2012, മേയ് 15

പാലം കടക്കുവോളം

പെട്രോള്‍ വില ലിറ്ററിന് എട്ടു രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായാണു റിപ്പോര്‍ട്ട്. അതായത്, കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ വിലയാകും. കുറേ മാസങ്ങളായി എണ്ണക്കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനം വൈകിപ്പിക്കുകയായിരുന്നത്രേ.


എന്താണ് ഇതിനര്‍ത്ഥം? തെരഞ്ഞെടുപ്പു വേളയില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് അധികാരത്തിലെത്തുന്നതിനു തടസമാകുമെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. പാലം കടക്കുവോളം നാരായണ അതു കഴിഞ്ഞാല്‍ കൂരായണ എന്ന പഴയ ചൊല്ല് വളരെ കൃത്യമായി അറിയാവുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. തെരഞ്ഞെടുപ്പു വേള എന്നാല്‍ ജനങ്ങള്‍ യജമാനന്മാരാകുന്ന അപൂര്‍വം അവസരമാണ്. ആ സമയത്ത് ജനത്തിനു വേണ്ടി മാത്രം വാദിക്കാന്‍ മത്സരിക്കുന്നവര്‍ ഫലപ്രഖ്യാപനം വരുന്നതോടെ അവരുടേതായ ഉന്നത ലോകത്തേക്ക് മാറുന്നു.


അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും ജനത്തിനു മുന്നില്‍ കൈകൂപ്പി വരും. അപ്പോഴേക്കും എല്ലാം മറന്ന ജനം വോട്ടു ചെയ്യാന്‍ നിരനിരയായി നില്‍ക്കും. ജനത്തിന്റെ മറവിയാണ് രാഷ്ട്രീയക്കാരുടെ ചോറ്. 500 കോടിയുടെ നഷ്ടം നികത്താനാണേ്രത പെട്രോളിയം കമ്പനികള്‍ വിലവര്‍ധനയ്ക്കു തയാറെടുക്കുന്നത്. ജനത്തിന്റെ കയ്യില്‍ നിന്ന് അഞ്ഞൂറു കോടി രൂപ പിരിച്ചെടുക്കുന്നു എന്നര്‍ത്ഥം. വില കൂട്ടുന്നത് എട്ടു രൂപയാണെങ്കിലും നികുതിയടക്കം ഒമ്പതു രൂപയിലേറെയാകും ഫലത്തില്‍ വര്‍ധന. അതായത്, ജനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ പത്തു രൂപയോളം ഇനിയും അധികം മുടക്കേണ്ടി വരും.


കോടിക്കണക്കായ ജനത്തിന്റെ കയ്യിലുള്ള പണത്തില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് എണ്ണക്കമ്പനികളിലെ വെള്ളാനകളും രാഷ്ട്രീയ മേലാളന്മാരും സുഖജീവിതത്തിന് പണമുണ്ടാക്കുക? ഇതിന്റെ പേരാണ് ജനാധിപത്യം.
പെട്രോളിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞതില്‍പ്പിന്നെ പതിനഞ്ചു ദിവസത്തിലൊരിക്കലാണ് വിലനിര്‍ണയം നടത്തിപ്പോന്നത്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് രാഷ്ട്രീയ നേതാക്കള്‍ കമ്പനിക്കാരുടെ കാല്‍ പിടിച്ചതിനാല്‍ അത് കുറേ മാസത്തേക്ക് നിര്‍ത്തിവച്ചെന്നു മാത്രം. ഓരോ പതിനഞ്ചു ദിവസത്തിലും അഞ്ചോ പത്തോ രൂപ വീതം വര്‍ധിപ്പിക്കുന്നതിലൂടെ കമ്പനികളെ നിലനിര്‍ത്താന്‍ സാധിച്ചേക്കാം. പക്ഷേ, അതിനോടകം ശരാശരി ഇന്ത്യക്കാരന്‍ കുത്തുപാളയെടുത്തിരിക്കും.


ഇന്ധനവില വര്‍ധിക്കുന്നത് വാഹനങ്ങളുള്ളവരെ മാത്രമല്ല ബാധിക്കുക എന്നതാണു വാസ്തവം. പെട്രോള്‍ വില കൂട്ടുന്നതിന് സമമായി ഓട്ടോ നിരക്കുകളും വര്‍ധിപ്പിക്കേണ്ടി വരും. സാധാരണക്കാരന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് പെട്രോളിനു വേണ്ടി ചെലവാക്കേണ്ടി വരുന്നതോടെ വേതന വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം തുടങ്ങും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ അതും നല്‍കേണ്ടി വരിക സാധാരണ ജനം തന്നെ. അതിലൂടെ വീണ്ടും ജനത്തിന്റെ ജീവിതം ദുരിതത്തിലാകും. അതോടെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരും സമരം തുടങ്ങും. ഒടുവില്‍ കമ്പനികള്‍ പലതും അടച്ചു പൂട്ടലിന്റെ പാതയിലേക്കാകും എത്തിച്ചേരുക. വ്യവസായങ്ങള്‍ നശിക്കുന്ന നാട്ടില്‍ പുരോഗതിയുണ്ടാവില്ല. നാടിന്റെ സര്‍വതോമുഖമായ അധോഗതി തന്നെയാകും ഇതിന്റെയെല്ലാം ആത്യന്തിക ഫലം. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനു പിന്നാലെ ഡീസലിന്റെ വിലനിര്‍ണയാവകാശവും ഭാഗികമായി എണ്ണക്കമ്പനികള്‍ക്കു നല്‍കാനുള്ള നീക്കമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നത്. അതിലൂടെ ചരക്കുനീക്കമടക്കം വന്‍ ചെലവുള്ളതായിത്തീരും. ഇതിന്റെ ഫലമായി നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമടക്കം വിലക്കയറ്റമുണ്ടാകും.


അപ്പോഴും സാധാരണക്കാരന് സമരമാര്‍ഗത്തിലേക്കു തിരിയേണ്ടിവരുമെന്നതെങ്കിലും സര്‍ക്കാര്‍ ഓര്‍ക്കണം. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ സാധാരണക്കാരെ വലയ്ക്കുന്ന നിരവധി നടപടികളുണ്ടായി. പലതും പ്രത്യക്ഷത്തില്‍ സാധാരണ ജനത്തെ ബാധിക്കുന്നില്ലെങ്കിലും, പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിലൂടെ ജനത്തിന്റെ മുഖമടച്ചുള്ള അടി തന്നെയാണ് സമ്മാനമായി നല്‍കിയത്.


നീണ്ട നിരയില്‍ അച്ചടക്കത്തോടെ നിന്ന് വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവര്‍ പരസ്യമായി മുഖത്ത് അടിക്കുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനു സാധിക്കുന്നുള്ളൂ. പ്രതിപക്ഷമാകട്ടെ, അവരുടേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെ സമയമില്ലാത്ത അവസ്ഥയില്‍ വലയുന്നു. ഇവിടെ ആരെയാണ് ജനങ്ങള്‍ ആശ്രയിക്കേണ്ടത്? സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജനം ആരെ വിശ്വസിക്കണം? അധികാരത്തിന്റെ സുഖശീതളിമയില്‍ മയങ്ങുന്ന കുറേ ഭരണാധികാരികളും അവര്‍ക്കൊപ്പം നിന്ന് സ്വന്തം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുന്ന പ്രതിപക്ഷവും ചേര്‍ന്ന് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം കൊണ്ട് പന്താടുകയാണ്.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കൂടുന്നു എന്ന കാരണം പറഞ്ഞാണ് ഓരോ തവണയും ഇവിടെ പെട്രോള്‍ വില കൂട്ടുന്നത്. അതേസമയം, ഇടയ്ക്കിടെ, ക്രൂഡോയില്‍ വില കുറയാറുമുണ്ട്. അതു ചൂണ്ടിക്കാട്ടി  ഇടയ്ക്കിടെ പെട്രോളിന്റെ വില കുറച്ച ചരിത്രമില്ല.


സര്‍ക്കാര്‍ നല്‍കുന്ന സമ്മതത്തോടെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടുമ്പോള്‍ പതിവായി സംഭവിക്കുന്ന ഒന്നു മാത്രമുണ്ട്. അതിനെ ഹര്‍ത്താല്‍ എന്നോ ബന്ദ് എന്നോ വിളിക്കാം. രണ്ടും ഒന്നു തന്നെ. ഈ സമരമാര്‍ഗത്തിലൂടെ ഒരിക്കലും എന്തെങ്കിലും നേടിയ ചരിത്രമില്ല ഒരു ദിവസത്തേക്ക് നാടാകെ നിശ്ചലമാകുന്നതിലൂടെ വന്‍തുകയുടെ നഷ്ടം സംഭവിക്കുന്നു എന്നു മാത്രം. അതു നികത്താന്‍ വീണ്ടും വില കൂട്ടേണ്ടി വരുന്നു. തികച്ചും പ്രാകൃതമായ സമരമുറകളും ധിക്കാരം നിറഞ്ഞ ഭരണ നടപടികളും മാത്രമാണ് ഇന്ത്യയില്‍ കാണുന്നത്. ഇത്തരം തെറ്റുകളെയെല്ലാം ജനാധിപത്യം എന്ന പേരില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍.


ഇനി ഒരു പൈസ പോലും പെട്രോളിനു വില കൂട്ടരുത്. അതിനുള്ള എന്തെങ്കിലും ആലോചന യുപിഎ സര്‍ക്കാരിനുണ്ടെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരെങ്കിലും അതിനെ എതിര്‍ക്കണം. ജനങ്ങളാണ് തെരഞ്ഞെടുത്തയച്ചിരിക്കുന്നത് എന്നെങ്കിലും എംപിമാര്‍ ഓര്‍മിക്കുക. നിങ്ങള്‍ സുഖമായി ജീവിക്കുന്നതിനു മാര്‍ഗം കാട്ടിത്തന്നെത് നിരനിരയായി നിന്നു വോട്ടു ചെയ്ത സാധാരണക്കാര്‍ തന്നെയാണ്. അവരുടെ മുഖം ഒരു നിമിഷത്തേക്കെങ്കിലും മനസിലേക്കു കൊണ്ടുവരിക.


അല്ലാത്തപക്ഷം, ചിലപ്പോള്‍ ജനത്തിനും ബുദ്ധിയുദിച്ചെന്നു വരാം. അടുത്ത തെരഞ്ഞെടുപ്പുകാലത്ത് ചിരിച്ച മുഖവും കൂപ്പുകൈകളുമായി നിങ്ങള്‍ തെരുവുകളിലൂടെ പ്രയാണം നടത്തുമ്പോള്‍ അവര്‍ ചോദ്യം ചെയ്യും. അന്ന് പറയാന്‍ ഉത്തരമില്ലാതെ വിയര്‍ക്കാതിരിക്കാന്‍ ഇപ്പോള്‍ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക.

2 അഭിപ്രായ(ങ്ങള്‍):

Hasanulbenna. പറഞ്ഞു...

ഇക്കണക്കിനു പോയാല്‍ ഇവന്മാര്‍ എല്ലാവരും ഈ രാജ്യം തന്നെ തീറെഴുതി കൊടുക്കും . ആ ബ്രിട്ടീഷ്‌ ഭരണം തന്നെയാണ് നല്ലത് ,

Hasanulbenna. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.