2010, ഒക്ടോ 11

മുന്‍ പഞ്ചായത്തു പ്രസിഡന്റിന്‌ ഇത്തവണ വോട്ടില്ല

കോട്ടയം: : കോണ്‍ഗ്രസില്‍ നിന്നു ചാടി കുറുമുന്നണി പിന്തുണയില്‍ മാസങ്ങള്‍ മാത്രം നാട്ടകം ഗ്രാമപഞ്ചായത്തു ഭരിച്ച മുന്‍ പ്രസിഡന്റ്‌ വി.പി. ഷാജി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല. രാഷ്‌ട്രീയം മടുത്തതുകൊണ്ടോ നാട്ടകത്തെ കോട്ടയം നഗരസഭയില്‍ ലയിപ്പിച്ചതുകൊണ്ടോ അല്ല ഷാജി വോട്ടു ചെയ്യാത്തത്‌.... വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുകൊണ്ടു മാത്രമാണ്‌....

ആരാണീ ചതി ചെയ്‌തത്‌? നാട്ടില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്‌. ഷാജിക്കാകട്ടെ വോട്ടെടുപ്പ്‌ അടുത്തുവരുന്തോറും സങ്കടമേറുന്നു. യുവ കോണ്‍ഗ്രസ്‌ നേതാവ്‌  പുളവന്‍ സുരേഷ്‌ സര്‍വസൈന്യാധിപനെ പോലെ പ്രസിഡന്റ്‌ ഭരണം തുടരുന്നതിനിടെയാണു റിബലായി ഷാജിയുടെ ഉദയം.

പ്രസിഡന്റിന്റെ ശത്രുക്കള്‍ ഒറ്റക്കുടക്കീഴില്‍ വന്നതോടെ അവിശ്വാസം വന്നു സുരേഷ്‌ പുറത്തായി. പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ചു ഷാജി വിമതനായി. പിന്നെ കുറുമുന്നണി തലവനായി.

വൈകാതെ പ്രസിഡന്റുമായി. കലിപൂണ്ട മുന്‍ പ്രസിഡന്റ്‌ അടങ്ങിയിരിക്കുമോ? നിയമയുദ്ധത്തിനിറങ്ങി. ചടുല വേഗത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ അന്തിമ വിജയിയായതു കളമറിഞ്ഞു കളിക്കുന്ന സുരേഷ്‌.

ഫലമോ നമ്മുടെ നാട്ടിന്‍പുറത്തുകാരനായ പാവം ഷാജി അയോഗ്യനാക്കപ്പെട്ടു. പഞ്ചായത്തിന്റെ പടിയിറങ്ങിയശേഷം പഴയ കുറുമുന്നണി സതീര്‍ഥ്യര്‍ക്കും കണ്ട ഭാവമില്ല.

ചില്ലറ കുടുംബകാര്യങ്ങളുമൊക്കെ നടത്തി അടുത്ത തെരഞ്ഞെടുപ്പിന്‌ ഉടുത്തൊരുങ്ങുമ്പോഴാണു മധ്യവേനല്‍കാലത്ത്‌ വെള്ളിടി വെട്ടും പോലെ വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നത്‌.

ഇനി എന്തു ചെയ്യാനാണ്‌... ഗാലറിയില്‍ ഇരുന്നു കളി കാണുക തന്നെ.