2012, ജൂൺ 7

"ഗോള്‍ഫ് ക്ലബ്ബ്" ഇതാ മറ്റൊരു ഒത്തുകളി

അതി ശക്തമായ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ്‌ ക്ലബ്ബ്‌ സ്‌ഥിതിചെയ്യുന്ന 28 ഏക്കര്‍ സ്‌ഥലവും അതിലെ കെട്ടിടങ്ങളും വീണ്ടും സ്വകാര്യ നടത്തിപ്പുകാരുടെ കൈകളില്‍ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ പച്ചക്കൊടി. എന്നാല്‍ വ്യക്‌തി ഫയല്‍ ചെയ്‌ത ഹര്‍ജി സര്‍ക്കാരിന്റെ നീക്കത്തിന്‌ തിരിച്ചടിയായി . ക്ലബ്ബ്‌ നടത്തിപ്പിന്‌ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി മുന്‍ ക്ലബ്ബ്‌ ഭാരവാഹികളടക്കം നാലുപേരെ കൂടി ഉള്‍പ്പെടുത്തിയുളള കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങാനിരിക്കെയാണ്‌ സ്വകാര്യ വ്യക്‌തി നല്‍കിയ ഹര്‍ജി തടസമായത്‌.


ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്നതിന്‌ മുന്നോടിയായി പരാതിക്കാരന്‌ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആറാഴ്‌ച സമയം അനുവദിച്ചു. ആറാഴ്‌ച കഴിയാതെ സര്‍ക്കാരിന്‌ ഒരു ഉത്തരവും ഗോള്‍ഫ്‌ ക്ലബ്ബ്‌ സംബന്ധിച്ച്‌ പുറത്തിറക്കാന്‍ ഇനി സാധിക്കില്ല. തിരുവനന്തപുരം സ്വദേശി എ.എം. വര്‍ഗീസാണ്‌ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്‌.

അധികാരത്തിലേറിയ നാള്‍മുതല്‍ യു.ഡി.എഫ്‌ മന്ത്രിസഭയിലെ ക്ലബ്ബ്‌ അംഗങ്ങളായ രണ്ട്‌ യുവ മന്ത്രിമാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മുന്‍ നടത്തിപ്പുകാര്‍ക്ക്‌ വിട്ടുകൊടുക്കാനുളള നീക്കങ്ങളുമായി രംഗത്ത്‌ എത്തിയിരുന്നു. ഇതിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനകാര്യ മന്ത്രി കെ.എം.മാണിയും അനുകൂലനിലപാട്‌ സ്വീകരിച്ചു.

ഈ നടപടി വിവാദമായപ്പോഴാണ്‌ സര്‍ക്കാര്‍ മുന്‍പ്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്‌ നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സ്വകാര്യ നടത്തിപ്പുകാര്‍ക്ക്‌ നല്‍കാനുളള നീക്കം നടത്തിയത്‌. ഉത്തരവിറക്കുന്നതിന്‌ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌.

സംസ്‌ഥാന സര്‍ക്കാര്‍ മുന്‍ ക്ലബ്ബ്‌ നടത്തിപ്പുകാരില്‍ നിന്ന്‌ പാട്ടഭൂമി തിരികെ പിടിച്ചപ്പോള്‍ ഇതിനെതിരെ ക്ലബ്ബ്‌ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന്‌ സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സബ്‌ കോടതിയില്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി നടക്കുന്ന കേസില്‍ വിധി വരുന്നതുവരെ ക്ലബ്ബ്‌ നടത്തിപ്പിനായി ഒരു കമ്മിറ്റിയെ നിയമിച്ചു കൊണ്ടായിരുന്നു ഉത്തരവ്‌. ഈ ഉത്തരവില്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇതില്‍ നാലു ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി മൂന്ന്‌ മാസത്തേക്ക്‌ മാത്രമായിരുന്നു.

സബ്‌കോടതി വിധി വന്നാലുടന്‍ ഈ കമ്മിറ്റി പരിച്ചുവിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. മൂന്ന്‌ മാസത്തിനുളളില്‍ സര്‍ക്കാരിന്‌ അനുകൂലമായ സബ്‌ കോടതി വിധിയും ഉണ്ടായി. അതിന്‌ ശേഷം ഈ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ നടത്തിപ്പുകാരെ സഹായിക്കാനായി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതും മുന്‍പ്‌ സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്‌ പ്രകാരം നിയമിച്ച കമ്മിറ്റിയുടെ രൂപത്തില്‍ തന്നെയാണ്‌. ക്ലബ് ഏറ്റെടുത്ത് ലാഭകരമായി നടത്താം എന്ന കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സന്നദ്ധത അവഗണിച്ച്, സര്‍ക്കാരിനെതിരേ കേസ് നടത്തിയ  നാല്‌ പഴയ ക്ലബ്ബ്‌ ഭാരവാഹികളടക്കം 10 അംഗ കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിക്കാനായിരുന്നു നീക്കം.

ഇതിന്‌ മുന്നോടിയായി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ക്ലബ്ബ്‌ നടത്തിപ്പമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ക്ലബ്ബ്‌ പ്രതിനിധികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ധാരണയായി. ഈ അപ്പീല്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്‌ ക്ലബ്ബ്‌ നടത്തിപ്പിന്‌ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പിന്റെ പൂര്‍ണ്ണാവകാശം സര്‍ക്കാരിനാണെന്നും ഇവിടെ സാധാരണക്കാര്‍ക്കും പ്രവേശിക്കുന്നതിനുളള അനുമതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ക്ലബ്ബ്‌ നടത്തിപ്പില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നു കാട്ടിയാണ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ പി.എ ഏബ്രാഹം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്‌തത്‌. ഈ അപ്പീല്‍ ക്ലബ്ബ്‌ പിന്‍വലിച്ചാല്‍ പൂര്‍ണ്ണാധികാരം സര്‍ക്കാരിലാകും. ഇപ്പോള്‍ സര്‍ക്കാരും ക്ലബ്ബ്‌ അധികൃതരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്‌ഥാനത്തില്‍ ക്ലബ്ബ്‌ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ക്ലബ്ബ്‌ ഭാരവാഹികളും തയ്യാറായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. പുതിയതായി സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ക്ലബ്ബ്‌ അംഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണു ധാരണ.

ഈ നീക്കത്തിന്‌ ഇപ്പോള്‍ തടസ്സമായിരിക്കുന്നത്‌ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യ വ്യക്‌തി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയാണ്‌.

1850 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം ഗോള്‍ഫ്‌ കളിക്കാന്‍ തുടങ്ങിയ സ്‌ഥലം 1966 നവംബര്‍ ഒന്നിനാണ്‌ 99 വര്‍ഷത്തെ പാട്ടത്തിന്‌ ട്രിവാന്‍ഡ്രം ഗോള്‍ഫ്‌ ക്ലബ്ബിന്‌ ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്‌. മുപ്പത്‌ വര്‍ഷത്തിന്‌ ശേഷം നോട്ടീസ്‌ കൊടുത്ത്‌ തിരിച്ചെടുക്കാമെന്ന വ്യവസ്‌ഥയിലാണ്‌ നല്‍കിയത്‌.

ഗോള്‍ഫ്‌ ക്ലബ്ബ്‌ ആരംഭിച്ചതിന്‌ ശേഷം ക്ലബ്ബില്‍ ബാര്‍ നടത്തുകയും സ്വകാര്യ ചടങ്ങുകള്‍ക്ക്‌ വാടകയ്‌ക്ക് നല്‍കുകയും ചെയ്‌തു. ഇത്‌ ലൈസന്‍സ്‌ ഉടമ്പടിയുടെ ലംഘനമാണെന്ന്‌ കാട്ടി 2008 ജൂണിലാണ്‌ റവന്യു വകുപ്പ്‌ നടപടി ആരംഭിച്ചത്‌.

പാട്ടത്തുകയിനത്തില്‍ 71കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്‌ സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുക്കുകയായിരുന്നു. 2010 ജൂണ്‍ 26നാണ്‌ കോടതിവിധി വന്നത്‌. ഇത്രയും വലിയ തുക കുടിശ്ശിക വരുത്തുകയും ബാര്‍ നടത്തിയതുള്‍പ്പെടെയുള്ള ഗുരുതരമായ കരാര്‍ ലംഘനങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കു തന്നെയാണ് മുന്‍പ് ക്ലബ് നടത്തി പരിചയം ഉള്ളവര്‍ എന്ന പേരില്‍ വീണ്ടും പൊതുസ്വത്ത് അധീനപ്പെടുത്തുവാന്‍ അവസരം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

വാര്‍ത്ത - ബി.അര്‍ജുന്‍ദാസ്‌ - മംഗളം

1 അഭിപ്രായ(ങ്ങള്‍):

Joselet Joseph പറഞ്ഞു...

ആരുവേണമെങ്കിലും നടത്തിപ്പ് ഏറ്റെടുത്തോട്ടെ, ന്യായമായ തുക വാടകയായി സര്‍ക്കാറിനു ലഭിച്ചാല്‍ പോരേ, അഞ്ചു വര്ഷം കൂടുമ്പോള്‍ തുക പുതുക്കി നിശ്ചയിക്കാനും കരാര്‍ ഉണ്ടാക്കണം. രാഷ്ട്രീയക്കാര്‍ നിരങ്ങി നാശമാക്കുന്നതിലും നല്ലതാ.

കോട്ടയം ഗസ്റ്റ്‌ ഹൌസില്‍ ഒരു തവണ പോയപ്പോള്‍ രാജകുടുംബം ഉപയോഗിച്ചിരുന്ന ആന്റിക് കസേരയും ഫര്‍ണിച്ചറും തല്ലിയൊടിച്ചു ഇട്ടിരിക്കുന്ന കണ്ടപ്പോള്‍ വാച്ച്മാന്‍ പറഞ്ഞു, രാഷ്ട്രീയക്കാരല്ലേ, തമ്മില്‍ തല്ലുണ്ടാക്കുമ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും എന്നാ.....