2010, ഡിസം 2

ആരെങ്കിലും ട്രൈന്‍ തള്ളുന്നതു കണ്ടിട്ടുണ്ടോ?

ദുബായ്, 2010 ഒക്ടോബര്‍ 21,  വൈകിട്ട് പതിവിലും നെരത്തേ ഓഫീസില്‍ നിന്നും ഇറങ്ങണം എന്നു കരുതിയിരുന്നെങ്കിലും സാധിച്ചില്ല, എങ്കിലും അധികം വൈകാതെ എല്ലാം ഒരു പരുവത്തിലാക്കി റൂമിലെത്തി, പെട്ടന്നു കുളിച്ച് റെഡിയായി, അത്യാവശ്യം 3 ദിവസത്തേക്കുള്ള സാമഗ്രികള്‍ എടുത്ത് ഇറങ്ങുമ്പഴേക്കും ദാ വിളിക്കുന്നു ബെന്നിച്ചേട്ടന്‍ !!! ഉടനെ റെഡിയായി നില്‍ക്കു ഷാര്‍‍ജ വരെ പോകാം, ചേട്ടാ ഞാന്‍ മുംബയ്ക്കു പോകുവാ... ഇതെന്താ പെട്ടന്നൊരു മുംബൈ യാത്ര? ഇന്നലെവരെ ഇങ്ങനെ ഒരു പ്ലാന്‍ ഇല്ലായിരുന്നല്ലൊ?.... വിശ്വസിപ്പിക്കാന്‍ ഇത്തിരി പാടുപെട്ടു... നേരെ മെട്രൊ സ്റ്റേഷനിലേക്ക്..
 അവിടെ മുംബയില്‍ ഉപയൊഗിക്കനുള്ള സിം കാര്‍ഡ് തരാന്‍ പ്രിനു കാത്തു നില്‍പ്പുണ്ട് അവന്റെ ചാറ്റിംഗിനു ഭംഗം വരുതിയതിനു ക്ഷമ പറഞ്ഞ് എയര്‍ പോര്‍ട്ടിലേക്ക്,


ക്രിത്യസമയത്തു തന്നെ ചെക്ക് ഇന്‍ ചെയ്തെങ്കിലും പതിവു തെറ്റിക്കാതെ നമ്മുടെ എയര്‍ ഇന്ത്യ വിമാനം 40 മിനിറ്റ് വൈകി പുറപ്പെട്ടു.
ഒരു മണിക്കൂറില്‍ അധികം വൈകി വെളുപ്പിനു 4:30 ഓടെ മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വീണ്ടും അര മണിക്കൂറോളം വേണ്ടിവന്നു ലഗ്ഗേജ് കിട്ടാന്‍.ഇതിനിടെ ഞാന്‍ പ്രിനു തന്ന എയര്‍ ടെല്‍ സിമ്മില്‍ നിന്നു ഷിന്‍സിയെ വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി 6 മാസമായി ഉപയൊഗിക്കാതിരുന്നതിനാല്‍ അതു ക്യാന്‍സല്‍ ആയിക്കഴിഞ്ഞിരിക്കുന്നു. എന്തായലും റോമിങ്ങില്‍ ഉള്ള എതിസലാത് സിമ്മില്‍ നിന്നു വിളിക്കുകയേ ഇനി മാര്‍ഗ്ഗമുള്ളു, അതിരാവിലെ ഞാന്‍ വിളിക്കുന്നതു കേട്ട് ഉറക്കം ഉണര്‍ന്ന ഭാര്യക്കു ആകെപ്പാടെ സ്ഥലജല വിഭ്രാന്തി, കാരണം ഞാന്‍ വരുന്ന വിവരം മുന്‍പെ അറിയിച്ചിരുന്നില്ല മാത്രമല്ല മൊബൈലില്‍ തെളിയുന്നതു ദുബൈ യിലെ നമ്പരും, ദുബൈ സമയം വെളുപ്പിനു 3 മണിക്കു ഞാന്‍ വിളിക്കണമെങ്കില്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടാവണമല്ലൊ, ഞാന്‍ മുംബയില്‍ ഉണ്ടെന്നു പറഞു മനസ്സിലാക്കിയപ്പൊളേക്കും അവള്‍ക്കു സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നുകഴിഞ്ഞു, എവിടെ താമസിക്കും എന്നതാണു അവളുടെ ആധി, ഹോസ്പിറ്റലിന്റെ ഗസ്റ്റ്ഹവ്സില്‍ താമസിക്കണമെങ്കില്‍ മുന്‍ കൂര്‍ അനുമതി വാങ്ങണം സാധാരണ ഞാന്‍ മുംബയ്ക്കു വരുമ്പൊള്‍ ഞങള്‍ ഹോസ്പിറ്റലിന്റെ ഗസ്റ്റ്ഹവ്സില്‍ ആണു താമസം, ഇനി ഇപ്പൊള്‍ എവിടെ താമസിക്കും ? എനിക്കാണെങ്കില്‍ 3 ദിവസതെ അവധിയെ ഉള്ളു എന്തായാലും ഹോട്ടെലില്‍ ത്ങ്ങുകയെ ഉള്ളു മാര്‍ഗ്ഗം. ആദ്യം 3 ദിവസത്തേക്കു അവധി അഡ്ജസ്റ്റ് ചെയ്തിട്ട് അവള്‍ എയര്‍പോര്‍ട്ടില്‍ എത്താം എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍.

എന്തായാലും ഷിന്‍സി എത്താന്‍ കുറഞ്ഞത് 2 മണിക്കൂര്‍ സമയം എങ്കിലും എടുക്കും എയര്‍പോര്‍ട്ടിന്റെ എതെങ്കിലും മൂലയില്‍ ഇരുന്നു നെറ്റ് നോക്കാം എന്നു കരുതി, ഹൊട്ടെല്‍ ഡീറ്റ്യ്ല്‍സ് സെര്‍ച് ചെയ്തു നോക്കിക്കൊണ്ടിരിക്കുമ്പൊള്‍ "മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി" എന്തായാലും ഹോട്ടെലില്‍ താമസിക്കണം എങ്കില്‍ പിന്നെ മാഥേരാനില്‍ പൊയാലോ? മുന്‍പൊരിക്കല്‍ http://www.yathrakal.com/ ഇല്‍ നൂറനാട് സിബു എഴുതിയ  വരുന്നോ മാത്തേരാനിലേക്ക് ? എന്ന ലേഘനം വായിച്ചിട്ടുണ്ടന്നതാണു ആ തോന്നലിന്നാധാരം,  അത് ഒന്നുകൂടെ പെട്ടന്നു വായിച്ചു, MTDC യുടെയും ഒക്കെ സൈറ്റില്‍ നിന്നും മാഥേരാനിലെക്കുള്ള വഴിയും മറ്റ് അത്യാവശ്യ വിവരങ്ങളും ശേഘരിച്ചു, പെട്ടന്നു ഷിന്‍സിയെ വിളിച്ചു പറഞ്ഞു എയര്‍ പോര്‍ട്ടില്‍ എത്തണ്ട, പകരം കുര്‍ള തിലക് നഗര്‍ സ്റ്റേഷനില്‍ ഇറങ്ങു ഞാന്‍ അങ്ങോട്ട് വരാം....

വിമാനത്താവളത്തില്‍ നിന്നും അന്ധേരിയില്‍ എത്തി ട്രൈനില്‍ കയറി കുര്‍ളയില്‍ എത്ത്യപ്പൊളേക്കും ഷിന്‍സിയും അവിടെ എത്തി ഇനി കര്‍ജാത് ഫാസ്റ്റ് ട്രാക്കില്‍ ആണു നെരാള്‍ വഴി കടന്നു പോകുന്ന ഫാസ്റ്റ് ട്രൈന്‍ എത്തുന്നത് അതു പിടിക്കാന്‍ ഞങ്ങള്‍ 5-ആം നമ്പര്‍ പ്ലാറ്റ്ഫൊമില്‍ എത്തി , സ്റ്റെഷനില്‍ അനുനിമിഷം തിരക്കു വര്‍ധിചുകൊണ്ടേ ഇരിക്കുന്നു ഇപ്പൊ ഒരു പൂരത്തിനുള്ള ജനം ഉണ്ട് ഓരോപ്ലാറ്റ്ഫൊമിലും, എല്ലാവരും ധ്രുതി പിടിച്ചു പായുകയാണു, കടന്നു പോകുന്ന ചില ട്രൈനുകള്‍ കണ്ടാല്‍ ഫെവികോള്‍ പരസ്യത്തിലെ ബസ്സ് നാണിച്ചുപോകും, അത്രക്കുണ്ടു തിരക്ക്, ക്രുത്യം 8:48 നു ഞങ്ങള്‍ക്കു പൊകെണ്ട ട്രൈന്‍ എത്തി.

താനെ റൂട്ടില്‍ തിരക്ക് അല്‍പ്പം കുറവുണ്ടെന്നു തോന്നുന്നു അധികം ബദ്ധപ്പെടാതെ കയറിപ്പറ്റി, നമ്മുടെ വേണാട് എക്സ്പ്രസ്സിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നൊരു യാത്ര, താനെ കഴിഞ്ഞപ്പൊഴെക്കും മറാത്ത ഗ്രാമങ്ങള്‍ ദ്രുശ്യമായി തുടങ്ങി മികച്ചതെന്നു പറയാന്‍ കഴിയാത്ത നെല്‍ വയലുകളും ചോള വയലുകളും, 10 മണി ആയപ്പൊള്‍ നെരാള്‍ സ്റ്റേഷനില്‍ ഞങ്ങള്‍ ഇറങ്ങി.
 വലിയ തിരക്കൊന്നും ഇല്ലാത്ത -  നമ്മുടെ ചെങ്ങന്നൂര്‍ പൊലെ ഒരു സ്റ്റേഷന്‍ അതിനു ചുറ്റുമായി രൂപപ്പെട്ട ചെറിയ ഒരു ഗ്രാമ ചന്ത, ചുറ്റുമുള്ള ഭൂപ്രക്രുതി നമ്മുടെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍, ഏഴംകുളം, കോന്നി പ്രദേശങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തും,  സഹ്യാദ്രി ഗിരി നിരകളുടെ ഭാഗമായ മരതകക്കുന്നുകള്‍, ഞങ്ങളെക്കൂടാതെ കുറെ ഏറെ യുവമിധുനങ്ങള്‍ അവിടെ ഇറങ്ങിയിട്ടുണ്ട് അതില്‍ ഭൂരിഭാഗവും പ്രണയ പരവശരായ കോളേജ് വിദ്യാര്‍ഥികള്‍ തന്നെ. ഏതാനും ഏജന്റ്മാര്‍ റ്റാക്സിക്ക് ആളെ സംഘടിപ്പിക്കാന്‍ ഞങ്ങളോരൊരുത്തരെയും സമീപിക്കുന്നുണ്ട്, വേണ്ട നമ്മള്‍ നാരോഗേജ് ടോയ് ട്രൈനിലേ മാഥേരാനില്‍ പോകുന്നുള്ളു.

നാരോഗേജ് പ്ലാറ്റ്ഫൊമില്‍ എത്തിയപ്പൊ അവിടെ ട്രൈന്‍ കിടപ്പുണ്ട്, പെട്ടന്നു ടിക്കറ്റ് എടുത്ത് ബാഗ് ഒക്കെ സീറ്റില്‍ വച്ച് വെളിയില്‍ ഇറങ്ങി നോക്കിയപ്പൊ അല്ലെ മനസ്സിലാകുന്നതു എതാനും ബോഗികള്‍ മാത്രമേ പ്ലാറ്റ്ഫൊമില്‍ ഉള്ളു എന്‍ജിന്‍ മലയിറങ്ങി 10:30 എത്തുന്ന ധൂമശകടാസുരനില്‍ നിന്നും മാറ്റി ഘടിപ്പിക്കണം. ഒരു കാപ്പിയൊക്കെ കുടിച്ച് എന്‍ജിന്‍ മലയിറങ്ങി വരുന്നതും കാത്ത് പരിസരത്തൊക്കെ ഒന്നു ചുറ്റി നടന്നു അവിടെ കണ്ട ഒരു കാഴ്ച്ച ഇതാ...

പണ്ടു കാഥികന്‍ വി.ഡി.രാജപ്പന്‍ തിരുവനന്തപുരത്ത് രണ്ട് നില ബസ്സ് കണ്ട സന്ദര്‍ഭം ഓര്‍മ്മ വരുന്നില്ലേ?

ഇതാ മറ്റൊന്ന്, ഇതിനു മുന്‍പ് നിങ്ങള്‍ ആരെങ്കിലും ട്രൈന്‍ തള്ളുന്നതു കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ ദാ... കാണു.......അപ്പൊളേക്കും അടുത്ത അറിയിപ്പെത്തി ട്രൈന്‍ 11മണിക്കേ പുറപ്പെടൂ, എന്തായാലും ലേറ്റാകുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ യെയും കടത്തിവെട്ടി ധൂമശകടാസുരന്‍ എത്തിയതു 12 മണികഴിഞ്ഞ്. 12.20 ആയപ്പൊള്‍ അതു മാഥേരാനിലേക്ക് മന്ദം മന്ദം യാത്ര തുടങ്ങി.


നെരാളില്‍ നിന്നു പുറപ്പെട്ട് അധികം സമയം ആകുന്നതിനു മുന്‍പു തന്നെ ഭൂപ്രക്രുതിയും കാലാവസ്ഥയും മാറിത്തുടങ്ങി വരണ്ട സമതലങ്ങള്‍ക്ക് പകരം പൊന്തക്കാടുകളും സമ്രുദ്ധമായ പുല്‍മേടുകളും ആണു മുന്നോട്ടുള്ള പാതയില്‍, ഓരൊ തിരിവിലും വ്യത്യസ്ഥ നിറങ്ങളും കാഴ്ച്ചകളും ഒരുക്കിയ മലഞ്ചെരിവുകള്‍. ആസ്വാദനതിനു ആവോളം അവസരമൊരുക്കി അന്നനട താളത്തിലാണു നമ്മുടെ ധൂമശ്കടാസുരന്റെ പ്രയാണം. ഇടക്കിടക്ക് പല തവണ കിതച്ച് നിന്നും വീണ്‍ടും ഓടിയും അങ്ങനെ കുറേ നേരം..... ഏകദേശം പാതി ദൂരം എത്തിയിട്ടുണ്ടാവണം..... മേഘങ്ങള്‍ താന്നുവന്നു കുന്നിന്‍ ചരുവില്‍ തങ്ങി നില്‍ക്കുന്നു നമ്മളാ ജലകണങ്ങള്‍ക്കുള്ളിലൂടെ കടന്നു പോവുകയാണു..... നാട്ടില്‍ മൂന്നാറിലും കുട്ടിക്കാനത്തും ഒക്കെ ഈ അനുഭവം സ്ര്‍വ്വസാധാരണമായതിനാല്‍ അല്‍പ്പം ഗ്രിഹാതുരത പകര്‍ന്നു എന്നതിലപ്പുറം എനിക്ക് അത്ര പുതുമ ഒന്നും തോന്നിയില്ല, എന്നാല്‍ ഏറെ വര്‍ഷങളായി മുംബൈ മഹാനഗരത്തില്‍ തന്നെ കഴിയുന്ന ഷിന്‍സിയെ അത് അക്ഷരാര്‍ഥത്തില്‍ ആവേശം കൊള്ളിക്കുക തന്നെ ചെയ്തു.

മഴ പെയ്തു തുടങ്ങി, ഷട്ടര്‍ ഗ്ലാസ് താഴ്ത്തി ഇനി അതിലൂടെ ഫില്‍ടെര്‍ ചെയ്ത കാഴ്ചകള്‍ മാത്രം, മഴ ശ്ക്തിപ്രാപിച്ചതോടെ നമ്മുടെ ഡീസല്‍ ശകടത്തിനു ആസ്മായുടെ ഉപദ്രവം ഉച്ചസ്ഥായിയില്‍ ആയി അമ്മാവന്‍ വഴിയില്‍ പലേടത്തും നിന്നും കിതച്ചും ചുമച്ചും വളരെ ആയാസപ്പെട്ട് ജുമ്മപ്പെട്ടി എന്ന തീവണ്ടിയാപ്പീസില്‍ എത്തി ഇനി മഴ മാറിയിട്ടേ മുന്നോട്ട് യാത്ര ഉള്ളു.

മഴപെയ്തു നനഞ്ഞ ട്രാക്കില്‍ ഗ്രിപ്പ് കിട്ടുന്നില്ലത്രേ, (ഈ പറയുന്നതു കേട്ടാല്‍ തോന്നും മഴ തുടങ്ങുന്നതിനു മുന്‍പ് ഈ പൈത്രുക ശ്കടം നമ്മുടെ പീ.ടി ഉഷയെപ്പോലെ ആണു ഓടിയതെന്ന്... ചുമ്മാ​...) ഇപ്പൊള്‍ തന്നെ നേരം വളരെ വൈകി 2:30 ആയിരിക്കുന്നു സാധാരണ നിലക്ക് മാഥേരാനില്‍ എത്തേണ്ട സമയം ആയി, പാതി വഴി ആയിട്ടേ ഉള്ളു ഇവിടുന്നു എപ്പോള്‍ യാത്ര തുടരാന്‍ പറ്റുമെന്നു റെയില്‍വേ ജീവനക്കാര്‍ക്കു പോലും തിട്ടമില്ല. വിശപ്പ് ചൂളം വിളിച്ചു തുടങ്ങി എന്തായാലും ഉടനെ യൊന്നും അങ്ങെത്തുമെന്നു തോന്നുന്നില്ല, മഴ അല്‍പം തോര്‍ന്നപ്പൊള്‍ തല്‍ക്കാലത്തേക്ക് വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടുമോന്നായി അടുത്ത അന്വേഷണം  സ്റ്റേഷനു സമീപം വാഹനങ്ങള്‍ പോകുന്ന റോഡില്‍ ഒരു പ്രായമായ സ്ത്രീ ഒരു കുട്ടയില്‍ നിറച്ച പേരക്ക വില്‍ക്കുന്നത് ഞാന്‍ കണ്ടു പിടിച്ചു, അവര്‍ കുറേ പേരക്ക മുറിച്ച് ഉപ്പുംമുളകും ഒക്കെ വിതറിത്തന്നു വിശപ്പിന്റെ കാഠിന്ന്യം കാരണം ആവാം നല്ല സ്വാദ് തോന്നി. ഞാന്‍ പേരക്കയുമായി വരുന്നതു കണ്ട് ഒട്ടുമിക്ക യാത്രക്കാരും ഇറങ്ങി പേരക്ക വാങ്ങാന്‍ പോയി, ഉം... എല്ലാവരും വിശന്നു റപ്പായിയായി ഇരിക്കുവായിരുന്നെന്നു തോന്നുന്നു എന്തായാലും ആ അമ്മച്ചിക്കിന്നു തരക്കെടില്ലാത്ത കച്ചവടം ഒത്തു. ട്രൈനിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍കുന്നതിനാല്‍ ബഹുഭൂരിഭാഗം ആളുകളും ട്രൈന്‍ ഉപേക്ഷിച്ച് മുകളില്‍ റോഡിലൂടെ വന്ന റ്റാക്സികളിലും മിനിബസിലുമായി യാത്ര തുടര്‍ന്നു. അരമണിക്കൂറത്തെ വിശ്രമ ശേഷം മിച്ചമുള്ള ഏതാനും ആളുകളേയും വഹിച്ച് തീവണ്ടി മുത്തഛ്ചന്‍ വീണ്ടും മുന്നോട്ട്, അവസ്ഥ മുന്‍പത്തേതു തന്നെ, ഇനി വീ​ണ്ടും അതു വര്‍ണിച്ച് സമയം കളയണ്ടല്ലോ!! എന്നാല്‍ ഇനിയുള്ള വഴിത്താരയില്‍ ധാരാളം മനോഹര വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ കാഴ്ചയുടെ വിരുന്നൊരുക്കി മാഥേരാന്‍ മലനിരയും ജാമ്പോള്‍ താഴ്വാരവും നമ്മെ കാത്തിരിക്കുകയായിരുന്നു, ചെറു അരുവികള്‍, ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കാഴ്ച്ചയുടെ അതിരിനുമപ്പുറത്തേക്ക് നീളുന്ന താഴ്വാരം.... ചില സ്ഥലങ്ങളില്‍ വെച് നമ്മള്‍ ട്രൈനിലൊ അതോ വിമാ​നത്തിലോ എന്നു സംശയിപ്പിക്കുന്ന, അറിയാതെ ശ്വാസം നിലയ്ക്കുന്ന, അഗാധമായ പാറക്കെട്ടുകള്‍ക്ക് അരികിലൂടെ ആണു നാം കടന്നു പോകുന്നത് ആമനോഹാരിത വര്‍ണിക്കാന്‍ എന്റെ വാക്കുകള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്കോ സാധിക്കുമെന്നു തോന്നുന്നില്ല ആ ശ്രമത്തില്‍ ഒരു ചെറിയ ശതമാനം എങ്കിലും ഞാന്‍ വിജയിച്ചാല്‍ ധന്ന്യനായി.


മഴ ഒളിച്ചു കളി തുടരുന്നതിനിടെ അഞ്ച് മണിയോടെ ഞങ്ങള്‍ മാഥേരാന്‍ തീവണ്ടിയാപ്പീസില്‍ യാത്ര അവസാനിപ്പിച്ചു, മുനിസിപ്പല്‍ കൌണ്‍സിലിന്റെ entry permit നു പണമടച്ച് വേഗം പുറതിറങ്ങി മഴ തരക്കെടില്ലാതെ പെയ്യുന്നുണ്ട് വഴി ഒക്കെ ചുവന്ന മണ്ണും വെള്ളവും കുതിരച്ചാ​ണകവും ചേര്‍ന്ന് കുഴഞ്ഞ് കിടക്കുന്നു, പാവ്മെന്റിനു മുകളില്‍ പോലും ചുവന്ന ചായം കോരി ഒഴിച്ചപോലെ.

 മഴപെയ്യുന്നതിനാല്‍ നേരത്തേ തന്നെ ഇരുട്ടി തുടങ്ങി എത്രയും പെട്ടന്ന് താമസ സ്ഥലം ഉറപ്പിക്കണം ഈ മഴയത്ത് അധികസമയം പാര്‍പ്പിടം അന്വേഷിച് നടക്കാന്‍ ആവില്ല, എതാനും ഹോട്ടെലുകളുടെ ഏജന്റുമാരും ചുമടെടുക്കുന്നവരും ട്രൈനില്‍ വന്നിറ‍ങ്ങിയവരെ പ്രതീക്ഷയോടെ സമീപിക്കുന്നുണ്ട്, അതിലൊരാള്‍ ഞങ്ങളെ സഹായിക്കാന്‍ കൂടെ കൂടി, ലക്ഷുറി ഹെറിറ്റേജ് ഹോട്ടല്‍ മുതല്‍ ബജത് ഹോട്ടലുകള്‍ വരെ ഹോം സ്റ്റേകള്‍ അടക്കം ഇന്നു ഒഴിവുള്ള മുറികളുടെ നമ്പൂര്‍ണ്ണ വിവരങ്ങളുമായി സഞ്ചരിക്കുന്ന ‍ഒരു ബുക്കിംഗ് ഓഫീസ് തന്നെ അയാള്‍, റൂം നോക്കി ഇഷ്ടപ്പെട്ട് ഒരു ഹോം സ്റ്റേ സെലെക്റ്റ് ചെയ്തു, നമ്മുടെ നാട്ടിലെ ഹോം സ്റ്റേകള്‍ പോലെ വീട്ടുകാരോടോപ്പം താമസിക്കുന്ന സംവിധാനം ഒന്നും അല്ല ഒരു വീടിന്റെ രണ്ടാം നിലയില്‍ 4 മുറികള്‍, വെളിയില്‍ കൂടി സ്റ്റെപ് കയറിചെല്ലുന്ന ഇടനാഴിയില്‍ നിന്നും ഓരോ മുറിയിലെക്കും പ്രവേശിക്കാം അത്ര മാത്രം. ഞങ്ങളെ അവിടെ ചെക് ഇന്‍ ചെയ്യിച് ഞങ്ങള്‍ നല്‍കിയ ടിപ് നന്ദിപൂര്‍വം നിരസിച്ച് അയാള്‍ സ്ഥലം കാലിയാക്കി അയാള്‍ക്കുള്ള കമ്മീഷന്‍ ഹോം സ്റ്റേയുടമകള്‍ നല്‍കും അതു മതിയത്രേ, ഊട്ടിയിലും കോവളത്തും ഒക്കെ വഴി പറഞ്ഞു തരുന്നവര്‍ പോലും ടിപ്പിനു കൈ നീട്ടുന്നതു ഓര്‍മ്മ വന്നു പോയി.

പെട്ടന്നു ഫ്രഷ് ആയി വല്ലതും കഴിക്കണം വിശ്പ്പിന്റെ വിളി ഉച്ചസ്ഥായിയില്‍ ആണു, കുളിച്ച് റെഡിയായിട്ടും മഴ സാമാന്യം ശക്തമായി പെയ്യുന്നുണ്ട് ഇനി മഴ തോരുന്നതു വരെ കാത്തിരിക്കാതെ തരമില്ല, ആ സമയം കൊണ്ട് നമുക്ക് മാഥേരാന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും കൂടി അല്‍പ്പം സഞ്ചരിക്കാം.

ഭാരതത്തിലെ മറ്റേതൊരു ഹില്‍ സ്റ്റേഷനും പോലെ മാഥേരാനും ജനവാസകേന്ദ്രമായി വികസിപ്പിചെടുത്തത് ബ്രിട്ടീഷുകാര്‍ തന്നെ, 1850 ല്‍  അന്നു ബൊംബേയില്‍ താവളമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്കുവേണ്ടി, താനെ കളക്ടര്‍ ആയിരുന്ന മാലെറ്റ് സായ്‌വ് ധാരാളം വേനല്‍കാല വസതികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പണികഴിപ്പിച്ച് ജാമ്പോള്‍ കാടുകള്‍ക്ക് നടുവില്‍ ഈ ഹരിതശീതള പര്‍വ്വതം  സുഘവാസകേന്ദ്രമായി വികസിപ്പിചെടുത്തു. അര നൂറ്റാണ്ടിനുശേഷം 1907 ല്‍ സ്ര്‍ ആഡംജീ പ്രഭു നെരാളില്‍ നിന്നും ഇവിടേക്ക് മാഥേരാന്‍ ഹില്‍ റെയില്‍ സ്ഥാപിച്ചു.  ഇന്നു യുണസ്കൊ പൈത്രുക പട്ടികയില്‍ ഉടന്‍ തന്നെ കയറിപ്പറ്റാനുള്ള തയാറെടുപ്പിലാണു മാഥേരാന്‍ ഹില്‍ റെയില്‍ . കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് ഹരിത ഉദ്യാനമായി പ്രഘ്യാപിച്ചതിനെ തുടര്‍ന്ന് മാഥേരാന്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ റോഡില്‍ ഇന്ധനം ഉപയൊഗിച്ച് സഞ്ചരിക്കുന്ന ഏക വാഹനം ആമ്പുലന്‍സ് മാത്രം.  മറ്റൊരുവാഹനത്തിനും ദസ്തൂരി പോയിന്റ് എന്ന കവാടത്തിനപ്പുറം പ്രവേശനം ഇല്ല. മറ്റെല്ലാ ഗതാഗത ആവശ്യങ്ങള്‍ക്കും  റിക്ഷകളും കുതിരകളും തന്നെ ശരണം, ഇന്നു ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിന്റെയും ശാപമായ പരിസ്ഥിതി മലിനീകരണവും ഗതാഗതക്കുരുക്കും ഒഴിവായതിനൊപ്പം ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും ഒരു നൂറ്റാണ്‍ടു പിന്നില്‍ ഉള്ള കാലത്തേക്കു ചെന്നുപെട്ട അനുഭൂതി നല്‍കാനും ഇതുപകരിക്കുന്നു. (തീര്‍ച്ചയായും മെയിന്‍ മാര്‍ക്കെറ്റിനു ചുറ്റുമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു - നമ്മുടെ അച്ചുമ്മാമനെയും അദ്ദേഹത്തിന്റെ പൂച്ചകളേയും അങ്ങോട്ടൊന്നു വിട്ടാല്‍ മൂന്നാര്‍ മോഡലില്‍ ഇടിച്ചു നിരത്താന്‍ പറ്റിയേക്കും, അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനവും പ്രധമ പരിഗണന അര്‍ഹിക്കുന്നു.)‌

മുംബൈ നഗരത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്ററും പൂനയില്‍ നിന്ന് 120 കിലോമീറ്ററും അകലെ സമുദ്രനിരപ്പില്‍ നിന്നും 2300 അടി ഉയരത്തിലാണ് ഭാരതത്തിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷനായ മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ സമശീതോഷ്ണ കാലാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ കനത്ത മഴയുള്ള ഓഗസ്റ്റ് സെപ്റ്റ്മ്പര്‍ മാസങ്ങള്‍ ഒഴികെ സന്ദര്‍ശക സീസണ്‍ ആണ്.

മഴ അല്‍പം ശമിച്ചിട്ടുണ്ടെന്നു തോന്നുന്നു, ഇനിയും കാത്തിരുന്നാല്‍ ചിലപ്പോള്‍ പട്ടിണി മരണം ഉറപ്പ്, കുതിരസവാരിക്കു ക്ഷണിക്കുന്ന കുതിരക്കാരില്‍നിന്നെല്ലാം ഒഴിഞ്ഞ് ഒരു നല്ല റെസ്റ്റോറന്റ് കണ്ടുപിടിച്ചു പക്ഷെ ഒരുകുഴപ്പം,  രാത്രിഭക്ഷണം 8 മണിക്കു ശേഷമെ വിളമ്പിത്തുടങ്ങുകയുള്ളു ഇവിടെ എല്ലാ റെസ്റ്റോറന്റ്റിലും അതാണ് പതിവ്, ഇനിയും ഒരു മണിക്കൂര്‍ കൂടെ കഴിയണം, പ്രധാന തെരുവില്‍ ഒന്നു ചുറ്റിയടിച്ച് വന്നു നിരത്തില്‍ നിറയെ യുവ മിധുനങ്ങള്‍, ഏറെപ്പേരെയും കണ്ടിട്ട് ഏതോ കൊളേജില്‍ നിന്നെത്തിയ സ്റ്റഡി ടൂര്‍ സംഘം ആണെന്നു തോന്നുന്നു, പലര്‍ക്കും പ്രണയാവേശം അണപൊട്ടി ഒഴുകുന്നോ ഏന്നു സംശയം. പ്രദേശം നിറയെ ധാരാളം കുരങ്ങന്മാര്‍ വിഹരിക്കുന്നുണ്ട് പല തരത്തിലും പ്രായത്തിലും ഉള്ളവ. ചുട്ട ചോളവും കടലമിഠായിയും ചെരുപ്പും വില്‍ക്കുന്ന ധാരാളം കടകള്‍, പാതയോരത്ത് ചെരുപ്പു വില്‍ക്കുന്നവരും സജീവമായുണ്ട്. വേഗം തന്നെ ഭക്ഷണം കഴിച്ച് തിരികെ റൂമിലെത്തി, ഇന്നെടുത്ത ഫോട്ടൊ എല്ലാം കോപ്പി ചെയ്ത് മാറ്റി ഉറങ്ങാന്‍ കിടന്നു, നാളെ ഒരു ദിവസം കൊണ്ട് പരമാവധി വ്യുപോയിന്റുകള്‍ സന്ദര്‍ശിക്കണം, രാവിലെ എണീറ്റ് യാത്ര തുടങ്ങുക എന്നതാണ് പ്രധാന വെല്ലുവിളി.രാവിലെ റെഡിയായി ഇറങ്ങിയപ്പോളേക്കും 9 മണിയായി ഇന്നലെ അത്താഴം കഴിച്ച ഹോട്ടലില്‍ നിന്നു തന്നെ പ്രഭാതഭക്ഷണവും കഴിച്ച് നടപ്പ് തുടങ്ങി, കോടമഞ്ഞ് പൂര്‍ണമായും മാറിയിട്ടില്ല പേരറിയാത്ത എതാനും പോയിന്റ്കള്‍ പിന്നിട്ട് അലക്സ്സാണ്ടര്‍ പോയിന്റില്‍ എത്തി അവിടന്ന് രാംബാഗിലേക്ക്, ഇന്നലെ പെയ്ത മഴയൈല്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണുനിരത്തിയ നാട്ടുവഴികള്‍ ഇടക്കിടക്ക് കുതിരപ്പുറത്തേറിയ സഞ്ചാരികള്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്ന് പൊകുന്നുണ്ട്, കാട്ട്മരങ്ങള്‍ ഇട്തൂര്‍ന്ന് നില്‍കുന്നതിനാല്‍ അവിടവിടായി അരിച്ചെത്തുന്ന വെയില്‍ പാളികള്‍ കാണാന്‍ നല്ല ചന്തം, ജനകീയാസൂത്രണം മലയാള ഗ്രാമ വീധികളെ ടാര്‍ പൂശുന്നതിനു മുന്‍പുള്ളകാലത്തെ പുനസ്രുഷ്ടിച്ചപോലെ ഉണ്ട്.
അവിടെനിന്നു രാംബാഗ്പോയിന്റ് ലക്ഷ്യം വച്ച് നടന്നു പലയിടത്തും വനത്തിനുള്ളില്‍ ഹെറിറ്റേജ് ഹോട്ടലുകളായി രൂപാന്തരം പ്രാപിച്ച പഴയ ആഗ്ലിക്കന്‍ ബംഗ്ലാവുകള്‍ കാണാം വന്‍ മരങ്ങള്‍ നിഴലിട്ട ചെമ്മണ്‍ ‍പാതയിലൂടെ ഏറെദൂരം നടന്നു Ecco point, Edward point, Cecil point, King George point, Loard point തുടങ്ങി എതാനും കുറേ വ്യൂപൊയിന്റുകളും സന്ദര്‍ശിച്ചു എല്ലായിടത്തും ക്യാമറ അത്യാവശ്യം ദ്രുശ്യങ്ങളും പകര്‍ത്തി. ഉച്ചയോടെ ഷാര്‍ലറ്റ് ലേകിനരില്‍ എത്തിയപ്പോള്‍ അതാ രസകരമായ ഒരു കാഴ്ച ഷാര്‍ലറ്റ് ലേകില്‍ നിന്നു വരുന്ന വെള്ളം ഒരു വെള്ളച്ചാട്ടമായി താഴേക്ക് പതിക്കുന്നതിന്റെ മുകളില്‍ വെള്ളത്തില്‍ കളിക്കുകയാണ് ഏതാനും യുവമിധുനങ്ങള്‍ അവരുടെ ബാഗ് പരിശോധിക്കുന്ന ഒരു കുരങ്ങച്ചാര്‍,
 ഇതാ മര്‍ക്കട സംഘത്തിലെ ഒരു സുന്ദരന്‍, മര്‍ക്കട സംഘത്തില്‍ അംഗബലം കൂടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അവിടെനിന്ന് ഷാര്‍ലറ്റ് ലേക് പരിസരത്തേക്ക് നീങ്ങി,ഇന്നലത്തെ മഴയുടെ പരിണിതഭലം.. വെള്ളം ആകെ കലങ്ങികിടക്കയാണ്. കുറച്ച് കഴിഞ്ഞ് വീണ്ടും അരുവിയില്‍ അല്‍പസമയം വെള്ളത്തില്‍, പാറയില്‍ ഒക്കെ വഴുക്കല്‍ ഉണ്ടെന്നതൊഴിച്ചാല്‍ അധികം വെള്ളവും ഒഴുക്കും ഒന്നും ഇല്ല. എങ്കിലും ആകാശം മേഘാവ്രുതമാകുന്നത് കണ്ട് ഉടനെ റൂമിലേക്ക് തിരികെ നടന്നു, മഴ പെയ്താല്‍ ആകെ ചളമായതു തന്നെ, ക്യാമറ നനയും എന്നതാണു എന്നെ അലട്ടുന്ന കാര്യം അല്ലെങ്കില്‍ ഇത്തിരി മഴ നനഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. 
മിക്കവാറും എല്ലവരും തന്നെ തിരികെ നടക്കുകയാണ് നടന്നുമടുത്തവര്‍ കുതിരപ്പുറത്ത് കയറി പോകുന്നു, ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു ധാരാളം ആളുകള്‍ പൊട്ടിയ ചെരുപ്പും കയ്യില്‍ തൂക്കിപ്പിടിച്ചാണ് നടപ്പ്, കല്ലും മണ്ണും ചരലും നിറഞ്ഞ ഈ മണ്‍പാതയില്‍ നഗരവാസികളുടെ ഫാഷന്‍ ചപ്പലുകള്‍ക്ക് അപമ്രുത്യുസംഭവിച്ചിരിക്കുന്നു, വെറുതേയല്ല മാര്‍ക്കെറ്റില്‍ ഇത്രയധികം ചെരുപ്പ് കച്ചവടക്കാര്‍.

റൂമില്‍ എതുന്നതിനു മുന്‍പേ മഴ ചാറിത്തുടങ്ങി, ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു, അവിടന്ന് ഒരു പ്ലാസ്റ്റിക് കവര്‍ സംഘടിപ്പിച്ച് ക്യാമറ പൊതിഞ്ഞെടുത്തു  മഴ അല്‍പ്പം കുറഞ്ഞപ്പോള്‍ ഓടി റൂമിലെത്തി, ഉച്ചക്കുശേഷം പനോരമ പോയിന്റും സമീപ പ്രദേശങ്ങളും കാണാന്‍ പോകാന്‍ പ്ലാന്‍ ചെയ്തിരുന്നത് തോരാത്ത മഴയില്‍ ഒലിച്ച് പോയി, കാറ്റിന്റെ അകമ്പടിയോടെ ഇലച്ചാര്‍ത്തുകളില്‍ തിമിര്‍ത്ത് പെയ്യുന്ന, കുളിരല നീട്ടി നമ്മെ പൊതിയുന്ന,  മണ്ണില്‍വീണലിഞ്ഞ് ചെറുചാലുകള്‍ തീര്‍ക്കുന്ന മഴ ആസ്വദിച്ച് ഇരുട്ട് പരക്കുവോളം ബാല്‍കണിയില്‍ ഇരുന്നു. മഴകുറഞ്ഞപ്പോള്‍ അത്താഴം കഴിക്കാന്‍ വേണ്ടി പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ മഴ ഞങ്ങളെ തിരികെ ഓടിച്ചു,  രാവേറെയാകുംവരെ മഴ പെയ്തുകൊണ്ടിരുന്നു.

രാവിലെതന്നെ റെഡിയായി  മടക്ക യാത്ര ആരംഭിച്ചു ഇന്നു ഹില്‍ ട്രൈനില്‍ പൊയാല്‍ ശരിയാവില്ല ഇങ്ങോട്ട് വന്നപ്പൊ സംഭവിച്ചപോലെ വൈകിയാല്‍ ഇന്നത്തെ യാത്രാ ക്രമം ആകെ തെറ്റും, കാര്‍ഗറില്‍ പോയി ഷിന്‍സിയുടെ കൂട്ടുകാരെ സന്ദര്‍ശിച്ചിട്ട് 5 മണി ആകുമ്പം വിമാനത്താവളത്തില്‍ എത്തണം, കുതിരപ്പുറത്ത് ദസ്തൂരി പോയിന്റ് വരെ പോകാം, അവിടന്ന് റ്റാക്സിയില്‍ നെരാള്‍ വരെ എത്താം എന്നു തീരുമാനിച്ചു, കുതിരക്കാരനെ വിളിച്ച് വിലപേശി ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ സഹധര്‍മ്മിണിക്ക് കുതിരപ്പുറത്ത് കയറാന്‍ ഭയം, നടന്നു പോയാല്‍ മതിയത്രെ, മഴപെയ്ത് കുഴഞ്ഞുകിടക്കുന്ന പാതയില്‍ ബാഗും തൂക്കി 3 കിലോമീറ്റര്‍ ന്‍ടക്കാനുള്ള ബുദ്ധിമുട്ട് ഒരുവിധം പറഞ്ഞ് മനസിലാക്കി കുതിരപ്പുറത്ത് കയറ്റി ഇരുത്തി, മറ്റൊന്നിന്റെ പുറത്ത് ഞാനും കയറി, ഇനി പോകാം....നസീര്‍ അഭിനയിച്ച പഴയ വടക്കന്‍ പാട്ട് സിനിമകളിലെ ഗാനങ്ങള്‍ പ്ശ്ചാത്തലത്തില്‍ അലയടിക്കുന്നോ... എന്നൊരു സംശയം.എന്തായാലും രാജകീയമായിത്തന്നെ ദ്സ്തൂരി പോയിന്റില്‍ എത്തി.ഇതു ദസ്തൂരി പോയിന്റൊ അതൊ മങ്കി പോയിന്റൊ എന്നു സംശയം തോന്നുന്ന തരത്തില്‍ കുരങ്ങന്മാരുടെ ഒരു പട തന്നെ അവിടെ തമ്പടിച്ചിട്ടുണ്ട്.

ഇന്നു സെന്‍ട്രല്‍ ലയിനില്‍ മെഗാ ബ്ലോക്കാണത്രെ - എന്നെപ്പോലെ മുംബൈ ലോക്കല്‍ ട്രൈന്‍ നെ പറ്റി കാര്യമായ വിവരം ഇല്ലാത്തവര്‍ മന‍സിലാക്കുക, സബര്‍ബന്‍ ട്രൈന്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും തിരക്ക് കുറവുള്ള ദിവസമായ ഞായറാഴ്ച അടിയന്തിര പ്രാധാന്യമുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിശ്ചിത സ്റ്റേഷനുകള്‍ക്കിടയില്‍ നിശ്ചിത സമയത്തേക്ക് ഗതാഗതം നിര്‍ത്തിവെക്കുന്ന്തിനാണ് മെഗാ ബ്ലോക് എന്നു പറയുന്നത്. കേരളത്തില്‍ പ്രാദേശിക ഹര്‍ത്താല്‍ പോലെ ആണ് മുംബൈക്കാര്‍ക് മെഗാ ബ്ലോക്, എന്നാല്‍ റയിവേ ഇതു മുങ്കൂട്ടി പത്രങ്ങളില്‍ അറിയിക്കും എന്ന വ്യത്യാസം മാത്രം. - ഒരു ഷെയറിങ് റ്റാക്സിയില്‍ നെരാളിലേക്ക്.

 അവിടെ എത്തിയപ്പൊളേക്കും 10 മണി കഴിഞ്ഞു മെഗാ ബ്ലോക് തുടങ്ങി.
അവിടന്ന് കല്യാണ്‍ വരെ അടുത്ത റ്റാക്സി, കാടിന്റെ കുളിരില്‍നിന്നും താഴ്വാരത്തെ വയലേലകള്‍ പിന്നിട്ട് കല്യാണ്‍ വ്യവസായ മേഘലയുടെ തിരക്കിലേക്ക്, അടുത്ത ട്രൈനില്‍ താനേ, താനേയില്‍ എത്തിയപ്പോളേക്കും ഷിന്‍സി തളര്‍ന്ന് അവശയായി.
 ഒരു മുന്നൊരുക്കവും ഇല്ലാതെ കാടും മലയും ഒക്കെ താണ്ടി ഇതുപോലൊരു യാത്ര അവള്‍ ആദ്യമായാണ് പൊരാഞ്ഞിട്ട് ഇന്നു ഇതുവരെ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചിട്ടുമില്ല, അവിടന്ന് ഹാര്‍ബര്‍ ലയിനിലെ സാന്‍പടയിലേക്ക് അടുത്ത പന്‍വേല്‍ ട്രൈനില്‍ കാര്‍ഗര്‍ ഫ്ലാറ്റിലെത്തിയപ്പോള്‍ 2മണി. കുറച്ച് സമയം മാത്രം വിശ്രമിക്കാന്‍ കിട്ടി, നന്നായൊന്നു കുളിച്ച് ക്ഷീണമൊക്കെ മാറ്റി ഭക്ഷണവും കഴിച്ച് 4:30 നു വീണ്ടും വിമാനത്താവള‍ത്തിലേക്ക് പുറപ്പെട്ടു 8:20 നുള്ള ഫ്ലൈറ്റിനു തിരികെ ദുബായ്.

മാഥേരാന്‍........ ഈ ഓട്ടപ്രദക്ഷിണത്തില്‍ നിന്റെ സൗന്ദര്യം മതിയാവോളം നുകരാന്‍ സാധിച്ചില്ല, ഇനിയും വരും ഞങ്ങള്‍ നിന്നെ കൂടുതല്‍ അറിയാന്‍... നിന്റെ വിജന പാതകളില്‍ ഇന്നെലെകളെ തിരയാന്‍...


4 അഭിപ്രായ(ങ്ങള്‍):

Rajeevan (രാജീവന്‍) പറഞ്ഞു...

ചിത്രങ്ങളും വിവരണവും മനോഹരമായിരിക്കുന്നു ...

faisu madeena പറഞ്ഞു...

കൊള്ളാം ...ചിത്രങ്ങളും കലക്കി ...

സജി പറഞ്ഞു...

വളരെ നന്നായിരിക്കുന്നു..
ലളിതമായ വിവരണങ്ങള്‍-അഭിനന്ദനങ്ങള്‍!!
എല്ലാ പടങ്ങളും നന്നാണ് പക്ഷേ ചെറുതായിരിക്കുന്നല്ലോ? നല്ല ടെമ്പ്ലേറ്റ് ആണെങ്കിലും പടങ്ങള്‍ക്കു വേണ്ട പ്രാധാന്യം കിട്ടുന്നില്ല. ശ്രദ്ധിക്കുമല്ലോ!

Nizam പറഞ്ഞു...

ഒരു ദിവസം ഒന്ന് പോകണം.ഈ പ്രദേശത്തിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്തി കാണിച്ചതിലും നന്നായി എഴുത്തിലൂടെ പറഞ്ഞിട്ടുണ്ട്‌...