2011, ജൂൺ 3

സ്വകാര്യ പ്രാക്ടീസ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതു പുനഃപരിശോധിക്കാനുള്ള ഒരുക്കത്തിലാണു സര്‍ക്കാര്‍. സാധാരണക്കാരായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടര്‍ന്നു പോരുന്നത് ആരോഗ്യമേഖലയെ തീര്‍ത്തും അനാരോഗ്യകരമായ രീതിയില്‍ ബാധിച്ചിട്ട് നാളേറെയായി. സമ്പന്നര്‍ക്ക് ചികിത്സ തേടി വന്‍കിട സ്വകാര്യ ആശുപത്രികളിലേക്കു പോകാം. സമൂഹത്തിലെ പാവപ്പെട്ടവരാകട്ടെ മറ്റെങ്ങും ആശ്രയമില്ലാത്തതിനാല്‍ ഈ നിസഹകരണക്കാരുടെ കരുണ തേടി അലയുന്നു.

ഈ അവസ്ഥ മാറിയേ തീരൂ. വന്‍ ശമ്പളവര്‍ധന നടപ്പാക്കിയതിനൊപ്പം മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളിലൊന്നാണ് സ്വകാര്യ പ്രാക്ടീസ് നിരോധനം.  തികച്ചും ഉചിതമായ തീരുമാനം തന്നെയായിരുന്നു അത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ വീടുകളിലേക്കെത്തിക്കാനും അവരില്‍ നിന്നു വന്‍തുക വാങ്ങിയെടുക്കാനുമുള്ള അവസരം നഷ്ടമായി എന്നതാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ നിസഹകരണ സമരത്തിന്റെ മൂലകാരണം.

ഇപ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ പോകുന്നു. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാതിരിക്കുകയും, വീടുകളില്‍ എത്തി ചികിത്സ തേടുന്നവര്‍ക്കു മുന്തിയ പരിഗണന നല്‍കുകയും എന്ന പഴയ ശൈലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാണെങ്കില്‍ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാവുന്നതാണ്.ഏതു കാര്യത്തിനും അല്പം നിയന്ത്രണം വേണം. അതില്ലാതെ പോകുന്നിടത്താണു പ്രശ്‌നങ്ങള്‍ ഉടലെടുക്കുക. പണ്ട് സംഭവിച്ചതു പോലുള്ള കുഴപ്പങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താതെ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചുകൂടാ.

പല വിദേശ രാജ്യങ്ങളിലും സര്‍ക്കാര്‍ സംവിധാനത്തിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നടത്താനുള്ള അവസരം നല്‍കാറുണ്ട്. അതു പക്ഷേ, വീട്ടിലിരുന്നുള്ള ചികിത്സയല്ലെന്നു മാത്രം. അത്തരം ചില മാതൃകകള്‍ നമുക്കും പ്രാവര്‍ത്തികമാക്കാവുന്നതാണ്. ആശുപത്രിയിലെ ഡ്യൂട്ടി സമയത്തിനു ശേഷം സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവാദം നല്‍കാം. അതിനുള്ള സൗകര്യം ആശുപത്രികളില്‍ത്തന്നെ ഒരുക്കിക്കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിനു വേണ്ടി പ്രത്യേക മുറികള്‍ സജ്ജമാക്കണം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്ത് അവിടെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ പരിശോധിക്കാം. അതിനു പ്രത്യേകം ഫീസും ഈടാക്കാന്‍ അനുവദിക്കണം. അങ്ങനെ ഈടാക്കുന്ന ഫീസ് എത്രയെന്ന് മുന്‍കൂട്ടി അറിയിച്ചിരിക്കുകയും വേണം. ഫീസായി ഈടാക്കുന്ന തുകയുടെ എഴുപതു ശതമാനം ഡോക്ടര്‍ക്കും മുപ്പതു ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന തരത്തില്‍ ഘടന നിശ്ചയിച്ചാല്‍, ആശുപത്രികളില്‍ പ്രത്യേക സൗകര്യമൊരുക്കുന്നതിനുള്ള ചെലവു കണ്ടെത്താനാകും. ഈ തരത്തില്‍ എന്തെങ്കിലും നടപടിയാണ് പുതിയ സര്‍ക്കാരില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്.

വീടുകളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ നിന്നു വാങ്ങുന്നതു പോലെ ഉയര്‍ന്ന നിരക്കു വാങ്ങാനാവാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചിലപ്പോള്‍ ഇതിനോടു സഹകരിച്ചെന്നു വരില്ല. അങ്ങനെയുള്ളവരെ സാധിക്കുമെങ്കില്‍ ഈ ജോലിയില്‍ നിന്നു തന്നെ വിടുതല്‍ ചെയ്തു വിടണം. അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സമയമായിരിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കണം.ഡോക്ടര്‍ എന്ന പദവിയുമായി ഇരിക്കുമ്പോള്‍ മാത്രമേ സ്വകാര്യമോ പൊതുവോ ആയ പ്രാക്ടീസുകളെല്ലാം നടക്കൂ. അല്ലെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും കച്ചവടം ചെയ്തു ജീവിച്ചുകൊള്ളും.

തോന്നിയതു പോലെ പണം വാങ്ങുകയും ആളും തരവും നോക്കി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തെറ്റായ സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. സഹകരണത്തിന്റെ വഴിയിലൂടെ ഡോക്ടര്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കണം. അതിനു സാധിക്കുന്നില്ല എന്നു പൂര്‍ണബോധ്യം വന്നാല്‍ പിന്നെ യുദ്ധമല്ലാതെ മറ്റു പോംവഴിയില്ല. ഞങ്ങളുടെ ആവശ്യം അംഗീകരിക്കാനാവില്ലെങ്കില്‍ പിരിച്ചു വിട്ടുകൊളളൂ എന്ന് ഏതെങ്കിലും ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കില്‍ അവരെ നിരാശപ്പെടുത്തരുത്. അവര്‍ക്ക് അല്പം കൂടി വലിയ ആനുകൂല്യം നല്‍കണം. പിരിച്ചു വിടുക മാത്രമല്ല, രജിസ്‌ട്രേഷന്‍ റദ്ദാക്കുക കൂടി ചെയ്ത് അവരെ വൈദ്യവൃത്തിയില്‍ നിന്നു മോചിപ്പിക്കണം.

ജനങ്ങളോടു പ്രതിബദ്ധതയുള്ളവര്‍ മാത്രം ഡോക്ടര്‍മാരായി പ്രവര്‍ത്തിച്ചാല്‍ മതി. പണം സമ്പാദിക്കുക മാത്രമാണു ലക്ഷ്യമെങ്കില്‍ അവര്‍ക്ക് ഏറ്റവും നല്ലത് ബ്ലേഡ് കമ്പനി നടത്തുകയാണ്. അവര്‍ക്ക് അതാണു താത്പര്യമെങ്കില്‍ സര്‍ക്കാരെന്തിന് ഇടംകോലിടണം? അത്തരക്കാര്‍ പോകട്ടെ. ആതുരസേവന രംഗത്ത് ഇത്തരം ക്ഷുദ്രജീവികളെ ആവശ്യമില്ല.

സമൂഹത്തിന്റെ മൊത്തം ഭാവിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍പ്പോലും പണത്തിനു മുന്‍തൂക്കം കാണുന്നവരെ മനുഷ്യരായിപ്പോലും കണക്കാക്കാനാവില്ല. ഈ സത്യം ഡോക്ടര്‍മാരെ പറഞ്ഞു ബോധ്യപ്പെടുത്തണം. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഇത്തരക്കാരുടെ മുന്നിലേക്ക് എന്തു വിശ്വസിച്ചാണു ചികിത്സ തേടിയെത്തുക. ഡോക്ടര്‍മാരുടെ നിസഹകരണം അവസാനിപ്പിക്കാന്‍ ഈ രണ്ടു മാര്‍ഗങ്ങളേ മു്ന്നിലുള്ളൂ. ജനങ്ങളുടെ പക്ഷത്തു നിന്നുള്ള നടപടികളാണ് സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്.

2 അഭിപ്രായ(ങ്ങള്‍):

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

"പണമില്ലാത്തവന്‍ പിണം."
പാവപ്പെട്ടവര്‍ പുഴുത് നാറി ചാവട്ടെ... എനിക്ക് എന്റെ പോക്കറ്റ് വീര്‍പ്പിക്കണം.

Unknown പറഞ്ഞു...

ജനപക്ഷം എന്നൊരു പക്ഷം ഉണ്ടോ?

ന്യൂനപക്ഷം
നായര്
ഈഴവര്
മാപ്പിള
പുണ്യാളന്‍സ്..

ഇതൊക്കെയല്ലേ പക്ഷങ്ങള്‍? ങെ..!