വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനു കേരളം സാക്ഷിയാവുകയാണ്. നെയ്യാറ്റിന്‍കരയില്‍ ജൂണ്‍ രണ്ടിനു തെരഞ്ഞെടുപ്പു നടക്കുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ നാളുകളാണ്. ജനാധിപത്യത്തില്‍ ഇത്തരം പോരാട്ടങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും, ആരോഗ്യപരമല്ലാത്ത ചില സമീപനങ്ങള്‍ അടുത്ത കാലത്തായി കണ്ടുവരുന്നത് തീര്‍ത്തും ആശാസ്യമല്ല.
നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പിറവത്തു നടന്നതിനേക്കാള്‍ വാശിയേറിയതാവുമെന്നതില്‍ തര്‍ക്കമില്ല. പിറവത്ത് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത് മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ്. തീര്‍ത്തും ന്യൂനപക്ഷമെന്നു വിശേഷിപ്പിക്കാവുന്ന സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പിറവം ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിനു കാഹളമുയരുന്നതിനിടെ, നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജ് രാജി വച്ചതോടെ ആ ചിത്രം മാറി. പിറവത്ത ജയാപജയങ്ങള്‍ ഭരണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന നില വന്നു. അതോടെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങള്‍ തുടങ്ങി.
നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഭരണത്തെ ബാധിക്കുന്നതല്ല. അവിടെ തോറ്റാലും ജയിച്ചാലും ഉമ്മന്‍ചാണ്ടി തന്നെ ഭരണക്കസേരയില്‍ ഇരിക്കും. (പീസീ ജോര്‍ജിന്റെ ശല്യം മൂത്ത് പീജേ ജോസഫും കൂട്ടരും തിരിച്ച് ഇടതു മുന്നണിയിലേക്ക് പോയില്ലെങ്കില്‍) എന്നാല്‍, പിറവത്തേക്കാള്‍ വാശിയേറിയ മത്സരമായിരിക്കും നെയ്യാറ്റിന്‍കരയില്‍ നടക്കുക. കാരണമുണ്ട്. ഇടതുപക്ഷത്തോടു യുദ്ധപ്രഖ്യാപനം നടത്തി മുന്നണി വിട്ട ശെല്‍വരാജിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അതോടെ ഇടതു മുന്നണിയുടെ അഭിമാനപ്രശ്‌നമായി നെയ്യാറ്റിന്‍കര മാറി. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു രംഗമാകെ നിറയുക തീര്‍ത്തും അനാശാസ്യമായ പ്രവണതകളായിരിക്കുമെന്ന് ഉറപ്പ്. അത്തരം തെറ്റായ പ്രചാരണവേലകളിലൂടെയാകും തെരഞ്ഞെടുപ്പു രംഗം മുന്നേറുകയെന്ന് തീര്‍ച്ചയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായിത്തന്നെ ഇടപെടുമെന്നു പ്രത്യാശിക്കാം.
ഉപതെരഞ്ഞെടുപ്പാണു നടക്കുന്നതെങ്കിലും പ്രചാരണ രംഗത്ത് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ മുന്നണികള്‍ ശ്രദ്ധിക്കണം. വ്യക്തിപരമോ തികച്ചും രാഷ്ട്രീയമോ ആയ ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവച്ച് ജനങ്ങളെ മനസില്‍ക്കണ്ടുള്ള പ്രചാരണത്തിന് പ്രാധാന്യം നല്‍കിയാല്‍ അതാകും കേരളത്തിന്റെ വിജയം.
ദൗര്‍ഭാഗ്യവശാല്‍, തെരഞ്ഞെടുപ്പു വേളകള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു മാത്രമുള്ള അവസരമായി കണക്കാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ തേജോവധങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതല്ലാതെ, ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം ഉയര്‍ത്തിക്കാട്ടി ചര്‍ച്ച നടത്താന്‍ ഇപ്പോള്‍ ആരും തയാറാവുന്നില്ല. പിറവത്തടക്കം ജനം അതു കണ്ടതാണ്. ജാതി, മത, സാമുദായിക സംഘടനകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇരു മുന്നണികളും മത്സരിച്ചു ശ്രമിക്കുന്ന കാഴ്ചയാകും വരുംദിവസങ്ങളില്‍ കേരളം കാണുക.
നിലവില്‍, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെച്ചൊല്ലി വിവിധ സാമുദായിക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ പര്‍വതീകരിച്ചു കാണിക്കാനും, ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ജനങ്ങളെ വിഘടിപ്പിക്കാനുമുള്ള ശ്രമം ഇരു ഭാഗത്തു നിന്നും ഉണ്ടാകാന്‍ ഇടയുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുന്നേ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ ലീഗിന് ഒരു മന്ത്രിയെക്കൂടി നിയമിച്ചതിലെ അസാംഗത്യം ചോദ്യം ചെയ്താല്‍ അത് അംഗീകരിക്കാം. എന്നാല്‍, അതിനു ജാതിയുടെ നിറം പകരാന്‍ പാടില്ല. മലപ്പുറത്തും പരിസരങ്ങളിലുമുള്ള കോടീശ്വരന്മാരായ ഏതാനും ആളുകളുടെ താല്‍പര്യ സംരക്ഷകര്‍ മാത്രമായ ലീഗിന് മുസ്ലിം സമുദായത്തിന്റെ സമ്പൂര്‍ണ പ്രാതിനിധ്യം കല്‍പിച്ചു നല്‍കുന്നത് തന്നെ വലിയ തെറ്റാണ്. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് തികച്ചും ജാതീയമായിത്തന്നെയായിരിക്കും എന്നതിന്റെ സൂചനയും ഇതിനോടകം വന്നിട്ടുണ്ട്. അതു ശരിയല്ല. അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കല്ല, തളര്‍ച്ചയ്ക്കാണു സഹായിക്കുക എന്നത് മറക്കാതിരിക്കാം.
പരിഷ്കൃതരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയര്‍ ഒരിക്കലും ജാതി ചിന്തയ്ക്ക് അടിപ്പെടാന്‍ പാടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെ പോരാടുമ്പോഴാണ് മത തീവ്രവാദ ശക്തികള്‍ അരങ്ങു വാഴാന്‍ അവസരമൊരുങ്ങുന്നത്. അതു തിരിച്ചറിയാന്‍ ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം.
നെയ്യാറ്റിന്‍കരയിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് ഇരു മുന്നണികളും ശ്രദ്ധ ചെലുത്തുന്ന പ്രധാന കാര്യം. ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ പ്രതിനിധിയെയല്ല തെരഞ്ഞെടുക്കുന്നതെന്ന ചിന്ത സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള മുഖ്യധാരാ കക്ഷികള്‍ ചെയ്യുന്നത്. ഇത്തരം തെറ്റായ പ്രവണതകളുടെ പരിണതഫലം വിഘടനവാദമാകുമെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം തെരഞ്ഞെടുപ്പു ഗോദായില്‍ വിജയക്കൊടി നാട്ടുന്നവരാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും ജാതിപ്പാര്‍ട്ടികളാണ് ഭരണചക്രം കയ്യാളുന്നത്. ജന്മിമാരുടെ പാര്‍ട്ടികള്‍ അതിനിടയിലൂടെ സ്വാധീനമുറപ്പിക്കുന്നതും, അധികാരം കൈപ്പിടിയിലൊതുക്കുന്നതുമാണ് ഉത്തരേന്ത്യയില്‍ കാണുന്നത്. അത് രാജ്യത്തിനു ഗുണകരമല്ല. ഇടതുപക്ഷ ആശയങ്ങള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മേല്‍കോയ്മയുള്ള കേരളം ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായി നിലകൊണ്ട സംസ്ഥാനമാണ്. എന്നാല്‍, അടുത്തിടെയായി ഇവിടെയും ജാതികളുടെ സ്വാധീനം തെരഞ്ഞെടുപ്പു രംഗത്ത് പ്രകടമാകുന്നു. പിറവത്തടക്കം ജാതി സമവാക്യങ്ങള്‍ പൂരിപ്പിക്കപ്പെടുന്നതു കണ്ടവരാണ് കേരളീയര്‍.
ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും, ജനകീയ വിഷയങ്ങളിലൂന്നിയ സംവാദങ്ങളുമായി നെയ്യാറ്റിന്‍കര മാതൃകയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അതു സാധ്യമാകില്ലെന്ന് അറിയാമെങ്കിലും ജനം അങ്ങനെ ആഗ്രഹിക്കുന്നു.
വാല്‍ക്കഷണം (കാകദൃഷ്ടി):
നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി.
ചാക്കിട്ട് പിടുത്തവും മറുകണ്‍ടം ചാടലും നടന്ന ആദ്യ ദിവസങ്ങളിലെ ശെല്‍വരാജിന്റെ പ്രതികരണവും കഴിഞ്ഞ ദിവസത്തെ അംഗത്വ സ്വീകരണവും ന്യായീകരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.
9 അഭിപ്രായ(ങ്ങള്‍):
നല്ല അഭിപ്രായം. ജാതിക്കും മതത്തിനും അതീതമായ രാഷ്ട്രീയമായ കാഴ്ചപ്പാട് ഉണ്ടായിട്ടു പോലും ഞാന്‍ ഇപ്പോള്‍ അവ പുറത്തു പറയാറില്ല, ഒരു ജാതിക്കും മതത്തിനും അനുകൂലമോ പ്രതികൂലമോ അല്ലെങ്കില്‍ പോലും പേരും ദേശവും നോക്കി ആളുകള്‍ നമ്മുടെ അഭിപ്രായങ്ങളെ വായിക്കുന്നു. എന്നിട്ട് ചക്രവാളസീമകളായി അവരുടെ റഡാറുകളില്‍ പ്രത്യക്ഷപ്പെട്ട കറുത്ത പുള്ളിക്കു നേരെ വിമാനവേധമുതിര്‍ക്കുന്നു. പിന്നെ വാക്കേറ്റമായി, അടിയായി പിടിയായി, ആര്‍ ആരെ ഷൂട്ട് ചെയുന്നു എന്നൊരു പിടിയുമില്ല. തികച്ചും ഭ്രാന്താലയ പ്രതീതി. തെരഞ്ഞെടുപ്പുകള്‍ ഉന്മാദമാണ്, വികസനവും നാടിന്‍റെ നന്മയുമൊന്നും ശ്രദ്ധിക്കാനുള്ള നേരം അക്കാലത്ത് ആര്‍ക്കുമില്ല. മാന്യതക്കും പരസ്പരബഹുമാനത്തിനും അവധി പ്രഖ്യാപിച്ച് യുദ്ധാവസ്ഥയിലെ 'സര്‍വംസമ്മതം' നിലപാടിലേക്ക് മാറിനില്‍ക്കുന്നു. താങ്കളുടെ പോസ്റ്റു കൊണ്ടോ, എന്‍റെ ഈ ഒണക്കക്കമന്ടു കൊണ്ടോ ഈ തെരഞ്ഞെടുപ്പില്‍ വിപ്ലവാത്മകമായ മാറ്റം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. നന്ദി നല്ല മനസ്സിന്‍റെ ഈ ആഗ്രഹ വിചാരങ്ങള്‍ക്ക്. അത്രമാത്രം
നല്ല കുറിപ്പ്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഒരു പാര്‍ട്ടിയും ഒരു പ്രത്യയശാസ്ത്രവും പാലിക്കുന്നില്ല എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ട്, ജനങ്ങള്‍ നല്ല വ്യക്തികള്‍ക്ക് വോട്ട് ചെയ്യ്തിരുന്നെങ്കില്‍ എന്നാശിക്കുന്നു, അപ്പോള്‍ പാര്‍ട്ടികളൂം സ്ത്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ശ്രദ്ദിക്കും, അവിടെ കരിങ്കാലികളും അഴിമതിക്കാരും കുറയും
ഞാനും ഇതേ വിഷയത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കി വരികയായിരുന്നു. രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം സാമുദായിക പരിഗനകള്‍ക്ക് പ്രത്യക്ഷ പ്രാമുഖ്യം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായി ഇത് മാറിക്കഴിഞ്ഞു എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍..എന്നാല്‍ ഒരു സമുദായത്തിനും യാതൊരു പ്രതിനിധാനവും ലഭിക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ട പ്രതിനിധികളെ സംഘടനകള്‍ ഹൈ ജാക്ക് ചെയ്യുന്നു. "ഗണേഷ് അനുസരിക്കേണ്ടത് NSS നെ" എന്ന് പറഞ്ഞാല്‍ എതിരഭിപ്രായം ഗനെഷിനുമില്ല UDF നുമില്ല. വോട്ട് ചെയ്തവന്‍ ആരായി?
തങ്ങളുടെ വായില്‍ നിന്ന് തെറിച്ച തുപ്പലില്‍ നിന്നും കേരളത്തില്‍ ഒരു മന്ത്രിയുണ്ടാവുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുന്നുണ്ടോ? പ്രയോജനം മലപ്പുറത്തെ കുറച്ചു നേതാക്കള്‍ക്കും, സില്‍ബന്ധികള്‍ക്കും, കുറച്ചു ഗള്‍ഫ് വ്യവസായികള്‍ക്കും മാത്രം. പിറവം, പൂഞ്ഞാര്‍, പാല, പുതുപ്പള്ളി, മുവാറ്റുപുഴ ബെല്ടിനു പുറത്തെ ക്രിസ്ത്യാനികളുടെ സ്ഥിതിയും ഇത് തന്നെ.
അവരവര്‍ക്ക് യാതൊരു പ്രയോജനമോ പങ്കോ ഇല്ലാത്ത കാര്യങ്ങള്‍ക്ക് കേരള ജനത സാമുദായികമായി ചേരി തിരിഞ്ഞു പോരടിക്കുന്നത് തീരെ ആശാസ്യമല്ല. ഈ മലീമസമായ ചെളിക്കുണ്ടില്‍ കേരളത്തില്‍ ആദ്യത്തെ താമര വിരിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിക്കുന്നു.
കൂടന്കുലത് ഒരു ആണവടുരന്തംഉണ്ടായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നെയ്യാട്ടിന്കരയിലെ ജനതയെ ആയിരിക്കും. ആണവ നിലയം ഒരു യഥാര്‍ത്ഥ്യം ആയിക്കഴിഞ്ഞു. ഉത്പാദിപ്പിക്കപ്പെടുന്ന 2000 MWe വൈദ്യുതിയില്‍ 900 MWe തമിഴ്നാട് കണക്കു പറഞ്ഞു വാങ്ങിക്കഴിഞ്ഞു. അത് പോര 2000 MWe തങ്ങള്‍ക്കു തന്നെ വേണം എന്ന നിലപാടില്‍ ആണ് ജയലളിത. സമാന ഭീതികള്‍ പങ്കു വെയ്ക്കുന്ന നെയ്യാറ്റിന്‍കരയില്‍, ഒരു നാടാര്‍ MLA ഉണ്ടായാല്‍ മാത്രം മതിയല്ലോ.
തൊട്ടു മുകളില്‍ ആരിഫ് ഭായിയുടെ കമന്റ് ഒരു മുന്നറിയിപ്പ് പോലെ കിടക്കുന്നത് കൊണ്ട് ....നല്ല മനസ്സിന് ആശംസകള്‍ മാത്രം.
നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http://cheathas4you-safalyam.blogspot.in/
നല്ലത് ,ഇനിയും എഴുതുക എന്റെ ബ്ലോഗ് വയിക്കുക http://cheathas4you-safalyam.blogspot.in/
താങ്കള്‍ എല്ലാം കൃത്യമായി തന്നെ പറഞ്ഞു. നല്ല പോസ്റ്റ് ..
ഈ പോസ്റ്റിനോട് യോജിക്കുന്നുവെങ്കിലും ലീഗിനെ കുറിച്ച് എഴുതിയ ഭാഗങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു.. മലപ്പുറത്തെ ഏതാനും പണക്കാരുടെ മാത്രം പാര്‍ട്ടിയായി ലീഗ് അധപ്പതിച്ചുവെന്നത് വെറും ആരോപണങ്ങള്‍ മാത്രമാണ്. ലീഗും, ലീഗിന്റെ പോഷക ഘടകങ്ങളായ കെ എം സീ സീ യും ഒക്കെ കേരളത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകരുത്. ശിഹാബ് തങ്ങളുടെ സ്മരണക്കായി 250 വീടുകള്‍ മലപ്പുറം ജില്ലയില്‍ മാത്രം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്, കോഴിക്കോട്ടും, കണ്ണൂരും, കാസര്‍ഗോഡും ഒക്കെ സമാനമായ രിലീഫുകള്‍ നടക്കുന്നുണ്ട്, ഇതിനൊക്കെ പുറമേ വിവാഹ/തൊഴില്‍ ധന സഹായങ്ങളും നല്‍കി വരുന്നു. ഈ സാമൂഹ്യ സേവനത്തിന്റെ തേരിലേറിയാണ് ലീഗ് മലബാറില്‍ ജയിച്ചു കയറുന്നത്..മറ്റു പാര്‍ട്ടികള്‍ ഇത് മാത്രുകയാക്കുകയാണ് വേണ്ടത് ...
നെയ്യാറ്റിന്‍കരയില്‍ ആര് ജയിച്ചാലും തോല്‍ക്കുന്നത് ജനങ്ങളായിരിക്കും, അതാണീ കുറിപ്പിലെ ആകെതുക.. ആശംസകള്‍
കൃത്യമായ നിരീഷണം!
ഉള്ളത് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥിയായി രാജഗോപാല്‍ വന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യും. ആ ഭാഗം പരാമര്‍ശിച്ചു കണ്ടില്ല. ലീഗിന്റെ കാര്യം എഴുതിയതിനോട് പൂര്‍ണമായും യോജിക്കുന്നു. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ തന്ത്രങ്ങളിലൂടെ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ആന്ടണിച്ചായന്‍ കസേര തെറിക്കും മുന്‍പ് പറഞ്ഞത് ഒന്നൂടെ ഓര്‍മിപ്പിക്കട്ടെ. ഉമ്മന്‍ചാണ്ടിക്ക് ആദര്‍ഷത്തെക്കാള്‍ വലുതാണ് കസേര എന്നുംകൂടി തെളിയിച്ചു.
എനിക്ക് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു കുറച്ച് കാലം മുൻപ് വരെ. ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ ഓരോരോ കൊള്ളരുതായ്മകൾ കാണൂമ്പോൾ ആകെ മനസ്സ് മടുക്കുന്നു. ഈ സമയങ്ങളിൽ ഒരു രാഷ്ട്രീയ കക്ഷിയും ഒരു ജാതിക്കും മതത്തിനും അനുകൂലമായോ പ്രതികൂലമായീ പ്രസ്താവനകൾ ഇറക്കില്ല,ഇറക്കാൻ ഭയപ്പെടുന്നു. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന രൂക്ഷമായ പ്രശ്നങ്ങൾ ആണെങ്കിൽ പോലും ആരും ആർക്കെതിരേയും ഒന്നും പറയില്ല. വോട്ട് കുരയുമോ എന്നുള്ള ഭീതി.! ഇത്തരം ശവംതീനി രാഷ്ട്രീയ നാടകങ്ങൾ കണ്ട്, വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന എനിക്ക് പോലും ആകെ മനസ്സു മടുത്തു. അപ്പോൾ ഒരു രാഷ്ട്രീയത്തിലും ഇതുവരെ വിശ്വസിക്കാതിരിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും. ആശംസകൾ നല്ല എഴുത്തിന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ