നിര്‍ണായകമായ ഒരു പൊതുവിഷയത്തില്‍ തീരുമാനമെടുക്കാനും ഇടപെടാനും സര്‍ക്കാരിന് അധികാരവും അവകാശവുമില്ലേ? സ്വാശ്രയ കോളജുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ വെറും നോക്കുകുത്തിയായി നില്‍ക്കാനാണ് അവര്‍ക്കു താത്പര്യം.
സ്വാശ്രയ കോളജുകളിലെ ഫീസ് മൂന്നരലക്ഷമായി നിശ്ചയിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ ഫീസ് നിര്‍ണയത്തിനു ചുമതലപ്പെട്ട ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിസഹായാവസ്ഥ വെളിപ്പെടുത്തിയത്. കേരളത്തിലെ സ്വാശ്രയ കോളജുകള്‍ എന്തു ചെയ്യുന്നു എന്ന് അറിയാനും ജനവിരുദ്ധമായ തീരുമാനങ്ങളാണ് അവരെടുക്കുന്നതെങ്കില്‍ അതിനു തടയിടാനും സര്‍ക്കാരിനു ബാധ്യതയുണ്ട്. അത് ഏതെങ്കിലും കമ്മിറ്റിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന തരത്തില്‍ പെരുമാറുന്നത് ജനങ്ങളെ കളിയാക്കുന്നതിനു തുല്യം തന്നെ.
ലക്ഷക്കണക്കിനു കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയുമൊക്കെ സ്വപ്നങ്ങള്‍ക്കു പുല്ലുവില കല്പിച്ചുകൊണ്ട് സ്വാശ്രയ മാനേജ്മെന്റുകള്‍ തുടര്‍ന്നു പോരുന്ന ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടവരല്ല ജനപ്രതിനിധികള്‍. മത, സാമുദായിക പിന്‍ബലമുള്ള മാനേജ്മെന്റുകളെ പിണക്കുന്നത് ഭാവിയില്‍ പെട്ടിയില്‍ വീഴേണ്ട വോട്ടുകളെ ബാധിക്കുമോയെന്ന ഭയം സര്‍ക്കാരിനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാന് ആഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടാവില്ല. അവരുടെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു സ്വാശ്രയ മാനേജ്മെന്റുകള്‍.
മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഇക്കൂട്ടര്‍ക്കൊപ്പം സ്വന്തം മത, സാമുദായിക വിഭാഗങ്ങളിലുള്ള സാധാരണക്കാര്‍ ആരുമില്ലെന്നു തിരിച്ചറിയാനെങ്കിലും സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കു സാധിക്കണം. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ നടത്തുന്ന ഏതു മാനേജ്മെന്റിന്റെ കാര്യമെടുത്താലും ഇതു തന്നെയാണ് സ്ഥിതി. അവര്‍ക്കു മതത്തിലോ സമുദായത്തിലോ യാതൊരു പിന്തുണയുമില്ല. സ്വന്തം മത, സാമുദായിക വിഭാഗത്തില്‍പ്പെട്ട കുട്ടികളെപ്പോലും വന്‍തുക വാങ്ങി മാത്രം കോളജുകളില്‍ പ്രവേശിപ്പിക്കുന്ന ഇക്കൂട്ടരുടെ മുഖ്യലക്ഷ്യം കച്ചവടം തന്നെ.
വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി വച്ച് വഴിവാണിഭം നടത്തുകയാണ് സ്വാശ്രയ മാനേജ്മെന്റുകള്‍. ചില നിയമങ്ങളുടെയും ചട്ടങ്ങളുടെയും മറവില്‍ നടത്തുന്ന ഈ അഴിഞ്ഞാട്ടം അനുവദിച്ചുകൂടാ. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ എന്തിനാണു മടിക്കുന്നത്.
മത നേതാക്കളുടെ മുന്നില്‍ ചെല്ലുമ്പോള്‍ മുട്ടിലിഴയുന്ന നേതാക്കളാണ് കേരളത്തിലുള്ളത്. എല്ലാ നേതാക്കളും മതനേതാക്കളുടെ കാലുപിടിക്കുന്നവരാണെന്നത് അത്ര രഹസ്യമൊന്നുമല്ല. അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമെന്ന ഗുരുതരമായ തെറ്റിദ്ധാരണ നമ്മുടെ നേതാക്കള്‍ക്കുണ്ട്. മതനേതാക്കളുടെ കാലു തിരുമ്മാതെ ആര്‍ക്കും അധികാരത്തിലെത്താനാവില്ലെന്ന ധാരണ ശരിയല്ലെന്ന് മനസിലാക്കാന്‍ തക്ക മാനസികവികാസം നമ്മുടെ നേതാക്കള്‍ക്കില്ലാതെ പോയി.എത്രയോ കാലമായി തുടരുന്ന ഈ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാനേജ്മെന്റുകള്‍ തോന്നിയതു പോലെ ചെയ്യുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുമ്പോഴും കേട്ടു നില്ക്കാന് മാത്രം കഴിയുന്ന സര്‍ക്കാര്‍ അര്‍ഹിക്കുന്നത് സഹതാപമാണ്.
കടുത്ത നടപടികള്‍ക്ക് തടസമായി സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത് വോട്ടിനോടുള്ള കമ്പം മാത്രമാണെന്ന് തിരിച്ചറിയാത്തവരല്ല ഇവിടെയുള്ളത്. ജനങ്ങളെ ആകെ ബാധിക്കുന്ന സ്വാശ്രയ വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നതാണ് ഏറെ ഖേദകരം.ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കേണ്ടത് സര്‍ക്കാരോ രക്ഷിതാക്കളോ വിദ്യാര്‍ത്ഥികളോ ആയിരുന്നു. അതു തന്നെയാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. സ്വാശ്രയ മേഖലയിലെ പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതിയെക്കൊണ്ട് പറയിക്കുന്നിടം വരെയെത്തി നില്ക്കുന്നു കാര്യങ്ങള്‍.
ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിന്റെ സുഖം നുകരുന്നവര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ ഇടയ്ക്കിടെ കോടതിയുടെ ഓര്‍മപ്പെടുത്തലുകളും നടപടികളും വേണ്ടിവരുന്നത് ആശാസ്യമായ കാര്യമല്ല. സ്വാശ്രയ മേഖലയില്‍ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാത്ത കോളജുകള്‍ ഇവിടെ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മാനേജ്മെന്റുകളുടെ സമ്മര്‍ദത്തിനു മുന്നില്‍ കീഴടങ്ങുന്ന പതിവുശൈലി മാറ്റിയെങ്കിലേ വിഷയം പരിഹരിക്കാനാകൂ.
നിലവില്‍ പ്രതിപക്ഷമുള്‍പ്പെടെ ആരും സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു വേണ്ടി പരസ്യമായി വാദിക്കാന്‍ രംഗത്തു വരില്ല. നിലവിലുള്ള കുത്തഴിഞ്ഞ അവസ്ഥാവിശേഷത്തിനെതിരേ സമരത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ബഹുജനപിന്തുണ ധാരാളമായി ലഭിക്കുകയും ചെയ്യും.
നിലവില്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ പറയുന്നതനുസരിച്ചു പ്രവര്‍ത്തിക്കാത്ത കോളജുകളില്‍ പുതിയ പ്രവേശനം അനുവദിക്കരുത്. അതിന്റെ പേരില്‍ കോളജുകളടച്ചിട്ട് നിലവില്‍ പഠിക്കുന്ന കുട്ടികളുടെ കൂടി ഭാവി തകര്‍ക്കാന്‍ മാനേജ്മെന്റ് അസോസിയേഷന് ശ്രമിച്ചേക്കാം. അത്തരമൊരു ധിക്കാരപരമായ നടപടിയുണ്ടായാല്‍ അതിനെ കയ്യൂക്കുകൊണ്ടു തന്നെ നേരിടണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയാലുണ്ടാകുന്ന വേദന എന്തെന്ന് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളും അറിയണം. അവരെ അത് അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരും വിദ്യാര്‍ത്ഥി, യുവജന സംഘടനകളും ഏറ്റെടുക്കണം.
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. അതിനെ അതിന്റേതായ രീതിയില്‍ത്തന്നെ നേരിടണം.
1 അഭിപ്രായ(ങ്ങള്):
"സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?"
പൂച്ചയെ,പല്ലിയെ,പാറ്റയെ, പിന്നെ ചിതലിനെ...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ