍ യാതൊരു ലക്ഷണവും കാട്ടാത്ത കണ്ടക്ടര്‍ സാറിനോട് പോലീസുകാര്‍ പറഞ്ഞാല്‍ മാത്രമേ ബസ്സ് നിര്‍ത്തുകയുള്ളൂ എങ്കില്‍ ഞാന്‍ ക്ണ്ട്രോള്‍ റൂമില്‍ വിളിക്കാം എന്നു പറഞ്ഞ് മൊബൈല്‍ എടുത്തു അതോടെ ബെല്ലടിച്ച അയാള്‍ വേഗം ഇറങ്ങ് എന്നു ധൃതി കൂട്ടി എന്നെ ഇറക്കിവിട്ടു. ഇതിനകം ബസ്സ് എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിന്നും 2 കിലോമീറ്ററിലധികം മുന്നോട്ടോടി ട്രാവങ്കൂര്‍ സിമിന്റ് ഫാക്ടറിക്കും കോടിമതക്കും ഇടയിലുള്ള വിജനമായ പ്രദേശത്ത് എത്തിയിരുന്നു. പിന്നോട്ട് കുറേ ദൂരം നടന്ന ശേഷമാണ് ബാക്കി 50 രൂപ കൂടി കിട്ടാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ആ പൈസ അങ്ങനെ സ്വാഹ.


ഇനി അടുത്ത സംഭവം, അതും നമ്മുടെ ആനവണ്ടിയില്‍ തന്നെ. ഇതു രാത്രിയല്ല ഒരു വൈകുന്നേരം, ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്ര, ഇപ്രാവശ്യവും എന്റെ കയ്യില്‍ ചെയ്ഞ്ച് ഇല്ല, മുന്‍പ് പറഞ്ഞ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ചില്ലറ കയ്യില്‍ കരുതാന്‍ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുള്ളതാണ് എങ്കിലും ഇന്നു സാധിച്ചില്ല, അന്ന് ഏറ്റുമാനൂര്‍ കോട്ടയം ടിക്കറ്റ് ചാര്‍ജ് 8 രൂപാ ആണ് നൂറിന്റെ നോട്ടൊരെണ്ണം കൊടുത്തപ്പോള്‍ 2 രൂപ ബാക്കി തന്നു ബക്കി 90 പിന്നെ തരാം എന്നു പറഞ്ഞ് ടിക്കറ്റില്‍ 2 എന്ന് എഴുതിയും തന്നു, മുന്‍പത്തെ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ അപ്പോള്‍തന്നെ ഞാന്‍ ബസിന്റെ സീരിയല്‍ നമ്പറും ഏതു ഡിപ്പോയിലേതാണെന്നുള്ള കോഡും ഞാന്‍ കയറിയ സമയവും എഴുതിയെടുത്തു, ബസ് നാഗമ്പടത്ത് എത്തിയപ്പോള്‍ ഞാന്‍ ബാക്കി കിട്ടാനുള്ള കാര്യം ഓര്‍പ്പിച്ചു "സര്‍ അടുത്ത സ്റ്റോപ്പ് ബേക്കര്‍ ജങ്ഷന്‍ ആണ് എനിക്കവിടെ ഇറങ്ങണം ബാക്കി കിട്ടിയില്ല" ബസ് ബേക്കര്‍ ജങ്ഷനില്‍ എത്തിയിട്ടും ബാക്കി കിട്ടിയില്ല. വീണ്ടും ചോദിക്കണ്ടത് നമ്മുടെ മാത്രം ആവശ്യമാണല്ലോ ചോദിച്ചു, "താന്‍ വഴിക്കു തടസമുണ്ടാക്കാതെ അങ്ങോട്ടിറങ്ങിനില്‍ക്ക് ബാക്കിയൊക്കെ തരാം വേറേം ആളിറങ്ങാനുണ്ട്" ഞാന്‍ വെളിയിലിറങ്ങി കാത്തുനിന്നു, അവസാന ആളും ഇറങ്ങിയാലുടനെ ബസ് വിട്ടുപോയി, എനിക്കു കിട്ടാനുള്ള പണം കിട്ടിയില്ല. ഇതിപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഞാന്‍ ഓട്ടോ പിടിച്ച് പിന്നാലെ വിട്ടു, KSRTC സ്റ്റാന്റിലേക്ക്.

സ്റ്റാന്റിലെത്തി ഞാന്‍ ഓടി ബസിനുള്ളില്‍ കയറി നോക്കിയപ്പോള്‍ കണ്ട്രാവി അതിലില്ല, ഞാന്‍ നേരെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി പരാതി നല്‍കി അദ്ദേഹത്തെയും കൂട്ടി വീണ്ടും ബസ് പാര്‍ക്കു ചെയ്തിരിക്കുന്നിടത്തെത്തി. അല്‍പസമയത്തിനുള്ളില്‍ കണ്‍ടക്ടര്‍ എത്തി, ബാക്കി പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ നേരത്തേ തന്നെ തന്നു കഴിഞ്ഞതല്ലേ എന്നായി കണ്‍ടക്ടര്‍, തര്‍ക്കം മുറുകുകയും ആ​‍ളുകൂടാന്‍ തുടങ്ങുകയും ചെയ്തതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ടു കാഷ് ബാഗും ടിക്കറ്റ് സെയിലും മാച്ച് ചെയ്ത് നോക്കാന്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം പരിശോധന കഴിഞ്ഞപ്പോള്‍ കണക്കില്‍ പെടാത്ത എഴുനൂറിലധികം രൂപ ബാഗില്‍ കണ്ടെത്തി. വ്യത്യാസമുള്ള തുക ഇനിയും ബസിലുള്ളവര്‍ക്കു ബാക്കി കൊടുക്കാനുള്ളതാണെന്നായി കണ്‍ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ ബസ്സിലുണ്‍ടായിരുന്ന ആളുകളുടെ ടിക്കറ്റ് പരിശോധിച്ച് ബാക്കികൊടുക്കാനുള്ള തുക തിട്ടപ്പെടുത്തി, അത് ഏകദേശം മുന്നൂറു രൂപയോളമായിരുന്നു. എന്നിട്ടും കണക്കില്‍ ഇല്ലാത്ത നാനൂറോളം രൂപാ ബാഗില്‍ അധികമായി അവശേഷിക്കുന്നുണ്ട്, ഗത്യന്തരമില്ലാതെ ബാക്കി പണം തരാന്‍ കണ്ട്രാവി തയാറായി, എന്നിട്ടും ഓട്ടോക്കൂലിയും, സ്റ്റാന്ന്റില്‍ വന്നു ഈ​ സീന്‍ ഉണ്ടാക്കിയതും എനിക്കു നഷ്ടം. നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളുമുള്ള  KSRTC യിലെ സ്ഥിരം ജീവനക്കാരാണ് ഇത്തരത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറാന്‍ തയാറാകുന്നത് എന്നതാണ് വിരോധാഭാസം. പുറത്തറിയാതെ പോകുന്ന സമാന സംഭവങ്ങള്‍ എത്രയുണ്ടാകും?

ഇനി ഞാന്‍ ആ "ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയാം.

ഒരു ദിവസം വൈകുന്നേരം എന്റെ വാമഭാഗം ജോലിചെയ്തിരുന്ന ആശുപത്രിയുടെ മുന്നില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുവാന്‍ ഞങ്ങള്‍ ഇരുവരും NMMT യുടെ ഒരു ബസില്‍ കയറി ഒരാള്‍ക്ക് ആറു രൂപയാണു ടിക്കറ്റ് നിരക്ക് - നമ്മുടെ നാട്ടിലെ ടിക്കറ്റ് നിരക്കും സഞ്ചരിക്കേണ്ടുന്ന ദൂരവും തുലനം ചെയ്താല്‍ നമ്മുടെ നാട്ടിലെ നിരക്കിനേക്കാള്‍ മുപ്പതു ശതമാനം എങ്കിലും അധികമാണ് ഈ തുക - രണ്ടുപേര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇരുപതു രൂപ ഞാന്‍ നല്‍കി എന്റെ കയ്യിലും കണ്ടക്ടറുടെ കയ്യിലും ചില്ലറയില്ല ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോള്‍ വളരെ മാന്യമായി ബാക്കിതരാന്‍ ഏട്ട് രൂപ ചില്ലറ ഇല്ലെന്നും സഹകരിക്കണമെന്നും ക്ഷമാപണം നടത്തി ഞങ്ങളെ ഇറക്കിവിട്ടു, എട്ടു രൂപയല്ലെ സാരമില്ല ഓട്ടോറിക്ഷ പിടിച്ചു വന്നിരുന്നെങ്കില്‍ അന്‍പതു രൂപ ചിലവാകുമായിരുന്നല്ലൊ എന്നും പറഞ്ഞ് ഞങ്ങള്‍ ആ വിഷയം വിട്ടു. കാരണം NMMT ബസുകളുടെ എണ്ണത്തിലെ കുറവും ഉള്ളതില്‍ തന്നെ തിരക്കിന്റെ ആധിക്യവും കാരണം മിക്കവാറും ഓട്ടോയിലാണ് ശ്രീമതി ഫ്ലാറ്റിലേക്കു പോകാറുള്ളത്.

മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ഞങ്ങള്‍ സ്റ്റോപ്പിലെത്തിയ ഉടന്‍ NMMT ബസ് എത്തി, ഉള്ളില്‍ സാമാന്യം നല്ല തിരക്കുണ്ട്, ഇപ്രാവശ്യം ഇരുപത് രൂപ കണ്ടക്ടര്‍ക്ക് കൊടുത്ത എന്റെ കയ്യില്‍ ടിക്കറ്റും പതിനാറു രൂപയും ബാക്കി നല്‍കി. ഒരു ടിക്കറ്റേ ഉള്ളു എന്നു കരുതി ഒന്നല്ല രണ്ട് ടിക്കറ്റാണു വേണ്ടതെന്നു പറഞ്ഞ് കണ്ടക്ടര്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിച്ചു എന്നാല്‍ തന്നത് രണ്ട് ടിക്കറ്റ് തന്നെയാണെന്നും സാറിനു ഞാന്‍ മുന്‍പ് ഒരുദിവസം എട്ടുരൂപ ബാക്കി തരാനുള്ളത് കൂടി ചേര്‍ത്താണ്  പണം തിരികെ തന്നതെന്നും അയാള്‍ വിശദീകരിച്ചു. അയാളുടെ സത്യസന്ധത എന്നെ സ്തബ്ധനാക്കിയ നിമിഷങ്ങളായിരുന്നു അത്. കാരണം മുംബയ് പോലെ ഒരു മഹാനഗരത്തില്‍ തിങ്ങി നിറഞ്ഞ ബസിനുള്ളില്‍ തിരക്കു പിടിച്ച ഒരു കണ്ടക്ടര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം സ്ഥിരം യാത്രക്കാരോ ദീര്‍ഘ ദൂര യാത്രക്കാരോ ആയിരുന്നില്ല ഞങ്ങള്‍. മാത്രമല്ല അയാള്‍ ഈ കാര്യം ഓര്‍പ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അയാളെ തിരിച്ചറിഞ്ഞിരുന്നുമില്ല. ഭാഷയുടെയും ദേശങ്ങളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തുവാന്‍ തക്കവണ്ണം തന്റെ ഉത്തരവാദിത്വവും അന്തസ്സും സ്ത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന എനിക്കു പേരറിയാത്ത ആ കണ്ടക്ടര്‍ക്ക് ബഹുമാന പുരസ്സരം ഹൃദയം നിറഞ്ഞ നന്ദി.



2011, ജൂലൈ 15

വൈദ്യുതി മോഷണം

വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ സെക്ഷന്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. സാധാരണക്കാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയതിലേറെയുമെന്നതാണ് ഏറെ രസകരം.

ഗാര്‍ഹിക ഉപഭോക്താക്കളടക്കം വന്‍തോതിലുള്ള വൈദ്യുതി മോഷണം നടത്തിയതായാണു കണ്ടെത്തല്‍. വൈദ്യുതി മോഷണത്തെ ന്യായീകരിക്കാനാവില്ല. പക്ഷേ, സാധാരണക്കാരന്റെ കാര്യത്തില്‍ മാത്രം വൈദ്യുതി മോഷണം വലിയ കുറ്റവും സമ്പന്നന്റെ കാര്യത്തില്‍ അതു നിസാരസംഭവവും ആകുന്നു എന്ന വൈരുദ്ധ്യം തിരിച്ചറിയണം.

വീടുകളിലെ കണക്ഷനില്‍ നിന്ന് മുറ്റത്തുള്ള മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളാകും. ലക്ഷക്കണക്കിനു രൂപയുടെ വൈദ്യുതി മോഷ്ടിക്കുന്നവര്‍ ദിവ്യന്‍മാരും പരിശുദ്ധരുമാകും. അതാണ് വൈദ്യുതി ബോര്‍ഡിന്റെ രീതി. മുമ്പ് കെടിഡിസിയുടെ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന പത്മജ വേണുഗോപാലിന്റെ വീട്ടില്‍ ഒന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തിയിരുന്നു. അത് ഏതു വിധത്തിലാണ് അവസാനിച്ചതെന്നു മാത്രം അധികമാരും അറിഞ്ഞിട്ടില്ല.

നൂറു രൂപയുടെ ക്രമക്കേടു മാത്രമേ ക്രമക്കേടിന്റെ പരിധിയില്‍ വരികയുള്ളൂവെന്നതാണോ സര്‍ക്കാരിന്റെ നയം. തകരാറിലായ വൈദ്യുതി മീറ്റര്‍ മാറ്റി വയ്ക്കണമെന്ന പതിനായിരക്കണക്കിന് അപേക്ഷകള്‍ വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നതായും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. അതാണു കൂടുതല്‍ ഗുരുതരമായ തെറ്റ്.

വൈദ്യുതി അമൂല്യമായ നിധി തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ ദുരുപയോഗം തടയപ്പെടേണ്ടതു തന്നെ. അതിനൊപ്പം മറ്റു ചില കാര്യങ്ങളില്‍ക്കൂടി ശ്രദ്ധ പുലര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കണം. സ്വന്തം ഭാഗത്തു നിന്നുള്ള തെറ്റുകള്‍ തിരുത്തിയിട്ടാവട്ടെ നാട്ടുകാരെ തേടിപ്പോകാന്‍. സംഘടിത ശക്തി ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ജീവനക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ആര്‍ക്കാണു സാധിക്കുക? ജീവനക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെങ്കില്‍ കടുത്ത നടപടിയാണെടുക്കേണ്ടത്. അതിനു പകരം, അവരുടെ സംഘടനാബലം കണ്ട് മുട്ടുകൂട്ടിയിടിച്ചു നില്‍ക്കുകയാണു സര്‍ക്കാര്‍. ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ നഷ്ടം.

വൈദ്യുതി ബോര്‍ഡിന്റെ നഷ്ടക്കണക്ക് നിരത്തിയാണ് ഓരോ തവണയും നിരക്കു വര്‍ധിപ്പിക്കാറുള്ളത്. ബോര്‍ഡില്‍ നിന്നു പിരിഞ്ഞ ജീവനക്കാരുടെ പെന്‍ഷന്‍ തുക പോലും കേട്ടാല്‍ ഞെട്ടുന്നത്ര ഭീമമാണെന്നത് ആര്‍ക്കും അറിയാത്തതല്ല. ഇത്ര വലിയ തുക ശമ്പളമായും ആനുകൂല്യങ്ങളായും ജീവനക്കാര്‍ക്കു നല്‍കുന്നതു തന്നെയാണ് ബോര്‍ഡിന്റെ നഷ്ടത്തിനു കാരണം. അതിന്റെ പാപഭാരം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ്.

ആര്യാടന്‍ മുഹമ്മദ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ നിരക്കു വര്‍ധിപ്പിക്കില്ലെന്നു പറയാനാവില്ലെന്നാണ് പറഞ്ഞത്. അതായത്, കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഏതു നഷ്ടവും പരിഹരിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുക. ഒരു സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണു ചെയ്യേണ്ടത്. അതിനു പകരം, നിരക്കു കൂട്ടി ജനങ്ങളിലേക്ക് അധികഭാരം വലിച്ചു കയറ്റുന്നു ജനകീയ സര്‍ക്കാര്‍. ഈ നയത്തിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്.

വൈദ്യുതി നിരക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്നതിലും ഇരട്ടത്താപ്പാണു വൈദ്യുതിബോര്‍ഡ് സ്വീകരിക്കുന്നത്. സാധാരണക്കാരനായ ഒരു ചെറുകിട കച്ചവടക്കാരന്‍ ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ പിറ്റേന്നു രാവിലെ തന്നെ ഫ്യൂസ് ഊരാന്‍ ആളെത്തും. ഒരിക്കലും രാവിലെ പത്തിന് ഓഫീസില്‍ ഹാജരായിട്ടില്ലാത്ത പല ഉദ്യോഗസ്ഥരും ഫ്യൂസ് ഊരേണ്ട ദിവസം ഒമ്പതരയ്ക്കു തന്നെ ഹാജര്‍. ഇതിനു പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് ബോര്‍ഡിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ഫ്യൂസ് ഊരാന്‍ ചെല്ലുമ്പോള്‍ കൈമടക്കു കിട്ടുമെന്നതു തന്നെ മുഖ്യ കാര്യം.
നിയമത്തിന്റെ നൂലിഴ തെറ്റിക്കാതെ നടപ്പാക്കുന്ന ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് മാസങ്ങളോ വര്‍ഷങ്ങളോ വൈദ്യുതി നിരക്ക് അടയക്കാത്ത വന്‍കിടക്കാരുടെ വീട്ടുപടിക്കല്‍ കുമ്പിട്ടു നില്‍ക്കുന്നത്.

വിജിലന്‍സിന് വൈദ്യുതി മോഷണം കണ്ടെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വന്‍കിടക്കാരെ തേടിപ്പോവുകയാണ്. പാവപ്പെട്ടവന്‍ സ്വന്തം മുറ്റത്തു നടത്തുന്ന മാടക്കടയിലേക്ക് ഒരു ബള്‍ബിനുള്ള വൈദ്യുതി എടുത്തിട്ടുണ്ടെങ്കില്‍ അതാകരുത് ലോകത്തിലെ ഏറ്റവും വലിയ കുറ്റം.
സമൂഹത്തിലെ പാവപ്പെട്ടവരോട് എന്തുമാകാമെന്ന ധാരണയാണ് നമ്മുടെ ഉദ്യോഗസ്ഥ മേധാവികള്‍ക്കുള്ളത്. അവരെ ആര്‍ക്കും എന്തും ചെയ്യാം. ഊരിയെടുത്ത ഫ്യൂസിനു പിന്നാലെ വൈദ്യുതി ഓഫീസിലേക്ക് ചെല്ലുന്ന സാധാരണക്കാരന്‍ നേരിടേണ്ടവരുന്ന ഭീകരമായ അവസ്ഥകള്‍ അനുഭവിച്ചറിഞ്ഞവരാണ് ഇവിടെയുള്ള പാവങ്ങള്‍. അത്തരക്കാരെ കൂടുതല്‍ പീഡിപ്പിക്കാനുള്ള ശ്രമം ഉടന്‍ അവസാനിപ്പിക്കണം ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ളവര്‍. അധികാരത്തിലെത്തുംവരെ മാത്രം പാവപ്പെട്ടവനെക്കുറിച്ച് വാചാലരാവുകയും അധികാരം കിട്ടുന്നതോടെ സമ്പന്നര്‍ക്കുവേണ്ടി വിടുപണി ചെയ്യുകയുമെന്ന ശൈലി അദ്ദേഹത്തെപ്പോലുള്ളവര്‍ക്കു യോജിച്ചതല്ല.

പട്ടിണി മാറ്റാന്‍ അന്യന്റെ മാവിലെ മാങ്ങാ പറിച്ചെടുക്കുന്നവര്‍ വന്‍കിട മോഷ്ടാക്കളും, സംസ്ഥാനത്തെയാകെ വിറ്റു പണമുണ്ടാക്കുന്നവര്‍ നേതാക്കളുമാകുന്ന സാമൂഹിക സാഹചര്യം മാറിയേ തീരൂ. പെറ്റിക്കേസുകള്‍ കൂടുതലുണ്ടാക്കിയാല്‍ മാത്രം മതിയെന്ന് പൊലീസിനു നിര്‍ദേശം നല്‍കുന്നതു പോലെ തന്നെയാണ് വൈദ്യുതി മോഷണത്തിനെതിരേയുള്ള നടപടിയും. പരിശോധനകള്‍ പാവപ്പെട്ടവന്റെ വീടുകളില്‍ മാത്രം ഒതുക്കി നിര്‍ത്തി നടത്തുന്ന ഈ അസംബന്ധ നാടകം ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഇത്തരം നടപടികള്‍ക്കു പകരം, വന്‍തുക കുടിശിക വരുത്തിയിരിക്കുന്ന വന്‍കിടക്കാരന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. അധികാരം പാവപ്പെട്ടവനെ അടിച്ചമര്‍ത്താനുള്ളതല്ല. സമ്പന്നന്‍ തെറ്റു ചെയ്താലും അതു തെറ്റാണെന്നു പറയുന്നിടത്താണ് ഭരണാധികാരികളുടെ മികവെന്നു മാത്രം ഓര്‍മിക്കുക.

2011, ജൂലൈ 12

എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവില

പാചകവാതക സബ്‌സിഡി തീര്‍ത്തും ഇല്ലാതാക്കി എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവിലയാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു വ്യക്‌തമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 800 രൂപയാണു വിപണിവില.

നന്ദന്‍ നിലേകനിയുടെ കര്‍മസമിതി റിപ്പോര്‍ട്ട്‌ വരികള്‍ക്കിടയില്‍ വായിക്കുന്നത്‌ ഇപ്രകാരമാണ്‌. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്‍പം വൈകിയാല്‍പ്പോലും 2012ല്‍തന്നെ എല്‍.പി.ജി. സബ്‌സിഡി ഇല്ലാതാകും.

സബ്‌സിഡി നിരക്കിലുള്ള പാചകവാതകം ഒരു കുടുംബത്തിനു വര്‍ഷം നാലു സിലിണ്ടര്‍ എന്ന കര്‍മസമിതിയുടെ ആദ്യനിര്‍ദേശം ചര്‍ച്ചയായിക്കഴിഞ്ഞു. ബി.പി.എല്‍. വിഭാഗക്കാരും അധിക സിലിണ്ടര്‍ വിപണിവിലയ്‌ക്കു വാങ്ങണം. ഇവര്‍ക്കുള്ള സബ്‌സിഡി വര്‍ഷാവസാനം പണമായി നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. ഈ വ്യവസ്‌ഥകള്‍ മൂന്നു മാസത്തിനകം നടപ്പാക്കാനാണു കര്‍മസമിതി നിര്‍ദേശം. രണ്ടാംഘട്ടമായി ഉപയോക്‌താക്കളെ ആധാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങും.

ഇതോടെ എല്ലാ കുടുംബങ്ങളുടെയും സമഗ്രവിവരങ്ങള്‍ ഒരു മൗസ്‌ ക്ലിക്കില്‍ സര്‍ക്കാരിനു ലഭ്യമാകും. മൂന്നാംഘട്ടമാണ്‌ അപകടകരം. ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ സബ്‌സിഡി സ്‌കീമില്‍നിന്ന്‌ ഈ ഘട്ടത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നാണു ശിപാര്‍ശ. ഇരുചക്രവാഹനം, ഭേദപ്പെട്ട വീട്‌, കാര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കി നിലവിലെ ബി.പി.എല്‍. വിഭാഗത്തില്‍നിന്നുപോലും നല്ലൊരു ശതമാനം കുടുംബങ്ങള്‍ സബ്‌സിഡിയില്‍നിന്നു പുറത്താകും. എല്ലാ സിലിണ്ടറുകള്‍ക്കും നിലവിലെ നിരക്കിന്റെ ഇരട്ടിനല്‍കേണ്ടി വരും. 2012 ജൂണില്‍ മൂന്നാംഘട്ടത്തിനു തുടക്കംകുറിക്കാനാണു നിലേകാനി കര്‍മസമിതി ലക്ഷ്യമിടുന്നത്‌. ജനരോഷം ചെറുക്കാനുള്ള നാലു സിലിണ്ടര്‍ പദ്ധതി അല്‍പായുസാകുമെന്നര്‍ഥം.

എല്ലാ പൗരന്മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുന്നതടക്കമുള്ള പദ്ധതിയാണ്‌ ആധാര്‍. ഈ പരിപാടിയുടെ ചുമതലക്കാരന്‍ കൂടിയാണ്‌ ഇന്‍ഫോസിസ്‌ മുന്‍ മേധാവിയായ നന്ദന്‍ നിലേകനി. കാബിനറ്റ്‌ മന്ത്രിയുടെ പദവിയാണ്‌ ഇദ്ദേഹത്തിന്‌. കര്‍ണാടകയിലും മറ്റും പൈലറ്റ്‌ പദ്ധതിയായി നടപ്പാക്കിവരുന്ന ആധാര്‍ പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ ഭവനരഹിതരെവരെ നിരീക്ഷിക്കും. എല്ലാവരുടേയും പത്തു വിരലുകളുടേയും കണ്ണിലെ കൃഷ്‌ണമണിയുടേയും അടയാളങ്ങള്‍ പതിക്കുന്ന ബയോമെട്രിക്‌ കാര്‍ഡുകളാണു നല്‍കുക. സര്‍ക്കാരിന്റെ നികുതിവല ഭേദിക്കാനും ഇതോടെ ആര്‍ക്കും കഴിയാതാകും. പാര്‍ലമെന്റിനെപ്പോലും മറികടക്കുന്ന ഈ സംവിധാനത്തിനെതിരേ ഇടതുപക്ഷ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്‌.

രണ്ടാംഘട്ടത്തില്‍, ആധാര്‍ സ്‌കീമുമായി ബന്ധിപ്പിക്കുന്ന ബാങ്കുകളില്‍ ഉപയോക്‌താക്കള്‍ തുടങ്ങുന്ന അക്കൗണ്ടുകളിലേക്ക്‌ ബി.പി.എല്ലുകാര്‍ക്കുള്ള എല്‍.പി.ജി. സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നാണ്‌ അറിയിപ്പ്‌. കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക്‌ ഇങ്ങനെ പണം വകയിരുത്തി നല്‍കുന്ന രീതി ഏറെനാള്‍ തുടരാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ലെന്നാണു വിവരം.

അതിനാല്‍ അര്‍ഹതയുള്ളവരുടെ പട്ടിക പരമാവധി ചുരുക്കി, മൂന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കകം തന്നെ തുടങ്ങാനാണു നീക്കം.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011, ജൂലൈ 10

സ്വകാര്യ ആശുപത്രികള്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നു.

സ്വകാര്യ ആശുപത്രികള്‍ രോഗികളോടു തുടരുന്ന സമീപനത്തെ അതിനിശിതമായ ഭാഷയിലാണ് ഇന്നലെ സുപ്രീംകോടതി വിമര്‍ശിച്ചത്. തികച്ചും അര്‍ത്ഥപൂര്‍ണമായ വിമര്‍ശനം. സ്വകാര്യ ആശുപത്രികള്‍ ഹോട്ടലുകളല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തോന്നിയതു പോലെ പണം വാങ്ങാന്‍ ആരാണ് ആശുപത്രികള്‍ക്ക് അനുവാദം നല്‍കിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ യാചകരല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു കൊടുത്തു സര്‍ക്കാരില്‍ നിന്നു വാങ്ങിയെടുത്ത ഭൂമിയില്‍ കെട്ടിപ്പൊക്കിയ ഡല്‍ഹിയിലെ ഒരു ആശുപത്രിക്കെതിരേയുള്ള കേസിലാണ് വിമര്‍ശനം.

പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഉറപ്പു നല്‍കിയ ശേഷം, അതില്‍ നിന്നു പിന്മാറി ജനങ്ങളെ പിഴിയുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. ആര്‍ക്കും എന്തും ചെയ്യാവുന്ന മേഖലയായി ആതുരസേവന രംഗം മാറുന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെല്ലാം. വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക പലപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനു സമമാണ്. അതിസമ്പന്നരായവര്‍ക്ക് ഇത്തരം ഈടാക്കലുകള്‍ വലിയ പ്രശ്‌നമായേക്കില്ല. എന്നാല്‍, സാധാരണക്കാര്‍ക്ക് ഇതു താങ്ങാനാവില്ല.

വന്‍തുക മുടക്കാന്‍ തയാറല്ലാത്തവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കു പോകട്ടെയെന്നാണ് സ്വകാര്യ ആശുപത്രിക്കാരുടെ പതിവായുള്ള പ്രതികരണം. ആരേയും തങ്ങളുടെ ആശുപത്രിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും, തേടിവരുന്നവര്‍ തങ്ങള്‍ നിശ്ചയിക്കുന്ന തുക അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നും പറയുന്നവരുണ്ട്.
ഇത്തരക്കാര്‍ മറക്കരുതാത്ത ചില കാര്യങ്ങളുണ്ട്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മണ്ണിലാണ് നിങ്ങളുടെ ആശുപത്രിക്കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ അനുസരിച്ചേ തീരൂ. ഓരോ പൗരനും ചികിത്സ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ വന്‍തോതിലുള്ള ഇളവുകള്‍ നല്‍കിയാണ് മിക്ക ആശുപത്രികളേയും സഹായിക്കുന്നത്. ആ സഹായം കൈപ്പറ്റിയ ശേഷം പാവപ്പെട്ടവരെ അവിടെ കയറ്റില്ലെന്നു പറയുന്നവര്‍ അവരുടെ കെട്ടിടം പൊളിച്ച് മറ്റു രാജ്യങ്ങളിലേക്കു പോവുക. അതായിരിക്കും നല്ലത്. ഇന്ത്യയില്‍ ആശുപത്രി നടത്തണമെങ്കില്‍ ഇവിടത്തെ ജനങ്ങളെ ചികിത്സിക്കാന്‍ തയാറായിരിക്കണം. അതിനു തയാറല്ലാത്തവരുടെ കെട്ടിടങ്ങള്‍ ഈ മണ്ണില്‍ വേണ്ടെന്നു നിശ്ചയിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.

ഡല്‍ഹിയില്‍ മാത്രമല്ല ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നത്. കേരളമടക്കം എല്ലായിടത്തും സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിഞ്ഞാണു പണം വാങ്ങുന്നത്. ഒരിക്കല്‍പ്പോലും സ്വകാര്യ ആശുപത്രിയിലേക്കു പോകാന്‍ ഇടയാക്കരുതേയെന്ന പ്രാര്‍ത്ഥനയാണ് സാധാരണക്കാര്‍ക്കുള്ളത്.
ചികിത്സയ്ക്കു മാത്രമല്ല, പരിശോധനകള്‍ക്കും വന്‍തുക മുടക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന അതേ പരിശോധനകള്‍ സ്വകാര്യ ആശുപത്രികളില്‍ നടത്താന്‍ പത്തിരട്ടിയിലധികം രൂപ നല്‍കേണ്ട സാഹചര്യമുണ്ട്.

എല്ലാ മേഖലയെയും കച്ചവടമേഖല മാത്രമായി കാണുന്ന കുറേപ്പേര്‍ ചേര്‍ന്നു നശിപ്പിക്കുന്നത് മഹത്തായ ഒരു തൊഴിലിനെത്തന്നെയാണ്. ആതുരസേവനം കേവലമൊരു ജീവനോപാധി മാത്രമല്ല. മനുഷ്യന്റെ ആരോഗ്യവും ജീവനും സംരക്ഷിച്ചു നിര്‍ത്താനുള്ള വിദ്യയാണ് ഡോക്ടര്‍മാര്‍ പഠിക്കുന്നത്. പ്രസ്തുത കൃത്യത്തെ പണസമ്പാദനത്തിനുള്ള ഉപാധി മാത്രായി കണ്ടുകൂടാ.

ആരോഗ്യം നശിച്ച് ആശുപത്രിയിലെത്തുന്നവര്‍ ലക്ഷ്യമിടുന്നത് സുഖവാസമല്ല. ആരോഗ്യം തിരിച്ചുകിട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് പലരെയും സ്വകാര്യ ആശുപത്രികളിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോയാല്‍ ജീവന്‍ പോലും തിരിച്ചു കിട്ടുമോയെന്ന ആശങ്ക പങ്കിട്ടത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി തന്നെയാണെന്നത് വിസ്മരിക്കാതിരിക്കാം.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് ആവശ്യപ്പെട്ടു നടത്തിയ സമരങ്ങളും ഡല്‍ഹി സംഭവത്തോടു കൂട്ടിച്ചേര്‍ത്തു തന്നെ വായിക്കണം. രോഗികളുടെ ജീവന്‍ കൊണ്ടു പന്താടി അവര്‍ നേടാന്‍ ഉദ്ദേശിക്കുന്നതാകട്ടെ കുറേയേറെ പണം മാത്രം. വീടുകളില്‍ രോഗികളെ പരിശോധിക്കുന്നതിലൂടെ ദിനംപ്രതി പോക്കറ്റിലേക്കു വീഴുന്ന നോട്ടുകെട്ടുകളുടെ പ്രഭയാണ് ഡോക്ടര്‍മാരെ നയിക്കുന്നത്.

പണ്ടുള്ള ഡോക്ടര്‍മാര്‍ സഹജീവികളുടെ ആരോഗ്യപരിപാലനത്തിനായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ഇന്നാകട്ടെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, തങ്ങളെ സമീപിക്കുന്ന എല്ലാവരില്‍ നിന്നും വന്‍തുക ഊറ്റിയെടുക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നു. അതിനെതിരേ നില്‍ക്കുന്നതു സര്‍ക്കാരാണെങ്കില്‍, ആ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ സമരവുമായി തെരുവിലിറങ്ങും. സര്‍ക്കാരിനെ പാഠം പഠിപ്പിക്കുക എന്നതിനര്‍ത്ഥം ജനങ്ങളെ പീഡിപ്പിക്കുക എന്നു തന്നെയാണ്. ഇത്തരം സമരാഭാസവുമായി ഇറങ്ങുന്ന ഡോക്ടര്‍മാരെ കൈകാര്യം ചെയ്യേണ്ടതു മറ്റു ചില രീതികളിലാണ്. നിയമസംവിധാനത്തെ ബഹുമാനിക്കുന്നതു കൊണ്ടു മാത്രം ജനം പ്രതികരിക്കുന്നില്ല. അതു പക്ഷേ, എല്ലാക്കാലവും ഈ തെമ്മാടിത്തം തുടരാനുള്ള ഉപായമായി ഡോക്ടര്‍മാര്‍ കാണരുത്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കാര്യം ഈ വിധത്തിലാണെങ്കില്‍, സ്വകാര്യ ആശുപത്രികള്‍ മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നു. ഡോക്ടറെ കാണുന്നതിനും പരിശോധനകള്‍ക്കും മരുന്നിനുമടക്കം വന്‍തുക പോക്കറ്റില്‍ കരുതാതെ സ്വകാര്യ ആശുപത്രികളിലേക്ക് ആര്‍ക്കും പോകാനാവില്ല.
ഈ നില മാറിയേ തീരൂ. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്കു സംബന്ധിച്ച പഠനമാണ് ആദ്യം ആവശ്യം. അതില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സൗജന്യം പറ്റിയിട്ടുള്ളവര്‍ ഇവിടുത്തെ ജനങ്ങളോടു കടപ്പെട്ടിരിക്കുന്നു. അവരുടെ സേവകര്‍ മാത്രമാണ് ആശുപത്രി നടത്തിപ്പുകാര്‍.

തങ്ങളുടെ മുന്നിലെത്തുന്നവരോട് യജമാനഭാവത്തോടെ പ്രതികരിക്കുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും നിലയ്ക്കു നിര്‍ത്തി, ആവശ്യമായ സംവിധാനങ്ങളേര്‍പ്പെടുത്തുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ജനങ്ങളെത്തും. അതിലൂടെ സ്വകാര്യ ധിക്കാരികളുടെ ധാര്‍ഷ്ട്യം ശമിപ്പിക്കാനാകും. അത്തരം ചില നടപടികള്‍ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നു.

2011, ജൂലൈ 8

ആറാട്ടെഴുന്നള്ളത്തിനു തീവെട്ടി പിടിച്ചവന്‍

കഴിഞ്ഞ ദിവസം ശ്രീ കുമ്മനത്തിന്റെ ഒരു പ്രസ്ഥാവന വായിച്ചിരുന്നു ക്ഷേത്രത്തില്‍നിന്നു കണ്ടെടുത്ത നിധി ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതേറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എന്തു വിലകൊടുത്തും തടയുമെന്നും മറ്റും.





ഇതിപ്പോള്‍ നിധി സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയും അതിനായി പ്രതിവര്‍ഷം മുപ്പതു കോടിയുടെ അധിക ബാധ്യത കേരള ജനതയുടെ തലയില്‍ വരുകയും ചെയ്തതായി മനസിലാക്കുന്നു, ഇപ്പോള്‍ ഒരു വെള്ളാപ്പള്ളിയുടേം കുമ്മനത്തിന്റേം പൊടിപോലും കാണാനില്ല നിധിയുടെ സുരക്ഷാ ചിലവ് ഞങ്ങള്‍ വഹിക്കാം സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും സാങ്കേതിക സൗകര്യങ്ങളും ഒരുക്കിത്തന്നാല്‍ മാത്രം മതി എന്നു പ്രസ്താവിക്കാന്‍.

ഇതിപ്പോള്‍ ആറാട്ടെഴുന്നള്ളത്തിനു തീവെട്ടി പിടിച്ചവന്റെ  മാതിരിയായി മലയാളികളുടെ (കേരള സംസ്ഥാന സര്‍ക്കാരിന്റെ) അവസ്ഥ, ലോകം മുഴുവന്‍ ഈ നിധിയെച്ചൊല്ലി ഭാഗ്യവാന്മാര്‍ എന്നു അസൂയപ്പെടുന്നു എന്നാല്‍ യധാര്‍ഥത്തില്‍ കമ്മിബജറ്റില്‍ പ്രതിവര്‍ഷം മുപ്പതു കോടിയുടെ അതിക ബാധ്യത പേറേണ്ട ദൌര്‍ഭാഗ്യം വന്നു ഭവിച്ചിരിക്കുന്നു.

ഈ പുതിയ സാഹചര്യത്തില്‍ ശരിക്കും ചെയ്യേണ്ടത് ഈ സ്വത്ത് വകകള്‍ റിസര്‍വ് ബാങ്കില്‍ (അല്ലെങ്കില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ ആയാലും മതി സ്വര്‍ണത്തിനു ഏറ്റവും കൂടുതല്‍ വായ്പ്പ, ഏറ്റവും കുറവ് പലിശ എന്നാണല്ലോ അവരുടെ പരസ്യം, ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കാരായകൊണ്ട് പലിശയില്‍ കൂടുതല്‍ ഇളവും ചോദിക്കാം) പണയം വെച്ച് ആ തുക കൊണ്ട് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം, പണയം സ്വീകരിച്ച മുതലിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം ബാങ്കില്‍ നിക്ഷിപ്തമാകുകയും ചെയ്യും പലിശ ഇനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം മുപ്പതു കോടി രൂപയില്‍ കുറഞ്ഞ തുകയേ ചിലവാകുകയുമുള്ളു. .


(ഈ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍‍ത്തികമാ​‍ക്കിയാല്‍ ബൗദ്ധിക സ്വത്തവകാശ നിയമ പ്രകാരം റോയല്‍റ്റി ലഭിക്കാന്‍ എനിക്ക് അവകാശമുണ്ടെന്നു ഇതിനാല്‍ അറിയിച്ച്കൊള്ളുന്നു, കാശ് കിട്ടിക്കഴിയുമ്പം  മാണിസാര്‍ പിന്നെ ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ പറയരുത് എന്റെ വീതം കൃത്യമായിട്ടിങ്ങെത്തിക്കണം.)
..

2011, ജൂലൈ 6

മനുഷ്യത്വം നശിക്കുന്ന സ്കൂളധികൃതര്‍

അനധികൃതമായി ആവശ്യപ്പെട്ട സംഭാവന നല്‍കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ബുദ്ധിമാന്ദ്യമുള്ള പതിനാലു കുട്ടികളെ പുറത്താക്കിയ സംഭവം തികച്ചും അപലപനീയം തന്നെ. കൊച്ചി പള്ളുരുത്തിയിലെ ശില്പ സ്‌പെഷല്‍ സ്കൂള്‍ അധികൃതരുടെ ഈ നടപടി മനുഷ്യത്വരഹിതവും ധിക്കാരം നിറഞ്ഞതുമാണ്. ഇവര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വൈകിക്കൂടാ.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണു സ്കൂള്‍.

കുട്ടികളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നും സൗജന്യമായി പഠന പരിശീലനങ്ങള്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥപ്രകാരമാണ് ഈ സഹായം നല്‍കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഒരിക്കലും ചെയ്യരുതാത്ത പലതും ഇവിടെ ചെയ്യുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കു സര്‍്ക്കാര്‍ നല്‍കുന്ന തുക പോലും തങ്ങള്‍ക്കു വേണമെന്നു ശഠിക്കുന്നതായും വിവിധ ഇനങ്ങളിലായി 6500 രൂപ ഓരോ കുട്ടിയില്‍ നിന്നും ഈടാക്കുന്നതായും പരാതിയുണ്ട്. ഇതെല്ലാം വെറും പരാതികളായി അവശേഷിച്ചുകൂടാ.

സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളും തട്ടിപ്പുകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളാകട്ടെ സ്കൂള്‍ നടത്തിപ്പുകാരുടെ ദാസ്യവേല ചെയ്യുന്നു. പലപ്പോഴും മതസംഘടനകളുമായും മറ്റും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ചെയ്യുന്ന ഗുരുതരമായ കുറ്റങ്ങളെപ്പോലും ലഘൂകരിച്ചു കാണാനും മൂടിവയ്ക്കാനുമാണ് സര്‍ക്കാരും ശ്രമിക്കുന്നത്.

അടുത്തിടെയാണ് സ്കൂള്‍ പ്രവേശനോത്സവദിവസം കടുത്തുരുത്തിയിലെ ഒരു സ്കൂളില്‍ പിഞ്ചുകുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ ടാഗ് തൂക്കിയത്. അന്ത്യന്തം നീചവും ഇന്ത്യന്‍ ഭരണഘടനയ്ക്കു തന്നെ കടകവിരുദ്ധവുമായ നടപടിയാണ് സ്കൂള്‍ അധികൃതരില്‍ നിന്നുണ്ടായത്. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതി തൂക്കിയതിനെ ഏതു നീതിശാസ്ത്രം ഉയര്‍ത്തിയാണു നിങ്ങള്‍ക്കു ന്യായീകരിക്കാനാവുക.

ജാതിവ്യവസ്ഥയുടെ ക്രൂരമുഖങ്ങള്‍ പഴങ്കഥയായെന്ന് ആശ്വസിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ മനസുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഗുരുതരമായ തെറ്റാണു സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. പൊതുജനം ഇടപെടുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ജില്ലാ അധികൃതരുള്‍പ്പെടെ എന്തെങ്കിലും ചെയ്തു എന്നു വരുത്തിത്തീര്‍ക്കാനിറങ്ങിയത്.

കൊച്ചിയിലുണ്ടായതും ഇതും സമാനമായ സംഭവങ്ങളല്ല. എന്നാല്‍, രണ്ടിനും പിന്നില്‍ മനുഷ്യത്വരാഹിത്യമെന്ന സമാനതയുണ്ട്. ഒന്ന് ജാതിവിവേചനമായിരുന്നെങ്കില്‍ രണ്ടാമത്തേത് മനുഷ്യന്‍ മൃഗമായിത്തീരുന്ന അവസ്ഥയാണ്.

ബുദ്ധിമാന്ദ്യം സംഭവിക്കുന്ന ജന്മങ്ങള്‍ ആരുടെയും കുറ്റമല്ല. കുട്ടികളെ പുറത്താക്കാന്‍ മുന്‍കൈയെടുത്തവരുടെ തലമുറകളിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ഉണ്ടായിക്കൂടെന്നില്ല. അവരെ ആരെങ്കിലും ഇറക്കി വിടുമ്പോള്‍ മാത്രമേ അതിന്റെ ദുഃഖം എന്തെന്നു മനസിലാകൂ. തിരിച്ചറിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നി്ന്നു വ്യത്യസ്തരാക്കുന്നത്. വിവേചനബുദ്ധി നഷ്ടമാക്കാ്ന്‍ പണത്തിനു സാധിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് കൊച്ചിയിലെ സ്കൂളുകാരുടെ നടപടി.

പണം സമ്പാദിക്കാന്‍ മാത്രമായി തല്ലിക്കൂട്ടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ചുള്ള രജിസ്‌ട്രേഷന്‍ നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്നു തുടങ്ങണം നടപടികള്‍. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിച്ച് ഫണ്ട് തട്ടിയെടുക്കുക മാത്രമാണു പല കടലാസ് സംഘടനകളുടെയും ലക്ഷ്യം. ഇവിടെ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പേരില്‍ തട്ടിപ്പിനിറങ്ങി. മറ്റു ചിലര്‍ എയ്ഡ്‌സ് രോഗികളുടെയും കാന്‍സര്‍ രോഗികളുടെയും മറ്റും പേരു പറഞ്ഞ് സമാനമായ തട്ടിപ്പു സംഘടനകള്‍ നടത്തി കോടികളുണ്ടാക്കുന്നുണ്ട്. ഇതേക്കുറിച്ചൊക്കെ സമഗ്രമായ അന്വേഷണമാണ് ആവശ്യം.

തട്ടിപ്പാണു ചെയ്യുന്നതെന്നു വ്യക്തമായി മനസിലാക്കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരുകള്‍ വൈകുന്നതിനു പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ട്. അത് ആത്യന്തികമായി എത്തി നില്‍ക്കുന്നത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പെട്ടിയില്‍ വീഴുന്ന വോട്ടുകളിലും. ഈ അവസ്ഥ മാറണം. വോട്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയാറാവുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളാണ് ആദ്യം മാറേണ്ടത്. തെറ്റു ചെയ്യുന്നത് മത മേലധ്യക്ഷന്‍മാരാണെങ്കില്‍പ്പോലും അവരെ കണ്ടെത്തി ശിക്ഷിക്കാന്‍ തയാറാവണം.
മതങ്ങള്‍ തെറ്റു ചെയ്യുന്നില്ല. മതത്തിന്റെ പേരില്‍ ചില മനുഷ്യരാണു തെറ്റു ചെയ്യുന്നത്. അത്തരം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതോ കുറ്റക്കാരെ ശിക്ഷിക്കുന്നതോ മതത്തിനെതിരാകുന്നില്ല. ഈ തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിനുണ്ടാകേണ്ടിയിരിക്കുന്നു.

സ്കൂളുകള്‍ നടത്താന്‍ അനുമതി തേടുന്നവരുടെ പശ്ചാത്തലവും കൂടി അന്വേഷിക്കണം. കേവലം കച്ചവട സ്ഥാപനങ്ങളല്ല വിദ്യാലയങ്ങള്‍. അവിടം അറിവു പകര്‍ന്നു നല്‍കുന്ന വിശുദ്ധമായ ഇടമാണ്. കച്ചവടത്തിന്റെ തന്ത്രങ്ങളാകരുത് സ്കൂള്‍ നടത്തിപ്പുകാരെ ഭരിക്കേണ്ടത്.

സമൂഹത്തിലെ ദൗര്‍ഭാഗ്യം അനുഭവിക്കുന്നവരുടെ പേരു പറഞ്ഞ് നടത്തുന്ന തട്ടിപ്പുകള്‍ക്കും അറുതി വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി അവന്റെ സ്വന്തം നേട്ടമൊന്നുമല്ല. ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളും ഇവിടെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍ തന്നെ. ജന്മനാ സംഭവിച്ചു പോകുന്ന ചില വിപത്തുകള്‍ക്ക് അവരെ ശിക്ഷിക്കരുത്. ജനിതകവൈകല്യത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ തള്ളിപ്പറയാന്‍ ഒരു മാതാപിതാക്കള്‍ക്കും സാധിക്കില്ല. കുട്ടികളെക്കുറിച്ചോര്‍ത്ത് എരിയുന്ന മനസുമായി ജീവിക്കുന്ന മാതാപിതാക്കളുടെ സമ്പത്തു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ സമൂഹം കൂട്ടായി എതിര്‍ക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നു ഗ്രാന്റായും മറ്റും വന്‍തുക നേടുകയും, അതേസമയം, കുട്ടികളില്‍ നിന്നു വന്‍തുക ഈടാക്കാന്‍ ക്രൂരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണം. അവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അതിനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.