2012, ഫെബ്രു 15

പരിഹാരം ടോള്‍ പിരിവു മാത്രമോ?

കേരളത്തിലെ വിവിധ പാതകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ പിരിവിലൂടെ പ്രതിമാസം അരക്കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകുന്നതായി മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസയിലൂടെ മാത്രം ദിനംപ്രതി 600 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നതായും കത്തില്‍ പറയുന്നു. സമാനമായ രീതിയില്‍ ടോള്‍ ഗേറ്റുകളില്‍ക്കൂടിയെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ ദിനംതോറും കടന്നു പോകുന്നുണ്ട്. ഏറ്റവും വലിയ ടോള്‍ ദായകരാണ് കെഎസ്ആര്‍ടിസി എന്ന് എംഡി പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടതു തന്നെ.


കെഎസ്ആര്‍ടിസി തങ്ങളുടെ നഷ്ടം നികത്താന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്കാരത്തെക്കുറിച്ചാണു പറയുന്നത്. ടോള്‍ ഗേറ്റില്‍ തുക നല്‍കേണ്ടി വരുന്നതിനു പകരമായി ആ റൂട്ടിലെ ബസ് നിരക്ക് വര്‍ധിപ്പിക്കാമത്രേ. അതായത്, സാധാരണക്കാരന്റെ തലയ്ക്കിട്ടു വീണ്ടും അടിക്കുക. ദയവായി സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കരുത്. അല്ലെങ്കില്‍ത്തന്നെ കടുത്ത വിലക്കയറ്റത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും വലയുകയാണ് കേരളീയര്‍. അവരുടെ യാത്ര ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കരുത്. കേരളത്തിലെ റോഡുകളിലും പാലങ്ങളിലും നടത്തുന്ന ടോള്‍പിരിവിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഏറെക്കാലമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ടോള്‍പിരിവെന്നു പറയുന്നവരോട് യോജിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, റോഡ് ടാക്‌സ് മുടക്കമില്ലാതെ അടച്ചാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നത്. എന്നിട്ടും, ടോള്‍ നല്‍കേണ്ടി വരുന്നു.


റോഡുകളും പാലങ്ങളും നിര്‍മിക്കാനും പരിപാലിക്കാനും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നതാണ് ഇതിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് റോഡും പാലവും നിര്‍മിക്കാനും കൈവശം വച്ച് അതിന്റെ പണം പിരിച്ചെടുക്കാനും അതിനു ശേഷം സര്‍ക്കാരിനു കൈമാറാനുമുള്ള അനുവാദം കൊടുക്കുന്നതിലൂടെയാണ് ടോള്‍ പിരിവിന്റെ തുടക്കം. സര്‍ക്കാര്‍ പ്രതിവര്‍ഷം റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ എന്തു കാര്യത്തിനാണ് ചെലവാക്കുന്നതെന്ന് ജനങ്ങളോടു പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. മനോഹരവും കുണ്ടും കുഴിയുമില്ലാത്തതുമായ റോഡുകള്‍ ആവശ്യം തന്നെ. വീതി കൂടിയ പാലങ്ങളും വേണം. അതിനെല്ലാം പണം ചെലവാക്കണം. സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലാത്തതും പണം തന്നെ. റോഡു നിര്‍മിക്കാന്‍ പണമില്ലെങ്കിലും, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ വിലകൂടിയ കാറുകള്‍ വാങ്ങാനും യാത്രപ്പടിയിനത്തില്‍ വന്‍തുക അവര്‍ക്കു നല്‍കാനും സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. അതാണ് വൈരുദ്ധ്യം.റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്താലേ ടോള്‍ പിരിവെന്ന ഗുണ്ടായിസത്തിന് അറുതിയുണ്ടാകൂ.




പലയിടത്തും റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിനു ചെലവാക്കിയതില്‍ എത്രയോ ഇരട്ടി ടോളായി പിരിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴും അവിടെയെല്ലാം പിരിവ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. പിരിവെടുക്കാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാരിന് ഇതിന്റെ കണക്കു നോക്കാനുള്ള ബാധ്യതയുമില്ലേ? ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയുടെ ബലത്തില്‍ എഴുതി നല്‍കുന്ന കണക്കില്‍ മാത്രം വിശ്വസിക്കാനല്ലല്ലോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടോള്‍ പിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇതേവരെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും, അവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവാക്കിയ തുക എത്രയെന്നും സത്യസന്ധമായി കണ്ടെത്തണം. അതിന് കുറേ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിട്ടു കാര്യമില്ല. ജനകീയ സമിതികള്‍ കണക്കു പരിശോധിക്കട്ടെ.



ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ നേരിട്ടു കണക്കു നോക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാകണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുറേ വെള്ളാനകളുടെ കണക്ക് ഇവിടെ ആര്‍ക്കും ആവശ്യമില്ല. നിലവിലുള്ള സ്ഥലങ്ങളിലെ കണക്കെടുപ്പിനു ശേഷം ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തണം.


പൊതു സ്വത്ത് സ്വകാര്യ കരാറുകാര്‍ക്കോ വന്‍‌കിട ബഹുരാഷ്ട്ര കുത്തകകള്‍ക്കോ കൈമാറുന്നത്തിനു ന്യായീകരണമായി നമ്മുടെ ഭരണാധികാരികള്‍ ദുബായിലെയും സിങ്കപ്പൂരെയും ജെര്‍മനിയിലെയും മറ്റും ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ? എന്നാല്‍ അവിടങ്ങളില്‍ നിലവിലിരിക്കുന്ന ചില നല്ലകാര്യങ്ങള്‍ ഇവിടേക്കു പകര്‍ത്തുവാന്‍ താല്‍പര്യം ഇല്ലാത്തതെന്ത്? ഉദാഹരണമായി ദുബായിലെ ഷേയ്ക് സായിദ് റോഡില്‍ സര്‍ക്കാര്‍ നേരിട്ട് ടോള്‍ പിരിക്കുന്ന വിധം, നൂതന സാങ്കേതിക വിദ്യകള്‍ ബന്ധിപ്പിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്, ടോള്‍ നല്‍കുന്നതിനായി ഒരു വാഹനവും ടോള്‍ഗേറ്റിലെ അനന്തമായ ക്യൂവില്‍ നിര്‍ത്തിയിടേണ്ടിവരുന്നില്ല സെന്‍സറുകളും ക്യാമറയും ഘടിപ്പിച്ച ഒരു കമാനത്തിനടിയിലൂടെ നല്ല വേഗത്തില്‍ വാഹനം കടന്നു പോകുമ്പോള്‍ തന്നെ ടോള്‍ കട്ടാവുകയും  കടന്നുപോയ വാഹനത്തിന്റെ ചിത്രം പകര്‍ത്തപ്പെടുകയും ചെയ്യും (ഏതാനും ചില മോഷണ / കൊലപാതക കേസുകളില്‍ അതിവേഗം പ്രതികളെ പിടികൂടാന്‍ ഈ സംവിധാനം പോലീസിനു സഹായകമായിട്ടുണ്ട്), ടോള്‍പിരിവ് സംബന്ധിച്ച വിശദാംശങ്ങള്‍ നേരിട്ട് ആര്‍ടിയേയുടെ വെബ്‌സൈറ്റില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നുമുണ്‍ട്. നമ്മുടെ രാജ്യത്തും ഇത്തരമൊരു സംവിധാനത്തിലൂടെ കുറഞ്ഞ ചിലവില്‍ സുതാര്യമായ രീതിയില്‍ സര്‍ക്കാരിനു നേരിട്ട്  ടോള്‍ പിരിക്കുവാന്‍ സാധിക്കില്ലേ?

റോഡുകളോ പാലങ്ങളോ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബിഒടി അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു തേടാവുന്നതാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കി പണം പിരിച്ചെടുക്കുന്നതില്‍ എന്താണ് സര്‍ക്കാരിനു തടസമായി നില്‍ക്കുന്നത്? ഓരോ ബിസിനസ് സ്ഥാപനവും പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ പരസ്യ ഇനത്തില്‍ ചെലവാക്കുന്നുണ്ട്. റോഡുകളുടെ ഇരുവശവും പൂച്ചെടികളടക്കം സ്ഥാപിച്ച് അവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കിയാല്‍ കമ്പനികള്‍ അതു സ്വീകരിക്കും. അതിലൂടെ പല ഗുണങ്ങളുണ്ട്. റോഡും പാലവും പണിയാനാകും എ്ന്നത് പ്രധാന ഗുണം. അവിടങ്ങളെല്ലാം വൃത്തിയായി കിടക്കുമെന്നത് അതിലും വലിയ ഗുണം. നിലവില്‍ കേരളത്തിലെ റോഡുകളുടെ വശങ്ങള്‍ തികച്ചും വൃത്തിഹീനമാണ്. ടാര്‍ ഇട്ട ഭാഗത്തിനു പുറമേയുള്ള സ്ഥലങ്ങള്‍ പലയിടത്തും കാടു പിടിച്ചു കിടക്കുന്നു. എന്തുകൊണ്ട് അവിടെ വൃത്തിയാക്കിക്കൂടാ? അതിനുള്ള പണം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചെടുക്കണം. പകരമായി അവരുടെ പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ മതി. ഓരോ വര്‍ഷത്തേക്കുള്ള കരാറായി പരസ്യബോര്‍ഡുകളോ എല്‍ഇഡി പരസ്യങ്ങളോ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയാല്‍ അതാകും ജനങ്ങള്‍ക്കു ഗുണകരം.


പണത്തിന് എന്ത് ആവശ്യം വന്നാലും ഉടന്‍ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുക എന്ന പഴയ ശൈലി ഇനിയെങ്കിലും സര്‍ക്കാര്‍ മാറ്റണം. പുതിയ കാലഘട്ടത്തിനു യോജിച്ച ചിന്താധാരയാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകേണ്ടത്. സര്‍ക്കാര്‍ ബസുകളുടെയും റോഡുകളുടെയും പാലങ്ങളുടെയുമൊക്കെ പരിപാലനത്തിന് ബിസിനസ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും പകരമായി അവര്‍ക്കു പരസ്യം സ്ഥാപിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുക എന്ന നിര്‍ദേശം പലരും പലവട്ടം ഉയര്‍ത്തിരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനു താത്പര്യമില്ല.

കൈക്കൂലിയില്‍ മാത്രം വിശ്വസിക്കുന്ന ഉദ്യോഗസ്ഥരേക്കാള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരം എന്തെങ്കിലും പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കുക.

10 അഭിപ്രായ(ങ്ങള്‍):

Pheonix പറഞ്ഞു...

Good initiative. Other bloggers are not interested issues like this. Only some "masala" based stuff will get more popularity in boologam.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

താങ്കള്‍ വളരെ നല്ല കുറച്ച് കാര്യങ്ങള്‍ വിവരിച്ചു
പ്രിയാ ആശംസകള്‍

Akbar പറഞ്ഞു...

ടാര്‍ ഇട്ട ഭാഗത്തിനു പുറമേയുള്ള സ്ഥലങ്ങള്‍ പലയിടത്തും കാടു പിടിച്ചു കിടക്കുന്നു. എന്തുകൊണ്ട് അവിടെ വൃത്തിയാക്കിക്കൂടാ? അതിനുള്ള പണം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചെടുക്കണം. പകരമായി അവരുടെ പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ മതി. ഓരോ വര്‍ഷത്തേക്കുള്ള കരാറായി പരസ്യബോര്‍ഡുകളോ എല്‍ഇഡി പരസ്യങ്ങളോ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയാല്‍ അതാകും ജനങ്ങള്‍ക്കു ഗുണകരം.>>>>

പറഞ്ഞതത്രയും നല്ല കാര്യങ്ങള്‍. നല്ല ചിന്തകള്‍. നിലവിലുള്ള വ്യവസ്ഥിതികളില്‍ നിന്നും നമ്മള്‍ മാറി ചിന്തിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഇത്തരം നല്ല വിഷയങ്ങളില്‍ തുടര്‍ന്നും എഴുതുക. ആശംസകളോടെ.

Unknown പറഞ്ഞു...

വികസിത രാജ്യങ്ങളില്‍ നടപ്പാക്കുന്ന പോലെയുള്ള മാതൃകകള്‍ ആണ് നമുക്ക് ഇനി വേണ്ടത് . toll പിരിവിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ വേസ്റ്റ് ട്രീറ്റ്‌ മെന്റ് , തുടങ്ങിയവ കാര്യഷമമായി നടപ്പാക്കാന്‍ സര്‍ക്കാരിനെ പോലെ ജനങ്ങളും ശ്രദ്ധിക്കണം .
ഇത് പോലുള്ള വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക വരട്ടെ ...

ഷാജി പരപ്പനാടൻ പറഞ്ഞു...

ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന തീര്‍ത്തും അവസരോചിതമായ പോസ്റ്റ്‌ ..ആശംസകള്‍

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

വളരെ നല്ല നിര്‍ദേശങ്ങള്‍.. നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ട വിഷയം. പോസ്റ്റ്‌ അവസരോചിതമായിട്ടുണ്ട്..

Pradeep Kumar പറഞ്ഞു...

വല്ലാത്ത ഒരു അവസ്ഥയാണിത് . ഇച്ഛാശക്തിയുള്ള ഭരണസംവിധാനങ്ങള്‍ ഇന്നു ഒരു മരീചിക ആയിരിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം ഏര്‍പ്പാടുകളൊന്നും നില്‍ക്കാന്‍ പോവുന്നില്ല....

നല്ല ആശയങ്ങളാണ് മുന്നോട്ടുവെച്ചത് . നമുക്ക് കരഞ്ഞുതീര്‍ക്കാം....- അല്ലാതെ എന്തു ചെയ്യാന്‍.

khaadu.. പറഞ്ഞു...

നല്ല ചില ആശയങ്ങളാണ് താങ്കള്‍ പറഞ്ഞത്... പക്ഷെ ഇതൊക്കെ നടപ്പില്‍ വരുത്താനാണ് ശ്രമിക്കേണ്ടത്... അത് ചെയ്യേണ്ടവര്‍ തന്നെ കണ്ണടച്ചിരിക്കുമ്പോള്‍...?

ashraf meleveetil പറഞ്ഞു...

സൗജന്യമായി ലഭ്യമാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും നികുതിദായകര്‍ പണം നല്‍കണമെന്നു വരുമ്പോള്‍ പിന്നെ സര്‍ക്കാരും മന്ത്രിമാരും വെറുതേ പാഴ്ച്ചിലവാകുന്ന ഒരാര്‍ഭാടമല്ലേ... ?

മുന്തിയ കാറും പരിവാരങ്ങളും ബംഗ്ലാവുമൊക്കെയായി മദിച്ചു ഭരിക്കുന്നവര്‍ക്ക് റോഡിന്‍റെയും പാലത്തിന്‍റെയും കാര്യം വരുമ്പോള്‍ സോമാലിയക്കാരേക്കാള്‍ ദാരിദ്യം....!!!

വളരെ പ്രസക്തമായ പോസ്റ്റ്‌...
നന്ദി..

vettathan പറഞ്ഞു...

തോമാച്ചന്‍ നന്നായി സ്വപ്നം കാണുന്ന ആളാണെന്ന് മനസ്സിലായി.എല്ലാം സര്ക്കാര്‍ ചെയ്തോണം,ടോള്‍ പിരിക്കാന്‍ പാടില്ല,നികുതി കൂട്ടാന്‍ പാടില്ല,പൈസ കയ്യിലില്ലെങ്കില്‍ സര്ക്കാര്‍ കള്ളനോട്ടടിച്ചോണം.ഉഷാറായി.ആ നിലപാട് നില നിന്ന കാലത്താണ് ബീഡിക്കാശില്ലാതിരുന്ന ഒരു പ്രധാനമന്ത്രി പണയം വെക്കാന്‍ സ്വര്‍ണവുമായി ലണ്ടനിലേക്ക് പോയത്.റേഡിയോക്കും,ടി.വി.ക്കും ലൈസന്സ്,ഒരു ചാക്കു സിമന്‍റ്റ് കിട്ടണമെങ്കില്‍ വില്ലേജ് ഓഫീസ് തൊട്ട് താലൂക്ക് ഓഫീസുവരെയുള്ള അലച്ചില്‍,ഒന്നും എന്നെപ്പോലുള്ളവര്‍ മറക്കില്ല.എന്തും സര്‍ക്കാര്‍ ചുമ്മാ തരണം എന്നു ആഗ്രഹിക്കാതിരിക്കുക.