2012, ജൂൺ 16

ഏട്ടിലെ പശു പുല്ലും തിന്നു ചാണകവുമിട്ടു

നെയ്യാറ്റിങ്കരയിലെ പരാജയം വിശദീകരിക്കുവാന്‍ പാടുപെടുന്ന ഇടതു നേതാക്കളായിരുന്നു ചാനല്‍ തിണ്ണകളിലെ ഇന്നലത്തെ കൗതുക കാഴ്ച. അവിടെ അധികാര ദുര്‍വിനിയോഗം നടന്നു, മാധ്യമങ്ങളുടെ കള്ളപ്രചാരണം നടന്നു, മതപ്രീണനം നടന്നു, സാമുദായിക ധ്രുവീകരണം നടന്നു തുടങ്ങിയ ഉപരിപ്ലവമായ ചില വാദങ്ങള്‍ നിരത്തി വിലപിക്കുന്നവര്‍ ഇതൊന്നും മുങ്കൂട്ടി കാണുവാനും പ്രതിരോധിക്കുവാനും മറികടക്കുവാനും തക്ക നേതൃഗുണം തങ്ങള്‍ക്കില്ല എന്നു പരോക്ഷമായി സമ്മതിക്കാന്‍ പോലും തയ്യാറാകുന്നുമില്ല.


മേല്‍പറഞ്ഞ ഘടകങ്ങള്‍ ഒക്കെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരിക്കാം, എന്നാല്‍ അവയൊന്നും ഒരു പുതിയ സംഗതിയല്ല, എതിരാളികള്‍ അവയൊക്കെ പ്രയോഗിക്കുന്നത് ആദ്യമായും അല്ല. ദൃശ്യ മാധ്യമ ആക്രമണം എന്ന പുത്തന്‍ ആയുധം കൂടി യൂഡിയെഫ് ഇവിടെ ഫലപ്രദമായി വിനിയോഗിച്ചു എങ്കില്‍പ്പോലും മൂന്നില്‍ രണ്ട് വോട്ടുകളും യൂഡിയെഫിന് എതിരായി ആണ് പോള്‍ ചെയ്യപ്പെട്ടതെന്നു വിസ്മരിക്കുന്നില്ല.


പക്ഷേ പാര്‍ട്ടിയും അടിസ്ഥാന സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം വിമര്‍ശനവും ആത്മാര്‍ഥമായ തിരുത്തലും നടത്തിയേ തീരൂ. ഭരണകൂടത്തിനെതിരായി വോട്ടുചെയ്തവര്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറാകാഞ്ഞതെന്ത് ?  പരിശോധിക്കുവാന്‍, പരിഹാരം കാണുവാന്‍ ഇനിയും അമാന്തിച്ചു കൂട.  


ബഹു ഭൂരിപക്ഷം വരുന്ന ഉറച്ച കേഡറുകള്‍ക്കു പകരം പുത്തന്‍ കുറ്റുകാരായ ചിലര്‍ പാര്‍ട്ടിയില്‍ പ്രദേശിക തലംമുതല്‍ സംസ്ഥാന തലത്തില്‍ വരെ പോലും തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി പാര്‍ടിയുടെ നയങ്ങളിലും പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിലും വ്യതിയാനം വരുത്തുന്നു എന്ന കാര്യം അടിയന്തിരമായി തിരുത്തപ്പെടേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ അംഗസംഘ്യ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി  കൃത്യമായ സ്ക്രീനിംഗ് കൂടാതെ കൂടുതല്‍ ആളുകള്‍ക്ക് അംഗത്വം നല്‍കിയതു മുതല്‍ കുഴപ്പം ആരംഭിച്ചു.


കോണ്‍ഗ്രസിലോ അതുപോലെയുള്ള കുടുംബ പാര്‍ട്ടികളിലോ മാത്രം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം ഇടുങ്ങിയ മനസുള്ള, എന്നാല്‍ പാര്‍ട്ടിയുടെ സല്‍‍പേര് മുതലെടുക്കാന്‍ ആഗ്രഹിച്ചെത്തിയ ധാരാളം ആളുകള്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എന്ന എളുപ്പവഴിയില്‍കൂടി പാര്‍ട്ടിയില്‍ കടന്നെത്തുകയും നിഷ്കളങ്കരായ, യധാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുകളിലൂടെ അതിവേഗം സ്ഥാനമാനങ്ങള്‍ കൈപ്പിടിയിലൊതുക്കുകയും, നേതൃത്വത്തില്‍ സ്വാധീനമുറപ്പിക്കുകയും പാര്‍ട്ടി പരിപാടികള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്തു തുടങ്ങി. എന്നും പാര്‍ട്ടിയുടെ ശക്തി ശ്രോതസായിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും താല്‍പര്യം കുറഞ്ഞപ്പോള്‍ ആ വിടവില്‍ മത, ജാതി  സംഘടനകള്‍ കടന്നു കയറി അധീശത്വം സ്ഥാപിക്കുന്നത് തിരിച്ചറിയുവാന്‍ പോലും ഈ പുത്തന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല.പാര്‍ട്ടി നയങ്ങളും ത്വശാസ്ത്രവും ഉയര്‍ത്തിക്കാട്ടി തിരുത്തലിനു വേണ്ടി വാദിച്ചവരെ കേന്ദ്രീകൃത ജനാധിപത്യം എന്ന ഉമ്മാക്കി കാട്ടി അടിച്ചിരുത്തി, പിന്നീട് ക്രമേണ വിഭാഗീയത എന്ന തുല്യം ചാര്‍ത്തി തരം താഴ്ത്തി, പുറത്താക്കി നിശ്ശബ്ദരാക്കി. പത്തു വര്‍ഷം മുന്‍പും ഇന്നും ഉള്ള പാര്‍ട്ടി ഭാരവാഹികളുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ വസ്തുത കുറച്ചു കൂടി വ്യക്തമാകും, പലയിടങ്ങളിലും മുന്‍പ് ചെത്തു തൊഴിലാളി നേതാവും ചുമട്ടു തൊഴിലാളി കണ്‍‌വീനറും, വിരമിച്ച അദ്ധ്യാപരും ഒക്കെ ആയിരുന്നു ലോക്കല്‍ സെക്രട്ടറിമാരെങ്കില്‍ ഇന്ന് അതേ സ്ഥാനം അലങ്കരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും, കള്ളുഷാപ്പ് കോണ്ട്രാക്ടര്‍മാരും ആണെന്നു മനസിലാക്കാം. പഴയ ചെത്തു തൊഴിലാളിയും, ചുമട്ടു തൊഴിലാളി നേതാവും അദ്ധ്യാപകനും ഒന്നും ഇന്നു പാര്‍ട്ടിയുടെ ബ്രാഞ്ചു മെംബര്‍ പോലുമല്ല എന്നു കൂടി അറിയുമ്പോഴാണ് പാര്‍ട്ടി ഇന്ന് എത്രത്തോളം കോണ്‍ഗ്രസ് വല്‍‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നു മനസിലാവുക.പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ ഇടക്കിടയ്ക്ക് ജില്ലാകേന്ദ്രങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കൂറ്റന്‍ ജാഥകളും നിരുത്തരവാദപരമായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും ചാനല്‍ ചര്‍ച്ചകളും മാത്രമാണെന്നു ധരിച്ചു വശായ നേതാക്കള്‍ കേരള സമൂഹത്തിലെ മാറ്റം, അവരുടെ മാറിയ ആവശ്യങ്ങള്‍, താല്‍പര്യങ്ങള്‍ ഒക്കെ ഉള്‍കൊള്ളാന്‍ തയ്യാറാവണം അഞ്ചു ശതമാനം വരുന്ന ധനാഡ്യരായ മുതലാളിമാര്‍ക്കും അഞ്ചു ശതമാനം വരുന്ന പരമ ദരിദ്രര്‍ക്കും ഇടയില്‍ തൊണ്ണൂറു ശതമാനം മലയാളികളും ഇടത്തരക്കാരായ തൊഴിലാളികളും, ചെറുകിട സ്വയം സം‌രംഭകരും, ചെറുകിട വ്യാപാരികളും, പ്രവാസികളും, പരിമിതമായ വരുമാനമുള്ള വെള്ളക്കോളര്‍ ജോലിക്കാരും മറ്റും ആണെന്ന് മനസിലാക്കി അവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് ഈ വലിയ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും മുഖം മൂടിയണിഞ്ഞെത്തുന്ന ചൂഷകരെ തടയിടാനും മുന്‍‌കൈ എടുക്കണം അവരോടൊപ്പം നിലയുറപ്പിക്കാതെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മാനുഷിക മുഖവും ജന പിന്തുണയും തിരിച്ചു പിടിക്കാനാവില്ല.കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണിചേരണം എന്ന് ചോദിക്കുന്നവര്‍ക്ക് തൃപ്തികരമായ ഒരുത്തരം പോലും നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥക്കും പരാജയങ്ങള്‍ക്കും കാരണം.

9 അഭിപ്രായ(ങ്ങള്‍):

sumesh vasu പറഞ്ഞു...

Well said

ajith പറഞ്ഞു...

വളരെ വിവേകത്തോടെ എഴുതിയ ലേഖനം. എന്നാല്‍ ഇത് വായിക്കേണ്ടുന്നവര്‍ ഒരിക്കലും ഇത് കാണുകപോലുമില്ല. അവര്‍ക്ക് മനസ്സില്‍ തോന്നുകയുമില്ല.

ഇടതുവീക്ഷണത്തിന്റെ അപചയത്തില്‍ മനം നോവുന്ന ഒരു പഴയ ഇടതന്‍

anand പറഞ്ഞു...

സത്യം......കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥക്ക് കേന്ദ്ര-സംസ്ഥാന നേത്രുതുങ്ങള്‍ ഒരു പോലെ കുറ്റക്കാരാണ്...പ്രകാശ്‌ കാരാട്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം...സഖാവ് സിതാറാം യെച്ചുരി ആ സ്ഥാനത്തു വരണം.... കേരളത്തില്‍ തോമസ്‌ ഐസ്സകിനെ പോലുള്ളവര്‍ മുന്‍നിരയില്‍ വരണം....

ചാർ‌വാകൻ‌ പറഞ്ഞു...

അങ്ങനെ ചെറിയ പാച്ചുവർക്ക് ചെയ്ത് രക്ഷപെടുത്താവുന്ന പാർട്റ്റിയല്ല സിപീയെമ്മ്.

അജ്ഞാതന്‍ പറഞ്ഞു...

നിഷ്പക്ഷവും, സുവ്യക്തവുമായ വിശകലനം.

ഇങ്ങിനി തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ സിപിഎം മാറിയിരിയ്ക്കുന്നു.

ഗുണ്ടാ സംഘങ്ങളില്‍ നിന്നും, പണചാക്കുകളില്‍ നിന്നും പാര്‍ടിയെ രക്ഷപ്പെടുത്തുവാന്‍ വി എസ്സിനോ, യെച്ചുരിയ്ക്കോ ഒന്നും കഴിയില്ല.

പിണറായിയുടെ പന്തം തീ കൊളുത്തി കഴിഞ്ഞു, ഇനി എരിഞ്ഞടങ്ങുന്നത് നോക്കിനിന്നാല്‍ മതി.

സത്യമേവജയതേ പറഞ്ഞു...

വളരെ നല്ല ലേഖനം , CPIM നശിക്കുന്നത് നാടിനു തന്നെ ആപത്താണ് , പക്ഷെ ഇങ്ങിനെ ഒരു പാര്‍ട്ടി കമ്യുനിസ്റ്റു പാര്‍ട്ടി എന്ന പേരില്‍ നിലനില്‍ക്കുനത്‌ നാടിനും , മാര്‍ക്സിയന്‍ ആശയങ്ങള്‍ക്ക് കൂടി അപകടമാണ്. തിരുത്തല്‍ ശക്തിയാകാന്‍ നിര്‍ഭയം പോരാടേണ്ട സമയമായി കേരളത്തില്‍ ഇടതു പക്ഷ മതേതര വിശ്വാസികള്‍ക്ക് . അതിനു ഒരു തുടക്കമാകട്ടെ നെയ്യാറ്റിന്‍കര ഫലം.
കൂടുതല്‍ @ http://satyamevajayatepravasi.blogspot.com.au/2012/06/blog-post_17.html

അജ്ഞാതന്‍ പറഞ്ഞു...

ഗോള്‍ഫ് ക്ലബ് സമരം - മകന് ഗോള്‍ഫ് ക്ലബ്ബില്‍ മെമ്പര്‍ഷിപ്
ഓണ്‍ലൈന്‍ ലോട്ടറി സമരം - മരുമകള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറിയില്‍ പാര്‍ട്ണര്‍ഷിപ്‌
നെല്‍വയല്‍ നികത്തല്‍ വിരുദ്ധ സമരം - ഏറ്റവും അടുത്ത ശിങ്കിടിക്ക് നെടുംബാശേരിയില്‍ ബിനാമി വയല്‍ ഭൂമിയും അത് നികത്താന്‍ ശ്രമങ്ങളും (സന്തോഷ്‌ മാധവന്‍ കഥ വേറെ )
പെണ്‍ പീഡന സമരം - കൈയോടെ പിടിക്കപെട്ട ശിങ്കിടി മേനോന്‍ നിരപരാധി

ഗ്രൂപ്പ്കളിയും വിഭാഗീയതയും കൊണ്ട്, CPIM നെ കോണ്ഗ്രസ് വല്‍ക്കരിച്ച കടല്‍ കിഴവനെ പുറത്താക്കാതെ പാര്‍ട്ടി രക്ഷ പെടുകയില്ല. എല്ലാ സൈദ്ധാന്തിക വാദങ്ങളും, VS ന്റെ ഗ്രൂപ്പ്കളിയുടെ മൂടുപടങ്ങള്‍ മാത്രം. ഈ പുണ്യാത്മാവ് എന്താണാവോ, അദ്ധേഹത്തിന്റെ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്ന എറണാകുളവും ഇടുക്കിയും ജില്ല കമ്മറ്റികള്‍ ശുദ്ധീകരിക്കതിരുന്നത്? മുപ്പതു വര്‍ഷം നല്ലതും, നിലപാട് മാറ്റിയ രണ്ടു വര്‍ഷം കൊണ്ട് പെട്ടന്ന് മോശവും ആയി മാറുന്നത് എങ്ങിനെ? അഭിസാരിക, എമ്പോക്കി, തന്തയില്ലാത്തവന്‍ , മീന്‍ പെറുക്കി തുടങ്ങി ധര്ഷ്ട്യത്തോടെ പേരുമാറുന്നത് ആരാണ് ?

മരിച്ചവരെ പറ്റി ദോഷം പറയുന്നത് ശരിയല്ല. പക്ഷെ, സത്യം പറയണ്ടേ? മരിച്ചവരോട് ബഹുമാനം കൂടുതലുള്ള ആള്‍ തെന്നെ അല്ലെ, ബോംബെ ഭീകരആക്രമണത്തില്‍ മരിച്ച സന്ദീപ്‌ ഉണ്ണികൃഷ്ണനെ പറ്റി നികൃഷ്ടം ആയി സംസാരിച്ചത്? ദാരുണമായി കൊല്ലപെട്ട TP കോഴിക്കോട്ടെ വിഭാഗീയീതയുടെ ആശാന്‍ ആയിരുന്നു. ഒരു പക്ഷെ, അദ്ധേഹത്തെ അങ്ങിനെ ആക്കിയവരെ വേണം കുറ്റം പറയാന്‍. കേരള ഗോര്‍ബച്ചേവ് ആണ് അതിനു പിന്നില്‍ എന്ന് മനസിലാക്കുമ്പോള്‍ ഈ വിഭാഘീയ വിഷ വിത്തിനെ പാര്‍ട്ടി പുറത്താക്കുന്ന സുന്ദര ദിനം കേരള വിപ്ലവ ചരിത്രത്തിലെ ഒരു സുവര്‍ണ നിമിഷം ആയിരിക്കും

ഇന്ന് VS ന് മാധ്യമങ്ങളുടെ പരിലാളന ഇല്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ല . EMS പറഞ്ഞത് ആണ് ശരി, "എന്നെ പറ്റി, മനോരമ എന്തെങ്ങിലും നല്ലത്, പറഞ്ഞാല്‍ എനിക്ക് എവിടെയോ തെറ്റ് പറ്റി എന്നാണ് അര്‍ഥം" . വിവരദോഷികള്‍ EMS പറഞ്ഞത് എന്നാണാവോ മനസ്സില്‍ ആക്കുക?

അലക്സ്‌

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

എന്ന് കാര്യങ്ങള്‍ "പുസ്തകത്തിലെ പശു പുല്ലുതിന്നില്ല" എന്ന നിലയിലായകൊണ്ട് കാലഹരണപ്പെട്ട പ്രത്യേയശാസ്ത്രം പൊളിച്ചെഴുതി മാറുന്ന ലോകത്തിനു ഒപ്പം നില്‍ക്കണം. പ്രവര്‍ത്തകരുല്‍പ്പെടെയുള്ളവരുടെ വ്യക്തിസ്വാതന്ത്യം അംഗീകരിച്ചു കൊടുക്കണം. പൊതുമുതല്‍ നശിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് ബുധിമുട്ടുണ്ടാക്കുക ഈ വിധത്തിലുള്ള അക്രമ സമര മുറകളില്‍ നിന്ന് മാറിനില്‍ക്കണം. സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ താഴേ തട്ടുമുതലേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ടു പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ ജനകീയമായ മുഖം തിരികെ കൊണ്ടുവരണം. എങ്കില്‍ ഞാനുള്‍പ്പടെ ഈ പാര്‍ട്ടിക്ക് കൊടിപിടിക്കാന്‍ തയാറാണ്.

kaalidaasan പറഞ്ഞു...

പ്രസക്തമായ വിലയിരുത്തലുകള്‍.

ഈ പാര്‍ട്ടി മൂല്യങ്ങളോടെ നിലനില്‍ക്കേണ്ടത് മനവിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഏതൊരു മലയാളിയുടെയും ആവശ്യമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളാണ്, വി എസ് കേന്ദ്ര നേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചത്. പക്ഷെ അതേക്കുറിച്ചുള്ള ചര്‍ച്ചക്ക് പകരം വി എസിനെതിരെ കുറ്റപത്രം തയ്യാറാക്കാനാണ്, സെക്രട്ടേറിയറ്റ് കൂടുതല്‍ സമയം ചെലവഴിച്ചതും. ഇനി സംസ്ഥാന സമിതിയും അതേ ചെയ്യൂ. അതിന്റെ കേളികൊട്ടായിരുന്നു ഗോപി കോട്ടമുറിക്കലിനേക്കൊണ്ട് പിണറായി വിജയന്‍ പലതും വിളിച്ചു പറയിച്ചത്. വി എസിന്റെ കൂടെയുള്ളവരും  വലപക്ഷ വത്കരണം നടത്തുന്നു എന്നു വരുത്തിതീര്‍ത്ത് വി എസ് ഉയര്‍ത്തുന്ന വിഷയങ്ങളിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാന്‍ വേണ്ടി മുന്‍ കൂട്ടി നടത്തിയ നടകമാണത്.

പിണറായി വിജയന്‍ സെക്രട്ടറി ആയിരിക്കുന്നിടത്തോളം കാലം കാതലായ ഒരു മറ്റവും പാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയില്ല. നെയ്യറ്റിന്‍ കര പരാജയം വരനിരിക്കുന്ന മറ്റ് പല വമ്പന്‍ പരാജയങ്ങളുടെയും മുന്നോടിയാണ്. പറ്റിയ പാളിച്ചകള്‍ വേണ്ട വിധം മനസിലാക്കി തിരുത്തുന്നതിനു പകരം പരാജയത്തിന്റെ ഉത്തരവാദിത്തം  വി എസിന്റെ ചുമലില്‍ കെട്ടിവയ്ക്കുന്നതിന്റെ അര്‍ത്ഥം മറ്റൊന്നല്ല. എങ്ങനെയെങ്കിലും വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണിപ്പോള്‍ വിജയന്റെയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരുടെയും ഏക അജണ്ട. വി എസ് കൂടെ പുറത്തായാല്‍  കോണ്‍ഗ്രസിനും അതിനു ശേഷം ബി ജെപ്പിക്കും കേരളം തീറെഴുതിക്കൊടുത്താല്‍ മതി.