2012, ജൂൺ 1

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം എന്ന പേരില്‍ അറിയപ്പെടുന്ന പ്രചാരണ കോലാഹലത്തിന്റെ സമാപനത്തോടെ മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണു നടക്കുന്നത്. ജനാധിപത്യത്തില്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതം തന്നെ.


ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന തെരഞ്ഞടുപ്പ്. അതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് അതിന്റേതായ ചില മൂല്യങ്ങളും തത്വങ്ങളുമുണ്ട്. അതെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പതിവിലേറെ വീറും വാശിയും നിറഞ്ഞതാണ് എന്നതാണു യാഥാര്‍ത്ഥ്യം. ഒരു മുന്നണിയില്‍ നിന്നു മത്സരിച്ചു വിജയിച്ച ശേഷം സ്ഥാനം രാജിവച്ച് എതിര്‍ മുന്നണിയില്‍ ചേര്‍ന്ന നേതാവു മത്സരരംഗത്തുണ്ട് എന്നതിനാല്‍ത്തന്നെ കേരളത്തിന്റെയാകെ ശ്രദ്ധ ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലാണ്.


പിറവം ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ അത്തരമൊരു സാഹചര്യം നിലവിലില്ല. ആരു ജയിച്ചാലും അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അധികം ബാധിക്കില്ലെന്നതാണ് അവസ്ഥ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലൂടെ നേടിയത്ര ഭൂരിപക്ഷം സര്‍ക്കാര്‍ നിലനിര്‍ത്തുക തന്നെ ചെയ്യും. എങ്കിലും, ഈ തെരഞ്ഞെടുപ്പിന് പിറവത്തെ അപേക്ഷിച്ച് വാശി കൂടുതലുണ്ട്. അക്കാരണത്താല്‍ത്തന്നെ വന്‍തോതിലുള്ള ക്രമക്കേടുകളോ അക്രമം തന്നെയോ നെയ്യാറ്റിന്‍കരയിലുണ്ടായേക്കാം. ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും ഉറപ്പിച്ചു വിജയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടേണ്ട വിഷയം മണ്ഡലത്തിന്റെ വികസനമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്. പൊതുവേദികളില്‍ പ്രസംഗിച്ച നേതാക്കളെല്ലാം ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഏതെങ്കിലും പ്രശ്‌നങ്ങളായിരുന്നില്ല.


യുഡിഎഫ്, ബിജെപി, കേന്ദ്രങ്ങളുടെ പ്രസംഗവേദികളില്‍ നിറഞ്ഞാടിയത് ടി പി ചന്ദ്രശേഖരനും എംഎം മണിയുമൊക്കെയായിരുന്നു. എല്‍ഡിഎഫാകട്ടെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെക്കുറിച്ച്  പറഞ്ഞു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?


എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തു നില്‍ക്കാറുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന അല്‍പം അവിശ്വസനീയമായ അവകാശവാദവുമായി രംഗത്തുണ്ട്. ചുരുങ്ങിയത് രണ്ടാം സ്ഥാനമെങ്കിലും അവര്‍ക്കു ലഭിക്കുമെന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നുമുണ്ട്. അത് എന്തുതന്നെ ആയാലും എവിടെയൊക്കെയോ എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നതായാണു സൂചന. രാഷ്ട്രീയത്തിലെ സകല സദാചാരങ്ങളും മാറ്റിവച്ച് അവിശുദ്ധ സഖ്യം എവിടെയൊക്കെയോ രൂപപ്പെട്ടിട്ടുണ്ടെന്നതു വാസ്തവം. അതിന്റെ അടിസ്ഥാനത്തിലാകും നെയ്യാറ്റിന്‍കരയിലെ ഫലപ്രഖ്യാപനം വരിക.


വിധി എന്തു തന്നെ ആയാലും അതു ജനങ്ങളുടെ വിധിയാണ്. അത് അംഗീകരിക്കാതെ മറ്റു മാര്‍ഗമില്ല. നിലവില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ജനവിധിക്കു വേണ്ടി കാക്കുക എന്നതാകണം എല്ലാ കക്ഷികളുടെയും നിലപാട്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരാകുമെന്ന് തിരിച്ചറിയാനെങ്കിലും മുന്നണികള്‍ തയാറാവേണ്ടിയിരിക്കുന്നു.
ഓരോ തെരഞ്ഞെടുപ്പും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് ചിന്തിച്ചു വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍. നിലവില്‍ നെയ്യാറ്റിന്‍കരയില്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ട ജനാധിപത്യപരമായ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ജയിച്ചു വന്ന പ്രതിനിധി രാഷ്ട്രീയ കാരണം പറഞ്ഞ് രാജി വച്ചതാണ് അവിടുത്തെ ജനങ്ങളുടെ ബാധ്യതയായത്. ശെല്‍വരാജ് രാജി വച്ചത് നെയ്യാറ്റിന്‍കരക്കാര്‍ക്കു മാത്രമല്ല നഷ്ടമുണ്ടാക്കിയത് എന്നതാണു വാസ്തവം. നികുതി ദായകരായ കേരളീയര്‍ക്കെല്ലാം അധിക ബാധ്യത വരുത്തിവച്ചാണ് ശെല്‍വരാജ് രാജി വച്ചത്. അതേ വ്യക്തി തന്നെ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. തനിക്ക് എംഎല്‍എ സ്ഥാനം വേണ്ടെന്നു പറഞ്ഞയാള്‍ തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനത്തിന് എന്തു ചെയ്യാന്‍ സാധിക്കും?


നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും വ്യക്തിക്കു വേണ്ടിയല്ല ശെല്‍വരാജ് രാജി വച്ചത്. മറിച്ച്, അദ്ദേഹത്തിന്റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു. ഏതെങ്കിലും നേതാവിന്റെ രാഷ്ട്രീയ മോഹത്തിനു വേണ്ടി കളഞ്ഞുകുളിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം?


ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചതു തന്നെ. അക്കാരണത്താല്‍ത്തന്നെ വിധിയെഴുതുമ്പോള്‍ അവര്‍ കരുതല്‍ പാലിക്കണം. തങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധി തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്ന പ്രത്യാശയാണ് ഓരോ തെരഞ്ഞെടുപ്പിലും ക്യൂ നിന്നു വോട്ടു ചെയ്യുന്ന സാധാരണ സമ്മതിദായകനുള്ളത്. ആ പ്രതീക്ഷ നശിപ്പിക്കുന്നതാകരുത് ഇനി ജയിച്ചു വരുന്നവരുടെ പ്രവര്‍ത്തനം.


തെരഞ്ഞെടുപ്പു രംഗത്ത് ഉയര്‍ന്നു കേള്‍ക്കേണ്ട മുദ്രാവാക്യങ്ങളൊന്നുമല്ല നെയ്യാറ്റിന്‍കരയില്‍ നിന്നു കേട്ടത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകമോ എംഎം മണിയുടെ വെളിപ്പെടുത്തലോ നെയ്യാറ്റിന്‍കരക്കാരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനോ, വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, മാലിന്യനിര്‍മാ​‍ര്‍ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ, സര്‍ക്കാരാശുപത്രിയില്‍ മരുന്നും സേവന സന്നദ്ധരായ ഡോക്ടര്‍മാരെയും മറ്റ് അവശ്യ സംവിധാനങ്ങളും ഒരുക്കുന്നതിനുമോ പര്യാപ്തമല്ല. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് അധികമാരും പ്രചാരണ വേദികളില്‍ പ്രസംഗിച്ചില്ല. അവിടെയെല്ലാം കേട്ടത് ഒഞ്ചിയവും ഇടുക്കിയും കൂറുമാറ്റവും തന്നെ. മറ്റു വിഷയങ്ങളെല്ലാം തമസ്കരിക്കപ്പെട്ടു.


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താന്‍ മാത്രമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യത ഇനിയെങ്കിലും ഉണ്ടാകരുത്.



ഒടുവില്‍ കിട്ടിയ വാര്‍ത്ത: പണം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശെല്‍‌വരാജിന്റെ ഭാര്യയെയും കൂട്ടാളികളെയും ഇടതുപക്ഷ, ബീജേപീ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുന്നു.
താന്‍‍ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ വന്നതല്ലെന്നും ബാങ്കിലേക്ക് പോവുകയായിരുന്നു എന്ന് ശെല്‍‌വരാജിന്റെ ഭാര്യ മേരി വല്‍സലയുടെ വിശദീകരണം.

2 അഭിപ്രായ(ങ്ങള്‍):

Najeemudeen K.P പറഞ്ഞു...

പ്രസക്തമായ ചോദ്യവും സൂക്ഷ്മമായ നിരീക്ഷണവും.....

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നെറി കേട്ട രാഷ്ട്രീയക്കാര്‍ നടത്തുന്ന രാജിവേപ്പിന്‍റെ വെള്ളരി നാടകങ്ങള്‍ ഒടുവില്‍ പാവപ്പെട്ടവന്‍റെ മടിശ്ശീലയിലെക്കാണ് നീളുന്നത്. ഇതിനെ കൊട്ടിഘോഷിച്ചു ഉത്സവമാക്കാന്‍ കുറെ മാധ്യമങ്ങളും.. പൊതു ജനം കഴുതകളാണ് എന്ന് പറയുന്നതെത്ര ശരിയാണ്..

മണ്ടൂസന്‍ പറഞ്ഞു...

യുഡിഎഫ്, ബിജെപി, കേന്ദ്രങ്ങളുടെ പ്രസംഗവേദികളില്‍ നിറഞ്ഞാടിയത് ടി പി ചന്ദ്രശേഖരനും എംഎം മണിയുമൊക്കെയായിരുന്നു. എല്‍ഡിഎഫാകട്ടെ കൂറുമാറ്റക്കാരനായ ശെല്‍വരാജിനെക്കുറിച്ച് പറഞ്ഞു. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഏതെങ്കിലും വ്യക്തിക്കു വേണ്ടിയല്ല ശെല്‍വരാജ് രാജി വച്ചത്. മറിച്ച്, അദ്ദേഹത്തിന്റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു. ഏതെങ്കിലും നേതാവിന്റെ രാഷ്ട്രീയ മോഹത്തിനു വേണ്ടി കളഞ്ഞുകുളിക്കാനുള്ളതാണോ ജനങ്ങളുടെ നികുതിപ്പണം?

കലികാലം.കോം നമുക്ക് കണ്ടറിയാം ജനങ്ങളുടെ പ്രതിഷേധം, അവർക്ക് മൂളയുണ്ടോ ന്ന്. ആശംസകൾ.