2012, മാർ 5

പകപോക്കലിലുമുണ്ടാകണം നീതിബോധം

രാഷ്ട്രീയത്തില്‍ പരസ്പരം പകയും വൈരാഗ്യവുമൊക്കെയുണ്ടാവുക സ്വാഭാവികം. എന്നാല്‍, അത്തരം പകപോക്കലുകള്‍ക്ക് നീതിയുടെ പരിവേഷമെങ്കിലുമുണ്ടാവണം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരേയുള്ള സര്‍ക്കാരിന്റെ തിടുക്കപ്പെട്ട നടപടികള്‍ അല്പം അനീതിയാണെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.


ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐസിടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് നിയമസഭാസമിതി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം തന്നെ വാര്‍ത്ത വന്നിരുന്നു. അന്വേഷണത്തിന്റെ വിശ്വാസ്യതയെയോ ന്യായാന്യായങ്ങളെയോ കുറിച്ചല്ല ഇവിടെ ചിന്തിക്കേണ്ടത്. എട്ടാം തീയതി മാത്രം സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനിരിക്കുന്ന ഒരു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അതിനും വളരെ മുമ്പേ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തി എന്നത് തികച്ചും അനുചിതമായ രാഷ്ട്രീയ തന്ത്രമായിപ്പോയി എന്നു പറയാതിരിക്കാനാവില്ല.


അന്വേഷണത്തിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുന്നതും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമാണ് സാമാന്യേനയുള്ള രീതി. അതിനു വിരുദ്ധമായി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങളില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിഎസിന്റെ ആവശ്യം തികച്ചും ന്യായം തന്നെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, അതിനുമുണ്ടാവണം സ്വാഭാവിക നീതിയുടെ മുഖം. പകപോക്കലിന് അനീതിയുടെ ഭാവമുണ്ടായിക്കൂടാ. ഇവിടെ സംഭവിക്കുന്നത് അതാണ്.


റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതിനു പിന്നാലെ അരുണ്‍കുമാറിനെതിരേ നടപടിയുമുണ്ടായി. ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായ അദ്ദേഹത്തില്‍ നിന്ന് ഐടി വിഭാഗത്തിന്റെ ചുമതല എടുത്തു മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഐടി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. എട്ടാം തീയതി സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരുന്നു നടപടിയെങ്കില്‍ ആരും കുറ്റപ്പെടുത്തുമായിരുന്നില്ല. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അനര്‍ഹമായാണ് അരുണ്‍കുമാര്‍ സ്ഥാനങ്ങള്‍ നേടിയതെങ്കില്‍ അത് തിരുത്തപ്പെടേണ്ടതു തന്നെ. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. പക്ഷേ, ഈ തിടുക്കം വേണ്ടായിരുന്നു.


നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ തിടുക്കപ്പെട്ടു സ്വീകരിച്ച നടപടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭാതലത്തിലുണ്ടാക്കിയേക്കാവുന്ന അസ്വാരസ്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരുന്നു. ജനോപകാരപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും നടപ്പാക്കാനും വേണ്ടി ചേരുന്ന നിയമസഭയുടെ അന്തരീക്ഷം രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കു വഴിമാറുകയെന്ന പതിവ് ഇത്തവണയെങ്കിലും ഉണ്ടാവില്ലെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. അതിനിടയിലാണ് പുതിയ വിവാദം ഉയരുന്നത്. ഇതോടെ ഈ സമ്മേളനവും ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംയുക്തമായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതെല്ലാം മാറ്റിവച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പോര്‍വിളികളും പ്രസ്താവനകളും ആര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക? ഏതായാലും ജനങ്ങള്‍ക്കല്ല. നേതാക്കള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ടാകാം. അതെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമസഭയെ ദുരുപയോഗം ചെയ്യരുത്.


വിഎസിന്റെ മകനെതിരായ റിപ്പോര്‍ട്ട് ചോര്‍ന്നു എന്നതിനര്‍ത്ഥം വിഎസിനെ എതിര്‍ക്കാന്‍ മകനെ ബലിയാടാക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചു എന്നു തന്നെയാണ്. അതാണ് ശരിയല്ലാത്ത മാര്‍ഗം. വിഎസോ എംഎ ബേബിയോ ക്രമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടിലുണ്ടാവും. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുമെടുക്കാം. അതാണ് അന്തസുള്ള രീതി.


അഴിമതിക്കാരനായ തങ്ങളുടെ പ്രിയ നേതാവിനെ ജയിലില്‍ അടക്കുവാന്‍ കാരണക്കാരനായ വീയെസിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതും തിടുക്കപ്പെട്ടു നടപടിയെടുത്തതുമെന്നു കരുതേണ്ടിയിരിക്കുന്നു. വിഎസ്  ഒരിക്കലും എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ചല്ല കോടതികളിലേക്കു പോയത്. ഭരണത്തിലിരിക്കെ ചെയ്ത അഴിമതിയെക്കുറിച്ച് അന്വേഷണമുണ്ടാവുമ്പോള്‍ വേവലാതിയുണ്ടാവുക സ്വാഭാവികം. ഭരണകാലം എത്ര വര്‍ഷം മുമ്പ് എന്നത് ചെയ്ത തെറ്റിനുള്ള ന്യായീകരണമേയല്ല. ജയിലില്‍ പോകേണ്ടവര്‍ പോവുക തന്നെ വേണം.ഇവരാരും മൂലധനം മുടക്കിയല്ല രാഷ്ട്രീയത്തിലിറങ്ങിയതും മന്ത്രിമാരായതും. ജനങ്ങള്‍ക്കു മുന്നില്‍ പ്രസംഗിച്ചും അണികളെ പിടിച്ചു നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞും മാത്രം അധികാരം പിടിച്ചെടുത്തവര്‍ അവിടെയിരുന്ന് നടത്തുന്ന കൊള്ളകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയക്കാരനായതുകൊണ്ടു മാത്രം അദ്ദേഹത്തിന് അഴിമതിക്കെതിരേ പോരാടാനുള്ള അവകാശമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതു ചോദ്യം ചെയ്യാനും ഇവിടുത്തെ ഓരോ പൗരനും അവകാശമുണ്ട്.


ജയിലിലേക്ക് കോടതി ശിക്ഷിച്ചയയ്ക്കുന്നവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുന്ന രാഷ്ട്രീയമാണ് നിലവിലുള്ളത്. ഇത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങള്‍ക്കും എതിരു തന്നെ. കുറ്റക്കാരെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുന്നവര്‍ക്ക് സുഖജീവിതത്തിനുളള അവസരമൊരുക്കുന്നവരെയും അഴിമതിക്കാരുടെ പട്ടികയില്‍ പെടുത്തേണ്ടിയിരിക്കുന്നു. വിഎസ് ഏതെങ്കിലും നേതാക്കള്‍ക്കെതിരേ കോടതിയില്‍ പോയെങ്കില്‍, അതേ കോടതിയില്‍ത്തന്നെ അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരവുമുണ്ടായിരുന്നു. വിഎസ് പറയുന്നതു മാത്രം കേട്ടല്ല കോടതി വിധി പ്രസ്താവിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചവരെ രക്ഷിക്കാന്‍ അപ്പീലിനു പോകുന്ന സര്‍ക്കാര്‍ ശൈലിയാണ് തിരുത്തേണ്ടത്.


വിഎസ് എന്നല്ല, ഒരു നേതാവും ജനങ്ങളില്‍ നിന്നു വ്യത്യസ്തരല്ല. അക്കാരണത്താല്‍ത്തന്നെ വിഎസിനെതിരേ നടത്തുന്ന പകപോക്കല്‍ ഇവിടുത്തെ ജനങ്ങള്‍ക്കെതിരായ നീക്കമാണെന്നു പറയേണ്ടിവരും. അരുണ്‍കുമാറിന് ക്രമം വിട്ടു നിയമനം നല്‍കിയെങ്കില്‍ അതേക്കുറിച്ച് നടപടിയെടുക്കാന്‍ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. നിയമങ്ങള്‍ക്കു മേലേയാണ് തങ്ങളുടെ സ്ഥാനമെന്ന് ഒരു രാഷ്ട്രീയക്കാരനും കരുതരുത്. പകപോക്കലല്ല, നിയമവിധേയമായി പ്രവര്‍ത്തിക്കലാണ് ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെ ഉത്തരവാദിത്വം.

6 അഭിപ്രായ(ങ്ങള്‍):

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പിറവം ഉപതെരഞ്ഞെടുപ്പ് അല്ലെ വരുന്നത്. ഭരണപരമായ വലിയ നേട്ടങ്ങള്‍ ഒന്നും യു.ഡി.എഫ്-നു ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ല. മകന്റെ പേരും പറഞ്ഞ് അച്ഛന്റെ അങ്ങ് ടാര്‍ജെറ്റ്‌ ചെയ്യാം എന്ന് കരുതിക്കാണും. അരുണ്‍ കുമാര്‍ കുറ്റക്കാരന്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടെണ്ടതുണ്ട്..!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തിര പറഞ്ഞു...

ഇരിത്തി ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആകുന്നു ഇതെല്ലാം....നന്നായി അവതരിപ്പിച്ചു ...ആശംസകള്‍

ഫിയൊനിക്സ് പറഞ്ഞു...

വി.എസിനെയും മകനെയും തെറ്റുകാരാക്കി ജനത്തിനു മുന്നില്‍ അവതരിപ്പിച്ചാല്‍ പിറവത്തെ വൊട്ടുകള്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കി നേടാം എന്ന കണക്കുകൂട്ടലിലാണ്‌ ഇതൊക്കെ കാണിച്ചു കൂട്ടുന്നത്.

സനീഷ്കുമാര്‍ പറഞ്ഞു...

കുഞാപ്പയും കൂട്ടരും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചൈയ്യാന്‍ തുടങ്ങീട് ആ വകുപ്പിലെ കൂടിയതും കുറഞ്ഞതുമായ പോസ്റ്റുകള്‍ നികതിയതില്‍ 70% ത്തെക്കാള്‍ കൂടുതല്‍ ലീഗ് കാരന്‍ ആണ്. ഇത് നീതി ആണോ
?

വേട്ടക്കാരന്‍ പറഞ്ഞു...

വീ.എസ്.അച്ചുതാനന്ദന്‍ അഴിമതി നടത്തി എന്ന് അദ്ദേഹം തന്നെ പറഞ്ഞാലും ജനം പറയും"ഒന്ന് പോ സഖാവേ ചുമ്മാ തമാശ പറയല്ലേ" കാരണം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി വീ എസ്സിനെ മലയാളിക്ക് അറിയാം.വെറുതെ ഇരുമ്പില്‍ കടിച്ചു പല്ല് കളയല്ലേ.